Read Time:5 Minute


ഡോ.എൻ.ഷാജി

1968 – ൽ മെക്സിക്കോ സിറ്റിയിൽ നടന്ന ഒളിമ്പിക്സ്, ഹൈജമ്പിന്റെ ചരിത്രത്തിൽ സവിശേഷ സ്ഥാനം നേടിയ ഒന്നായിരുന്നു. ആ ഒളിമ്പിക്സിൽ ഒക്ടോബർ 20-ന് ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഒരു പ്രത്യേകരീതിയിൽ ബാറിനു മുകളിലൂടെ പറന്നു ചാടി ഒളിമ്പിക് റിക്കാർഡ് സൃഷ്ടിച്ചു. അയാൾ പിന്നീട് ഒളിമ്പിക്സിൽ പങ്കെടുത്തിട്ടില്ല. പക്ഷേ അയാളുടെ ചാട്ടം, അതിന്റെ രീതി കൊണ്ടു പിന്നീട് നടന്ന ഒളിമ്പിക്സിലെല്ലാം ഓർമ്മിക്കപ്പെട്ടു. ഇന്ന് ഫോസ്ബറി ഫ്ലോപ്പ് (Fosbury Flop) എന്നറിയപ്പെടുന്ന രീതിയാണത്. ആ ചാട്ടക്കാരന്റെ പേരായിരുന്നു ഡിക് ഫോസ്ബറി (Dick Fosbury).

ഡിക് ഫോസ്ബറി (Dick Fosbury).

ഇതിന്റെ പ്രത്യേകത എന്താണെന്നു വെച്ചാൽ ശരീരം ഹൈജമ്പ് ബാറിനു മുകളിലൂടെ പോകുമ്പോഴും ചാടുന്ന ആളിന്റെ ഗുരുത്വ കേന്ദ്രം (Centre of Gravity) ബാറിനു താഴെക്കൂടെയാണ് പോവുക. ഈ ഒരൊറ്റ വ്യത്യാസത്തിലൂടെ മാത്രം ചാടാവുന്ന ഉയരം ഏതാനും ഇഞ്ചുകൾ വർദ്ധിപ്പിക്കാനാകും. ശരീരം താഴോട്ട് വളഞ്ഞ രീതിയിൽ ബാറിനു മുകളിലൂടെ കടന്നുപോകുന്നതു കൊണ്ടാണ് ഇതു സാദ്ധ്യമാകുന്നത്. നമ്മുടെ പേശികൾക്ക് ചെലുത്താവുന്ന ബലത്തിന്റെ അടിസ്ഥാനത്തിൽ ശരീരം എത്ര ഉയർത്താൻ കഴിയും എന്നതിന് ഒരു പരിധിയുണ്ട്. ഈ കണക്കിൽ ഗുരുത്വകേന്ദ്രം എത്ര ഉയർത്താൻ കഴിയും എന്നതാണ് പ്രധാനം. ഗുരുത്വകേന്ദ്രത്തിന്റെ സ്ഥാനം നമ്മൾ ശരീരത്ത ഏതു തരത്തിൽ രൂപദേദം വരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നമ്മൾ നേരെ നിൽക്കുമ്പോൾ അത് ശരീരത്തിനകത്ത് മദ്ധ്യഭാഗത്തായിരിക്കും. റ പോലെ വളഞ്ഞു നിന്നാൽ ഗുരുത്വകേന്ദ്രം ശരീരത്തിനു പുറത്തായിരിക്കും.

ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഡിക് ഫോസ്ബറിക്ക് (Dick Fosbury) പരമാവധി ചാടാൻ കഴിയുന്ന ഉയരം 5 അടി ആയിരുന്നു. അന്ന് നിലവിലിരുന്ന ഹൈജമ്പ് രീതികൾ കത്രികച്ചാട്ടം (scissor jump), കവച്ചു ചാട്ടം (straddle), ഉരുളൽ ചാട്ടം (western roll) എന്നിവയൊക്കെയായിരുന്നു. ആദ്യ കാലങ്ങളിൽ ഹൈജമ്പ് വഴി ലാൻഡ് ചെയ്തിരുന്നത് മണലിൽ അല്ലെങ്കിൽ മണ്ണിൽ ആയിരുന്നു. എന്നാൽ 1960 കളിൽ റബ്ബർ മെത്ത പോലുള്ള പ്രതലങ്ങളിൽ പതിക്കാവുന്ന സംവിധാനങ്ങൾ നിലവിൽ വന്നു. ഈ മാറ്റങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പരമാവധി ഉയരത്തിൽ ചാടുക എന്നതായിരുന്നു ഫോസ്ബറിയുടെ ലക്ഷ്യം. താൻ പഠിച്ച ഫിസിക്സിന്റെ ബാലപാഠങ്ങൾ അതിനായി ഉപയോഗിച്ചു. ശരീരം പരമാവധി വളച്ച് ബാറിനു തൊട്ടു മുകളിലൂടെ ശരീരത്തെ കടത്തിവിടുകയാണ് നല്ല രീതി എന്ന് മനസ്സിലാക്കിയ ഫോസ് ബറി കുറച്ചു വർഷമെടുത്ത് തന്റെ രീതികൾ കുറ്റമറ്റതാക്കി. ഫോസ് ബറി പ്രത്യേക രീതിയിൽ ഓടി വന്ന് ഒരു പ്രത്യേക കോണിൽ ചാടി ആദ്യം തല ബാറിനു മുകളിലൂടെ കടന്നുപോകുന്ന രീതിയിൽ പറന്നു. ശരീരം ബാറിനെ തൊടാതെ അതിനു തൊട്ടു മുകളിലൂടെ കടന്നുപോയപ്പോൾ ഫോസ് ബറിയുടെ ഗുരുത്വകേന്ദ്രം (centre of gravity) ബാറിനു താഴെക്കൂടിയാണ് കടന്നുപോയത്.

1968-ലെ ഒളിമ്പിക്സിൽ ഫോസ് ബറി മാത്രമാണ് ഈ രീതിയിൽ ചാടിയത്. പിന്നീട് ഇത് വൈറലായി. ഇതു പിന്നീട് ഫോസ്ബറി ഫ്ലോപ് (Fosbury Flop) എന്നറിയപ്പെടാൻ തുടങ്ങി. 4 വർഷത്തിനു ശേഷം 1972 ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്സിൽ ഹൈജമ്പിൽ പങ്കെടുത്ത 40 -ൽ 28 പേരും ആ രീതി സ്വീകരിച്ചു. പിന്നീട് അതിന്റെ സ്വീകാര്യത വർദ്ധിച്ചിട്ടേ ഉള്ളൂ.



ഒളിമ്പിക്സ് പ്രത്യേക ലേഖനപരമ്പര

Happy
Happy
0 %
Sad
Sad
0 %
Excited
Excited
60 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
40 %

Leave a Reply

Previous post ആനി ജംപ് കാനൺ : പെണ്ണായതുകൊണ്ട് മാത്രം
Next post ‘ജീവൻ ഒരു വഴി കണ്ടെത്തുന്നു’ – സിന്തറ്റിക് പരിണാമ ഗവേഷണത്തിലെ പുതിയ കണ്ടെത്തലുകൾ
Close