Read Time:59 Minute

വര്‍ത്തമാനകാലത്ത് പല അര്‍ഥതലങ്ങളില്‍ ഉപയോഗിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ ഒരു പ്രയോഗമാണ് വികസനം. സാമ്പത്തിക നേട്ട – കോട്ടങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് വികസനം ചര്‍ച്ചയാകാറുള്ളത്. ആദ്യത്തേതിനെ സാമ്പത്തിക വികസന (Economic development) മായും രണ്ടാമത്തേതിനെ സാമൂഹിക വികസന (Social development) മായും കണക്കാക്കുന്നു. ജനങ്ങളുടെയും സമൂഹത്തിന്റെയും സമഗ്രമാറ്റത്തിന് ഇവ രണ്ടും അനുപേക്ഷണീയമാണ്. എങ്കിലും സിദ്ധാന്തങ്ങളിലും പ്രയോഗത്തിലും സാമ്പത്തിക വികസനത്തിന് ലഭിക്കുന്നത്ര പ്രാധാന്യം പലപ്പോഴും സാമൂഹിക വികസനത്തില്‍ കിട്ടാറില്ല. ഇതിന് കാരണം നിത്യ ജീവിതത്തില്‍ വികസനമെന്നാല്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, വളര്‍ച്ചാ നിരക്ക് എന്നിവയൊക്കെ ആയതിനാല്‍ വികസനത്തെ സാമ്പത്തിക ഘടകങ്ങളുമായി നാം ആദ്യം കണ്ണിചേര്‍ക്കുന്നതുകൊണ്ടാണ്. സാമ്പത്തിക വികസനമാകട്ടെ, കമ്പോളവും സമ്പത്തുല്‍പാദനവും ക്രയവിക്രയവുമൊക്കെയായാണ് ചേര്‍ന്നു നില്‍ക്കുന്നത്. അതേസമയം, സമ്പത്തുല്‍പാദനംപോലെ അതിന്റെ വിതരണ നീതിയെ കമ്പോളം തുല്യ പ്രാധാന്യത്തോടെ ഒരിക്കലും കാണണമെന്നില്ല. അതിനാല്‍, വികസനത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക നീതിക്കും വേണ്ടി ഒരേ സമയം നിലകൊള്ളുന്നതിനുപകരം പലപ്പോഴും ഒരു ഭാഗത്ത് വികസന വക്താക്കളും മറുഭാഗത്ത് വികസന വിരോധികളും എന്ന നിലയില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നത് വരെ കാര്യങ്ങള്‍ എത്താറുണ്ട്. വികസന വക്താക്കള്‍ക്ക് പലപ്പോഴും മൂലധന/ഭരണകൂട പിന്തുണയുണ്ടാകും. സ്വാഭാവികമായും അവരെ പിന്തുണയ്ക്കാത്തവരെയെല്ലാം വികസന വിരോധികളായാണ് കണക്കാക്കുന്നത്. ഒരു പദ്ധതിയുടെ നേട്ട കോട്ടങ്ങളെപ്പറ്റി സമൂഹം സംവാദാത്മകമാകുന്നതിനു പകരം വിവാദമുഖരിതമാവുകയും യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുമാണ് പതിവ്. വന്‍ പദ്ധതികളുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. വന്നുവന്ന് വികസനമെന്ന് കേള്‍ക്കുമ്പോള്‍ പലപ്പോഴും ഒരു വിഭാഗം ആഘോഷിക്കുകയും മറുഭാഗം പേടിക്കുകയും ചെയ്യുന്ന സ്ഥിതി വരെ എത്തിച്ചേരുന്നു. എന്നിട്ടും മുന്നനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാതെ ഇതേ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് വികസനത്തിലെ നൈതികത (Ethics in development, Developmental ethics, Ethical development) പ്രസക്തമാകുന്നത്. വികസന ‘വക്താക്കള്‍’ക്കും വികസന ‘വിരോധി’കള്‍ക്കും ഇടയിലാണ് വികസനനൈതികതയുടെ സ്ഥാനം. അതുകൊണ്ടുതന്നെ, നൈതികതാ ചര്‍ച്ചകള്‍ സംവാദാത്മകമാണ്; മാത്രമല്ല, ഇവിടെ വസ്തുതകളുടെ പിന്‍ബലത്തോടെയുള്ള ചര്‍ച്ചകള്‍ സുസാധ്യവുമാണ്.

നൈതികതാ വികസനം സംബന്ധിച്ച് പലപ്പോഴായി രൂപപ്പെട്ടുവന്ന നിലപാടുകള്‍, അവയില്‍ ആദ്യകാലത്ത് ക്ഷേമ സങ്കല്പനത്തിനും പിന്നീട് മാനവികതയ്ക്കും ഉണ്ടായി വന്ന സ്വാധീനം, നൈതികതയെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്രധാന സൈദ്ധാന്തിക സംഭാവനകള്‍ എന്നിവയൊക്കെ പൊതുവില്‍ വിശദീകരിക്കുന്നതാണ് ഈ കുറിപ്പ്. ഒപ്പം തന്നെ, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വികസന നിലപാടുകളെ പരിശോധിക്കുകയും വര്‍ത്തമാന കേരളത്തിലെ വികസന സമസ്യകളെ സൂചിപ്പിക്കുകയും നൈതികതയില്‍ ഊന്നിയ ജനകീയ സംവാദങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമുള്ള പ്രധാന്യം എടുത്തുപറയുകയുമാണ് ഇവിടെ ചെയ്യുന്നത്.

എന്താണ് വികസനത്തിലെ നൈതികത?

എല്ലാ വികസന പദ്ധതികള്‍ക്കും അതിന്റേതായ നേട്ട കോട്ടങ്ങളുണ്ട്. നേട്ട കോട്ടങ്ങള്‍ പക്ഷേ, അസന്തുലിതമായാണ് പലപ്പോഴും വിതരണം ചെയ്യാറുള്ളത്. അതിനാല്‍, നേട്ട കോട്ടങ്ങള്‍ ആര്‍ക്കൊക്കെ? എത്രമാത്രം? ഇന്നത്തെ തലമുറയ്ക്കും ഭാവി തലമുറകള്‍ക്കു തന്നെയും എങ്ങനെ അനുഭവപ്പെടും? എന്നതൊക്കെ അനുഭവങ്ങളുടേയും വസ്തുതകളുടെയും പിന്‍ബലത്തില്‍ ചര്‍ച്ചചെയ്ത് ജനങ്ങള്‍ക്കും അവരുടെ ചുറ്റുപാടിനും ഏറ്റവും അനുയോജ്യമായ തീരുമാനങ്ങളിലേക്ക് എത്തുന്ന ജനാധിപത്യപരമായ വിവിധതരം ഇടപെടലുകളാണ് വികസന നൈതികത. പദ്ധതികളുടെ മുന്‍ഗണനകള്‍, നിര്‍വഹണ രീതികള്‍, അതിലെ മനുഷ്യാവകാശങ്ങള്‍, നിര്‍വഹണ ഏജന്‍സികളുടെ ഉത്തരവാദിത്വങ്ങള്‍ എന്നിവയെല്ലാം നൈതികതാ ചര്‍ച്ചയുടെ ഭാഗമാണ്. അതുവഴി പദ്ധതികളുടെ മൂല്യാധിഷ്ഠിതമായ തിരഞ്ഞെടുപ്പിന് ജനങ്ങള്‍ക്ക് അവസരം നല്‍കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. മിഷേല്‍ കൊര്‍ണിയ (Michael Cornea) എന്ന സാമൂഹിക ശാസ്ത്രജ്ഞന്‍ സൂചിപ്പിച്ചതുപോലെ ‘ചിലര്‍ക്ക് നേട്ടങ്ങളും ബാക്കിയുള്ളവര്‍ക്കെല്ലാം വേദനയും പങ്കുവയ്ക്കുന്നതല്ല” (Some gets gain and others get pain) നൈതികതയില്‍ ഊന്നിയ വികസനം വിഭാവനം ചെയ്യുന്നത്. അത് മനുഷ്യവകാശം, മാനവിക വികസനം, ജനാധിപത്യം എന്നിവയെ ഉള്‍ക്കൊള്ളുന്നതാണ്.

വികസനത്തിന്റെ വഴി തിരഞ്ഞെടുക്കുന്നതിലും നിര്‍വഹണത്തിലും നൈതികത പ്രധാനമാണ്. ആ അര്‍ഥത്തില്‍ പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് (Joosph Stiglitz) നാലുതരം നൈതികത ഘടകങ്ങളെപ്പറ്റി പറയുന്നുണ്ട്.

  1. സത്യസന്ധത
  2. സുതാര്യതസാമൂഹിക
  3. നീതി
  4. ഉത്തരവാദിത്വം എന്നിവയാണവ.

വികസന നൈതികത കേവലമൊരു അക്കാദമീയ ചര്‍ച്ചാവിഷയമല്ല. മറിച്ച്, അന്തര്‍വൈജ്ഞാനികമായ പലതരം ആശയങ്ങള്‍ സമ്മേളിക്കുന്ന പ്രായോഗിക തലമാണ്. വികസന നൈതികതയില്‍ അതിന്റെ ലക്ഷ്യങ്ങള്‍ക്ക് മാത്രമല്ല, മാര്‍ഗങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്. യഥാര്‍ഥത്തില്‍ വികസന സിദ്ധാന്തം, പദ്ധതി ആസൂത്രണം, പദ്ധതി നിര്‍വഹണം എന്നീ രംഗങ്ങളില്‍ നൈതികതാ മൂല്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ പരിശോധിക്കുന്ന ഒരു തലം കൂടിയാണ് വികസനത്തിലെ നൈതികത. ഇന്നത്തെ മുഖ്യധാരാ ധനശാസ്ത്രം ആത്യന്തികമായി ഉപയോഗിക്കുന്നത് ഉപയുക്തതാധിഷ്ഠിത (Utilitarian) സിദ്ധാന്തങ്ങളാണ്. അതാകട്ടെ, വ്യക്തിപരമായ നേട്ടങ്ങള്‍ വര്‍ധിപ്പിക്കുന്നതിലാണ് ഊന്നുന്നത്. എന്നാല്‍, ആരിലേയ്ക്കാണ് നേട്ട കോട്ടങ്ങള്‍ എത്തിപ്പെടുന്നത് എന്ന കാര്യം ആ വീക്ഷണത്തിന്റെ പരിഗണനയില്‍ ഇല്ല.

വികസനത്തിലെ നൈതികത കൂടുതല്‍ മുന്‍ഗണന നല്‍കുന്ന രംഗമാണ് മനുഷ്യാവകാശം. മനുഷ്യാവകാശ സംരക്ഷണം എന്നതുതന്നെ ജനങ്ങള്‍ക്കിടയിലെ നൈതിക പരിപ്രേക്ഷ്യത്തോടെയുള്ള പരസ്പര ബന്ധത്തെയാണ് കാണിക്കുന്നത്. പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ഡോ. സി.ടി. കുര്യന്‍ മനുഷ്യാവകാശ ബന്ധിതമായ വികസനത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ് ‘ജനങ്ങള്‍ക്കെല്ലാം നിയമാനുസൃതമായി അവരുടേതായ സാമ്പത്തികവും സാമൂഹികവും വൈജ്ഞാനികവും രാഷ്ട്രീയവുമായ മനുഷ്യാവകാശങ്ങള്‍ ഉപയോഗിക്കാനും പദ്ധതി നിര്‍വഹണത്തില്‍ ഇടപെടാനും സന്തോഷിക്കാനും ഉള്ള അവസരങ്ങള്‍ പടിപടിയായി ഒരുക്കുന്ന ഒരു പ്രക്രിയയായി വികസനത്തെ കാണേണ്ടിയിരിക്കുന്നു’ എന്നാണത്.

വികസന സൂചികകള്‍

വികസന പദ്ധതികളുടെ ഉള്ളടക്കത്തിലും നിര്‍വഹണത്തിലും നൈതികതാ ഘടകങ്ങളുടെ പരിഗണനക്കനുസരിച്ച് വ്യത്യസ്ത ഉള്ളടക്കത്തോടെയുള്ള വികസന സൂചികകളും രൂപപ്പെട്ടു വന്നതായാണ് അനുഭവം. ആ രീതിയില്‍ ഉണ്ടായി വന്ന വികസന സൂചികകളെപ്പറ്റിയാണ് ഇനി പറയുന്നത്.

രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് വികസനം പ്രത്യേക അജണ്ടയായുള്ള ധനശാസ്ത്രം അഥവാ വികസന ധനശാസ്ത്രം പ്രചാരത്തില്‍ വരുന്നത്. വികസ്വര രാജ്യങ്ങളിലെ മൂലധന ദൗര്‍ലഭ്യവും സാങ്കേതിക പിന്നാക്കാവസ്ഥയും ആയിരുന്നു അക്കാലത്തെ പ്രധാന ചര്‍ച്ചാവിഷയം. അതിനുള്ള സഹായങ്ങള്‍ ലഭ്യമാക്കാനുള്ള പ്രത്യേക പദ്ധതികളും നിര്‍വഹണ ഏജന്‍സികളും തന്നെ ഉണ്ടായി വന്നിരുന്നു. ദേശീയ വരുമാന(GDP)ത്തിലെ ഉയര്‍ച്ചയായിരുന്നു പ്രധാന വികസനസൂചിക. ദേശീയ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ വികസനത്തിലെ മാറ്റത്തിന്റെ പര്യായമായി കണക്കാക്കി. വികസനമെന്നാല്‍, സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ച എന്നാല്‍, വരുമാന വര്‍ധനവും മാത്രമാണെന്ന നിഗമനങ്ങളിലേക്ക് എത്തി. എന്നാല്‍, ഏറ്റക്കുറച്ചിലുകളെപ്പറ്റി അല്ലാതെ വരുമാനത്തിലെ വിതരണ നീതി, ദേശീയ വരുമാന സൂചകയില്‍ പ്രസക്തമായിരുന്നില്ല. മാത്രമല്ല, വികസനം സാധ്യമാകണമെങ്കില്‍ അല്പം സാമ്പത്തിക അസമത്വമൊക്കെ സഹിക്കേണ്ടിവരുമെന്നും നൊബേല്‍ ജേതാവായ സൈമണ്‍ കുസ്നട്സ്‌നെ (Simon Kuznets) പോലുള്ളവര്‍ പറഞ്ഞു വെച്ചിരുന്നു.

അദ്ദേഹത്തിന്റെ തലതിരിഞ്ഞ U വക്രം (inverted U shaped curve) വികസന ധനശാസ്ത്രത്തിന്റെ സൈദ്ധാന്തിക രംഗത്ത് വളരെ പ്രശസ്തമായിരുന്നു. ദേശീയ വരുമാനത്തെ വികസനസൂചികയായി കണക്കാക്കുന്ന ചര്‍ച്ചകളെ മുന്നോട്ടു നയിച്ചത് പ്രധാനമായും സമ്പന്നരായ OECD രാജ്യങ്ങള്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ദേശീയ വരുമാനത്തിന് പകരം പ്രതിശീര്‍ഷ വരുമാനത്തെ വികസന സൂചികയായി കണക്കാക്കിയെങ്കിലും വിതരണ രീതിയെ പ്രതിഫലിപ്പിക്കാന്‍ ഇതിനൊന്നും കഴിയില്ലെന്ന വിമര്‍ശനം ശക്തിപ്പെട്ടു. കാരണം, ശരാശരി ആളോഹരി വരുമാനം ജനങ്ങള്‍ക്കിടയിലെ സമ്പത്തിലേയും വരുമാനത്തിലേയും ഏറ്റക്കുറച്ചിലുകളെ പ്രതിഫലിപ്പിക്കുന്നില്ല എന്നതുതന്നെ.

സമ്പത്തിന്റെ വളര്‍ച്ച ഒരിക്കലും ജനങ്ങളുടെ സന്തോഷത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന മൂല്യാധിഷ്ഠിത വിമര്‍ശനങ്ങള്‍ ജനങ്ങളെ വികസനം സംബന്ധിച്ച് പുതിയ രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. വികസനം എന്നാല്‍, സാമ്പത്തിക വളര്‍ച്ച മാത്രമല്ല, ഘടനാപരമായ മാറ്റങ്ങള്‍ കൂടിയാണെന്ന അഭിപ്രായവും ശക്തിപ്പെട്ടു. വികസനത്തിന്റെ നൈതികതയെപ്പറ്റി ഏറെ ചര്‍ച്ച ചെയ്ത ഡെന്നിസ് ഗൗലറ്റ് (Dennis Gaulet) പറഞ്ഞത്, ‘സാമ്പത്തിക വളര്‍ച്ചയില്‍ മാത്രം ശ്രദ്ധിച്ചാല്‍ ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന സമ്പന്ന രാജ്യങ്ങള്‍ (Rich country full of poor people) ആയിരിക്കും ഫല’മെന്നാണ്. സമ്പദ്ഘടനയുടെ ഒരുതരം അമാനവീകരണമാണ് ഇതുവഴി നടക്കുക എന്നും സൂചിപ്പിച്ചു. ഈയൊരു അവസ്ഥയെപ്പറ്റി മറ്റൊരിടത്ത് അമര്‍ത്യാസെന്നും ഴാങ്ങ് ദ്രേസും (Jean Dreaze) ഇപ്രകാരം പറയുന്നുണ്ട്.

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി സാമൂഹിക പരിവര്‍ത്തനത്തിന് വേണ്ടത്ര പരിഗണന നല്‍കാതെ സാമ്പത്തിക വളര്‍ച്ചയുടെ പരമാവധീകരണത്തില്‍ മാത്രം ഊന്നുന്നത് തലതിരിഞ്ഞതും അനുചിതവും അനാവശ്യമായ മാര്‍ഗമായിരിക്കും.’ അതുകൊണ്ടുതന്നെ, എവിടെയൊക്കെ ജനകീയ ഇടപെടലുകള്‍ (Public Action) ഉണ്ടായിട്ടുണ്ടോ അവിടങ്ങളില്‍ മാത്രമേ സാമ്പത്തിക വളര്‍ച്ചയാല്‍, ദാരിദ്ര്യവും അസമത്വവും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും സെന്നും ദ്രേസും അനുഭവങ്ങള്‍ ഉദാഹരിച്ച് സാധൂകരിക്കുന്നുണ്ട്.

സ്ഥിതിഗതികള്‍ ഇതൊക്കെയാണെങ്കിലും പലരും പല രീതിയില്‍ GDP യെ ആശ്രയിച്ചുള്ള സൂചികകള്‍തന്നെ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ പ്രധാനമായിരുന്നു അന്താരാഷ്ട്ര തൊഴില്‍ സംഘടന (ILO) യും മറ്റ് UN ഏജന്‍സികളും ചേര്‍ന്ന് 1976-ല്‍ തയ്യാറാക്കിയ ‘അടിസ്ഥാന ആവശ്യ സമീപനം’ (Basic Needs Approach). ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം, ശുചിത്വം, വിദ്യാഭ്യാസം തുടങ്ങിയവ നിശ്ചിത അളവില്‍ ലഭിക്കുന്നതിനെ ജീവിതാവസ്ഥയുമായി ബന്ധിപ്പിക്കാനാണ് ഇതില്‍ ശ്രദ്ധിച്ചത്. ഇവയ്ക്ക് വേണ്ട പണം തന്നെയായിരുന്നു അപ്പോഴും കേന്ദ്ര സ്ഥാനത്തുണ്ടായിരുന്നത്. ഒരു മിനിമം ജീവിതനിലവാരം എന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിസ്ഥാന ആവശ്യമെന്നാല്‍ എന്ത് എന്ന് നിര്‍വചിക്കുന്നതില്‍ കൃത്യത ഉണ്ടായിരുന്നില്ല.
ഏതാണ്ട് ഇതേ രീതിയില്‍ത്തന്നെയാണ് ഓവര്‍സീസ് വികസന കൗണ്‍സിലി(Overseas Develop-ment Council)നുവേണ്ടി മോറിസ് ഡി മോറിസ് പുതിയൊരു വികസന സൂചിക വികസിപ്പിച്ചത്. ഭൗതിക ജീവിത ഗുണതാ സൂചിക (Physical Quality Life Index-PQLI) എന്നായിരുന്നു ഇത് അറിഞ്ഞിരുന്നത്. ശിശു മരണനിരക്ക്, സാക്ഷരത, പ്രതിശീര്‍ഷ ആയുര്‍ദൈര്‍ഘ്യം എന്നിവയെ പരിഗണിച്ചുള്ള ഒരു കൂട്ടായ്മാ സൂചിക (Composite Index) ആയിരുന്നു ഇത്. GDP ഒരു സുരക്ഷിത സൂചിക അല്ലെന്നതിനാലാണ് ജീവിതഗുണതയുമായി ബന്ധപ്പെടുത്തി PQLI തയ്യാറാക്കിയത്. മൂന്ന് ഘടകങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു PQLI മൂല്യം നിര്‍ണ്ണയിച്ചത്.

PQLI കൃത്യമായ ഒരു പ്രാതിനിധ്യ സൂചികയല്ലെന്ന വിമര്‍ശനത്തില്‍ നിന്നാണ് 1987-ല്‍ 10 വിഭേദകങ്ങളെ (varialables) ചേര്‍ത്തുകൊണ്ടുള്ള രാഷ്ട്രാന്തരീയ മാനവിക ക്ലേശ സൂചിക (International Human Suffiering Index-IHSI) കണക്കാക്കിയത്. ജനസംഖ്യാ പ്രതിസന്ധി കമ്മിറ്റി (Population Crisis Committee) എന്ന സംഘടനയ്ക്ക് വേണ്ടി Sharon L Camp ഉം Joseph Speidil ഉം ചേര്‍ന്നാണ് IHSI കണക്കാക്കിയത്. ആയുര്‍ദൈര്‍ഘ്യം, ഭക്ഷണ ലഭ്യത, ശുദ്ധജല ലഭ്യത, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, ആളോഹരി വരുമാനം, നാണ്യപെരുപ്പ നിരക്ക്, ഹൈസ്‌കൂള്‍ പ്രവേശനം, സാങ്കേതികവിദ്യ വിനിമയ സ്വാതന്ത്ര്യം, പൗരാവകാശം എന്നിവയാണ് IHSI തയ്യാറാക്കാനായി ഉപയോഗിച്ച 10 വിഭേദകങ്ങള്‍. കൃത്യതയെപ്പറ്റി പൂര്‍ണ്ണ യോജിപ്പുണ്ടായിരുന്നില്ല.

പണത്തിന്റെ പിടിയില്‍ നിന്ന് വികസന സൂചികകളെ ആദ്യമായി മോചിപ്പിക്കുന്നത് പാകിസ്ഥാനിലെ പ്രസിദ്ധ ധനശാസ്ത്രജ്ഞനായ പ്രൊഫ. മെഹബൂബ്-ഉല്‍-ഹഖ് (Maha-boob- Ul-Haq) ആണ്. അദ്ദേഹമാണ് മാനവ വികസനം (Human development) എന്ന സംജ്ഞയെ പ്രചുര പ്രചാരത്തിലാക്കിയത്. മാനവ വികസനത്തെപ്പറ്റി അദ്ദേഹത്തിന്റെ അഭിപ്രായം ഇപ്രകാരമായിരുന്നു, ‘മാനവ വികസനം ജനങ്ങളുടെ തിരഞ്ഞെടുക്കാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ജീവിത സാധ്യതകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു’ (Human development that enlarges’ choice and improves their lives’).

വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് ജനങ്ങളാണെന്നും മാനവ വികസനമാണ് യഥാര്‍ഥ വികസനം എന്നും ഹഖ് വ്യക്തമാക്കി. 1985 മുതല്‍ 1988 വരെ പലപ്പോഴായി പാകിസ്ഥാനിലെ ധനമന്ത്രി ആയിരുന്നു ലോകപ്രശസ്തനായ ഈ ധനശാസ്ത്രജ്ഞന്‍. പണമല്ല മാനവ വികസനമാണ് പ്രാധാന ഘടകം എന്നായിരുന്നു ഹഖിന്റെ നിലപാട്. ഇതുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞത് ‘പണം എന്നാല്‍, ജനജീവിതത്തിന്റെ ആകെ തുകയല്ല’ (Income is not the sum total of life) എന്നാണ്. മാനവിക വികസനത്തെ മൂന്ന് അടിസ്ഥാന ഘടകങ്ങളുമായി ബന്ധിപ്പിച്ചാണ് ഹഖ് അദ്ദേഹത്തിന്റെ നിലപാട് വികസിപ്പിച്ചത്.

  1. ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം
  2. അറിവ്
  3. മാന്യമായ ജീവിത നിലവാരത്തിന് വേണ്ട വിഭവങ്ങളുടെ ലഭ്യത.

ജീവിതസൗഖ്യത്തെപ്പറ്റിയുള്ള തികച്ചും വ്യത്യസ്തമായ, പുതിയൊരു ധാരണയാണ് മാനവിക വികസനം എന്ന സങ്കല്പനത്തിലൂടെ ഹഖ് മുന്നോട്ടുവയ്ക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ Reflections on Human Development (1995) എന്ന വിഖ്യാത ഗ്രന്ഥം ലോകത്താകെ തന്നെ വികസനചര്‍ച്ചകളില്‍ പുതിയ വഴിത്താര വെട്ടിയതായി അമര്‍ത്യാസെന്‍ സൂചിപ്പിക്കുന്നുമുണ്ട്. സെന്നും ഹഖും അത്രയും അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ഹഖ് ബ്രിട്ടീഷ് ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തും (പഞ്ചാബ്) സെന്‍ കിഴക്ക് ഭാഗത്തും (ഡാക്ക) ആണ് ജനിച്ചതും വളര്‍ന്നതും.

ഹഖിന്റെ സമകാലീനരായിരുന്ന അമര്‍ത്യാസെന്നും മാര്‍ത്താ നുസ്ബാമും (Martha Nussbaum) ചേര്‍ന്ന് ആര്‍ജിതശേഷി (capability) എന്ന സങ്കല്പനവുമായി ബന്ധപ്പെടുത്തിയാണ് വികസനത്തെ വിശദീകരിച്ചത്. ഇരുവരും ചേര്‍ന്ന് പ്രസിദ്ധീകരിച്ച Quality of Life (1993) എന്ന ഗ്രന്ഥത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്നത്. ആര്‍ജിതശേഷി (capability) എന്നത് ഒരാള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ സൂചികയാണ്. അതൊരു ഉല്‍പന്നമോ വിഭവമോ അല്ല. മറിച്ച് ഉല്‍പന്നവും വിഭവവും ഉപയോഗിച്ച് ഒരാള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതാണ്

ഇക്കൂട്ടത്തില്‍ പ്രവര്‍ത്തനനിരത (functioning) എന്ന സംജ്ഞകൂടി സെന്നും നുസ്ബാമും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ജനജീവിതത്തിലെ സമസ്ത വ്യവഹാരങ്ങളെയും കൂട്ടിച്ചേര്‍ക്കുന്ന ഒന്നായാണ് പ്രവര്‍ത്തനനിരതയെ (functioning) വിവക്ഷിക്കുന്നത്. ശേഷി കൈവരിക്കാനുള്ള സ്വതന്ത്രമായ പ്രവര്‍ത്തനമായി അതിനെ കാണണം. പ്രവര്‍ത്തനനിരത ആര്‍ജിക്കാനുള്ള സ്വാതന്ത്ര്യമാണ് Capability ക്ക് ആധാരമായിട്ടുള്ളത്. ആര്‍ജിതശേഷി എന്നത് ഒരു ജനവിഭാഗത്തിന്റെ (ദരിദ്രരുടെ) സ്വാതന്ത്ര്യമില്ലായ്മയുടെ പ്രശ്‌നത്തെ കൂടിയാണ് അഭിമുഖീകരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം എന്നിവ Capability യുടെ പ്രധാന ഉള്ളടക്കമാണ്. വികസന പ്രക്രിയയില്‍ വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവല്‍ക്കരണത്തിന് സെന്‍ വലിയ പ്രാധാന്യം നല്‍കുന്നത്, അത് ദരിദ്രരുടെ Capability വര്‍ധിപ്പിക്കും എന്നതിനാലാണ്.

On Ethics and Economics എന്ന ഗ്രന്ഥത്തിലാണ് അമര്‍ത്യാസെന്‍ ധനശാസ്ത്രത്തിന്റെ നൈതിക അടിത്തറയെപ്പറ്റി കൂടുതല്‍ പ്രതിപാദിക്കുന്നത്. ഉപയുക്തതാധിഷ്ഠിത സിദ്ധാന്ത(Utilitarian Theories)ങ്ങളുടെ പരിമിതികളാണ് ഈ ഗ്രന്ഥത്തിലെ പ്രധാന പരിശോധനാവിഷയം. ഉപയുക്തത എന്നത് ഉല്‍പന്ന കേന്ദ്രീകൃതമായ ക്ഷേമ അപഗ്രഥനമാണെന്നതാണ് പ്രധാന വിമര്‍ശനം. ഇതില്‍ നടക്കുന്നത് വ്യക്തിപരമായ ഉപയുക്തതയുടെ (utility) പരമാവധീകരണമാണ്. ഇത്തരം സിദ്ധാന്തങ്ങള്‍ക്ക് പകരം അവകാശാധിഷ്ഠിത സിദ്ധാന്തങ്ങളിലാണ് സെന്‍ ഊന്നുന്നത്.

പിന്നീട്, പലയിടങ്ങളിലായി കൂടുതല്‍ വിശാലമെന്നോണം ജനങ്ങള്‍ ‘ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വിപുലീകരണ’മാണ് വികസനം എന്നുവരെ സെന്‍ പറഞ്ഞുവെച്ചു. സെന്നിന്റെ Development as Freedom (1999), ന്ന പുസ്തകത്തിലാണ് ഇത്തരം വിശദീകരണങ്ങള്‍ കൂടുതല്‍ നല്‍കുന്നത്. ഇവിടെ വ്യക്തിയുടെ സ്വാതന്ത്ര്യം, തിരഞ്ഞെടുക്കാനുള്ള അധികാരം, സ്വയംനിര്‍ണ്ണയാവകാശം, ജനാധിപത്യം എന്നിവയ്‌ക്കൊക്കെ അര്‍ഹമായ സ്ഥാനമുണ്ട്. സാമ്പത്തിക ദര്‍ശനങ്ങള്‍ക്ക് സെന്‍ കല്പിക്കുന്ന നൈതിക അടിത്തറ, ഒരുതരം ‘സാമൂഹിക ഉടമ്പടി’യുമായി ബന്ധപ്പെട്ടിരിക്കുന്നു. Contractualism എന്നാണ് ഇതിന് അദ്ദേഹം പറയുന്നത്

എന്നാല്‍, ഇന്നത്തെ ആഗോളീകരണ കാലത്ത് ധനമൂലധനവും കമ്പോളവും കൈയാളുന്ന അമിത സ്വാതന്ത്ര്യവും അതുവഴി ഇല്ലാതാക്കുന്ന ദരിദ്രരുടെ ഉപജീവന സ്വാതന്ത്ര്യവും സെന്‍ കാണുന്നില്ലെന്ന വിമര്‍ശനമുണ്ട്. ഇന്ന് ആഗോളാടിസ്ഥാനത്തില്‍ത്തന്നെ ശക്തിപ്പെടുന്ന അസമത്വം (inequality) സെന്നിന്റെ തന്നെ മാനവിക വികസന സമീപനത്തിനും ദരിദ്രര്‍ക്ക് ആര്‍ജിതശേഷി കൈവരിക്കുന്നതിനും സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്തുന്നതിനുമെല്ലാം തന്നെ എതിരായി മാറുന്നത് അദ്ദേഹം കാണാതെ പോകുന്നു എന്ന വിമര്‍ശനം ഇന്ന് ശക്തമാണ്. സെന്നിന്റെ ആര്‍ജിതശേഷി (capability)യും മെഹബൂബ്-ഉല്‍- ഹഖിന്റെ മാനവ വികസനവും ചേര്‍ന്നാണ് മാനവിക വികസന സൂചിക (Human Development Index- HDI) 1990 മുതല്‍ പ്രസിദ്ധീകരിക്കുന്നത്. പക്ഷേ, ഒരു കാര്യം അപ്പോഴും വ്യക്തമാണ്. ആഗോളീകരണവും നവലിബറലിസവും സൃഷ്ടിക്കുന്ന ഭീഷണികള്‍ സെന്നും ഹഖും മുന്നോട്ടുവെക്കുന്ന, വികസന നൈതിക്കെതിരായാണ് പ്രവര്‍ത്തിക്കുന്നത്.

ചരിത്രത്തിലെ ക്ഷേമസങ്കല്പനം

ജനങ്ങളുടെ ക്ഷേമമാണ് സാമൂഹിക സുരക്ഷയുടെ എക്കാലത്തെയും പ്രധാന ചര്‍ച്ചാവിഷയം. ക്ഷേമം എന്ന സങ്കല്പനം തന്നെ നൂറ്റാണ്ടുകളിലൂടെ വികസിച്ചുവന്നതുമാണ്. അത് സംബന്ധിച്ച ചെറിയൊരു പരാമര്‍ശമാണ് ഇവിടെ നടത്തുന്നത്. ക്ഷേമസങ്കല്പനം ക്രിസ്തുവിന് മുമ്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടിലി (384-322 BC) ന്റെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ധനശാസ്ത്രപഠനത്തിന് ധനേതര മേഖലകളുമായുള്ള ബന്ധത്തെപ്പറ്റി അരിസ്റ്റോട്ടില്‍ ബോധവാനായിരുന്നുവത്രേ. പക്ഷേ, അദ്ദേഹം എല്ലാം ദൈവനിശ്ചയമായാണ് കണക്കാക്കിയതുതന്നെ. ”എല്ലാം അരിസ്റ്റോട്ടിലിന് അറിയാം; അദ്ദേഹത്തിന് അറിയാത്തത് ലോകത്ത് ഉണ്ടായിരിക്കാനിടയില്ലെന്നായിരുന്നു വിധിമതം. ഇതൊക്കെ ചര്‍ച്ചയില്ലാതെ തന്നെ അംഗീകരിക്കുകയായിരുന്നു. ഒരുതരം യുക്തിയായിരുന്നു എല്ലാറ്റിനുമടിസ്ഥാനം; പരീക്ഷണ-നിരീക്ഷണങ്ങളായിരുന്നില്ല. ഈ രീതി പിന്നേയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്നത്തെ രീതിയില്‍ വികസനത്തിലെ ക്ഷേമസങ്കല്പനം പ്രധാന ചര്‍ച്ചയാകുന്നത് ആദംസ്മിത്തിന്റെ (Adam Smith-1723-1790) ഭാഗത്ത് നിന്നായിരുന്നു. സ്മിത്തിന്റെ Theory of Moral Sentiments (1759) എന്ന ഗ്രന്ഥത്തിലാണ് ക്ഷേമകാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 1759-ലെ ഈ വിഖ്യാത ഗ്രന്ഥം നൈതികത, ദര്‍ശനം, ധനശാസ്ത്രം, നീതിശാസ്ത്രം എന്നിവയുടെയെല്ലാം ഒരു സങ്കരവിശകലനമാണ്. പിന്നീട്, 1789-ല്‍ ജെറമി ബന്‍താം (Jeremy Bentham 1748-1832) മുന്നോട്ടുവെക്കുന്ന ഉപയുക്തതാവാദം (utilitarianism) എന്ന നിലപാട് പ്രകാരം സമൂഹത്തിന്റെ സൗഖ്യമെന്നാല്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്ന ഉപയുക്ത(utility)തയുടെ ആകെത്തുകയായാണ് കണക്കാക്കിയത്. അറ്റ ഉപയുക്തതയെന്നാല്‍ ആകെ സന്തോഷത്തിന്റെയും ആകെ ദുഃഖത്തിന്റെയും കൂട്ടിക്കിഴിക്കലാണ്.

ജെറമി ബന്‍താം (Jeremy Bentham 1748-1832)

ബന്‍താമിന്റെ ഉപയുക്തതാവാദ സിദ്ധാന്തങ്ങള്‍ (utilitarianism) പിന്നീട് വലിയ തോതില്‍ വികസിപ്പിക്കുന്നതില്‍ ജോണ്‍ സ്റ്റുവേര്‍ട്ട്മില്‍, ആല്‍ഫ്രഡ് മാര്‍ഷല്‍, കാള്‍ മെംഗര്‍, വില്യം സ്റ്റാന്‍ലി ജവോണ്‍സ്, ലിയോണ്‍ വാള്‍റാസ്, വില്‍ഫ്രഡോ പാരിറ്റോ, ഏ.സി. പിഗു എന്നിവരൊക്കെ വലിയ സംഭാവന നല്‍കിയതായി കാണാം. ഇന്നും ക്ഷേമ ധനശാസ്ത്ര രംഗത്ത് സ്ഥായിയായി നല്‍കുന്നവയാണ് ഇവരുടെയൊക്കെ സംഭാവനകള്‍. ഉപയുക്തതാവാദ സിദ്ധാന്തങ്ങളുടെ കേന്ദ്ര ആശയമായ സാമൂഹിക ക്ഷേമത്തിന്റെ പ്രയോഗമെന്ന നിലയിലാണ് പിന്നീട് നേട്ട-കോട്ട വിശ്ലേഷണം (Cost-Benefit Analysis- CBA) എന്ന വിശകലന രീതി രൂപപ്പെടുന്നത്. ഏതൊരു പദ്ധതിയായാലും കോട്ടത്തേക്കാള്‍ നേട്ടം കൂടുതലാണെങ്കില്‍ അംഗീകരിക്കാമെന്നതാണ് ഈ വിശകലനം സ്പഷ്ടീകരിക്കുന്നത്. എന്നാല്‍, CBA യുടെ പ്രധാന പരിമിതി നേട്ട-കോട്ടങ്ങള്‍ ആര്‍ക്കിടയില്‍ പങ്കിടുന്നു എന്നതില്‍ വ്യക്തതയില്ലെന്നതാണ്. ഈയൊരു അനിശ്ചിതത്വമാണ് CBA സിദ്ധാന്തം വലിയതോതില്‍ വിമര്‍ശിക്കപ്പെടാനിടയായത്. പിന്നീട്, സാമൂഹിക നേട്ട-കോട്ട വിശ്ലേഷണം (Social Cost Benefit Analysis) എന്നൊക്കെ വിപുലീകരണമുണ്ടായെങ്കിലും ഇതൊരു ഗണിതശാസ്ത്ര യുക്തിയായി അവശേഷിക്കുകയായിരുന്നു.

ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു നിലപാടായിരുന്നു ക്ഷേമത്തെ മുന്‍നിര്‍ത്തി പ്രസിദ്ധ ദാര്‍ശനികനായ ജോണ്‍ റൗള്‍സ് വികസിപ്പിച്ചത്. റൗള്‍സിന്റെ പ്രസിദ്ധമായ Theory of Justice (1971) എന്ന ഗ്രന്ഥത്തിലാണ് മാനവികതയില്‍ ഊന്നിയ നിലപാടിനെ പ്രത്യേക തലത്തിലേക്ക് വികസിപ്പിച്ചെടുത്തത്.

പ്രാഥമിക സാമൂഹിക ചരക്കുകള്‍ അഥവാ Social Primary Goods എന്ന സങ്കല്പനത്തെ മുന്‍നിര്‍ത്തിയാണ് റൗള്‍സ് അദ്ദേഹത്തിന്റെ സിദ്ധാന്തം ആവിഷ്‌കരിച്ചത്. പ്രാഥമിക സാമൂഹിക ചരക്കെന്നാല്‍, ”യുക്തിസഹമായി ജീവിക്കുന്ന ഒരാള്‍ക്ക് അവശ്യം വേണ്ട വസ്തുക്കള്‍” എന്നാണ് റൗള്‍സ് വിവക്ഷിച്ചത്. അതായത് ജനങ്ങളുടെ യുക്തിസഹമായ ജീവിതാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള അവശ്യ ഉപാധികളുടെ ലഭ്യതയാണ് ക്ഷേമത്തിന്റെ അളവുകോലായി റൗള്‍സ് കണക്കാക്കിയതെന്നര്‍ഥം. ഇവിടെയും വിഭവലഭ്യത പ്രശ്‌നമാണെങ്കിലും, അടിസ്ഥാന ജീവിതാവശ്യങ്ങള്‍ ലഭിക്കാനുള്ള അവസരതുല്യതയ്ക്കായിരുന്നു റൗള്‍സ് ഊന്നല്‍ നല്‍കിയത്.

ഉപയുക്തതാ നിലപാടിനെ നിരാകരിക്കുകയും ഒപ്പം മാനവിക റൗള്‍സിയന്‍ ക്ഷേമസങ്കല്പനങ്ങളെ പുനഃരാവിഷ്‌കരിക്കുകയും ചെയ്താണ് അമര്‍ത്യാസെന്നും കൂട്ടുകാരും ഒടുവില്‍; ‘‘സ്വാതന്ത്ര്യത്തോടെയുള്ള ജീവിതം” (Wellbeing) ആര്‍ജിതശേഷി (Capability), സാമൂഹിക തിരഞ്ഞെടുപ്പ് (Social Choice), ശാക്തീകരണം (Empowerment), ഇല്ലായ്മ (deprivation) എന്നിങ്ങനെയുള്ള സംജ്ഞകള്‍ വഴി ക്ഷേമ/മാനവിക നിലപാടുകള്‍ക്ക് പുതിയൊരു അര്‍ഥതലം നല്‍കിയത്. ഇതിന്റെയും ഒടുവില്‍ എത്തിപ്പെടുന്നത് മാനവ വികസന സൂചികയിലും അതിനെ അടിസ്ഥാനമാക്കിയുള്ള വികസന പ്രക്രിയയുടെ വിശകലനത്തിലും താരതമ്യത്തിലുമൊക്കെയാണ്. ഒരിക്കല്‍ക്കൂടി സൂചിപ്പിക്കട്ടെ, ക്ഷേമ വിശകലനങ്ങളുടെ വളര്‍ച്ചയും തുടര്‍ച്ചയുമെന്നോണമാണ് സെന്നിന്റെയും ഹഖിന്റെയും സംഭാവനകളെ സ്വരൂപിച്ച് UNDP എല്ലാ വര്‍ഷവും മാനവ വികസന റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കുന്നത്.

On International Workers’ Day, Gandhi From Kochi: Oil on canvas, 2015, by Riyas Komu

ഗാന്ധിജിയും കാറല്‍മാര്‍ക്സും

വികസനനൈതികത ഏറെ ഉയര്‍ത്തിപ്പിടിച്ച മഹാത്മാക്കളായിരുന്നു ഗാന്ധിജിയും കാറല്‍ മാര്‍ക്സും. ഇവരുടെ പ്രത്യേക സിദ്ധാന്തമെന്നതിനപ്പുറം അവരുടെ എല്ലാ പ്രമേയങ്ങളിലും നൈതിക നിലപാടിനെ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഏതൊരു വികസന പദ്ധതിയിലും തീരുമാനമെടുക്കുന്നത് പരമദരിദ്രര്‍ക്ക് അതുവഴി എന്ത് ഗുണം കിട്ടും എന്നതിന്റെ അടിസ്ഥാനത്തിലാകണമെന്നും വികസനം അവരുടെ ഉന്നമനത്തിന് സഹായകമാവണമെന്നും ഗാന്ധിജി അടിവരയിട്ടു പറഞ്ഞു. ഒപ്പം തന്നെ, എല്ലാവരുടെയും അത്യാവശ്യം നിറവേറ്റാനുള്ള വിഭവങ്ങള്‍ ഈ ഭൂമിയില്‍ ലഭ്യമാണെങ്കിലും ഒരാളുടെ പോലും അത്യാര്‍ത്തിക്ക് തികയില്ലെന്നും ഗാന്ധിജി വ്യക്തമാക്കി. വിഭവത്തിന്റെ ഏറ്റവും കാര്യക്ഷമമായ ഉപയോഗത്തിന് മാത്രമല്ല, ദരിദ്രപക്ഷ ഉപയോഗത്തിനുവേണ്ടിയും ഉപഭോഗ സംസ്‌കാരത്തിനും വിരുദ്ധവുമായാണ് ഗാന്ധിജി അദ്ദേഹത്തിന്റെ ക്ഷേമ/ മാനവിക വികസന സങ്കല്പനങ്ങള്‍ രൂപപ്പെടുത്തിയത്. ലാളിത്യമായിരുന്നു അതിന്റെ മുഖമുദ്ര.
മുതലാളിത്ത വ്യവസ്ഥയിലെ സമ്പത്തുല്‍പാദനത്തിന്റെ ഉറവിടമന്വേഷിച്ചുള്ള അപഗ്രഥനമായിരുന്നു കാറല്‍ മാര്‍ക്സിന്റേത്. മുതലാളി – തൊഴിലാളി ചൂഷണാധിഷ്ഠിത ഉല്‍പാദന ബന്ധം വഴിയുള്ള മിച്ചമൂല്യമാണ് മൂലധനത്തിന്റെ അടിസ്ഥാനമെന്നായിരുന്നു കാറല്‍ മാര്‍ക്സിന്റെ നിഗമനം. അതാണ് ലാഭാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയുടെ ചാലകശക്തി. മുതലാളിത്ത വ്യവസ്ഥയില്‍ പാപ്പരീകരിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പാണ് സാമൂഹിക മാറ്റത്തിന് നിദാനമായി മാര്‍ക്സ് കണ്ടത്. ഇതിനിടയില്‍ മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ആരോഗ്യകരമായ ബന്ധം ശക്തിപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത മാര്‍ക്സ് ഊന്നിപ്പറഞ്ഞിരുന്നു. പ്രകൃതി മനുഷ്യന്റെ അജൈവശരീരമാണെന്ന് മാര്‍ക്സ് വ്യക്തമാക്കി.

ഈ നിലപാട്, പ്രകൃതി തങ്ങളുടെ വരദാനമാണെന്ന മുതലാളിത്ത സമീപനത്തിന് നേര്‍വിപരീതമാണ്. അതുകൊണ്ടുതന്നെ, പ്രകൃതിക്കുമേല്‍ മൂലധനം നടത്തുന്ന കടന്നാക്രമണം മാര്‍ക്സിന്റെ പ്രകൃതി നിരീക്ഷണങ്ങള്‍ക്ക് കടകവിരുദ്ധമാണെന്നതിനാല്‍ ജനപക്ഷത്ത് നിന്നുകൊണ്ട് ഇത്തരം കൈയേറ്റങ്ങളെ പ്രതിരോധിക്കേണ്ടതാണ്. മാത്രമല്ല, ഈ ഭൂമിയെ ഒരു കാരണവരെപ്പോലെ നോക്കിനടത്താനുള്ള അവകാശം മാത്രമാണ് മനുഷ്യര്‍ക്കുള്ളതെന്നും അര്‍ഥശങ്കക്കിടയില്ലാതെ മാര്‍ക്സ് വ്യക്തമാക്കിയിരുന്നു. ചുരുക്കത്തില്‍, ദരിദ്രരുടെയും അധ്വാനിക്കുന്ന തൊഴിലാളികളുടെയും മെച്ചപ്പെട്ട ഭാവിയെ മുന്‍നിര്‍ത്തിയുള്ള നിലപാടുകളില്‍ ഊന്നുന്നതിലാണ് ഗാന്ധിജിയുടെയും മാര്‍ക്സിന്റെയും വികസനത്തിലെ നൈതികത വേരൂന്നുന്നത്.
HDI യിലേക്ക് വീണ്ടും HDI യിലേക്ക് വരാം. 1990-ലെ HDR ലാണ് ആദ്യമായി HDI പ്രസിദ്ധീകരിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ സെന്നിന്റെ ആര്‍ജിതശേഷി (Capability) സമീപനത്തിന്റെയും ഹഖിന്റെ മാനവവികസനം (Human Development) എന്ന സങ്കല്പനത്തിന്റേയും കൂട്ടായ്മയില്‍ നിന്നാണ് HDI രൂപപ്പെടുന്നത്. അതിനാല്‍, അമര്‍ത്യാസെന്നും മെഹബൂബ്-ഉല്‍-ഹഖുമാണ് HDI യുടെ ഉപജ്ഞാതാക്കള്‍ എന്ന് പറയാം. UNDP യാണ് HDR പ്രസിദ്ധീകരിക്കുന്നത്. വികസന സാഹിത്യത്തിലേക്കുള്ള HDIയുടെ പ്രധാന സംഭാവന, വികസനമെന്നാല്‍, ഉയര്‍ന്ന മാനവിക ക്ഷേമമാണെന്ന നിലപാടിന് ലോകരാജ്യങ്ങളില്‍ ലഭിച്ച വര്‍ധിച്ച അംഗീകാരമാണ്. അത് രാജ്യങ്ങള്‍ക്കിടയിലെ സാമൂഹിക വികസനം സംബന്ധിച്ച താരതമ്യം എളുപ്പമാക്കി. ഒപ്പം, വികസനത്തെപ്പറ്റിയുള്ള ആത്മനിഷ്ഠ ധാരണകള്‍ തിരുത്തി, കാര്യങ്ങളെ കൂടുതല്‍ വസ്തുനിഷ്ഠമാക്കി.

മാനവ വികസനത്തിന്റെ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള ശരാശരി മൂല്യം കണക്കാക്കിയാണ് HDI തയ്യാറാക്കുന്നത്. മാനവിക വികസനം, ആരോഗ്യം, അറിവും ജീവിതനിലവാരവും എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഒരു കൂട്ടായ്മാ സൂചിക (Composite index) ആണ് HDI. ഇവയെ പ്രതിനിധീകരിച്ച് പ്രതിശീര്‍ഷ ആയുര്‍ദൈര്‍ഘ്യസൂചിക, വിദ്യാഭ്യാസ സൂചിക, വരുമാന സൂചിക എന്നിവ കണക്കാക്കി മൂന്നുകൊണ്ട് ഹരിച്ചാണ് HDI യില്‍ എത്തുന്നത്. ഇതിന്റെ മൂല്യം പൂജ്യത്തിനും ഒന്നിനും ഇടയിലാണ്. 2022-ലെ ഇന്ത്യയുടെ HDI മൂല്യം 0.633 ആണ്; സ്ഥാനം 191 രാജ്യങ്ങളില്‍ 132 മത്തേതും. ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്സര്‍ലണ്ടിന്റെ HDI മൂല്യം 0.962 ആണ്. ഇപ്പോള്‍ HDI യില്‍ നിന്ന് മറ്റ് പല സൂചികകളും തയ്യാറാക്കിവരുന്നുണ്ട്. ഉദാ: Human Poverty Index (HPI), Gender Development Index (GDI), Gender Inequality Index-GII) എന്നിങ്ങനെ. ജീവിതഗുണത, ദാരിദ്ര്യം, സ്ത്രീപുരുഷ സമത്വം എന്നിവയ്‌ക്കൊക്കെ പ്രാധാന്യം നല്‍കുന്നതിനാല്‍ വികസനത്തിലെ നൈതികതയ്ക്ക് മറ്റേതൊരു അപഗ്രഥനത്തേക്കാളും മുന്തിയ പരിഗണന ഇവ നല്‍കുന്നുണ്ട്.

മുകളിലെ വിശദീകരണത്തില്‍ സൂചിപ്പിക്കുന്നത്, വികസനമെന്നാല്‍, കേവലം ഉറുപ്പിക കണക്കിലുള്ള സാമ്പത്തിക മുന്നേറ്റമല്ലെന്ന് മാത്രമല്ല, അതിലുപരി മനുഷ്യനെയും പ്രകൃതിയെയും കേന്ദ്രമാക്കിയുള്ള ഒരു സാമൂഹിക പ്രക്രിയയാണെന്നുകൂടിയാണ്. അതേസമയം, HDI എല്ലാറ്റിന്റെയും അവസാനവാക്കല്ല. ഈ രംഗത്തെ ഗവേഷണങ്ങള്‍ തുടരുകയാണ്. കൂടാതെ, മാര്‍ക്സിസം തന്നെ പല വിമര്‍ശകരും സൂചിപ്പിക്കുന്നതുപോലെ ഒരു സാമ്പത്തിക നിര്‍ണ്ണയ (Economically determined) വാദമല്ലെന്നും പരിസ്ഥിതി, മനുഷ്യാവകാശം, കാലാവസ്ഥ, മണ്ണിന്റെ ഉര്‍വരത എന്നിവയൊക്കെ സംബന്ധിച്ച, ശാസ്ത്രീയ നിലപാടുകള്‍, അക്കാലത്തെ വിവിധ ശാസ്ത്രജ്ഞരുടെ സഹായത്തോടെ മാര്‍ക്സ് വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നതുമാണ്. ജോണ്‍ ബല്ലാമിഫോസ്റ്ററും പോള്‍ ബര്‍ക്യൂറ്റും ചേര്‍ന്നെഴുതിയ Marx and the Earth: An Anti Critique (2016) എന്ന ഗ്രന്ഥത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്. ഇതു സംബന്ധിച്ച തുടര്‍ ഗവേഷണങ്ങള്‍ ഇപ്പോള്‍ വലിയതോതില്‍ നടന്നുവരികയാണ്. MEGA-II എന്ന പേരിലാണ് ഈ ഗവേഷണ പദ്ധതി അറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊഹീയോ സെയിറ്റോ (Kohio Saito) തയ്യാറാക്കിയ ‘Capital in the Anthro pocene’ എന്ന ഗ്രന്ഥം മുതലാളിത്ത രാജ്യങ്ങളില്‍ പൊതുവിലും ജപ്പാനില്‍ പ്രത്യേകിച്ചും വലിയ കോളിളക്കമുണ്ടാക്കിക്കൊണ്ടിരിക്കുന്നതായി വാര്‍ത്തകളുണ്ട്. അതിനാല്‍, 1860-കളില്‍ ”മൂലധനം” തയ്യാറാക്കുന്നതില്‍ മാര്‍ക്സ് തുടങ്ങിവെച്ചതും ഏംഗല്‍സ് മുന്നോട്ടു കൊണ്ടുപോയതുമായ (പ്രകൃതിയിലെ വൈരുധ്യാത്മകത പോലുള്ള ഗ്രന്ഥങ്ങള്‍) വികസനത്തിലെ നൈതികത സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഇനിയും മുന്നേറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇക്കൂട്ടത്തില്‍ ഗാന്ധിജി, അമര്‍ത്യാസെന്‍ തുടങ്ങിയവരുടെ സംഭാവനകളും പരിഗണിക്കേണ്ടതുണ്ട്. കേരളത്തില്‍, ഇവയൊക്കെ സംബന്ധിച്ച നിലപാടുകള്‍ ഉണ്ടാക്കുന്നതിലും മുന്നോട്ടു നയിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന സംഘടനയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്.

പരിഷത്തിന്റെ വികസന നിലപാട്

മനുഷ്യാധ്വാനത്തിന്റെ മഹത്വത്തിന് പ്രധാന്യം നല്‍കിക്കൊണ്ടാണ് പരിഷത്തിന്റെ വികസന സമീപനം വികസിപ്പിച്ചത്. ”കേരളത്തിന്റെ സമ്പത്ത്” (1976) എന്ന ഗ്രന്ഥത്തിലാണ് ഇതിനുള്ള ആദ്യ ശ്രമം നടത്തിയത്. ശാസ്ത്രം അധ്വാനമാണെന്നും അധ്വാനഫലമാണ് സമ്പത്തെന്നും ഇവരണ്ടും ജനനന്മയ്ക്കുള്ളതാകണമെന്നുമുള്ള തികച്ചും പുതിയൊരു സമീകരണമാണ് പരിഷത്ത് അവതരിപ്പിച്ചത്. തുടര്‍ന്നുണ്ടായ ചര്‍ച്ചകളും ഇടപെടലുകളും അനുഭവങ്ങളും (പ്രത്യേകിച്ച് പരിസ്ഥിതി/വികസന ബന്ധങ്ങള്‍ സംബന്ധിച്ച്) സാമൂഹിക വികസനം സംബന്ധിച്ച കുറെക്കൂടി വിശാലമായൊരു നിലപാടിലേക്കും ഉള്ളടക്കത്തിലേക്കും എത്താന്‍ പരിഷത്തിനെ സഹായിച്ചു. ഇതനുസരിച്ച് വികസനമെന്നാല്‍, സമ്പത്തുല്‍പാദനം മാത്രമല്ലെന്നും സാമൂഹിക നീതി, അഥവാ നീതിപൂര്‍വമായ വിതരണം അതിന്റെ അഭേദ്യഭാഗമാണെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നുണ്ടായ അനുഭവങ്ങളിലൂടെ തുടര്‍ നിലനില്‍പ്, ആസൂത്രണം, വികേന്ദ്രീകരണം, ജനപങ്കാളിത്തം എന്നിവയും വികസന പ്രക്രിയയുടെ ഭാഗമാണെന്ന് പരിഷത്ത് തിരിച്ചറിഞ്ഞു. സാമൂഹിക വികസനത്തിന് ഊന്നല്‍ നല്‍കുന്ന ഈ ഘടകങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പരിഷത്ത് അതിന്റെ വികസന സമീപനം സമ്പുഷ്ടമാക്കിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശക്തിപ്പെട്ടുവരുന്ന ചില ബാഹ്യപ്രശ്നങ്ങള്‍ ഈ ഘടകങ്ങളുടെയൊക്കെ മുന്‍ഗണനയില്‍ മാറ്റം ആവശ്യപ്പെടുന്നുണ്ട്. ഉദാ: കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇനി തുടര്‍ നിലനില്‍പ് എന്ന് മാത്രം പറഞ്ഞാല്‍ മതിയാകില്ല. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുക എന്നുതന്നെ പറയണം. അതേപോലെ, വികേന്ദ്രീകൃത വികസനത്തിന്റെ കാല്‍ നൂറ്റാണ്ടിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ആ രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നത് നിസ്തര്‍ക്കമാണ്.

മനുഷ്യാധ്വാനത്തിന്റെ മഹത്വത്തിന് പ്രധാന്യം നല്‍കിക്കൊണ്ടാണ് പരിഷത്തിന്റെ വികസന സമീപനം വികസിപ്പിച്ചത്. ”കേരളത്തിന്റെ സമ്പത്ത്” (1976) എന്ന ഗ്രന്ഥത്തിലാണ് ഇതിനുള്ള ആദ്യ ശ്രമം നടത്തിയത്. ശാസ്ത്രം അധ്വാനമാണെന്നും അധ്വാനഫലമാണ് സമ്പത്തെന്നും ഇവരണ്ടും ജനനന്മയ്ക്കുള്ളതാകണമെന്നുമുള്ള തികച്ചും പുതിയൊരു സമീകരണമാണ് പരിഷത്ത് അവതരിപ്പിച്ചത്.

കാലാവസ്ഥാമാറ്റം, 25 വര്‍ഷത്തെ ജനപങ്കാളിത്ത വികസനം, കോവിഡ്, പ്രളയമടക്കം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ആവര്‍ത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയെല്ലാം മറ്റ് പല രീതിയിലും മാറി ചിന്തിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ, ആപത്തുകാലത്ത് കേരളീയര്‍ പ്രകടിപ്പിക്കുന്ന ത്യാഗ സന്നദ്ധത, മാനവിക മൂല്യങ്ങള്‍, കൂട്ടായ്മ, സംഘടിത അധ്വാനം എന്നിവയും വലിയ സാധ്യതകളായും മുതല്‍ക്കൂട്ടായും നമുക്ക് മുന്നിലുണ്ട്. ഇവയെല്ലാം കണക്കിലെടുത്തുള്ള മാറ്റങ്ങളെപ്പറ്റി ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ അനുഭവങ്ങള്‍

സവിശേഷമായൊരു വികസന മാതൃകയായാണ് ഒരു കാലത്ത് കേരളം അറിയപ്പെട്ടിരുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിച്ചപ്പോഴും സാമൂഹിക നീതിയിലൂന്നിയ പുനര്‍ വിതരണ ക്രമവും സംഘടിത വിലപേശല്‍വഴി നേടിയ വര്‍ധിച്ച കൂലി അടക്കമുള്ള ആനുകൂല്യങ്ങളും ജനങ്ങളുടെ സാമൂഹിക ജീവിത ഗുണതയില്‍ വലിയ പുരോഗതി ഉണ്ടാക്കി. തിരുവനന്തപുരത്തെ വികസന പഠനകേന്ദ്രം (CDS) പ്രസിദ്ധീകരിച്ച (Poverty Unemployment and Development Policy (1975) എന്ന ഗ്രന്ഥമാണ് കേരളത്തിന്റെ സവിശേഷത സംബന്ധിച്ച, ഇക്കാര്യങ്ങളില്‍ ആദ്യം ജനശ്രദ്ധയില്‍ കൊണ്ടുവന്നത്. പ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനായ മാല്‍ക്കം അദിശേഷയ്യ ആണത്രേ ‘കേരള വികസനമാതൃക’യെന്നൊരു പ്രയോഗം തുടങ്ങിവെച്ചത്. (CDS) ലെ ഗ്രന്ഥത്തില്‍ ഇത്തരമൊരു പ്രയോഗമില്ല.) ഇന്ന് കേരളം സാമ്പത്തിക വികസന സൂചികകളിലും (ആളോഹരിവരുമാനം), സാമൂഹിക വികസന സൂചികകളിലും (ജനന-മരണ-ശിശുമരണ-സാക്ഷരതാ നിരക്കുകള്‍) ഒരേസമയംതന്നെ മുന്നിട്ടുനില്‍ക്കുകയാണ്. പണ്ഡിതര്‍ ഈ അവസ്ഥയെ മേന്മയേറിയ വളര്‍ച്ച (Vertuous growth), അതിജീവന വളര്‍ച്ച (turnaround growth) എന്നൊക്കെ വിളിക്കുന്നതില്‍ നമുക്ക് അഭിമാനിക്കാവുന്നതാണ്. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (CDS) തയ്യാറാക്കിയ കേരളത്തിന്റെ മാനവ വികസന റിപ്പോര്‍ട്ടി (2006)ന്റെ അടിസ്ഥാനത്തിലാണ് ഇത്തരം നിലപാടുകള്‍ ഉയര്‍ന്നുവന്നത്. അത് മാനവവികസനത്തിലൂന്നിയ സമീപനമാണ് കേരളത്തിനു കൂടുതല്‍ സഹായകമെന്ന് ഓര്‍മിപ്പിക്കുന്നു.

എന്നാല്‍, അത്രക്കൊന്നും അഭിമാനിക്കാന്‍ വകയില്ലാത്ത മറ്റ് ചില കണക്കുകള്‍ കേരളത്തെ സാമൂഹികമായി വളരെ വേഗത്തില്‍ പിന്‍ നടത്തിക്കുകയാണ്. അഭ്യസ്തവിദ്യരുടെ വര്‍ധിച്ച തൊഴിലില്ലായ്മ, റോഡപകടം, ആത്മഹത്യ, സ്ത്രീപീഡനം, ജീവിത ശൈലീരോഗം, മാനസ്സിക/ശാരീരിക വെല്ലുവിളികള്‍, വര്‍ധിച്ച ലഹരി ഉപയോഗം, ഉയര്‍ന്ന സ്വകാര്യ ചികിത്സാച്ചെലവ്, കുടുംബങ്ങളിലെ വര്‍ധിച്ച കടബാധ്യത എന്നിവയൊക്കെ സംബന്ധിച്ച കണക്കുകളൊന്നും മുകളില്‍ പറഞ്ഞ ‘മാതൃക’ക്ക് ഭൂഷണമായവയല്ല. ഇവ മറ്റുപല പ്രശ്‌നങ്ങള്‍ വഴി ഉയര്‍ന്നുവരുന്ന ലക്ഷണങ്ങള്‍ കൂടിയാണ്. മാത്രമല്ല, ഇവ മുകളില്‍ വിവരിച്ച നൈതികത, മാനവക്ഷേമം, കുടുംബസൗഖ്യം, സക്രിയ ജീവിതം എന്നിവയ്‌ക്കൊന്നും കൂടുതല്‍ കരുത്താര്‍ജിക്കാന്‍ സഹായിക്കുന്നുമില്ല. ഇവക്കൊന്നും വേണ്ടത്ര പരിഗണന നല്‍കാതെ വികസന ചര്‍ച്ചകള്‍ സാമ്പത്തിക വളര്‍ച്ചയിലും വന്‍കിട പശ്ചാത്തല സൗകര്യ വികസനത്തിലും ഊന്നുന്നത് യഥാര്‍ഥ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് സഹായകമാവില്ല.

അതുകൊണ്ട് പരിഹരിക്കാവുന്നതല്ല ഇന്ന് കേരളം അനുഭവിക്കുന്ന കുടുംബ, മാനവിക പ്രശ്നങ്ങളും ആഭ്യന്തര ദൗര്‍ബല്യങ്ങളും. അവിടെയാണ് വികസനത്തിലെ നൈതിക കേരളത്തില്‍ കൂടുതല്‍ പ്രസക്തമാകുന്നത്. ഈയിടെയായി കേരളത്തില്‍ നടക്കുന്നത് വികസന വിവാദങ്ങളാണ്. അതുവഴി വികസനവക്താക്കളോ വികസനവിരോധികളോ ആയി ജനങ്ങള്‍ക്കിടയില്‍ അറിയാതെ തന്നെ ചേരി തിരിവുണ്ടാവുകയാണ്. യഥാര്‍ഥത്തില്‍ വസ്തുതകളുടെ പിന്‍ബലത്തോടെയുള്ള സംവാദങ്ങളാണ് നടക്കേണ്ടത്. എങ്കില്‍ മാത്രമേ, വികസനത്തിലെ നൈതികതാഘടകങ്ങള്‍ പൊതുചര്‍ച്ചയ്ക്ക് വിഷയമാവൂ.
നൈതികതാ ചര്‍ച്ചകളില്‍ പ്രധാനം പരിസ്ഥിതിക്ക് ലഭിക്കേണ്ട പരിഗണനയാണ്. മുകളില്‍ പറഞ്ഞതുപോലെ, ഇന്നത്തെ കേരളീയ സാഹചര്യത്തില്‍ തുടര്‍ നിലനില്‍പ്പ്, സ്ഥായിയായ വികസനം (Sustainable Development) എന്നതിലപ്പുറം പാരിസ്ഥിതിക സുസ്ഥിരത (Ecological Sustainability) ക്ക് വേണ്ടിയാണ് നമുക്ക് വാദിക്കേണ്ടത്. കാലാവസ്ഥാ മാറ്റത്തിനും പ്രകൃതി ക്ഷോഭങ്ങള്‍ക്കുമിടയില്‍ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പു വരുത്താത്ത ഒരു പദ്ധതിയും ഇന്നത്തെ കേരളത്തിന് താങ്ങാനാവില്ല.

രണ്ടാമത്തെ പ്രശ്നം, പാര്‍ശ്വവല്‍ക്കൃത സമൂഹങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നതാണ്. അതേസമയം, അവര്‍ക്കുവേണ്ടി പണം നന്നായി ചെലവാക്കുന്നുണ്ടുതാനും. ഇത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. കാരണം, പണം ചെലവാക്കിയിട്ടും അര്‍ഹതപ്പെട്ടവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നത് അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സമ്പത്തിന്റെ ഉടമസ്ഥതയിലും വരുമാനത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധിച്ച അസമത്വം ചര്‍ച്ച ചെയ്യേണ്ട മറ്റൊരു പ്രശ്നമാണ്.

ജനങ്ങളില്‍ ഒരു ഭാഗം സമ്പന്നരാകുമ്പോഴും സര്‍ക്കാര്‍ ദരിദ്രരാണ്. ജനങ്ങളിലെ വര്‍ധിച്ച സമ്പത്തിന്റെ പ്രഭവകേന്ദ്രം പ്രധാനമായും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ കച്ചവടം, പ്രകൃതി വിഭവങ്ങളിലെ കൈയേറ്റം, മദ്യക്കച്ചവടം, തുടങ്ങിയവയാണ്. ഇവ പ്രകൃതി-മനുഷ്യ ബന്ധങ്ങളെയും കുടുംബ ജീവിതത്തേയും കൂടുതല്‍ സംഘര്‍ഷാത്മകമാക്കുന്ന പ്രശ്നങ്ങളാണ്. ഇവയ്ക്കു പുറമേ, ഇനി പറയുന്ന

  1. ഉപഭോഗ സംസ്‌കാരത്തെ വിപുലപ്പെടുത്താന്‍ മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വര്‍ധിച്ച അംഗീകാരം.
  2. വിദ്യാഭ്യാസ രംഗത്തെ ജാതി-മത സ്വാധീനവും നിയന്ത്രണവും
  3. മാതൃഭാഷാ മാധ്യമത്തെ അവഗണിക്കുന്നതിനാല്‍ ദരിദ്രരായ കുട്ടികള്‍ മുഖ്യധാരാ അക്കാദമീയ ചര്‍ച്ചകളില്‍നിന്ന് പുറംതള്ളപ്പെടുന്നത്
  4. വികേന്ദ്രീകൃതാസൂത്രണത്തിലെ ജനകീയത ചോര്‍ന്നുപോകല്‍
  5. ഭൂമി കേവലം ഊഹക്കച്ചവട ഉപാധിയായി മാറല്‍
  6. പ്രകൃതിവിഭവങ്ങളില്‍ സാമൂഹിക നിയന്ത്രണം ഇല്ലാതാകല്‍ എന്നിവയെല്ലാം വികസനത്തിലെ നൈതികത സംബന്ധിച്ച ചര്‍ച്ചാവിഷയങ്ങളാകണം.

ഇവയെക്കുറിച്ചുള്ള ചര്‍ച്ചകളും ജനാനുകൂല തീരുമാനങ്ങളും അത്യാവശ്യമായിരിക്കുന്നു. ഗാന്ധിജി ഊന്നിപ്പറഞ്ഞ വിഭവ ഉപയോഗത്തിലെ അത്യാര്‍ത്തി പ്രശ്നവും മാര്‍ക്സ് ചൂണ്ടിക്കാണിച്ച പ്രകൃതി-മൂലധന വൈരുധ്യങ്ങളും അമര്‍ത്യാസെന്നിന്റെ മാനവികതയും ആര്‍ജിതശേഷിയുമെല്ലാം കണക്കിലെടുത്ത് കേരളം നേരിടുന്ന ആഭ്യന്തര ദൗര്‍ലഭ്യങ്ങള്‍ക്കിടയാക്കുന്ന കാര്യങ്ങളിലേക്ക് ജനകീയ ചര്‍ച്ചകള്‍ വരേണ്ടിയിരിക്കുന്നു.ഏറെ കലുഷിതവും പ്രതിലോമകരവുമായ ഒരു സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലത്തിലാണ് നാം കേരളത്തിലെ വികസന നൈതികത ചര്‍ച്ച ചെയ്യുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്. ഏറെ പിന്തിരിപ്പനായ നവ ഫാസിസ്റ്റ്-നവലിബറല്‍ രാഷ്ട്രീയ കൂട്ടായ്മയാണ് സാര്‍വദേശീയമായി ശക്തിപ്പെടുന്നതും ഇന്ത്യയില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതും. കേരളംപോലെ പലതരം നൈതികപ്രശ്നങ്ങളെ നേരിടുന്ന പ്രദേശങ്ങളില്‍ മാനസ്സിക ഐക്യത്തിലൂടെ ശക്തമായ ജനകീയ പ്രതിരോധങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്ത് വളരുന്ന പ്രതിലോമ ശക്തികള്‍ക്ക് വളരെ വേഗത്തില്‍ തന്നെ കേരളത്തിലെ കുടുംബങ്ങളിലേക്ക് കിനിഞ്ഞിറങ്ങാനും ശിഥിലീകരണ പ്രവണതകള്‍ക്ക് ആക്കം കൂട്ടാനും കഴിയും. അത് കേരളീയ സമൂഹത്തില്‍ ഇപ്പോള്‍ത്തന്നെ പ്രകടമായിക്കൊണ്ടിരിക്കുന്ന പലതരം വിഭാഗീയതകളെ ശക്തിപ്പെടുത്തും. ജാതി, മത, പ്രാദേശിക സ്വത്വ താല്‍പര്യങ്ങള്‍ക്ക് ഊര്‍ജം പകരും. കാലക്രമത്തില്‍ കേരളം കൈവരിച്ച എല്ലാ സാമൂഹിക നേട്ടങ്ങളും അപ്രത്യക്ഷമാകും. പുതിയ വിഭാഗീയ താല്‍പര്യങ്ങള്‍ രൂപം കൊള്ളും. ഇക്കാര്യം തിരിച്ചറിഞ്ഞ്, കാര്യങ്ങള്‍ ജനാധിപത്യപരമായി ചര്‍ച്ച ചെയ്യുകയും ജനപക്ഷ പരിഹാരങ്ങള്‍ കണ്ടെത്തി നടപ്പാക്കുകയും ചെയ്യുക എന്നിടത്താണ് ഇന്ന് കേരളത്തെ സംബന്ധിച്ചേടത്തോളം വികസനത്തിലെ നൈതികത പ്രസക്തമാക്കുന്നത്.


ശാസ്ത്രഗതി 2023 ഫെബ്രുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

ശാസ്ത്രഗതി മാസിക ഓൺലൈനായി വരിചേരാം..

കേരള പദയാത്ര

പദയാത്രയുടെ ഭാഗമായി പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖകൾ വായിക്കാം


വായിക്കാം
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പാർട്ടിക്കിൾ ആക്സിലറേറ്ററുകളുടെ ഭാവി
Next post വാക്കുകൾ ആസ്വദിച്ച മനുഷ്യൻ
Close