യെമനു സമീപമുള്ള ഒരു ചെറിയ ദ്വീപായ സോക്കോട്രാ (Socotra) ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടുത്തെ കരയും കടലും അസാധാരണമായ ജൈവവൈവിദ്ധ്യത്തിന്റെ കലവറയാണ്. വൈഡൂര്യശോഭയുള്ള കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കരപ്രദേശം. അവിടെയുള്ള സസ്യജാലങ്ങളില്‍ 30 ശതമാനവും ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തവയാണ്. അതിലേറ്റവും മനോഹരമായത് അവിടത്തെ ഡ്രാഗണ്‍സ് ബ്ലഡ് ട്രീ (dragon’s blood tree -Dracaena cinnabari), എന്നറിയപ്പെടുന്ന മരമാണ്.
പതിഞ്ഞിരിക്കുന്ന ശിഖരങ്ങളും ഇടതൂര്‍ന്ന ഇലകളും ഉള്ള ഇവ പ്രദേശത്താകമാനം കാണാം. അതില്‍ നിന്ന് ഊറിവരുന്ന കുന്തിരിക്കം ആയിരക്കണക്കിന് കൊല്ലങ്ങളോളമായി വലിയ ആകര്‍ഷണമായി നിലകൊള്ളുന്നു. എത്തിച്ചേരാന്‍ പ്രയാസമാണെങ്കിലും ഈ ദ്വീപിലെ ജനസംഖ്യ ഏകദേശം 60,000 ത്തോളം വരും. കഴിഞ്ഞ 30 കൊല്ലമായി നിയന്ത്രണാതീതമായി വര്‍ദ്ധിച്ചുവരുന്ന ടൂറിസം ഇവിടെ പരിസ്ഥിതിശോഷണത്തിന് കാരണമായിട്ടുണ്ട്.
പാചകവാതകത്തിന്റെ ലഭ്യതക്കുറവും താങ്ങാനാകാത്ത വില വനനശീകരണത്തിനും മരുവല്‍ക്കരണത്തിനും കാരണമായി. അമിതമായ കാലിമേച്ചില്‍ പ്രശ്നം കൂടുതല്‍ വഷളാക്കി.
അപ്പോഴാണ് യു.എന്‍.ഇ.പി. യും ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റിയും ആ സമൂഹത്തെ സഹായിക്കാനെത്തുന്നത്. ജനങ്ങളുടെ നേതൃത്വത്തിലുള്ള നഴ്സറികള്‍ ഈ മരത്തിന്റെ 2,000 തൈകള്‍ നട്ടുകഴിഞ്ഞു. ആത്യന്തിക ലക്ഷ്യം 80,000 മരങ്ങള്‍ വളര്‍ത്തി വനവല്‍ക്കരണം സാദ്ധ്യമാക്കുകയാണ്. അത് പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ഗുണകരമാകും- നഴ്സറികള്‍ വഴി തൊഴിലവസരം കൂടും, പുതിയ വനങ്ങള്‍ ജലവിതരണം മെച്ചപ്പെടുത്തും. കൂടുതല്‍ സ്ഥായിത്വമുള്ള മേച്ചില്‍ രീതികളാവിഷ്കരിക്കാനും ഭൂവിനിയോഗം പരിഷ്കരിക്കാനും സാങ്കേതികസഹായവും അവര്‍ കൊടുക്കുന്നുണ്ട്. അതുവഴി ഭൂമിയും കന്നുകാലികളും ആരോഗ്യം വീണ്ടെടുക്കും.
ദ്വീപിന്റെ വടക്കുപടിഞ്ഞാറുള്ള ദുര്‍ഘടമായ തീരത്താകട്ടെ തദ്ദേശവാസികള്‍ നാശോന്മുഖമായ പ്രാദേശിക കടലാമകളെ സംരക്ഷിക്കുന്ന തിരക്കിലാണ്. മനുഷ്യരും പ്രകൃതിയും ശല്യപ്പെടുത്തുന്നതിനാല്‍ കൊല്ലം തോറും ആമയുടെ കൂടുകള്‍ ഇല്ലാതാവുകയാണ്. പദ്ധതിയുടെ ബലത്തില്‍ ജനങ്ങളുടെ സഹായത്തോടെ രൂപീകരിച്ച ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തനഫലമായി ഇക്കൊല്ലം 70% കൂടുകളിലും കുഞ്ഞുങ്ങളുണ്ടായി.
“സംഘര്‍ഷകാലങ്ങളില്‍ പോലും പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പ്രാദേശിക സമൂഹത്തെ ഉള്‍പ്പെടുത്തുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും അവരെ വിശ്വാസത്തിലെടുക്കുകയും വേണം എന്നത് യു.എന്‍.ഇ.പി. യുടെയും ജി.ഇ.എഫ്. ന്റെയും യെമനിലെ പദ്ധതി സംശയാതീതമായി തെളിയിച്ചു. സമൂഹത്തെ കൂടാതെ സംരക്ഷണം നടക്കില്ല. തങ്ങളുടെ പരിചരണത്തില്‍ അതു നല്‍കുന്ന മേന്മ അവര്‍ തിരിച്ചറിയണം.” യു.എന്‍.ഇ.പി. യുടെ ബയോഡൈവേവ്സിറ്റി ആന്‍ഡ് ലാന്‍ഡ് ന്റെ തലവന്‍ ഡോറീന്‍ റോബിന്‍സണ്‍ ( Doreen Robinson) പറയുന്നു.
ഉയര്‍ന്നുവരുന്ന ഭീഷണികള്‍.
ആക്രമണകാരികളായ വൈദേശിക സ്പീഷീസുകളെ (പ്രദേശത്തെ പരിസ്ഥിതിയിലേക്ക് കൊണ്ടുവന്ന തദ്ദേശീയമല്ലാത്തതും തദ്ദേശീയമായ ജൈവവൈവിദ്ധ്യത്തിന് ഹാനികരമായതുമായ) കൈകാര്യം ചെയ്യുന്നത് മുന്നോട്ട് പോകുന്തോറും പ്രധാന മുന്‍ഗണനാവിഷയമാകും. ദ്വീപിലേക്ക് വന്നുചേരുന്ന ഇവയെ കണ്ടെത്തുന്നതിനും ക്വാറന്റൈന്‍ ചെയ്യുന്നതിനുമുള്ള പരിശീലനം അതിര്‍ത്തിയിലെ കസ്റ്റംസ് അധികൃതര്‍ക്ക് കൊടുത്തുകഴിഞ്ഞു. ഏഷ്യയിലെ ഉഷ്ണമേഖലാപ്രദേശങ്ങളില്‍ നിന്ന് എത്തി ഏതാനും കൊല്ലങ്ങള്‍ കൊണ്ടുതന്നെ സോക്കോട്രയിലാകെ വ്യപിച്ചുകഴിഞ്ഞ പാം വീവില്‍ (Palm weevil) എന്ന കീടത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ടെക്നിക്കുകളുടെ പരിശീലനം പ്രാദേശികജനതയ്ക്കും നല്‍കിക്കഴിഞ്ഞു. ഈ ചെള്ളിന് ദ്വീപിലെ പനകളെ തിന്നാന്‍ ഒടുങ്ങാത്ത വിശപ്പാണുള്ളത്. ആ പനകള്‍ സഹായിക്കുന്ന ജൈവവൈവിദ്ധ്യശൃംഖലയെ ഈ കീടങ്ങള്‍ തകര്‍ത്തുകളയുന്നു.
ഈ പ്രോജക്ട് ചെയ്യുന്ന മറ്റൊരു സേവനം സോക്കോട്രയുടെ സംരക്ഷിതമേഖലയെുടെ മാനേജ്മെന്റിനു സഹായിക്കുക എന്നതാണ്. അതിന്റെ ജൈവവൈവിദ്ധ്യ ഡാറ്റ ശേഖരിക്കുകയും ആര്‍ക്കും തുറക്കാന്‍ കഴിയുന്ന പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് ശാസ്ത്രീയമായി മേഖലതിരിച്ചുള്ള പ്ലാനിംഗിന് സഹായകമാകും. ദ്വീപസമൂഹത്തിന്റെ പാരിസ്ഥിതികാവസ്ഥയേക്കുറിച്ച് ഇത് അറിവു നല്‍കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് യമനി ഗവണ്‍മെന്റും റോയല്‍ സൊസൈറ്റി ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.
ജൈവവൈവിദ്ധ്യ സംരക്ഷണം സാദ്ധ്യമാണ്
സംഘര്‍ഷങ്ങളുടെ ഇടയിലായിട്ടും, ഭൗതികമായും സാമ്പത്തികമായുമുള്ള ഒറ്റപ്പെടലും വരണ്ട കാലാവസ്ഥയും ലോലമായ പരിസ്ഥിതിവ്യൂഹവുമാണെങ്കിലും സോക്കോട്രയുടെ വിജയം ജൈവവൈവിദ്ധ്യ സംരക്ഷണം സാദ്ധ്യമാണ് എന്നതിന്റെ തെളിവാണ്. പത്തുലക്ഷം സ്പീഷീസുകള്‍ വംശനാശത്തിന്റെ ഭീഷണിയിലാണെന്നിരിക്കെ ജൈവവൈവിദ്ധ്യം എന്നത് യു.എന്‍.ഇ.പി. യുടെ ഒരു മുഖ്യ മുന്‍ഗണനാവിഷയമാണ്. ലോകം 2020 നു ശേഷമുള്ള പുതിയൊരു ജൈവവൈവിദ്ധ്യപദ്ധതിയുടെ തയ്യാറെടുപ്പിലാകയാല്‍ ഈ പ്രശ്നം മുമ്പെന്നത്തേക്കാളും അടിയന്തിരസ്വഭാവമുള്ളതാണ്. വാസ്തവത്തില്‍ ജൈവവൈവിദ്ധ്യനാശവും പരിസ്ഥിതിവ്യൂഹത്തിന്റെ തകര്‍ച്ചയും വരും ദശകത്തില്‍ മനുഷ്യരാശി നേരിടാന്‍ പോകുന്ന അഞ്ച് പ്രധാന ഭീഷണികളില്‍ ഉള്‍പ്പെടുന്നു.
അധികവായനയ്ക്ക്