ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളിൽ വിക്കിപീഡിയയുടെ സഹായം തേടാത്തവരായി അധികമാരും ഉണ്ടാവില്ല. അറിവിന്റെ വിതരണത്തിൽ ഒരു വിപ്ലവം തന്നെ കൊണ്ടുവന്ന സംരംഭമാണ് 2001-ൽ നിലവിൽ വന്ന വിക്കിപീഡിയ. വിക്കിപീഡിയ കൂടാതെ വിക്കിമീഡിയ കോമൺസ്, വിക്കിഗ്രന്ഥശാല (Wikisource), വിക്കിഡേറ്റ, വിക്കിഷ്ണറി, വിക്കിവേഴ്സിറ്റി എന്നിങ്ങനെ കുറച്ചേറെ പ്രൊജക്റ്റുകൾ വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിലുണ്ട്.
സോഷ്യൽ മീഡിയയിൽ ‘പൊങ്കാല’ എന്ന് നമ്മൾ സ്വയം വിളിക്കുന്ന collective bullying/trolling വഴി ഇന്റർനെറ്റിലെ മലയാളികൾ ലോകത്തെ തന്നെ അതിശയിപ്പിക്കാറുണ്ടെങ്കിലും ആ മിടുക്കൊന്നും വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുകയും തിരുത്തുകയും ഒക്കെ ചെയ്യുന്നതിൽ മലയാളികൾ കാണിക്കാറില്ല.
ഉള്ളടക്കം ചേർക്കാനും തിരുത്താനും ഒക്കെ ഇടപെടുന്ന ആളുകളുടെ എണ്ണം കുറവായതുകൊണ്ട് തന്നെ തെറ്റുകളും പലതരം ചായ്‌വുകളും ഒക്കെ വിക്കിമീഡിയ ഉള്ളടക്കത്തിൽ കടന്നു കൂടാറുണ്ട്. പ്രത്യേക താത്പര്യങ്ങൾ ഉള്ളവർക്ക് ഇങ്ങനെ പല ലേഖനങ്ങളെയും വളച്ചൊടിക്കാനും മറ്റും കഴിയുകയും ചെയ്യും. കൂടുതൽ ആളുകൾ സജീവമായി എഡിറ്റർമാരായി എത്തുക എന്നതാണ് ഇത്തരം പ്രശ്നങ്ങളെ നേരിടാനുള്ള ഒരു വഴി. ഒരുപാട് പുതിയ അറിവുകൾ വിക്കിപീഡിയയിൽ എത്തിക്കാനും അങ്ങനെ കഴിയും. വിക്കിപീഡിയയിലെ എഡിറ്റിങ്ങ് ആർക്കും എളുപ്പം പഠിച്ചെടുക്കാവുന്നതുമാണ്.
ഗവേഷകർക്കും വിദ്യാർഥികൾക്കും ആവശ്യമുള്ള ഭൂരിപക്ഷം അക്കാദമിക് പ്രസിദ്ധീകരണങ്ങളും (ജേണൽ ആർട്ടിക്കിളുകളും കോൺഫറൻസ് പേപ്പറുകളും മറ്റും) പണം കൊടുത്ത് മാത്രം വായിക്കാൻ കഴിയുന്ന (paywalled) രൂപത്തിൽ ആണ് ഉള്ളത്. Sci-hub പോലെയുള്ള മറ്റു മാർഗ്ഗങ്ങൾ പലയിടത്തും ബ്ലോക്ക് ചെയ്യപ്പെടുകയും കേസുകളിൽ പെടുകയും ഒക്കെ ചെയ്യാറുണ്ട്.
വിക്കിമീഡിയ പ്രോജക്റ്റുകളിൽ സജീവമായി ഇടപെടുന്ന ആളുകൾക്ക് ഇത്തരം അക്കാദമിക് പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന പരിപാടിയാണ് ‘വിക്കിപീഡിയ ലൈബ്രറി’.
വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിമീഡിയ പ്രോജക്റ്റുകളിൽ 500-ൽ അധികം എഡിറ്റുകൾ ചെയ്തിട്ടുണ്ടാവുക, ആറു മാസത്തിൽ കൂടുതലായി വിക്കി അക്കൗണ്ട് ഉണ്ടായിരിക്കുക, തൊട്ടു മുമ്പുള്ള ഒരു മാസത്തിൽ 10-ൽ അധികം എഡിറ്റുകൾ ചെയ്യുക, ഏതെങ്കിലും വിക്കിമീഡിയ പ്രോജക്റ്റിൽ നിന്ന് ബ്ലോക്കിൽ ആവാതിരിക്കുക എന്നിവയാണ് നിലവിൽ ‘സജീവ എഡിറ്റർമാരെ’ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.
അക്ഷരത്തെറ്റുകൾ തിരുത്തുന്നതും, ലേഖനങ്ങളിൽ കൂടുതൽ വിവരങ്ങൾ ചേർക്കുന്നതും, പുതിയ ലേഖനങ്ങൾ എഴുതുന്നതും, വിക്കിമീഡിയ കോമൺസിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതും ഒക്കെ എഡിറ്റുകൾ ആയി കണക്കാക്കും. 500 എന്ന എണ്ണം എത്തിക്കാൻ വലിയ ബുദ്ധിമുട്ടില്ല എന്ന് ചുരുക്കം. എന്നാൽ എണ്ണം തികയ്ക്കാൻ വേണ്ടി vandalism നടത്തിയാൽ ബ്ലോക്ക് കിട്ടുകയും ചെയ്യും. ലൈബ്രറി അംഗത്വത്തിന് അർഹരാവുന്നവർക്ക് തങ്ങളുടെ വിക്കിമീഡിയ അക്കൗണ്ടിൽ അറിയിപ്പ് വരും.
അറിവിനെ സൗജന്യവും സാർവത്രികവും ആക്കാൻ ഒരു കൈ സഹായം എന്നത് കൂടാതെ വിദ്യാർഥികൾക്കും ഗവേഷകർക്കും അവലംബങ്ങൾ ഉപയോഗിച്ച് സ്വന്തം വാക്കുകളിൽ ലളിതമായ ഭാഷയിൽ എഴുതുന്നതിന് ഒരു പരിശീലനവും ആവും വിക്കിപീഡിയ എഡിറ്റിങ്ങ്. നമ്മൾ എടുത്ത ചിത്രങ്ങൾ എല്ലാവർക്കും ഉപയോഗിക്കാൻ പാകത്തിന് പങ്കുവെക്കാൻ Commons ആപ്പ് ഉപയോഗിക്കാം.