Read Time:27 Minute

 

ജൈവ ഊർജമെന്ന സങ്കൽപ്പത്തിലധിഷ്ഠിതമായ നിരവധി ചികിത്സാപദ്ധതികളുണ്ട്. റെയ്കി, പ്രാണിക് ചികിത്സ, സ്പർശ ചികിത്സ എന്നിവയ്ക്ക പുറമേ യോഗ, ക്വിഗോംഗ്, അക്യുപങ്ചർ എന്നിവയും ഈ സങ്കൽപ്പത്തെ ആശ്രയിക്കുന്നു.

ജൈവ ഊർജ്ജം അഥവാ ജൈവശക്തി (Life force, vital force, bioenergy etc.) എന്നത് ഒരു പൗരാണിക ഭാരതീയ സങ്കൽപ്പമാണ്. ബുദ്ധമത പ്രചാരകർ വഴിയായിരിക്കണം അത് ചൈനയിലേക്കും ജപ്പാനിലേക്കും എത്തിച്ചേർന്നത്. അടുത്തകാലത്ത് ബദൽ ചികിത്സാ ഉപജ്ഞാതാക്കളുടെ ഇടയിൽ യൂറോപ്പിലും അമേരിക്കയിലും അതിന് പ്രിയമേറി വരുന്നുണ്ട്. വിശ്വമാകെ നിറഞ്ഞുനിൽക്കുന്ന ഈ ജൈവ ഊർജത്തിന് ഇന്ത്യയിൽ “പ്രാണൻ’ എന്നും ചൈനയിൽ “ചീ’ എന്നും ജപ്പാനിൽ “കീ’ എന്നും പറഞ്ഞുവന്നിരുന്നു. വിശ്വത്തിലുള്ള പ്രാണനെ ശരീരത്തിലുള്ള “ചക്രങ്ങൾ’ (chakras) ആവാഹിച്ചെടുക്കുന്നു. ചക്രങ്ങളിൽനിന്ന് ഉപചക്രങ്ങളിലേക്കും (Minor chakras) അവിടെനിന്ന് അവയവങ്ങളിലേക്കും പ്രാണൻ ഒഴുകുന്നു. പ്രാണന്റെ ഈ ഒഴുക്കിലുള്ള തടസ്സങ്ങളാണത്രെ രോഗങ്ങൾക്കു കാരണം. ഇതു ചക്രങ്ങളുടെ പ്രവർത്തനത്തകരാറുകൾ കൊണ്ടാവാം. ഈ തകരാറുകൾ മാറ്റി പ്രാണന്റെ ഒഴുക്ക് നേരെയാക്കുക എന്നതാണ് വിവിധ ഊർജചികിത്സകരുടെ ലക്ഷ്യം.

ഏഴു പ്രധാന ചകങ്ങളാണുള്ളതെന്നാണ് സിദ്ധാന്തം (ചിത്രം കാണുക). മൂലാധാരചക്രം (basic chakra), ത്രികാസ്ഥി ചക്രം (sacral chakra), സൌര വ്യൂഹചകം (solar plexus chakra), ഹൃദയചക്രം  (heart chakra), കണ്ഠചക്രം (throat chakra), മൂന്നാം ദൃഷ്ടി ചക്രം (Third eye chakra), ശിരോ ചക്രം (crown chakra) എന്നിവയാണിവ (സ്ഥലവും ഭാഷയും ചികിത്സാപദ്ധതിയുമൊക്കെയനുസരിച്ച് ചക്രങ്ങളുടെ പേരിൽ വ്യത്യാസങ്ങളുണ്ടാകാം). ഇവയെല്ലാം സദാ കറങ്ങിക്കൊണ്ടിരിക്കുന്നു. വലത്തോട്ട് (ക്ലോക്ക് വൈസ്) കറങ്ങുമ്പോൾ ഊർജം ആവാഹിച്ചെടുക്കുകയും ഇടത്തോട്ട് കറങ്ങുമ്പോൾ ഊർജം പുറത്തോട്ട് വിടുകയും ചെയ്യുന്നു.

മനുഷ്യനിലും മൃഗങ്ങളിലും സസ്യങ്ങളിലുമെല്ലാം പലതരം ഊർജം അടങ്ങിയിരിക്കുന്നുവെന്ന് ഭൗതികശാസ്ത്രത്തിനറിയാം. ഗുരുത്വാകർഷണം മൂലമുള്ള സ്ഥാനികോർജത്തിനു പുറമേ, താപോർജം, രാസോർജം, നേരിയ തോതിലുള്ള വൈദ്യുതോർജം, ആണവ വികിരണങ്ങൾ എന്നിങ്ങനെ പലതും. ഇവയെല്ലാം കൃത്യമായി നിർവചിക്കപ്പെട്ടിട്ടുള്ളതും കൃത്യമായി അളക്കാവുന്നതുമാണ്. എന്നാൽ ജൈവ ഊർജം എന്നുപറയപ്പെടുന്നത് ഇവയൊന്നുമല്ല. അതിനു കൃത്യതയുള്ള നിർവചനമില്ല. ആയിരക്കണക്കിനു വർഷം പഴക്കമുള്ള സങ്കൽപ്പമാണെങ്കിലും അളക്കാനുള്ള ഒരു മാർഗവുമില്ല. ഈ അർഥത്തിൽ അതൊരു ഭൗതികേതര സങ്കൽപ്പം (metaphysical Concept) മാത്രമാണ്. ആധുനികയുഗത്തിൽ പൊടിതട്ടിയെടുത്ത് ശാസ്ത്രീയ ലേബലുകളൊട്ടിച്ച് ഉപയോഗിക്കുന്നുവെന്നു മാത്രം. ചക്രങ്ങളുടെ സ്ഥിതിയും ഇതുതന്നെ. മനുഷ്യശരീരം (മൃഗങ്ങളുടെയും) നമുക്കിന്ന് അതിസൂക്ഷ്മ തലത്തിൽ വരെ അറിയാം. ഇടത്തോട്ടും വലത്തോട്ടും സദാ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒന്നുംതന്നെ കണ്ടെത്തിയിട്ടില്ല. ചിലർ പറയുന്നത് ഓട്ടോണമിക നാഡീ ശൃംഖലകളും ഗാംഗ്ലിയോൺ (Autonomic nerve plexus and Ganglions) ആയിരിക്കാമിതെന്നാണ്. എന്നാൽ ഇവയൊന്നും കറങ്ങുന്നില്ല, പുറമേ നിന്ന് ഊർജം വലിച്ചെടുക്കുന്നുമില്ല. ഊർജചികിത്സകരുടെ പുസ്തകങ്ങളിലും മറ്റും ആധികാരികതയോടെ ഊർജത്തെപ്പറ്റിയും ചകങ്ങളെപ്പറ്റിയുമൊക്കെ വിവരിക്കുന്നു. എന്നാൽ ഇതിനു തെളിവെന്തെന്നു മാത്രം നാം ചോദിച്ചുപോകരുത്. ശാസ്ത്രത്തിനറിയാത്തതായി പലതുമില്ലേ എന്ന മറുചോദ്യമായിരിക്കും മിക്കവാറും ഉണ്ടാവുക. സ്വന്തം അറിവില്ലായ്മയെ മറച്ചുപിടിക്കാനാണീ പ്രതികരണം. പൗരാണിക ഭാരതീയരുടെ സുന്ദരമായ ഒരു ഭാവനയിൽ നിന്ന് ഒരിഞ്ചുപോലും മുന്നോട്ടു നീങ്ങാനായിട്ടില്ലെന്നതാണ് യാഥാർഥ്യം. പൗരാണിക ഭാരതത്തിലെ പ്രധാന ചികിത്സാ പദ്ധതിയായിരുന്ന ആയുർവേദം അനുഭവത്തിലൂന്നിയ (empirical) രോഗ വിശദീകരണങ്ങളെയാണ് ആശ്രയിച്ചത്. ഈ പൗരാണികശാസ്ത്രം ചകസിദ്ധാന്തത്തെതക്കുറിച്ച് തീർച്ചയായിട്ടും അറിവുണ്ടായിട്ടുകൂടി രോഗകാരണങ്ങൾ വിശദീകരിക്കാൻ ഉപയോഗിച്ചിട്ടില്ല എന്നത് പ്രസ്താവ്യമാണ്. വിശദീകരണ യോഗ്യതയില്ലാത്ത ആധ്യാത്മിക വാദം മാത്രമാണിതെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. എന്നുവേണം അനുമാനിക്കാൻ. 

സ്പർശ ചികിത്സകൾ

ചികിത്സകൻ തന്റെ ജൈവ ഊർജം രോഗിയിലേക്ക് കടത്തിവിട്ടു രോഗം ഭേദമാക്കുന്ന ചികിത്സാ രീതികളാണിവ. രോഗിയുടെ മേൽ കൈ വെച്ച് (തൊട്ടുകൊണ്ടോ തൊടാതെയോ) ജൈവ ഊർജത്തിന്റെ ക്രമക്കേടുകളും ചക്രങ്ങളുടെ തകരാറുകളും തിരിച്ചറിയുന്നതാണ് ആദ്യപടി. പിന്നീട് ജൈവ ഊർജം രോഗിയിലേക്കു കടത്തിവിട്ട് (channel) ഊർജത്തിന്റെ ഒഴുക്കിലുള്ള തടസ്സങ്ങൾ നീക്കുകയും ചക്രങ്ങളുടെ പ്രവർത്തനങ്ങൾ നേരെയാക്കുകയും ചെയ്യുന്നു. സ്പർശചികിത്സാ രീതികൾ താഴെ പറയുന്നവയാണ്. 

റെയ്കി

പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ചിരുന്ന മിക്കാവോ ഉസൂയിയാണ് റെയിക്ക് രൂപം നൽകിയത്. 1890ൽ, ബുദ്ധമതത്തിലെ ചികിത്സാരീതികളും മറ്റുമടങ്ങിയ കയ്യെഴുത്തുപ്രതികൾ അദ്ദേഹത്തിനു ലഭിച്ചുവെന്നാണ് ഐതീഹ്യം. ശരീരം, വാക്ക്, മനസ്സ് എന്നിവയെയെല്ലാം രോഗവിമുക്തമാക്കാനുള്ള രഹസ്യങ്ങൾ അവയിൽ അടങ്ങിയിരുന്നുവത്രെ. ഇവയിൽ നിന്ന് ഉസൂയി മെനഞ്ഞെടുത്തതായിരുന്നു റെയ്കി.

റെയ്കി പരിശീലനത്തിന്റെ ആദ്യപടി ഇണക്കൽ പ്രക്രിയ (Attunement) ആണ്. മാസ്റ്റർ പദവി ലഭിച്ച വ്യക്തിക്ക് മാത്രമേ മറ്റുള്ളവരെ ഇണക്കാൻ കഴിയൂ. ഇണക്കലിലൂടെ റെയ്കി മാസ്റ്റർ തന്റെ ശിഷ്യനിലേക്ക് റെയ്കിപാത തുറന്നുകൊടുത്തുകൊണ്ട് പ്രപഞ്ചശക്തിയുമായി ആ വ്യക്തിയെ കൂട്ടിയിണക്കുന്നു. രഹസ്യസ്വഭാവമുള്ള ഈ പ്രക്രിയ ശാന്തവും ഭക്തിനിർഭരവും ധ്യാനാത്മകവുമായ അന്തരീക്ഷത്തിലാവണമത്രെ (റെയ്കി മതപരമല്ലെന്നു അതിന്റെ വക്താക്കൾ നിരന്തരമായി പറയുന്നതുമായുള്ള വൈരുധ്യം ശ്രദ്ധിക്കുക).

ഒന്നാം ഡിഗ്രി റെയ്കി ചികിത്സകർ തന്റെ കൈകൾ ചികിത്സകരുടെ  മേൽ വെച്ചാണ് ചികിത്സ നടത്തുന്നത്. 12 പ്രധാന രീതികളുണ്ട് കൈകൾ വെക്കാൻ. വിശ്വത്തിലെ ഊർജം രോഗിയിലേക്ക് ചാനൽ ചെയ്യുകയാണ ഇവർ ചെയ്യുന്നത്. രണ്ടാം ഡിഗ്രി ചികിത്സകർക്ക് വിദൂരതയിലേക്ക് റെയ്കിയെ അയക്കാനുള്ള കഴിവുണ്ടാകും. മൂന്നാം ഡിഗ്രിയിലുള്ളവർ റെയ്കി അഭ്യസിപ്പിക്കാൻ അർഹരാണ്.30

പ്രാണിക് ചികിത്സ (pranic healing)

റെയ്കിയുമായി സാദൃശ്യമുള്ള ചികിത്സാ രീതിയാണിത്. ഇതിൽ കൈകൾ രോഗിയുടെ മേൽ തൊടുന്നില്ല, അടുത്തു വെക്കുന്നതേയുള്ളൂ. ഗുരുവിൽ നിന്നുള്ള ഇണക്കൽ പ്രക്രിയയുടെ ആവശ്യമില്ല.

ചികിത്സാ-സ്പർശം (Therapeutic touch)

റെയ്കിയുടെയും പ്രാണിക ചികിത്സയുടെയും മറ്റും സിദ്ധാന്തങ്ങൾ കടമെടുത്തുകൊണ്ട് അമേരിക്കയിൽ രൂപംകൊണ്ടത്. 1970കളിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ നഴ്സിങ് അധ്യാപികയായ ഡോളോറസ് ക്രീഗറും തിയോസോഫിക്കൽ സൊസൈറ്റിയുടെ പ്രസിഡണ്ടും പല ആത്മീയ ചികിത്സകളുടെയും പ്രോത്സാഹകയുമായ ഡോറാ കുൺസും കൂടെയാണ് ചികിത്സാ-സ്പർശത്തിനു രൂപം നൽകിയത്. ശരീരത്തിൽ തൊടാതെ കൈകൾകൊണ്ട് ജൈവ ഊർജ ക്രമക്കേടുകളെ ശരിയാക്കുന്നതാണ് ചികിത്സാ രീതി. 

ക്രീഗറുടെ സ്വാധീനം മൂലം അമേരിക്കയിലെ പല നെഴ്സിങ് കോളേജുകളിലും ചികിത്സാസ്പർശത്തിനു പ്രചാരം ലഭിച്ചു. പലയിടങ്ങളിലും ഇതു പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി. നെഴ്സുമാർക്കും ചികിത്സയുടെ മുൻപന്തിയിൽ നിൽക്കാമെന്ന വാഗ്ദാനമായിരുന്നിരിക്കണം പ്രധാന കാരണം. ഇത്  ഇന്ന് ഏറെ വിമർശന വിധേയമായിട്ടുണ്ട്. കപടവൈദ്യത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ ചിലയിടങ്ങളിൽ ഇത് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 

പൊളാരിറ്റി ചികിത്സ (polarity therapy)

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം ഡോ.റാൻഡോൾഫ് സ്റ്റോൺ രൂപം നൽകിയത്. ഇന്ത്യൻ, ചൈനീസ് വൈദ്യങ്ങൾ, യോഗ എന്നിവയെല്ലാം പഠിച്ച് അവയിൽനിന്നെല്ലാം കൂടെ നിർമിച്ചെടുത്തതാണത്രെ. കൈകൾ ഉപയോഗിച്ച് ജൈവ ഊർജത്തെ ബാലൻസു ചെയ്യുകയാണത്രെ പോളാരിറ്റി ചികിത്സകരും ചെയ്യുന്നത്.

ജൈവ ഊർജം എന്നൊന്നുണ്ടോ? 

ശാരീരികശാസ്ത്രവും ഭൗതികശാസ്ത്രവും മറ്റും പറയുന്നത് ഇല്ലെന്നാണ്, ഉള്ളതായി തെളിവുകളോ ഊഹംപോലുമോ ഇല്ലെന്ന്. സ്പർശചികിത്സകരും പലതരത്തിലുള്ള ആത്മീയവാദികളും വിയോജിക്കുന്നു. കേവലം ഭൗതികേതര സങ്കൽപ്പമല്ല ഇതെന്നും ഭൗതികമായ അടിത്തറയുണ്ടെന്നും അവർ വാദിക്കുന്നു. ഈ ഊർജം അളക്കാനാവില്ലെന്നും ചക്രങ്ങളെ കണ്ടെത്താനായിട്ടില്ലെന്നും അവർ സമ്മതിക്കും, ചക്രങ്ങൾ തിരിച്ചു നേരേയാക്കാൻ അവർക്കിതു പ്രതിബന്ധമായിട്ടില്ലെങ്കിൽ പോലും. അവർ നിരത്തുന്ന ഒരേ ഒരു തെളിവ് കിർലിയൻ ഛായാഗ്രഹണം (Kirlian photography) എന്ന പ്രതിഭാസമാണ്.

ജൈവ ഊർജത്തിന്റെ ഫലമായി ജീവികളുടെ ശരീരത്തിനു ചുറ്റും ഒരു പ്രഭാവലയ (Aura)മുണ്ടെന്നും ഇതു കിർലിയൻ ചിത്രങ്ങളിൽ കാണാമെന്നുമാണ് ഇക്കൂട്ടർ സമർഥിക്കുന്നത്.

കിര്‍ലിയന്‍ ഫോട്ടോ എടുക്കുന്ന വിധം

1939ൽ റഷ്യക്കാരനായ സെമിയോൺ കിർലിയൻ കണ്ടുപിടിച്ചതാണീ ഛായാഗ്രഹണരീതി. 1961-ൽ ഒരു റഷ്യൻ ജേർണലിൽ പ്രസിദ്ധീകരിച്ചതിനു ശേഷമാണ് പാശ്ചാത്യനാടുകളിൽ ഇതു ശ്രദ്ധിക്കപ്പെട്ടത്. പടമെടുക്കപ്പെടുന്ന ജൈവവസ്തുക്കൾക്കു ചുറ്റും ഒരു പ്രഭാവലയം കാണപ്പെടുന്നതാണ് കിർലിയൻ പടങ്ങളുടെ പ്രത്യേകത. ആത്മീയ ഗവേഷകർ ഉടൻ ഇത് ജൈവ ഊർജം മൂലമുള്ള പ്രഭാവലയമാണെന്നു കൊട്ടിഘോഷിക്കുകയും അങ്ങനെ പെട്ടെന്ന് കിർലിയൻ ഛായാഗ്രഹണം “ശാസ്ത്രീയ ആത്മീയവാദ’ത്തിന്റെ ആണിക്കല്ലായിത്തീരുകയും ചെയ്തു.

ചില കിര്‍ലിയന്‍ ഫോട്ടോഗ്രാഫുകള്‍

എന്നാൽ കിർലിയൻ ഛായാചിത്രങ്ങൾക്ക് തികച്ചും ശാസ്ത്രീയമായ വിശദീകരണമുണ്ട്. കിർലിയൻ പടങ്ങൾ എടുക്കുന്നത് വസ്തുവിനെ ഛായാഗ്രഹണ പേപ്പറിനോട് ചേർത്തുവെച്ച് അതിലൂടെ വളരെ ഉയർന്ന വോൾട്ടേജിലുള്ള കറന്റ് കടത്തിവിട്ടുകൊണ്ടാണ്. കൊറോണൽ ഡിസ്പാർജാണ് (Coronal discharge) ഈ പ്രതിഭാസത്തിനു കാരണം. കൊറോണ പ്രതിഭാസം പ്രകൃതിയിൽ സാധാരണയായി ഇടിമിന്നലായും മറ്റും കാണുന്നതാണ്. അതിന് ഒരു പ്രത്യേക ജൈവ ഊർജവുമായി ബന്ധമൊന്നുമില്ല. സാധാരണ വായുവിൽ നൈട്രജൻ കൂടുതലുള്ളതിനാൽ കൊറോണ ചിത്രങ്ങൾ നീലയായിരിക്കും. നിയോൺ വാതകത്തിൽ വെച്ചു ചിത്രമെടുത്താൽ പ്രഭാവലയം ചുവന്നിരിക്കും. ശൂന്യത്തിലാണ് (vaccum) പടമെടുക്കുന്നതെങ്കിൽ – പ്രഭാവലയമേ ഉണ്ടാകില്ല. അയണീകരണം നടക്കാനുള്ള വാതകമില്ലെങ്കിൽ “ജൈവ ഊർജം’ അപ്രത്യക്ഷമാകുമെന്നർഥം! 31, 32 കിർലിയൻ ഛായാഗ്രഹണത്തിന്റെ പിൻഗാമിയാണ് ഗൈ കോഗിൻസ് 1992ൽ പുറത്തിറക്കിയ പ്രഭാവലയ ഛായാഗ്രഹണം (Aura photography). കമ്പ്യൂട്ടർ ഉപയോഗിച്ചുകൊണ്ടുള്ള ഈ വിദ്യ പ്രധാനമായും എക്സിബിഷനുകളിലും മറ്റും ആളെപ്പറ്റിക്കാനുള്ള ചെപ്പടിവിദ്യയായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

‌‌‌സ്പർശചികിത്സകർക്ക് ജൈവ-ഊർജം കണ്ടുപിടിക്കാൻ കഴിയുന്നുണ്ടോ?

ഭൗതിക അടിത്തറയില്ലാത്തതെങ്കിലും ഈ ജൈവ ഊർജം തങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിയുന്നുവെന്നാണ് റെയ്കി മുതൽ ചികിത്സാ സ്പർശം വരെ കൈകാര്യം ചെയ്യുന്നവർ പറയുന്നത്. ചില ആത്മീയ ചികിത്സകർക്ക് നമുക്കു ചുറ്റുമുള്ള പ്രഭാവലയങ്ങളെ നേരിൽ കാണാനാവുകയും ചെയ്യുമത്രേ. ഇവരെല്ലാം നുണ പറയുകയാവണമെന്നില്ല. പലരും ഇത് ആത്മാർഥമായി വിശ്വസിക്കുന്നു. ഇതുപക്ഷേ യാഥാർഥ്യമാണോ അതോ വെറും തോന്നലോ?

ഒമ്പതു വയസ്സുകാരിയായ എമിലി റോസ് തന്റെ സ്കൂൾ സയൻസ് പ്രോജക്ടിന് തെരഞ്ഞെടുത്ത വിഷയം സ്പർശചികിത്സയായിരുന്നു. ഒരു നെഴ്സ് എന്ന നിലയ്ക്ക് തന്റെ അനുഭവത്തിൽ നിന്ന് സ്പർശ ചികിത്സയെ സംശയത്തോടെ നോക്കിക്കണ്ടിരുന്ന എമിലിയുടെ അമ്മ ലിൻഡ അവളെ സഹായിച്ചു. സപർശചികിത്സ്യരായ 21 പേരെ എമിലി പഠനവിധേയമാക്കി. പരീക്ഷണം ഏതാണ്ടിങ്ങനെയായിരുന്നു. പഠനവിധേയരായ ചികിത്സ്യർ എമിലിക്ക് അഭിമുഖമായി ഇരിക്കും. അവരുടെ ഇരുകൈകളും, കൈപ്പത്തികൾ മേൽപോട്ടായി, നീട്ടിവെയ്ക്കുന്നു. എമിലിക്കും ചികിത്സയ്ക്കുമിടയിൽ ഒരു കാർഡ്ബോർഡ് മറയുണ്ടായിരിക്കും (ചിത്രം കാണുക).

എമിലി തന്റെ കൈ ചികിത്സയുടെ ഇടതോ വലതോ കൈയ്ക്കു മുകളിലായി വയ്ക്കും . ഏതു കൈക്കു മുകളിൽ വെയ്ക്കണമെന്ന് നാണയമെറിഞ്ഞാണ് തീരുമാനിക്കുക. എമിലിയുടെ കൈ തന്റെ ഏതു കൈക്കു മുകളിലാണെന്ന് ചികിത്സ്യ പറയണം ഇതായിരുന്നു പരീക്ഷണം. ഓരോ ചികിത്സ്യയെയും പലതവണ പരീക്ഷിച്ചു. 21 പേർക്കായി ആകെ 280 പരീക്ഷണങ്ങൾ. ഇതിൽ ഇവർ ശരിയുത്തരം പറഞ്ഞത് 122 തവണ മാത്രം. അതായത് 44 ശതമാനം. ആകസ്മികതയുടെ അടിസ്ഥാനത്തിൽ ശരിയുത്തരം കിട്ടാവുന്ന 50 ശതമാനത്തിൽ നിന്ന് വളരെ വ്യത്യസ്തമല്ലല്ലോ ഇത്. എമിലിയുടെ ഈ പരീക്ഷണം പ്രസിദ്ധ വൈദ്യശാസ്ത്ര ജേർണലായ “Journal of the American Medical – Association’ – JAMAയിൽ പ്രസിദ്ധീകരിച്ചു.33 അങ്ങനെ ഒരു പ്രമുഖ വൈദ്യ ശാസ്ത്ര ജേർണലിൽ ലേഖനം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി എമിലി.

ഈ പഠനം JAMA പ്രസിദ്ധീകരിച്ചത് സ്വാഭാവികമായും സ്പർശചികിത്സക്കാരെ ചൊടിപ്പിച്ചു. അവർ പഠനത്തിനെതിരെ പലതരം വാദങ്ങളുമായി രംഗത്തുവന്നു. ചികിത്സയുടെ ഉദ്ദേശമില്ലാത്ത അവസ്ഥയിൽ ചികിത്സ്യർക്ക് കൃത്യമായി കൈയിൽ നിന്നുള്ള ഊർജം കണ്ടുപിടിക്കാനാവില്ലെന്നതായി രുന്നു ഒന്ന്. പഠനവിധേയമാക്കിയവർ വിദഗ്ധരായ ചികിത്സ്യരായിരിക്കണമെന്നില്ല എന്നതായിരുന്നു മറ്റൊരു വാദം.

1996ൽ ജെയിംസ് റാൻഡി ഫൗണ്ടേഷനും Phact എന്ന സംഘടനയും ചേർന്ന് ജൈവ ഊർജം കണ്ടെത്താൻ കഴിവുണ്ടെന്നു തെളിയിക്കാൻ തയ്യാറുള്ളവർക്ക് 7,42,000 ഡോളറിന്റെ സമ്മാനം വാഗ്ദാനം ചെയ്തു. നിരവധി സ്പർശ ചികിത്സകരെ അവർ ഇതിനായി ക്ഷണിച്ചു. തനിക്ക് ഈ കഴിവുണ്ടെന്ന് ആത്മാർഥമായി വിശ്വസിച്ചിരുന്ന നാൻസിവുഡ്ഡ് എന്ന സ്ത്രീ മാത്രമാണ് പരീക്ഷണത്തിനായി മുന്നോട്ട് വന്നത്. സ്ഥിരമായ കൈവേദനയുള്ള ഒരു സ്ത്രീയേയും ആരോഗ്യവാനായ ഒരു പുരുഷനെയും ആളെ കാണാതെ അവരുടെ കൈയുടെ അടുത്ത് ചികിത്സകയുടെ കൈവെച്ച് ആരെന്നു പറയുക എന്നതായിരുന്നു ഇരുവരും അംഗീകരിച്ച പരീക്ഷണം. നാൻസിക്ക് ഇരുപതു പരീക്ഷണങ്ങളിൽ 11 തവണ മാത്രമേ ശരിയായി ആളെ പറയാൻ കഴിഞ്ഞുള്ളു; വീണ്ടും തികച്ചും ആകസ്മികതയുടെ പരിധിക്കുള്ളിൽ.34 ഇത്തരത്തിലൊരു പഠനത്തിനായി പിന്നീടാരും മുന്നോട്ടു വന്നിട്ടില്ല. 

സ്പർശചികിത്സ ഫലപ്രദമാണോ? 

പല രോഗികൾക്കും കൂടുതൽ ശ്രദ്ധയും കാരുണ്യത്തോടെയുള്ള സമീപനവും സാന്ത്വനിപ്പിക്കുന്ന സ്പർശവും ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അവരുടെ വേദന കുറയുന്നതായും മാനസികനില മെച്ചപ്പെടുന്നതായും അനുഭവപ്പെട്ടേക്കും (ഗുരുതര രോഗങ്ങൾക്കും അവയവങ്ങളിലെ തകരാറുകൾക്കും ഒഴികെ). ഈ മാറ്റങ്ങൾ റെയ്കി വഴിയോ ചികിത്സാസ്പർശം വഴിയോ ഇതൊന്നും പഠിച്ചിട്ടില്ലാത്ത കരുണയുള്ള ഒരു ഡോക്ടറോ നെഴ്സോ വഴിയോ ആകാം. ഇതിലപ്പുറമായി സ്പർശചികിത്സകൾകൊണ്ടു ഗുണമുണ്ടാകുന്നുണ്ടോ? ഇതിനുത്തരം കിട്ടണമെങ്കിൽ ശരിയായി സംവിധാനം ചെയ്ത RCTകളോ മറ്റു ക്ലിനിക്കൽ പഠനങ്ങളോ വേണം. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള പഠനങ്ങൾ വിരലിലെണ്ണാവുന്നവയേയുള്ളൂ. അധികവും പഠനങ്ങളെന്നതിലുപരി ശാസ്ത്രീയമായി വ്യക്തമല്ലാത്ത രീതിയിൽ ജൈവ ഊർജത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്നവയും തെളിവില്ലാതെ സ്പർശചികിത്സയുടെ പല ഗുണങ്ങളും ആവർത്തിച്ചു പറയുന്നവയുമാണ്. ഇവ മിക്കതും അടുത്തിടെ പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ഹോളിസ്റ്റിക് അല്ലെങ്കിൽ അനുപൂരക ചികിത്സാ ജേർണലുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

ആദ്യകാലങ്ങളിലുള്ള ഒരു അവകാശവാദം റെയ്കി ചികിത്സകൊണ്ട് രക്തത്തിൽ ഹീമോഗ്ലോബിൻ കൂടുന്നുവെന്നതായിരുന്നു. നിയന്ത്രിത ഗ്രൂപ്പുകളില്ലാതെ നടത്തിയ ഈ പഠനം ശാസ്ത്രീയമായിരുന്നില്ല.35 ഇതു പിന്നീടാർക്കും ആവർത്തിക്കാനുമായില്ല. റെയ്കി, ചികിത്സാ സ്പർശകരുടെ ലേഖനങ്ങളിലും വെബ്സൈറ്റുകളിലുമൊക്കെ ആവർത്തിച്ചു പറയുന്ന ഒരു പഠനം ഡി.പി.വിർത്ത് (D.P, Wirth) എന്ന ഗവേഷകന്റേതാണ്. മുറിവുണങ്ങുന്നതിന് ഈ ചികിത്സകൾ സഹായിക്കുന്നുവോ എന്നതായിരുന്നു പഠനം. ഉണ്ടെന്ന രീതിയിലാണ് സ്പർശചികിത്സകരുടെ ലേഖനങ്ങളിലെ പ്രതിപാദ്യം. എന്നാൽ വിർത്ത് (അദ്ദേഹം ഹീലിങ് റിസർച്ച് ഇന്റർനാഷണൽ എന്ന കാലിഫോർണിയയിലെ അനുപൂരക വൈദ്യശാസ്ത്ര സ്ഥാപനത്തിൽ ജോലിയെടുക്കുന്ന ആളും ഇത്തരം ചികിത്സകളുടെ പ്രാത്സാഹകനുമാണ്.) ലേഖനത്തിന്റെ അവസാനം പറയുന്നതിങ്ങനെയാണ്. “ഈ പരീക്ഷണ പരമ്പരയുടെ ആകെയുള്ള ഫലങ്ങൾ ഈ ചികിത്സാപദ്ധതികൾ ഫലപ്രദമെന്നു തെളിയിക്കാൻ പര്യാപ്തമല്ല” 36, വിർത്തിന്റെ മറ്റൊരു പഠനത്തിൽ മുറിവുണങ്ങുന്നതിന്റെ വേഗത ചികിത്സാ സ്പർശവും റെയ്കിയും കിട്ടിയവരും കിട്ടാത്തവരും തമ്മിൽ താരതമ്യം ചെയ്തു. ഒരു കൂട്ടർക്ക് സ്പർശചികിത്സാ വിദഗ്ധരുടെയും മറ്റൊരു കൂട്ടർക്ക് (നിയന്ത്രിത ഗ്രൂപ്പ്) വിദഗ്ധരല്ലാത്ത സാധാരണക്കാരുടെയും സ്പർശം നൽകി. ഫലമെന്തെന്നോ? സാധാരണക്കാർ തൊട്ടവരുടെ മുറിവുകൾ വേഗമുണങ്ങി. ഇതിൽ നിന്ന് വിർത്തിന്റെ നിഗമനമാണ് ഏറെ രസം. സാധാരണക്കാർക്ക് അറിയപ്പെടാത്ത ചികിത്സാ ശക്തി ഉണ്ടായിരിക്കാമെന്ന്. 37

 മസ്തിഷ്കാഘാതം (stroke) ഏറ്റവരിൽ RCT വഴി റെയ്കിയുടെ ഫലപ്രാപ്തി പരിശോധിച്ച ഒരു പഠനത്തിൽ അതിനു പ്രത്യേക ഗുണമുള്ളതായി കണ്ടില്ല38, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളിൽ നടത്തിയ മറ്റൊരു പഠനത്തിലും സ്പർശചികിത്സകൊണ്ട് ഗുണമൊന്നുമുണ്ടായതായി അനുഭവപ്പെട്ടില്ല). ഈ പഠനങ്ങൾ നടത്തിയത് സ്പർശചികിത്സകൊണ്ട് ഗുണമുണ്ടാവുമെന്ന് വിശ്വസിക്കുന്നവർ ആണെന്നത് പ്രസ്താവ്യമാണ്. 1994നും 98നും ഇടയ്ക്ക് നെഴ്സിങ് ജേർണലുകളിൽ സ്പർശചികിത്സയെപ്പറ്റി വന്ന ലേഖനങ്ങളുടെ അവലോകനത്തിൽ കുറ്റമറ്റതായ രീതിയിൽ ഇതിന്റെ ഗുണം തെളിയിക്കുന്ന പഠനങ്ങൾ ഒന്നുംതന്നെ കണ്ടെത്താനായില്ല40. പൊതുവിൽ സ്പർശചികിത്സയെപ്പറ്റിയുള്ള പഠനങ്ങളുടെ മറ്റ് രണ്ട് അവലോകനങ്ങളും അതിനു പ്ലസീബോ പ്രതിഭാസത്തിനപ്പുറമുള്ള ഗുണം അവകാശപ്പെടാനാകില്ലെന്ന നിഗമനത്തിലാണെത്തിയത്41,42 .


റഫറന്‍സ്

  1. Bullock M. Reiki: a comprehensive therapy for life. American Journal of Hospice and Palliative Care 14:31-3, 1997
  1. Pehek JO, Kyler HJ, Faust DL. Image modulation in corona discharge photography. Science 1976 Oct 15;194(4262):263-70
  1. Quickenden TI, Tilbury RN. A critical examination of the bioplasma hypothesis.Physiol Chem Phys Med NMR 1986;18(2):89-101
  1. Rosa L, Rosa E, Sarner L, Barrett S. A Close Look at Therapeutic Touch. JAMA 279:1005-1010, 1998
  1. Glickman B. http://www.phact.org/e/tt/test1.htm accessed on 31 May 2003
  2. Wetzel W . Reiki Healing: A Physiologic Perspective. Journal of Holistic Nursing (1989);7(1):47-54
  1. Wirth DP. Complementary healing intervention and dermal wound reepithelialization: an overview. Int J Psychosom 1995;42(1-4):48-53
  1. Wirth DP, Barrett MJ. Complementary healing therapies. Int J Psychosom 1994;41(1-4):61-7
  1. Shiflett SC, Nayak S, Bid C, Miles P, Agostinelli S. Effect of Reiki treatments on functional recovery in patients in poststroke rehabilitation: a pilot study.J Altern Complement Med 2002;8(6):755-63
  1. Smith MC, Reeder F, Daniel L, Baramee J, Hagman J. Outcomes of touch therapies during bone marrow transplant. Altern Ther Health Med 2003;9(1):40-9
  1. O’Mathuna DP. Evidence-based practice and reviews of therapeutic touch. J Nurs Scholarsh 2000;32(3):279-85
  1. Clark PE, Clark MJ. Therapeutic Touch: is there a scientific basis for the practice? Nurs Res. 1984;33:37-41.
  1. Claman HN. Report of the Chancellor’s Committee on Therapeutic Touch. Denver, CO: University of Colorado Health Sciences Center; 1994.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ശാസ്ത്രവും കപടശാസ്ത്രവും – പുസ്തകത്തിൽ നിന്നും

തുടര്‍ ലേഖനങ്ങള്‍

 

 

 

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post വൈദ്യുത-കാന്തിക-തരംഗ ചികിത്സകൾ 
Next post ജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ചുള്ള ചികിത്സ 
Close