Read Time:17 Minute
എൻ. സാനു
എന്‍. സാനു

അതിമനോഹരമായ ആകാശക്കാഴ്ചകളാണ് ആഗസ്റ്റുമാസത്തിലുള്ളത്. ആകാശഗംഗ; വൃശ്ചികം, ധനു രാശികൾ; ചിത്ര, ചോതി തുടങ്ങിയ നക്ഷത്രങ്ങൾ; തിരുവോണം, അനിഴം, തൃക്കേട്ട, തുടങ്ങിയ ചാന്ദ്രഗണങ്ങൾ എന്നിവയെയെല്ലാം അനായാസമായി ഈ മാസം സന്ധ്യാകാശത്തു തിരിച്ചറിയാം. പെഴ്സീയിഡ് ഉൽക്കാ വർഷം ഈ മാസത്തിലാണ്.

ആഗസ്റ്റിലെ ആകാശം
ആഗസ്റ്റ് 15ന് രാത്രി 7.30-നു മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം (ഗ്രഹങ്ങളും ചന്ദ്രനും ഉൾപ്പെട്ടിട്ടില്ല.)

സൗരരാശികൾ

സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് പടിഞ്ഞാറുനിന്നും യഥാക്രമം കന്നി, തുലാം, വൃശ്ചികം, ധനു, മകരം എന്നീ രാശികളെ ആഗസ്റ്റ് മാസം നിരീക്ഷിക്കാം. നേരെ കിഴക്ക്-പടിഞ്ഞാറായല്ല ക്രാന്തിപഥം (Ecliptic) കാണപ്പെടുന്നത്. ഈ മാസം സന്ധ്യയ്ക്ക് നിരീക്ഷിക്കുമ്പോൾ അല്പം വടക്കുപടിഞ്ഞാറ്-തെക്കുകിഴക്കായും പുലര്‍ച്ചെ നിരീക്ഷിക്കുമ്പോൾ തെക്കുപടിഞ്ഞാറ്-വടക്കുകിഴക്കായുമാണ് ക്രാന്തിപഥം കാണപ്പെടുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ ഇവയെ തിരിച്ചറിയാവുന്നതാണ്.

ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). ക്രാന്തി പഥത്തിനിരുവശത്തുമായി 18° വീതിയിൽ ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വൃത്തമാണ് രാശിചക്രം. രാശിചക്രത്തെ 12 ഭാഗങ്ങളാക്കി വിഭജിച്ച്, ആ ഭാഗങ്ങള്‍ക്ക് അവിടെയുള്ള നക്ഷത്രഗണങ്ങളുടെ പേരു നൽകിയിരിക്കുന്നു. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള സൗരരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും.

കന്നി

ആഗസ്റ്റ് മാസത്തിൽ സന്ധ്യയ്ക്കു പടിഞ്ഞാറേ ചക്രവാളത്തിനു മുകളിൽ ഏകദേശം 30°യ്ക്കും 60°യ്ക്കും ഇടയിലായാണ് കന്നിരാശി (Virgo) കാണപ്പെടുക. ഈ രാശിയിലെ പ്രഭയേറിയ നക്ഷത്രമാണ് ചിത്ര അഥവാ ചിത്തിര (Spica). മഞ്ഞുപോലെ വെളുത്ത് തിളക്കമുള്ള നക്ഷത്രമാണിത്. മറ്റുള്ള നക്ഷത്രങ്ങൾ താരതമ്യേന മങ്ങിയവയാണ്.

തുലാം

തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ നിന്നും 50°-60° മുകളിലായി തുലാം (Libra) രാശി കാണാം. തിളക്കം കുറഞ്ഞ നക്ഷത്രങ്ങളാണ് ഈ രാശിയിലുള്ളത്. അതിനാല്‍ മഴക്കാറുള്ളപ്പോഴും നിലാവുള്ളപ്പോഴും തിരിച്ചറിയാന്‍ പ്രയാസമാണ്.

വൃശ്ചികം

തെക്കേ ആകാശത്ത്, ചക്രവാളത്തിൽ നിന്നും 35°-60° മുകളിലായി (ശീർഷബിന്ദുവിൽ (Zenith) നിന്നും 30° തെക്കായി) ആഗസ്റ്റ് മാസത്തില്‍ വൃശ്ചികം രാശി (Scorpion) കാണാം. തേളിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഇതിലെ തിളക്കമേറിയ നക്ഷത്രം തൃക്കേട്ട (Antares) ആണ്. ഇതൊരു ചുവപ്പ് ഭീമന്‍ (Red giant) നക്ഷത്രമാണ്. ഈ ചുവപ്പ് ഭീമന്‍ നക്ഷത്രവും ഇരുവശവുമുള്ള പ്രഭകുറഞ്ഞ രണ്ടു നക്ഷത്രങ്ങളും ഉള്‍പ്പെട്ടതാണ് തൃക്കേട്ട എന്ന ചാന്ദ്രഗണം. വൃശ്ചികത്തിന്റെ തലഭാഗത്ത് കാണുന്ന അഞ്ച് നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് അനിഴം. തൃക്കേട്ടയ്ക്ക് താഴെ വാല്‍ ഭാഗം വരെ കാണുന്നത് മൂലം. ആഗസ്റ്റിൽ തെക്കേ ചക്രവാളത്തിനു മുകളിലായി വൃശ്ചികം രാശിയെ യാതൊരു പ്രയാസവും കൂടാതെ തിരിച്ചറിയാം. വൃശ്ചികത്തിന്റെ വാൽ ഭാഗത്തുനിന്നും വടക്ക് കിഴക്കുദിശയിലായി ആകാശഗംഗയെയും (Milky way) നിരീക്ഷിക്കാവുന്നതാണ്.

ധനു

ആഗസ്റ്റ് മാസത്തില്‍ സന്ധ്യയ്ക്ക തെക്ക്-കിഴക്കെ ആകാശത്ത്, ചക്രവാളത്തില്‍ നിന്നും 30°-50° മുകളിലായി ധനു രാശി (Sagittarius) കാണപ്പെടുന്നു. വില്ലിന്റെ (ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണിത്. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ ഈ രാശിടെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയും. ഇതിന്റെ പടിഞ്ഞാറേ പകുതി ചാന്ദ്രഗണമായ പൂരാടവും ബാക്കി ഉത്രാടവും ആണ്.

മകരം

ധനുരാശിക്കും കിഴക്കായി കിഴക്ക്-തെക്കുകിഴക്കേ ചക്രവാളത്തിൽ നിനനും 10°-30° മുകളിലായാണ് മകരം രാശിയെ (Capricorn) ആഗസ്റ്റ് മാസത്തിൽ സന്ധ്യയ്ക്ക് കാണാൻ കഴിയുക. മകര മത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശിയാണിത്. രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ വലിയ പ്രഭയുള്ള നക്ഷത്രങ്ങൾ ഇല്ല.

മറ്റുള്ള നക്ഷത്രഗണങ്ങൾ

സപ്തര്‍ഷിമണ്ഡലം

വടക്കുപടിഞ്ഞാറെ ആകാശത്ത് സന്ധ്യയാകുമ്പോഴേക്കും സപ്തര്‍ഷികള്‍ അസ്തമിക്കാ‍റായിട്ടുണ്ടാകും. വടക്കുപടിഞ്ഞാറേ ചക്രവാളത്തിനുമുകളില്‍ 10°യ്ക്കും 40°യ്ക്കും ഇടയിലായിരിക്കും ഈമാസം സന്ധ്യയ്ക്ക് ഇതിന്റെ സ്ഥാനം. ഒരു വലിയ സ്പൂണിന്റെ ആകൃതിയില്‍ കാണപ്പെടുന്ന തിളക്കമുള്ള ഏഴ് നക്ഷത്രങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണിത്. വലിയ കരടി എന്നും ഇതിനു പേരുണ്ട്.

സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും
സപ്തർഷിമണ്ഡലവും ധ്രുവനക്ഷത്രവും

സപ്തര്‍ഷിമണ്ഡലത്തിലെ ഏഴു പ്രധാന നക്ഷത്രങ്ങൾക്ക് മരീചി (Alkaid), വസിഷ്ഠൻ (Dubhe), അംഗിരസ് (Merak), അത്രി (Phecda), പുലസ്ത്യൻ (Megrez), പുലഹൻ (Alioth), ക്രതു (Mizar) എന്നിങ്ങനെയാണ് പേര്. ഇതിൽ വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. ഈ കൂട്ടത്തിൽ പെടാത്തതും വസിഷ്ഠൻ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി. സപ്തർഷികളിലെ വാലറ്റത്തെ മൂന്നു നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ കിട്ടുന്ന വക്രരേഖ നീട്ടിയാൽ അത് ചോതിയിലും തുടര്‍ന്ന് ചിത്രയിലുമെത്തും.

അവ്വപുരുഷന്‍

ശീര്‍ഷബിന്ദുവിൽ (Zenith) നിന്നും വടക്കുപടിഞ്ഞാറ് മാറി (30°യ്ക്കും 40°യ്ക്കും ഇടയിലായി) ചിത്രയ്ക്കും അല്പം വടക്ക് മാറി, അവ്വപുരുഷന്‍ (Bootes) എന്ന നക്ഷത്രഗണം കാണാം (ചിത്രം നോക്കുക). ഇതിലെ തിളക്കമുള്ള നക്ഷത്രമാണ് ചോതി (Arcturus). ഇളം ചുവപ്പ് നിറമാണിതിന്. ചിത്രയ്ക്കും വടക്കുഭാഗത്തായി തിളങ്ങിനില്ക്കുന്ന ചോതിയെ തിരിച്ചറിയാൻ പ്രയാസമില്ല.

മഹിഷാസുരൻ

തെക്കന്‍ ചക്രവാളത്തോടു ചേര്‍ന്ന് അല്പം പടിഞ്ഞാറായി ഏകദേശം 15° മുകളിൽ തിളക്കമുള്ള രണ്ടു നക്ഷത്രങ്ങളെ കാണാവുന്നതാണ്. അവയിൽ കിഴക്കുഭാഗത്തുകാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ആൽഫാ സെന്റോറി (Rigil Kentarus/Alpha Centauri). ആൽഫാ സെന്റോറിക്ക് തൊട്ടുപടിഞ്ഞാറായി ഹദാര്‍ (Hadar/Beta Centauri) എന്ന നക്ഷത്രം കാണാം. ഇവയുൾപ്പെടുന്ന നക്ഷത്രഗണമാണ് മഹിഷാസുരൻ (Centaurus). ആകാശഗംഗ ഈ താരാഗണത്തിലൂടെ കടന്നുപോകുന്നതായി കാണാൻ സാധിക്കും. സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയോട് ഏറ്റവും അടുത്തു സ്ഥിചെയ്യുന്ന ദൃശ്യ നക്ഷത്രമാണ് ആൽഫാ സെന്റോറി, തൊട്ടടുത്ത് രണ്ടാം സ്ഥാനത്തുള്ള ഹദാറും.

മറ്റുപ്രധാന നക്ഷത്രങ്ങളും നക്ഷത്ര ഗണങ്ങളും

വടക്കൻ ആകാശത്തു കാണാവുന്ന പ്രഭയേറിയ രണ്ടു നക്ഷത്രങ്ങളാണ് വേഗ (Vega), ദെനബ് (Deneb) എന്നിവ. ശീര്‍ഷ ബിന്ദുവിൽ നിന്നും ഏകദേശം 40° വടക്കുകിഴക്കായി കാണുന്ന പ്രഭയേറിയ നക്ഷത്രമാണ് വേഗ. ലൈറ (Lyra) എന്ന നക്ഷത്രഗണത്തിലെ അംഗമാണിത്. വടക്കു കിഴക്കു ദിശയിൽ, ചക്രവാളത്തിൽ നിന്നും ഏകദേശം 30° മുകളിലായി കാണുന്ന തിളക്കമുള്ള നക്ഷത്രമാണ് ദെനബ്. ജായര (Cygnus) എന്ന നക്ഷത്രഗണത്തിലെ അംഗമാണ് ദെനബ്.

കിഴക്കന്‍ ചക്രവാളത്തിൽ നിന്നും 45° മുകളിലായി കാണുന്ന തിളക്കമേറിയ നക്ഷത്രമാണ് ശ്രവണന്‍ (Altair). ശ്രവണനും അതിന്റെ ഇരുഭാഗത്തായി കാണുന്ന മറ്റു രണ്ടു നക്ഷത്രങ്ങളും കൂടി ചേർന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രഗണം. മൂന്നു നക്ഷത്രങ്ങള്‍ ഒരു വരിയിലെന്ന പോലെ കാണാം – അതാണ് തിരുവോണം. ‘തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം’ എന്നൊരു ചൊല്ലുണ്ട്. ഗരുഡൻ (Aquila) എന്ന നക്ഷത്രസമൂഹത്തിന്റെ ഭാഗമാണ് തിരുവോണം.

ഗ്രഹങ്ങൾ

ആകാശത്ത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന അഞ്ചുഗ്രഹങ്ങളാണു ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിവ. ഈ അഞ്ചുഗ്രഹങ്ങളെയും ഒന്നിച്ചു നിരീക്ഷിക്കാൻ സാധിക്കുന്നത് അപൂര്‍വ്വമായ അവസരങ്ങളിൽമാത്രമാണ്. 2023 ആഗസ്റ്റിലെ സന്ധ്യാകാശത്ത് ശനി, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങളെ നിരീക്ഷിക്കാനാകും.

 

ശനി

ആഗസ്റ്റ് മൂന്നാം വാരത്തോടെ കിഴക്കെ ചക്രവാളത്തിനു നേർമുകളിലായി ശനിയെ കാണാനാകും. കുംഭം രാശിയിലാണ് സ്ഥാനം. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്.

വ്യാഴം

വ്യാഴംപുലർച്ചെ നിരൂക്ഷിക്കുന്നവർക്ക്, തലയ്ക്കു മുകളിലെ ആകാശത്ത് നക്ഷത്രസമാനമായി കാണപ്പെടുന്ന വസ്തുവാണ് വ്യാഴം (Jupiter). മേടം ശിയിലായാണ് ഇപ്പോൾ വ്യാഴത്തിന്റെ സ്ഥാനം. ആ ഭാഗത്ത് പ്രഭയേറിയ മറ്റുവസ്തുക്കളൊന്നും ഇല്ലാത്തതിനാൽ വ്യാഴത്തെ എളുപ്പത്തിൽ തിരിച്ചറിയാം. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്തവർഷം ഇതേ സമയം വ്യാഴം ഇടവം രാശിയിലായിരിക്കും.

ചൊവ്വ

സന്ധ്യസമയത്ത് പടിഞ്ഞാറെ ചക്രവാളത്തിനോട് ചേർന്ന് ദൃശ്യമാകുന്ന തിളക്കമേറിയ, ഇളം ഓറഞ്ച് നിറത്തിൽ നക്ഷത്രസമാനമായി കാണപ്പെടുന്ന വസ്തുവാണ് ചൊവ്വ (Mars). ചിങ്ങം രാശിയിലാണ് ചൊവ്വയുടെ സ്ഥാനം. മാസാവസാനത്തോടെ സന്ധ്യയ്ക്ക് അസ്തമിച്ചു പോകുന്നതിനാൽ നിരീക്ഷണം സാധ്യമാകില്ല.

ശുക്രൻ

Venus-real colorവളരെ വേഗം തിരിച്ചറിയാന്‍ കഴിയുന്ന ഖഗോള വസ്തുവാണ് ശുക്രന്‍ (Venus). മലയാളികള്‍ വെള്ളിനക്ഷത്രം എന്ന് വിളിച്ചത് ഈ ഗ്രഹത്തെയാണ്. മാസാദ്യത്തിൽ സൂര്യസമീപമായിരിക്കുന്നതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. മൂന്നാം വാരത്തോടെ പുലർച്ചെ കിഴക്കെ ചക്രവാളത്തോടു ചേർന്ന് ശുക്രനെ കാണാം. ആകാശത്തുകാണാൻ കഴിയുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രസമാനമായ വസ്തുവാണ് ശുക്രൻ. അതിനാൽ തിരിച്ചറിയാൻ പ്രയാസമില്ല. തുടർന്ന് ശുക്രൻ സൂര്യസമീപത്തേക്ക് നീങ്ങുന്നതിനാൽ നിരീക്ഷണം പ്രയാസകരമാകും. മാസാവസാനത്തോടെ നിരീക്ഷണം സാധിക്കാതെ വരും.

ആകാശത്തിൽ തിളക്കമുള്ള വസ്തുവായി കാണപ്പെടൂന്നതിനാൽ ശുക്രൻ പലപ്പോഴും പറക്കുംതളികയായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. 1969ൽ അമേരിക്കൻ പ്രസിണ്ടന്റായിരുന്ന ജിമ്മി കാർട്ടർ ഒരു പറക്കുംതളികയെ കണ്ടതായി പറഞ്ഞിരുന്നു, പിന്നീട് നടത്തിയ വിശകലനങ്ങളിൽ അത് ഈ ഗ്രഹത്തിനെ തെറ്റിദ്ധരിച്ചതായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. മറ്റു പലരും ശുക്രനെ അന്യഗ്രഹത്തിൽ നിന്നുള്ളതെന്ന രീതിയിൽ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ബുധൻ

മറയില്ലാത്ത ചക്രവാളവും പ്രകാശമലിനീകരണവും ഇല്ലങ്കിൽ പടിഞ്ഞാറെ ചക്രവാളത്തോടു ചേർന്ന് സന്ധ്യയ്ക്ക് ബുധനെ (Mercury) കാണാം.

പെഴ്സീയിഡ് കൊള്ളിമീന്‍ മഴ

ആഗസ്റ്റ് മാസത്തിൽ വരാസവസ് (Perseus) നക്ഷത്രഗണത്തിന്റെ ഭാഗത്തായി ദൃശ്യമാകുന്ന ഉൽക്കാവർഷമാണ് പെഴ്സീയിഡ് കൊള്ളിമീന്‍ മഴ (Perseid meteor shower). ആഗസ്ത് 11 അര്‍ദ്ധരാത്രിമുതല്‍ 13ന് പുലരും വരെയാണ് ഈ വര്‍ഷം ഇത് അതിന്റെ പരമാവധിയിൽ ദൃശ്യമാകുക. കൊള്ളിമീനുകൾ അതിന്റെ പരമാവധിയിൽ വർഷിക്കപ്പെടുന്നത് പുലര്‍ച്ചെ 3നും 4നും ഇടയിലും. അന്നേദിവസം അർദ്ധരാത്രി വടക്കേ ചക്രവാളത്തില്‍ നിന്നും ഏകദേശം ഏകദേശം 30° വലതുമാറി 15°-25° മുകളിലായി കാസിയോപ്പിയ (Cassiopeia) നക്ഷത്രസമൂഹത്തെ കാണാം (ആകാശത്ത് W എന്ന അക്ഷരം അല്പം ചരിച്ചുവച്ചതുപോലെയായിരിക്കും കാസിയോപ്പിയയുടെ ആകൃതി). കാസിയോപ്പിയക്ക് അല്പം വലതു താഴെ മാറിയാണ് പെഴ്സിയസ് സക്ഷത്രഗണം. വെളുപ്പിന് മൂന്ന് മണിക്ക് ഇത് കൃത്യം വടക്ക്-കിഴക്ക് ദിശയില്‍ എത്തും. 12, 13 തീയതികളിൽ നിലാവെളിച്ചം കുറവായതിനാൽ വ്യക്തമായ കാഴ്ച ലഭിക്കും. തുട‍ർന്നുള്ള ദിവസങ്ങളിലും കുറഞ്ഞ അളവിലാണെങ്കിലും ഉൽക്കാവര്‍ഷമുണ്ടാകും. ആ സമയം ചന്ദ്രനുദിക്കാൻ താമസിക്കുന്നതിനാൽ നിരീക്ഷണം എളുപ്പമാകും.

പെഴ്സിയഡ് കൊള്ളിമീന്‍ മഴയെ പറ്റി കൂടുതല്‍ അറിയാന്‍ ലൂക്കയിലെ ‘ഉല്‍ക്കമഴ കാണാന്‍ തയ്യാറായിക്കോളൂ’ എന്ന ലേഖനം വായിക്കുക.


അന്താരാഷ്ട ജ്യോതിശാസ്ത്ര യൂണിയൻ അംഗീകരിച്ച 88 നക്ഷത്രഗണങ്ങളുടെ മലയാളം, ഇംഗ്ലീഷ് പേരുകൾ കാണാം : താരാഗണങ്ങളുടെ പട്ടിക

കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല. സ്വതന്ത്ര സോഫ്റ്റുവെയറുകളായ സ്റ്റെല്ലേറിയം ഉപയോഗിച്ചാണ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
  • ആഗസ്റ്റ് 15 സന്ധ്യയ്ക്ക് 7.30 നു മദ്ധ്യകേരളത്തിലെ ആകാശക്കാഴ്ച കണക്കാക്കിയാണ് (പ്രത്യേകം സൂചിപ്പിക്കാത്ത പക്ഷം) വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.
Happy
Happy
13 %
Sad
Sad
0 %
Excited
Excited
40 %
Sleepy
Sleepy
20 %
Angry
Angry
7 %
Surprise
Surprise
20 %

Leave a Reply

Previous post Manual Scavenging – ഇന്ത്യയിൽ RADIO LUCA
Next post സഹവർത്തിത്വം ശീലനമാക്കിയ ഒഫിയോഗ്ലോസം 
Close