Read Time:15 Minute

കേൾക്കാം

“പെണ്ണായതുകൊണ്ട് മാത്രം” അവഗണിക്കപ്പെട്ട പ്രതിഭകളെ പറ്റി പ്രൊഫ. കെ. പാപ്പൂട്ടി എഴുതുന്ന ലേഖന പരമ്പര. അവതരണം : അനിത ഐ

ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെ രാജ്ഞി”, “ആകാശത്തിന്റെ സെൻസസ് എടുത്തവൾ’ (Census taker of the skies) എന്നൊക്കെ അറിയപ്പെടുന്ന വ്യക്തിയാണ് ആനി ജംപ് കാനൺ (Annie Jump Cannon- 1863-1941). അവരുടെ ജീവിതം പക്ഷേ ഒരു രാജ്ഞിയുടേതൊന്നുമായിരുന്നില്ല.

മണിക്കൂറിന് 25 സെന്റ് കൂലിക്ക് ദിവസം 7 മണിക്കൂർ ജോലിചെയ്യണമായിരുന്നു. ദിവസവരുമാനം വെറും ഒന്നേമുക്കാൽ ഡോളർ. എന്നാൽ അതിലുമെത്രയോ കൂടുതൽ സമയം അവർ കൂലിയില്ലാതെ ജോലി ചെയ്തു. അങ്ങനെ 40 വർഷം തുടർന്ന് ഒടുവിൽ, റിട്ടയർ ചെയ്യുന്നതിന് രണ്ടു വർഷം മുമ്പു മാത്രം ഹാർവാഡ് സർവകലാശാല അവർക്കൊരു സ്ഥിരനിയമനം നൽകി. എന്തായിരുന്നു അവരുടെ പണിയെന്നോ? ആകാശത്തിന്റെ എല്ലാ ഭാഗങ്ങളുടെയും ഫോട്ടോ എടുത്തു പരിശോധിക്കുക; അതിലെ നക്ഷത്രങ്ങളെ ശോഭയുടെ അടിസ്ഥാനത്തിൽ വേർതിരിച്ചു പട്ടികപ്പെടുത്തുക.

ആനി ജംപ് കാനൺ

കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. ധനികനും ജ്യോതിശ്ശാസ്ത്ര തൽപ്പരനുമായിരുന്ന ഡോക്ടർ ഹെന് റി ഡ്രേപ്പർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വിധവ ഒരു വലിയ തുക ജ്യോതിശ്ശാസ്ത്രപഠനങ്ങൾക്കായി ഹാർവാഡ് സർവകലാശാലയെ ഏൽപ്പിച്ചു. അതുപയോഗിച്ച് വിപുലമായ ഒരു നക്ഷത്രകാറ്റലോഗ് നിർമിക്കാൻ ഹാർവാഡ് ഒബ്സർവേറ്ററിയുടെ ഡയറക്ടറും പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞനുമായ എഡ്വാഡ് പിക്കറിംഗ് തീരുമാനി ച്ചു. അന്നുണ്ടായിരുന്ന കാറ്റലോഗുകളിലെല്ലാം വളരെ കുറച്ചു നക്ഷത്രങ്ങളെയേ പട്ടികപ്പെടുത്തിയിരുന്നുള്ളൂ. മിക്കതിലും കാന്തിമാനം (magnitude) 6 വരെയുള്ളവ മാത്രം. അതിലപ്പുറമുള്ളവയെ നഗ്നദൃഷ്ടികൊണ്ട് കാണാനാവില്ലല്ലോ. കാന്തിമാനം 9 വരെയുള്ളവയെ പട്ടികപ്പെടുത്താനാണ് പിക്കറിംഗ് തീരുമാനിച്ചത്. മികച്ച ടെലിസ്കോപ്പിന്റെ സഹായത്തോടെ ആകാശചിത്രണം തകൃതിയായി നടന്നു. പക്ഷേ പട്ടികപ്പെടുത്തൽ മാത്രം വളരെ പതുക്കെയായി. സങ്കീർണമായ ഒരു രീതിയാണവർ അതിനു സ്വീകരിച്ചിരുന്നത്.

‘പിക്കറിംഗിന്റെ അന്തഃപുരം'
‘പിക്കറിംഗിന്റെ അന്തഃപുരം’ ചിത്രത്തിന് കടപ്പാട് – വിക്കിപ്പീഡിയ

അന്ന് ജ്യോതിശ്ശാസ്ത്രം (എല്ലാ ശാസ്ത്രവും) പുരുഷന്മാരുടെ മേഖല ആയിരുന്നു. ഒടുവിൽ പിക്കറിംഗിലെ പ്രായോഗികവാദി അദ്ദേഹത്തോടു മന്ത്രിച്ചു. “ആണുങ്ങളെക്കൊണ്ട് ഇപ്പണി നടക്കില്ല. അതുകൊണ്ട് പണി പെണ്ണുങ്ങളെ ഏൽപ്പിക്കാം. അവർക്കാകുമ്പം കൂലിയും കുറച്ചുമതി.” അങ്ങനെ ഒരു കൂട്ടം പെണ്ണുങ്ങളെ അദ്ദേഹം നിയോഗിച്ചു. “പിക്കറിംഗിന്റെ അന്തഃപുരം’ (Pickering’s harem), ‘ഹാർവാഡ് കമ്പ്യൂട്ടർമാർ’ (അന്ന് ഇലക്സ്ട്രോണിക് കമ്പ്യൂട്ടറുകൾ വന്നിട്ടില്ല – 1896ലാണ്) എന്നിങ്ങനെയുള്ള പരിഹാസപ്പേരുകളിലാണവർ അറിയപ്പെട്ടത്. എന്നാൽ എല്ലാവരെയും ആ പെണ്ണുങ്ങൾ അത്ഭുതപ്പെടുത്തിക്കളഞ്ഞു. ആനിയെ കൂടാതെ ഹെന് റിറ്റാ ലെവിറ്റ്. വില്യമിനാ ഫ്ളെമിംഗ്, ആന്റോനിയോ മോറി തുടങ്ങിയ പ്രതിഭാശാലികൾ അക്കൂട്ടത്തിലുണ്ടായിരുന്നു.

ഹെന് റിറ്റാ ലെവിറ്റിനൊപ്പം ആനി

കാറ്റലോഗ് നിർമാണത്തിന്റെ സങ്കീർണതകളെല്ലാം ആനി ജംപ് കാനൺ ഇല്ലാതാക്കി. അവരുടെ അപാരമായ ഓർമശക്തിയും ഭാവനയും ചിട്ടയും ചേർന്നപ്പോൾ വർണരാജിയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ക്രമം ഉണ്ടായിവന്നു. അതാണ് ഇന്നും വാനനിരീക്ഷകർ ഉപയോഗിക്കുന്ന spectral classification രീതി. വർണരാജി നക്ഷത്രങ്ങളുടെ ഉപരിതല താപനിലയുടെ കൂടി സൂചനയാണല്ലോ. നക്ഷത്രങ്ങളെ O, B, A, F, G, K, M എന്നിങ്ങനെ ഏഴായി വിഭജിച്ചു. ഓർമിക്കാൻ “Oh, Be A Fine Girl, Kiss Me” എന്ന സൂത്രവാക്യവും നല്കി. O, B, A ഇവ ചൂടു വളരെ കൂടിയ (35,000 – 10000K) നീല – വെള്ള നക്ഷത്രങ്ങളെയും F, G ഇവ മഞ്ഞ നക്ഷത്രങ്ങളെയും (10000 – 5000K) K, M ഇവ ചൂടുകുറഞ്ഞ ഓറഞ്ച് – ചുവപ്പ് നക്ഷത്രങ്ങളെയും കുറിക്കുന്നു. ഇതിൽ ഓരോ വിഭാഗത്തെയും വീണ്ടും 10 വീതം ഉപവിഭാഗങ്ങളായും (ഉദാ. Ao, Al, A2, … A9) വിഭജിക്കുന്നു. സൂര്യൻ G2 വിഭാഗത്തിൽപ്പെ ടും. ആനിയുടെ നേതൃത്വത്തിൽ നിർമിച്ച പുതിയ കാറ്റലോഗ് ‘ഹെന് റി ഡ്രേപ്പർ കാറ്റലോഗ് അഥവാ H – D കാറ്റലോഗ് എന്നറിയപ്പെട്ടു. ഇന്നും ജ്യോതിശ്ശാസ്ത്രജ്ഞർ വ്യാപകമായി ഉപയോഗിക്കുന്ന നക്ഷത്രപ്പട്ടിക ഇതാണ്. ചുവപ്പു ഭീമന്മാരെയും മൃതനക്ഷത്രങ്ങളെയും മറ്റും പിൽക്കാലത്ത് കണ്ടെത്തിയപ്പോൾ R, N, S എന്നീ സൂചകങ്ങൾ കൂടി കൂട്ടിച്ചേർത്ത് പട്ടിക വിപുലീകരിച്ചു എന്നുമാത്രം.

സ്പെക്ട്രൽ ക്ലാസിഫിക്കേഷൻ
സ്പെക്ട്രൽ ക്ലാസിഫിക്കേഷൻ (ചിത്രത്തിന് കടപ്പാട് – വിക്കിപ്പീഡിയ)

അപാരമായ സൂക്ഷ്മതയും വേഗവുമായിരുന്നു ആനിജംപിന്റെ തനിമ. ഒരു മിനിട്ടിൽ മൂന്ന് എന്ന കണക്കിൽ അവർ ഫോട്ടോഗ്രാഫിൽ നിന്ന് നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞ് ഇനം തിരിക്കും. അങ്ങനെയാണ് നാലു പതിറ്റാണ്ടുകൊണ്ട് 350,000 നക്ഷത്രങ്ങളെ അവർ പട്ടികപ്പെടുത്തിയത്. (ഹാർവാഡ് കമ്പ്യൂട്ടേഴ്സസിലെ മറ്റൊരു പ്രതിഭയായ വില്യാമിനയ്ക്ക് കഴിഞ്ഞത് 10,000 എണ്ണം മാത്രം). 300 ചര നക്ഷത്രങ്ങളും അഞ്ച് നോവകളും ഒരു സ്പെക്ട്രോസ്കോപിക് ഇരട്ടയും ആനിജംപിന്റെ കണ്ടെത്തലിൽപ്പെടും. ഏതു നക്ഷത്രം ഏതു ഫോട്ടോ ഗ്രാഫിലാണ് ഉള്ളതെന്ന് ഓർത്ത് നിമിഷം കൊണ്ട് എടുത്തുകൊടുക്കാൻ അവർക്കു കഴിയുമായിരുന്നു. ചെവി ഒട്ടും കേൾക്കാത്ത ഒരു സ്ത്രീയാണ് ഇതൊക്കെ ചെയ്തതെന്ന് അറിയുമ്പോഴാണ് അവരോടുള്ള ആദരവ് നമ്മളിൽ പലമടങ്ങായി വർധിക്കുക.

ഹാർവാർഡ് കോളേജ് ഒബസർവേറ്ററിയിൽ നിന്നും

ആനിജംപിന്റെ വ്യക്തിജീവിതം

കപ്പൽ നിർമാതാവും സ്റ്റേറ്റ് സെനറ്ററുമായിരുന്ന വിൽസൺ കാനന്റെയും മേരി ജംപിന്റെയും മൂന്നു പെൺമക്കളിൽ മൂത്തവളായി 1863 ഡിസംബർ 11 നാണ് ആനി ജനിച്ചത്. ഡെലാവറിലെ ഡോവർ എന്ന ചെറുനഗരത്തിൽ. താൽപ്പര്യമുള്ള കാര്യങ്ങൾ പഠിക്കാൻ അമ്മയാണവളെ പ്രോത്സാഹിപ്പിച്ചത്. മാനത്തെ നക്ഷത്രരാശികളെ പരിചയപ്പെടുത്തിയതും അമ്മ തന്നെ. ഗണിതമായിരുന്നു ആനിയുടെ ഇഷ്ടവിഷയം. മാസച്യുസെറ്റ്സിലെ വെല്ലസ്ലികോളേജിൽ നിന്ന് ഫിസിക്സസും ജ്യോതിശ്ശാസ്ത്രവും പഠിച്ച് അവർ ബിരുദമെടുത്തു. അമേരിക്കയിലന്നുണ്ടായിരുന്ന ചുരുക്കം മികച്ച ഭൗതികശാസ്ത്രജ്ഞകളിൽ ഒരാളായിരുന്ന സാറാ ഫ്രാൻസെസ് വിറ്റിംഗ് ആയിരുന്നു ആനിക്ക് പ്രിയപ്പെട്ട അധ്യാപിക. 1884ൽ ബിരുദമെടുത്ത ആനി ഡെലോവറിലേക്ക് തിരിച്ചുപോയി. 10 വർഷം ഫോട്ടോഗ്രാഫി പഠനവുമായി അവിടെ കഴിഞ്ഞു. 1892ൽ യൂറോപ്പിൽ ഒരു ഫോട്ടോഗ്രാഫിക് യാത്ര നടത്തി ചിത്രങ്ങളും കുറിപ്പുകളുമായി ‘കൊളംബസിന്റെ പാദങ്ങൾ പിന്തുടർന്ന്’ എന്ന ചെറു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. തിരിച്ചെത്തിയശേഷം അവർക്ക് സ്കാർലറ്റ് ഫീവർ എന്ന വിഷജ്വരം ബാധിക്കുകയും തുടർന്ന് കേൾവിശക്തി തീർത്തും നഷ്ടമാവുകയും ചെയ്തു എന്നാണ് കരുതപ്പെടുന്നത്. 1894ൽ അമ്മ മരിച്ചപ്പോൾ ആനിയുടെ ജീവിതം പ്രയാസകരമായി. രക്ഷയ്ക്കെത്തിയത് പ്രിയപ്പെട്ട അധ്യാപിക സാറ ആയിരുന്നു. അവർ ഒരു ജൂനിയർ ഫിസിക്സ് അധ്യാപികയായി ആനിയെ കോളേജിൽ നിയമിച്ചു. കൂടാതെ ഫിസിക്സസിൽ ഉപരിപഠനം നടത്താനും സ്പെക്ട്രോസ്കോപ്പിയിൽ പ്രാവീണ്യം നേടാനും സഹായിച്ചു. അങ്ങനെ ഒരു ജ്യോതിശ്ശാസ്ത്രജ്ഞയാകാൻ വേണ്ട രണ്ടു കാര്യങ്ങൾ – ഫോട്ടോഗ്രാഫിയും സ്പെക്ട്രോസ്കോപ്പിയും ആനി വശത്താക്കി. ഇനി നിരീക്ഷണത്തിന് നല്ല ടെലിസ്കോപ്പുകൂടി ലഭ്യമായാൽ മതി.

ആനി ജംപ് കാനൺ
ആനി ജംപ് കാനൺ (ചിത്രം വിക്കിപ്പീഡിയയിൽ നിന്ന്)

ആനി ഒരു സ്പെഷൽ സ്റ്റുഡന്റായി റാഡ്ക്ലിഫ് കോളേജിൽ രജിസ്റ്റർ ചെയ്തു. ഹാർവാഡിലെ പ്രൊഫസർമാർ സ്ത്രീകൾക്കായി അവിടെ വന്ന്  ക്ലാസുകൾ എടുക്കുമായിരുന്നു. അങ്ങനെയാണ് 1896ൽ എഡ്വാഡ് പിക്കറിംഗ് അവരെ കണ്ടെത്തിയതും തന്റെ സഹായിയായി നിയമിച്ചതും. ഹാർവാഡ് കമ്പ്യൂട്ടേർസിന് തുടക്കത്തിൽ പരിഹാസം മാത്രമല്ല കടുത്ത വിമർശനവും നേരിടേണ്ടിവന്നു. ‘സ്ത്രീകൾ വീടു നോക്കേണ്ടവരാണ്; അവർ ഇപ്പോൾ ചെയ്യുന്നത് അവർ ചെയ്യേണ്ട പണിയല്ല” എന്നു പറഞ്ഞവരിൽ സർവകലാശാലയിലെ പ്രമുഖരും ഉണ്ടായിരുന്നു. അതിന്റെ ഫലമായാണ് സ്ത്രീകൾക്കു നൽകാവുന്ന പരമാവധി ഉയർന്ന തസ്തിക അസിസ്റ്റന്റിന്റേതാണെന്നും (സ്ഥിരനിയമനമല്ല) കൂലി മണിക്കുറിൽ 25 സെന്റിൽ കൂടരുതെന്നും നിശ്ചയിച്ചത്. കാനൺ, പദവിയും കൂലിക്കുറവും ഒന്നും പരിഗണിച്ചേയില്ല. ബധിരയായ അവർ പൂർണമായും നക്ഷത്രമാപ്പിംഗിൽ മുഴുകി. പ്രശസ്തി അവരെ തേടിയെത്തി. പുരുഷഗവേഷകർ നിറഞ്ഞ ജ്യോതിശ്ശാസ്ത്രമേഖലയിൽ അവരുടെ സാന്നിധ്യം നിറഞ്ഞുനിന്നു. ലോകാടിസ്ഥാനത്തിൽത്തന്നെ ഗവേഷകരെ കൂട്ടിയിണക്കാനും ഗവേഷണ ഉപകരണങ്ങൾ പരസ്പരം കൈമാറാനും അവർ നേതൃത്വം നൽകി. ജ്യോതിശ്ശാസ്ത്രലേഖനങ്ങളും പുസ്തകങ്ങളും രചിച്ചു. 1901ൽ എച്ച്.ഡി കാറ്റലോഗിന്റെ ആദ്യ വാല്യം പ്രസിദ്ധീകൃതമായി. 1933ലെ ചിക്കാഗോ വേൾഡ് ഫെയറിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പ്രതിനിധിയായി അവർ പങ്കെടുത്തു.

40 വർഷം നീണ്ട സേവനത്തിനുശേഷം 1938 ൽ ആനീ ജംപ് കാനൺ വിരമിക്കുമ്പോൾ നിരവധി സ്ത്രീകൾ ജ്യോതിശ്ശാസ്ത്രജ്ഞരായി രംഗത്തെത്തിക്കഴിഞ്ഞിരുന്നു.  അതിനു രണ്ടു വർഷം മുമ്പു കാനണ് സർവകലാശാല ഒരു സ്ഥിരം നിയമനം നൽകിയിരുന്നു. 1941 ഏപ്രിൽ 13ന്, എഴുപത്തിയേഴാം വയസ്സിൽ മരിക്കു മ്പോൾ അവർ ശരിക്കും ജ്യോതിശ്ശാസ്ത്രരംഗത്തെ രാജ്ഞിയായിക്കഴിഞ്ഞിരുന്നു. അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി എല്ലാവർഷവും മികച്ച വനിതാ ജ്യോതിശ്ശാസ്ത്രജ്ഞർക്കായി ‘ആനീജംപ് കാനൺ അവാർഡ്’ നൽകിവരുന്നു.


female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മുതല കണ്ണീരൊഴുക്കുന്നത് എന്തിനാണ്?
Next post ‘ജീവൻ ഒരു വഴി കണ്ടെത്തുന്നു’ – സിന്തറ്റിക് പരിണാമ ഗവേഷണത്തിലെ പുതിയ കണ്ടെത്തലുകൾ
Close