Read Time:6 Minute
[author title=”വിജയകുമാർ ബ്ലാത്തൂർ” image=”https://luca.co.in/wp-content/uploads/2016/07/VijayakumarBlathoor.jpg”]ശാസ്ത്രലേഖകൻ[/author]

ലോകത്തിലെ ഏറ്റവും വലിയ ശലഭങ്ങളിലൊന്നായ അറ്റ്ലസ് മോത്ത് എന്ന സർപ്പശലഭം ഇണചേരുന്ന കാഴ്ച കാണാം. വീടിനടുത്ത് വിരുന്നെത്തിയ പെൺ ശലഭം രാത്രിയിൽ ഫിറമോൺ ചുരത്തി ആണ് ശലഭത്തെ വരുത്തി ഇണചേരുന്നത് വിജയകുമാർ ബ്ലാത്തൂർ പകർത്തിയത് കാണാം

അത്ഭുത ശലഭ”ത്തെ കണ്ടെത്തി എന്ന് പ്രദേശിക ലേഖകർ സ്ഥിരം വാർത്ത കൊടുത്തിരുന്ന ഒരു പാവം നിശാശലഭം ആയിരുന്നു അറ്റ്ലസ് മോത്ത്. ഗൂഗിൾ ഉപയോഗം വ്യാപകമായതോടെ അത് കുറഞ്ഞിട്ടുണ്ട്. ഒരടിക്കടുത്ത് വലിപ്പമുള്ള , മനോഹരമായ അടയാളങ്ങളുള്ള, ചിറകുകളുടെ അഗ്രത്ത് ഒരുഗ്ര സർപ്പത്തിന്റെ തലയുടെ രൂപസാമ്യ ചിത്രണമുള്ള ഇതിനെ ആദ്യമായി കാണുന്ന ആരും അമ്പരക്കും. പകലായത് അറിയാതെ – ആരൊക്കെ അരികിൽ വന്നാലും ഒട്ടും അനങ്ങാതെ ചിറകുകൾ വിടർത്തി അങ്ങിനെ ഒരേ നിൽപ്പ് നിൽക്കും ഈ സാധു നിശാശലഭം. അറ്റ്ലസ് മോത്ത് ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ നിശാശലഭമായാണ് കണക്കാക്കിയിരുന്നത്. (ഇപ്പോൾ രണ്ടാം സ്ഥാനക്കാരാണ് ) ഭൂപട വിസ്തൃതി പോലെ പരന്ന് വിരിഞ്ഞ ചിറകു ചിത്രങ്ങളാണ് അറ്റ്ലസ് മോത്ത് എന്ന പേര് ഇതിന് നൽകിയത്. ചിറകഗ്രത്തെ സർപ്പത്തലയുടെ രൂപ സാമ്യം മൂലം ചൈനക്കാർ സ്നേക് ഹെഡ് എന്നർത്ഥം വരുന്ന പേരാണ് പണ്ടേ ഇട്ടിരുന്നത്. നമ്മുടെ നാട്ടിൽ ഇതിന് പേര് വല്ലതും ഉണ്ടായിരുന്നോ എന്നറിയില്ല. ഇപ്പോൾ സർപശലഭം എന്ന് പേര് വിളിക്കുന്നുണ്ട്.( പകൽ കറങ്ങി നടക്കുന്ന മറ്റൊരു നിശാശലഭമായ വെങ്കണ നീലിയേയും പലരും ശലഭമായാണ് കണക്കാക്കുന്നത്- )
ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന സർപശലഭങ്ങളുടെ ശാസ്ത്രനാമം Attacus taprobanis എന്നാണ്. മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകൾ ബകനേപ്പോലെ സദാ തീറ്റയാണ്. ഈ തീറ്റ മാത്രമേ ഉള്ളു. പ്യൂപ്പാവസ്ഥ കഴിഞ്ഞ് ചിറക് വിടർത്തി ഉണർന്ന് എഴുന്നേൽക്കുന്ന സർപ്പശലഭത്തിന് വായില്ല. അതു കൊണ്ട് തന്നെ ഭക്ഷണം ഒന്നും കഴിക്കാൻ കഴിയില്ല. ഒന്നു രണ്ടാഴ്ച മാത്രം നീളുന്ന അതിന്റെ ആയുഷ്കാലത്തേക്ക് വേണ്ടുന്ന ഊർജ്ജം പുഴുവായിരുന്ന സമയത്ത് തിന്ന് സൂക്ഷിച്ച ഭക്ഷണക്കൊഴുപ്പാണ് – അതിനാലാണ് ഇവ പറക്കാനോ കൂടുതൽ ഇളകാനോ ഒന്നും മിനക്കെടാത്തത്. ഓരോ ചിറകടിയും കവരുക സ്റ്റോക്കുള്ള കൊഴുപ്പാണ് – കൂടെ ആയുസ്സും.. അതിനാൽ പിശുക്കിയാണ് ഓരോ ചലനവും.
ആൺ മോത്തുകളേക്കാൾ വളരെ പ്രകടമായി വലിപ്പമുള്ളവയാണ് പെൺ മോത്തുകൾ.
അതി മനോഹരമായ ചിത്രവേലകളുള്ള ചിറകുകൾ ഇണകളെ ആകർഷിക്കാനുള്ളതല്ല. ഇരയാക്കപ്പെടാതെ രക്ഷിക്കാനുള്ളതാണ്. ഇവയെ ആക്രമിക്കാൻ സാദ്ധ്യതയുള്ള ജീവികൾ ഇതിന്റെ വലിപ്പവും കൺ പൊട്ടുകളും കണ്ട് അമ്പരന്ന് ആശയക്കുഴപ്പവും തെറ്റിദ്ധാരണയും മൂലം ഒഴിഞ്ഞ് പോകും. തിരിച്ചാക്രമിക്കാനോ പറന്ന് രക്ഷപ്പെടാനോ കഴിയാത്ത ഈ നിസഹായ ജീവിയെ ശത്രുക്കൾ- ആളൊരു കീരിക്കാടനാവാം എന്ന് തെറ്റായി ചിന്തിച്ച് പേടിച്ച് ഒഴിഞ്ഞു മാറിപ്പോകും.


മോത്തിന് വായ് കീറാത്തതിനാൽ പട്ടിണി കിടന്ന് ചാവും മുമ്പ് ഇണ ചേരുക മുട്ടയിട്ട് സന്തതി പരമ്പരകളെ ഉണ്ടാക്കുക എന്ന ഏക ലക്ഷ്യമേ ഉള്ളു. ലോകം കറങ്ങി നടന്ന് കാണാനും ഇഷ്ട ഭക്ഷണം തേടാനും തിന്നാനും പറ്റാത്ത ജീവിതം !


പാറി വിലസി നടന്ന് ഇണയെ പ്രലോഭിപ്പിക്കാനും വശീകരിക്കാനും പറ്റാത്ത പെൺ അറ്റ്ലസ് മോത്ത് അതി ശക്തമായ ഫിറമോൺ പ്രസരണം വഴിയാണ് ഇണയെ ആകർഷിക്കുന്നത്. സുരക്ഷിതവും കാറ്റിന് അനുകൂലവുമായ ഇടത്ത് വിശ്രമിച്ച് ശരീരത്തിന്റെ അടിഭാഗത്ത് ഉള്ള ഗ്രന്ഥികളിൽ നിന്ന് ഫിറമോൺ ചുരത്തിക്കൊണ്ടിരിക്കും. ആൺ മോത്തുകളുടെ ആൻറിന വലിപ്പം കൂടിയതും തൂവല് പോലെ വിസ്താരമേറിയതുമാണ്.. പെൺ മോത്ത് കാറ്റിൽ പറത്തി വിട്ട ഫിറമോണിന്റെ വളരെ നേർത്ത സാന്നിദ്ധ്യം പോലും തിരിച്ചറിയാനുള്ള കിമോ റിസപ്റ്ററുകൾ ഉള്ളതാണ് അവ. കിലോമീറ്റർ അപ്പുറത്ത് നിന്ന് പോലും ദിശയും ദൂരവും സ്ഥാനവും തിരിച്ചറിഞ്ഞ് അവ പെൺ മോത്തിനടുത്ത് പറന്ന് എത്തും – ദീർഘമായ ഇണ ചേരലോടെ ആൺ മോത്തിന്റെ ജീവ ലക്ഷ്യം അവസാനിച്ചു. ലാർവ ഭക്ഷണ സസ്യങ്ങളുടെ ഇലക്കൂടുകളിൽ മൂന്നോറോളം മുട്ടകൾ ഇട്ടു കൂട്ടും – പിന്നെ ചത്ത് അടിയും.

അറ്റ്‌ലസ് മോത്തിനെക്കുറിച്ച് ലൂക്കയിൽ വന്ന മറ്റൊരുലേഖനം വായിക്കാം

നാഗം ശലഭമായതല്ല നാഗ ശലഭം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഷാർജ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ ലൂക്ക സയൻസ് ക്വിസ്
Next post 4G-യിലെ സാങ്കേതിക വിദ്യകൾ
Close