Read Time:21 Minute

ഡോ. ആർ.അരവിന്ദ്, ഡോ. എൻ. സരിത

എന്താണ് ആന്റിബയോട്ടിക് പ്രതിരോധം? ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാം ? ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്ന ലേഖനം.

2023 ജനുവരി ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ചത്

ആന്റിബയോട്ടിക്കുകൾക്ക് എതിരെ രോഗാണുക്കൾ പ്രതിരോധശേഷി ആർജിക്കുന്നതിനെയാണ് ആന്റിബയോട്ടിക് പ്രതിരോധം (AMR – AntiMicrobial Resistance)ന്ന് വിശേഷിപ്പിക്കുന്നത്. ആരോഗ്യമേഖല ഇന്നു നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് AMR. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം കാരണം രോഗാണുക്കൾ പ്രതിരോധശേഷി നേടുന്നതിനെ തുടർന്ന് രോഗാവസ്ഥ മൂർച്ഛിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകാം. ഇതുകാരണം ചികിത്സാച്ചെലവ് ഭീമമായി വർധിക്കുകയും ചെയ്യും. മനുഷ്യരിൽ മാത്രമല്ല, മത്സ്യക്കൃഷിയിലും കോഴി-താറാവ് കന്നുകാലി വളർത്തലിലും ആന്റി ബയോട്ടിക്കുകൾ അശാസ്ത്രീയ രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ലോകത്ത് ഉൽപാദിപ്പിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളിൽ 70 ശതമാനവും മൃഗങ്ങളിലാണ് ഉപയോഗിക്കുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ, ‘ഏക ലോകം ഏകാരോഗ്യം’ എന്ന ആശയത്തിലൂന്നി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം കൊണ്ടുമാത്രമേ എ എം ആർ ന്റെ തോത് കുറയ്ക്കാൻ കഴിയുകയുള്ളൂ.

AMR ഒരു ആഗോള പ്രശ്നമാണ്. പൊതുജനാരോഗ്യ രംഗത്തെ ഏറ്റവും പ്രധാനമായ വെല്ലുവിളികളിലൊന്നായി ലോകാരോഗ്യ സംഘടന (WHO) അതിനെ കണക്കാക്കുന്നു. അതിവേഗം ആസന്നമാകുന്ന ആന്റിബയോട്ടിക് രഹിത (Post Antibiotic Era) യുഗത്തെ കുറിച്ചുള്ള ഭയം, ലളിതമായ അണുബാധകൾ പോലും ജീവന് ഭീഷണിയായേക്കാവുന്ന സ്ഥിതിവിശേഷം എന്നിവ കാരണമാണ്, AMR നെക്കുറിച്ച് ചർച്ച ചെയ്യാനായി യുഎൻ ജനറൽ അസംബ്ലി 2016 സെപ്തംബർ 21-ന് നിർബന്ധിതമായത്.

AMR ഒരു സ്വാഭാവിക പ്രതിഭാസമാണെങ്കിലും ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം, അണുബാധകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അപര്യാപ്തമായ അല്ലെങ്കിൽ നിലവാരമില്ലാത്ത പ്രോഗ്രാമുകൾ, ഗുണനിലവാരമില്ലാത്ത മരുന്നുകൾ, ദുർബലമായ രോഗനിർണ്ണയ സംവിധാനങ്ങൾ, അപര്യാപ്തമായ നിരീക്ഷണം എന്നിവ കാരണമാണ് AMR ന്റെ തോത് വർധിച്ചുവരുന്നത്. ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറഞ്ഞതും ആന്റിബയോട്ടിക്കുകളുടെ ആവിർഭാവവും കാരണം ഇന്ന് നമ്മുടെ കാലത്തെ ഒരു പ്രധാന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രശ്നമായി AMR മാറിയിരിക്കുന്നു. ഇത്തരത്തിൽ ആന്റിബയോട്ടിക് പ്രതിരോധം തടസ്സമില്ലാതെ തുടരുകയാണെങ്കിൽ 2050-ഓടെ ഒരു കോടി ആളുകൾ ലോകമെമ്പാടും AMR കാരണം മരണമടയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത് കാൻസറോ റോഡപകടമോ കാരണം മരിക്കുന്ന ആളുകളുടെ എണ്ണത്തെക്കാൾ കൂടുതലായിരിക്കും. മാത്രമല്ല, 2050-ഓടെ AMR ആഗോള സമ്പദ് വ്യവസ്ഥയെ 100 ട്രില്യൻ ഡോളർ പിന്നോട്ടടിക്കും. പല രാജ്യങ്ങളുടെയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിലങ്ങുതടിയായി നിൽക്കുന്നത് AMR ആണ്. മാത്രമല്ല, 2030-ഓടെ AMR 24 ദശലക്ഷം ആൾക്കാരെ കൊടിയ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ദ ലാൻസെറ്റ് എന്ന ശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച AMR ന്റെ ആഗോള ആഘാതത്തെ കുറിച്ചുള്ള സമഗ്രമായ പഠനത്തിൽ തെളിഞ്ഞത്, 2019-ൽ ലോകത്ത് 1.27 ദശലക്ഷം മരണങ്ങൾക്ക് ആന്റിബയോട്ടിക് പ്രതിരോധം നേരിട്ട് കാരണമായെന്നും 4.95 ദശലക്ഷം മരണങ്ങളിൽ AMR അണുബാധകൾ പ്രധാന പങ്കുവഹിച്ചെന്നും ആണ്. ഏറ്റവും കൂടുതൽ ആഘാതം താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്നും പഠനം വ്യക്തമാക്കുന്നു.

കോവിഡ് 19 പോലെതന്നെ പൊതുജനാരോഗ്യത്തിന് വലിയ ഒരു ഭീഷണിയാണ് ആന്റിബയോട്ടിക് പ്രതിരോധവും എന്നത് മേൽ പ്രതിപാദിച്ച വിവരങ്ങളിൽ നിന്നും വ്യക്തമാണ്. എന്നിട്ടും AMR ന്റെ വ്യാപ്തിയേയും അതുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമുള്ള അജ്ഞത സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളതുകൊണ്ടാണ് ആന്റിബയോട്ടിക് പ്രതിരോധത്തെ ഒരു നിശബ്ദ മഹാമാരി എന്നു വിശേഷിപ്പിക്കുന്നത്. ഈ അജ്ഞതയുടെ ഫലമായാണ് വൈറൽ രോഗങ്ങളായ കോവിഡ് 19-നും ജലദോഷത്തിനുമെല്ലാം തന്നെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ട് വാങ്ങി കഴിക്കുന്നത്.

KARSAP (Kerala Antimicrobial Resistance Strategic Action Plan)

AMR സംബന്ധിച്ച ഗ്ലോബൽ ആക്ഷൻ പ്ലാൻ 2015-ൽ രൂപീകരിച്ചു. ഇതിന്റെ ചുവടു പറ്റി ഇന്ത്യൻ നാഷണൽ ആക്ഷൻ പ്ലാൻ (NAP-AMR : National Action Plan on Antimicrobial Action Plan) 2017-ൽ പുറത്തിറങ്ങി. 2018-ൽ AMR തടയാനായി ഒരു ഉപദേശീയ കർമ്മപദ്ധതി (Sub National Action Plan) പുറത്തിറക്കുന്ന ആദ്യത്തെ സംസ്ഥാ നമായി കേരളം മാറി. KARSAP 2018 ഒക്ടോബർ 25-ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. KARSAP പൂർണമായും “ഏകലോകം ഏകാരോഗ്യം’ ആശയത്തിലധിഷ്ഠിതമായി ആരോഗ്യവകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, കൃഷിവകുപ്പ്, ക്ഷീരവികസനം, പരിസ്ഥിതി, മത്സ്യകൃഷി വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. AMR ന്റെ തോത് കുറയ്ക്കാനായി KARSAP ൽ ആറു സ്ട്രാറ്റജിക് മുൻഗണനകൾ ഉണ്ട്. (ചിത്രം 1) ഇതിൽ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സ്ട്രാറ്റജിക് മുൻഗണന-2ന്റെ കീഴിലാണ് വരുന്നത്. ഈ തോത് നിരീക്ഷിച്ചിട്ടാണ് ആന്റിബയോഗ്രാം തയ്യാറാക്കുന്നത്.

ചിത്രം 1

ആന്റിബയോഗ്രാം എന്നാലെന്ത്?

ഒരു പ്രസ്തുത കാലയളവിലെ രോഗികളുടെ സാമ്പിളുകളിൽ നിന്ന് ലഭിക്കുന്ന ബാക്ടീരിയകൾക്ക് ആന്റി ബയോട്ടിക്കുകളോടുള്ള പ്രതിരോധ ശേഷി അളന്നു ക്രോഡീകരിച്ച് ലഭിക്കുന്ന പട്ടികയെയാണ് ആന്റിബയോഗ്രാം അഥവാ ക്യുമുലേറ്റീവ് ആന്റി ബയോഗ്രാം എന്നു പറയുന്നത്. 2018-ൽ തുടങ്ങിയ കാർസാപ്പ് പദ്ധതിയുടെ ഭാഗമായി 2019-ൽ കേരളത്തിലെ ഒൻപത് ജില്ലകളിലുള്ള പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന 21 മൈക്രോ ബയോളജി ലബോറട്ടറികളുടെ ഒരു ശൃംഖല കാർനെറ്റ് എന്ന നാമത്തിൽ രൂപീകരിച്ചു. ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി സംബന്ധിച്ചുള്ള വിവരങ്ങൾ മാസംതോറും കൃത്യതയോടെ ഈ ലാബുകൾ നോഡൽ സെന്ററായി പ്രവർത്തിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിലേക്ക് നൽകിവരുന്നു. ഇവിടെ സംസ്ഥാന തലത്തിലുള്ള AMR വിവരങ്ങൾ ഏകോപിപ്പിച്ച് അവ ദേശീയ-അന്തർദേശീയ AMR ശൃംഖലകൾക്കും കേരള സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിനും നൽകിവരുന്നു. കാർനെറ്റ് ശൃംഖലയുടെ 2021-ലെ AMR നിരീക്ഷണ റിപ്പോർട്ട് 2022 നവംബർ 9-ാം തീയതി ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ് പുറത്തിറക്കി. അതോടെ AMR നിരീക്ഷണ റിപ്പോർട്ട് പ്രകാശിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.

കാർറ്റ് AMR നിരീക്ഷണ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ചുവടെ ചേർക്കുന്നു.

  • ഇ-കോളി (e-coli), ക്ലബ്സിയല്ല (klebsiella), അസിനെറ്റോബാക്ടർ (Acinetobactor), സ്യൂഡോമോണാസ് (pseudomonos), ഫൈലോകോക്കി (stephylococci), എന്ററോകോക്കി (enterococci) എന്നിങ്ങനെ മനുഷ്യരിൽ അണുബാധ ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ആറ് ബാക്ടീരിയകളുടെ ആന്റി ബയോട്ടിക് സംവേദ്യത (Antibiotic susceptibility) സംബന്ധിച്ച വിവരങ്ങളാണ് റിപ്പോർട്ടിന്റെ പ്രതിപാദ്യ വിഷയം.
  • രക്തം, മൂത്രം, പഴുപ്പ്, വിവിധ തരം ശരീര സ്രവങ്ങൾ എന്നിവയിൽ നിന്നുള്ള രോഗാണുക്കളുടെ ആന്റി ബയോട്ടിക്ക് സംവേദ്യതയാണ് പഠനവിധേയമാക്കിയത്.
  • 21765 രോഗികളിൽ നിന്ന് ലഭിച്ച 14,353 രോഗാണുക്കളിലാണ് നിരീക്ഷണം നടത്തിയത്.
  • മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗാണുക്കളിൽ ആന്റിബയോട്ടിക് സംവേദ്യത കുറഞ്ഞു വരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. ബാക്ടീരിയകളിലുള്ള ആന്റിബയോട്ടിക് പ്രതിരോധശേഷിയുടെ ഉദാഹരണങ്ങളായ ESBL (സെഫലോസ്പോനിൻ മരുന്നുകളോടുള്ള പ്രതിരോധം), കാർബാപനമം വിഭാഗത്തിൽ പെട്ട മരുന്നുകളോടുള്ള പ്രതിരോധം മുതലായവ മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ കൂടിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. (ചിത്രം 2, 3)
  • തീവ്രപരിചരണ വിഭാഗങ്ങളിൽ (ICU) ചികിത്സയിലായിരുന്ന രോഗികളിൽ നിന്ന് ലഭിച്ച പല ബാക്ടീരിയകളുടെയും ആന്റിബയോട്ടിക് സംവേദ്യത വളരെ കുറവായിരുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. നിലവിൽ ഉപയോഗിക്കുന്ന വളരെ വീര്യം കൂടിയ ആന്റിബയോട്ടിക്കുകളായി കാർബാപെനംകളെ പോലും പ്രതിരോധിക്കാനുള്ള കഴിവ് ഈ രോഗാണുക്കൾക്കുണ്ട്.
  • ഇതുമൂലം പാർശ്വഫലങ്ങൾ കൂടുതലുള്ളതും ചെലവേറിയതുമായ കൊളിസ്റ്റിൻ (Colistin), ടിജിസൈക്ലിൻ (Tigecycline), ഫോസ്ഫോമൈസിൻ (Fosfomycin) മുതലായ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടാക്കുന്നു. മാത്രമല്ല, കാർബാപെനം ആന്റിബയോട്ടിക്കുകൾ പ്രതിരോധിക്കാൻ കഴിവുള്ള ബാക്ടീരിയകൾ കൊണ്ടുണ്ടാകുന്ന അണുബാധകൾ കാരണമുള്ള മരണനിരക്കും വളരെ കൂടുതലാണ്.
  • വാൻകോമൈസിൻ (Vancomycin) എന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കാൻ കഴിവാർജിച്ച എന്ററോകോക്കി (Enterococci) എന്ന ബാക്ടീരിയകളുടെ തോതും കേരളത്തിൽ വർധിച്ചുവരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. ഹൃദയ വാൽവുകളിൽ അണുബാധ (Endocoditis) ഉണ്ടാക്കുവാൻ കഴിവുള്ള ബാക്ടീരിയയാണ് എന്ററോകോക്കി.
ചിത്രം 2
ചിത്രം 3

ആന്റിബയോട്ടിക് സാക്ഷരത എന്നാൽ എന്ത്?

2021-ലെ കേരള ആന്റിബയോഗ്രാം വ്യക്തമാക്കുന്നത് ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കുറയ്ക്കാനായുള്ള നടപടികൾ അടിയന്തരമായി നടപ്പാക്കിയില്ലെങ്കിൽ AMR അണുബാധകൾ വലിയൊരു പൊതുജനാരോഗ്യ പ്രശ്നമായി മാറുമെന്നു തന്നെയാണ്. ഈ ഒരു തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് കേരള സർക്കാർ 2023 നവംബറോടെ കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമായി മാറ്റാനുള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നത്.

ആന്റിബയോട്ടിക് സാക്ഷര കേരള ക്യാമ്പയിന് കീഴിൽ വിഭാവനം ചെയ്യുന്ന വിശാലമായ ലക്ഷ്യങ്ങൾ ഇവയാണ്:

  1. ആന്റിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാർവത്രിക അവബോധം.
  2. ഡോക്ടറുടെ നിർദേശാനുസരണം മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാർവത്രിക അവബോധം.
  3. ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ സുരക്ഷിതമായി നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാർവത്രിക അവബോധം. ഇതിനായി കേരള സ്റ്റേറ്റ് ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെയും ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷന്റെയും സംയുക്ത സംരംഭമായ പ്രൗഡ് (PROUD), ഉപയോഗിക്കാത്ത ആന്റിബ യോട്ടിക്കുകൾ നീക്കം ചെയ്യുന്നതിനുള്ള പ്രോഗ്രാം എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
  4. AMR ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് സ്കൂൾ വിദ്യാർഥികൾക്കിടയിൽ അവബോധമുണ്ടാക്കുക.

മൃഗസംരക്ഷണം, ഫിഷറീസ്, അ ക്വാകൾച്ചർ എന്നീ വകുപ്പുകൾക്കു കീഴിലുള്ള കർഷകർക്കായി മലയാളത്തിലുള്ള സന്ദേശങ്ങൾ ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എല്ലാ ജില്ലകളിലും ജില്ലാതല AMR കമ്മിറ്റികൾ രൂപീകരിച്ചുകഴിഞ്ഞു. ഇന്ത്യയിലാദ്യമായി ജില്ലാതല AMR കമ്മിറ്റികൾ രൂപീകരിച്ച സംസ്ഥാനം കേരളമാണ്.

ആന്റിബയോട്ടിക് പ്രതിരോധം കുറയ്ക്കാനായി പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

  1. മിക്ക അണുബാധകളും വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ, ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല.
  2. ഡോക്ടർ നിർദേശിക്കുമ്പോൾ മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക. ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
  3. ഒരിക്കൽ നിർദേശിച്ച ആന്റിബയോട്ടിക്കുകൾ കുറിപ്പടി ഉപയോഗിച്ച് മറ്റൊരുവസരത്തിൽ വീണ്ടും വാങ്ങി കഴിക്കരുത്. ആന്റിബയോട്ടിക്കുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
  4. അസുഖം ഭേദമായി എന്നു തോന്നിയാലും ഡോക്ടർ നിർദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക്കുകൾ നിർബന്ധമായും കഴിക്കേണ്ടതാണ്.
  5. ചികിത്സ കഴിഞ്ഞു ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലേക്കോ ജലാശയങ്ങളിലേക്കോ വലിച്ചെറിയരുത്.
  6. AMR തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം രോഗം വരാതെ നോക്കുക എന്നതാണ്. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുകയും രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും പ്രതിരോധ കുത്തിവെയ്പ്പുകൾ കാലാനുസൃതമായി എടുക്കുകയും ചെയ്യുക.
  7. ആന്റിബയോട്ടിക്കുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും. എന്നാൽ, ഡോക്ടറുടെ നിർദേശ പ്രകാരമല്ലെങ്കിൽ അവ ഉത്തമമല്ല. വൈറൽ പനികൾക്കും മറ്റുമുള്ള അനാവശ്യമായ ആന്റിബയോട്ടിക്ക് ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധത്തിൽ കലാശിക്കും. പിന്നീട് ആവശ്യമുള്ള സമയത്ത് ആ ആന്റിബയോട്ടിക്ക് ഉപയോഗിച്ചിട്ടും കാര്യമില്ലാത്ത അവസ്ഥ സംജാതമാകും.

ആന്റിബയോട്ടിക്കുകളുടെ ആവിർഭാവത്തോടെയാണ് ആരോഗ്യമേഖലയിൽ ഇരുപതാം നൂറ്റാണ്ടിൽ വിപ്ലവകരമായ കുതിച്ചുചാട്ടമുണ്ടായത്. അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ, കാൻസർ കീമോതെറാപ്പി, അവയവ മാറ്റ ശസ്ത്രക്രിയകൾ, മാസം തികയാത്ത ശിശുക്കളുടെ പരിചരണം എന്നിവയെല്ലാം തന്നെ സാധ്യമായത് ഫലപ്രദമായ ആന്റിബയോട്ടിക്കുകൾ ഉള്ളതുകൊണ്ട് മാത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മനുഷ്യന്റെ ആയുർദൈർഘ്യം നാൽപത്താറു വയസ്സു മാത്രമായിരുന്നു. ഇന്നത് എൺപതു വയസിനോടടുക്കുവാൻ കാരണം പ്രതിരോധ കുത്തി വയ്പ്പുകളും ആന്റിബയോട്ടിക്കുകളും ശുചിത്വപരിപാലനവും ശുദ്ധമായ ജലത്തിന്റെ ലഭ്യതയുമാണ്. ആന്റിബയോട്ടിക്പൂർവ ലോകത്തിൽ നിസ്സാരമായ അണുബാധകൾ പോലും ഗുരുതരമായി മാറുന്ന സാഹചര്യമുണ്ടായിരുന്നു. ആന്റിബയോട്ടിക്കുകളുടെ കണ്ടുപിടിത്തതോടെയാണ് ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായത്. എന്നാൽ, ബാക്ടീരിയകളിൽ ഉടലെടുത്ത ആന്റിബയോട്ടിക് പ്രതിരോധം കാരണം നമ്മൾ ആന്റിബയോട്ടിക് രഹിത യുഗത്തിലേക്ക് ത്വരിതഗതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അപകടകരമായ ഈ സ്ഥിതിയിലേക്ക് നയിച്ചത് സർവമേഖലകളിലുമുള്ള ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം കാരണമാണ്. നമ്മുടെയും പിൻതലമുറകളുടെയും ശോഭനമായ ഭാവിക്കുവേണ്ടി ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കുറയ്ക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. അതിനായി എല്ലാവരും ആന്റിബയോട്ടിക് സാക്ഷരത കൈവരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.


ശാസ്ത്രഗതി മാസിക ഓൺലൈനായി വരിചേരാം..

Happy
Happy
69 %
Sad
Sad
0 %
Excited
Excited
13 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
13 %

One thought on “ആന്റിബയോട്ടിക് സാക്ഷരതയുടെ ആവശ്യകതയെന്ത് ?

  1. വളരെ നല്ല ലേഖനം. അഭിനന്ദനങ്ങൾ

Leave a Reply

Previous post വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം
Next post ഗ്രീൻ ഹൈഡ്രജൻ മാത്രമല്ല, ഗ്രേ, ബ്ലൂ, ബ്രൌൺ, പിങ്ക്, വൈറ്റ് ഹൈഡ്രജനുമുണ്ട്!
Close