Read Time:18 Minute

“എളിയ കാര്യങ്ങളെ തന്റെ അസാമാന്യ പ്രതിഭയാൽ തൊട്ട് മഹത്തരമാക്കിയ ഒരാൾ…അദ്ദേഹം എങ്ങും പോയിട്ടില്ല. ആ ജീവിതത്തിലേക്ക് നോക്കാൻ മനുഷ്യർ ഉള്ളടത്തോളം കാലം അദ്ദേഹം മരിക്കുന്നുമില്ല…ഇതാ ഒരു മഹാനായ മനുഷ്യൻ, ആദരിക്കാനും, വരും തലമുറയ്ക്ക് പഠിക്കാനും പകർത്താനും.”

-ആൻ താക്കറെ റിച്ചി

ചാൾസ് ഡാർവിൻ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയായ ആൻ താക്കറെ റിച്ചി (Anne Isabella Thackeray Ritchie) അദ്ദേഹത്തിന്റെ മരണശേഷം എഴുതിയ മനോഹരങ്ങളായ വാചകങ്ങളാണിത്. ഒരു അജ്ഞാത രോഗം ബാധിച്ചു തന്റെ പത്താം വയസ്സിൽ മരണത്തിന് കീഴടങ്ങിയ ഡാർവിന്റെ പ്രിയപുത്രി ആനിയുടെ സ്ഥാനത്ത് പില്ക്കാലത്ത് ഡാർവിൻ കണ്ടത് റിച്ചിയെ ആയിരുന്നു. എങ്കിലും ആനിയെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തിന്റെ ജീവിതാവസാനം വരെയും ഒരു വിങ്ങലായി നിലനിന്നു.

ഡാർവിന്റെയും ആനിയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ഹൃദയസ്പർശിയായ ഒരു പുസ്തകമാണ് ‘ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും’ (Annie’s Box: Darwin, His Daughter, and Human Evolution; 2001, Penguin Books). ഡാർവിന്റെ ചെറുമകളുടെ ചെറുമകനായ റാൻഡാൽ കീൻസ് (Randal Keynes) ആണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.

ഡാർവിന്റെ പ്രിയപുത്രി ആനി

ആനിയുടെ മരണത്തിന് വർഷങ്ങൾക്കുശേഷം അവളുടെ ചില വസ്തുക്കൾ അടങ്ങുന്ന ഒരു പെട്ടി കീൻസിന്റെ കൈയ്യിൽ കിട്ടുന്നു. അതിൽ ‘ആൻ’ എന്ന തലക്കെട്ടോടെ ഡാർവിൻ എഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. മരണത്തോട് മല്ലിടുന്ന ആനിയുടെ അവസാന നാളുകൾ ആ കുറിപ്പിലൂടെ കീൻസ് വായിച്ചെടുക്കുന്നു. അവിടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഒരു നോവൽ പോലെ എഴുതപ്പെട്ടിരിക്കുന്ന ഈ പുസ്തകം, ബീഗിൾ യാത്രയ്ക്ക് ശേഷമുള്ള ഡാർവിന്റെ ജീവിതത്തിന്റെ ക്രമാനുഗതവും അത്യന്തം വൈകാരികവുമായ ഒരു ചരിത്രം ആണ് വിവരിക്കുന്നത്.

Darwin Heirlooms Trust

1838-ലാണ് ഡാർവിനും മുറപ്പെണ്ണായ എമ്മയും വിവാഹിതരാകുന്നത്. അടുത്തവർഷം അവരുടെ ആദ്യത്തെ മകൻ വില്യം ഇറാസ്മസ് ജനിച്ചു. അവരുടെ രണ്ടാമത്തെ കുട്ടിയും ആദ്യത്തെ മകളുമായ ആൻ എലിസബത്ത് ഡാർവിൻ (ആനി) ജനിച്ചത് 1841-ലാണ്. അതിനുശേഷം, അവർ ലണ്ടൻ നഗരത്തിനടുത്ത് കെൻ്റ് പ്രദേശത്ത് ഡൗൺ ഹൗസ് എന്ന ഒരു വീട് വാങ്ങി താമസമായി. സസ്യശാസ്ത്രജ്ഞനായ ജോസഫ് ഹുക്കർ അവിടെ ഡാർവിൻ കുടുംബത്തിൻ്റെ ഒരു നിത്യസന്ദർശകനായിരുന്നു. ഹുക്കറിന് ആനിയെയും ആനിക്ക് തിരിച്ചും വലിയ ഇഷ്ടമായിരുന്നു. വില്ല്യമിന്റെയും ആനിയുടെയും വളർച്ച ഒരു ജീവശാസ്ത്രജ്ഞന്റെ ശ്രദ്ധയോടെ ഡാർവിൻ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഡാർവിനും എമ്മയ്ക്കും പിന്നീട് രണ്ട് പെൺകുട്ടികളും നാല് ആൺകുട്ടികളും പിറന്നു. ഡാർവിൻ കുട്ടികൾക്കായി പൂന്തോട്ടങ്ങൾ ഒരുക്കി കൊടുത്തു. അവർ ധാരാളം വായിച്ചു. ഡാർവിനും എമ്മയും പാടിയ താരാട്ടുകൾ കേട്ട് ദിവസവും അവർ ഉറങ്ങി. പതിനാലാം മാസം മുതൽ തന്നെ ആനിയിൽ കാര്യങ്ങൾ അടുക്കോടും ചിട്ടയോടും ചെയ്യാനുള്ള ഒരു പ്രവണത ഉണ്ടായിരുന്നു. ഇത് ഡാർവിനെ അത്ഭുതപ്പെടുത്തി. ആനി ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു. കുട്ടികൾ ദിവസവും കളിയിൽ മുഴുകവെ, ഡാർവിൻ തന്റെ പഠനമുറിയിൽ ലോകത്തെ മാറ്റിമറിക്കാൻ പോകുന്ന ഒരു സിദ്ധാന്തത്തിന്റെ പണിപ്പുരയിൽ ആയിരുന്നു.

ആകസ്മികമായിട്ടല്ല ഡാർവിൻ പ്രകൃതി നിർദ്ധാരണ സിദ്ധാന്തത്തിലേക്ക് (Theory of Natural Selection) എത്തിയത്. ശാസ്ത്രലോകത്തിന് തന്റേതായ ഒരു സംഭാവന നൽകണം എന്ന പ്രേരണ ആദ്യമായി ഡാർവിന് ഉണ്ടായത് 1830-ൽ ജോൺ ഹെർഷലിന്റെ Preliminary Discourse എന്ന പുസ്തകം വായിച്ചതിലൂടെയാണ്. പ്രകൃതി പ്രഭാവങ്ങളെ നിരന്തരമായി നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നതിലൂടെ അവയിൽ ഉള്ളടങ്ങിയിരിക്കുന്ന ക്രമങ്ങളും അവയുടെ കാരണങ്ങളും മനസ്സിലാക്കാനും അതിൽ നിന്ന് പൊതു നിയമങ്ങൾ രൂപപ്പെടുത്താനും കഴിയും. Inductive method എന്ന് ഇന്ന് അറിയപ്പെടുന്ന ശാസ്ത്രസമീപനത്തെ ഡാർവിന് പരിചയപ്പെടുത്തിയത് ആ പുസ്തകമായിരുന്നു.

1831-ലെ ബീഗിൾ യാത്രയ്ക്ക് മുൻപായി ചാൾസ് ലയേലിന്റെ (Charles Lyell) പ്രശസ്തമായ Principles of Geology വായിക്കാൻ ഡാർവിനെ നിർബന്ധിച്ചത് അദ്ദേഹത്തിന്റെ ഗുരുനാഥനായ പ്രൊഫ. ഹെൻസ്ലോ (John Stevens Henslow) ആയിരുന്നു. ആ പുസ്തകത്തിന്റെ ആദ്യ പ്രതി ഡാർവിന് നൽകിയതാകട്ടെ ബീഗിളിന്റെ കപ്പിത്താനായ ഫിറ്റ്സ്റോയിയും (Captain Robert FitzRoy). പ്രാചീനകാലത്ത് ഭൂമിയിൽ നടന്നതും കാലാന്തരത്തിൽ സംഭവിച്ചതുമായ മാറ്റങ്ങളെ ഇപ്പോൾ കാണുന്ന ഭൂപ്രതിഭാസങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന സമീപനമാണ് ലയേൽ സ്വീകരിച്ചത്. ഈ സമീപനത്തെ ജീവികളുടെ കാര്യത്തിൽ പ്രയോഗിക്കുകയാണ് ഡാർവിൻ ചെയ്തത്. 

ബീഗിൾ യാത്രയിലൂടെ ഡാർവിൻ ശേഖരിച്ച ആയിരക്കണക്കിന് ജീവി മാതൃകകളുടെയും നൂറുകണക്കിന് വരുന്ന നിരീക്ഷണക്കുറിപ്പുകളുടെയും പഠനത്തിൽ നിന്ന് ഡാർവിന് ഒരു കാര്യം മനസ്സിലായി – ജീവികൾ നിരന്തരം മാറ്റത്തിന് വിധേയരായിക്കൊണ്ടിരിക്കുന്നു. എന്നാൽ പ്രകൃതി നിർദ്ധാരണം എന്ന ആശയം ശക്തമായ ഒരു സ്ഫുലിംഗമായി ഡാർവിന്റെ മനസ്സിൽ തെളിഞ്ഞത് ബീഗിൾ യാത്രയ്ക്ക് ശേഷം 1838-ൽ തോമസ് മാൽത്തൂസിന്റെ Essay on the Principle of Population എന്ന പുസ്തകം വായിച്ചതിലൂടെയാണ്. എല്ലാ ജീവികളും നിരന്തരമായ ഒരു പോരാട്ടത്തിലാണ്. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം. സാഹചര്യങ്ങളോട് ഏറ്റവും നന്നായി പൊരുത്തപ്പെടാൻ കഴിയുന്നവർ നിലനിൽക്കുന്നു. അവർ തലമുറകളെ ഉണ്ടാക്കുകയും കാലാന്തരത്തിൽ പുതിയ ജീവിവർഗങ്ങളായി (species) പരിണമിക്കുകയും ചെയ്യുന്നു. ഇതാണ് പ്രകൃതി നിർദ്ധാരണത്തിന്റെ അടിസ്ഥാനം. ഡാർവിന്റെ ഈ ചിന്താധാരയുടെ വികാസം അതിമനോഹരമായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

എന്നാൽ പ്രകൃതി നിർദ്ധാരണം എന്ന ആശയം ലോകത്തിന് നൽകുമ്പോൾ ഡാർവിൻ കടുത്ത ജീവിത സംഘർഷങ്ങൾക്ക് ഇടയിലായിരുന്നു. 1840 മുതൽ ഒരു അജ്ഞാതരോഗം ഡാർവിനെ പിടികൂടി. പിന്നീടങ്ങോട്ട് ദഹനക്കുറവും വിഷാദവും ഇടയ്ക്കിടെ അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ചില സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം ഇംഗ്ലണ്ടിലെ മാൽവേണിലുള്ള ഡോ.ജയിംസ് ഗള്ളിയുടെ ‘ജല ചികിത്സ’ (Water Therapy) പരീക്ഷിക്കാൻ ഡാർവിൻ തീരുമാനിച്ചു. ഡാർവിന്റെ ചികിത്സയ്ക്കായി കുടുംബം മുഴുവൻ മാൽവേണിൽ എത്തി. ജല ചികിത്സ അദ്ദേഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കി. ഡാർവിന്റെ പുരോഗതി ആശ്വാസത്തോടെ ആനി നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് ഡാർവിൻ ആനിയെയും കൂട്ടി മാൽവേണിലെ കുന്നുകൾ കയറും. ആ കുന്നുകളുടെ ഭൂമിശാസ്ത്രചരിത്രം അദ്ദേഹം അത്യുൽസാഹത്തോടെ അവൾക്ക് വിവരിച്ചു കൊടുക്കും.

ആനിയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡാർവിന്റെ ഓർമ്മക്കുറിപ്പുകളുടെ പെട്ടി. American Museum of Natural History

ഒൻപത് വയസ്സ് വരെയും ആനി ഊർജ്ജസ്വലയായ, സന്തോഷവതിയായ, ആർക്കും ഇഷ്ടം തോന്നുന്ന ഒരു മിടുക്കിക്കുട്ടിയായിരുന്നു. സഹോദരങ്ങളോടൊപ്പം കളിച്ചും ചിരിച്ചും യാത്ര ചെയ്തും ഉല്ലാസപൂർവ്വം അവളുടെ ദിനങ്ങൾ കടന്നു പോയി. എന്നാൽ ആനി പതുക്കെ അവശയാവാൻ തുടങ്ങി. അവൾക്ക് കടുത്ത ചുമ ബാധിച്ചു. പ്രഗൽഭരായ പല ഡോക്ടർമാരെ കണ്ടെങ്കിലും ആർക്കും അവളുടെ രോഗം എന്താണെന്ന് കണ്ടെത്താനായില്ല. നിസ്സഹായനായ ഡാർവിൻ ഡോ.ഗള്ളിയുടെ ജല ചികിത്സയ്ക്ക് ആനിയെ കൊണ്ടുപോയി. ചികിത്സ ആനിയിൽ മാറ്റങ്ങൾ ഉണ്ടാക്കി. എന്നാൽ പെട്ടെന്നൊരു ദിവസം അവൾക്ക് അതിയായ ഛർദി പിടിപെട്ടു. പിന്നീടങ്ങോട്ട് രോഗം കൂടിയും കുറഞ്ഞും കുറച്ചുനാൾ നിന്നു. ഡോ.ഗള്ളിയും മറ്റു ഡോക്ടർമാരും തങ്ങളെ കൊണ്ടാവുന്നതെല്ലാം ചെയ്തു. ആനി കൂടുതൽ ക്ഷീണിതയായിക്കൊണ്ടിരുന്നു. ഒടുവിൽ 1851-ലെ ഒരു ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അവൾ വേദനകളോട് എന്നന്നേക്കുമായി വിട പറഞ്ഞു. രോഗത്തിലും ആനി ഒരിക്കൽപോലും ആരോടും പരിഭവിച്ചില്ല. തനിക്ക് വേണ്ടി എല്ലാവരും ചെയ്യുന്ന ഓരോ സഹായത്തിനും ഹൃദയംഗമായ നന്ദി മാത്രം അവൾ പറഞ്ഞു. രേഖകളിൽ നിന്ന് ആനിയുടേ മരണകാരണം ക്ഷയരോഗമാകാനാണ് സാധ്യത എന്ന് വിദഗ്ധർ പറയുന്നു. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയെ (Mycobacterium tuberculosis) 31 വർഷങ്ങൾക്ക് ശേഷം 1882-ൽ മാത്രമാണ് റോബർട്ട് കോച്ച് എന്ന ജർമ്മൻ ശാസ്ത്രജ്ഞൻ കണ്ടെത്തിയത്.

വേദന മറക്കാനായി ഡാർവിൻ തന്റെ സിദ്ധാന്തരൂപീകരണത്തിലും പുസ്തകമെഴുത്തിലും പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. എമ്മയാകട്ടെ സ്വർഗ്ഗത്തിൽ ആനിയെ വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ ദിവസങ്ങൾ തള്ളി നീക്കി. അങ്ങനെയിരിക്കെ 1858-ൽ ഡാർവിനെ തേടി മലായയിൽ നിന്നും (ഇന്നത്തെ മലേഷ്യയും സിംഗപ്പൂരും അടങ്ങുന്ന ഭൂഭാഗം) ഒരു പ്രകൃതി ശാസ്ത്രജ്ഞന്റെ കത്ത് വന്നു. അത് അൽഫ്രഡ് റസൽ വാലസിന്റേതായിരുന്നു. പ്രകൃതി നിർദ്ധാരണം എന്ന ആശയം തന്നെയായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. ഇനി വൈകിക്കൂടാ എന്ന് മനസ്സിലാക്കിയ ഡാർവിൻ ലയേലിനെയും ഹുക്കറിനെയും വിവരം അറിയിച്ചു. അവരിരുവരും ചേർന്ന് പ്രശസ്തമായ ലിനേയൻ സൊസൈറ്റിയിൽ ഡാർവിന്റെയും വാലസിന്റെയും ഒരുമിച്ചുള്ള പ്രബന്ധം അവതരിപ്പിച്ചു. ഡാർവിൻ അവിടെ സന്നിഹിതനായിരുന്നില്ല. അന്ന് അദ്ദേഹം സ്കാർലെറ്റ് പനി ബാധിച്ച് മരിച്ച തന്റെ ഏറ്റവും ഇളയ മകൻ്റെ ശരീരവുമായി സെമിത്തേരിയിലേക്ക് പോവുകയായിരുന്നു. ഒടുവിൽ 1859-ൽ ചരിത്രപ്രസിദ്ധമായ ‘ജീവ ജാതികളുടെ ഉത്ഭവം’ (The Origin of Species) പ്രസിദ്ധീകരിക്കപ്പെട്ടു. ഡാർവിൻ കരുതിയത് പോലെ തന്നെ ജീവശാസ്ത്രത്തിൽ മാത്രമല്ല ലോകം മുഴുവൻ അതൊരു കോളിളക്കം സൃഷ്ടിച്ചു.

പ്രകൃതി നിർദ്ധാരണത്തിലൂടെ മനുഷ്യ പരിണാമം എങ്ങനെയാണ് വിശദീകരിക്കുക? അതായിരുന്നു 1871-ൽ പ്രസിദ്ധീകരിച്ച ഡാർവിന്റെ The Descent of Man-ന്റെ ഉദ്ദേശ്യം. യാഥാസ്ഥിതികമായ ബ്രിട്ടീഷ് സമൂഹത്തിൽ നിന്നും ധാരാളം പരിഹാസങ്ങൾ ഈ പുസ്തകത്തിനും ഡാർവിനും ഏറ്റുവാങ്ങേണ്ടി വന്നു. അദ്ദേഹത്തിൻ്റെ ശിരസ്സും കുരങ്ങിന്റെ ശരീരവുമായ് കരിക്കേച്ചറുകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചില പരിഹാസങ്ങൾ ഡാർവിനെ അതിയായി വിഷമിപ്പിക്കുകയും ചെയ്തു. എങ്കിലും അദ്ദേഹം തന്റെ അന്വേഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. അവസാനകാലത്തും അദ്ദേഹത്തിൻറെ ശ്രദ്ധ മണ്ണിരകളുടെ പ്രവർത്തനം പഠിക്കുന്നതിലായിരുന്നു.

എന്നാൽ അദ്ദേഹത്തിൻ്റെ ഹൃദയം ക്ഷീണിച്ചു വരികയായിരുന്നു. ഒടുവിൽ 1882-ൽ തന്റെ എഴുപത്തിമൂന്നാം വയസ്സിൽ ഡാർവിൻ ഈ ലോകത്തോട് വിട പറഞ്ഞു. ഇന്ന് അദ്ദേഹം ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ അന്ത്യവിശ്രമം കൊള്ളുന്നു, തന്നെ ഏറെ പ്രചോദിപ്പിച്ച ജോൺ ഹെർഷലിന്റെ കല്ലറയോട് ചേർന്നു.

ഡാർവിന്റെ ആനിയെക്കുറിച്ചുള്ള ഓർമക്കുറിപ്പിൽ നിന്ന് . Cambridge University Library

കഥയുടെ തീവ്രത കൊണ്ടും ഭാഷയുടെ സൗന്ദര്യം കൊണ്ടും ഹൃദയഭേദകമാണ് ഈ പുസ്തകം. വായനയിൽ ഒരു തുള്ളി കണ്ണുനീർ പൊടിയാതിരിക്കില്ല. വായിച്ചു കഴിഞ്ഞാലും ഡാർവിനും ആനിയും നമ്മളെ വിട്ട് പോകുകയുമില്ല. നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ ആനി വീണുപോയി. പ്രകൃതി നിർദ്ധാരണത്തിൽ ഭൂമിയിലെ ജൈവവൈവിധ്യം മാത്രമല്ല മരണമെന്ന പരമസത്യവും ജീവിതത്തിന്റെ നൈമിഷികതയും കൂടി ഇഴചേർന്നിട്ടുണ്ട്. ആ സത്യം ആദ്യമായി തിരിച്ചറിഞ്ഞ ഡാർവിൻ അനുഭവിച്ച വേദനയും പുസ്തകം വരച്ചു കാണിക്കുന്നു.

ഈ പുസ്തകത്തെ അടിസ്ഥാനമാക്കി പ്രശസ്ത ഇംഗ്ലീഷ് സംവിധായകനായ ജോൺ അമിയേൽ സംവിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ‘Creation’. പോൾ ബെറ്റനി, ജെനിഫർ കൊണ്ണെലി, ബെനഡിക്ട് കമ്പർബാച്ച് തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. പുസ്തകത്തോടൊപ്പം ഈ ചലച്ചിത്രവും കൂടി ചേർത്തുവയ്ക്കുമ്പോൾ ഡാർവിന്റെയും ആനിയുടെയും ജീവിതവും പരിണാമസിദ്ധാന്തത്തിന്റെ ചരിത്രവും കൂടുതൽ മിഴിവോടെ വായനക്കാർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.


ശാസ്ത്രവായനയ്ക്ക്

ഏറ്റവും പുതിയ ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ലൂക്ക പംക്തി

Happy
Happy
70 %
Sad
Sad
10 %
Excited
Excited
10 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
10 %

One thought on “ആനിയുടെ പെട്ടി: ഡാർവിനും, മകളും, മനുഷ്യപരിണാമവും

Leave a Reply

Previous post കാർഷിക വിളകളുടെ പരിണാമം – LUCA TALK
Next post മാതൃദിനത്തിൽ ചില പരിണാമ ചിന്തകൾ
Close