Read Time:14 Minute

[author image=”http://luca.co.in/wp-content/uploads/2014/09/ekbal_b.jpg” ]ഡോ. ബി. ഇക്ബാല്‍
ചീഫ് എഡിറ്റര്‍
[email protected] [/author]

കേരളത്തില്‍ തുടര്‍ച്ചയായി നടന്നു വരുന്ന മന്ത്രവധങ്ങള്‍ക്ക് പുറമേ അഖിലേന്ത്യേ തലത്തില്‍ തികച്ചും സ്തീ വിരുദ്ധമായ നിരവധി സംഭവങ്ങളും നിയമനിര്‍മ്മാണങ്ങളും നടന്നു വരികയാണ്. വനിതാ സംഘടനകള്‍ മാത്രമല്ല എല്ലാ പുരോഗമന സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടിയന്തിരമായി ഇടപെടേണ്ട ചില സുപ്രധാന സംഭവവികാസങ്ങളാ‍ണിവിടെ ചര്‍ച്ച ചെയ്യുന്നത്

പുതിയ ഗര്‍ഭഛിദ്രനിയമം

mohസ്ത്രീകളുടെ ആരോഗ്യവും ജീവന്‍ തന്നെയും അപകടത്തിലാക്കാനും പെൺഭൂണഹത്യ വര്‍ധിക്കാനും സാധ്യതയുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്. 24 ആഴ്ച വരെയുള്ള ഗര്‍ഭഛിദ്രം നിയമവിധേയമാക്കാനും ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ ഡോക്ടര്‍മാര്‍ക്കും  യോഗ്യരായ മിഡ്‌വൈഫുമാര്‍ക്കും ഗഭദഛിദ്രത്തിന് അനുമതി നല്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് നിലവിലുള്ള  നിയമം ഭേദഗതി  ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഉപാധികള്‍ക്ക്  വിധേയമായി 20 ആഴ്ചവരെയുള്ള ഗര്‍ഭഛിദ്രത്തിനാണ് അനുമതിയുള്ളത്. കുഞ്ഞിന്റെ തുടര്‍ന്നുള്ള വളര്‍ച്ചയും പ്രസവവും അമ്മയ്ക്ക് ശാരീരികമോ മാനസികമോ ആയ ദോഷമുണ്ടാക്കുന്ന സാഹചര്യത്തിലും, ബലാത്സംഗത്തിന് ഇരയാകുന്നതുപോലുള്ള സാഹചര്യത്തില്‍ കുഞ്ഞിന്റെ ജനനം അമ്മയ്ക്ക് മാനസികപ്രശ്‌നം ഉണ്ടാക്കാന്‍ സാധ്യതയുള്ളപ്പോഴും ഗര്‍ഭനിരോധനമാര്‍ഗമങ്ങള്‍ പരാജയപ്പെടുന്നതിന്റെ ഫലമായുണ്ടാവുന്ന കുഞ്ഞ് ജനിച്ചാല്‍അമ്മയ്ക്ക് മാനസികാഘാതമുണ്ടാകുമെന്ന്  സംശയിക്കുമ്പോഴുമാണ്  പ്രധാനമായും ഇപ്പോള്‍ ഗര്‍ഭ ഛിദ്രത്തിന് അനുമതിയുള്ളത്.

വ്യവസ്ഥകള്‍ക്ക്  വിരുദ്ധമായി ഗരര്‍ഭഛിദ്രം നടത്തുന്നത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. യോഗ്യതയില്ലാത്ത ഡോക്ടറോ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളോ ഇത്തരം ചികിത്സ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

24 ആഴ്ചവരെയുള്ള കാലയളവില്‍ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന്  വനിതാ കമ്മീഷനും ഡോക്ടര്‍മാരുടെ പ്രൊഫഷനല്‍സംഘടനകളും ആവശ്യപ്പെട്ടിരുന്നു.  18 ആഴ്ചകള്‍ക്ക്  ശേഷമാണ് വൈകല്യ നിര്‍ണ്ണയത്തിനായി പല ആശുപത്രികളും പരിശോധനകള്‍ നിര്‍ദ്ദേ ശിക്കാറുള്ളതെന്നും ഹൃദയ വൈകല്യമടക്കമുള്ള പല പ്രശ്‌നങ്ങളും ഗര്‍ഭസ്ഥശിശുവില്‍സ്ഥിരീകരിക്കാനാവുന്നത് 20 നും 24 നും ഇടയ്ക്കുള്ള ആഴ്ചകളിലാണെണെന്നും  അതിനാല്‍24 ആഴ്ചവരെ ഗര്‍ഭഛിദ്രം അനുവദിക്കുന്നത് അച്ഛനമ്മമാര്‍ക്ക് കൃത്യമായ തീരുമാനമെടുക്കാന്‍ സഹായിക്കുമെന്നും ചില  ഡോക്ടര്‍മാര്‍  പറയുന്നുണ്ട്. അതേയവസരത്തില്‍ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ച  കൂടുന്തോറും ഗര്‍ഭഛിദ്രം നടത്തുന്നതിലും സങ്കീര്‍ണത ഏറെയാണ്.  24 ആഴ്ചയെന്നത് നിര്‍ണായക വളര്‍ച്ചാ ഘട്ടമാണ്. അമ്മയില്‍അമിതമായ രക്തസ്രാവമടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക്  ഈ സമയത്തെ ഗര്‍ഭഛിദ്രം കാരണമാവും. ആ സാഹചര്യം കൂടി കണക്കിലെടുത്ത് മതിയായ സൗകര്യമുള്ള സ്ഥലങ്ങളില്‍ മാത്രമേ ഗര്‍ഭഛിദ്രം അനുവദിക്കാവൂവെന്നും ഡോക്ടര്‍മാര്‍ വിശദമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയ കരട് വ്യവസ്ഥയില്‍രജിസ്ട്രേഡ് മെഡിക്കല്‍പ്രാക്ടീഷണര്‍ എന്നതിന് പകരം രജിസ്ട്രേഡ് ഹെൽത്ത് കെയര്‍ പ്രൊവൈഡര്‍ എന്ന് മാറ്റം വരുത്തിയാണ് ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോ ഡോക്ടര്മാര്‍ക്കും  മിഡ്വൈഫുമാര്‍ക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നൽകാന്‍ പോകുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് അതിനായുള്ള എല്ലാ സൌകര്യങ്ങളൂമുള്ള ആശുപത്രികളില്‍വച്ച് ഗര്‍ഭഛിദ്രം നടത്തുന്നതിനുള്ള അനുമതി മാത്രമാണ് ആധുനിക ചികിത്സയില്‍നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള യാതൊരു സംവിധാനമോ ചികിത്സാ മാനദണ്ഡങ്ങളോയില്ലാത്ത ഇതര ചികിത്സാ മേഖലയിലുള്ളവര്‍ക്ക് ഈ അധികാരം നൽകുന്നത്, പ്രത്യേകിച്ചു കൂടുതല്‍അപകടസാധ്യതയുള്ള 24 മാസക്കാലത്തെ ഗര്‍ഭഛിദ്രത്തിനും അവസരമൊരുങ്ങുന്ന സാഹചര്യത്തില്‍, സ്ത്രീകളുടെ ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നത് ഉറപ്പ്. ജീവന്‍ അപകടത്തിലാകാനോ പിൽക്കാലത്ത് നിരവധി രോഗങ്ങള്‍ക്ക് ഗര്‍ഭഛിദ്രത്തിന് വിധേയരാവുന്നവര്‍ അടിമപ്പെടാനോ  സാധ്യതയുണ്ട്. അതേ പോലെ പെൺ ഭൂണഹത്യ വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാവും. പണ്ട് കാലത്തെ പോലെ ഇതര ചികിത്സ നടത്തുന്നവര്‍ എന്ന പേരില്‍നിരവധി വ്യാജ ഗര്‍ഭഛിദ്രകരും രംഗപ്രവേശം ചെയ്യും. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പൊതു സമൂഹവും മഹിളാ സംഘടനകളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.

ബിലാസ് പൂരിലെ വന്ധ്യംകരണ മരണങ്ങള്‍

sterilisation
കടപ്പാട് : http://ibnlive.in.com

ഛത്തീസ്ഗഢിലെ  ബിലാസ് പൂര്‍ ജില്ലയിലെ കൂട്ട വന്ധ്യം കരണ ക്യാമ്പില്‍ശസ്ത്രക്രിയക്ക് വിധേയരായി 13 സ്ത്രീകള്‍ മരിച്ചത് ശസ്ത്രക്രിയയില്‍വന്ന പിഴവുകൊണ്ടാണോ എലിവിഷം കലര്‍ന്ന മരുന്ന് കഴിച്ചത് കൊണ്ടാണോ എന്ന തര്‍ക്കം തുടരുകയാണ്. അതിനിടെ നമ്മുടെ കുടുംബാസൂത്രണ നയത്തിന്റെ അടിസ്ഥാനപരമായ വൈകല്യം ചോദ്യം ചെയ്യപ്പെടാതെ പോവുകയാണ്. ജനസംഖ്യാനിയന്ത്രണത്തിനുള്ള ചുമതല  സ്ത്രീകളുടെ മേല്‍അടിച്ചേല്പിക്കുന്ന  തികച്ചും സ്ത്രീ കേന്ദ്രീകൃത സമീപനമാണ് പിന്തുടര്‍ന്ന് വരുന്നത്. പുരുഷന്മാരില്‍നടത്തുന്ന വന്ധ്യംകരണ ശസ്ത്രക്രിയയായ വാസക്ടമി ഇപ്പോള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കയാണ്. സ്ത്രീകള്‍ വിധേയരാക്കപ്പെടുന്ന ട്യൂബക്റ്റമിയേക്കാള്‍ എന്തുകൊണ്ടും കൂടുതല്‍സുരക്ഷിതമാണ് വാസക്ടമി. വീണ്ടും കുട്ടികളുണ്ടാവണമെന്ന് ആഗ്രഹമുണ്ടായാല്‍മറ്റൊരു ലളിതമായ ശസ്ത്രക്രിയ   നടത്തി വാസക്ടമിക്ക് വിധേയരാവുന്നവരില്‍സന്താനോത്പാദന ശേഷി പുനസ്ഥാപിക്കാന്‍ കഴിയുമെന്ന ഗുണവുമുണ്ട്. ട്യൂബക്ടമിയുടെ കാര്യത്തില്‍ഇതത്ര എളുപ്പമല്ല താനും.

വാസക്ടമിക്ക് വിധേയരാവുന്നവര്‍ക്ക് ലൈംഗിക ശേഷി നഷ്ടപ്പെടും എന്നും മറ്റുമുള്ള യാതൊരു അടിസ്ഥാനവുമില്ലാത്ത പുരുഷധാരണകളും പുരുഷമേധാവിത്വ സാമൂഹ്യ വ്യവസ്ഥിതിയുമാണ് വന്ധ്യം കരണത്തിന് സ്ത്രീകളെ ലക്ഷ്യമാക്കുന്നതിന്റെ പ്രധാന കാരണം. ട്യൂബക്റ്റമിക്ക് പുറമേ ഗര്‍ഭധാരണം ഒഴിവാക്കുതിനായി സ്ത്രീകള്‍ കഴിക്കേണ്ടിവരുന്ന മരുന്നുകളും നിരവധി പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാവാന്‍ സാധ്യതയുള്ളവയാണ്.  ഇതെല്ലാം പരിഗണിച്ച് വാസക്ടമിക്ക് ഊന്നല്‍നൽകികൊണ്ടുള്ള കുടുബാസൂത്രണ പരിപാടിയാണ്  സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്.

അതോടൊപ്പം ജനസംഖ്യനിയന്ത്രണത്തിന് ടാര്‍ജറ്റും മറ്റും നിശ്ചയിച്ച് പുരുഷന്മാരായാലും സ്തീകളായാലും നിര്‍ബന്ധം ചെലുത്തിയും പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്തും ജനങ്ങളെ  വന്ധ്യംകരണക്യാമ്പുകളിലേക്ക്  കന്നുകാലികളെ പോലെ കൂട്ടത്തോടെ എത്തിക്കുന്ന രീതിയും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അടിയന്തിരാവസ്ഥകാലത്ത് സജ്ജയ്ഗാന്ധി നടത്തിയ നിര്‍ബന്ധിത വന്ധ്യംകരണ ക്യാമ്പുകളായിരുന്നു ഇന്ദിരസര്‍ക്കാരിന്റെ പതനത്തിനുള്ള ഒരു പ്രധാന കാരണം എന്നോര്‍ക്കുക. വിദ്യാഭ്യാസം, സ്ത്രീകളുടെ സ്വാഭിമാനം, സ്വയം നിര്‍ണ്ണയത്തിനുള്ള കരുത്ത്, സാമൂഹ്യപദവി, ജീവിതനിലവാരം തുടങ്ങിയവയിലെ വളര്‍ച്ചയാണ് ജനസംഖ്യാനിയന്ത്രണത്തിന്റെ ഫലപ്രദമായ മുന്നുപാധികളെന്നതും കൂടി ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.

ബോക്സിംഗ് സംഘത്തിലെ ഗര്‍ഭ പരിശോധന

somanബോക്സിങ്ങില്‍പങ്കെടുക്കുന്ന അവിവാഹിതരായ പെൺകുട്ടികളുടെ ഗര്‍ഭ പരിശോധന നടത്തുന്നതിനെ എതിര്‍ത്തതിന്റെ പേരില്‍ മുപ്പത് വര്‍ഷക്കാലമായി സ്പോര്‍ട്ട്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ (സായ്)  സ്പോര്‍ട്ട്സ് ഡോക്ടറായും പിന്നീട്  കൺസള്‍ട്ടന്റായും  സേവനം അനുഷ്ഠിച്ചുവന്നിരുന്ന  ഡോ പി എസ് എം ചന്ദ്രന്റെ സേവനം സായി അവസാനിപ്പിച്ചിരിക്കയാണ്.

ബോക്സിങ് നിയമാവലി അനുസരിച്ച്    സ്പോര്‍ട്ട്സില്‍ പങ്കെടുക്കുന്ന പെൺകുട്ടികള്‍ തങ്ങള്‍ ഗര്‍ഭിണികളല്ലെന്ന ഡിക്ലറേഷന്‍ ഫോറം (സത്യവാങ് മൂലം) പൂരിപ്പിച്ച്  നൽകിയാല്‍മതിയാവും. ഒരു ഡോക്ടറാണ് ഫോം  കായികതാരങ്ങള്‍ക്ക് നൽകേണ്ടത്. ഫോം പൂരിപ്പിക്കുമ്പോള്‍ അതിന്റെ പ്രാധാന്യവും ഗൌരവും ഡോക്ടര്‍ അവരെ ബോധ്യപ്പെടുത്തണമെന്ന് മാത്രം.  ഇതവഗണിച്ച് കൊറിയയിലെ ജേജുവില്‍ അരങ്ങറുന്ന ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍  പങ്കെടുക്കുന്ന അവിവാഹിതകളായ എട്ട് പെൺകുട്ടികളെയാണ് എല്ലാ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് സായിയും ഇന്ത്യന്‍ ബോക്സിങ് അസോസിയേഷനും ചേര്‍ന്ന് ഗര്‍ഭ പരിശോധനക്ക് വിധേയരാക്കിയത്.  പരിശോധനയുമായി മുന്നോട്ട് പോവരുതെന്ന് ഡോ ചന്ദ്രന്‍ സായിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതവഗണിക്കുന്നുവെന്ന്  ബോധ്യപ്പെട്ടപ്പോഴാണ് ഡോ ചന്ദ്രന്‍ മാധ്യമങ്ങളിലൂടെ ഈ അധാര്‍മ്മിക നടപടി പുറത്ത് കൊണ്ട് വന്നത്.

ഒരു പ്രമുഖ മലയാളം പത്രത്തില്‍ ഡോ ചന്ദ്രന്‍ ഇങ്ങനെ എഴുതി: “ഇത്തരമൊരു പരിശോധനയില്‍ഏതെങ്കിലും പെൺകുട്ടി ഗര്‍ഭവതിയാണെന്ന് കണ്ടെത്തിയെന്നിരിക്കട്ടെ എന്തായിരിക്കും അവര്‍ക്ക് സമൂഹത്തില്‍നിന്നും നേരിടേണ്ടിവരിക. ഉത്തരേന്ത്യയിലെ ഏതെങ്കിലും. ദുരഭിമാന കൊലക്കും മറ്റും കുപ്രസിദ്ധമായ ഗ്രാമത്തില്‍നിന്നാണെങ്കില്‍ എന്തായിരിക്കും അവളുടെ അവസ്ഥ. ഇത്തരമൊരു സാഹചര്യം നേരിട്ടാല്‍ ആ കുട്ടിയെ രക്ഷിക്കാന്‍ ഇന്ത്യന്‍ ബോക്സിങ് അസോസിയേഷന് കഴിയുമോ?”

തന്റെ ലേഖനത്തിലൂടെ സായിയുടെയും ഇന്ത്യന്‍ ബോക്സിംഗ് അസോസിയേഷന്റെയും അധാര്‍മ്മിക നടപടി ചോദ്യം ചെയ്തതിന്റെ പേരിലാണ് കാരണം കാണിക്കല്‍നോട്ടീസ് പോലും നൽകാതെ ഡോ. ചന്ദ്രനെ പിരിച്ച് വിട്ടത്. ബോക്സിങില്‍ പങ്കെടുക്കുന്ന വനിതകളുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കുന്നതിനായി സധൈര്യം നിലപാട് സ്വീകരിച്ച് ഡോ. ചന്ദ്രനെപിരിച്ച് വിട്ട നടപടിയെ അപലപിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും വനിതാ സംഘടനകളും കായികരംഗത്തെ പ്രമുഖരും മുന്നോട്ട് വരേണ്ടതാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post സീറോയിൽ നിന്ന് പണിതുയർത്തുന്ന ഭാർഗവീനിലയങ്ങൾ?
Next post കടൽ അർച്ചിനുകൾ എന്ന വഴികാട്ടികൾ
Close