Read Time:31 Minute

അന്തരീക്ഷത്തിൽ നിന്നും സമുദ്രജലത്തിൽ വിലയം പ്രാപിച്ച് സംഭരിതമായതോ, സമുദ്രവുമായിബന്ധപ്പെട്ട ആവാസവ്യൂഹങ്ങളിൽ അടങ്ങിയിട്ടുള്ളതോ ആയ  കാർബൺഡയോക്സൈഡാണ് “ബ്ലൂ കാർബൺ” (Blue carbon) എന്നറിയപ്പെടുന്നത്. നീലനിറമുള്ള സമുദ്രജലത്തിൽ അടങ്ങിയിരിക്കുന്നതിനാലാണ് ‘നീല’ എന്ന പദത്താൽ വിശേഷിപ്പിക്കപ്പെടുന്നത്. സമുദ്രജലത്തിൽ സംഭരിതമായ  കാർബൺഡയോക്സൈഡിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽ നിന്ന് നേരിട്ട് സമുദ്രജലത്തിൽ ലയിച്ച് ചേർന്നിട്ടുള്ളതാണ്.  സമുദ്രത്തിന്റെ അടിത്തട്ടിലുള്ള അവസാദങ്ങൾ, സമുദ്രതീരത്തെ സസ്യജാലങ്ങൾ തീരദേശത്തെ മണൽ, ഡി.എൻ.എ, മാംസ്യം തുടങ്ങിയ ജൈവതൻമാത്രകൾ, സമുദ്രജലജീവികൾ എന്നിവയിലുള്ള കാർബൺ സാന്നിധ്യം വളരെ ചെറിയൊരംശം മാത്രമാണ്. കാലാവസ്ഥാ വ്യതിയാനവിഷയത്തിൽ അധിഷ്ഠിതമായ അന്താരാഷ്ട്ര ഉടമ്പടികളെല്ലാം തന്നെ തീരമേഖലയിൽ സംഭരിതമായ ബ്ലൂ കാർബണിന്റെ കാര്യത്തിൽ നിരന്തര ജാഗ്രതയാണ് പുലർത്തുന്നത്. സമുദ്രജലാശ്രിതമായ ആവാസവ്യൂഹങ്ങളിൽ ഉൾപ്പെടുന്ന മണ്ണ് മുതൽ സസ്യജാലങ്ങൾ വരെയുള്ളവയിൽ നിക്ഷേപിതമായ കാർബൺ ഈ വിഭാഗത്തിൽ വരും. ചതുപ്പുനിലങ്ങൾ, കണ്ടൽവനങ്ങൾ കടൽ തീരത്തെ പുൽമേടുകൾ എന്നിവയെല്ലാം തന്നെ ഇത്തരം ആവാസവ്യൂഹങ്ങളിൽ പെടുന്നു. 

വിസ്തീർണ്ണാടിസ്ഥനത്തിൽ നോക്കുന്നപക്ഷം വലിപ്പം കൊണ്ട് താരതമ്യേന വളരെ ചെറുതെങ്കിലും ഇത്തരം ആവാസവ്യൂഹങ്ങളിലെ ലവണജലസമ്പന്നമായ മണൽ, സംഭരിത കാർബണിൻ്റെ കാര്യത്തിൽ ഒരുപക്ഷേ, ഒരു ഉഷ്ണമേഖലാ മഴക്കാടിനെ കടത്തിവെട്ടുന്നതാണ്. മേൽസൂചിപ്പിച്ച തരത്തിലുള്ള സമുദ്രതീര ആവാസവ്യൂഹങ്ങൾക്ക് ഒരു സവിശേഷതയുണ്ട്. അവയ്ക്ക് ഏതെങ്കിലും വിധത്തിൽ അവസ്ഥാഭേദം സംഭവിക്കുകയോ ഘടനാപരമായി ഭംഗപ്പെടുകയോ ചെയ്യുന്നപക്ഷം ഊഹിക്കുവാൻ പോലുമാകാത്തവിധം വൻതോതിൽ കാർബൺഡയോക്സൈഡ് വാതകത്തെ അന്തരീക്ഷത്തിലേക്ക് നിക്ഷേപിക്കുവാൻ കെൽപുള്ളവയാണിവ. 

എന്നാൽ, ഇവക്ക് ഘടനാപരമായ ഭംഗം നേരിടാതെ സംരക്ഷിച്ച് നിലനിർത്തുന്നപക്ഷം വലുപ്പംകൊണ്ട് താരതമ്യേന വളരെ ചെറുതെങ്കിലും അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഉൽസർജനത്തെ ആഗിരണം വഴി  നിയന്ത്രിച്ച് നിർത്തുവാനുള്ള വളരെ ഫലപ്രദമായ ഒരു പോംവഴിയുമാണ്.  വൻ വികസിത രാഷ്ട്രങ്ങളുടെ ഉത്സർജനത്തിന്റെ, തിക്തഫലങ്ങൾ ഏറ്റുവാങ്ങേണ്ടി  വരുന്ന   ദ്വീപ് രാഷ്ട്രങ്ങൾ, വികസ്വരരാഷ്ട്രങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇത്തരം ആവാസവ്യൂഹങ്ങളുടെ സംരക്ഷണം അതിപ്രധാനമാണ്.

കണ്ടൽക്കാടുകൾ

ഉപ്പുവെള്ളം കെട്ടിനിൽക്കുന്ന ചതുപ്പുനിലങ്ങൾ, കണ്ടലുകൾ, കടൽപുല്ലുകൾ എന്നിവയാണ് സാധാരണഗതിയിൽ തീരദേശ ബ്ലുകാർബൺ ആവാസവ്യൂഹങ്ങളിൽ ഉൾപ്പെടുന്നവയെന്ന് സൂചിപ്പിച്ചല്ലോ. ലവണാംശമുള്ള സമുദ്രതീര പാരിസ്ഥിതികസാഹചര്യങ്ങളിൽ വളരുന്ന സപുഷ്പികളായ കടൽസസ്യങ്ങളും ഇവയിൽപ്പെടും.  വേലിയേറ്റസമയത്ത് ഓരു വെള്ളക്കയറ്റം സംഭവിക്കുന്ന ചതുപ്പുകളിലാണ് കണ്ടലുകൾ വളരാറുള്ളത്. ലവണസഹിഷ്ണുതയേറിയ  പുല്ലുവർഗ്ഗങ്ങൾ, കുറ്റിച്ചെടികൾ, വൃക്ഷസ്വഭാവമുള്ളതോ അധികം ഉയരമില്ലാത്ത കുറ്റിച്ചെടിവർഗ്ഗത്തിൽപ്പെടുന്നതോ ആയ  കണ്ടലുകൾ എന്നിവയുടെ  ഒരു സമുച്ചയമാണ് സുദ്രതീരത്തോട് ചേർന്നു കിടക്കുന്ന ചതുപ്പുനിലങ്ങൾ.  ഇവയിലെ സസ്യജാലങ്ങൾ ലവണജലത്തിലും കരയിലും വളരുവാൻ ഒരുപോലെ അനുകൂലനം സിദ്ധിച്ചവയായിരിക്കും.  ഇത്തരം സസ്യജാലങ്ങൾ അന്തരീക്ഷ കാർബൺഡയോക്സൈഡ് ഉപയോഗപ്പെടുത്തിയാണ് വളർച്ച സാധ്യമാക്കുന്നത്.  സസ്യാഹാരികൾ, മാംസാഹാരികൾ എന്നിവയിലൂടെ  സസ്യങ്ങളിൽ സംഭരിതമായ കാർബൺഡയോക്‌സൈഡ്  ആവാസവ്യവസ്ഥയുടെ എല്ലാശ്രേണികളിലും എത്തിച്ചേരുന്നു. ആവാസവ്യൂഹത്തിലെ ഉപഭോക്താക്കൾ മരണപ്പെടുമ്പോൾ അവയുടെ ശരീരാവശിഷ്ടങ്ങൾ ഓക്സീകരണത്തിന് വിധേയമാവുകയും അവയിൽ അടങ്ങിയ കാർബൺഡയോക്‌സൈഡ് അന്തരീക്ഷത്തിലേക്ക് വിമോചിതമാവുകയും ചെയ്യുന്നു. എന്നാൽ, വെള്ളക്കയറ്റസാധ്യതയുള്ള സ്ഥലങ്ങളിൽ മണ്ണിലടങ്ങിയിരിക്കുന ഓക്സിജൻ തോത് താരതമ്യേന കുറവായതിനാൽ ഓക്സീകരണം വഴിയുള്ള വിഘടനവും മന്ദഗതിയിലായിരിക്കും. യാതൊരു വിധത്തിലുള്ള വിഘടനത്തിനും  സാധ്യത ഇല്ലാത്ത സാഹചര്യമാണെങ്കിൽ സസ്യങ്ങൾ, ജന്തുക്കൾ എന്നിവയുടെ അവശിഷ്ടങ്ങളിൽ നിന്നും  വിമോചിതമാകുന്ന കാർബൺ മണ്ണിൽ പിടിച്ചുവയ്ക്കപ്പെട്ടനിലയിൽ  അന്തരീക്ഷത്തിലേക്ക് വിമോചിതമാവാതെ എത്രകാലം വേണമെങ്കിലും നിലനിൽക്കുന്നു.  എന്നാൽ, വിഘടനം സംഭവിക്കുന്നപക്ഷം ഇത്തരത്തിലുള്ള മൺപാളികൾ ഒരു കാർബൺസ്രോതസ്സായി രൂപാന്തരപ്പെടുന്നു. ബ്ലൂ കാർബൺ അടങ്ങിയ മണലിന് ഓക്സിജൻ സാന്നിധ്യം ലഭ്യമാകുന്ന പക്ഷം സൂക്ഷമാണുക്കളുടെ സഹായത്തോടെ അതിലടങ്ങിയിരിക്കുന്ന ജൈവകാർബൺ സംയുക്തങ്ങളുടെ വിഘടനപ്രക്രിയ ആരംഭിക്കുകയും അതിലൂടെ അന്തരീക്ഷത്തിലേക്ക് കാർബൺഡയോക്സൈഡ് വിമോചിതമാവുകയും ചെയ്യുന്നു.

കെൽപ്

വളർച്ചയുടെഘട്ടത്തിൽ വൻതോതിൽ കാർബൺ മൂലകം ആഗിരണം ചെയ്യുന്നവയാണ് ചില കടൽപായലുകൾ (ഉദാ : കെൽപ് ). അതിശയകരമാം വിധം വേഗത്തിൽ വളരുന്നുന്ന – അതായത് പ്രതിദിനം ശരാശരി 11 ഇഞ്ചോളം – ഇവ ഭീമമായ തോതിൽ കാർബൺഡയോക്സൈഡ് ഉപയോഗിക്കുന്നവയാണ്.  ഇത്തരം പായലുകളിൽ സംഭരിക്കപ്പെട്ടിട്ടുള്ള കാർബൺ ഈ സസ്യങ്ങളുടെ വിഘടനത്തെ തുടർന്ന് വ്യത്യസ്ത  ആവാസവ്യൂഹങ്ങളിലോ,  തീരമേഖലയിലോ,  അതുമല്ലെങ്കിൽ ആഴക്കടലിലോ എത്തിപ്പെടുന്നു .  സമുദ്രത്തിൻ്റെ അഗാധതയിൽ ഇതര അവസാദങ്ങളോടൊപ്പം ആയിരക്കണക്കാന് വർഷങ്ങളോളം ഈ കാർബൺ പിടിച്ചു വയ്ക്കപ്പെട്ട നിലയിൽ നിലകൊള്ളുന്നു.

തീരദേശആവാസവ്യവസ്ഥയിൽ ഉൾപ്പെട്ട മണ്ണ്, സസ്യജാലങ്ങൾ എന്നിവയിലെല്ലാം കൂടെ സംഭരിച്ചതുമായ   കാർബണിൻ്റെ അളവ്  10  മുതൽ 24 ബില്യൻ മെട്രിക് ടൺ വരെയാണ്,  കൂടാതെ, ഓരോ വർഷവും  30 മുതൽ 70 മില്യൺ മെട്രിക് ടണ്ണോളം കാർബൺ മണ്ണിൽ പുതുതായി സംഭരിക്കപ്പെടുകയും ചെയ്യുന്നു.  ഈ കണക്ക് കേൾക്കുമ്പോൾ  വലുതായി തോന്നുമെങ്കിലും  യഥാർത്ഥത്തിൽ ലോകമെമ്പാടുമുള്ള സമുദ്രങ്ങൾ, ഉറഞ്ഞ മണ്ണിടങ്ങൾ (Permafrost), വനങ്ങൾ, സസ്യജാലങ്ങൾ എന്നിവയിൽ സംഭരിതമായിട്ടുള്ള  കാർബൺഡയോക്സൈഡ് ശേഖരത്തിൻ്റെ ചെറിയൊരു ഭാഗം മാത്രമാണിത്.  അന്തരീക്ഷത്തിൽ നിന്ന് പ്രതിവർഷം സുദ്രങ്ങളിൽ വിലയിതമാകുന്ന കാർബൺഡയോക്സൈഡിൻ്റെ തോത് 40 ട്രില്യൺ മെടിക് ടണ്ണോളമാണ്; ഉറഞ്ഞ മണ്ണിടങ്ങളിലെ  കാർബൺ ശേഖരമാകട്ടെ 1.7 ട്രില്യൺ മെട്രിക് ടണ്ണോളം വരും.  ലോകമെമ്പാടുമുള്ള വനങ്ങൾ, സസ്യജാലങ്ങൾ എന്നിവയിലടങ്ങിയിരിക്കുന്ന  കാർബൺ ശേഖരമാവട്ടെ,  450-650 ബില്യൺ മെട്രിക് ടണ്ണോളമാണ്.  

കടൽപ്പുല്ലുകൾ

ലവണജലാധിനിവേശമുള്ള ചതുപ്പ്നിലങ്ങൾ, കണ്ടൽവനങ്ങൾ, കടൽപ്പുല്ലുകൾ എന്നിവ കാർബണിന്റെ വൻശേഖരമാവുന്നത് രണ്ട് പ്രധാന പ്രവർത്തനങ്ങൾ വഴിയാണ്.  ഈ ഇടങ്ങളിലെ സസ്യങ്ങൾ മികച്ച വളർച്ചാശേഷി ഉള്ളവയാണ്. വളർച്ചക്ക് ആവശ്യമായി ധാരാളം തോതിൽ കാർബൺഡയോക്സൈഡ് ഇവ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് ഒരു കാരണം. രണ്ടാമത്തെ കാരണമാകട്ടെ, മേൽപറഞ്ഞ സ്ഥലങ്ങളിലെ മണ്ണ് പ്രായേണ ഓക്സിജൻ വിമുക്തമാണ്.  തൻമൂലം ഈ ഇടങ്ങളിലെ മണ്ണടരുകളിൽ അകപ്പെടുന്ന കാർബൺ വളരെ മന്ദഗതിയിൽ മാത്രമേ വിഘടനവിധേയമാവൂയെന്നതിനാൽ ആയിരക്കണക്കിന് വർഷങ്ങൾ വരെ മണ്ണിനുള്ളിൽ വിഘടിക്കപ്പെടാതെ നിലകൊള്ളുന്നു. ചതുപ്പുനിലങ്ങൾ കണ്ടൽവനങ്ങൾ എന്നിവയിൽ വെള്ളത്തിൽ നിന്ന് പൊങ്ങി നിൽക്കുന്ന കരഭാഗത്തുള്ള മിക്കവാറും ഏറ്റവും മുകളിലെ നേർത്ത മൺപാളി മാത്രമാണ് അന്തരീക്ഷവായുവുമായി തുറന്ന സമ്പർക്കത്തിൽ ഉള്ളത്. അതിനാൽ ഈ ഭാഗത്തെ മേൽമണ്ണിൽ മാത്രമാണ് ഓക്സിജൻ സാന്നിധ്യമുണ്ടാവുക.  മിക്കവാറും കുഴമ്പ് രൂപത്തിലുള്ള വെള്ളത്തിലൂടെ ഓക്സിജൻ വ്യാപനം വളരെ സവധാനത്തിൽ മാത്രമാണ് നടക്കുക. അതിനാൽ ജലത്തിനടിയിലുള്ള മണ്ണിലെ  ഓക്സിജൻ സാന്നിധ്യം വളരെ കുറവായിരിക്കും.  ഓക്സിജൻ്റെ അപര്യാപ്തത അഥവാ അസാന്നിധ്യം മൂലം ജൈവവസ്തുക്കളുടെ വിഘടനം അതിസാവധാനത്തിലായിരിക്കും.  അതിനാൽ, സസ്യഭാഗങ്ങളിലടങ്ങിയ കാർബൺ സൂക്ഷ്മജീവികളാൽ വിഘടിതമാവുകയോ ശ്വസനത്തിലൂടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുകയോ ചെയ്യുന്നില്ല. തൻമൂലം ഇത്തരം തണ്ണീർത്തടങ്ങൾ വളരെ മികച്ച കാർബൺ ആഗിരണികൾ എന്ന നിലയിൽ മാത്രമല്ല, സംഭരണികൾ എന്ന നിലയിലും വർത്തിക്കുന്നു.

തീരമേഖലയിലെ ജൈവാവശിഷ്ടങ്ങളിൽ കാണപ്പെടുന്ന കാർബൺ സമുദ്രത്തിലെ ആവാസവ്യൂഹങ്ങളിൽ നിന്ന് വന്നുചേരുന്നവയാകാം.  സസ്യാവശിഷ്ട വിമുക്തമായ അവസാദങ്ങളിൽ മാത്രം ഇപ്രകാരം എത്തിച്ചേരുന്നത് 126 മില്യൺ ടണ്ണോളം കാർബണാണ്. അതിനാൽ വ്യത്യസ്തതരത്തിലുള്ള കടൽപ്പായലുകളെ മാറ്റിനിർത്തിയാൽ പോലും തീരദേശമേഖലയിലെ മണ്ണടരുകളിൽ ഇപ്രകാരം നിക്ഷിപ്തമാവുന്ന   ആകെ കാർബണിന്റെ പകുതിയോളവും സമുദ്രആവാസ വ്യൂഹങ്ങളുടെ സംഭാവനയാണ്.  വിസ്തീർണ്ണത്തിൽ താരതമ്യേന  ചെറുതാണെങ്കിൽ പോലും,  അന്തരീക്ഷ കാർബണിൻ്റെ പ്രബലആഗിരണികളാണ് സമുദ്രജല ആവാസവ്യൂഹങ്ങൾ.  ഒരു ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള കടൽപ്പുല്ലുകൾക്ക് അന്തരീക്ഷത്തിൽ നിന്നും  പ്രതിവർഷം നീക്കം ചെയ്യാനാവുന്ന കാർബണിന്റെ അളവ് 220 ഗ്രാമോളമാണ്. തത്തുല്യ വിസ്തൃതിയുള്ള ഉഷ്ണമേഖലാ വനപ്രദേശങ്ങൾക്ക് നീക്കം ചെയ്യാനാവുന്ന കാർബൺ തോതിൻ്റെ മൂന്നിരട്ടിയിലേറെ വരുമിത്.  ഉപോഷണവനമേഖലാ പ്രദേശങ്ങൾക്ക് നീക്കം ചെയ്യാനാവുന്നതിന്റെ ഏഴിരട്ടിയും, പശ്ചിമ – അമേരിക്കൻ ഐക്യനാടുകളിലെ പുൽത്തകിടികൾക്ക് സംഭരിക്കാനാവുന്നതിന്റെ 10 ഇരട്ടിയുമാണ് ഇത്. തീരമേഖലയുടെ സവിശേഷതയായ  നീലകാർബൺ ഏറിയ പങ്കും മണ്ണിലാണ് സംഭരിക്കപ്പെടുന്നത്. എന്നാൽ, ഉഷ്ണമേഖലാ വനങ്ങളുടെ കാര്യത്തിലാവട്ടെ മണ്ണിന് മുകളിലുള്ള സസ്യശരീര ഭാഗങ്ങളിലാണ് കാർബൺ സംഭരണം നടത്തപ്പെടുന്നത്.

എന്നാൽ, അന്തരീക്ഷത്തിൽ നിന്ന് കാർബൺ നീക്കം ചെയ്യപ്പെടുന്ന ഈ പ്രക്രിയക്ക് ഒരു മറുപുറവും ഉണ്ട്. തീരദേശ ആവാസവ്യവസ്ഥയോടനുബന്ധമായ ഇത്തരം പുൽമേടുകളും കടൽസസ്യങ്ങളും എന്നെങ്കിലും ഉണങ്ങിനശിക്കുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ അവയിൽ സംഭരിതമായ  കാർബൺഡയോക്സൈഡ് തിരിച്ച് അന്തരീക്ഷത്തിലേക്ക് തന്നെ വിമോചിതമാവുന്നു. കണ്ടൽവനങ്ങൾ, വേലിയേറ്റസമയത്ത് സമുദ്രജലം വന്നുനിറയുന്ന ചതുപ്പുനിലങ്ങൾ, കടൽപുല്ലുകൾ എന്നിവ വിസ്തീർണ്ണാടിസ്ഥാനത്തിൽ നോക്കുന്ന പക്ഷം തീരദേശആവാസവ്യൂഹത്തിൻ്റെ  വളരെ ചെറിയൊരു ഭാഗം മാത്രമാണ്. എങ്കിൽ പോലും, വിഘടനം, ഓക്സീകരണം എന്നിവയിലൂടെ അവ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിൻ്റെ തോത് എത്രയോ വലുതാണ്.  അതിസമ്പന്നമായ ഉഷ്ണമേഖലാവനപ്രദേശങ്ങളുടെ 2 മുതൽ 16 ശതമാനം മാത്രമാണ് തീരദേശ ആവാസമേഖലയുടെ വിസ്തൃതി. എങ്കിൽപ്പോലും, വന ശോഷണസാഹചര്യങ്ങളിൽ ഇത്തരം ഉഷ്ണമേഖലാവനങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബൺ തോതിനൊപ്പം അതിൻ്റെ 19 ശതമാനം കൂടി അധിക തോതിലാണ് ഇത്തരം തീരദേശ ആവാസവ്യവസ്ഥകളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ.  കാർബൺ ആഗിരണം, സംഭരണം എന്നീ പ്രക്രിയകളിൽ  തീരദേശ പരിസരങ്ങളുടെ പങ്ക് വളരെ നിർണ്ണായകമാണെന്നതിനാൽ അവയുടെ നശീകരണം ഈ പ്രക്രിയയെ ദുർബലമാക്കുന്നു. കാർബൺ ആഗിരണം നിലയ്ക്കുകയോ തടസ്സപ്പെടുകയോ ചെയ്യുന്നുവെന്നതുമാത്രമല്ല, ഇത്തരം പരിസരങ്ങളിൽ അതിനകം  സംഭരിതമായിട്ടുള്ള കാർബൺ അന്തരീക്ഷത്തിലേക്ക് വിമുക്തമാക്കപ്പെടും എന്നൊരു ദോഷംകൂടി ഈ ഘട്ടത്തിൽ സംഭവിക്കുന്നു.  ഇതുമൂലം അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകനില വീണ്ടും വർദ്ധിക്കാനിടയാവുന്നു.  വികസനപ്രവർത്തനങ്ങൾ, നിർമ്മിതികൾ, വ്യവസായങ്ങൾ എന്നിവയുടെ അത്യധികമായ അധിനിവേശം മൂലം തീരദേശ മേഖലയിലെ തനത് ആവാസവ്യവസ്ഥ ദ്രുതഗതിയിൽ ഭംഗപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് നിർഭാഗ്യകരം.  

തീരദേശ ആവാസ വ്യൂഹങ്ങളിലെ സസ്യജാലങ്ങളെ കാർബൺ ആഗിരണികൾ എന്ന നിലയിൽ സ്വീകരിക്കപ്പെടുന്നതിനുള്ള ഏറ്റവും യുക്തമായ ന്യായം അവയുടെ സാർവജനീനമായ സാന്നിധ്യമാണ്. വനങ്ങൾ ഗണ്യമായ തോതിൽ കാർബൺഡയോക്‌സൈഡ് ആഗിരണം ചെയ്യുന്നുവെന്ന കാര്യം ശരിതന്നെ; പക്ഷേ വനമേഖലകളുടെ സാന്ദ്രത, പ്രകൃതം എന്നിവ വിവിധഭൂവിഭാഗങ്ങളിൽ ഒരു പോലെയല്ല. ജനസാന്ദ്രത, വികസനപരിപാടികൾ എന്നിവയേക്കാളുപരി തദ്ദേശങ്ങളിലെ തനതുകാലാവസ്ഥയിലെ വ്യതിയാനങ്ങളാണ് ഇതിന് കാരണം. എന്നാൽ, സമുദ്രത്തോടനുബന്ധമായ ആവാസവ്യൂഹങ്ങളാവട്ടെ ഈ പരിമിതി ഏറെക്കുറെ അതിജീവിക്കുവാൻ ശേഷിയുള്ളവയുമാണ്. തൽഫലമായി, അൻ്റാർട്ടിക്ക ഒഴികെയുള്ള വൻകരകളിൽ ഇവ വ്യാപകസാന്നിധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ നീലകാർബൺ ആവാസവ്യൂഹങ്ങളെ ഏറ്റവും ഫലപ്രദമായ കാർബൺ ആഗിരണികൾ എന്ന നിലയിൽ അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നപക്ഷം ഇപ്പോഴുള്ളതിനേക്കാൾ ഒരുപാട് രാഷ്ട്രങ്ങൾ കാർബൺ ക്രെഡിറ്റ് ആനുകൂല്യങ്ങൾക്ക് അർഹരാവുമായിരുന്നു.

കടലിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങൾ, വിനോദസഞ്ചാരവികസനം എന്നിവക്ക് വേണ്ടി മാത്രമല്ല തീരദേശ ആവാസവ്യൂഹങ്ങൾ ആരോഗ്യകരമായി സംരക്ഷിക്കപ്പെടേണ്ടത്. അതിലുപരി, കാലാവസ്ഥാ വ്യതിയാന പ്രഭാവങ്ങളെ ചെറുക്കുകയും ചെയ്യുന്നവ എന്നുള്ള നിലയിലാണ് അവ സംരക്ഷിക്കപ്പെടേണ്ടത്. സമുദ്രത്തോട്  ചേർന്ന് കിടക്കുന്ന ചതുപ്പ്നിലങ്ങൾ, കണ്ടൽവനങ്ങൾ, കടൽപുല്ലുകൾ എന്നിവ ഹരിതഗൃഹവാതകമായ കാർബൺഡയോക്സൈഡിനെ അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്ത് സംഭരിക്കുന്നു. ഈ പ്രക്രിയ വഴി ആഗോള താപനപ്രഭാവങ്ങളുടെ കാഠിന്യത്തെയാണ് ഇവ നേർപ്പിക്കുന്നത്. ഈ പ്രകൃതം പ്രബലമായ  ആവാസപരിസരങ്ങൾ “കാർബൺ ആഗിരണികൾ ” (Carbon Sinks) എന്ന് അറിയപ്പെടുന്നു. തന്നെയുമല്ല, ഇവയിൽ ശേഖരിക്കപ്പെടുന്ന കാർബൺ, വിമോചിതമാവാതെ ദീർഘകാലത്തോളം അവയിൽ തന്നെ പിടിച്ചുവയ്ക്കപ്പെടുന്നു. ഇപ്രകാരം, അന്തരീക്ഷ കാർബൺ സന്തുലനത്തെ സംബന്ധിച്ചിടത്തോളം രണ്ട് സുപ്രധാന ധർമ്മങ്ങളാണ് ഇത്തരം ആവാസവ്യൂഹങ്ങൾ നിർവഹിക്കുന്നത് – കാർബൺ ആഗിരണവും കാർബൺ സംഭരണവും. പ്രതിവർഷം എത്രമാത്രം കാർബൺ ആഗിരണം ചെയ്യപ്പെടുന്നുവെന്നതാണ് ഇവയുടെ കാർബൺ ആഗിരണശേഷിയുടെ അളവ്കോൽ. സംഭരിത കാർബണിന്റെ ഭാരമാണ് കാർബൺ സംഭരണത്തിൻ്റെ തോത് തീരുമാനിക്കുന്നത്.

വളരെ ഉൽപാദനക്ഷമമായ ആവാസവ്യൂഹങ്ങളാണ് സമുദ്രതീരമേഖലയിൽ കാണപ്പെടുന്ന തണ്ണീർത്തടങ്ങൾ. അതിവേഗം വളരുന്ന സസ്യജാലങ്ങളാണ് ഇവിടങ്ങളിൽ ഉള്ളത്.  വളർച്ചയുടെ ഭാഗമായി സസ്യങ്ങൾ അന്തരീക്ഷത്തിൽ നിന്നും ധാരാളം കാർബൺഡയോക്സൈഡ് ആഗിരണം ചെയ്യുകയും അവയെ ഇല, തണ്ട് വേര് മുതലായ സസ്യഭാഗങ്ങളായി മാറ്റുകളും ചെയ്യുന്നു. ഈ പ്രക്രിയ കാർബൺ ബന്ധനം (fixation) എന്ന പേരിൽ അറിയപ്പെടുന്നു. സസ്യങ്ങളുടെ ശ്വസന പ്രകിയയിലൂടെ കാർബൺഡയോക്സൈഡ് തിരിച്ച് അന്തരീക്ഷത്തിലേക്ക് വിമോചിതമാവുന്നു. സസ്യങ്ങളിലെ ഗ്ലൂക്കോസ് അപചയത്തിലൂടെയാണ്  കാർബൺഡയോക്സൈഡ് ഉണ്ടാവുന്നത്. സസ്യശരീരഭാഗങ്ങൾ ജീർണ്ണിക്കുമ്പോഴും അവയിൽ അടങ്ങിയ ജൈവകാർബൺ മണ്ണിൽ വിലയിതമാകാറുണ്ട്.  ഇപ്രകാരം മണ്ണിലെത്തിച്ചേരുന്ന ജൈവകാർബൺ സൂക്ഷ്മാണുക്കളുടെ വിഘടനപ്രവർത്തനഫലമായി കാർബൺഡയോക്സൈഡ് ആവുകയും അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. എന്ന് വരികിലും, മണ്ണിൽ വിലയിതമായ അവസ്ഥയിലുള്ള കാർബണിന്റെ വലിയൊരു ഭാഗം ചിലപ്പോൾ ആയിരക്കണക്കിന് വർഷങ്ങളോളം മണ്ണടരുകളിൽ തന്നെ നിലകൊള്ളുകയും ചെയ്യാറുണ്ട്.  

കാർബൺ ആഗിരണം എന്ന പ്രക്രിയയിൽ അദ്വിദീയസ്ഥാനമാണ് തീരദേശ ആവാസ സ്ഥാനങ്ങൾക്കുളളത്. പുറമേ, മറ്റു ചിലപ്രധാനപാരിസ്ഥിതിക സേവനങ്ങളും നൽകുന്നവയാണ് ഈ ആവാസവ്യൂഹങ്ങൾ. മൽസ്യങ്ങൾ, ഇഴജന്തുക്കൾ, സസ്തനികൾ, പക്ഷികൾ തുടങ്ങിയ കശേരുകികൾക്കു പുറമേ വൈവിധ്യമാർന്ന അകശേരുകികളുടെയും ആവാസസ്ഥാനമാണ് തീരമേഖല.  മാത്രമല്ല, മൽസ്യബന്ധനം പോലെയുള്ള ഉപജീവനോപാധികളെ പരോക്ഷമായി പിൻതുണക്കുന്നതും ഇത്തരം നീലകാർബൺ ആവാസവ്യൂഹങ്ങളാണ്.   വ്യാവസായികാടിസ്ഥാനത്തിലുള്ള മൽസ്യബന്ധനപരിപാടികളുടെ കാര്യക്ഷമതയേറ്റുന്നതും ഇത്തരം ആവാസവ്യൂഹങ്ങൾ തന്നെ. കൂടാതെ, ഇവ  അവസാദങ്ങൾ സമുദ്രത്തിൻ്റെ അടിത്തട്ടിലേക്ക് നീക്കം ചെയ്യുന്നതിനാൽ  തീരമേഖലയിലെ സമുദ്രജലം സംശുദ്ധീകരിക്കപ്പെടുന്നു. മാത്രമല്ല, കടുത്ത കടൽക്ഷോഭങ്ങളുടെ കാഠിന്യവും ശക്തിയേറിയ കാറ്റുകളുടെ തള്ളിക്കയറ്റവും  ചെറുക്കുക വഴി ഈ ആവാസവ്യൂഹങ്ങൾ തീരദേശസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.  ഇതൊന്നും കൂടാതെ, പെയ്ത്ത് വെള്ളത്തിന്റെ വേഗത മന്ദീഭവിപ്പിച്ച് മഴവെള്ളം മണ്ണിലേക്ക് സാവധാനം ആഴ്ന്നിറങ്ങുവാനുള്ള സാവകാശം ലഭിക്കുന്നതും ഈ ആവസവ്യൂഹങ്ങളുടെ സാന്നിധ്യം മൂലമാണ്. തീരമേഖലയിൽ ജലലഭ്യതയോടൊപ്പം ജലസംശുദ്ധിയും ഉറപ്പാക്കുന്നത് ഈ പ്രക്രിയ വഴിയാണ്. 

തീരദേശമേഖലയിലെ തണ്ണീർത്തടങ്ങളും ഇതരനീലകാർബൺ ആവാസ വ്യൂഹങ്ങളും ഒട്ടും അവഗണിക്കാനാവാത്തവിധം സംരക്ഷണം അർഹിക്കുന്നവയാണ്. അവയിൽ നിന്നുള്ള അമൂല്യമായ പാരിസ്ഥിതികസേവനങ്ങൾ നൽകുന്ന സന്ദേശവും മറ്റൊന്നല്ല.  ദേശീയ തലത്തിലുള്ള നയരൂപീകരണങ്ങൾ, അന്താരാഷ്ട്രതലത്തിലുള്ള സംയുക്തപ്രവർത്തനങ്ങൾ എന്നിവ ആ ദിശയിൽ ക്രമപ്പെടുത്തേണ്ടതാണ്.   പുതിയ നയരൂപീകരണങ്ങളും നിയമനിർമ്മാണങ്ങളും ഇക്കാര്യത്തിൽ അനുവർത്തിക്കുന്നതിനേക്കാൾ, ഇതിനകം നിലവിലുള്ള നിയമങ്ങളെയും പ്രവർത്തനങ്ങളെയും കൂടുതൽ ബലപ്പെടുത്തുന്നതാണ് താരതമ്യേന എളുപ്പവും അഭികാമ്യവും.  

പാരിസ്ഥിതിക – പാരിസ്ഥിതികേതരസേവനങ്ങൾ ധാരാളമായി വാഗ്ദാനം ചെയ്യുന്നവയാണെങ്കിൽപോലും വ്യാപ്തി വളർച്ച എന്നിവയെ സംബന്ധിച്ചിടത്തോളം തീരദേശആവാസവ്യവസ്ഥകൾ കടുത്ത സമ്മർദ്ദം അഭിമുഖീകരിക്കുകയാണ്.  തീരദേശവികസനം പരിസ്ഥിതിവിരുദ്ധമായ പ്രവർത്തനങ്ങൾ എന്നിവയിലൂടെ  ലോകമെമ്പാടുമുള്ള ലവണസ്വഭാവമുള്ള ചതുപ്പ് നിലങ്ങളുടെ കാൽ ഭാഗത്തോളവും നഷ്ടപ്പെട്ട് കഴിഞ്ഞു.  1940കൾ മുതൽ ഇതിനകം കണ്ടൽവനങ്ങളുടെ 30 മുതൽ 50 ശതമാനം വരെ ഇല്ലാതായി.  കടൽപ്പുൽത്തകിടികളുടെ കാര്യത്തിലാവട്ടെ 1990 കൾ മുതൽ 50 ശതമാനത്തോളമാണ് നാമാവശേഷമായത്.   നിലവിലുള്ള ചതുപ്പ് നിലങ്ങൾ  പ്രതിവർഷം ഒന്ന് – രണ്ട് ശതമാനത്തോളവും കണ്ടൽവനങ്ങൾ പ്രതിവർഷം മൂന്ന് ശതമാനത്തോളവും കടൽപ്പുൽത്തകിടികൾ പ്രതിവർഷം ഏഴ് ശതമാനമെന്ന നിലയിലുമാണ് ഇല്ലാതായി കൊണ്ടിരിക്കുന്നത്.

കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന സമ്മർദ്ദങ്ങൾ തന്നെ വേണ്ടുവോളമുണ്ട്. കടൽനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരദേശ സസ്യജാലങ്ങൾക്ക് അതിജീവനാർത്ഥം ഉൾനാടുകളിലേക്ക് ആവാസം പുനഃക്രമീകരികേണ്ടി വരും. എന്നാൽ, കെട്ടിടങ്ങൾ കോൺക്രീറ്റ്  പാകിയ നടപ്പാതകൾ എന്നിവക്ക് പ്രാമുഖ്യമുള്ള ബഹുമുഖവികസനപദ്ധതികൾ മൂലം ഉൾനാടുകളിലും ഈ സസ്യജാലങ്ങൾക്ക് ഇടം നിഷേധിക്കപ്പെട്ടാൽ പരിസ്ഥിതിഘടന അലങ്കോലപ്പെടുമെന്നതിൽ യാതൊരു സംശയവുമില്ല.  കാർബൺ ക്രെഡിറ്റ് എന്ന ലക്ഷ്യം പരിസ്ഥിതി ഘടനക്ക് സാമ്പത്തിക മൂല്യം വാഗ്‌ദാനം ചെയ്യുന്നതോടൊപ്പം വികസന സമ്മർദ്ദങ്ങളെ അതിജീവിക്കുവാനും, വിവിധങ്ങളായ പാരിസ്ഥിതിക സേവനങ്ങൾ വിപുലീകരിക്കുവാനും പരിസ്‌ഥിതിയുടെ തനതുഘടന നിലനിർത്തുവാനും സഹായിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം എന്ന അവസ്ഥയുടെ കാരണങ്ങൾ എന്തു തന്നെയാണെങ്കിലും അതൊരു യാഥാർത്ഥ്യം തന്നെയാണ്. മനുഷ്യ പ്രേരിതമോ, അല്ലാത്തതോ ആയ കാരണങ്ങളാൽ അന്തരീക്ഷത്തിൽ അധിക തോതിൽ കുമിഞ്ഞുകൂടുന്ന കാർബൺ ഡൈ ഓക്സൈഡ് എന്ന ഹരിതഗൃഹവാതകം തത്തുല്യ അളവിൽ നീക്കം ചെയ്യപ്പെട്ടു കൊണ്ടിരുന്നാൽ മാത്രമേ കാർബൺ സന്തുലനം നടപ്പാവുകയുള്ളു. ആഗോള താപന പശ്ചാത്തലത്തിലാകട്ടെ, കാർബൺ സന്തുലനം നിലനിർത്തുക എന്നത് അനിവാര്യവുമാണ്. ഇതിനു വേണ്ടി ഒരുപാട്  ശ്രമവും, സമയവും, പണച്ചെലവും ആവശ്യമായി വരുന്ന കൃത്രിമമാർഗ്ഗങ്ങൾ സ്ഥിരമായി അവലംബിക്കേണ്ടി വരുമ്പോഴും അവയ്ക്ക് അവയുടേതായ പരിമിതികളും ഉണ്ട്. എന്നാൽ, യാതൊരു തലവേദനകളും സൃഷ്ടിക്കാതെ ഏറ്റവും കാര്യക്ഷമമായി അന്തരീക്ഷ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും സംഭരിച്ചുവയ്ക്കുകയും ചെയ്യുന്ന, നീലക്കാർബൺ ആവാസവ്യൂഹങ്ങൾ എന്നറിയപ്പെടുന്ന സമുദ്ര ബന്ധിത ആവാസ വ്യവസ്ഥകളുടെ സേവന വ്യാപ്തി എന്തുകൊണ്ടാണ് കാണുന്നില്ലെന്നു ഭാവിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. ഇവ അവഗണിക്കപ്പെടരുതെന്നു മാത്രമല്ല, അർഹിക്കുന്ന പരിഗണനൽകി നിയമ പ്രാബല്യത്തോടെ പരിരക്ഷിക്കപ്പെടുക തന്നെ വേണം. കാലഘട്ടത്തിൻ്റെ ആവശ്യം കൂടിയാണ് അത്.


കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post 2024 ഒക്ടോബറിലെ ആകാശം
Next post പുതിയ വില്ലനും കഥയിലെ ട്വിസ്റ്റും – വഴിക്കുരുക്കിൽപ്പെട്ട പൂവ് 14
Close