Read Time:39 Minute

ലോകത്താകമാനം പക്ഷിപ്പനി പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയ, മെക്‌സിക്കോ, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലെ ശ്രദ്ധേയമായ കേസുകൾക്കൊപ്പം നിരവധി പ്രദേശങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിക്കുന്നുണ്ട്. 

ഇന്ത്യ സന്ദർശിച്ച ഒരു ചെറിയ കുട്ടിയിലാണ് ഓസ്‌ട്രേലിയയിൽ പക്ഷിപ്പനി സ്ഥിതീകരിച്ചത്. മെക്സിക്കോയിലെ, മെക്സിക്കോ സംസ്ഥാനത്ത് ഇൻഫ്ലുവൻസ A(H5N1) ബാധിച്ച് ഒരു വ്യക്തിയുടെ മരണം സംഭവിച്ചു. അമേരിക്കൻ ഐക്യനാടുകളിൽ നാല്   മനുഷ്യ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ മൂന്നെണ്ണം 3 കറവപ്പശുക്കളുമായി സമ്പർക്കത്തിന്റെ ഫലമായി ഉണ്ടായതാണ്, ഒരെണ്ണം വളർത്തുപക്ഷികളുമായുള്ള സമ്പർക്കത്തിന്റെ ഫലവും.

പശ്ചിമ ബംഗാളിൽ നിന്നുള്ള നാല് വയസ്സുള്ള കുട്ടിയിൽ ഏവിയൻ ഇൻഫ്ലുവൻസ A (H9N2) വൈറസ് ബാധ ഉണ്ടായിട്ടുണ്ട്.  ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ കേസാണിത്. കേരളത്തിലെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പക്ഷികളിൽ ഏവിയൻ ഇൻഫ്ലുവൻസ A (H5N1)  രോഗവ്യാപനം ഉണ്ടായിട്ടുണ്ട്.  

മേൽ പറഞ്ഞ  പക്ഷിപ്പനി അണുബാധകൾ നിലവിലുള്ള അപകടസാധ്യത ഉയർത്തിക്കാട്ടുന്നു, പ്രത്യേകിച്ച് പക്ഷികൾക്കിടയിൽ  വൈറസ്  ബാധ ഉള്ള പ്രദേശങ്ങളിൽ. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ  ഈ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൂടുതൽ മനുഷ്യരിൽ വ്യാപനം തടയുന്നതിനുള്ള നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നു.

പക്ഷിപ്പനി ഒരു ആമുഖം

പക്ഷികളിൽ ഇൻഫ്ലുൻസ എ വൈറസ്  (Influenza A virus) ഉണ്ടാകുന്ന ഒരു അസുഖമാണ് പക്ഷിപ്പനി. സാധാരണയായി   നീർപറവകളെയാണ് ഈ  വൈറസ് ബാധിക്കാറ്, ഇവയെ കൂടാതെ വളർത്തു പക്ഷികളിലും,മൃഗങ്ങളിലും ഈ അസുഖം പടർന്ന് പിടിക്കാറുണ്ട്.പക്ഷിപ്പനി വൈറസുകൾ സാധാരണയായി മനുഷ്യരെ ബാധിക്കാറില്ല. എന്നാൽ അപൂർവമായി മനുഷ്യനിൽ പക്ഷിപ്പനി വൈറസ് അണുബാധ ഉണ്ടാക്കാറുണ്ട്. വന്യനീർപറവകൾ പക്ഷിപനി വൈറസുകളുടെ സ്വാഭാവിക ആതിഥേയരായി കരുതപ്പെടുന്നു, ഇവയുടെ കുടലിനെയും ശ്വാസനാളത്തെയും പക്ഷി ഇൻഫ്ലുവൻസ എ വൈറസ് ബാധിക്കുന്നു. 

പക്ഷിപ്പനി ബാധിച്ച പക്ഷികൾക്ക് അവയുടെ ഉമിനീർ, മൂക്കിലെ സ്രവങ്ങൾ, കാഷ്ടം എന്നിവയിലൂടെ വൈറസുകളെ ചൊരിയാൻ കഴിയും.   രോഗബാധിതരായ പക്ഷികളിൽ നിന്ന് നേരിട്ടുള്ള  സമ്പർക്കം  വഴിയും, വൈറസുകളാൽ മലിനമായ പ്രതലങ്ങളുമായുള്ള സമ്പർക്കത്തിലൂടെയുമാണ് പക്ഷികൾക്കിടയിൽ ഈ രോഗം പടർന്ന് പിടിക്കുന്നത്(ചിത്രം 1)

ചിത്രം 1: പക്ഷിപ്പനി രോഗവ്യാപനം, Source CDC, USA

ആതിഥേയ കോശത്തിന്റെ ഉപരിതലത്തിൽ കാണുന്ന ഷുഗറുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന α- സിയാലിക് ആസിഡ് വഴിയാണ് ഇൻഫ്ലുവൻസ വൈറസ് ആതിഥേയ കോശത്തിലേക്ക് പ്രവേശിക്കുന്നത്. ഏവിയൻ ഇൻഫ്ലുവൻസ വൈറസുകൾക്ക് മനുഷ്യനെ എളുപ്പത്തിൽ ബാധിക്കാൻ കഴിയില്ല, കാരണം അവ α2,3-ബന്ധിത സിയാലിക് ആസിഡ് ഗ്രാഹി (sialic acid receptor) വഴിയാണ് ആതിഥേയ ശരീരത്തിൽ പ്രവേശിക്കുന്നത്‍, അവയുടെ അളവ് മനുഷ്യൻ്റെ ഉപരി ശ്വാസ നാളത്തിൽ കുറവാണ്. എന്നാൽ മനുഷ്യ ശ്വാസ നാളത്തിൽ ധാരാളമായി കാണപ്പെടുന്ന α2,6-ബന്ധിത സിയാലിക് ആസിഡ് വഴിയാണ് മനുഷ്യഇൻഫ്ലുവൻസ വൈറസുകൾ ആതിഥേയ ശരീരത്തിൽ പ്രവേശിക്കുന്നത്

പക്ഷി ഇൻഫ്ലുവൻസ എ വൈറസുകളെ ഇനിപ്പറയുന്ന രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു: കുറഞ്ഞ രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ എ (Low Pathogenic Avian Influenza-LPAI ) വൈറസുകളും, ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ എ (Highly Pathogenic Avian Influenza -HPAI) വൈറസുകളും.

തീവ്ര രോഗകാരിയായ ഇൻഫ്ലുവൻസ വൈറസ് (HPAI): HPAI വൈറസുകൾ, പക്ഷികളിൽ ഉയർന്ന മരണനിരക്കിന് കാരണമാകുന്നു, വൈറസ് ബാധ വളർത്ത് പക്ഷികളിൽ — 48 മണിക്കൂറിനുള്ളിൽ — 90% മുതൽ 100% വരെ മരണത്തിന് കാരണമാകുന്നു. ഇൻഫ്ലുവൻസ വൈറസുകളുടെ ഉപരിതലത്തിൽ കാണുന്ന ഒരു പ്രോട്ടീനാണ് ഹീമാഗ്ലൂട്ടിനിൻ, ഈ പ്രോട്ടീൻ വൈറസിന്റെ വ്യാപനത്തെ സഹായിക്കുന്നു. HPAI വൈറസുകളിൽ ഹെമാഗ്ലൂട്ടിനിൻ 5 (H5), ഹെമാഗ്ലൂട്ടിനിൻ 7 (H7) എന്നിവയുടെ സാന്നിധ്യം കാണാറുണ്ട്. 

കുറഞ്ഞ രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ വൈറസ് (LPAI): LPAI വൈറസുകൾ, രോഗലക്ഷണങ്ങൾ ഇല്ലാത്തതോ, നേരിയ ലക്ഷണങ്ങളോടോ കൂടിയ അണുബാധ പക്ഷികളിൽ ഉണ്ടാക്കാറുണ്ട്. H6N1, H7N9, H9N2 എന്നീ LPAI സ്ട്രെയിനുകളുടെ വ്യാപനം കർഷകർക്ക് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കോഴികളിൽ ഉൽപരിവര്‍ത്തനം (mutation) മൂലം LPAI സ്ട്രെയിനുകൾ HPAI ആയി മാറാറുണ്ട്.

പക്ഷികളിലെ രോഗതീവ്രതയുടെ അടിസ്ഥാനത്തിലാണ് LPAI, HPAI സംജ്ഞകൾ ഉണ്ടാക്കിയിട്ടുള്ളത്, ഈ  സംജ്ഞകൾക്ക് മനുഷ്യനിലെ രോഗ തീവ്രയതുമായി യാതൊരു ബന്ധവുമില്ല. LPAI, HPAI എന്നീ വൈറസുകൾ രോഗബാധിതരായ മനുഷ്യരിൽ കഠിനമായതോ, നേരിയതോ ആയ അസുഖങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷികളെ ബാധിക്കുന്ന ഇൻഫ്ലുവൻസ വൈറസുകളും, മനുഷ്യരെ ബാധിക്കുന്ന ഇൻഫ്ലുവെൻസ വൈറസുകളും തമ്മിൽ ജനിതകപരവും, ആൻ്റിജനിക്പരവും ആയ വ്യത്യാസങ്ങളും ഉണ്ട്. ഇത് മനുഷ്യനിലും, പക്ഷികൾക്കിടയിലുമുള്ള രോഗ വ്യാപനത്തിന്റെ സാധ്യത കുറയ്ക്കുന്നു

രോഗവ്യാപനം 

പക്ഷിപ്പനി വൈറസുകൾക്ക് കാട്ടുപക്ഷികൾക്കിടയിലും, വളർത്തുപക്ഷികൾക്കിടയിലും, മൃഗങ്ങൾക്കിടയിലും, മനുഷ്യർക്കിടയിലും വളരെ വേഗത്തിൽ പടരാൻ സാധിക്കും. ഇതിൽ കാട്ടുപറവകൾ പക്ഷിപ്പനി വൈറസുകൾക്ക് വളരാനും , ഉല്പരിവർത്തനം നടത്താനുമുള്ള ഒരു സ്വാഭാവിക ആതിഥേയരായി വർത്തിക്കുന്നു. ഈ രോഗം കാട്ടുപറവകളിൽ നിന്ന് വളർത്തു പക്ഷികളിലേക്കും, അവിടെ നിന്ന് മൃഗങ്ങളിലേക്കും, മനുഷ്യനിലേക്കും പടരുന്നു. 

ആഗോളതലത്തിലുള്ള പക്ഷിപനി വൈറസ് (Avian Influenza Virus-AIV) വ്യാപനത്തെ പ്രാഥമികമായി സ്വാധീനിക്കുന്നത് ദേശാടന പക്ഷികളുടെ സഞ്ചാരമാണ്. അവയ്ക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ദേശാടന പാതകളിലുടനീളം LPAI, HPAI സ്ട്രെയിനുകളെ വഹിക്കാനും, പരത്താനും കഴിയും. ഉദാഹരണത്തിന് വടക്കേ അമേരിക്കയിലെ LPAI -യുടെ അന്തർഭൂഖണ്ഡ വ്യാപനത്തിന് ദേശാടന പക്ഷികൾ ഒരു പ്രധാന പങ്കവഹിച്ചിട്ടുണ്ടെന്ന് പല പഠനങ്ങളിലും വെളിവായിട്ടുണ്ട്. സമാനമായി, വ്യത്യസ്ത ദേശാടന പക്ഷികൾ വഴിയുള്ള ദീർഘദൂര വിതരണവും, പ്രാദേശിക പക്ഷി വ്യാപാരത്തിന്റെ ഫലമായുള്ള വളർത്തുപക്ഷികളിലൂടെയുള്ള പ്രാദേശിക വിതരണവും, ഏഷ്യയിൽ, HPAI H5N1, LPAI H9N2 എന്നീ സ്ട്രെയിനുകളുടെ വ്യാപനത്തിന് കാരണമായി.

വളർത്തുപക്ഷികളിൽ എത്തിച്ചേർന്ന LPAI പൂർവികനിൽ നിന്നാണ് HPAI വൈറസ് ഉത്ഭവിച്ചതെന്നാണെന്നാണ് പൊതുവെ കരുതുന്നത്.വളർത്ത് താറാവുകൾക്കും ദേശാടകരായ നീർപറവകൾക്കും ഒരേ ആവാസവ്യവസ്ഥയിൽ നിന്നാണ് ഭക്ഷണവും, വെള്ളവും ലഭിക്കുന്നത്. അതിനാൽ താറാവിനെ, കാട്ടുപക്ഷികൾക്കും, വളർത്തുപക്ഷികൾക്കും ഇടയിലുള്ള AIV ആതിഥേയനായി കരുതുന്നു. തൽഫലമായി, HPAI സ്ട്രെയിനുകളുടെ ആവിർഭാവത്തിലും, ചംക്രമണത്തിലും താറാവുകൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടാകുമെന്ന് കരുതപ്പെടുന്നു, പ്രത്യേകിച്ച് ഏഷ്യയിൽ. ദേശാടന പക്ഷികളുടെ വരവിന് മുമ്പ് നെൽവയലുകളിൽ വൻതോതിൽ താറാവുകളെ വിടുന്നത് പോലുള്ള കാർഷിക രീതികൾ പക്ഷിപ്പനി വൈറസുകളുടെ (AIV) വ്യാപനത്തെ വർദ്ധിപ്പിച്ചിട്ടുണ്ടാകാം.

ചിത്രം 2: ജനിതക പുനഃക്രമീകരണം (Reassortment) source: DOI: 10.1080/22221751.2023.2186608

പക്ഷിപ്പനി  വൈറസുകളുടെ ജനിതക പുനഃസംയോജനം (Reassortment)

പക്ഷിപ്പനി വൈറസുകളുടെ പരിണാമത്തിനും, ഉയർന്ന രോഗവ്യാപന ശേഷിക്കും,  രോഗകാരകത്വത്തിനും, കാരണമാകുന്ന ഒരു പ്രതിഭാസമാണ്  ജനിതക പുനഃസംയോജനം (ചിത്രം 2). ഇൻഫ്ലുവെൻസ വൈറസിന്റെ ജീനോം എട്ട് കഷണമുള്ള ആർ.എൻ.എ-യാൽ നിർമ്മിതമാണ്.   വ്യത്യസ്ത ഇൻഫ്ലുവെൻസ വൈറസ് സ്ട്രെയിനുകളുടെ ആർ.എൻ.എ കഷണങ്ങൾ തമ്മിൽ തമ്മിൽ കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ ഫലമായി പുതിയ ജനിതക രൂപങ്ങൾ (Genotypes) ഉണ്ടാകുന്ന പ്രക്രിയയാണ് ജനിതക പുനഃസംയോജനം. ഒരേ സമയം ഒരു പക്ഷിയെ  രണ്ടോ അതിൽ കൂടുതലോ AIV സ്ട്രെയിനുകൾ  ബാധിക്കുമ്പോഴാണ് ജനിതക പുനഃസംയോജനം സംഭവിക്കുന്നത്. കോഴി ഫാമുകൾ, കാട്ടുപക്ഷികളുടെ കൂട്ടം , അല്ലെങ്കിൽ വ്യത്യസ്ത സ്ട്രെയിനുകൾ  ഒരുമിച്ച് പ്രചരിക്കുന്ന മറ്റ് സംവിധാനങ്ങൾ എന്നിവിടങ്ങളിൽ  ഈ പ്രതിഭാസം  സംഭവിക്കാം. അതിന്റെ ഫലമായുണ്ടാകുന്ന പുതിയ വൈറസുകളിൽ (Progeny Viruses) പൂർവിക സ്ട്രെയിനുകളിൽ (Parental strains) നിന്നുള്ള ജനിതക കഷണങ്ങൾ ഉണ്ടാകും. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ  തിരിച്ചറിയുന്ന നിർണായകമായ പുതിയ   ഉപരിതല പ്രോട്ടീനുകളുള്ള (ഹീമാഗ്ലൂട്ടിനിൻ [HA], ന്യൂറമിനിഡേസ് [NA]) വൈറസുകളുടെ  ആവിർഭാവത്തിന്  ഈ  പുനഃക്രമീകരണം വഴി തെളിച്ചേക്കാം. ഇത് ആന്റിജനിക് ഷിഫ്റ്റ് എന്ന പ്രതിഭാസത്തിന് കാരണമാകുന്നു, ഇതിന്റെ ഫലമായി ഉണ്ടാകുന്ന വൈറസുകൾക്ക് പാൻഡെമിക് ഉണ്ടാക്കാനുള്ള കഴിവ്, രോഗകാരകത്വം (Pathogenicity) , തീവ്രരോഗം ഉണ്ടാക്കാനുള്ള ശേഷി (virulence) എന്നിവ കൂടുതലായിരിക്കും.

ചിത്രം 3: ദേശാടന പക്ഷികളുടെ സഞ്ചാര പാതകൾ source: http://wpe.wetlands.org/Iwhatfly
.

പക്ഷികളുടെ ദേശാടനപാതകളും പക്ഷിപനി വയറസുകളുടെ ആഗോള വിതരണവും 

ദേശാടന പക്ഷികൾ വർഷം തോറും നിർവഹിച്ച് വരുന്ന ദേശാടന പറക്കലുകൾ പക്ഷിപ്പനിയുടെ ആഗോള ചംക്രമണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. പ്രധാന ദേശാടനപാതകളുടെ ( ചിത്രം 3) പേരുകൾ ചുവടെ കൊടുത്തിരിക്കുന്നു. 

  • ഈസ്റ്റ് അറ്റ്ലാന്റിക് ദേശാടനപാത
  • ഈസ്റ്റ് ഏഷ്യ/ഓസ്‌ട്രലേഷ്യ ദേശാടനപാത
  • പസഫിക് അമേരിക്കസ് ദേശാടനപാത
  • മിസിസിപ്പി ദേശാടനപാത
  • സെൻട്രൽ ഏഷ്യൻ ദേശാടനപാത
  • വെസ്റ്റ് ഏഷ്യൻ ദേശാടനപാത
  • സെൻട്രൽ പസഫിക് ദേശാടനപാത
  • അറ്റ്ലാന്റിക് അമേരിക്കസ് ദേശാടനപാത

ദേശാടന പക്ഷികളായ നീർപറവകൾ പക്ഷപ്പനി വൈറസുകളുടെ സ്വാഭാവിക ആതിഥേയരായി കരുതപ്പെടുന്നു.   രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ HPAI,LPAI വൈറസുകളെ ദീർഘ ദൂരം   വഹിക്കാനുള്ള ശേഷി ദേശാടന പക്ഷികൾക്ക് ഉണ്ട്, തത്‌ഫലമായി ഇവയുടെ സഞ്ചാരപാതയിലുടനീളം വൈറസുകൾ വ്യാപിക്കുന്നു. പലദേശാടന പാതകളും പരസ്പരം കൂട്ടിമുട്ടുന്നവയാണ്, ഇത് പലപ്പോഴും വിവിധ ഭൂഖണ്ഡാന്തര AIV സ്ട്രെയിനുകളുടെ മിശ്രണത്തിന് കാരണമാകുന്നു. ഇതിന്റെ ഫലമായി കൂടുതൽ തീവ്ര രോഗശേഷിയുള്ള വൈറസുകൾ ഉണ്ടാകുന്നു, ഇവ ദേശാടനപാതകളിലൂടെ പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഉദാഹരണത്തിന്, ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും H5N1 വ്യാപിച്ചത് കിഴക്കൻ ഏഷ്യ/ഓസ്‌ട്രലേഷ്യ ദേശാടനപാത, കരിങ്കടൽ/മെഡിറ്ററേനിയൻ ദേശാടനപാത എന്നിവയിലൂടെയാണ്.

ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസയുടെ (HPAI) ഉദയവും വ്യാപനവും 

ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ (HPAI) ലോകമെമ്പാടുമുള്ള കാട്ടുപക്ഷികളെയും വളർത്തു പക്ഷികളെയും സാരമായി ബാധിച്ചിട്ടുണ്ട്. 20 വർഷങ്ങൾക്ക് മുൻപുള്ള , ഹീമാഗ്ലൂട്ടിനിൻ സീക്വൻസുകളുടെ വംശപരമ്പര വിശകലനം (Phylogenetic analysis) സൂചിപ്പിക്കുന്നത്, LPAI വൈറസുകളിൽ നിന്ന് വ്യത്യസ്ത അവസരങ്ങളിൽ HPAI സ്‌ട്രെയിനുകൾ സ്വതന്ത്രമായി വികസിച്ചിട്ടുണ്ടെന്നാണ്. 

ചിത്രം 3: H5Nx പക്ഷിപ്പനി വൈറസുകളുടെ പരിണാമ ഘട്ടങ്ങൾ (source: https://doi.org/10.1098/rstb.2018.0257

H5N1 (H5Nx) പക്ഷിപ്പനിയുടെ ആവിർഭാവവും പരിണാമവും: 

1996-ൽ ചൈനയിലെ ഗ്വാങ്‌ഡോങ് (Guangdong) പ്രവിശ്യയിലെ വാത്തകളിലാണ് H5N1 HPAI-യെ (A/Goose/Guangdong/1/96) ആദ്യമായി കണ്ടെത്തിയത്, ദേശാടന പക്ഷികളിലെ H5 (ഹീമാഗ്ലൂട്ടിനിൻ-5 പ്രോട്ടീൻ സാന്നിധ്യമുള്ള) വൈറസുകളിൽ നിന്നാണ് ഇത് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.1997-ൽ ഹോങ്കോങ്ങിൽ ഈ വംശപരമ്പരയിൽ (lineage) പെട്ട (ഗൂസ് /ഗ്വാങ്‌ഡോങ് അല്ലെങ്കിൽ Gs/Gd) വൈറസുകൾ കോഴിഫാമുകളിൽ പക്ഷിപ്പനി പൊട്ടിപുറപ്പെടുന്നതിന് കാരണമായി,ഇത് മാരകമായ മനുഷ്യ അണുബാധകളിലേക്ക് നയിച്ചു (18 അണുബാധയും , 6 മരണവും), തുടർന്ന് ഈ വൈറസ് 860-ലധികം മനുഷ്യ അണുബാധകൾക്ക് കാരണമായി, അണുബാധയുടെ മരണനിരക്ക് 50%-ൽ അധികമായിരുന്നു. ഹോങ്കോങ്ങിൽ വിപുലമായ തലത്തിൽ ഈ വൈറസിന്റെ വ്യാപനം ഉണ്ടായി. തുടർന്നുണ്ടായ നിയന്ത്രണ നടപടികളുടെ ഫലമായി HK-97 എന്ന വംശപരമ്പരയിൽ പെട്ട HPAI H5N1 വൈറസ് അപ്രത്യക്ഷമായി. പക്ഷെ, 2001-ൽ Gs/Gd പോലുള്ള ജനിതകപരമായി പുനഃക്രമീകരിക്കപ്പെട്ട (Reassortment) H5N1 HPAI വൈറസുകൾ വീണ്ടും പ്രത്യക്ഷപെട്ടു. 1996 നും 2001 നും ഇടയിൽ പ്രചരിച്ച മൂല-HPAI H5N1 വൈറസും, മറ്റ് കുറഞ്ഞ രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ (LPAI) സ്ട്രെയിനുകളും തമ്മിലുള്ള ജനിതക വസ്തുക്കളുടെ പുനഃക്രമീകരണത്തിന്റെ ഫലമായാണ് മേൽപറഞ്ഞ HPAI വൈറസുകൾ ഉണ്ടായത്. 

വർഷങ്ങളോളം, H5N1 വൈറസുകളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷെ , 2003-ൽ, ചൈനയിലും, ഹോങ്കോങ്ങിലും H5N1 വൈറസുകളുടെ (ജനിതകതരം -Z) വ്യാപനം ഉണ്ടായി, ഇത് മനുഷ്യരിൽ അണുബാധകൾക്ക് കാരണമായി. ഇതിനെ തുടർന്ന് തെക്ക് കിഴക്കൻ ഏഷ്യയിൽ പക്ഷിപ്പനിയുടെ ചംക്രമണം ഉണ്ടായി. കോഴികളിൽ പൊട്ടിപ്പുറപ്പെട്ട ഈ അസുഖം വിയറ്റ് നാം, തായ്‌ലൻഡ് എന്നിവിടങ്ങളിൽ ഗുരുതരമായ മനുഷ്യ അണുബാധ ഉണ്ടാക്കി. 

2005-ൽ ആഫിക്കയിലെയും, മധ്യ പൂർവേഷ്യയിലെയും, യൂറോപ്പിലെയും കോഴികളിൽ H5N1 വൈറസുകളുടെ വ്യാപനം ഉണ്ടായി. ഈ ഘട്ടത്തിലും, തുടർന്നുള്ള വർഷങ്ങളിലും H5N1 ൻ്റെ ഹീമാഗ്ലൂട്ടിനിൻ (HA) ജീൻ വിവിധ ജനിതക ഗ്രൂപ്പുകളായി (clades) വൈവിധ്യവൽക്കരിച്ചു. തുടർന്ന് വൈറസിന്റെ വിവിധ ജനിതക  വംശപരമ്പരകൾ (lineages) കണ്ടുപിടിക്കപ്പെട്ടു. 

ഉയർന്ന രോഗകാരിയായ H5 വൈറസുകളുടെ വൈവിധ്യവൽക്കരണം (2009-2018)

2009 നും 2018 നും ഇടയിൽ, ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ (HPAI) H5 വൈറസുകൾ കാര്യമായ വൈവിധ്യവൽക്കരണത്തിന് വിധേയമായി. ഈ കാലഘട്ടത്തിൽ 10 പ്രധാന ജനിതക ഗ്രൂപ്പുകളുണ്ടായി (clades). ജനിതക പരിണാമവും, വിവിധ ആതിഥേയരോടും, പരിസ്ഥിതികളോടുമുള്ള വൈറസിന്റെ പൊരുത്തപ്പെടലാണ് മേൽപറഞ്ഞ വൈവിധ്യവൽക്കരണത്തെ നയിച്ചത്. ഇതിൽ ക്ലാഡ് -2 ലെ ഉപ വംശങ്ങൾ അനേകം പക്ഷികളെ ബാധിക്കുകയും, മനുഷ്യരിൽ അണുബാധ ഉണ്ടാക്കുകയും, കൂടുതൽ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. H5 വംശശാഖകളിൽ വൈവിധ്യത്താൽ ഏറ്റവും ശ്രദ്ധേയമായത് 2.3.2.1, 2.3.4.4 എന്നീ ശാഖകളാണ്. ഇതിൽ ക്ലേഡ് 2.3.4.4 വളരെ വൈവിധ്യപൂർണ്ണമാവുകയും, ആഗോളതലത്തിൽ നിരവധി പ്രധാന പക്ഷിപ്പനി പൊട്ടിപുറപ്പെടലുകൾക്ക് കാരണമാകുകയും ചെയ്തു. 

H5N6, H5N8 വൈറസുകളുടെ ആവിർഭാവം (2014-2016)

H5N6, H5N8 വൈറസുകളെ ആദ്യമായി കണ്ടെത്തിയത് യഥാക്രമം ചൈന, ദക്ഷിണ കൊറിയ എന്നിവിടിങ്ങളിൽനിന്നാണ്. H5N1 വൈറസും, മറ്റ് ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളും തമ്മിലുള്ള ജനിതക പുനഃസംയോജനത്തിലൂടെയാണ് ഈ H5N6, H5N8 വൈറസുകൾ ആവിർഭവിച്ചത്. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, വിയറ്റ് നാം എന്നീ ഏഷ്യൻ രാജ്യങ്ങളിൽ പക്ഷിപ്പനി പൊട്ടിപ്പുറപ്പെടാൻ ഈ വൈറസുകൾ കാരണമായി. ഈ കാലഘട്ടത്തിലാണ് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മദ്ധ്യ പൂർവേഷ്യ , വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ ഹീമാഗ്ലൂട്ടിനിൻ ജീൻ ക്ലേഡ് 2.3.4.4 ആയി വൈവിധ്യവൽക്കരിച്ചത്. 2014-2016 കാലഘട്ടത്തിൽ H5N6, H5N8 വൈറസുകൾ കോഴികളെ ഗണ്യമായി കൊന്നൊടുക്കി. കൂടാതെ അവ മനുഷ്യരിൽ ഗുരുതരമായ രോഗങ്ങളും മരണങ്ങളും ഉണ്ടാക്കുകയും ചെയ്തു.

ക്ലേഡ് 2.3.4.4b  (H5Nx) വൈറസുകളുടെ വ്യാപനം (2018-2020)

2018-2020 കാലഘട്ടത്തിൽ H5N6, H5N8 വൈറസുകൾ ആഗോളതലത്തിൽ പ്രബലമായി, അതേസമയം H5N1അപ്രത്യക്ഷമാകുകയും ചെയ്തു. ഇതേ കാലഘട്ടത്തിൽ ഹീമാഗ്ലൂട്ടിനിൻ ജീനിന് വൈവിധ്യവൽക്കരണം സംഭവിക്കുകയും തത്‌ഫലമായി 2.3.4.4b എന്ന ക്ലാഡ് ആവിർഭവിക്കുകയും ചെയ്തു, തുടർന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മധ്യ പൂർവേഷ്യ എന്നിവടങ്ങളിൽ ഈ വൈറസ് വ്യപകമായി പ്രചരിച്ചു. കൂടാതെ ഈ വൈറസുകൾ മനുഷ്യരിൽ വ്യാപകമായി അണുബാധയുണ്ടാക്കി. 

ഉയർന്നരോഗകാരിയായ H5N1 2.3.4.4b ക്ലാഡിന്റെ ഉത്ഭവവും വ്യാപനവും 

2020-ൽ, ഉയർന്ന രോഗകാരിയായ ഏവിയൻ ഇൻഫ്ലുവൻസ A (H5N1) ക്ലേഡ് 2.3.4.4b-ൽ പെട്ട വൈറസുകൾ ഉയർന്നുവരുകയും ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിൽ പല ഭാഗങ്ങളിലും അതിവേഗം വ്യാപിക്കുകയും ചെയ്തു. 2021 അവസാനത്തോടെ, 2.3.4.4b ക്ലേഡ് ഇൻഫ്ലുവൻസ A(H5N1) വൈറസുകൾ വടക്കേ അമേരിക്കയിലേക്കും, തെക്കേ അമേരിക്കയിലേക്കും വ്യാപിച്ചു. കാട്ടുപക്ഷികളുടെയും, വളർത്തു പക്ഷികളുടെയും അണുബാധയ്ക്ക് പുറമേ പല സസ്തനികളിലും ഈ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്, രോഗബാധിതരായ പക്ഷികളുമായോ മലിനമായ ചുറ്റുപാടുകളുമായോ സമ്പർക്കം പുലർത്തുന്നതിലൂടെയാണ് ജീവികളിൽ നിന്ന് ജീവികളിലേക്ക് ഈ വൈറസ് വ്യാപിച്ചത്. ആഗോളതലത്തിൽ, HPAI H5N1 വൈറസുകളുടെ ഈ 2.3.4.4b ക്ലേഡ് വ്യാപകമായി. 2023-ലെ ശരത്കാലത്തിൽ, അൻ്റാർട്ടിക്കയിലെ പക്ഷികളിൽ വരെ HPAI H5N1 വൈറസുകളുടെ സാന്നിധ്യം (ആദ്യമായി) കണ്ടെത്തി.

സസ്തനികളിലെ HPAI A(H5N1) വൈറസ് അണുബാധ 

2003-2004 മുതൽ കോഴികളിലും കാട്ടുപക്ഷികളിലും HPAI H5N1 വൈറസ് വ്യാപനം ഉണ്ടായ സമയത്ത് സസ്തനികളിലും HPAI H5N1 വൈറസ് അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വളരെ ഉയർന്ന അളവിൽ വൈറസിന്റെ സാന്നിധ്യം ഉള്ള പക്ഷികളെയോ, കോഴികളെയോ ഭക്ഷിച്ച സസ്തനികളിലാണ് പൊതുവെ വൈറസ് ബാധ കണ്ടിട്ടുള്ളത് . 

2022 ജനുവരി മുതൽ, കുറുക്കൻമാർ (ഫിൻലാൻഡ്), കടൽ സിംഹങ്ങൾ (അർജന്റീന, ചിലി, പെറു), മിങ്കുകൾ (സ്പെയിൻ), ധ്രുവ കരടി, നീർനായ, ആടുകൾ (അമേരിക്കൻ ഐക്യനാടുകൾ), കടലാന (അർജന്റീന), പൂച്ചകൾ (പോളണ്ട്, ഫ്രാൻസ്, ദക്ഷിണ കൊറിയ, അമേരിക്കൻ ഐക്യനാടുകൾ), നായകൾ (ഇറ്റലി) എന്നീ സസ്തനികളിൽ ഉയർന്നരോഗകാരിയായ H5N1 2.3.4.4b വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടുണ്ട്. കൂടാതെ മാർച്ച് മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതു സംസ്ഥാനങ്ങളിലെ ഏകദേശം 80 കാലി വളർത്തുകേന്ദ്രങ്ങളിൽ HPAI H5N1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പശുവിന്റെ പാലിൽ പോലും വൈറസിന്റെ ജനിതക വസ്തുവിന്റെ സാന്നിധ്യം കാണപ്പെട്ടു.

പശുക്കളിലേയും, മറ്റ് സസ്തനികളിലേയും വൈറസ് സാന്നിധ്യം ശാസ്ത്രലോകത്ത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മൂന്ന് പ്രവേശന മാർഗ്ഗങ്ങളിലൂടെ (ഗ്രാഹികൾ/receptors) വൈറസിന് പശുക്കളിലേക്ക് പ്രവേശിക്കാനാകും. ഇതിൽ ഒരു ഗ്രാഹി മനുഷ്യ കോശത്തിൽ കാണപ്പെടുന്നതും, മറ്റൊന്ന് കോഴികളിൽ കാണപ്പെടുന്നതും, മൂന്നാമത്തേത് താറാവുകളിൽ കാണപ്പെടുന്നതുമാണ്. ഇതിൽ പക്ഷികളിൽ കാണപ്പെടുന്ന ഗ്രാഹികളിലൂടെയാണ് പശുവിന് വൈറസ് ബാധ ഉണ്ടായത്. താറാവിന്റെയും, മനുഷ്യന്റെയും ഇൻഫ്ലുൻസ വൈറസ് ഗ്രാഹികൾ പശുവിന്റെ സസ്തനഗ്രന്ഥിയിൽ വ്യാപകമായി കാണാം. കൂടാതെ പശുവിന്റെ ശ്വസനനാളിയിൽ കോഴികളുടെ ഇൻഫ്ലുൻസ വൈറസിന്റെ ഗ്രാഹികൾ ഉണ്ട്. സസ്തനഗ്രന്ഥിയിലെ മേൽപറഞ്ഞ ഗ്രാഹികളിലെ സാന്നിധ്യം പാലിലെ വൈറസ് സാന്നിധ്യത്തെ സാധൂകരിക്കുന്നതാണ്. കൂടാതെ കന്നുകാലികളിൽ വിവിധതരം ഇൻഫ്ലുൻസ (വിവിധ ആതിഥേയരെ ബാധിക്കുന്ന) വൈറസുകളുടെ ജനിതക വസ്തുക്കളുടെ മിശ്രണം നടന്ന് ഒരു പുതിയ ഇൻഫ്ലുൻസ വൈറസ് ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് മേൽപറഞ്ഞ വസ്തുതകൾ വിരൽ ചൂണ്ടുന്നത്. 

മനുഷ്യനിലെ H5N1 അണുബാധ

മിക്കവാറും എല്ലാ മനുഷ്യ H5N1 കേസുകളും രോഗബാധിതരായ കോഴികളുമായുള്ള നേരിട്ടുള്ള സമ്പർക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു, രോഗം ബാധിച്ചതോ, ചത്തതോ ആയ പക്ഷികളുമായുള്ള സമ്പർക്കമോ, കോഴി വിൽപ്പന കേന്ദ്രങ്ങളുടെ സന്ദർശനമോ   ഈ രോഗ വ്യാപനത്തിന്   കാരണമായി. 2004-2007 കാലത്ത് കുടുംബ ക്ലസ്റ്ററുകൾക്കുള്ളിൽ രോഗബാധിതനായ വ്യക്തിയുമായി ദീർഘനേരം, സുരക്ഷിതമല്ലാത്ത അടുത്ത സമ്പർക്കം പുലർത്തിയതിന്റെ ഫലമായി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള പരിമിതമായ രോഗപകർച്ച നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

1997 മുതൽ, 24 രാജ്യങ്ങളിൽ നിന്ന് 912 മനുഷ്യ H5N1 അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ  H5N1 അണുബാധയുടെ മരണനിരക്ക് 50% ന് മുകളിലാണ്. 2006 നും 2017 നും ഇടയിലാണ് മനുഷ്യനിലെ H5N1 അണുബാധ അതിന്റെ മൂർധന്യത്തിലെത്തിയത്, വിവിധ രാജ്യങ്ങളിലുണ്ടായ H5N1-ന്റെ പൊട്ടിപുറപ്പെടലുകളാണ് ഇതിന് കാരണമായത്. 

2024-ൽ അമേരിക്കൻ ഐക്യനാടുകളിലെ ഡയറി ഫാമുകളുമായി ബന്ധപ്പെട്ട് മൂന്ന് മനുഷ്യ അണുബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അണുബാധയുടെ ഫലമായി ക്ഷീണം, ചെങ്കണ്ണ്  എന്നിവ മുതൽ ശ്വാസകോശ സംബന്ധമായ അസുഖം വരെയുള്ള ലക്ഷണങ്ങൾ രോഗികളിൽ പ്രകടമായി. ഇതിൽ ആദ്യരോഗിയിൽ നിന്ന് കണ്ടെത്തിയ വൈറസും പശുക്കളിൽ നിന്ന് വേർതിരിച്ചെടുത്ത വൈറസും തമ്മിൽ  വളരെ ഉയർന്ന  ജനിതക സാമ്യം (ജനിതക രൂപം-B3.13) ഉണ്ടായിരുന്നു. ഈ ജനിതക സാമ്യം പശുവിൽ നിന്ന് മനുഷ്യനിലേക്ക് അസുഖം പകരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.  കൂടാതെ മേൽപറഞ്ഞ വൈറസുകൾക്ക് പൊതുവായ ഒരു മ്യുറ്റേഷൻ (PB2 M631L) ഉണ്ടായിരുന്നു. ഈ മ്യുറ്റേഷൻ സസ്തനികളുമായി  പൊരുത്തപ്പെടാനുള്ള വൈറസിൻ്റെ കഴിവിനെ കാണിക്കുന്നു, ഇത് വൈറസിന് രോഗകാരിത്വവും, കൂടുതൽ  പടർന്ന് പിടിക്കാനുള്ള ശേഷിയും പ്രധാനം ചെയ്യുന്നു. 

2022 ജനുവരി മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട പല HPAI H5N1 മനുഷ്യ അണുബാധകളും അടുത്തിടെ രോഗം ബാധിച്ചതോ ചത്തതോ ആയ കോഴിയുമായി സമ്പർക്കം പുലർത്തിയത്തിന്റെ ഫലമായി ഉണ്ടായതാണ്. ഇതിൽ പതിനഞ്ച് കേസുകൾ  (8 കുട്ടികൾ, 7 മുതിർന്നവർ) ഗുരുതരമായതോ ഗുരുതരമായതോ ആയ രോഗലക്ഷണങ്ങൾ  ഉള്ളവരായിരുന്നു, ഇതിൽ ഏഴ് പേർ  (3 കുട്ടികൾ, 4 മുതിർന്നവർ) മരിച്ചു. 

2022 മുതൽ റിപ്പോർട്ട് ചെയ്ത ഏഴ് രാജ്യങ്ങളിലെ 14  അണുബാധകൾക്ക് ഉത്തരവാദി ക്ലേഡ് 2.3.4.4b-ൽ പെട്ട HPAI H5N1 വൈറസാണ്. കൂടാതെ കംബോഡിയയിലെയും  വിയറ്റ്നാമിലെയും  പതിനൊന്ന് കേസുകൾ  ക്ലേഡ് 2.3.2.1c HPAI H5N1 വൈറസുകളുമായി ബന്ധപ്പെട്ടുണ്ടായതാണ്. ഇന്ത്യയിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള ഓസ്‌ട്രേലിയയിലെ ഒരു കുട്ടിക്ക് 2024 മാർച്ചിൽ ഗുരുതരമായ അസുഖം ബാധിച്ചു. ഈ അസുഖബാധയ്ക്ക് ഉത്തരവാദി ക്ലേഡ് 2.3.2.1a HPAI H5N1 വൈറസാണ്.

HPAI H5N1 വൈറസ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുമ്പോൾ ജനിതക മാറ്റങ്ങൾക്ക് വിധേയമാകാം. ഇത് ആതിഥേയനോട് പൊരുത്തപ്പെടാൻ വൈറസിനെ സഹായിക്കുന്നു. കംബോഡിയയിലെയും വിയറ്റ് നാമിലേയും, അമേരിക്കയിലേയും മനുഷ്യരിൽ നിന്ന് വേർതിരിച്ചെടുത്ത വൈറസുകൾക്ക് കൂടുതൽ ഫലപ്രദമായി  സസ്തനികളിലെ കോശങ്ങളെ ബാധിക്കാനും, വിഭജിക്കാനുമുള്ള  ആനുകൂലനങ്ങൾ ഉണ്ടായിരുന്നു.  

H7N9 ആവിർഭാവവും വ്യാപനം 

H5 വൈറസുകളെ (H5Nx) പോലെ മറ്റൊരു HPAI വൈറസാണ് H7N9. LPAI വൈറസ് കാട്ടുപക്ഷികളിൽ നിന്ന് വളർത്തു പക്ഷികളിലേക്ക് (താറാവ്) പടർന്നതിന്റെ ഫലമായുള്ള ജനിതക പുനസംയോജനമാണ് H7N9 വൈറസുകളുടെ ഉത്ഭവത്തിന് കാരണം. ആദ്യത്തെ മനുഷ്യ H7N9 കേസുകൾ 2013 ഫെബ്രുവരിയിൽ ചൈനയിലെ ഷാങ്ഹായിലും അൻഹുയിയിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 2013 നും ജൂലൈ 2017 നും ഇടയിൽ, മനുഷ്യ H7N9 അണുബാധയുടെ അഞ്ച് കാലിക തരംഗങ്ങൾ ഉണ്ടായിരുന്നു.മിക്ക മനുഷ്യ അണുബാധകളും കോഴി മാർക്കറ്റുകളിലേക്കോ പക്ഷികൾ ഉള്ള ചുറ്റുപാടുകളിലേക്കോ സമ്പർക്കം പുലർത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. തുടക്കത്തിൽ, കോഴി മാർക്കറ്റിലെ H7N9 വൈറസ് LPAI വിഭാഗത്തിൽ പെട്ടവ ആയിരുന്നു, ഇത് പക്ഷികളിൽ നേരിയതോ ലക്ഷണമോ ആയ അണുബാധയ്ക്ക് കാരണമാവുകയും എന്നാൽ മനുഷ്യരിൽ ഗുരുതരമായ അസുഖം ഉണ്ടാക്കുകയും ചെയ്തു. ഹീമാഗ്‌ളൂട്ടിനിൻ പ്രോട്ടീനിലെ ചില മ്യുട്ടേറ്റെഷനുകൾ സസ്തനികൾക്കിടയിൽ വായുവിലൂടെ പകരാനുള്ള H7N9 കഴിവ് വർദ്ധിപ്പിച്ചു. 

അഞ്ചാമത്തെ തരംഗം (സെപ്റ്റംബർ 2016) തെക്കൻ, കിഴക്കൻ ചൈനയ്‌ക്കപ്പുറത്തേക്ക് മനുഷ്യരുടെ കേസുകളുടെ വർദ്ധനവും ഭൂമിശാസ്ത്രപരമായ വ്യാപനവും കണ്ടു.H7N9-ൻ്റെ HPAI പതിപ്പുകൾ 2016 അവസാനത്തിലും 2017 ൻ്റെ തുടക്കത്തിലും കോഴികളിലും മനുഷ്യരിലും കണ്ടെത്തി.എന്നാൽ വാക്‌സിനേഷൻ പോലുള്ള ശക്തമായ പ്രതിരോധ നടപടികൾ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിച്ചു. പിന്നീട് H7N9 വ്യാപനത്തിന്റെ വലിയ തരംഗങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 

ഉപസംഹാരം 

കഴിഞ്ഞ നൂറ് വർഷമായി പക്ഷി പനി ഉണ്ടാകുന്ന വൈറസുകൾ ലോകത്തിലാകമാനം പ്രചരിക്കുന്നുണ്ട്.  AIV സ്ട്രെയിനുകളുടെ ഭൂഖണ്ഡതര വ്യാപനം കാട്ട് ദേശാടനപക്ഷികൾ വഴിയാണ് നടക്കുന്നത്. ദേശാടന പക്ഷികളിൽ നിന്ന് ഈ അസുഖം വളർത്തു പക്ഷികളിലേക്കും, സസ്തനികളിലേക്കും പകരാം. സമാനമായി വളർത്തു പക്ഷികളിൽ നിന്നും, വളർത്തു മൃഗങ്ങളിൽ നിന്നും ഈ മനുഷ്യനിലെക്കോ, മറ്റ് സസ്തനികളിലേക്കോ പകരാം. AIV-ക്ക് ഇൻഫ്ലുവൻസ വൈറസുകളുമായി ജനിതക പുനഃസംയോജനത്തിന് വിധേയമാകാൻ കഴിയും, ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് കാര്യക്ഷമമായി പകരാൻ കഴിവുള്ള പുതിയ വൈറസുകളുടെ ആവിർഭാവത്തിലേക്ക് വഴിതെളിച്ചേക്കാം. ഈ വൈറസിന്റെ വ്യാപനം, വ്യാപകമായ രോഗവ്യാപനവും മരണവും ഉള്ള ഒരു മഹാമാരിയിലേക്ക് നയിച്ചേക്കാം. പുതിയ AIV സ്ട്രെയിനുകൾക്കെതിരായുള്ള   പ്രതിരോധശേഷി മനുഷ്യർക്ക് പൊതുവെ കുറവാണ്, ഇത് ഒരു പാൻഡെമിക് സ്‌ട്രെയിൻ ഉയർന്നുവരാനും, അതിന്റെ വ്യാപനത്തിനുമുള്ള  സാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള സ്ട്രെയിനുകളുടെ ആവിർഭാവം പൊതുജന ആരോഗ്യ സംവിധാനങ്ങളെ ബാധിക്കും. കൂടാതെ ആന്റി വൈറൽ ചികിത്സയെയും, വാക്സിൻ കാര്യക്ഷമതയെയും പാൻഡെമിക് സ്‌ട്രെയിൻ ബാധിക്കും.

2005 മുതൽ പക്ഷിപ്പനി വൈറസുകൾ ഉയർന്ന തോതിലുള്ള മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇത്തരം മാറ്റങ്ങളെ തിരിച്ചറിയാൻ ശക്തമായ നിരീക്ഷണ സംവിധാനം ആവശ്യമാണ്. കൂടാതെ അസുഖത്തിന്റെ പൊട്ടിപുറപ്പെടലിനെ വളരെ പെട്ടെന്ന് തിരിച്ചറിയാനും, അതിനെ നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങൾ രോഗത്തിന്റെ വ്യാപനത്തെ തടയാൻ ആവശ്യമാണ്. പക്ഷിപ്പനി ഒരു ജന്തുജന്യ രോഗമാണ് (Zoonotic Disease). ഇതിനാൽ ഏകാരോഗ്യം (one health) പോലുള്ള പൊതുജനാരോഗ്യ സമീപനങ്ങൾ പക്ഷിപ്പനി തടയാൻ ഉപയോഗപ്രദമാണ്. പക്ഷിപ്പനി പോലുള്ള ആഗോള ആരോഗ്യ ഭീഷണികളെ തടയാനും, പ്രവചിക്കാനും, കണ്ടെത്താനും, പ്രതികരിക്കാനും ഏകാരോഗ്യം പോലുള്ള സമീപനത്തിന് സാധിക്കും.

അധികവായനയ്ക്ക്

  1. http://dx.doi.org/10.1098/rstb.2018.025
  2. https://doi.org/10.3390/ v16030458
  3. https://doi.org/10.1038/s44298-024-00039-z
  4. https://www.cdc.gov/bird-flu/php/
  5. https://www.biorxiv.org/
  6. https://luca.co.in/influenza/

അനുബന്ധ വായനയ്ക്ക്

Happy
Happy
33 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തുറന്നു നോക്കൂ ആ മാന്ത്രികപ്പെട്ടികൾ – പ്രൊഫ. എസ് ശിവദാസ്
Next post കേരളത്തിലെ ഭൂചലനവും അറിയേണ്ട വസ്തുതകളും
Close