ജൂനോ പകർത്തിയ ഗാനിമേഡിന്റെ ചിത്രം ഭൂമിയിലെത്തി!


നവനീത് കൃഷ്ണൻ എസ്

ജൂൺ 7ന് ഗാനിമേഡിന് അരികിൽക്കൂടി കടന്നുപോയ ജൂനോ പേടകം പകർത്തിയ രണ്ടു ചിത്രങ്ങൾ ഭൂമിയിലെത്തി. ജൂനോകാം ക്യാമറയും സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറയും പകർത്തിയ രണ്ടു ചിത്രങ്ങൾ! ഗ്രഹമായ ബുധനെക്കാളും വലുതാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡ്. ദശാബ്ദങ്ങൾക്കു മുൻപ് ഗലീലിയോ പേടകമാണ് ഗാനിമേഡിനോട് അടുത്തു സഞ്ചരിച്ച പേടകം. ഇപ്പോഴിതാ, ജൂനോയും!
ഗാനിമീഡ് – ജൂനോകാമിലെ ഗ്രീൻ ഫിൽറ്റർ ഉപയോഗിച്ച് എടുത്ത ചിത്രം കടപ്പാട് : NASA/JPL-Caltech/SwRI
ജൂനോകാമിലെ ഗ്രീൻ ഫിൽറ്റർ ഉപയോഗിച്ച് എടുത്ത ചിത്രമാണ് മുകളിൽ. അതിനാലാണ് ബ്ലാക്ക് ആന്റ് വൈറ്റ് ആയി കാണപ്പെടുന്നത്. റെഡ്, ബ്ലൂ ഫിൽറ്ററുകളിലെ ചിത്രങ്ങൾ കൂടി കൂട്ടിച്ചേർത്താൽ ഗാനിമേഡിന്റെ യഥാർത്ഥ നിറത്തിലുള്ള ചിത്രം കിട്ടും. അടുത്ത ദിവസങ്ങളിൽത്തന്നെ അവയെല്ലാം പബ്ലിക് ഡൊമെയിനിൽ പുറത്തുവിടും. ഒരു പിക്സൽ ഒരു കിലോമീറ്റർ എന്ന റസല്യൂഷനിലാണ് ഇപ്പോഴത്തെ ചിത്രം എടുത്തിരിക്കുന്നത്.
സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറ പകർത്തിയ ബ്ലാക്ക്ആന്റ് വൈറ്റ് ചിത്രം കടപ്പാട് : NASA/JPL-Caltech/SwRI
സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറ പകർത്തിയ ബ്ലാക്ക്ആന്റ് വൈറ്റ് ചിത്രവും ലഭ്യമായിട്ടുണ്ട്. മുകളിൽ കാണുന്നത് ആ ചിത്രമാണ്. സൂര്യപ്രകാശം വീഴാത്ത വശത്തെ ചിത്രമാണ് സ്റ്റെല്ലാർ റഫറൻസ് ക്യാമറ പകർത്തിയത്. വ്യാഴത്തിൽനിന്ന് വരുന്ന പ്രകാശത്തിൽ മങ്ങിയ തിളക്കം മാത്രമേ ഈ വശത്തിന് ഉള്ളൂ. എന്നിരുന്നാലും സ്റ്റെല്ലാർ റഫറൻസ് യൂണിറ്റ് സ്റ്റാർ ക്യാമറയ്ക്ക് ചിത്രം പകർത്താൻ ആവശ്യമായ പ്രകാശം ലഭ്യമായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കാം.

Enki Catena (എൻകി കത്റ്റേന)
വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമേഡിൽ പതിമൂന്നു ഗർത്തങ്ങളുടെ ഒരു ശൃംഖല കാണാം. പണ്ട് ഏതോ ഒരു വാൽനക്ഷത്രം ഗാനിമേഡിൽ വന്നിടിച്ച് ഉണ്ടായതാണത്രേ ഗർത്തങ്ങൾ കൊണ്ടുള്ള ഈ മാല! വ്യാഴത്തിന് അടുത്തുകൂടി കടന്നുപോയതോടെ വാൽനക്ഷത്രം പല പല കഷണങ്ങളായി ചിന്നിച്ചിതറി. ഗുരുത്വാകർഷണം താങ്ങാനാകാതെ സംഭവിച്ചതാവും. എന്തായാലും ഈ കഷണങ്ങൾ ഓരോന്നും ഒന്നിനു പുറകിൽ ഒന്നായി ഗാനിമേഡിൽവന്നു പതിച്ചു. അങ്ങനെയാണ് രസകരമായ ഈ ഗർത്തമാല അവിടെ ഉണ്ടായത്.
ലേഖകൻ പ്രോസസ് ചെയ്തെടുത്ത ചിത്രം കടപ്പാട് : NASA/SwRI/MSSS/Navaneeth Krishnan S © cc
ഗാനിമേഡിൽ അല്പം തിളക്കമുള്ള പ്രദേശവും തിളക്കമില്ലാത്ത പ്രദേശവും ധാരാളമുണ്ട്. ഇടവിട്ട് ഇടവിട്ട് ഇങ്ങനെ കാണാം. എൻകി കത്റ്റേന എന്ന ഗർത്തക്കൂട്ടം തിളക്കമുള്ളതും ഇരുണ്ടതുമായ രണ്ടു പ്രദേശങ്ങളെ വേർതിരിക്കുന്ന ഇടത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതിനാൽത്തന്നെ ഒരു ഭാഗത്ത് വാൽനക്ഷത്രകഷണങ്ങൾ വന്നിടിച്ചതിന്റെ അവശിഷ്ടങ്ങളും മറ്റും ചിതറിക്കിടക്കുന്നത് അല്പം വെളുപ്പു നിറത്തിൽ കാണാം. മറുവശത്താകട്ടേ ഗർത്തങ്ങളുടെ കാഴ്ച മാത്രമേ ഉള്ളൂ.

Leave a Reply