Read Time:15 Minute
  • കോർപ്പറേറ്റുകൾക്കനുകൂലമായി നിയമങ്ങൾ മാറ്റി എഴുതുക എന്നത് ഇന്ത്യയിൽ സർവസാധാരണമായി കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് പുതിയ ജൈവ വൈവിധ്യ നിയമം.
  • പ്രാദേശിക സമൂഹത്തിനും പാരമ്പര്യ വൈദ്യന്മാരോടൊപ്പം പുതിയ നിയമത്തിൽ ആയുർവേദ, സിദ്ധ, യോഗ, പ്രകൃതി, ഹോമിയോ ചികിത്സ ചെയ്യുന്ന രജിസ്റ്റേഡ് പ്രാക്ടീഷണർമാർക്കും മരുന്നുൽപാദകർക്കും മുൻകൂർ അനുമതിയില്ലാതെതന്നെ ജൈവ വൈവിധ്യത്തെ ഉപയോഗപ്പെടുത്താം എന്ന് കൂട്ടിച്ചേർത്തു.
  • 2023 ഡിസംബർ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

നിയമം നിർമ്മിച്ച സാഹചര്യവും അതിന്റെ അന്തസ്സത്തയും വിസ്മരിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ആഗസ്റ്റ് 1ന് “ജൈവവൈവിധ്യ നിയമം 2002” ലോകസഭയിൽ ഭേദഗതി ചെയ്‌തത്. കോർപ്പറേറ്റുകൾക്കുവേണ്ടി നിയമം മാറ്റിയെഴുതുന്നത് ഇന്ത്യയിൽ ഇപ്പോൾ സർവസാധാരണമാണങ്കിലും പ്രിയപ്പെട്ട മോദീ, ഇതൊരു കടന്നകൈയായി എന്ന് പറയേണ്ടിയിരിക്കുന്നു. 1992-ലെ റിയോ ഡിക്ലറേഷൻ അംഗീകരിച്ച് ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് 2002-ൽ ബയോ ഡൈവേഴ്സ‌ിറ്റി ആക്ട് നിലവിൽവന്നത്. ഇന്ത്യയിലെ ജൈവസമ്പത്ത് ഇന്ത്യയിലെ ഇപ്പോഴത്തെ തലമുറയ്ക്കും ഭാവി തലമുറയ്ക്കും യാതൊരു വിവേചനവുമില്ലാതെ ഉപയോഗിക്കാനും സംരക്ഷിക്കാനുമുള്ള സാഹചര്യം ഒരുക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം. ജൈവ വൈവിധ്യസംരക്ഷണത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രാദേശിക ജനങ്ങൾക്കും വനവാസികൾക്കും (Forest dwellers) ഉറപ്പാക്കന്നതായിരുന്നു പ്രസ്തുത നിയമം. പ്രാദേശിക അറിവുകളെ ക്രോഡീകരിച്ച് സംരക്ഷിക്കുക, അതിന്റെ ഗുണഫലങ്ങൾ പ്രാദേശികസമൂഹത്തിന് ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ നിർമ്മിക്കുക എന്നിവയൊക്കെ നിയമത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. തുടർന്ന് ദേശീയതലത്തിൽ നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റി, സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ്, പ്രാദേശികതലത്തിൽ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി എന്നിവ രൂപവൽക്കരിച്ച് പ്രവർത്തനമാരംഭിച്ചു. ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുതല ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കാൻ നിർദേശിക്കുകയും അതനുസരിച്ച് ഏകദേശം 10,000 ത്തിനടുത്ത് പ്രാദേശിക സർക്കാരുകൾ ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കുകയും ചെയ്തു. കേരളത്തിലെ നിരവധി ഗ്രാമപഞ്ചായത്തുകളിൽ തദ്ദേശീയ ജൈവവൈവിധ്യ രജിസ്റ്റർ നിലവിലുണ്ട്. കോർപ്പറേറ്റുകളുടെ കച്ചവടതാൽപര്യം മുൻനിർത്തി ജൈവവൈവിധ്യത്തെ കൊള്ളയടിച്ച് ധനികരാകാനുള്ള സൗകര്യമാണ് പുതിയ ഭേദഗതിയിലൂടെ ഒരുക്കിയിട്ടുള്ളത്. മനുഷ്യനന്മയ്ക്കുവേണ്ടി ജൈവവൈവിധ്യത്തെ സംരക്ഷിച്ച് ഉപയോഗിക്കുകയല്ല, മറിച്ച് അമിത ധനികവൽക്കരണത്തിനായി സുരക്ഷിതമേഖലകളെ തുറന്നിടുകയാണ് ലക്ഷ്യമെന്ന് ഭേദഗതി വായിക്കുന്ന ആർക്കും ബോധ്യപ്പെടും.

നിലനിന്നിരുന്ന നിയമപ്രകാരം ഒരു സ്ഥാപനത്തിന്റെ രജിസ്റ്റേഡ് രൂപം എന്തായിരുന്നാലും അതിൽ ഒരു വിദേശപ്രതിനിധിയോ വിദേശ കൂട്ടുകെട്ടോ ഉണ്ടെങ്കിൽ, ആ സ്ഥാപനം ഇന്ത്യൻ നിയമപ്രകാരം രജിസ്റ്റർ ചെയ്താൽ പോലും അവർക്ക് ദേശീയ ബയോഡൈവേഴ്സിറ്റി അതോറിറ്റിയുടെ (N.B.A.) മുൻകൂർ അനുമതി ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ജൈവവിഭവം അല്ലെങ്കിൽ തദ്ദേശീയ അറിവ് ഏതാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നാലും സമ്പാദിക്കാൻ കഴിയൂ. അതുകൊണ്ട്, വിദേശപങ്കാളിത്തമുള്ള ഇന്ത്യൻ കമ്പനിക്കു പോലും ഗവേഷണത്തിനോ മറ്റാവശ്യങ്ങൾക്കോ ഇന്ത്യയിലെ ജൈവവൈവിധ്യ രജിസ്റ്ററിലെ വിവരങ്ങളോ അല്ലെങ്കിൽ പ്രാദേശികമായ അറിവുകളോ മറ്റു ജൈവവിഭവങ്ങളോ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല.

ഇതുമാത്രമല്ല, പൂർണ്ണമായും ഇന്ത്യൻ തന്നെയായ കമ്പനികൾക്ക് മരുന്നിനും മറ്റാവശ്യങ്ങൾക്കും ഇത്തരം വിവരങ്ങളും മറ്റും കൈമാറിക്കിട്ടണമെങ്കിൽ സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ (S.B.B.) അനുമതി വേണം. സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ്, പ്രാദേശികമായ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി (B.M.C)യുമായി കൺസൾട്ട് ചെയ്തതിനു ശേഷം വേണ്ടത്ര ശ്രദ്ധയോടെ പരിശോധിച്ച് ആവശ്യക്കാരന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി ഫീസും വാങ്ങിയതിനുശേഷമേ അനുമതി നൽകാൻ പാടുള്ളൂ. ഈ ഫീസ് ലോക്കൽ കമ്മ്യൂണിറ്റിക്ക് അവകാശപ്പെട്ടതാണ്. പ്രാദേശിക ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന പ്രാദേശികസമൂഹത്തിനും പാരമ്പര്യവൈദ്യന്മാർക്കും മാത്രമേ മുൻകൂർ അനുമതിയില്ലാതെ ജൈവ വൈവിധ്യത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ.

ഭേദഗതിചെയ്ത നിയമം അനുമതിയിൽനിന്നും ഒഴിവാക്കപ്പെടുന്നവരുടെ ലിസ്റ്റ് വിപുലീകരിച്ചു. മുമ്പ് സൂചിപ്പിച്ച പ്രാദേശികസമൂഹത്തിനും പാരമ്പര്യവൈദ്യന്മാരോടൊപ്പം രജിസ്റ്റർ ചെയ്ത ആയുഷ് (Ayush) പ്രാക്ടീഷണർമാരെക്കൂടി കൂട്ടിച്ചേർത്തു. ആയുർവേദ, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സ ചെയ്യുന്ന രജിസ്റ്റേഡ് പ്രാക്ടീഷണർമാർക്കും മരുന്നുൽപാദകർക്കും മുൻകൂർ അനുമതിയില്ലാതെ, ഫീസ് നൽകാതെ ഇഷ്ടംപോലെ എവിടെനിന്നും ഇന്ത്യയുടെ ജൈവസമ്പത്ത് ചോർത്താം. ഇന്ത്യയുടെ ആയുർവേദ ഉൽപാദന മാർക്കറ്റിനെ ഇപ്പോഴുള്ളതിൽനിന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ നാലോ അഞ്ചോ ഇരട്ടിയാക്കുക എന്നതാണ് ഭേദഗതിയുടെ ഒരു പ്രധാനപ്പെട്ട ലക്ഷ്യം. അതോടൊപ്പം സുപ്രീംകോടതിയിൽനിന്നും മുൻ നിയമത്തിന്റെ പേരിൽ ശിക്ഷയനുഭവിക്കേണ്ടിവന്ന പ്രധാനമന്ത്രിയുടെ സ്വന്തം യോഗാചാര്യനായ ബാബാ രാംദേവിനെ സന്തോഷിപ്പിക്കുകയും ചെയ്യും.

2016-ൽ ബാബാ രാംദേവും അദ്ദേഹത്തിന്റെ കൂട്ടാളിയായ ആചാര്യ ബാലകൃഷ്ണയും ബയോഡൈവേഴ്സിറ്റി ആക്റ്റ് 2001 തങ്ങൾക്ക് ബാധകമല്ല, അതുകൊണ്ട് തങ്ങളെ പ്രാദേശിക ബി എം എ കമ്മിറ്റിക്ക് നൽകേണ്ട ബനഫിറ്റ് ഷെയറിങ് ഫീസിൽനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുന്നത്. ബനഫിറ്റ് ഷെയറിങ് എന്നു കേൾക്കുമ്പോൾ വളരെവലിയ സംഖ്യയാണെന്ന് ആരും കരുതേണ്ട. വില്‌പനയുടെ പരമാവധി 1% വരെ മാത്രമാണത്. ഈ ഫീസും നൽകാൻ കഴിയില്ല എന്നാണ് ഹിന്ദുത്വവും യോഗയും വില്പനച്ചരക്കാക്കി കോടികളുടെ ആയുർവേദ കോസ്മെറ്റിക് ഉൽപന്നങ്ങളുടെ വില്പന നടത്തുന്ന യോഗാചാര്യന്റെ വാദം.

കോടതി യോഗാചാര്യന്റെ വാദം തള്ളി. സെക്ഷൻ 7 ബി ഡി എ പ്രകാരം അനുമതി കൂടാതെയുള്ള ജൈവവിഭവങ്ങളുടെ വാണിജ്യപരമായ ഉപയോഗം നിയന്ത്രിച്ചിട്ടുള്ളതാണ്. തദ്ദേശീയർക്കും പാരമ്പര്യ വൈദ്യസമൂഹത്തിനും മാത്രമേ ജൈവവിഭവങ്ങൾ വാണിജ്യതാൽപര്യങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയൂ. രാംദേവിന്റെ സ്ഥാപനം കച്ചവടസ്ഥാപനമാണ്. അതുകൊണ്ട്, അനുമതിയും വേണം ഫീസും വേണം. കോടതിവിധിക്കെതിരായുള്ള മോദി സർക്കാരന്റെ സമ്മാനമാണ് ഇപ്പോഴുള്ള നിയമഭേദഗതി. രാംദേവിനെപ്പോലുള്ള കോർപ്പറേറ്റുകളുടെ സ്ഥാപനങ്ങൾക്ക് യാതൊരു അനുമതിയും ഫീസുമില്ലാതെ ആദിവാസികൾക്കും മറ്റു തദ്ദേശീയർക്കും നിയന്ത്രണമുണ്ടായിരുന്ന, എല്ലാവർക്കും അവകാശപ്പെട്ട ജൈവസമ്പത്ത് കൊള്ളയടിക്കാം. ആയുഷിൽ രജിസ്റ്റർ ചെയ്ത സ്ഥാപനമായാൽ മാത്രം മതി.

ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഏത് കമ്പനിക്കും അത് വിദേശകമ്പനിയാകട്ടെ, ഇന്ത്യൻ കമ്പനിയുടെ കൂട്ടാളി കമ്പനിയാകട്ടെ, അവർക്കൊക്കെ ഇന്ത്യൻ കമ്പനിയെന്ന സ്റ്റാറ്റസിൽ നിന്നുകൊണ്ട് ഇന്ത്യൻ ജൈവ ചൂഷണപദ്ധതിയിൽ പങ്കാളികളാകാൻ കഴിയും. ഒരു നിയന്ത്രണവുമുണ്ടാവില്ല. എന്തും വിറ്റ് കാശാക്കുന്ന മുതലാളിത്തം അവസാനം ഇന്ത്യയിലെ ചെടികളും അതിന്റെ അദ്ഭുതസിദ്ധികളും സ്വകാര്യ കച്ചവടവസ്തുവാക്കി മാറ്റിയിരിക്കയാണ്. ഇവിടംകൊണ്ടും നിയമഭേദഗതി നിർത്താൻ സർക്കാർ തയ്യാറായില്ല.

മുമ്പ് ബയോഡൈവേഴ്സിറ്റി കുറ്റകൃത്യങ്ങളെ ക്രിമിനൽ കുറ്റമായി കണ്ടാണ് ശിക്ഷിച്ചിരുന്നത്. 5 വർഷം തടവോ പിഴയോ രണ്ടുംകൂടിയോ ആയിരുന്നു പരമാവധി ശിക്ഷ. ഇനിമേൽ തടവു വേണ്ട. അല്പം പിഴ മാത്രം അടച്ചാൽ മതി. ഇതിൽപ്പരം ഒരു നിയമത്തെ എങ്ങനെ ഇല്ലാതാക്കാൻ കഴിയും? നിയമത്തിന്റെ അന്തസ്സത്ത മുഴുവൻ ചോർത്തിക്കളഞ്ഞുകൊണ്ട് സമ്പന്നന്റെ താൽപര്യങ്ങൾക്ക് മാത്രമായി നിയമത്തെ നിർവചിച്ചിരിക്കുന്നു. ഇതിനെ നിയമഭേദഗതി എന്നല്ല നിയമ പിൻവലിക്കൽ നിയമം എന്നാണ് പറയേണ്ടിയിരുന്നത്.

20 വർഷങ്ങൾകൊണ്ട് റിയോ ഡിക്ലറേഷന്റെ വ്യവസ്ഥ ഇല്ലാതാക്കേണ്ട എന്ത് സാഹചര്യമാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്? പ്രധാനമന്ത്രിയുടെയും കൂട്ടരുടെയും അമേരിക്കൻ ഭ്രമം മാത്രമാണ് ഇതിനു പിറകിലുള്ളത്. സകലതും കോർപ്പറേറ്റുകൾക്ക് തുറന്നിട്ടുകൊണ്ട് അമേരിക്കയ്ക്ക് ഒപ്പമെത്താമെന്ന അത്യാഗ്രഹം. എല്ലാ ഇന്ത്യൻ നന്മകളേയും ഇല്ലാതാക്കുന്ന ഈ പോക്ക് വലിയ അപകടത്തിലേക്കാണ് ഇന്ത്യയെ കൊണ്ടു ചെന്നെത്തിക്കുക. ഇന്ത്യയിലെ ദരിദ്രരായ ആദിവാസിസമൂഹങ്ങളുടെ പരിമിതമായ വനവിഭവങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഇതോടെ ഇല്ലാതാകും. സമ്പന്ന-ദരിദ്ര അകലം കുറയ്ക്കുക എന്ന ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളെ അട്ടിമറിച്ച് പാവപ്പെട്ടവരെ മതിലും മറയുമുയർത്തി മറയ്ക്കാമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്.


മറ്റു ലേഖനങ്ങള്‍

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആൺ കൊതുകുകൾ ചോര കുടിച്ചിരുന്നോ? 
Next post Polar Bear 2 – COP 28 ൽ സംഭവിച്ചത്
Close