പക്ഷിപ്പനി സംശയങ്ങളും മറുപടിയും

Asif

ഡോ. മുഹമ്മദ് ആസിഫ്. എം

പക്ഷിപ്പനി ഭീതി പരന്നതോടെ സംസ്ഥാനമൊട്ടാകെ കോഴിയിറച്ചിയുടെയും മുട്ടയുടെയും വിപണിയിടിഞ്ഞെന്ന് മാത്രമല്ല വിലയും ഏറെ കുറഞ്ഞുഈ സാഹചര്യത്തിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ പൊതുസമൂഹം അറിയേണ്ടതുണ്ട്.

കോഴിക്കോട് ജില്ലക്ക് പിന്നാലെ മലപ്പുറം ജില്ലയിലും പക്ഷിപ്പനി അഥവാ H5 N1 ഏവിയൻ ഇൻഫ്ളുവൻസ രോഗം സ്ഥിരീകരിച്ചിരിക്കുന്നു കള്ളിങ് (Culling) അഥവാ വളർത്തുപക്ഷികളെ കൂട്ടമായി കൊന്നൊടുക്കൽ, മോപ്പിങ് (Mopping) അഥവാ ആദ്യ ഘട്ടത്തിൽ നടത്തിയ കള്ളിങിൽ ഉൾപ്പെടാതെ പോയ പക്ഷികളെ കണ്ടെത്തി കൊല്ലൽ,   കോമ്പിങ്  (Combing)  അഥവാ ഉടമസ്ഥർ ഒളിപ്പിച്ചതും മറ്റിടങ്ങളിലേക്ക് കടത്തിയതുമായ പക്ഷികളെ കണ്ടുപിടിച്ച് നശിപ്പിക്കൽ തുടങ്ങിയ പ്രതിരോധപ്രവർത്തനങ്ങളാണ് രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ (എപ്പിസെന്റർ ) പരിധിയിൽ  സംസ്ഥാനമൃഗസംരക്ഷണവകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടപ്പിലാക്കുന്നത്.  പക്ഷിപ്പനി മറ്റിടങ്ങളിലേക്ക്   പടർന്നുപിടിച്ചാൽ  സംസ്ഥാനത്തെ പക്ഷിവളർത്തൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാലും    മനുഷ്യനെ ബാധിച്ചാൽ ജീവാപായശേഷി അറുപത് ശതമാനം  വരെയുള്ള ജന്തുജന്യരോഗമായതിനാലുമാണ്  ഇത്രയും വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാർ പൊതുജനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നത്.
മലപ്പുറം പരപ്പനങ്ങാടിയില്‍ നിന്നും കടപ്പാട് AHD Department
രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ പരിധിയിൽ   വളർത്തുപക്ഷികളെ കൂട്ടമായി കൊന്നൊടുക്കുന്നത്  ഉൾപ്പെടെയുള്ള   പക്ഷിപ്പനി പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട  നടപടിക്രമങ്ങളില്‍ സംശയമുന്നയിക്കുന്നവരും പ്രതിഷേധിക്കുന്നവരും ചിലരെങ്കിലുമുണ്ട്.
രോഗപ്രതിരോധമാണ് ലക്ഷ്യമെങ്കിൽ പറന്നുനടക്കുന്ന   പക്ഷികളെ കൊല്ലാതെ വളർത്തുന്ന പക്ഷികളെ മാത്രം കൊന്നൊടുക്കിയത് കൊണ്ട് എന്തുകാര്യം എന്നാണ് ചിലർ ഉന്നയിക്കുന്ന സംശയം, തങ്ങൾ പ്രത്യേകം തയ്യാറാക്കിയ കൂടുകളിലും ഏവിയറികളിലും  പുറത്തുനിന്നുള്ള പക്ഷികളുമായി യാതൊരു സമ്പർക്കവുമില്ലാതെ പൊന്നുപോലെ പരിപാലിച്ച് വളർത്തുന്ന വിലകൂടിയ പക്ഷികളെ പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊന്നൊടുക്കുന്നതിലാണ് ചിലർക്ക് പ്രതിഷേധം. മറ്റു ചിലരാവട്ടെ തങ്ങളുടെ വിലകൂടിയ പക്ഷികളെയും മത്സരപ്രാവുകളെയും അലങ്കാര കോഴികളെയുമെല്ലാം കൊല്ലാനായി വിട്ടുകൊടുക്കാൻ മടിക്കുന്നു .  ചിലർ പക്ഷികളെ ഒളിപ്പിക്കുകയും മറ്റിടങ്ങളിലേക്ക് കടത്തുകയും ചെയ്യുന്നു . പലയിടങ്ങളിലും പക്ഷികളെ നശിപ്പിക്കുന്നതിനായി  വിട്ടുകിട്ടാൻ പോലീസ് ഇടപെടൽ പോലും വേണ്ടിവന്നു. പറന്നുനടക്കുന്ന കാക്കകളും കൊക്കുകളും എന്തുകൊണ്ടാണ് പക്ഷിപ്പനി ബാധിച്ച് ചത്തുവീഴാത്തത്‌ എന്നാണ് മറ്റ് പലരുടെയും കൗതുകം . പക്ഷിപ്പനി രോഗം ഇതുവരെയും കണ്ടെത്തിയതായി റിപ്പോർട്ടുകൾ  ഇല്ലാത്ത ചിലയിനം അലങ്കാരപ്പക്ഷികളെ കൊല്ലുന്നത് എന്തിനാണെന്നാണ്‌ ചിലർ ഉന്നയിക്കുന്നത്.    എന്നാൽ രോഗം കണ്ടെത്താത്ത പ്രദേശങ്ങളിലെ ആളുകളിൽ കോഴിയിറച്ചിയും മുട്ടയുമെല്ലാം കഴിക്കുന്നതിലാണ് ഭീതിപക്ഷിപ്പനി ഭീതി പരന്നതോടെ സംസ്ഥാനമൊട്ടാകെ കോഴിയിറച്ചിയുടെയും മുട്ടയുടെയും വിപണിയിടിഞ്ഞെന്ന് മാത്രമല്ല വിലയും ഏറെ കുറഞ്ഞുഈ സാഹചര്യത്തിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ പൊതുസമൂഹം അറിയേണ്ടതുണ്ട്.
കടപ്പാട്:tv9telugu.com

രോഗമേഖലയില്‍ വളര്‍ത്തുപക്ഷികളെ മുഴുവനും കൊന്നൊടുക്കുന്നത് എന്തുകൊണ്ട് ?

രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ  മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്ഠവുമായുമുള്ള  നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയിലൂടെയെല്ലാം പരോക്ഷമായും എല്ലാം രോഗം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കും. ചെറിയ ദൂരപരിധിയില്‍ രോഗാണുമലിനമായ ജലകണികകൾ,    തൂവൽ,  പൊടിപടലങ്ങൾ എന്നിവ വഴി  വായുവിലൂടെയും രോഗവ്യാപനം നടക്കും. രോഗം ബാധിച്ച പക്ഷികളുടെ  കാഷ്ഠത്തില്‍ വന്നിരിക്കുന്ന ചിലയിനം ഈച്ചകള്‍ക്കും മറ്റ് പക്ഷികളിലേക്ക് രോഗം പടര്‍ത്താന്‍ കഴിയും.

തണുത്തകാലാവസ്ഥയിൽ  ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള കഴിവും പക്ഷിപ്പനി വൈറസുകള്‍ക്കുണ്ട്. കോഴികള്‍,താറാവുകൾ , കാടകള്‍, ടര്‍ക്കികള്‍, വാത്തകള്‍, പ്രാവുകള്‍ തുടങ്ങി ഓമനപക്ഷികൾ  അടക്കമുള്ള  വളര്‍ത്തുപക്ഷികളെയെല്ലാം ഏവിയന്‍ ഇന്‍ഫ്ളുവന്‍സ എ. വൈറസുകള്‍ ബാധിക്കും. ഇന്‍ഫ്ളുവന്‍സ എ. വൈറസ് ഗ്രൂപ്പിലെ H5, H7 ഉപഗണത്തില്‍പ്പെട്ട വൈറസുകളാണ് പക്ഷികളില്‍ ഏറ്റവും മാരകം.  വൈറസ് ബാധയേല്‍ക്കുന്ന   ചില പക്ഷികള്‍ (കോഴി, കാട, ടര്‍ക്കി ഒഴികെ) രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്‍റെ നിത്യവാഹകരായി മാറാനും ഇടയുണ്ടെന്ന് നിരീക്ഷണങ്ങള്‍ ഉണ്ട്. അതോടെ രോഗനിയന്ത്രണം സങ്കീര്‍ണ്ണമാവും.  മാത്രമല്ല, പരോക്ഷമായി ഏതെങ്കിലും രീതിയിൽ  വൈറസ് രോഗമേഖലയിൽ നിന്നും പുറത്തേക്ക് വ്യാപിച്ചാൽ നിയന്ത്രണം അതീവ ദുഷ്കരമാവും,  മാത്രമല്ല സംസ്ഥാനത്തെ പക്ഷിവളർത്തൽ മേഖലയുടെ തന്നെ നടുവൊടിയുകയും ചെയ്യും .

സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്കും പന്നിയടക്കമുള്ള മറ്റു സസ്തനിമൃഗങ്ങളിലേക്കും പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷിയും വൈറസുകള്‍ക്കുണ്ട്. മനുഷ്യരില്‍ രോഗബാധയേറ്റാല്‍ അറുപത് ശതമാനം വരെ മരണസാധ്യതയുള്ള H5 N1 ഗണത്തില്‍പ്പെട്ട വൈറസുകളാണ് കോഴിക്കോട് പക്ഷിപ്പനിക്ക് കാരണമായത് എന്നതും സത്വരരോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം പ്രധാനമാണെന്നത് ഓര്‍മ്മപ്പെടുത്തുന്നു.വളരെ തീവ്രത കൂടിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച് പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരിലേക്കും രോഗബാധയേറ്റവരില്‍ നിന്ന് മറ്റുള്ളവരിലേക്കും വളരെ വേഗത്തില്‍ വ്യാപിക്കുന്ന മാരക വൈറസുകളായി രൂപം മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടനയും ലോകമൃഗാരോഗ്യ സംഘടനയും നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി വൈറസുകൾ മനുഷ്യരിൽ കാണുന്ന ഇൻഫ്ലുവെൻസ വൈറസുകളുമായി ചേർന്ന് പുതിയ ജനിതകഘടനയാർജിച്ച് (ആന്റിജെനിക് ഷിഫ്റ്റ് സാർസ് കോവ് 2 /  കോവിഡ്-19 വൈറസുകളെ പോലെ ഒരു ആഗോള മഹാമാരിയായി ( പാൻഡെമിക്മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകിയിട്ടുണ്ട്.
ഈ കാരണങ്ങളാല്‍ രോഗം കണ്ടെത്തിയതിന്  ഒരു കിലോമീറ്റര്‍ പരിധിയില്‍ രോഗസാധ്യതയുള്ളതും രോഗവാഹകരാവാന്‍ ഇടയുള്ളതുമായ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കി സുരക്ഷിതമായി സംസ്ക്കരിക്കുക  എന്നത് അതീവപ്രാധാന്യം അര്‍ഹിക്കുന്നു.
മാത്രമല്ല, പക്ഷിപ്പനി ഒരു ആഗോള പകര്‍ച്ചവ്യാധിയായതിനാല്‍ ഇത് സംബന്ധിച്ച് കൃത്യമായ നിയന്ത്രണചട്ടങ്ങളും മാര്‍ഗ്ഗരേഖയുമുണ്ട്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍  പരിധിയിലെ മുഴുവന്‍ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്കരിക്കുക എന്നത് അന്തര്‍ദേശീയ, ദേശീയ തലങ്ങളില്‍ നിലവിലുള്ള പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോളിന്‍റെ ഭാഗമാണ് എന്നതും മനസ്സിലാക്കുക. ഈ രോഗനിയന്ത്രണ നടപടികള്‍ സത്വരമായി നടപ്പിലാക്കാന്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ ബാധ്യസ്ഥവുമാണ്. ലോകത്ത് പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളിലെല്ലാം  സ്വീകരിച്ച പ്രധാന പ്രതിരോധനടപടി രോഗസാധ്യതയുള്ള പക്ഷികളെയെല്ലാം കൊന്ന് സംസ്കരിക്കുക എന്നതാണ്.
കാക്ക, മൈന, കൊറ്റി തുടങ്ങിയ  പ്രകൃതിയില്‍ പറന്നു നടക്കുന്ന പക്ഷികളെ കൊല്ലാതെ വളർത്തുപക്ഷികളെ മാത്രം കൊന്നൊടുക്കിയതുകൊണ്ട് രോഗത്തെ നിയന്ത്രിക്കാൻ സാധിക്കുമോ ?. ഈ പക്ഷികൾ മറ്റ് പ്രദേശങ്ങളിലേക്ക് രോഗം എത്തിക്കില്ലേ?.

പറന്നുനടക്കുന്ന രോഗവാഹകരും രോഗബാധിതരുമാവാൻ സാധ്യതയുള്ള പക്ഷികളേക്കാൾ മനുഷ്യർക്ക് ഏറ്റവും സമ്പർക്കമുണ്ടാവാൻ ഇടയുള്ളത്  വളർത്തുപക്ഷികളുമായാണ് . അതുകൊണ്ടുതന്നെ  വളർത്തുപക്ഷികൾക്ക് രോഗബാധയേറ്റാൽ മനുഷ്യരിലേക്ക്  രോഗം ബാധിക്കാനുള്ള സാധ്യതയും ഉയരും. ഇതാണ് രോഗമേഖലയിൽ രോഗസാധ്യതയുള്ള മുഴുവൻ വളർത്തുപക്ഷികളെയും  കൊന്നൊടുക്കാൻ പ്രധാനകാരണം .
മൈന, കാക്ക കൊക്ക്, തുടങ്ങിയ, ചുറ്റുവട്ടങ്ങളില്‍ പറന്നു നടക്കുന്ന നാട്ടുപക്ഷികളെയും, കാട്ടുപക്ഷികളെയും, ദേശാടനപക്ഷികളെയുമെല്ലാം പിടികൂടി സുരക്ഷിതമായി കൊന്നൊടുക്കുക എന്നത് പ്രായോഗികമല്ല. പക്ഷെ, ഈ പക്ഷികള്‍ രോഗവാഹകരും രോഗബാധിതരും ആവാന്‍ ഉള്ള സാധ്യതയും  ഉണ്ട്. ഈ സാഹചര്യത്തില്‍ രോഗമേഖലയിലെ വളര്‍ത്തുപക്ഷികള്‍ക്ക് പറന്നുനടക്കുന്ന ഈ പക്ഷികളുമായി സമ്പര്‍ക്കമുണ്ടാവാതെ ശ്രദ്ധിക്കുക എന്നത് മാത്രമാണ് സാധ്യമായ പ്രതിരോധമാര്‍ഗ്ഗം. ഇതിന് ഫലപ്രദമായ ജൈവസുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. രോഗം കണ്ടെത്തിയതിന് പത്തുകിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശങ്ങളില്‍ ( നിരീക്ഷണമേഖല ) കോഴികളെയും, താറാവുകളെയും മറ്റ് വളര്‍ത്തുപക്ഷികളെയും അഴിച്ചുവിട്ട് വളര്‍ത്തുന്നത് തല്‍ക്കാലം ഒഴിവാക്കണം. ദേശാടനകിളികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ തീറ്റയവശിഷ്ടങ്ങളും, മാലിന്യങ്ങളും ഫാമിന്‍റെ പരിധിയില്‍ നിക്ഷേപിക്കരുത്. ജലപക്ഷികളും, ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭരണികളും, ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി  അടച്ച് സൂക്ഷിക്കണം.

രോഗവ്യാപനം നടത്തുന്നതില്‍  മുഖ്യപങ്കുവഹിക്കുന്ന  ദേശാടനപക്ഷികളിലും കാട്ടുപക്ഷികളിലും കാക്ക പോലുള്ള നാട്ടുപക്ഷികളിലും ഈ വൈറസ്   രോഗമുണ്ടാക്കില്ലേ ?

ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെ ശരീരത്തില്‍ വഹിച്ച് പറക്കുന്ന ദേശാടനപക്ഷികളും, കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വാഹകരായ പക്ഷികളുടെ ശ്വാസനാളത്തിലും അന്നനാളത്തിലുമാണ് വൈറസുകള്‍ വാസമുറപ്പിക്കുക. വൈറസിന്‍റെ വ്യാപനത്തിലും നിലനില്‍പ്പിലും പരിണാമത്തിലും എല്ലാം വലിയ പങ്കുവഹിക്കുന്ന വാഹകരായ ഈ പക്ഷികളില്‍ പക്ഷെ, വൈറസുകള്‍ രോഗമുണ്ടാക്കില്ല. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒഡീഷ ഭൂവനേശ്വറില്‍ പക്ഷിപ്പനിയെത്തിയത് ചില്‍ക്ക തടാകം തേടിയെത്തിയ  ദേശാടനപക്ഷികളില്‍  നിന്നായിരുന്നു. 2014, 2016 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ പക്ഷിപ്പനി പടര്‍ന്നതും ദേശാടനക്കിളികളില്‍ നിന്ന്  തന്നെ. എന്നാല്‍ ശരീര സമ്മര്‍ദ്ദമുണ്ടാവുന്ന സാഹചര്യങ്ങളില്‍ (ഉദാഹരണം വരള്‍ച്ച, തീറ്റ ദൗര്‍ലഭ്യം, മറ്റ് അപകടങ്ങള്‍) ഈ വാഹകപക്ഷികളിലും വൈറസ്  രോഗമുണ്ടാവാന്‍ സാധ്യതയുണ്ട്. ഒഡിഷയിൽ 2015-ൽ പക്ഷിപ്പനി ആദ്യമായി തിരിച്ചറിഞ്ഞത് ചത്തുവീണ കാക്കകളിലായിരുന്നു.

 
മനുഷ്യരില്‍ പക്ഷിപ്പനി  രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത എത്രത്തോളമുണ്ട് ?

സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ സങ്കീർണ്ണമായ ജനിതക മാറ്റങ്ങൾ സംഭവിച്ച് പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാക്കാനുമുള്ള ശേഷിയും വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും, രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളെ  മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ കൈകാര്യം ചെയ്യുന്നതു വഴിയുമെല്ലാം മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. രോഗബാധയേറ്റ പക്ഷികളെ കൈകാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്ക് പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

H5N1, H7N9,  H7N7,  H9N2 തുടങ്ങിയ  ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും  രോഗമുണ്ടാക്കാനും ശേഷിയുള്ളവയാണെന്ന്  കണ്ടെത്തിയിട്ടുണ്ട്. രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളുമായി  ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായവര്‍, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ഷകര്‍, രോഗബാധ നിയന്ത്രണവുമായി  ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്  നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍  എന്നിവരെല്ലാം പ്രത്യേകം ജാഗ്രത പുലര്‍ത്തണം.പ്രതിരോധമരുന്നുകൾ കഴിക്കണം .

എന്നാല്‍ കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക്  അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ജന്തുജന്യരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി എന്നത് മറ്റൊരു വസ്തുത. മനുഷ്യരിലേക്കുള്ള  രോഗവ്യാപനവും, മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള രോഗവ്യാപനവും അത്യപൂര്‍വ്വമാണ്. മനുഷ്യരിലേക്കുള്ള പകര്‍ച്ച നിരക്കും  വ്യാപന നിരക്കും തുലോം കുറവാണെങ്കിലും  രോഗബാധയേറ്റവരില്‍ മരണനിരക്ക് അറുപത് ശതമാനം വരെയാണ്. മനുഷ്യരിലേക്ക് പകര്‍ന്നതായും അറുപത് ശതമാനം വരെ മരണസാധ്യതയുള്ളതായും  മുമ്പ് സ്വീകരിച്ചിട്ടുള്ള H5N1 ഏവിയന്‍ ഇന്‍ഫ്ളുവന്‍സ വൈറസുകളെയാണ് കോഴിക്കോട് ഇപ്പോള്‍  കണ്ടെത്തിയത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാത്രമല്ല മനുഷ്യരില്‍  കടന്നുകൂടിയാല്‍ പക്ഷിപ്പനി വൈറസുകള്‍ക്ക് രോഗതീവ്രത ഉയരുന്ന രീതിയിലുള്ള ജനിതകപരിവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയും ഉണ്ട്.

നുഷ്യരില്‍ രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണ് ? ചികിത്സയുണ്ടോ ?

ചുമ, പനി, തലവേദന, ക്ഷീണം, തൊണ്ടവേദന, അടിവയറ്റില്‍ വേദന, കഠിനമായ പേശിവേദന, ഛര്‍ദി, വയറിളക്കം എന്നിവയാണ് മനുഷ്യരില്‍ പക്ഷിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിന്  ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ ശ്വാസതടസ്സമടക്കമുള്ള വൈറല്‍ ന്യൂമോണിയയുടെ ലക്ഷണങ്ങള്‍  രോഗി കാണിച്ചു തുടങ്ങും. പേശി വിറയല്‍ അടക്കമുള്ള നാഡിവ്യൂഹവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കും  സാധ്യതയുണ്ട്.

രോഗം ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയേണ്ടതും ചികിത്സ ആരംഭിക്കേണ്ടതും പ്രധാനമാണ്. വൈറസിനെതിരെ പ്രയോഗിക്കാവുന്ന  ഒസെല്‍റ്റാമിവിര്‍ (ടാമി ഫ്ളൂ) എന്ന മരുന്ന് രോഗനിയന്ത്രണത്തിന് ഫലപ്രദമാണ്. പക്ഷികളുമായും അവയുടെ അവശിഷ്ടങ്ങളുമായും സമ്പര്‍ക്കമുണ്ടായവരില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ രോഗപ്രതിരോധത്തിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം  ഈ മരുന്ന് പ്രയോജനപ്പെടുത്താം.

കോഴിമുട്ടയോ ഇറച്ചിയോ കഴിക്കുന്നതിലൂടെ പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമോ ?

പക്ഷിപ്പനി ഭീതി പടര്‍ന്നതോടെ കോഴിയിറച്ചിയുടേയും, മുട്ടയുടേയും വിലയും വിപണിയും ഇടിഞ്ഞെന്നാണ് കോഴിവിപണിയില്‍ നിന്നുമെത്തുന്ന വാര്‍ത്ത. എന്നാല്‍ മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട എന്നതാണ്  വസ്തുത.  കാരണം 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം  വൈറസുകള്‍ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്‍റെ എല്ലാ  ഭാഗവും നന്നായി വെന്തുവെന്ന് ഉറപ്പാക്കുക. നന്നായി വെന്താല്‍ കോഴിയിറച്ചിയുടെ പിങ്ക് നിറം മാറും. പച്ചമുട്ടയും, പാതിവെന്ത ഇറച്ചിയും, മുട്ടയും ആഹാരമാക്കുന്നത് ഒഴിവാക്കണം. മുൻകരുതൽ എന്ന നിലയിൽ പച്ചമാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുക .  രോഗമേഖലയില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ അറിയാതെ വൈറസുകളുമായും സമ്പര്‍ക്കം ഉണ്ടാവാനിടയുണ്ട്. ഈയൊരു സാധ്യതയുള്ളതിനാല്‍ രോഗമേഖലകളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കണം.രോഗമേഖലയിൽ പക്ഷിവിപണനത്തിന്‌ സർക്കാർ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

മറ്റ് പ്രദേശങ്ങളില്‍  നിന്നുള്ള  ഇറച്ചിയും മുട്ടയും നന്നായി വേവിച്ച് കഴിക്കുന്നത് ആരോഗ്യസുരക്ഷിതമാണ്. അതുകൊണ്ട് കോഴിയെ കുറിച്ചോർത്ത്   യാതൊരു തരത്തിലുള്ള ഭീതിയും വേണ്ട

രോഗബാധയേറ്റ പക്ഷികളിൽ നിന്നുള്ള  മുട്ടത്തോടും  മുട്ടയുടെ വെള്ളയും, മഞ്ഞയും ഒന്നും തന്നെ പക്ഷിപ്പനി വൈറസസിൽ  നിന്നും മുക്തമല്ല . ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും  വൈറസിന് പോറലുകളൊന്നുമേല്‍ക്കില്ല. നാല് ഡിഗ്രി താപനിലയില്‍ ഒരുമാസത്തിലധികവും, 32 ഡിഗ്രി താപനിലയില്‍ ഒരാഴ്ചയോളവും നിലനില്‍ക്കാന്‍ പക്ഷിപ്പനി വൈറസിന് ശേഷിയുണ്ട്. മുട്ട ഉപയോഗിക്കുന്നതിന് മുമ്പ്  മുട്ടത്തോടില്‍ കാഷ്ഠം പറ്റിയിട്ടുണ്ടെങ്കില്‍  സോപ്പ് ഉപയോഗിച്ച്  വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക. കൈകളും ഇപ്രകാരം തന്നെ ശുചിയാക്കണം.

എവിയൻ ഇന്ഫ്ലുവെൻസ വൈറസുകൾക്കെതിരെ പക്ഷികളിൽ പ്രതിരോധ വാക്സിനുകൾ ഉണ്ടോ ?

പക്ഷിപ്പനി രോഗത്തിന് കാരണമാവുന്ന ഓർത്തോമിക്സോ വൈറസ് കുടുംബത്തിലെ  എവിയൻ ഇന്‍ഫ്ലുവെൻസ എ. വൈറസുകൾക്ക് നിരവധി ഉപവിഭാഗങ്ങൾ ഉണ്ട് . ഇവയിൽ തീവ്രത കൂടിയ രോഗമുണ്ടാക്കുന്നവയും തീവ്രത കുറഞ്ഞ രോഗമുണ്ടാക്കുന്നവയും ഉണ്ട് .  ഇന്ത്യയിൽ ഉൾപ്പെടെ പലരാജ്യങ്ങളിലും എവിയൻ ഇന്ഫ്ലുവെൻസ എ. വൈറസുകളെ തടയാൻ വേണ്ടിയുള്ള   വിവിധ തരം വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ട് . യൂറോപ്യൻ രാജ്യങ്ങളിലും ഗൾഫ് രാഷ്ട്രങ്ങളുമെല്ലാം വാക്സിനേഷൻ സാധാരണയാണെങ്കിലും ഇന്ത്യയിൽ അധികം പ്രചാരത്തിൽ ആയിട്ടില്ല.മറ്റ് വൈറസ് ഇനങ്ങളെ അപേക്ഷിച്ച് നിരന്തരം ജനിതകമാറ്റങ്ങൾ (ആന്റിജനിക് ഡ്രിഫ്ട്)  സംഭവിക്കുന്നവയാണ് ഏവിയൻ ഇന്ഫ്ലുവെൻസ വൈറസുകൾ. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു ഗണത്തിൽ പെട്ട ഏവിയൻ ഇന്ഫ്ലുവെൻസ വൈറസിനെതിരെ വാക്സിൻ വികസിപ്പിച്ചെടുത്താലും പിന്നീട് സംഭവിക്കുന്ന രോഗാണുബാധകൾക്കെതിരെ പൂർണ്ണ ഫലപ്രപ്രാപ്തി ഉറപ്പുവരുത്താൻ സാധിക്കണമെന്നില്ല.

വളർത്തുപക്ഷികളെ  കൂട്ടമായി കൊന്ന് സംസ്കരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം സ്വീകരിക്കുന്ന തുടർനടപടികൾ എന്തെല്ലാമാണ് രോഗം കണ്ടെത്തിയ മേഖലയിൽ എന്നുമുതൽ വീണ്ടും പക്ഷികളെ വളർത്തി തുടങ്ങാം ?

കള്ളിങ്, മോപ്പിങ്, കോമ്പീങ് തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച  ശേഷം രോഗത്തിന്റെ പ്രഭവ കേന്ദ്രത്തിന്  ഒരു കിലോമീറ്റർ പുറത്ത്
പത്ത് കിലോമീറ്റർ  പരിധിയിലുള്ള നിരീക്ഷണ മേഖലയിൽ നിന്നും രണ്ടാഴ്ചത്തെ ഇടവേളകളിൽ   മൂന്നുമാസത്തോളം  തുടർച്ചയായി  സാമ്പിളുകൾ ശേഖരിച്ച്    പരിശോധനകൾ  മൃഗസംരക്ഷണ വകുപ്പ് നടത്തും.വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയാണിത് .    ഇതിന്റെ ഫലങ്ങൾ പൂർണ്ണമായും നെഗറ്റീവ് ആയാൽ മാത്രമേ പ്രസ്തുത പ്രദേശം പക്ഷിപ്പനി വിമുക്തമെന്ന് പ്രഖ്യാപിക്കുകയുള്ളു. ഈ  മൂന്നുമാസത്തെ കാലയളവിൽ  രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ പരിധിയിൽ ഒരു തരത്തിലുള്ള പക്ഷികളെയും വളർത്താൻ അനുമതി ലഭിക്കില്ല. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ പുറത്ത് പത്ത് കിലോമീറ്റർ വരെയുള്ള നിരീക്ഷണമേഖലയിൽ ഈ കാലയളവിൽ നിലവിലുള്ള പക്ഷികളെ വളർത്താനും വിൽക്കാനും അനുവദിക്കുമെങ്കിലും ഇവിടെനിന്നും പുറത്തേക്ക് പക്ഷികളെ കൊണ്ടുപോവാനോ ഇവിടേക്ക് പുറത്തുനിന്നും പക്ഷികളെ കൊണ്ടുവരാനോഅനുമതി ലഭിക്കില്ല .ഇവിടെനിന്നുള്ള മുട്ട ,തീറ്റ, തീറ്റ ചാക്കുകൾ, ഫാമിലെ  ഉപകരണങ്ങൾ    കാഷ്ഠം, തൂവൽ, ലിറ്റർ അടക്കമുള്ള ജൈവമാലിന്യങ്ങൾ തുടങ്ങിയവയും പുറത്തേക്ക് കൊണ്ടുപോവുന്നത് ഒഴിവാക്കണം.

ലൂക്കയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം – പക്ഷിപ്പനി – ഭീതിയല്ല, ജാഗ്രതയാണ്‌ പ്രതിരോധം

പക്ഷിപ്പനി – ഭീതിയല്ല, ജാഗ്രതയാണ്‌ പ്രതിരോധം

Leave a Reply