Read Time:7 Minute

ജോസ് സരമാഗോയുടെ ‘അന്ധത’ –  മഹാമാരിയുടെ സാഹിത്യത്തിലെ അത്യപൂർവ കൃതി പരിചയപ്പെടുത്തുന്നു..

മഹാമാരി സാഹിത്യത്തിൽ ആൽബേർ കമ്യൂവിന്റെ പ്ലേഗ് കഴിഞ്ഞാൽ മഹാമാരി സാഹിത്യത്തിൽ  ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ടിട്ടുള്ള നോവലാണ് നോബൽ സമ്മാന ജേതാവായ പോർച്ചുഗീസ് നോവലിസ്റ്റ് ജോസ് സരമാഗോയുടെ (José de Sousa Saramago, 1922 –2010) അന്ധത (Blindness: 1995). അന്യാപദേശ ആഖ്യാനരീതി ഏറ്റവും വിജയകരമായി പ്രയോഗിച്ചിട്ടുള്ള നോവലുകളിൽ അന്ധത പ്രമുഖ സ്ഥാനം വഹിക്കുന്നുണ്ട്. പേരു വ്യക്തമാക്കാത്ത ഒരു നഗരത്തിൽ ഒരു സ്തീക്കൊഴികെ മറ്റെല്ലാവർക്കും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കാഴ്ച്ച നഷ്ടപ്പെടുന്നതും തുടർന്നുണ്ടാക്കുന്ന ഭീതിയും സാമൂഹ്യ അസ്ഥിരതയുമാണ് നോവലിൽ ചിത്രീകരിക്കുന്നത്. കഥാപാത്രങ്ങൾക്കൊന്നും തന്നെ പേരു നൽകിയിട്ടില്ല. ചിലരുടെ തൊഴിലെന്തെന്ന് പറഞ്ഞിട്ടുണ്ടെന്ന് മാത്രം. കറുത്ത കണ്ണട ധരിച്ച പെൺകുട്ടി, കോങ്കണ്ണുള്ള ബാലൻ, ഡോക്ടറുടെ ഭാര്യ, ഫാർമസിസ്റ്റ്, മോഷ്ടാവ് എന്നിങ്ങനെയാണ് പലരും നോവലിൽ വിശേഷിപ്പിക്കപ്പെടുന്നത്.

കമ്യൂവിന്റെ പ്ലേഗിലേത് പോലെ ഇവിടെ കഥാപാത്രങ്ങളിൽ പടർന്ന് പിടിക്കുന്ന അന്ധത ഒരു പ്രതീകമായിട്ടാണ് (Metaphor) സരമാഗോ അവതരിപ്പിക്കുന്നത്.

ഒരു ട്രാഫിക് കവലയിൽ സിഗ്നൽ കാത്തുനിൽകുന്ന വ്യക്തിക്ക് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കാഴ്ച നഷ്ടപ്പെടുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. അയാൾക്ക് എല്ലാം ഒരു വെള്ളമൂടുപടം മാത്രമായിട്ടാണ് കാണാൻ കഴിയുന്നത്.  മറ്റൊരാൾ അയാളെ രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുന്നു. കാറു മോഷ്ടിച്ച് കടന്നു കളയുന്ന അയാൾക്ക് വൈകാതെ കാഴ്ച നഷ്ടപ്പെടുന്നു. പിന്നീട് അവതരിപ്പിക്കുന്ന കണ്ണു ഡോക്ടറും ചികിത്സക്കായെത്തുന്ന മൂന്ന് പേരും അന്ധരാവുന്നു. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടർന്ന് പിടിക്കുമെന്ന് കരുതാൻ സാധ്യതയില്ലാത്ത അന്ധത പരസ്പരം ബന്ധപ്പെടുന്നവരിലും അല്ലാത്തവരിലും അതിവേഗം വ്യാപിക്കുന്നു.  ഡോക്ടറുടെ ഭാര്യക്ക് മാത്രം കാഴ്ച നഷ്ടപ്പെടുന്നില്ല. നഗരത്തിലെ ജനജീവിതം താറുമാറാവുന്നു. വാണിജ്യ കേന്ദ്രങ്ങളുടെയും  മറ്റ് സർക്കാ ഓഫീസുകളുടെയും പ്രവർത്തനം നിലക്കുന്നു. ഭക്ഷണമൊന്നും ലഭിക്കാതെ ജനങ്ങൾ കുപിതരായ കലാപത്തിനൊരുങ്ങുന്നു.

കാഴ്ചനഷ്ടപ്പെട്ടവരെ ഭരണാധികാരികൾ അതിവേഗം  ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ക്വാറന്റൈന് വിധേയരാവുന്നു.  അവശ്യത്തിന്  ഭക്ഷണമോ മറ്റ് താമസസൗകര്യങ്ങളോ ഇല്ലാത്ത പട്ടാളക്കാർ കാവൽ നിൽക്കുകയും  രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവച്ച് വീഴ്ത്തുകയും ചെയ്യുന്ന  സ്ഥലമാണിത്.  പട്ടാളക്കാരും പിന്നീട് അന്ധരാവുന്നു വൃത്തികെട്ട ശൗചാലയങ്ങൾ, കിടക്കുന്നിടത്ത് മലമൂത്ര വിസർജ്ജനം എന്നിങ്ങനെ അതീവ ദുസ്സഹമായ ജീവിതമാണിവിടെ താമസിക്കുന്നവർ അനുഭവിക്കേണ്ടിവരുന്നത്. മനുഷ്യാസ്തിത്വം എത്ര ദുർബലമായ അടിത്തറയിലാണ് നിലനിൽക്കുന്നതെന്നും  മനുഷ്യാന്തസ് ഒരു മിഥ്യമാത്രമല്ലേ എന്നുമുള്ള തത്വചിന്താപരമായ ചിന്തയിലേക്ക്  അന്ധരുടെ തിക്താനുഭവ വിവരണത്തിലൂടെ സരമാഗോ വായനക്കാരെ ആനയിക്കുന്നു.

അന്ധരിൽ ചിലർ താമസസ്ഥലത്തിന്റെ നിയന്ത്രണം എറ്റെടുക്കയും  മറ്റുള്ളവരുടെ ആഹാരം അപഹരിക്കുകയും സ്ത്രീകളെ ബലാത്സംഗത്തിന് വിധേയരാക്കയും ചെയ്യുന്നു. ഇവരെ കീഴ്പ്പെടുത്താൻ മറ്റുള്ളവർ കൂട്ടുചേരുന്നു. അന്ധത ബാധിക്കാത്ത ഡോക്ടറുടെ ഭാര്യ സ്ത്രീകളെ പീഢിപ്പിക്കുന്നയാളെ വധിക്കുന്നു. മഹാമാരിക്കാലത്തും നിലനിൽക്കുന്ന മനുഷ്യരിൽ അന്തർലീനമായ പരസ്പര വിരുദ്ധങ്ങളായ  നൈസർഗ്ഗിക സഹജീവി  സ്നേഹവും അധികാര ധാർഷ്ട്ര്യവും അനിയന്ത്രിത ലൈംഗികചോദനയുമെല്ലാം നോവലിൽ പ്രതീകവൽക്കരിക്കപ്പെടുന്നു. സമൂഹത്തെയാകെ ദുരന്തം ബാധിക്കുമ്പോൾ സദാചാരവും സന്മാർഗ്ഗവുമെല്ലാം തകർന്ന് വീഴാനുള്ള സാധ്യതയും മനുഷ്യനന്മ അപ്പോഴും ഉള്ളിലവശേഷിക്കുന്നവർ അതിനെ ചെറുക്കുന്നതും മഹാമാരിക്കാലത്തെ വൈരുദ്ധ്യങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ട്  സറമാഗോ അതിശക്തമായി അവതരിപ്പിക്കുന്നു.

ഡോക്ടറുടെ ഭാര്യമാത്രമാണ് അവസാനം വരെ കാഴ്ചനഷ്ടപ്പെടാതെ എല്ലാറ്റിനും ദൃക്‌സാക്ഷിയായി നോവിലിലുള്ളത്. എന്നാൽ നോവലിന്റെ അന്ത്യത്തിൽ എല്ലാവർക്കും കാഴ്ച തിരികെ കിട്ടുമ്പോൾ ഇവരുടെ കണ്ണിലേക്ക് അന്ധതയുടെ മുന്നോടിയായ വെള്ളനിറം വ്യാപിക്കുന്നു. മഹാമാരികൾ ഒരിക്കലും അവസാനിക്കണമെന്നില്ലെന്നും അത് തുടർന്ന് കൊണ്ടിരിക്കുമെന്നുമുള്ള അപായസൂചനയാണ്  ഇനിയും പ്ലേഗ് തിരികെ വരാമെന്ന് കമ്യു നൽകിയ മുന്നറിയിപ്പിനെ അനുസ്മരിപ്പിച്ചുകൊണ്ട് സരമാഗോയും പ്രവാചക തുല്യമായ ക്രാന്തദർശിത്വത്തോടെ അവതരിപ്പിക്കുന്നത്.


മറ്റു ലേഖനങ്ങൾ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ജനുവരി 1-ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ ജന്മദിനമായതെങ്ങനെ ? 
Next post ആൽഫവില്ലെ – കമ്പ്യൂട്ടറുകൾ അധികാരം സ്ഥാപിക്കുമ്പോൾ
Close