പാരീസ് ഉടമ്പടിയ്ക്ക് പുതുജീവന്‍


ജി.ഗോപിനാഥന്‍

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതോടെയാണ് കാര്‍ബണ്‍ ഉത്സര്‍ജ്ജനം ആശാവഹമായ തോതില്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യം കൈയെത്തും ദൂരത്ത് ആകും എന്ന പ്രതീക്ഷ ഉയരുന്നത്. ഏറ്റവും വലിയ തോതില്‍ കാര്‍ബണ്‍ പുറന്തള്ളിക്കൊണ്ടിരുന്ന ചൈന 2060 ആകുമ്പോഴേക്ക് കാര്‍ബണ്‍ രഹിത സമ്പദ്വ്യവസ്ഥയില്‍, അഥവാ നെറ്റ് സീറോ ടാര്‍ജറ്റില്‍ എത്തിച്ചേരുമെന്ന സുപ്രധാന പ്രഖ്യാപനം 2020 സെപ്തംബറില്‍ തന്നെ പുറപ്പെടുവിച്ചിരുന്നു.  അതായത് അവര്‍ പുറന്തള്ളുന്ന കാര്‍ബണിന് തത്തുല്യമായ ആഗീരണം കൈവരിക്കുമെന്നും അതോടെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ വര്‍ദ്ധന ഇല്ലാതാക്കുമെന്നും- ഇംഗ്ലണ്ടും യുറോപ്യന്‍ യൂണിയനും 2050 ഓടെ കാര്‍ബണ്‍ രഹിതമാകുന്നതിനായി മാര്‍ച്ചില്‍ തന്നെ നിയമം കൊണ്ടുവന്നു. ചൈനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്ക, ജപ്പാന്‍, കാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും ഈ തീരുമാനം കൈക്കൊണ്ടു. ആകെ 126 രാജ്യങ്ങള്‍ ഈ തീരുമാനത്തിലെത്തിയതോടെ കാര്‍ബണ്‍ പുറന്തള്ളുന്നതിന്റെ 51 ശതമാനവും നിയന്ത്രണത്തിലാകുമെന്ന് ഉറപ്പായി. അമേരിക്കയുടെ ഉറപ്പുകൂടി വന്നപ്പോള്‍ അത് 63% ആയിരിക്കുകയാണ്. അത് 2100 ല്‍ താപനിലയിലെ പ്രതീക്ഷിത വര്‍ദ്ധനവ് 2.1ഡിഗ്രി സെല്‍ഷ്യസ് എന്ന സ്ഥിതിയിലെത്തിക്കാനാകും.

ആഗോളതാപനത്തെ പിടിച്ചുനിര്‍ത്താനുള്ള ലോകരാഷ്ട്രങ്ങളുടെ അത്താണിയാണ് 2015 ല്‍ രൂപപ്പെടുത്തിയ പാരീസ് കരാര്‍. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോളതാപനില വ്യവസായപൂര്‍വ്വ അവസ്ഥയില്‍ നിന്ന് 1.5 ഡിഗ്രിയ്ക്ക മുകളില്‍ പോകാതെ പിടിച്ചു നിര്‍ത്തുക എന്ന പാരീസ് കരാറിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് സാധിച്ചേക്കും എന്ന പ്രതീക്ഷയാണ് പുതിയ സംഭവവികാസങ്ങള്‍ തരുന്നത്. 2015 ഡിസംബര്‍ 12 ന് തീരുമാനിക്കപ്പെട്ട കരാര്‍ 2016 ലെ ഭൗമദിനമായ ഏപ്രില്‍ 22 നാണ് ലോകരാഷ്ട്രങ്ങള്‍ ഒപ്പുവയ്ക്കാനാരംഭിച്ചത്. അമേരിക്ക ഈ കരാറില്‍ ഒപ്പുവച്ചിരുന്നെങ്കിലും 2017 ജൂലൈയില്‍ തന്നെ അതിൽ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രസിഡണ്ട് ട്രമ്പ് പ്രഖ്യാപിക്കുകയായിരുന്നു. നാലു കൊല്ലം കഴിഞ്ഞേ പുറത്തുപോകാനാകൂ എന്ന നിയമം ഉള്ളതിനാലാണ് 2020 നവംബര്‍ 4ന് പാരീസ് കരാര്‍ വിടുമെന്ന് പ്രഖ്യാപിച്ചത്. ഏതായാലും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പാരീസ് കരാറില്‍ തിരികെ ചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനുള്ള ഉറച്ച തീരുമാനം തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഏതായാലും 2050 എന്ന തീയതി അപര്യാപ്തമാണെന്നും ലോകരാഷ്ട്രങ്ങള്‍ 2030 ഓടെ തന്നെ കാര്‍ബണ്‍ ന്യൂട്രല്‍ നിലവാരത്തില്‍ എത്തിച്ചേരേണ്ടിവരും എന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.


അവലംബം – Climate Action Tracker.

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

Leave a Reply