Read Time:13 Minute

കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ജൂൺ 15, 16 തീയതികളിൽ ചെറു ഭൂചലനങ്ങൾ അനുഭവപ്പെടുകയുണ്ടായി. ഭൂമിയുടെ ചില ഭാഗങ്ങളിൽ സംഭരിക്കപ്പെടുന്ന മർദ്ദം പെട്ടെന്ന് മോചിതമാകുമ്പോഴാണല്ലോ ഭൂചലനം അനുഭവപ്പെടുന്നത്. ആദ്യദിനം റിക്ടർ സ്കെയിലിൽ മൂന്നും അടുത്ത ദിവസം തീവ്രത കുറഞ്ഞ് 2.9-ലും എത്തി. സ്വരൂപിച്ച മർദ്ദം ക്ഷയിച്ചു വരുന്നതിന്റെ ലക്ഷണമായി ഇതിനെ കരുതാം. ആ പ്രദേശത്തിന്റെ പ്രത്യേകതകളും അവിടുത്തെ ഭൂചലനങ്ങളുടെ സ്വഭാവവും പരിഗണിച്ചുള്ള ഒരു നിഗമനമാണിത്. വലിയ ഭൂകമ്പ സാദ്ധ്യതയില്ലാത്ത പല പ്രദേശങ്ങളിലും ധാരാളം ചെറിയ ചലനങ്ങളിലൂടെ പല തവണകളായി മർദ്ദം പുറത്തേക്കു പോകുന്നു. ക്രമേണ ഭൂചലനത്തിന്റെ തീവ്രതയും കുറയുന്നതായാണ് പൊതുവെ കണ്ടുവരുന്നത്. 

പല വിധത്തിലാണ് കമ്പനം അനുഭവപ്പെട്ടിട്ടുള്ളത്. ആദ്യ ദിവസം കട്ടിലിൽ കിടന്നവർക്ക് ചലനം അനുഭവപ്പെട്ടവരുണ്ട്, ചില  വീടുകൾക്ക് വിള്ളലുകൾ ഉണ്ടായിട്ടുണ്ട്, ശബ്ദവും മുഴക്കവും കേട്ടതായും റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന്റെ ആഘാതം അതാതു പ്രദേശത്തെ ശിലകൾ, മണ്ണ്, എന്നിവയുടെ സ്വഭാവം ഭൂചലന കേന്ദ്രത്തിന്റെ ആഴം എന്നിവയെ ആശ്രയിച്ചിരിക്കും. ഭൂകമ്പ തരംഗങ്ങളുടെ ഉത്ഭവ കേന്ദ്രത്തിന്റെ ആഴം പ്രതലത്തിൽ നിന്നും ഏതാണ്ട് 5 – 6  കിലോമീറ്ററിൽ താഴെ വരുമ്പോഴാണ് വലിയ മുഴക്കങ്ങൾ കേൾക്കുന്നത്. ആഴം കുറഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് തരംഗങ്ങൾ പുറപ്പെട്ട് അത് വായുവുമായി കലരുമ്പോഴാണ് മുഴക്കമുണ്ടാകുന്നത്. ഇപ്പോഴുണ്ടായ ഭൂചലനം അവിടെയുള്ള ജനങ്ങൾക്ക് അനുഭവപ്പെട്ടത് 3-8 സെക്കന്റുകൾ മാത്രമാണ്.

ചിത്രം 1 – കേരളത്തിലെ ഭൂചലനങ്ങളും ലീനിയമെന്റ്സുമായുള്ള ബന്ധവും Source: KSCSTE (2006), Natural Hazards (Annexure)

ഭൂചലനങ്ങൾ കേരളത്തിൽ

കേരളത്തിൽ കഴിഞ്ഞ പല നൂറ്റാണ്ടുകളായി നേരിയ തോതിൽ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്ര രേഖയിൽ സ്ഥാനം പിടിച്ചിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ഭൂകമ്പം 1341 ൽ മലബാർ തീരപ്രദേശത്തുണ്ടായ ഭൂകമ്പമാണ്. വൈപ്പിൻ ദ്വീപിന്റെ രൂപീകരണവുമായി ഈ ഭൂചലനത്തിന് ബന്ധമുണ്ടന്നുള്ള വാദഗതികൾ നിലവിലുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ, മലബാർ മേഖലയിൽ ചെറുചലനങ്ങൾ ഉണ്ടായത്തതായി രേഖകൾ ഉണ്ട്. മറ്റു പ്രധാനപ്പെട്ടവ 1953 ൽ പാലായിലും 1984 ൽ കോഴീക്കോടു കോട്ടുളിയിലുമാണ് (ചിത്രം 1).  കേരളത്തിൽ ഉപകരണങ്ങളാൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഭൂചലനം 2000 ഡിസംബർ 12ാം തീയതി ഈരാറ്റുപേട്ടക്കു സമീപമുണ്ടായ 5 തീവ്രതയുള്ളതാണ്. ഇതിനെ ചെറിയ ഇടത്തരം ഭൂമി കുലുക്കം എന്ന് വിശേഷിപ്പിക്കാം. 1988 ൽ നെടുങ്കണ്ടം (4.5), 1994 ൽ വടക്കാഞ്ചേരി (4.3), 2001-ൽ ഈരാറ്റുപേട്ട (4.8), 2020 ൽ പുനലൂരിനു സമീപം (4.6) എന്നിവയാണ് മറ്റു പ്രധാനപ്പെട്ടവ. റിക്ടർ സ്കെയിലിൽ 2 മുതൽ 3 വരെ വ്യാപ്തിയുള്ളവയെ നേരിയ ഭൂചലനങ്ങൾ എന്ന ഗണത്തിൽ ഉൾപ്പെടുത്താം.

ചിത്രം 2 –1994 ൽ വടക്കാഞ്ചേരിയിൽ നടന്ന ഭൂകമ്പ ആഘാത കേന്ദ്രം Source : Rajendran CP and Kusala Rajendran (1996) , Current Science

കേരളത്തിൽ നിരവധി ഭ്രംശന മേഖലകളും ചെറുതും വലിയതുമായ വിളളലുകളും (ലീനെയാമെന്റ്സ്) ഉണ്ട്. ഈ ഭൂചലനങ്ങൾ എല്ലാം ഏതെങ്കിലും ദുർബലമായ ഇത്തരം  മേഖലയുമായി ബന്ധപ്പെട്ടാണ് നടന്നിട്ടുള്ളത്. തെക്കൻ കേരളത്തിൽ അച്ചൻകോവിൽ തേന്മല, പെരിയാർ, ഇടമലയാർ ഭൃംശ  മേഖലകളിലും, പാലക്കാട് ചുരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില ഭൃംശങ്ങളിലുമാണ് ചെറിയ ഭൂചലനങ്ങൾ ആവർത്തിക്കുന്നതായി കണ്ടുവരുന്നത്. വടക്കാഞ്ചേരിയിൽ 1994 ഡിസംബർ രണ്ടിനു റിക്ടർ സ്കെയിലിൽ 4 ൽ കൂടുതൽ രേഖപ്പെടുത്തിയ തീവ്രത കൂടിയ ചലനം പാലക്കാട് ചുരത്തിലുള്ള വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്ക് ദിശയിലുള്ള ഭ്രംശവുമായി ബന്ധപ്പെട്ടാണ് ഉണ്ടായത് എന്ന്പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ചിത്രം.3 : കേരളത്തിൽ 2000 – 2016 മുതൽ രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ. മിക്ക ഭൂകമ്പങ്ങളും ലീനിയമൻ്റ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. Source: SEOC, Dept .of Disaster Management, Kerala

ഇന്ത്യയിൽ ഭൂകമ്പ നിരീക്ഷണത്തിനായി ചുമതലപ്പെടിത്തിയിട്ടുള്ളത് നാഷണൽ സെന്റർ ഫോർ സീസ്മോളജി എന്ന സ്ഥാപനത്തെയാണ്. കേരളത്തിൽ നാഷണൽ സെൻ്റർ ഫോർ സീസ്മോളജി, നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് , കെ.എസ്.ഇ.ബി എന്നിവരുടെ മേൽ നോട്ടത്തിൽ ഭൂകമ്പ മാപിനികൾ വിവിധ പ്രദേശങ്ങളിൽ   പ്രവർത്തിച്ചു വരുന്നു. ഭൂചലനം പ്രവചിക്കാൻ സംവിധാനങ്ങൾ നിലവിലില്ല.

ഭൂകമ്പസമയത്തും അതിനു ശേഷവും എന്തുചെയ്യണം, ചെയ്യരുത് ?

കേരളത്തിൽ വൻ ഭൂചലനങ്ങൾക്ക് സാദ്ധ്യത കുറവാണ് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഭൂകമ്പ സമയത്തും അതിനു ശേഷവും എന്തുചെയ്യണം, ചെയ്യരുത് എന്ന് ജനങ്ങൾക്ക് അവബോധമുണ്ടാകേണ്ടതുണ്ട്. ഭൂമി കുലുക്കം ഉണ്ടാകുമ്പോൾ സുരക്ഷിതരായി ഇരിക്കാൻ  വേണ്ട കരുതലുകൾ എടുക്കുക എന്നത് പ്രധാനമാണ്. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുന്നത് അപകടങ്ങളെ നേരിടാൻ സഹായിക്കും. ഒറ്റനില  വീടിനുള്ളിലാണെങ്കിൽ പുറത്തേക്ക് ഇറങ്ങി നിൽക്കാം. ബഹുനില കെട്ടിടത്തിലാണെങ്കിൽ ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക. അപകടം കുറഞ്ഞ സ്ഥലത്തേക്കു മാറിനിൽക്കുക. രാത്രിയിൽ പുറത്തേക്ക് പോവുകയാണെങ്കിൽ ഇലകട്രിക്  കമ്പികൾ വല്ലതും പൊട്ടി താഴെ കിടക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം പുറത്തേക്കിറങ്ങുക.  ചെറുചലനങ്ങൾ അനുഭവപ്പെട്ടാൽ പവർ മെയിൻ സ്വിച്ച് ഓഫാക്കാനും , അടുക്കളയിലെ വാതക സി ലണ്ടറുകളുടെ വാൽവ്   അടയ്ക്കാനും ശ്രദ്ധിക്കണം. കിണറ്റിലെ ജലത്തിന് നിറ വ്യത്യാസമോ ദുർഗന്ധമോ ഇല്ല  എന്ന് ഉറപ്പാക്കി മാത്രം  ഉപയോഗിക്കുക.   ഭൂചലനം  ആവർത്തിക്കുന്ന മേഖലകളിൽ നിർമ്മിക്കുന്ന വീടുകളുടെ ബലം ഉറപ്പുവരുത്താൻ ജാഗ്രത പാലിക്കണം. ചതുപ്പ് നിലങ്ങളും, തണ്ണീർത്തടങ്ങളും  മറ്റും മണിട്ടുനികത്തി അംബരചുംബികളായ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ഭൂകമ്പ സാധ്യത കണക്കിലെടുത്ത് നിർമ്മാണ രീതിയിൽ മാറ്റം വരുത്തണം.  

ഭൗമ പാളിയിലെ ഭ്രംശം വീണ്ടും സജീവമാകാനുള്ള കാരണങ്ങളെ ക്കുറിച്ച് വ്യക്തമായ ഭൌമ ശാസ്ത്ര  പഠനം നടത്തണം.  1994 മുതൽ ഈ മേഖലയിൽ ഭൂചലന മുണ്ടാകുന്നത് മഴയോടനുബന്ധിച്ചാണ്.. അതിനാൽ കിനിഞ്ഞിറങ്ങുന്ന  വെള്ളത്തിന്റെ സമ്മർദ്ദം കമ്പനങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതായുണ്ട്. മുൻപ്  ഭൌമ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിൽ ഇതിന്റെ സൂചന നല്കുന്നുണ്ട്. ഇപ്പോഴുണ്ടായ ഭൂകമ്പത്തിനെ കുറിച്ച് ഫീൽഡ് തല  പഠനം  നടത്തി ,ജനങ്ങളുടെ  അനുഭവങ്ങൾ  മാപ്പ് ചെയ്ത് സീസ് മൽ ഭൂപടം തയ്യാറാക്കുന്നത് ഭാവിയിൽ  ഉപകാരപ്രദമാകും. എല്ലാ തദ്ദേശിക സ്ഥാപനങ്ങള്ക്കും  ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കിയ ഏക സംസ്ഥാനമാണ് കേരളം. ആവർത്തിച്ചുണ്ടാകുന്ന വെള്ളപ്പൊക്കം, വരൾച്ച , ഉരുൾപ്പൊട്ടൽ, ചുഴലിക്കാറ്റ് എന്നിവയെ അതിജീവിക്കാനായുള്ള ഒട്ടേറെ ഇടപെടലുകൾ ദുരന്ത സാധ്യത പ്രദേശങ്ങളിൽ ചെയ്തുവരുകയാണ്. എന്നാൽ  ഭൂചലനത്തിനെയും  ഈ അവസരത്തിൽ ഗൌരവത്തിൽ  കാണുകയും  അതിജീ വിക്കാനുള്ള  മുന്നൊരുക്കങ്ങൾ നടത്തി, ജനങ്ങളുടെ  പ്രതികരണ ശേഷി വര്ധിപ്പിക്കാനുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട് എന്ന്  ഈ സംഭവങ്ങൾ ഓർമപ്പെടുത്തുന്നു  .

റഫറൻസ്

  1. Kusala Rajendran,Rajendran C.P and Sreekumari Kesavan (2004).Mild tremors near Thalassery,Evidence for a seismic source in North Kerala,JL.of Geological Society of India,Vol.64,pp 233-235
  2. കുസല രാജേന്ദ്രൻ (2001),കേരളത്തിലെ ഭൂകമ്പങ്ങൾ ,വിജ്ഞാനകൈരളി ,ഫെബ്രുവരി , pp 15-18 
  3. KSCSTE(2006)Natural hazards & management strategies,Compendium on focal theme,pp 97-141
  4. Rajendran  C.P,Biju John,Sreekumari Kesavan,Kusala Rajendran(2009) ,Reassessing the earthquake hazard in Kerala based on the historical and current seismicity, JL.of Geological Society of India, 73(6):785-802
  5. Rajendran C.P and Kusala Rajendran (1996)Low moderate seismicity in the vicinity of Palghat Gap , south India and its implications. Current Science, Vol.70,No.4,pp304-307
  6. Singh ,H.Nand Santhosh .M (1993).Report on the investigation of the tremors in Chavakkad  and Thrissur area during 25-26 February ,1993,in relation to seismicity of Kerala region ,Centre for Earth Science Studies, p 25
  7. Singh H.N and Raghavan .V and Varma A.K (1989)  Investigation of Idukki Earthquake sequence of 7-8J une 1998 JL.Geological Society of India, 34pp 133-146
  8. ശ്രീകുമാർ .എസ്.(2006) ഭൂകമ്പങ്ങളും തുടർ പ്രതിഭാസങ്ങളും ,കറന്റ് ബുക്സ്, തൃശ്ശൂർ 

മറ്റു ലേഖനങ്ങൾ

വീഡിയോ കാണാം
വായിക്കാം
Happy
Happy
0 %
Sad
Sad
0 %
Excited
Excited
67 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
33 %

Leave a Reply

Previous post പക്ഷിപ്പനി: രോഗവ്യാപനം, ചരിത്രം, പൊതുജനാരോഗ്യം, മഹാമാരിസാധ്യത
Next post വിവരവും അസമത്വവും: ഡിജിറ്റൽ പാർശ്വവൽക്കരണത്തിന്റെ ഭൂമിശാസ്ത്രങ്ങൾ
Close