EIA 2020 – അഭിപ്രായങ്ങളും നിരീക്ഷണങ്ങളും

 

സ്വീകര്‍ത്താവ്

സെക്രട്ടറി,

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം,

ഇന്ദിരാ പര്യാവരണ്‍ ഭവന്‍,

ന്യുഡല്‍ഹി- 110003.

 

സര്‍,

വിഷയം: പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്ന 2020ലെ കരട് ഇ.ഐ.എ വിജ്ഞാപനത്തേക്കുറിച്ചുള്ള അഭിപ്രായങ്ങളും നിരീക്ഷണങ്ങളും

സൂചന: മന്ത്രാലയം പുറപ്പെടുവിച്ച 23.03.2020 ലെ കരട് ഇ.ഐ.എ വിജ്ഞാപനം നമ്പര്‍ എസ്.ഓ. 1199(ഇ) 

കേരളത്തിലെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (KSSP) താങ്കളുടെ മന്ത്രാലയം (MoEF) 2020 മാര്‍ച്ച് 23 ന് പുറപ്പെടുവിച്ച കരട് ഇ.ഐ.എ വിജ്ഞാപനത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഇതോടൊപ്പം സമര്‍പ്പിക്കുന്നു. പരിസ്ഥിതി ശാസ്ത്രജ്ഞരും പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും വിദഗ്ദ്ധരും അടങ്ങിയ ഒരു വലിയ ജനസമൂഹവുമായി നടത്തിയ വിശദമായ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ഞങ്ങളുടെ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും ഉരുത്തിരിഞ്ഞത്.

        പദ്ധതികള്‍ നടപ്പാക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന ദോഷകരമായ ആഘാതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുതകുന്ന നിയമപരമായ പരിശോധനകളും സന്തുലനവും ലഭ്യമാക്കുന്നതിന്  1986 ലെ പരിസ്ഥിതി നിയമവും 1994 ലെയും 2006 ലെയും ഇ.ഐ.എ. വിജ്ഞാപനങ്ങളും ഉപയുക്തമായിരുന്നു. കഴിഞ്ഞ 14 വർഷങ്ങളായി വനം പരിസ്ഥിതി മന്ത്രാലയം ഏകദേശം 300 ഓഫീസ് മെമ്മോറാണ്ടങ്ങളും ഏതാണ്ട് 50 വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. അവയില്‍ മിക്കവയും നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന തരത്തിലുള്ളവയായിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള ഇപ്പോഴത്തെ കരട് വിജ്ഞാപനവും മുന്‍കാല വിജ്ഞാപനങ്ങളെ വലിയ തോതില്‍ ദുര്‍ബലപ്പെടുത്തുന്നതാണ്. നിലവിലുള്ള വിജ്ഞാപനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുകയാണെങ്കില്‍ അത് പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രയത്നങ്ങളെ ശക്തിപ്പെടുത്തുന്നതിന് ആയിരിക്കണം എന്നതാണ് പരിഷത്തിന്റെ സുചിന്തിതമായ അഭിപ്രായം; പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെയും അതോടനുബന്ധിച്ച ദുരന്തങ്ങളുടെയും പരിസ്ഥിതിയും ജൈവ വൈവിദ്ധ്യവും നേരിടുന്ന ഭീഷണികളുടെയും പശ്ചാത്തലത്തില്‍. രാജ്യത്ത് ആകമാനം പരിസ്ഥിതിയുടെ അവസ്ഥ ഒട്ടും തൃപ്തികരമല്ല എന്നതിനാല്‍ 2020ലെ ഈ കരട് വിജ്ഞാപനത്തോടുള്ള പരിഷത്തിന്റെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും  അതുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. 

    കരട് ഇ.ഐ.എ. വിജ്ഞാപനത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും എതിർപ്പുകളും നിര്‍ദ്ദേശങ്ങളും താങ്കളുടെ പരിഗണനയ്ക്കും അനുകൂലമായ നടപടികള്‍ക്കും വേണ്ടി  വിശദമായി താഴെ കൊടുക്കുന്നു:

    മുമ്പ് സൂചിപ്പിച്ചതുപോലെ 2020ലെ കരടു വിജ്ഞാപനത്തില്‍ ഇ.ഐ.എ. യുടെ നിര്‍ണ്ണായകമായ ഘടകങ്ങളെ മെച്ചപ്പെടുത്താന്‍ ഉതകുന്ന മൂര്‍ത്തമായ ഒരു നിര്‍ദ്ദേശവും ഇല്ല. ഇന്ത്യ ഇന്ന് വിവിധ തരത്തിലുള്ള പാരിസ്ഥിതിക പ്രതിസന്ധികളെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇ.ഐ.എ. വിജ്ഞാപനം പോലുള്ള ഒരു സുപ്രധാന നിയമം, കഴിഞ്ഞ ഏതാനും ദശകങ്ങളിലൂടെ ആര്‍ജ്ജിച്ച അനുഭവസമ്പത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സജീവമായ സമീപനം ഉള്‍ക്കൊള്ളേണ്ടതാണ്. അതിനാല്‍ നിര്‍ദ്ദിഷ്ട വിജ്ഞാപനം, ഇന്നത്തെ (ഇന്നലത്തെയും) മാത്രമല്ല, നാളെത്തേയും പ്രശ്നങ്ങളെ  പരിഹരിക്കാനാവശ്യമായ രീതിയില്‍  പൂർണമായി മാറ്റിയെഴുതേണ്ടതാണ്. 

                                       വിശ്വസ്ഥതയോടെ

പ്രസിഡണ്ട്                                                                 ജനറല്‍ സെക്രട്ടറി.

 

ഇ.ഐ.എ. വിജ്ഞാപനം 2020 സംബന്ധിച്ച അഭിപ്രായങ്ങൾ – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ശുദ്ധമായ പരിസ്ഥിതി ഒരു മൗലികാവകാശമാണ്.

1.പരിസ്ഥിതി സംരക്ഷണ നിയമം (1986) നടപ്പിലാക്കുന്നതിനുള്ള നിയമപരമായ/ സ്ഥാപനപരമായ ചട്ടക്കൂടുകളില്‍ ഏറ്റവും പ്രധാനമാണ് ഇഐഎ വിജ്ഞാപനം. ഈ വിജ്ഞാപനത്തിന്റെ ഏതുതരത്തിലുള്ള പുതുക്കലും 2006 ലെയും 1994 ലെയും ഇഐഎ വിജ്ഞാപനം നടപ്പാക്കിയതില്‍ നിന്നുള്ള വിപുലമായ അനുഭവങ്ങളെ കണക്കിലെടുത്തു കൊണ്ടുള്ളതായിരിക്കണം. നിര്‍ദ്ദേശിക്കപ്പെടുന്ന പുതുക്കല്‍ നിലവിലുള്ള ഇഐഎ നടപടികളുടെ പോരായ്മകളെ പരിഹരിച്ചുകൊണ്ട് അതിനെ മെച്ചപ്പെടുത്തുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ജീവിക്കാനുള്ള അവകാശം എന്നത് ശുദ്ധമായ ഒരു പരിസ്ഥിതിയ്ക്കുള്ള അവകാശം എന്നതുമായി ഇഴപിരിക്കാനാകാത്തതാണെന്ന് സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകള്‍ അടിവരയിട്ടു പറഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ളതും നിദ്ദിഷ്ടവുമായ ഇ.ഐ.എ. നടപടികള്‍ ശുദ്ധമായ പരിസ്ഥിതിയ്ക്കുള്ള ഓരോ പൗരന്റെയും മൗലികാവകാശം സംരക്ഷിക്കുന്നതിന് എത്രമാത്രം ഫലപ്രദമാണെന്ന് പരിശോധിക്കേണ്ടത്

മോശമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി നിലവിലുള്ള ഇ.ഐ.എ. നടപടിക്രമങ്ങളുടെ ഫലശൂന്യതയെ വെളിവാക്കുന്നു.

2. പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ ചില മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് പരിസ്ഥിതിയുടെ പൊതു അവസ്ഥ ഒട്ടും തൃപ്തികരമല്ലെന്ന് അംഗീകരിച്ചേ തീരൂ. ഇന്ത്യയിലെ നഗരങ്ങള്‍ വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണെന്നു മാത്രമല്ല അതിരൂക്ഷമായ വായുമലിനീകരണം നിമിത്തം ഡല്‍ഹി പോലുള്ള നഗരങ്ങളിലെ ജനജീവിതം പലപ്പോഴും സ്തംഭനാവസ്ഥയിലാകാറുമുണ്ട്. നമ്മുടെ ജലാശയങ്ങളിലെ മലിനീകരണവും വളരെ ഉയര്‍ന്ന തോതിലാണ്. പാരിസ്ഥിതികാനുമതി കൊടുക്കുന്നതിലെ തെറ്റായ രീതി വന്‍ സാമ്പത്തിക സാമൂഹ്യ ബാദ്ധ്യതയുളവാക്കുന്ന പാരിസ്ഥിതിക സംഘര്‍ഷങ്ങളിലേക്ക് നയിക്കാറുണ്ട്. ഇ.പി.എ. യുടെയും ഇ.ഐ.എ. വിജ്ഞാപനത്തിന്റെയും നിരവധി വകുപ്പുകള്‍ ഉണ്ടായിരുന്നിട്ടും പാരിസ്ഥിതിക മൂല്യനിര്‍ണ്ണയം വ്യവസ്ഥാപിതമായി നടത്താറില്ല. മിക്ക അവസരങ്ങളിലും വികസന പദ്ധതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെയാണ് പരിസ്ഥിതി നിയമങ്ങളുടെ പ്രധാന ലംഘകര്‍ ആകുന്നത്. ഇന്നത്തെയും നാളെത്തെയും തലമുറകള്‍ക്കുമേല്‍ വമ്പിച്ചതോതില്‍ ദുരന്തങ്ങള്‍ അടിച്ചേല്പിച്ചുകൊണ്ട് തങ്ങളുടെ ഇടുങ്ങിയ താല്‍ക്കാലിക  ലക്ഷ്യങ്ങൾക്കു വേണ്ടി അവര്‍ ഇ.ഐ.എ. നടപടിക്രമങ്ങളെ  കൗശലപൂര്‍വ്വം പരുവപ്പെടുത്തുന്നു

പരിസ്ഥിതിരംഗത്തെ സുപ്രധാന വെല്ലുവിളികളെ, പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തെയും ജൈവവൈവിദ്ധ്യ നാശത്തെയും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകത.

3. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഹരിതഗൃഹവാതകങ്ങളുടെ ഉയര്‍ന്ന തോതിലുള്ള ഉല്‍സര്‍ജ്ജനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം  മനുഷ്യരാശി നേരിടുന്ന ഏറ്റവും സ്പഷ്ടമായ പരിസ്ഥിതി പ്രശ്നമായി മാറി. അത്  ചുഴലിക്കൊടുങ്കാറ്റുകളും വെള്ളപ്പൊക്കങ്ങളും വരള്‍ച്ചകളും മണ്ണിടിച്ചിലുകളും ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങളുടെ ഒരു നിരയെ അഴിച്ചുവിട്ടു, അവയുടെ ആവൃത്തിയും വലിപ്പവും കൂടിക്കൊണ്ടേയിരിക്കുന്നു. സമുദ്രജലനിരപ്പ് ഉയരുന്നത് ദശലക്ഷക്കണക്കിന് ആളുകളെ പാരിസ്ഥിതിക അഭയാര്‍ത്ഥികളാക്കുമെന്നാണ് ലഭ്യമായ സൂചനകളെല്ലാം പറയുന്നത്ജൈവവൈവിദ്ധ്യനാശം, മണ്ണിന്റെ ഫലഭൂയിഷ്ടി നഷ്ടപ്പെടൽ, ജലസമ്പത്തിന്റെ ശോഷണവും മാറ്റങ്ങളും എന്നിവയാണ് നിര്‍ണ്ണായകമായ മറ്റു മനുഷ്യ നിർമിത പരിസ്ഥിതി പ്രശ്നങ്ങള്‍. ഇവയെല്ലാം തന്നെ സമൂഹത്തിന് നേരിട്ടും പരോക്ഷമായും ഗുരുതരമായ നഷ്ടത്തിന് കാരണമാകുന്നുണ്ട്. മനുഷ്യന്റെ ഇടപെടലുകള്‍ മൊത്തം ക്ഷേമത്തിന് വിഘാതമാകുന്നില്ലെന്ന് ഉറപ്പാക്കുവാന്‍ ഇ.ഐ.എ. നടപടികള്‍ കരുത്തുറ്റതായിരിക്കണം.

ഫലപ്രദമായ ഒരു ഇ.ഐ.എ. പ്രക്രിയയുടെ അവശ്യ ഘടകങ്ങളെ കരട് വിജ്ഞാപനം അവഗണിക്കുന്നു.

4. ഈ സാഹചര്യത്തിലാണ്, 2020ലെ നിര്‍ദ്ദിഷ്ട കരട് ഇ.ഐ.എ. വിജ്ഞാപനം 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ലക്ഷ്യങ്ങളെ സാരമായി മെച്ചപ്പെടുത്തുമോയെന്നും വികസനപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക പാദമുദ്രയെ ചെറുതാക്കുകയാണോ എന്നതുള്‍പ്പെടെ നിലവിലും ഭാവിയിലും ഉയർ ന്നുവരുന്ന കാര്യങ്ങളെ പറ്റി നാം ചിന്തിക്കേണ്ടത്. 2020ലെ നിര്‍ദ്ദിഷ്ട വിജ്ഞാപനം പ്രധാനഘടകങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കുന്നില്ല. അതിന്റെ പ്രധാന ഊന്നല്‍  അനുമതി കൊടുക്കുന്നതിനുള്ള കാലതാമസം വെട്ടിച്ചുരുക്കുന്നതിനും ഉദാരമാക്കുന്നതിനുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അത് നിര്‍ണ്ണായകമായ പരിസ്ഥിതി പ്രശ്നങ്ങളെ അവഗണിച്ചു കൊണ്ടുള്ള ഒരു വ്യവസായാനുകൂലപ്രക്രിയയാണ്.

5. വിശ്വാസയോഗ്യമായ ഏത് ഇഐഎ പ്രക്രിയയും താഴെ പറയുന്ന നിബന്ധനകള്‍ നിറവേറ്റുന്നതാകണം :

  • അത് മുഴുവനായും തെളിവിന്റെയും ലഭ്യമായ ശാസ്ത്രീയ അറിവിന്റെയും രാജ്യത്തിനകത്തും പുറത്തും പദ്ധതികള്‍ നടപ്പാക്കിയതിലൂടെ ലഭിക്കുന്ന വിപുലമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം.
  •  ഇ.ഐ.എ. നടപടികള്‍ ഏറ്റവും സുതാര്യമായിരിക്കണം. എന്നാലേ ജനങ്ങള്‍ക്ക് ആ  പ്രക്രിയയിലും അതിലുള്‍പ്പെടുന്ന സ്ഥാപനങ്ങളിലും വിശ്വാസവും പ്രത്യാശയും ഉണ്ടാകൂ. അങ്ങനെ മാത്രമേ പില്‍ക്കാലത്ത് ഉണ്ടായേക്കാവുന്ന വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാകൂ.
  • ഇതുമായി ബന്ധപ്പെട്ടവരുടെ പങ്കാളിത്തം ഫലപ്രദമായ ഇ.ഐ.എ. പ്രക്രിയയുടെ മറ്റൊരു പ്രധാന ആവശ്യകതയാണ്. ഇതില്‍ വെള്ളം ചേര്‍ക്കുന്നത് പദ്ധതി നിര്‍വഹണത്തിലും തുടര്‍പ്രവര്‍ത്തനങ്ങളിലും പ്രതിലോമമായ ആഘാതമുണ്ടാക്കും
  • ഇ.ഐ.എ. പ്രക്രിയയില്‍ പങ്കെടുക്കുന്നവരുടെയും ഇ.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കുന്നവരുടെയും ഉത്തരവാദിത്തവും ജാഗ്രതയും

6. വര്‍ദ്ധിച്ചുവരുന്ന പാരിസ്ഥിതിക സംഘര്‍ഷങ്ങളുടെ വെളിച്ചത്തില്‍ പദ്ധതികള്‍ കര്‍ശനമായ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായി എന്ന് ഇ.ഐ.എ. ഉറപ്പുവരുത്തേണ്ടതാണ്. തീരുമാനങ്ങള്‍ സയന്‍സിന്റെ അടിസ്ഥാനത്തിലാകണം. രാജ്യത്തിനകത്തും പുറത്തുമായി സംഭവിച്ച വലിയ മാറ്റങ്ങളെ കണക്കിലെടുക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത തികച്ചും ശക്തമാണെന്നിരിക്കെ നിര്‍ദ്ദിഷ്ട വിജ്ഞാപനം  പാരിസ്ഥിതികാനുമതി നല്‍കുന്ന പ്രക്രിയക്ക് വേഗത കൂട്ടുന്നതില്‍  ഊന്നല്‍ നല്‍കിക്കൊണ്ട്  2006 ലെ വിജ്ഞാപനത്തിന്റെ ഒരു ചെറിയ വലിച്ചുനീട്ടല്‍ മാത്രമായി മാറുന്നു. സമീപ കാലങ്ങളിലായി സംഭവിച്ച വമ്പിച്ച മാറ്റങ്ങളെ കണക്കിലെടുത്തുകൊണ്ടും കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിദ്ധ്യനാശം, വായുജല മലിനീകരണങ്ങളെ തടയുന്നതിലുണ്ടായ പരാജയം, മണ്ണിന്റെ ശോഷണം, പ്രകൃതിദുരന്തങ്ങളുടെ രൂക്ഷതയും ആവൃത്തിയും ഏറിവരുന്നത് തുടങ്ങിയവയെയും കണക്കിലെടുത്ത് പരിസ്ഥിതിയുടെ പരിശോധനയ്ക്കുള്ള വളരെ ഫലപ്രദവും ശക്തവുമായ ഒരു പാത സ്വീകരിക്കുന്നതില്‍ അത് പരാജയപ്പെടുന്നു.

പദ്ധതികളുടെ വര്‍ഗ്ഗീകരണം

7. വകുപ്പ്-5 പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും തരംതിരിക്കുന്നതിനുളളതാണ്. , ബി 1, ബി 2 എന്നീ തരംതിരിക്കല്‍ തികച്ചും വസ്തുനിഷ്ടമല്ലാത്തതാണ്. ഗുരുതരമായ പാരിസ്ഥിതികാഘാതം ഉളവാക്കുന്നതോ സഞ്ചിത ആഘാതത്തിന് ഇടയാക്കുന്നതോ ആയ പല പദ്ധതികളും ബി 2 ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇത് പാരിസ്ഥിതികാഘാതങ്ങളേക്കുറിച്ച് ശരിയായ വിലയിരുത്തല്‍ നടത്തുന്നത് ഒഴിവാക്കാന്‍ സഹായകമാകും. എല്ലാ പദ്ധതികളും പാരിസ്ഥിതികാഘാത പഠനത്തിന് വിധേയമാകണം. പഠനത്തിന്റെ സ്വഭാവം ആദ്യ പരിശോധനയില്‍ തീരുമാനിക്കപ്പെടണം

8. ഇതിനു പകരമായി പദ്ധതികള്‍ പദ്ധതിപ്രദേശത്തും അതിനു വെളിയിലും അവയുണ്ടാക്കാനിടയുള്ള പരിസ്ഥിതി ആഘാതങ്ങളെ അടിസ്ഥാനമാക്കി താഴെ സൂചിപ്പിക്കുന്നതുപോലെ വര്‍ഗ്ഗീകരിക്കേണ്ടതാണ് :

ഗ്രൂപ്പ് A : നിര്‍മ്മാണദശയിലും പ്രവര്‍ത്തനവേളയിലും ഒന്നിലധികം സംസ്ഥാന പ്രദേശങ്ങളില്‍ ആഘാതങ്ങളുളവാക്കുന്ന പദ്ധതികള്‍. ഇത്തരം പദ്ധതികളുടെ അംഗീകാരം കൊടുക്കേണ്ടത് കേന്ദ്രതലത്തിലുള്ള അധികൃത സ്ഥാപനമാകണം. രാജ്യത്തിന്റെ അധികാര പരിധിയിലുള്ള സമുദ്രമേഖലയില്‍ വരുന്ന പദ്ധതികള്‍ക്കും അംഗീകാരം കൊടുക്കേണ്ടത് ഈ കേന്ദ്ര സ്ഥാപനം ആകണം.

ഗ്രൂപ്പ് Bനിര്‍മ്മാണത്തിവും പ്രവര്‍ത്തനത്തിലും ഉണ്ടാകാവുന്ന പ്രാദേശീയവും അതിനപ്പുറവുമുള്ള ആഘാതങ്ങള്‍ ഒരു ജില്ലയുടെ അതിരുകള്‍ കടന്നുപോകാനിടയുള്ളതും എന്നാല്‍ സംസ്ഥാനത്തിനു വെളിയില്‍ ബാധിക്കാത്തതുമായ പദ്ധതികള്‍. ഇവയ്ക്ക് പാരിസ്ഥിതികാനുമതി കൊടുക്കേണ്ടത് സംസ്ഥാന തലത്തിലുള്ള അധികൃതരാകണം. 

ഗ്രൂപ്പ് C : നിര്‍മ്മാണത്തിലും പ്രവര്‍ത്തനത്തിലും ഉണ്ടാകാവുന്ന ആഘാതങ്ങള്‍ ഒരു ജില്ലയ്ക്കകത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്ന പദ്ധതികള്‍. ഇവയ്ക്ക് പാരിസ്ഥിതികാനുമതി കൊടുക്കേണ്ടത് ജില്ലാതലത്തിലുള്ള അധികാരികളാകണം.

9. മുകളില്‍ സൂചിപ്പിച്ച വര്‍ഗ്ഗീകരണത്തില്‍ തന്ത്രപ്രധാനമായ പദ്ധതികളുടെ കാര്യത്തില്‍ ഒരു ഭേദഗതി വരുത്താവുന്നതാണ്. അങ്ങനെ, ഒരു പദ്ധതിയുടെ ആഘാതം ഒരു ജില്ലയ്ക്കുള്ളില്‍ ഒതുങ്ങുന്നതാണെങ്കിലും അത് തന്ത്രപ്രധാനമായ ഒന്നാണെങ്കില്‍ അത് സംസ്ഥാനതലത്തിലോ കേന്ദ്രതലത്തിലോ ഉള്ള പരിസ്ഥിതി അനുമതിയ്ക്ക് വിധേയമാക്കാവുന്നതാണ്. അതുപോലെ തന്നെ ഒരു പദ്ധതിയുടെ ആഘാതങ്ങള്‍ ഒരു സംസ്ഥാനത്തിനകത്ത് ഒതുങ്ങി നില്‍ക്കുകയും സാധാരണമായി സംസ്ഥാന അധികാരികള്‍ പരിശോധിക്കുകയും ചെയ്യുന്നതാണെങ്കിലും അത് തന്ത്രപ്രധാനമെന്ന് കരതപ്പെടുമെങ്കില്‍ കേന്ദ്ര അധിക‍ൃതരുടെ പരിശോധനയ്ക്ക് വിധേയമാക്കണം. തന്ത്രപ്രധാനം എന്നതില്‍ ഹരിതവാതക ഉല്‍സര്‍ജ്ജനം, ജൈവവൈവിദ്ധ്യനാശം, തണ്ണീര്‍ത്തടം മഴക്കാടുകള്‍ കണ്ടല്‍ക്കാടുകള്‍ തുടങ്ങിയ സുപ്രധാന പരിസ്ഥിതിവ്യൂഹത്തിന്റെ സംരക്ഷണം പോലുള്ള നിര്‍ണ്ണായകമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉളവാക്കുന്നവയും ചേര്‍ക്കേണ്ടതാണ്.

10. ഇത്തരത്തിലുള്ള ഒരു വര്‍ഗ്ഗീകരണം ഈ പ്രക്രിയയെ ആകെത്തന്നെ ലളിതമാക്കുന്നു. പദ്ധതിയുടെ ഉപജ്ഞാതാക്കള്‍ അത് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. അവര്‍ ഒരു പ്രാഥമിക പരിശോധനയ്ക്കു ശേഷം (എ) അത് വിശദമായ ഇ.ഐ.എ. ആവശ്യമാണോ ഇല്ലയോ എന്നും കണ്ടെത്തുന്നു, (ബി) തുടര്‍ന്ന് അത് ജില്ലാ/കേന്ദ്ര അധികാരിക്ക് അയച്ചുകൊടുക്കുന്നു. പ്രാഥമിക പരിശോധനാവേളയില്‍ തന്നെ അതിന് ഭൂമിശാസ്ത്രപരമായ ആഘാതമോ തന്ത്രപ്രാധാന്യമോ ഉണ്ടോ എന്നും അതുപ്രകാരമുള്ള അനുമതി ഏതു തലത്തിലാണ് കൊടുക്കേണ്ടതെന്നുമുള്ള തീരുമാനം കൂടി കൈക്കൊള്ളണം.

പൊതുജനങ്ങളുമായുള്ള കൂടിയാലോചന (പബ്ലിക് ഹിയറിംഗ്)- അഭിപ്രായ സമന്വയം.

11. പൊതു സമൂഹവുമായുള്ള ചര്‍ച്ചയുടെ നടപടിക്രമങ്ങളും പ്രക്രിയയും വകുപ്പ് 14 ല്‍ വിവരിക്കുന്നു. രസകരമായ ഒരു വസ്തുത ബി 2 വകുപ്പില്‍ പെടുന്ന എല്ലാ പദ്ധതികളും ജനകീയ അഭിപ്രായസമന്വയത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ്. എ, ബി  1 എന്നീ വകുപ്പുകളില്‍ പെട്ട ചില പദ്ധതികളും അതുപോലെ തന്നെ. ബി 2 ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പല പദ്ധതികളും, ഉദാഹരണത്തിന് ചെറുകിട- ഇടത്തരം ജലസേചന പദ്ധതികളും ഊര്‍ജ്ജ പദ്ധതികളും, ചെറുകിട- ഇടത്തരം സിമന്റ് പ്ലാന്റുകള്‍, വാണിജ്യാവശ്യത്തിനുള്ള ജല-വിമാനത്താവളങ്ങള്‍ തുടങ്ങിയവ ഗുരുതരമായ ബാഹ്യ ആഘാതങ്ങള്‍ക്ക് ഇടയാക്കുന്നവയാണ്. അനുമതി കൊടുക്കുന്നതിലെ തെറ്റായ രീതികള്‍, പ്രത്യേകിച്ച് കൂടിയാലോചനകളുടെ അഭാവം പില്‍ക്കാലത്ത് എണ്ണമറ്റ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തല്പരകക്ഷികളുമായുള്ള സുതാര്യമായ ആശയവിനിമയരീതി പദ്ധതിയോട് ജനങ്ങള്‍ക്കുള്ള പ്രതിബദ്ധതയ്ക്കുള്ള പ്രധാന ഘടകമാണ്. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഉതകും. ആയതിനാല്‍ ഈ ഒഴിവാക്കൽ വകുപ്പുകള്‍ മാറ്റണമെന്നും എല്ലാ പദ്ധതികളും പൊതുജന അഭിപ്രായസമന്വയത്തിന് വിധേയമാക്കണം എന്നും നിര്‍ദ്ദേശിക്കുന്നു. 

പെസാ 1996 ലെ വകുപ്പുകള്‍ക്ക്  അനുസൃതമാകണം

12. പഞ്ചായത്ത് (എക്സ്റ്റെന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ്) ആക്ട് 1996 ലെ, നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ ഏതൊരു പദ്ധതിയും ഏറ്റെടുക്കുന്നതിന് മുമ്പ് ഗ്രാമസഭയെ അറിയിക്കുകയും അനുമതി വാങ്ങിയിരിക്കുകയും വേണമെന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകളോട് സമ്പൂര്‍ണ്ണമായും ഒത്തുപോകുന്നതായിരിക്കണം ഇ.ഐ.എ. പ്രക്രിയ.

ആധുനികവല്‍ക്കരണത്തിനും ഉല്പാദനശേഷി ഉയര്‍ത്തുന്നതിനും അംഗീകാരം ആവശ്യമാണ് 

13. ആധുനികവല്‍ക്കരണത്തിന് മുന്‍കൂര്‍ അനുമതി: വകുപ്പ് 16 ആധുനികവല്‍ക്കരണത്തിന് മുന്‍കൂര്‍ പരിസ്ഥിതി അനുമതിയുടെ ആവശ്യം വ്യക്തമാക്കുന്നു. ഇത് മുഴുവന്‍ തന്നെ ഖനനത്തിനുള്ള പാട്ടവ്യവസ്ഥയിലെ ആധുനികവല്‍ക്കരണത്തിനും ഉല്പാദന വര്‍ദ്ധനവിനും ഉദ്ദേശിച്ചുള്ളതാണ്. ആധുനികവല്‍ക്കരണം എന്നത് വ്യക്തമായി നിര്‍വ്വചിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജാവശ്യം വര്‍ദ്ധിപ്പിക്കുകയും കാര്‍ബണ്‍ പാദമുദ്ര കൂട്ടുകയും ചെയ്യും. ഉല്പാദനശേഷി കൂട്ടുന്നതിനുള്ള എല്ലാ ആവശ്യങ്ങളും ശരിയാംവണ്ണം വിലയിരുത്തപ്പെടുകയും നിര്‍ദ്ദിഷ്ട ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും വേണം.  ‍

പരിസ്ഥിതിബന്ധിതമായ അനുമതി (ക്ലിയറന്‍സ്)കളുടെ സംയോജനം.

14. നിലവില്‍ വ്യത്യസ്ത പാരിസ്ഥിതിക ഘടകങ്ങളുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നതിനായി നിരവധി വകുപ്പുകളും സംഘടനകളും പരസ്പരധാരണയില്ലാതെ ഇടപെടുന്നുണ്ട. ഇതെല്ലാം കൂടി ഒരു സംയോജിതപ്രക്രിയയായി സമന്വയിപ്പിക്കേണ്ട സമയം ആയിരിക്കുന്നു. അങ്ങനെ വനസംരക്ഷണ നിയമം, വന്യജീവിസംരക്ഷണ നിയമം, തീരദേശസംരക്ഷണ നിയമം തുടങ്ങിയ എല്ലാ നിയമങ്ങളും അനുസരിച്ചുള്ള അനുമതികള്‍ എല്ലാം സമഗ്രമായ ഒരൊറ്റ അനുമതിയിലേക്ക് സംയോജിപ്പിക്കണം. ഇത് ആ പ്രക്രിയയെ വളരെയേറെ ത്വരിതപ്പെടുത്താന്‍ സഹായിക്കുകയും അനാവശ്യമായ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.

15. ചുരുക്കത്തില്‍ ഇത് പരിസ്ഥിതി മാനേജ്മെന്റിനോടുള്ള ഒരു  വിശാല സമീപനവുമാകുന്നു. മണ്ണ്, ജലം, വായു എന്നിവയെ എല്ലാം ഒരുമിച്ചു കണ്ടുകൊണ്ടുള്ള ഒരു സമഗ്രമായ വിലയിരുത്തല്‍ സാദ്ധ്യമാക്കുന്നു.

16. അന്തിമമായി പാരിസ്ഥിതിക അനുമതി എന്നത് ഒരു പദ്ധതിയുടെ സാമ്പത്തികവും സാമൂഹ്യവും പാരിസ്ഥിതികവും സാംസ്കാരികവുമായ എല്ലാ വശങ്ങളെയും കണക്കിലെടുത്തു കൊണ്ടുള്ളതാകണം. പദ്ധതിയുടെ എല്ലാ വശങ്ങളും വിലയിരുത്തപ്പെടുകയും സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, ശാസ്ത്രാധിഷ്ഠിത സമീപനം എന്നിവ ഉറപ്പാക്കിക്കൊണ്ട്  കൂടുതല്‍ ഫലപ്രദമായ വസ്തുനിഷ്‌ഠമായ ഒരു “ഏകജാലക സമ്പ്രദായം” നടപ്പാക്കണം.

പരിസ്ഥിതി ആഘാതപഠനത്തിനാവശ്യമായ ഡാറ്റാബേസ്.

17. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടപ്പാക്കിയ നിരവധി പദ്ധതികളിലൂടെ പരിസ്ഥിതി പ്രശ്നങ്ങളെകുറിച്ച് മെച്ചപ്പെട്ട അറിവ് ഉണ്ടായിട്ടുണ്ട്. അതത് സ്ഥലത്തും ജില്ലയിലും സംസ്ഥാനത്തും ദേശീയതലത്തിലും വ്യത്യസ്തമായ രീതികളില്‍ പരിസ്ഥിതിയെ ബാധിച്ച എല്ലാ തരത്തിലുമുള്ള പദ്ധതികളും നടപ്പാക്കപ്പെട്ടിട്ടുണ്ട്. നടന്നതും നടപ്പിലായിക്കൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ ഒരു ശരിയായ ഡാറ്റാബേസ് ക്രോഡീകരിച്ചെടുക്കാന്‍ വ്യവസ്ഥാപിതമായ ഒരു പരിശ്രമം ആവശ്യമാണ്. പുതിയ പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് ഈ പദ്ധതികള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കിയ  പരിസ്ഥിതി ആഘാതങ്ങള്‍ ഒരു ശക്തമായ അടിത്തറയാകും. പുതിയ പദ്ധതികളെ വിലയിരുത്തുന്നതിനും പരിസ്ഥിതി ആഘാത അനുമതി കൊടുക്കുന്നതിനും ആവശ്യമായ സമയം പരമാവധി കുറയ്ക്കുവാനും ഇത്  ഉപകരിക്കും.

പഴയ ഇ.ഐ.എ. കളില്‍ നിന്ന് വിവരങ്ങളെടുക്കലും ജി.ഐ.എസ്., ബ്ലോക് ചെയിന്‍ സാങ്കേതികവിദ്യ, കൃത്രിമബുദ്ധി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗവും.

18. പരിസ്ഥിതി ആഘാത പഠനങ്ങളിലൂടെ ഉണ്ടാക്കപ്പെട്ട വിശാലമായ അറിവുകളില്‍ നിന്നും അതുപോലെ തന്നെ കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഉണ്ടായ പാരിസ്ഥിതികാഘാതങ്ങള്‍ പരിശോധിക്കുന്നതിലൂടെയും ഇ.ഐ.എ. പ്രക്രിയയും മൂല്യനിര്‍ണ്ണയരീതിയും പഠിക്കേണ്ടതാണ്. ഇതുവരെ നടപ്പാക്കിയിട്ടുള്ള പദ്ധതികള്‍ വളരെയേറെ അറിവുകള്‍  നൽകിയിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിസ്ഥിതി മൂല്യനിര്‍ണ്ണയ ഡാറ്റയില്‍ ഇത് ഉള്‍ച്ചേര്‍ക്കേണ്ടതാണ്. ജി.ഐ.എസ്., ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ, ബിഗ് ഡാറ്റാ അനാലിസിസ് എന്നിവയിലുണ്ടായ വികാസങ്ങളെ ഉപയോഗപ്പെടുത്തി പരിസ്ഥിതി ആഘാത പഠനപ്രക്രിയ മൊത്തത്തില്‍ വേഗത്തിലാക്കാന്‍ കഴിയും; അതേപോലെ അത് സുതാര്യവും ശാസ്ത്രാധിഷ്ഠിതവുമാക്കാനും.

ഇ.ഐ.എ.ക്കു വേണ്ടിയുള്ള വിവരശേഖരണം.

19. വിവരശേഖരണത്തിനുള്ള സമയക്രമം സംബന്ധിച്ച്- നദീതടപദ്ധതികളൊഴികെ മറ്റെല്ലാത്തിനും മഴക്കാലം ഒഴികെയുള്ള ഒരു സീസണ്‍, നദീതടപദ്ധതികള്‍ക്ക്  മഴക്കാലം ഉള്‍പ്പെടെയും എന്നുള്ളത് അശാസ്ത്രീയമാണ്. പരിസ്ഥിതി ആഘാതങ്ങളുടെ വലിയ തോതില്‍ ദീര്‍ഘകാലമായാണ് ഉടലെടുക്കുന്നത്. അതിനാല്‍ നീണ്ട നാളുകളിലൂടെയുള്ള മാറ്റങ്ങളുടെ  വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും ഇ.ഐ.എ. ശ്രമിക്കണം. മുമ്പ് നടപ്പാക്കിയ പദ്ധതികളുടെ വിശകലനവും ഇതിനുപയോഗിക്കണം. ഡാറ്റയുടെ സ്വഭാവവും കാലയളവും ആഘാതങ്ങളുടെ സ്വഭാവത്തെ അനുസരിച്ചിരിക്കുന്നു. അതിനാല്‍ കൃത്രിമമായ കാലപരിധിനിര്‍ണ്ണയം അനുഗുണമല്ല.

അംഗീകൃത കണ്‍സള്‍ട്ടന്റ് സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം.

20. അംഗീകൃത കണ്‍സല്‍ട്ടന്റ് സ്ഥാപനങ്ങള്‍ ഇ.ഐ.എ. പഠനം ഏറ്റെടുക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്. എന്നിരുന്നാലും ഇത്തരം സ്ഥാപനങ്ങള്‍ ഇ.ഐ.എ. യുടെ ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ടതിന്റെ എണ്ണമറ്റ സംഭവങ്ങളുണ്ട്.  പദ്ധതി വക്താക്കളുടെ താല്പര്യത്തിന് അനുസൃതമായി നിര്‍ണ്ണായകമായ പരിസ്ഥിതി പ്രശ്നങ്ങളെ അവഗണിച്ച് ഇ.ഐ.എ. നടത്തുന്നതിനുള്ള പ്രവണത പലപ്പോഴും കാണാറുണ്ട്. നിര്‍ണ്ണായകമായ പ്രശ്നങ്ങളെ അവഗണിച്ച് മറ്റു റിപ്പോര്‍ട്ടുകളില്‍ നിന്ന് മുറിച്ചെടുത്ത് ഒട്ടിച്ചുവെക്കുന്ന സംഭവങ്ങളും നിരവധിയാണ്. ഈ പ്രവണതയ്ക്ക് വിരാമമിടണം. അതിനായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നു: (എ) അത്തരം സംഘടനയെ കരിമ്പട്ടികയിലാക്കുക, (ബി) അതിന്റെ പ്രധാന ചുമതലക്കാരന്റെയും ഇ.ഐ.എ. റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ തയ്യാറാക്കിയ വ്യക്തികളുടെയും പേരില്‍ ക്രിമിനല്‍ കുറ്റം ചുമത്തി നടപടികളെടുക്കുക. പാരിസ്ഥിതിക ആഘാതം വിലയിരുത്തുമ്പോൾ കൺസൾട്ടന്റ് ഓർഗനൈസേഷനുകൾ കൃത്യമായ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പിഴയും തടവും ഉൾപ്പെടെയുള്ള തടവ് ശിക്ഷാ വ്യവസ്ഥകൾ  ഉൾപ്പെടുത്തേണ്ടതുണ്ട്.

പാരിസ്ഥിതികാനുമതി പ്രക്രിയയില്‍ ഏര്‍പ്പെടുന്നവരുടെ ജാഗ്രത

21. പാരിസ്ഥിതികാനുമതിയുടെ പ്രക്രിയ ദുരുപയോഗത്തിന് ഏറെ അവസരം നല്‍കുന്നതാണ്. പദ്ധതികൾ സൂക്ഷ്മപരിശോധനയിലും വിലയിരുത്തലിലും ഉത്തരവാദികളായ എല്ലാവരും അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ ജാഗ്രത കാണിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യത്തിലുള്ള ഏതുതരം പാളിച്ചകളും വ്യക്തിഗതവും കൂട്ടായതുമായ ക്രിമിനല്‍ കുറ്റകരമായിരിക്കും എന്നത് വ്യക്തമായി തന്നെ പ്രസ്താവിക്കേണ്ടതാണ്. പദ്ധതി നിർദേശങ്ങൾ അവലോകനം ചെയ്യുന്നതിന് നിയമനിര്‍വഹണ അധികാരികളും പരിശോധനാ കമ്മിറ്റികളും സാങ്കേതിക ഉപദേശക സമിതികളും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുന്നുവെന്ന് ഇത് ഉറപ്പാക്കും.

കോര്‍പ്പറേറ്റുകളുടെ പാരിസ്ഥിതിക ഉത്തരവാദിത്തത്തെ പരിസ്ഥിതി മാനേജ്മെന്റ് പദ്ധതിയില്‍ നിന്ന് മാറ്റി നിര്‍ത്തുക.

22.  കോര്‍പറേറ്റ് പാരിസ്ഥിതിക ഉത്തരവാദിത്തത്തെ (സി.ഇ.ആര്‍.) പരിസ്ഥിതി മാനേജ്മെന്റ് പദ്ധതി (ഇ.എം.പി.)യുമായി കൂട്ടിക്കെട്ടരുത്. ഇ.എം.പി. എന്നത് പദ്ധതി വക്താക്കളുടെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. എന്നാല്‍ സി.ഇ.ആര്‍. എന്നത് ഏതു നിക്ഷേപകനും/ കമ്പനിക്കും അവരുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഉണ്ടായിരിക്കേണ്ട വലിയ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ഇ.എം.പി. എന്നത് കോര്‍പറേറ്റ് പരിസ്ഥിതി ചുമതലകളെ ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം ആയിക്കൂടാ.

പരിസ്ഥിതി അനുമതിയും പരിസ്ഥിതി സമ്മതവും തമ്മിലുള്ള അവ്യക്തത ഒഴിവാക്കുക

23. പാരിസ്ഥിതികാനുമതിയും പാരിസ്ഥിതിക സമ്മതവും തമ്മിലുള്ള വ്യത്യാസം  നേര്‍ത്തതാണ്. പാരിസ്ഥിതികാനുമതി എന്ന പദം എല്ലായിടത്തും ഉപയോഗിക്കുന്നതാണ് ആശയക്കുഴപ്പം ഒഴിവാക്കാന്‍ നല്ലത്. ആ അര്‍ത്ഥത്തില്‍ ആകെയുള്ള വ്യത്യാസം ഏ, ബി 1 പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതിയും ബി 2 ന് പാരിസ്ഥിതിക സമ്മതം എന്നും ഉപയോഗിക്കുന്നതാണ്. പരിശോധനാ കമ്മിറ്റി വിലയിരുത്തിയതാണോ ഇല്ലയോ എന്നതാണ് ഇത്.

പദ്ധതികളെ ഒഴിവാക്കുന്നത്. 

24. മുന്‍കൂട്ടി പാരിസ്ഥിതികാനുമതി കൊടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ പദ്ധതികളുടെ ഒരു നീണ്ട പട്ടിക 26 ആം ഖണ്ഡികയില്‍ കൊടുത്തിട്ടുണ്ട്. പ്രാഥമികമായി അതിന്റെ ഉദ്ദേശം കര്‍ഷകര്‍/കുടുംബങ്ങള്‍, പരമ്പരാഗത കൈത്തൊഴിലുകാര്‍ എന്നിവര്‍ നടത്തുന്ന ചെറുകിട പ്രവര്‍ത്തനങ്ങളെ ഒഴിവാക്കാനാണ്. എന്നാല്‍ പാരിസ്ഥിതികമായി അത്ര ഗുണകരമല്ലാത്തതും ബാഹ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന നിരവധി വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പരിശോധിക്കുകയും ഒഴിവാക്കുകയും ചെയ്യണം. ഉദാഹരണത്തിന് ഒരു പ്രദേശത്തെ മണ്ണെടുത്ത് നടപ്പാക്കുന്ന റോഡ് നിര്‍മ്മാണം പോലുള്ള പദ്ധതികള്‍ പലപ്പോഴും  ഭൂപ്രകൃതിയില്‍ മാറ്റമുണ്ടാക്കുകയും ജലവിഭവത്തെ  സാരമായി ബാധിക്കുകയും ചെയ്യുന്ന അനുഭവങ്ങളുണ്ട്.

മണ്ണ് നിരപ്പാക്കുന്നത് ഒഴിവാക്കിക്കൂടാ

25. “മരം മുറിക്കാതെ ഭൂമി നിരപ്പാക്കുന്നത്” മുന്‍കൂട്ടി അനുമതി ആവശ്യമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു എന്നാണ് വകുപ്പ് 4(3) പറയുന്നത്. മരം മുറിക്കാതെയോ മുറിച്ചോ ഭൂമി നിരപ്പാക്കുന്നത് തിരുത്താനാകാത്ത ഒരു ഇടപെടലാണ്. അത് ആ പ്രദേശത്തോ അതിനപ്പുറമോ വലിയ ആഘാതങ്ങളുണ്ടാക്കും, പ്രത്യേകിച്ച് ഭൂജല പ്രവാഹത്തിന്റെ കാര്യത്തില്‍.

ലംഘനങ്ങളെ കൈകാര്യം ചെയ്യുന്നത്

  1. വകുപ്പ് 22 – ഖണ്ഡിക 1 മുതല്‍ 15 വരെ നിയമലംഘനവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ, പ്രത്യേകിച്ച് യാതൊരു പരിസ്ഥിതി അനുമതിയും മുന്‍കൂട്ടി വാങ്ങാതെ പദ്ധതി നടപ്പാക്കുന്നതിലുള്ള പ്രശ്നങ്ങളെ പരാമര്‍ശിക്കുന്നു. നിയമ ലംഘനങ്ങളെ കുറ്റവിമുക്തമാക്കി ക്രമപ്പെടുത്തിക്കൊടുക്കുന്നതിന് അവസരമൊരുക്കുന്നത് തുടര്‍ച്ചയായ ലംഘനങ്ങള്‍ക്ക് പ്രോത്സാഹനമാകും. ലംഘനം ദീര്‍ഘകാലത്തേക്ക് പരിസ്ഥിതിനാശം ഉണ്ടാക്കാന്‍ ഇടയുള്ളതാണെങ്കില്‍ പദ്ധതി ഉടനടി അടച്ചുപൂട്ടുകയും പദ്ധതിമൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ഈടാക്കാന്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. പൂര്‍വ്വകാല പ്രാബല്യത്തില്‍ ക്രമപ്പെടുത്തലിനുള്ള വകുപ്പു ചേര്‍ക്കുന്നത് ഇതുവരെ കൈക്കൊണ്ട നിലപാടിന് വിരുദ്ധമാണ്. (കേരളത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ പൊളിച്ചുകളയുന്നതില്‍ കലാശിച്ചതുമായി ഇതു ബന്ധപ്പെടുത്തണം). എന്നിരുന്നാലും ഇത് ഉള്‍പ്പെടുത്തുകയാണെങ്കില്‍ തന്നെ അത് ക്രമവല്‍ക്കരിക്കലിനും അനുമതി നിഷേധിക്കുന്നതിനും പദ്ധതി അടച്ചു പൂട്ടുന്നതിനും കഴിയുന്ന രീതിയില്‍ ഒറ്റത്തവണയിലേക്ക് മാത്രവും ഒരു നിശ്ചിത തീയതി വരെയുമായിരിക്കണം.

ചുരുക്കം

  1. നിര്‍ദ്ദിഷ്ട ഇ.ഐ.എ. വിജ്ഞാപനം പരിസ്ഥിതി അനുമതിയ്ക്കുള്ള പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിനാണ് വലിയതോതില്‍ ഊന്നല്‍ നല്‍കുന്നത് എന്നു തോന്നുന്നു. (എ) ഈ പ്രക്രിയയിലേക്ക് കൂടുതല്‍ ശാസ്ത്രീയ കാര്യങ്ങള്‍ കൊണ്ടുവരുന്നതിനോ (ബി) സുതാര്യത ഉറപ്പുവരുത്തുന്നതിനോ (സി) തല്പരകക്ഷികളുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതിനോ (ഡി) പദ്ധതിയെ വിലയിരുത്തുന്നതിലും പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട് തയ്യാറാക്കുന്നവരിലും ഉത്തരവാദിത്തവും ജാഗ്രതയും ഉറപ്പുവരുത്തുന്നതിനും ഉള്‍പ്പെടെ ഇ.ഐ.എ. യുടെ മറ്റു നിര്‍ണ്ണായകമായ ഘടകങ്ങളെ മെച്ചപ്പെടുത്തുവാനുള്ള മൂര്‍ത്തമായ  ഒരു നിര്‍ദ്ദേശവും അതിലില്ല. ഇന്ത്യ ഇന്ന് ബഹുമുഖമായ പരിസ്ഥിതിത്തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഇ.ഐ.എ. വിജ്ഞാപനം പോലുള്ള സുപ്രധാനമായ നിയമനിര്‍മ്മാണം പതിവു രീതിയില്‍ പോകാതെ കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ആര്‍ജ്ജിച്ച അനുഭവസമ്പത്തിന്റെ വെളിച്ചത്തില്‍ പുരോഗമനാത്മകമായ സമീപനം ഉള്‍ക്കൊള്ളുന്നതാകണം. ആയതിനാല്‍ ഇന്നത്തെയോ ഇന്നലത്തെയോ പ്രശ്നങ്ങളെ മാത്രമല്ല വരാനിടയുള്ളവയേയും കൂടി കണക്കിലെടുത്തുകൊണ്ട് നിര്‍ദ്ദിഷ്ട വിജ്ഞാപനത്തെ മുഴുവനായി പുതുക്കിയെഴുതേണ്ടിയിരിക്കുന്നു.

വിവർത്തനം : ജി.ഗോപിനാഥൻ

അധികവായനയ്ക്ക്

  1. KSSP – COMMENTS ON THE ENVIRONMENTAL IMPACT ASSESSMENT NOTIFICATION 2020
  2. AIPSN Response to Draft EIA Notification 2020

Comments and observations on draft EIA Notification 2020

EIA 2020 – എതിർക്കപ്പെടേണ്ടത് എന്തുകൊണ്ട് ?പരിസ്ഥിതിക്ക് സാവധാന മരണം

Leave a Reply