Read Time:20 Minute

സുജിത് കുമാർ

നിലവിൽ നാം ഉപയോഗിക്കുന്ന 4G യിലെ സാങ്കേതികവിദ്യകളെ പരിചയപ്പെടാം.മൊബൈൽ സാങ്കേതിക വിദ്യകളെക്കുറിച്ച്‌ സുജിത്കുമാർ എഴുതുന്ന ലേഖനപരമ്പര മൂന്നാംഭാഗം..

[dropcap]ലോ[/dropcap]കത്തെ  പ്രമുഖ വികസിത രാജ്യങ്ങളിലെല്ലാം 4G നെറ്റ് വർക്കുകൾ നിലവിൽ വരാൻ തുടങ്ങിയതിനു ശേഷം ആണ്‌  ഇന്ത്യയിൽ 3G തന്നെ തുടങ്ങിയത്. ഇടയ്ക്ക് ഇന്ത്യ 3Gയിലേക്ക് പോകാതെ നേരിട്ട് 2Gയിൽ നിന്നും 4G യിലേക്ക്  പോകുമോ എന്നു വരെയുള്ള ചർച്ചകൾ ഉണ്ടായിരുന്നു. അതുണ്ടായില്ല എങ്കിലും 3G നിലവിൽ വന്ന് ഒട്ടും കാത്തിരിപ്പില്ലാതെ ഒന്നു രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ 4G യും വരികയുണ്ടായി. എന്തായിരിക്കാം ഇതിനു കാരണം? ഇവിടെയാണ്‌ സ്പെക്ട്രത്തിന്റെ കളി വരുന്നത്. 3G  നടപ്പിലാക്കാൻ ആവശ്യമായ 2 ഗിഗാഹെട്സ് സ്പെക്ട്രം കയ്യടക്കി വച്ചിരുന്നത് ഇന്ത്യൻ സായുധ സേനകൾ ആയിരുന്നു. അതായത് സായുധ സേനകളുടെ യൂണിറ്റുകൾ പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന നെറ്റ് വർക്ക്  പ്രധാനമായും 2 ഗിഗാഹെട്സ് സ്പെക്ട്രത്തിൽ ഊന്നിയതായിരുന്നു. മിലിട്ടറിക്ക് ഒരു പകരം സംവിധാനം ഏർപ്പെടുത്താതെ ഇന്ത്യയിൽ 3G നെറ്റ് വർക്ക് കൊണ്ടുവരിക അസാദ്ധ്യമായിരുന്നു. അതിനാൽ മിലിട്ടറിയ്ക്ക് വേണ്ടി ആദ്യം ബി.എസ്.എൻ.എലിന്റെ പിൻതുണയോടെ  ഇന്ത്യയുടനീളം പ്രത്യേകമായി ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കുകൾ ഉണ്ടാക്കി നൽകി മിലിട്ടറി ഉപയോഗിച്ചുകൊണ്ടിരുന്ന സ്പെക്ട്രം സ്വതന്ത്രമാക്കുവാൻ എടുത്ത കാലതാമസം ആണ്‌ ഇന്ത്യയിൽ 3G വൈകിച്ചത്.

ചിത്രം കടപ്പാട്  : Down to Earth

അപ്പോൾ 4Gയോ? സ്പെക്ട്രത്തിന്റെ കാര്യത്തിൽ 3G യും 4Gയും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഇല്ല. 2 ഗിഗാ ഹെട്സിനു ചുറ്റും ചുറ്റിക്കറങ്ങുന്ന ഒരു സ്പെക്ട്രം ആണ്‌  4Gയുടേതിനും ആവശ്യമായി വരുന്നത് എന്നതിനാൽ ആ വഴിയ്ക്കുള്ള പ്രശ്നങ്ങൾ ഒഴിവായി. 3Gയിൽ നിന്നും ഒറ്റയടിക്ക് അല്ല 4G വന്നത് 3.5Gയും 3.75G യുമൊക്കെ അതിനു മുൻപും ഉണ്ടായിരുന്നു. 4Gയും അതിന്റെ ലക്ഷ്യങ്ങളും സ്റ്റാൻഡേഡുകളുമൊക്കെ ITU പ്രഖ്യാപിച്ചപ്പോൾ തന്നെ പല മൊബൈൽ സേവനദാതാക്കളും തങ്ങളുടെ നെറ്റ് വർക്ക് 4G ആണെന്നൊക്കെ പരസ്യം ചെയ്ത് 3.75 G നെറ്റ് വർക്കുകളെ 4G ആയി അവതരിപ്പിച്ചുകൊണ്ടുള്ള ഒരു വിപണന തന്ത്രം കൂടി പയറ്റുകയുണ്ടായി. അതായത് ലോങ്ങ്  ടേം എവല്യൂഷൻ(Long-Term Evolution) എന്ന LTE സാങ്കേതിക വിദ്യകൾ യഥാർത്ഥത്തിൽ ITU വിന്റെ കണക്ക് പ്രകാരം 4G അല്ല എങ്കിലും പല സേവന ദാതാക്കളും അതിനെ 4G ആയിത്തന്നെ പരസ്യം ചെയ്തു. ITU വിഭാവനം ചെയ്ത നെറ്റ് വർക്ക് സ്പീഡ് LTE ക്ക് നൽകാവുന്ന പരിധിയിൽ അല്ലാ എന്നതാണ്‌ അതിനു കാരണം. അവസാനം കമ്പനികളുടെ നിർബന്ധത്തിനു വഴങ്ങിയാകണം LTE യെ 4G ആയി കണക്കാക്കാമെന്ന രീതിയിൽ മാനദണ്ഡങ്ങൾ പുതുക്കപ്പെട്ടു. 5G യുടെ കാര്യം വരുമ്പോഴും ഇതുപോലെയുള്ള കളികൾ ഒക്കെ നടക്കുന്നുണ്ടെങ്കിലും അതിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. 

ITU – International Telecommunication Union official logo

ഇപ്പോൾ നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 4Gയുടെ സാങ്കേതിക വിദ്യ  LTE-Advanced ആണ്‌ ഇതിനെ 4G+ എന്നും 4.5G എന്നുമൊക്കെ വിളിക്കാറുണ്ട്.  അതുപോലെ നാലാം തലമുറയിലെ ഏറ്റവും ആധുനിക സാങ്കേതിക വിദ്യയാണ്‌ LTE-Advanced Pro. ഇതിനെ 4.75 G, 4.9 G, Pre-5G എന്നൊക്കെ വിളിക്കാറുണ്ട്.  എന്തൊക്കെ പേരിട്ട് വിളിച്ചാലും ഇതൊന്നും ഒരു 5G നെറ്റ് വർക്ക് ആകുന്നില്ല. സാങ്കേതിക വിദ്യകളിലെ പരിമിതികൾ കൊണ്ട് അത്ര എളുപ്പം 5G നെറ്റ് വർക്കുകൾ വിഭാവനം ചെയ്ത മാനദണ്ഡങ്ങൾ പ്രകാരം നടപ്പിലാക്കുക എളുപ്പമല്ലെന്നറിയാവുന്ന  മൊബൈൽ സേവനദാതാക്കൾ വിപണിയിലെ 5G ജ്വരം മുതലെടുക്കാനായി പല തരം അടവുകളും പയറ്റി നോക്കുന്നു. 3.75 G സാങ്കേതിക വിദ്യകളെ 4G ആക്കി വിപണനം ചെയ്തതുപോലെ 4.75 G ആയ LTE-Advanced Pro നെറ്റ് വർക്കുകളെ AT&T നെറ്റ് വർക്ക് 5G Evolution എന്ന പേരിൽ പേരിട്ട്  വിളിച്ച് മൊബൈലിലെ നെറ്റ് വർക്ക് ഇൻഡിക്കേറ്ററിൽ 5G എന്ന് വലുതായും അതിനോട് ചേർന്ന് ചെറിയ ഒരു E യും ചേർത്ത് 5GE എന്നു കാണിക്കുന്ന ഒരു സോഫ്റ്റ്‌‌വെയർ അപ്ഡേറ്റ് നൽകി. 5G യും 5G Evolution ഉം തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുക തന്നെ ആയിരുന്നു ഇതിന്റെ ഉദ്ദേശം എന്നതിനാൽ അത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. 

4Gയേക്കാൾ നൂറു മടങ്ങെങ്കിലും വേഗം,  ചുരുങ്ങിയ സ്ഥലത്ത് ലക്ഷക്കണക്കിനു ഉപകരണങ്ങൾ, ഒരു മില്ലി സെക്കന്റിലും കുറവായ ലാറ്റൻസി, മൊബൈൽ ഉപകരണങ്ങളുടെ ഉന്നത ഊർജ്ജ ക്ഷമത, കൂടൂതൽ മെച്ചപ്പെട്ട സ്പെക്ട്രം ഉപഭോഗം തുടങ്ങിയ സമഗ്ര മാറ്റങ്ങളോടെ എങ്ങിനെ ആയിരിക്കും  5G ലോകം കീഴടക്കാൻ പോകുന്നത്? അമേരിക്കയിൽ 5G വന്നു, ജപ്പാനിൽ 5G വന്നു, ഗൾഫ് രാജ്യങ്ങളിൽ വന്നു , ചൈനയിൽ 6Gയും 7Gയും വരാൻ പോകുന്നു എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ ഏതോ ശിലായുഗത്താണോ ജീവിക്കുന്നത് എന്നൊരു തോന്നൽ സ്വാഭാവികമായും ഉണ്ടായേക്കാം. അത്രയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. 5G ഉപഭോക്താക്കളിലേക്ക് അതിന്റേതായ അർത്ഥത്തിൽ എത്താൻ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ എന്നല്ല ലോകത്തെ അതി വികസിത രാജ്യങ്ങളിൽ പോലും വലിയ കടമ്പകൾ ആണ്‌ കടക്കാനുള്ളത്.

ഇതര കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകളിൽ നിന്നും വേറിട്ട് പലതരം വെല്ലുവിളികളാണ്‌ മൊബൈൽ കമ്യൂണിക്കേഷൻ സാങ്കേതിക വിദ്യകൾക്കുള്ളത്. അതിൽ ഒന്ന് ഡേറ്റ (വിശാലാർത്ഥത്തിൽ ആണ്‌ ഡേറ്റ എന്ന് ഉപയോഗിച്ചത്. ഡിജിറ്റൽ ആയിക്കഴിഞ്ഞാൽ അതിനു ശബ്ദമെന്നോ ചിത്രമെന്നൊ വീഡീയോ എന്നോ ഉള്ള വ്യത്യാസമൊന്നുമില്ലാത്തതിനാൽ)  ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് വയർ ഇല്ലാതെ എത്തിക്കാൻ അദൃശ്യമെങ്കിലും ചില പ്രത്യേക പാതകൾ ആവശ്യമാണ്‌. ആ പാതകൾ ആണ്‌ വ്യത്യസ്ത ഫ്രീക്വൻസി ഉള്ള ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങൾ. ഈ പാതകളിലേക്ക് ഡാറ്റയെ വണ്ടി കയറ്റി വിടുന്ന പ്രക്രിയയാണ്‌ മോഡുലേഷൻ എന്ന പ്രക്രിയ. കൂടുതൽ വേഗതയിൽ ഡാറ്റ സഞ്ചരിക്കണമെങ്കിൽ എന്തെല്ലാം ആവശ്യമാണ്‌? റോഡിന്റെ വീതി കൂട്ടണം, കൂടുതൽ വാഹനങ്ങളിൽ ഒരേ സമയത്ത് ഡാറ്റ നിറച്ച് വിടണം, കൂടുതൽ വേഗതയുള്ള വാഹനങ്ങൾ ഉപയോഗിക്കണം, കൂടുതൽ വലിയ വാഹനങ്ങൾ ഉപയോഗിക്കാൻ പറ്റുമോ എന്ന് നോക്കണം. ഇവിടെയൊക്കെ പ്രായോഗിക പരിമിതികൾ ഇല്ലേ? റോഡിനെ ഫ്രീക്വൻസി സ്പ്ക്ട്രം ആയിത്തന്നെ ഒന്ന് ഉപമിച്ചു നോക്കുക, നിശ്ചിത വീതിയിൽ കൂടൂതൽ റോഡ് നിർമ്മിക്കാൻ പറ്റുമോ? അതുപോലെത്തന്നെയാണ്‌ സ്പെക്ട്രത്തിന്റെ കാര്യവും. അതിനാൽ നമ്മൾ സാധാരണഗതിയിൽ റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കി കൂടുതൽ വാഹനങ്ങൾ ഉള്ള റോഡിലൂടെ ഓടിക്കാൻ എന്തെല്ലാമാണ്‌ ചെയ്യാറ്‌ അതുപോലെയുള്ള മാർഗ്ഗങ്ങളെല്ലാം ഇവിടെയും ആവശ്യമായി വരുന്നു. 4G യുടെ കാര്യത്തിൽ വിശാലമായ ഫ്രീക്വൻസി സ്പെക്ട്രം അനുവദിക്കപ്പെട്ടിട്ടുണ്ട്. അതായത് 2000 മെഗാ ഹെട്സ് മുതൽ 8000 മെഗാ ഹെട്സ് വരെ ഫ്രീക്വൻസികൾ ഉപയോഗിച്ചുള്ള ഏത് സാങ്കേതിക വിദ്യകളും വികസിപ്പിക്കാം. പക്ഷേ കാര്യം നടക്കണമെന്ന് മാത്രം. ഇവിടെയാണ്‌ മലമ്പ്രദേശങ്ങളിലൂടെ റോഡ് വെട്ടുന്നതുപോലെയുള്ള പരിമിതികൾ വില്ലനാകുന്നത്. ഫ്രീക്വൻസി കൂടുന്തോറും അതനുസരിച്ചുള്ള പ്രശ്നങ്ങളും കൂടിക്കൂടി വരുന്നു. അതായത് തടസ്സങ്ങളെ മറികടക്കാൻ കഴിയാതെ വരുന്നു, ട്രാൻസ്മിറ്ററും റിസീവറും മുഖാമുഖം നിൽക്കേണ്ടതായി വരുന്നു, അങ്ങനെ പല വിധ പ്രശ്നങ്ങൾ തലപൊക്കുന്നതിനാൽ നിലവിൽ ഉള്ള ഫ്രീക്വൻസികൾ ഉപയോഗിച്ച് തന്നെ പരമാവധി ഡാറ്റ വേഗത്തിൽ എങ്ങനെ കൈമാറ്റം ചെയ്യാൻ കഴിയും എന്ന രീതിയിലുള്ള ഗവേഷണങ്ങളാണ്‌ നടക്കുന്നത്.

ക്വാഡ്രേച്ചർ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ (QAM)

മൊബൈൽ കമ്യൂണിക്കേഷനെ സംബന്ധിച്ചിടത്തോളം ഡാറ്റയുടെ ഒഴുക്കിനെ സ്വാധീനിക്കുന്ന രണ്ട് സാങ്കേതിക പ്രക്രിയകൾ ആണ്‌ മോഡുലേഷനും മൾട്ടിപ്പിൾ ആക്സസും. ഇതിൽ മോഡുലേഷൻ എന്നാൽ ഡിജിറ്റൽ ഡാറ്റയെ ഹൈ ഫ്രീക്വൻസി വണ്ടി കയറ്റി വിടുന്ന പ്രക്രിയ. ഈ പ്രക്രിയയിൽ കാലോചിതമായി വിപ്ലവകരമായ സാങ്കേതിക വിദ്യകൾ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ക്വാഡ്രേച്ചർ ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ (QAM) എന്ന നൂതനമായ ഒരു മോഡുലേഷൻ സമ്പ്രദായമാണ്‌ നാലാം തലമുറ മൊബൈൽ കമ്യൂണിക്കേഷൻ സംവിധാനത്തിൽ ഉപയോഗപ്പെടുത്തുന്നത്. ഇതു തന്നെ ഒരേ സമയം എത്ര അളവ് ഡാറ്റയെ വണ്ടിയിൽ കയറ്റുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ തരം തിരിക്കപ്പെട്ടിരിക്കുന്നു. 16 QAM, 64 QAM, 256QAM അങ്ങനെ വിവിധ വിഭാഗങ്ങൾ. അതിന്റെയൊന്നും കടുകട്ടിയായ സാങ്കേതിക ഉള്ളുകള്ളികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല എങ്കിലും ഇത്രമാത്രം അറിയുക ഒരേ സമയം കൂടുതൽ ബിറ്റുകളെ മോഡുലേറ്റ് ചെയ്യാനും അതുപോലെത്തെന്ന റിസീവറിൽ അതനുസരിച്ച് ഡീമോഡുലേറ്റ് ചെയ്യാനും കഴിയുന്ന ഒരു സംവിധാനമാണിത്.

Digital 16-QAM with example constellation points ചിത്രം കടപ്പാട്‌ : wikipedia

കപ്പലുകളിൽ കണ്ടൈനറുകൾ വഴി അടുക്കും ചിട്ടയുമായി സാധനങ്ങൾ കയറ്റുന്നില്ലേ അതിന്റെ മറ്റൊരു രൂപം. ഇതര കമ്യൂണിക്കേഷൻ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി മൊബൈൽ കമ്യൂണിക്കേഷനുള്ള പ്രധാന വെല്ലുവിളി ഒരേ സമയം ഒരേ സ്ഥലത്ത് ധാരാളം ആളുകൾക്ക് തുടർച്ചയായി തടസ്സമില്ലാതെ ആശയ വിനിമയം നടത്താൻ കഴിയണം എന്നതാണ്‌. അതിനായി TDMA,FDMA,CDMA തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു.

ചിത്രം കടപ്പാട്‌ : semanticscholar

അതിനൊക്കെ ഒരു പരിധിയിൽ കൂടുതൽ ഫലപ്രദമായി ഒന്നിലധികം പേർക്ക് ഉള്ള സ്പെക്ട്രം ഉപയോഗിച്ച് ഒരേ സമയം ഡാറ്റ നൽകാൻ കഴിയാതെ വന്നപ്പോൾ ആവിഷ്കരിക്കപ്പെട്ട സാങ്കേതികവിദ്യകളാണ്‌ OFDMഉം (ഓർത്തൊഗണൽ ഫ്രീക്വൻസി ഡിവിഷൻ മൾട്ടിപ്ലക്സിംഗ്) OFDMAയും (ഓർത്തൊഗണൽ ഫ്രീക്വൻസി ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് ) അവയുടെ വകഭേദങ്ങളും. അതിന്റെയും സാങ്കേതിക വിദ്യകളിലേക്ക് കടക്കുന്നില്ല. എങ്കിലും ഒരു ഉദാഹരണത്തിലൂടെ ഏകദേശ ധാരണ നൽകാൻ ശ്രമിക്കാം.. നേരത്തെ സ്പെക്ട്രത്തെ റോഡിനോടാണല്ലോ ഉപമിച്ചത്. റോഡിൽ വാഹന ഗതാഗതം സുഗമമാക്കാനും അപകടം ഒഴിവാക്കാനുമൊക്കെ ലേനുകൾ ഉണ്ടാക്കാറുണ്ടല്ലോ പക്ഷേ ഉള്ള റോഡിൽ തന്നെ നാലു വരിയും ആറു വരിയുമൊക്കെ ആയാൽ അതോടെ വീതി തികയാതെ വരില്ലേ? ആ സാഹചര്യത്തിൽ വീണ്ടും തിരക്ക് വർദ്ധിച്ചാൽ എന്തു ചെയ്യും. ഉള്ള റോഡിനു മുകളിലായി ബഹുനിലകളിലായി ആകാശാപ്പാതകൾ നിർമ്മിക്കുക. ഏകദേശം സമാനമായ ഒരു സാങ്കേതിക വിദ്യയാണ്‌ OFDM. ഉള്ള ഫ്രീക്വൻസി ബാൻഡിനെ കൊച്ചു കൊച്ച് പാതകളാക്കി മാറ്റുകയും അവ പരസ്പരം കൂട്ടി മുട്ടാത്ത രീതിയിൽ വിവിധ നിലകളിൽ ക്രമീകരിക്കുകയും ചെയ്യുന്ന ഒരു രീതി. ഇത്തരത്തിൽ OFDM, QAM സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നാലാം തലമുറ മൊബൈൽ കമ്യൂണിക്കേഷൻ ഉദ്ദേശിച്ച വേഗതയുടെ അടുത്ത് എത്താൻ കഴിയുന്നു. പക്ഷേ‌ അതുകൊണ്ട് മാത്രം മതിയാകുന്നില്ല.

MIMO

ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. അതിനായി മറ്റൊരു സാങ്കേതിക വിദ്യ കൂടി ഇതിനോട് കൂട്ടിച്ചേർത്തു. അതാണ്‌ MIMO (മൾട്ടിപ്പിൾ ഇൻപുട് മൾട്ടിപ്പിൾ ഔട്പുട്ട്) സാധാരണ ഗതിയിൽ ഒരു ട്രാൻസ്മിറ്ററും ഒരു റിസീവറും തമ്മിലുള്ള റേഡിയോ കമ്യൂണിക്കേഷനിൽ ട്രാൻസ്മിറ്ററിലും റിസീവറിലും ഓരോ‌ ആന്റിനകൾ വച്ചേ ഉണ്ടാകൂ. പക്ഷേ ഈ പുതിയ സാങ്കേതിക വിദ്യയിൽ ഒന്നിലധികം ആന്റിനകൾ ട്രാൻസ്മിറ്ററുകളിലും റിസീവറുകളിലും ഉപയോഗിക്കുന്നു. അതുകൊണ്ട് എന്താണ്‌ ഗുണം? ഒരേ സമയത്ത് തന്നെ കൂടുതൽ ഡേറ്റ ട്രാൻസ്മിറ്ററിൽ നിന്നും റിസീവറിലേക്ക് എത്തിക്കാൻ കഴിയുന്നു. അതായത് പാലക്കാടു നിന്നും തൃശൂരേക്ക് ആയിരം ചാക്ക് അരി എത്തിക്കണമെന്ന് കരുതുക. നിലവിൽ ഒരു ട്രക്കിലായി കയറ്റി വിട്ടാൽ അത് കുതിരാൻ കയറ്റത്തിലെ ട്രാഫിക് ബ്ളോക്കിൽ കുടുങ്ങി എത്തുമ്പോഴേക്കും ധാരാളം സമയം നഷ്ടമാകും. അതിനൊരു പ്രതിവിധിയായി നാലു ട്രക്കുകളിലായി വെവ്വേറെ വഴികളിലൂടെ ഇതേ അരി ലോഡ് ചെയ്ത് കയറ്റി വിടുക. അതോടെ വിവിധ വഴികളിലൂടെ ആണെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ആവശ്യമായ അളവിലുള്ള സാധനം ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നു. ഇതിന്റെ ഒരു ഡിജിറ്റൽ രൂപമാണ്‌ MIMO.

2×2 MIMO സിസ്ഗം | കടപ്പാട്‌ : wikipedia

ഒന്നിൽ അധികം ട്രാൻസ്മിറ്റർ 2×2 MIMO സിസ്ഗംആന്റിനകൾ വഴി ഡേറ്റ അയക്കുന്നു. റിസീവറിൽ ഒന്നിലധികം ആന്റിനകൾ ഇത് സ്വീകരിക്കുന്നു ഫലത്തിൽ കൂടുതൽ വേഗതയേറിയ ഡറ്റാ കൈമാറ്റം., ട്രാൻസ്മിറ്ററും റിസീവറും 2 ആന്റിനകൾ ആണുപയോഗിക്കുന്നത് എങ്കിൽ അതിനെ  എന്നു വിളിക്കുന്നു . ട്രാന്സ്മിറ്ററിലും റിസീവറിലും 4 ആന്റിനകൾ വച്ചാണ്‌ ഉപയോഗിക്കുന്നതെങ്കിൽ അതിനെ 4×4 മൈമോ എന്ന് വിളിക്കുന്നു.

4×4 മൈമോ | കടപ്പാട്‌ : wikipedia

 

പ്രത്യേകം   ലൈസൻസ് വേണ്ടാത്ത ഒരു വിഭാഗം ഫ്രീക്വൻസികൾ ഉണ്ട്. അതായത്  2.4 GHz, 3.6 GHz, 4.9 GHz, 5 GHz, 5.9 GHz and 60 GHz തുടങ്ങിയ ഫ്രീക്വൻസികൾ  വൈഫൈയ്ക്ക് ആയി പ്രത്യേകം ലൈസൻസ് ഒന്നും ആവശ്യമില്ലാതെ ആർക്കും ഉപയോഗിക്കാൻ അനുവാദമുള്ളതാണ്‌.  പക്ഷേ ട്രാൻസ്മിഷൻ പവർ പരിമിതപ്പെടുത്തിയിരിക്കണം എന്നു മാത്രം. ഇത്തരത്തിൽ ലൈസൻസ് വേണ്ടാത്ത വൈഫൈ സ്പെക്ട്രത്തിന്റെ ഭാഗങ്ങൾ കൂടി ഉപയോഗപ്പെടുത്തി കൂടുതൽ  വേഗതയേറിയ 4G സേവനങ്ങൾ നൽകുന്ന ഒരു സാങ്കേതിക വിദ്യ കൂടി ഉണ്ട്. Licensed Assisted Access (LAA) എന്ന പേരിൽ ആണ്‌ ഇത് അറിയപ്പെടുന്നത്. 

ഇപ്പോൾ പറഞ്ഞത് എല്ലാം  4Gയുടെ കാര്യം ആണ്‌. 5Gയിലേക്ക് എത്താൻ ഒരു ആമുഖം ആയി പറഞ്ഞു എന്നേ ഉള്ളൂ. അതായത്  4Gയിൽ എന്തൊക്കെ സാങ്കേതിക വിദ്യകൾ ആണ്‌ ഉപയോഗിക്കുന്നതെന്ന് ഒരു ഏകദേശ ധാരണ കിട്ടാൻ വേണ്ടി മാത്രം.  4Gയിൽ ഉപയോഗിക്കുന്ന മൈമോയെക്കുറിച്ച് ധാരണയുണ്ടായാലല്ലേ 5Gയിൽ ഉപയോഗിക്കുന്ന മാസീവ് മൈമോയെക്കുറിച്ച്  കേട്ടാൽ എന്തെങ്കിലുമൊക്കെ മനസ്സിലാകൂ.. അതിനെക്കുറിച്ച്‌ അടുത്തലേഖനത്തിൽ പറയാം.  

ലേഖനത്തിന്റെ ഒന്നാം ഭാഗം -5G-യെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

രണ്ടാം ഭാഗം – എന്താണ് 4Gയിൽ നിന്നും 5Gക്കുള്ള വ്യത്യാസം ?

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സർപ്പശലഭം ഇണചേരുന്നത് കാണാം
Next post ജര്‍മേനിയം – ഒരുദിവസം ഒരു മൂലകം
Close