ഡോ. മുഹമ്മദ് ആസിഫ് എം.
നാലുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി/ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാകാനുമുള്ള ശേഷിയും ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ക്കുണ്ട്.
കേരളത്തെ ആശങ്കയിലാഴ്‌ത്തിയ 2016-ലെ പക്ഷിപ്പനിക്കാലം മലയാളികളുടെ ഓര്‍മ്മയില്‍ നിന്ന് അത്ര വേഗത്തില്‍ മായാന്‍ ഇടയില്ല. ഒക്‌ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ പതിവുപോലെ തണ്ണീര്‍തടയോരത്തെ തണുപ്പുതേടി മറുനാടുകളില്‍ നിന്നും തകഴിയിലും, കൈനക്കരിയിലും, കുട്ടനാട്ടിലുമെല്ലാം പറന്നെത്തിയ ദേശാടനപക്ഷികളായിരുന്നു ആലപ്പുഴയില്‍ 2016-ല്‍ പക്ഷിപ്പനി പടര്‍ത്തിയത്. പക്ഷിപ്പനിക്ക് കാരണമായ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എ. വൈറസ് ഗ്രൂപ്പിലെ H5N8 വൈറസുകളായിരുന്നു ദേശാടനപക്ഷികളില്‍ നിന്നും വളര്‍ത്തുപക്ഷികളിലേക്ക് പടര്‍ന്നുപിടിച്ചത്. വൈറസ് ബാധയേറ്റ് ആയിരക്കണക്കിന് വളര്‍ത്തുപക്ഷികള്‍ ചത്തൊടുങ്ങിയെന്ന് മാത്രമല്ല, രോഗവ്യാപനം തടയുന്നതിനായി ലക്ഷക്കണക്കിന് താറാവുകളെയും കോഴികളെയുമെല്ലാം കൊന്ന് ദഹിപ്പിക്കുകയുമുണ്ടായി. ഊര്‍ജ്ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വഴി മനുഷ്യരിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ഉള്ള വ്യാപനം തടഞ്ഞ് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും കേരളത്തിലെ വളര്‍ത്തുപക്ഷി വിപണിക്കും മൃഗസംരക്ഷണരംഗത്തിനും കര്‍ഷകര്‍ക്കും പക്ഷിപ്പനി വരുത്തിവെച്ച ആഘാതങ്ങള്‍ വലുതായിരുന്നു.
നാലുവര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി/ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളിലെ രണ്ട് പൗള്‍ട്രി ഫാമുകളില്‍ കോഴികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രോഗം പക്ഷിപ്പനി തന്നെയാണെന്ന് ഉറപ്പിച്ചത്.
പക്ഷിപ്പനിയെ അറിയാം
പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന (ഫൗള്‍ പ്ലേഗ്) പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ അഥവാ പക്ഷിപ്പനി. ഓര്‍ത്തോമിക്‌സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എ. വൈറസുകളാണ് പക്ഷിപ്പനിയുടെ കാരണക്കാര്‍. വൈറസുകളെ അവയിലടങ്ങിയ ഉപരിതല പ്രോട്ടീന്‍ ഘടനയുടെ അടിസ്ഥാനത്തില്‍ ഉപഗ്രൂപ്പുകളായി വീണ്ടും തരംതിരിച്ചിട്ടുണ്ട്. മാത്രമല്ല, രോഗതീവ്രതയനുസരിച്ച് പക്ഷിപ്പനി വൈറസുകള്‍ രണ്ട് വിധമുണ്ട്. തീവ്രത കുറഞ്ഞ വിഭാഗം (എല്‍.പി.എ.ഐ. – ലോ പത്തോജനിക് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ ) വൈറസുകളാണെങ്കില്‍ ലക്ഷണങ്ങളും, മരണനിരക്കുമെല്ലാം തീര്‍ത്തും കുറവായിരിക്കും. പലപ്പോഴും ലക്ഷണങ്ങള്‍ പോലും പ്രകടമാവണമെന്നില്ല. എന്നാല്‍ അതിതീവ്രവൈറസുകള്‍ (എച്ച്.പി.എ.ഐ. -ഹൈ പത്തോജനിക് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ ) വേഗത്തില്‍ പടര്‍ന്നു പിടിക്കാനും പക്ഷികളുടെ കൂട്ടമരണത്തിനും കാരണമാവും. അതിതീവ്രവൈറസ് വിഭാഗത്തിലെ H5, H7 തുടങ്ങിയ ഉപവിഭാഗത്തിലെ വൈറസുകളാണ് വളര്‍ത്തുപക്ഷികള്‍ക്ക് ഏറ്റവും മാരകം.
രോഗവ്യാപനം എങ്ങനെ ?
ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ ശരീരത്തില്‍ വഹിച്ച് പറക്കുന്ന ദേശാടനപ്പക്ഷികളും, കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വാഹകരായ പക്ഷികളുടെ ശ്വസനനാളത്തിലും അന്നനാളത്തിലുമെല്ലാമാണ് വൈറസുകള്‍ വാസമുറപ്പിക്കുക. വൈറസിന്റെ വ്യാപനത്തിലും നിലനില്‍പ്പിനും പരിണാമത്തിലും എല്ലാം വലിയ പങ്കുവഹിക്കുന്ന വാഹകരായ ഈ പക്ഷികളില്‍ വൈറസുകള്‍ ഒരിക്കലും രോഗമുണ്ടാക്കില്ല. രോഗവാഹകരായ ഈ പക്ഷികളും രോഗബാധിതരായ പക്ഷികളും അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്‌ഠത്തിലൂടെയും വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികളുമായും, സ്രവങ്ങളും, കാഷ്‌ഠവുമായുമുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും, അവയുടെ ശരീരസ്രവങ്ങളും കാഷ്‌ഠവും കലര്‍ന്ന് രോഗാണുമലിനമായ തീറ്റ, കുടിവെള്ളം, തീറ്റപ്പാത്രങ്ങള്‍ അടക്കമുള്ള ഫാം ഉപകരണങ്ങള്‍, ഫാം തൊഴിലാളികളുടെ വസ്‌ത്രങ്ങള്‍, പാദരക്ഷകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വഴി പരോക്ഷമായും രോഗം അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും. ചെറിയ ദൂരപരിധിയില്‍ വായുവിലൂടെയും രോഗവ്യാപനം നടക്കും.
പക്ഷിപ്പനി ഒരു ജന്തുജന്യരോഗം, പക്ഷേ ഭീതി വേണ്ട
സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന രീതിയില്‍ മാത്രം രോഗമുണ്ടാക്കുന്നവയാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ എ. വൈറസുകളിലേറയും. എന്നാല്‍ പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും, രോഗമുണ്ടാകാനുമുള്ള ശേഷിയും ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ക്കുണ്ട്. വൈറസുകള്‍ക്ക് നിരന്തരമായി സംഭവിക്കുന്ന ജനിതക വ്യതിയാനം രോഗപ്പകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും, രോഗബാധയേറ്റ പക്ഷികളുടെ മാംസം, മുട്ട എന്നിവ മതിയായി വേവിക്കാതെ ആഹാരമാക്കുന്നത് വഴിയും, രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളെ മതിയായ സുരക്ഷാമുന്‍കരുതലുകള്‍ ഇല്ലാതെ കൈകാര്യം ചെയ്യുന്നത് വഴിയുമെല്ലാം മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്.
ഹോംങ്കോംഗില്‍ 1997-ല്‍ കണ്ടെത്തിയ H5N1 പക്ഷിപ്പനി വൈറസുകള്‍ തുടര്‍ന്ന് ഏഷ്യയിലും, ആഫ്രിക്കയിലും, യൂറോപ്പിലുമെല്ലാം പടര്‍ന്നിരുന്നു. നൂറുകണക്കിനാളുകള്‍ക്ക് രോഗമുണ്ടാക്കുവാനും മരണത്തിനും വരെ ഈ വൈറസുകള്‍ കാരണമായിത്തീര്‍ന്നു. ചൈനയില്‍ 2013-ല്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ 1500-ഓളം ആളുകള്‍ക്ക് രോഗബാധയേറ്റിരുന്നു. H7N9 എന്നയിനം വൈറസുകളാണ് അന്ന് രോഗകാരണമായത്. കൂടുതല്‍ ആളുകള്‍ക്കും H7N9 രോഗബാധയേറ്റത് പ്രാദേശിക കോഴിവിപണനമാര്‍ക്കറ്റില്‍ നിന്നായിരുന്നു. H7N7, H9N2 തുടങ്ങിയ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളെല്ലാം മനുഷ്യരിലേക്ക് പകരാനും രോഗമുണ്ടാക്കാനും ശോഷിയുള്ളവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014-ല്‍ അലപ്പുഴയില്‍ H5N1 പക്ഷിപ്പനി വൈറസുകള്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ഒരാള്‍ക്ക് രോഗബാധയേറ്റിരുന്നു.
ഉപരിതല പ്രോട്ടീനുകളുടെ അടിസ്ഥാനത്തില്‍ പക്ഷിപ്പനി വൈറസുകള്‍ വിവിധ തരമുണ്ടെന്ന് മുന്‍പ് സൂചിപ്പിച്ചില്ലോ. ഇവയ്‌ക്ക് വളരെ തീവ്രത കൂടിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച് പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വളരെ വേഗത്തില്‍ വ്യാപിക്കുന്ന വൈറസുകളായി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പക്ഷിപ്പനി വൈറസിന്റെ വ്യാപനം തടയാനുള്ള ദ്രുതനടപടികള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
പക്ഷിപ്പനി – ജാഗ്രതയാണ് പ്രതിരോധം
- വളര്‍ത്തുപക്ഷികള്‍, കാക്ക, കൊറ്റി തുടങ്ങിയ പക്ഷികള്‍, ദേശാടന പക്ഷികള്‍ തുടങ്ങിയവ കൂട്ടമായി ചാവുന്നതോ മറ്റ് അസ്വഭാവിക ലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്ത മൃഗാശുപത്രിയിലോ ആരോഗ്യകേന്ദ്രങ്ങളിലോ വിവരം അറിയിക്കണം.
- രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ പക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്‌ക്കരിക്കുക എന്നതാണ് ലോകമൃഗാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന നിയന്ത്രണ മാര്‍ഗ്ഗം. ഒപ്പം അവയുടെ മുട്ടയടക്കമുള്ള ഉത്‌പന്നങ്ങള്‍, കാഷ്‌ഠം എന്നിവയും സുരക്ഷിതമായി സംസ്‌ക്കരിക്കണം രോഗം ബാധിച്ചവയെയും ചത്തുവീണ പക്ഷികളേയും കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌ക്, കയ്യുറ, ഏപ്രണ്‍, ഗോഗിള്‍, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
- രോഗം ബാധിച്ചതായി കണ്ടെത്തിയതിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് നിന്നും പക്ഷികളെയും, മുട്ട, മാംസം, കാഷ്‌ഠം തുടങ്ങിയവയും യാതൊരു കാരണവശാലും മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോവരുത്.
- വളര്‍ത്തുപക്ഷികളുമായി ദേശാടനപ്പക്ഷികളുടെയും, കാട്ടുപക്ഷികളുടെയും, സമ്പര്‍ക്കം തടയാന്‍ ഫലപ്രദമായ ജൈവസുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. കാട്ടുപക്ഷികളെയും, ദേശാടനപക്ഷികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ ഭക്ഷണഅവശിഷ്‌ടങ്ങളും മറ്റും ഫാമിന്റെ ചുറ്റുവട്ടങ്ങളില്‍ നിക്ഷേപിക്കരുത്. ഫാമുകളിലേക്ക് പുതിയ കോഴികളേയും, അലങ്കാരപക്ഷികളേയും കൊണ്ടുവരുമ്പോള്‍ മൂന്നാഴ്‌ചയെങ്കിലും മുഖ്യഷെഡ്ഡിലെ പക്ഷികള്‍ക്കൊപ്പം ചേര്‍ക്കാതെ മാറ്റിപ്പാര്‍പ്പിച്ച് ക്വാറന്റൈന്‍ പരിചരണം നല്‍കാന്‍ ശ്രദ്ധിക്കണം.
- നന്നായി പാകം ചെയ്‌ത ഇറച്ചിയിലൂടെയും, മുട്ടയിലൂടെയും ഒരു കാരണവശാലും രോഗം പകരില്ല എന്നതിനാല്‍ കോഴിയിറച്ചിയോ മുട്ടയോ കഴിക്കുന്നതില്‍ ഭീതി വേണ്ട. ഉയര്‍ന്ന താപനിലയില്‍ അതിവേഗം നശിച്ചുപോകുന്നവയാണ് പക്ഷിപ്പനി വൈറസുകള്‍. 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കിയാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ വൈറസുകള്‍ നശിച്ചുപോകും. പാതിവെന്ത ഇറച്ചി, മുട്ട, ബുള്‍സ് ഐ, എന്നിവയെല്ലാം ആഹാരമാക്കുന്നത് ഒഴിവാക്കണം.
- വീര്യം കൂടിയ അണുനാശിനികള്‍ (ലൈസോള്‍ (1:5000), കോസ്റ്റിക് സോഡ (2%), പൊട്ടാസ്യം പെര്‍മാംഗനേറ്റ് (1:1000) ) ഉപയോഗിച്ച് ഫാം ശുചീകരണം നടത്തണം . ഫാമിലേക്ക് വരുന്ന വാഹനങ്ങള്‍, ഉപകരണങ്ങള്‍ തൊഴിലാളികള്‍, എന്നിവയെയെല്ലാം അണുനശീകരണത്തിന് ശേഷം മാത്രമേ ഫാമിനുള്ളില്‍ പ്രവേശിക്കാവൂ. അനാവശ്യസന്ദര്‍ശകരെ ഫാമില്‍ അനുവദിക്കരുത്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഏറെ പ്രധാനം.