Read Time:58 Minute


ജി. അജിത് കുമാർ 

മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനം നാഡീശൃംഖലകൾ തുടങ്ങിയവ പരിചയപ്പെടുത്തുന്നു. മറ്റു ജീവികളുടെ സവിശേഷമായ ബുദ്ധി പരിചയപ്പെടുത്തി മനുഷ്യ മസ്തിഷ്കം ചരിത്രപരമായി പരിണമിച്ചത് വിശദീകരിക്കുന്നു. ഈ ഊർജ ലഭ്യതയും മസ്തിഷ്ക്ക വളർച്ചയും തമ്മിലുള്ള ബന്ധം വിശദീകരിച്ച് അതിൽ ഭക്ഷണ രീതികളുടെ പ്രാധാന്യം ചർച്ച ചെയ്യുന്നു. 2022 ഏപ്രിൽ ലക്കം ശാസ്ത്രഗതി പ്രസിദ്ധീകരിച്ച ലേഖനം

അദ്ദേഹം ആ കൂറ്റൻ ശിൽപ്പത്തിന് മുന്നിൽ നിന്ന് ക്യാമറയിലേക്ക് നോക്കി പറഞ്ഞു, “ചിന്തകളുടെ കുന്തമുനയാണ് കൈകൾ’, ശാസ്ത്രപ്രചാരകനും ചിന്തകനുമായ ജേക്കബ് ബാണോവ്സ്കി ബി.ബി.സി യ്ക്ക് വേണ്ടി 1973-ൽ നിർമിച്ച മനുഷ്യന്റെ ആരോഹണം’ (Ascent of Man) എന്ന ടെലിവിഷൻ പരമ്പരയിലാണ് ഈ മനോഹര തത്വം അവതരിപ്പിക്കുന്നത്. ശിൽപകലയെ ആധുനികതയിലേക്ക് പരിവർത്തിപ്പിച്ച ഹെൻറി മൂറിന്റെ ശിൽപ്പത്തിന് മുന്നിലാണ് അദ്ദേഹം നിൽക്കുന്നത്. ശിൽപ്പത്തിന്റെ പേര് ‘ദി നൈഫ് എഡ്ജ്’ (The Knife Edge). ശിൽപ്പത്തിന്റെ ഈ പേരായിരിക്കണം ബാണോവ്സ്കിയെ ഇത്തരമൊരു വിവരണത്തിന് പ്രേരിപ്പിച്ചത്. അദ്ദേഹം ഇങ്ങനെയാണ് തുടർന്ന് വിശദീകരിക്കുന്നത്, കരവിരുതുകളെ സ്ഫുടം ചെയ്യുന്നതിലൂടെയാണ് മനുഷ്യന്റെ പുരോഗതി ആത്യന്തികമായി വികസിക്കുന്നത്. അവയുടെ ശക്തമായ ചോദനയാകട്ടെ എല്ലാ മനുഷ്യരും അവരവരുടെ കഴിവുകളിൽ കണ്ടെത്തുന്ന ആനന്ദവുമാണ്. ഓരോ മികച്ച സൃഷ്ടിയെയും അവർ സ്വയം സ്നേഹിക്കുന്നു, കൂടുതൽ മികച്ചത് ചെയ്യുന്നതിനായി ആഗ്രഹിക്കുന്നു. 

ഹെൻറി മൂറിന്റെ Knife Edge Two Piece -(LH 516, College Green, London)

എന്നാൽ ശിൽപ്പിയും ചിത്രകാരനുമായിരുന്ന മൈക്കലാഞ്ചലോ അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയാണ് പറഞ്ഞത്. “ഞാൻ വരയ്ക്കുന്നത് കൈകൾ കൊണ്ടല്ല, മറിച്ച് എന്റെ മസ്തിഷ്കം കൊണ്ടാണ്. ഒരു നാണയത്തിന്റെ ഇരുവശം പോലെ മനുഷ്യമസ്തിഷ്കവും കൈകളുടെ നൈപുണ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന സത്യമാണ് ഇരുവരുടെയും നിരീക്ഷണങ്ങളിലൂടെ വെളിപ്പെടുന്നത്. 

പലപ്പോഴും മറ്റ് ജീവജാലങ്ങൾക്ക് ഒട്ടും തന്നെ കാണപ്പെടാത്ത ബുദ്ധിവൈഭവമാണ് മനുഷ്യന്റേതെന്ന് കരുതിപ്പോകാറുണ്ട്. മനുഷ്യന്റെ വിശേഷബുദ്ധി‘ ഇതരജീവജാലങ്ങളിൽ നിന്നെല്ലാം വിഭിന്നവും അത്ഭുതപ്പെടുത്തുന്നത് സവിശേഷവുമാണെന്നതിൽ തർക്കമില്ല. പക്ഷേ, ഇത് പൊടുന്നനെ മനുഷ്യകുലത്തിൽ ഒറ്റപ്പെട്ട നിലയിൽ പ്രത്യക്ഷപ്പെടുകയല്ല, മറിച്ച് ജീവജാലങ്ങളിലെല്ലാം പല രീതിയിൽ കാണപ്പെടുന്ന അവബോധത്തിന്റെ വിപുലീകരണമാണ് എന്ന് കാണാം. പീറ്റർ ഗോഡ് സ്മിത്ത് (Peter Godfrey-Smith) ഒക്റ്റോപ്പസ് എന്ന ജീവിയിലെ ബോധപരിണാമത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ലക്ഷക്കണക്ക് വർഷങ്ങൾക്ക് മുൻപ് ഒരു ഇരയായി ആരംഭിക്കേണ്ടിവന്ന ഒക്റ്റോപ്പസ് പിന്നീട് വേട്ടക്കാരനായി രൂപാന്തരപ്പെട്ടു. ചുറ്റുപാടുകളിൽ നിന്നുള്ള സംവേദങ്ങളെ സ്വീകരിച്ചുകൊണ്ടുണ്ടാകുന്ന ചിന്തയിൽ നിന്നാണ് ഇരകളെ വരിഞ്ഞുമുറുക്കി രുചിച്ചുനോക്കുന്ന “നീരാളിപ്പിടുത്തം’ ഒക്റ്റോപ്പസ് ആർജിച്ചെടുത്തത്. ചിന്തയുടെ ഉത്പന്നങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന തന്നെക്കുറിച്ചുള്ള തിരിച്ചറിവ്, വിവരങ്ങൾ കൈമാറൽ (ഭാഷ), സ്നേഹം, വഞ്ചന, പ്രതികാരം, വേദന, സന്തോഷം, ഉപകരണങ്ങൾ ഉപയോഗപ്പെടുത്തൽ തുടങ്ങി ധാർമികത പോലുള്ള വിശേഷതകൾ പോലും പല ജന്തുക്കൾക്കുമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 

പീറ്റർ ഗോഡ് സ്മിത്ത് (Peter Godfrey-Smith)

ഇത്തരം ബൗദ്ധികശേഷികളെല്ലാം മസ്തിഷ്കത്തിന്റെ ഘടനയുമായും അവയിലെ സങ്കീർണമായ രാസപ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെയും കമ്പ്യൂട്ടർ പോലുള്ള ആധുനികവിദ്യകളുടെയും സമന്വയത്തിലൂടെ ഈ വിന്യാസങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. 

ഒരിക്കൽ ഒരു തയ്യൽക്കാരൻ പൊലീസ് സ്റ്റേഷനിൽ ചെന്നു. സഹോദരന്മാർ അയാളെ രാത്രി ഉറങ്ങാൻ സമ്മതിക്കുന്നില്ല. വലിയ ബഹളമാണ്. ചെവിയിൽ അടിക്കുന്നത് പോലെ ഭീമാകാരമായ ശബ്ദം. പല തവണ പറഞ്ഞുനോക്കി. എന്നിട്ടും രക്ഷയില്ല’ അയാൾ പരാതിപ്പെട്ടു. പൊലീസ് അന്വേഷിച്ചു. അപ്പോഴാണ് പിടികിട്ടിയത് അയാൾ പറയുന്ന ബന്ധുക്കൾ ഏതാണ്ട് പത്തിരുപത്തഞ്ച് കിലോമീറ്റർ ദൂരെയാണ് താമസിക്കുന്നത്. അവിടെ നിന്നാണ് അസഹനീയമായ ഒച്ച വീട്ടിൽ കേൾക്കുന്നതായി പരാതിപ്പെട്ടിരിക്കുന്നത്. പോലീസ് സമാധാനിപ്പിച്ചു. “സാരമില്ല, എല്ലാം ഇയാളുടെ തോന്നലാണ്. അങ്ങനെ ഒരു ശബ്ദം യഥാർഥത്തിൽ കേൾക്കുന്നില്ല. ധൈര്യമായി ഇനി ഉറങ്ങിക്കോളൂ’. തയ്യൽക്കാരൻ പിന്നെ അവരോട് ഒന്നും പറഞ്ഞില്ല. താൻ പറയുന്നത് സത്യമാണന്ന് അവർ മനസ്സിലാക്കാൻ പോകുന്നില്ല. തന്റെ തലച്ചോറിൽ എന്തോ കൊണ്ട് ഘടിപ്പിച്ച ചിപ്പിലൂടെയാണ് (chip) ശബ്ദങ്ങൾ കേൾപ്പിക്കുന്നത്. കുറേ നാളുകൾ കഴിഞ്ഞപ്പോൾ ശബ്ദം മാത്രമല്ല, ചിപ്പിലൂടെ കാഴ്ചകളും ബന്ധുക്കൾ സംപ്രേക്ഷണം ചെയ്തു തുടങ്ങി! നിവൃത്തിയില്ലാതെ ഒരു ഡോക്ടറെ സമീപിച്ചു. ഡോക്ടർ വിശദമായ പരിശോധനകൾക്ക് ശേഷം ഒരു ചെറിയ ഗുളിക കഴിക്കാൻ കുറിച്ചു കൊടുത്തു. ഒരാഴ്ച കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ശബ്ദവും കാഴ്ചയും ശല്യപ്പെടുത്തുന്നത് അവസാനിച്ചു കഴിഞ്ഞിരുന്നു.

ഇല്ലാത്ത ശബ്ദമോ കാഴ്ചയോ ഗന്ധമോ സ്പർശമോ തുടങ്ങിയവ ഒരു സ്രോതസ്സുമില്ലാതെ യാഥാർഥ്യമായിത്തന്നെ അനുഭവിപ്പിച്ച് കൊടുപ്പിക്കാൻ രോഗബാധിതമായ മസ്തിഷ്കത്തിന് കഴിയും. ഭാവനയും ഇതുപോലെ തന്നെയാണ്. നിലവിലില്ലാത്ത സങ്കര ജീവികളെയോ പ്രകൃതി ദൃശ്യങ്ങളെയോ അവതരിപ്പിക്കുവാൻ ഭാവനയിലൂടെ കഴിയും. ഹെൻറി മൂറിന്റെ കബന്ധരീതിയിലുള്ള ശിൽപ്പം മസ്തിഷ്കത്തിൽ രൂപപ്പെട്ട സങ്കൽപ്പം മാത്രമാണ്. ഭാവനാ സങ്കൽപ്പങ്ങൾ ഉണ്ടായാൽ അത് മാനസിക രോഗം എന്നുകരുതി പേടിക്കേണ്ടതില്ല. ഭാവനയിൽ നാം ബോധപൂർവം സങ്കൽപ്പിക്കുന്നു, അതുകൊണ്ട് അത് നിയന്ത്രിക്കാനും കഴിയും. ഏതെങ്കിലും സമയത്ത് ഉണ്ടാകണമെന്നോ പ്രത്യേക സമയത്ത് വേണ്ടന്ന് വയ്ക്കാനോ മനോരോഗത്തിൽ സാധ്യമല്ല. അതുകൊണ്ടാണ് മരുന്നുകളുടെ സഹായം വേണ്ടിവരുന്നത്. അസുഖം മാത്രമല്ല, മസ്തിഷ്കത്തെ സ്വാധീനിക്കുന്ന ഏതൊരു വസ്തുവിനും ചിന്തകളെ സ്വാധീനിക്കാൻ കഴിയും. മദ്യം ഒരു ഉദാഹരണം. മദ്യപിച്ച് പൂസാവുക’ എന്നത് മസ്തിഷ്കത്തിൽ ഉണ്ടാകുന്ന മാറ്റമാണ്. മരുന്നുപോലെ തന്നെ ആൽക്കഹോളും നാഡികളുടെ പ്രവർത്തനത്തെ മാറ്റിമറിക്കുന്നു. ഇതിനെ ‘മരുന്ന്’ എന്ന് വിളിക്കുന്നത് വെറുതെയല്ല! 

നാഡീകോശത്തിന്റെ ആകൃതി ഒരു വൃക്ഷം പോലെയാണെന്ന് പറയാം. അതിന്റെ ശിഖരങ്ങളായ ഡെണ്ട്രോണുകളിലൂടെ (Dendrons) സന്ദേശങ്ങൾ സ്വീകരിക്കുന്നു. കുറെക്കൂടി നീളമുള്ള ആക്സോണിലൂടെ (Axon) സന്ദേശങ്ങൾ മറ്റ് നാഡികൾക്കോ അല്ലെങ്കിൽ പേശികൾക്കോ ഗ്രന്ഥികൾക്കോ അയച്ചു കൊടുക്കുന്നു. ഡെണ്ട്രോണുകളുടെ കൂട്ടങ്ങൾക്ക് ചുറ്റും മറ്റ് നാഡികളുടെ ആക്സോണുകൾ തലങ്ങും വിലങ്ങും വലയം ചെയ്തിരിക്കുന്നു. പേന കൊണ്ട് എഴുതണമെന്നുള്ള ചിന്തയെ കൈകളിലെ പേശികളിലൂടെ ഒരു പ്രവൃത്തിയാക്കി മാറ്റുന്നത് ഡെണ്ട്രോണുകളിലൂടെയും ആക്സോണുകളിലൂടെയും സഞ്ചരിക്കുന്ന വൈദ്യുത ഉദ്ദീപനങ്ങളിലൂടെയാണ്. 

നാഡികളുടെ കോശസ്തരത്തിന് പുറത്തും അകത്തും ഇലക്ട്രിക്കൽ ചാർജിന് നേരിയ വ്യത്യാസം എപ്പോഴുമുണ്ട്. ഒരു സന്ദേശം എത്തിച്ചേരുമ്പോൾ കോശഭിത്തികളിലുള്ള അയോണിക് ചാനലുകൾ (ion channels) തുറക്കുകയോ അടയ്ക്കുകയോ ചെയ്യുന്നതിലൂടെ ഇലക്ട്രിക്കൽ ചാർജ് വിപരീത ദിശയിലേക്ക് മാറും. ഈ വ്യത്യാസമാണ് ആ കോശത്തിൽ ഉദ്ദീപനം (action potential) സൃഷ്ടിക്കുന്നത്. ഉദ്ദീപനം ഉണ്ടായ ഒരു ഭാഗ നിന്നും ഈ വ്യത്യാസം വൈദ്യുത തരംഗങ്ങളായി നാഡിയിലെ മറ്റ് ഭാഗങ്ങളിലേക്ക് സഞ്ചരിക്കും. ഇതിനിടയിൽ ഇത് മറ്റൊരു നാഡിയുമായി കൂടിച്ചേരാതിരിക്കുന്നതിനുള്ള ഇൻസുലേഷനും (myelin sheath) ആക്സോണിൽ ചെയ്തിട്ടുണ്ട്. സെക്കന്റിലെ ആയിരത്തിലൊരംശം കൊണ്ട് ഇതിന് നാഡികളിലൂടെ സഞ്ചരിക്കുവാൻ കഴിയും. മണിക്കൂറിൽ 270 ഓളം കിലോമീറ്റർ വേഗതയിൽ വരെ സന്ദേശങ്ങൾക്ക് സഞ്ചരിക്കാനാവും. അതുകൊണ്ടാണ് എഴുതേണ്ടതെന്തെന്ന് ആലോചിക്കുന്ന നിമിഷത്തിൽത്തന്നെ എഴുതി തീർക്കു വാൻ കഴിയുന്നത്. 

ഇങ്ങനെ ഡെഡ്രോണുകളിലൂടെയും ആക്സോണുകളിലൂടെയും ഓരോ കോശങ്ങൾക്കും പതിനായിരത്തോളം വെവ്വേറെ ബന്ധമുണ്ടാക്കാനാകും. അങ്ങനെ പതിനായിരം കോടി കോശങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ സാധ്യത എത്ര വിവരണാതീതമായിരിക്കണം! ബില്യൺ ബില്യൺ കണക്കിനുള്ള ഈ സാധ്യതയാണ് മനുഷ്യചിന്തകളുടെ അനന്തമായ വൈവിധ്യത്തിന് കാരണം. 

 

കുറെക്കൂടി സൂക്ഷ്മതലത്തിലെത്തിയാൽ നാഡീകോശങ്ങൾ ഇങ്ങനെ കൂട്ടിമുട്ടുന്നതിൽ ഒരു അസാധാരണത്വം കാണ്ടെത്താനാവും. ഒരു കോശത്തിന്റെ ആക്സോണും മറ്റൊരു കോശത്തിന്റെ ഡെണ്ട്രൈറ്റും തമ്മിൽ ചേരുന്നിടത്ത് അതിസൂക്ഷ്മമായ ഒരു വിടവുണ്ട്. അതായത് ഒരു നാഡിയിൽ നിന്ന് മറ്റൊരു നാഡിയിലേക്ക് സന്ദേശം കൈമാറുന്നിടത്ത് അവ പരസ്പരം കൂട്ടിമുട്ടുന്നില്ല. രണ്ട് കരകൾക്ക് നടുവിലെ ഒരു കായൽ എന്ന പോലുള്ള ഈ ഇടങ്ങളെ സിനാപ്സുകൾ (synapses) എന്നാണ് വിളിക്കുന്നത്. 

നാഡികളിൽ ഉണ്ടാകുന്ന വൈദ്യുത ഉദ്ദീപനം ആക്സോണിന്റെ അവസാനഭാഗത്ത് എത്തുന്നതോടെ അവസാനിക്കുന്നു. അടുത്ത നാഡിയിലേക്ക് ‘കായൽ കടന്ന് വൈദ്യുത ദീപനത്തിന് സഞ്ചരിക്കുവാൻ കഴിയുകയില്ല. പകരം അതിരിൽ വച്ച്, അവിടെയുള്ള ചെറിയ കുമിളകൾ പോലുള്ള അറകൾ തുറക്കുന്നതിനേ വൈദ്യുത ഉദ്ദീപനങ്ങൾ പ്രേരിപ്പിക്കുന്നുള്ളൂ. ഇതോടെ ഈ കുമിളകളിൽ ശേഖരിക്കപ്പെട്ടിരുന്ന രാസ തന്മാത്രകൾ പുറത്തേയ്ക്ക് തുറന്നിറങ്ങും. ന്യൂറോ ട്രാൻസിമിറ്റേഴ്സ് എന്ന് ഇവ അറിയപ്പെടുന്നു. കടവിലെ ചെറു ബോട്ടുകൾ പോലെ ഒരു കരയിൽ നിന്നും മറ്റേ കരയിലേക്ക് സഞ്ചരിച്ച് ന്യൂറോ ട്രാൻസ്മിറ്ററുകൾ തൊട്ടടുത്ത നാഡീഭിത്തിയിൽ എത്തിച്ചേരുന്നു. അവിടെ ഇവയെ സ്വീകരിക്കുന്ന പ്രത്യേക ഘടനയുള്ള റിസപ്റ്ററുകൾ (receptors) ഉണ്ട്; ബോട്ട് ജെട്ടികൾ പോലെ. ഓരോ തരം ന്യൂറോ ട്രാൻസ്മിറ്ററുകളും അവയുടെ വലുപ്പത്തിനും ആകൃതിക്കും അനുസൃതമായി വ്യത്യസ്തമായ ‘ജെട്ടികളിൽ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. ചില റിസപ്റ്ററുകൾക്ക് ഇവയോട് വേഗത്തിൽ പ്രതികരിക്കാനാവും (ionic channels), മറ്റു ചിലത് സാവകാശവും (G protein coupled). ന്യൂറോ ട്രാൻസ്മിറ്റർ റിസപ്റ്ററുമായി കൂടി ചേരുന്നതോടെയാണ് പുതിയ കോശത്തിൽ, അതൊരു നാഡിയാകാം പേശിയാകാം ഗ്രന്ഥിയാകാം. ഒരു മാറ്റം ഉണ്ടാകുന്നത്. 

ഇത്തരത്തിൽ ആദ്യമായി കണ്ടത്തിയ ന്യൂറോ ട്രാൻസ്മിറ്ററാണ് അസറ്റൈൽ കൊളീൻ. പേശികൾക്ക് (voluntary muscles) നിർദ്ദേശം നൽകുന്ന സിനാപ്സുകളിലെ മുഖ്യ ന്യൂറോ ട്രാൻസ്മിറ്ററാണിത്. മയ്തെനിയ ഗ്രേവിസ് (myesthenia gravis) പോലുള്ള പേശീ രോഗങ്ങൾക്ക് കാരണം അസറ്റൈൽ കൊളിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികളാണ്. അമിനോ ആസിഡുകൾ, ഡോപമീൻ, ഹോർമോണുകൾ തുടങ്ങി ഏതാണ്ട് നൂറോളം രാസതന്മാത്രകൾ സിനാപ്സുകളിലെ സന്ദേശവാഹികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

വൈദ്യുത ഉദ്ദീപനങ്ങൾക്ക് പകരം രാസതന്മാത്രകൾ സിനാപ്സുകളിൽ ഉപയോഗിക്കുന്നതിന് സവിശേഷമായ ഒരു ഗുണമുണ്ട്. സന്ദേശങ്ങളിലൂടെ അടുത്ത നാഡീകോശത്തെ പേശിയെയോ ഉത്തേജിപ്പിക്കുക മാത്രമല്ല, ചിലപ്പോൾ അതിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കേണ്ടതായും വരാം. ഉദാഹരണത്തിന് ഉറക്കം പോലുള്ളവ സാധ്യമാകണമെങ്കിൽ കോശങ്ങളുടെ പ്രവർത്തനം കുറയേണ്ടതാണ്. ഒരേ തരത്തിലുള്ള വൈദ്യുത ഉദ്ദീപനത്തിലൂടെ വിപരീതമായ നിർദേശങ്ങൾ സാധ്യമാകണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് സിനാപ്സുകളും അവയ്ക്കിടയിൽ സഞ്ചരിക്കുന്ന വൈവിധ്യമുള്ള രാസ തന്മാത്രകളും, രാസതന്മാത്രകൾ മാറുന്നതിനനുസരിച്ച് ഉത്തേജനവും സാധ്യമാക്കാം നിയന്ത്രണവും സാധ്യമാക്കാം. ഉദാഹരണത്തിന് ഗ്ലൂട്ടാമേറ്റ് (glutamate) പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകൾ ഉത്തേജിപ്പിക്കുകയാണെങ്കിൽ, ഗാമ-അമിനോബ്യൂട്ടീറിക് ആസിഡ് (gamma-Aminobutyric acid – GAEA) പോലുള്ളവ മന്ദീഭവിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ നാഡിയ്ക്കും ചുറ്റുമുള്ള ബന്ധങ്ങളിൽ നിന്നും വ്യത്യസ്തമായ സന്ദശങ്ങളായിരിക്കും ഒരേ സമയം ലഭിക്കുന്നത്. ചിലത് ഉത്തേജനം ആയിരിക്കാം. ചിലത് നിയന്ത്രണം ആയിരിക്കാം. ഇങ്ങനെ ഒരു നാഡിക്ക് ലഭിക്കുന്ന ഉത്തേജന സംവേദനങ്ങളുടെയും (excitatory) നിഷേധ സംദനങ്ങളുടെയും (inhibitory) ആകെ തുകയെ ആശ്രയിച്ചായിരിക്കും ഒരു കോശം ഉത്തേജിതമാകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

മസ്തിഷ്കത്തിന് ലഭിക്കുന്ന വിവരങ്ങൾ എവിടെയാണ് ശേഖരിക്കപ്പെടുന്നത് എന്ന് അന്വേഷിക്കുമ്പോൾ നാം ചെന്നെത്തുന്നത് ഈ സിനാപ്സുകളിലാണ്. ചില കൂട്ടം സിനാപ്സുകളിൽ ഉണ്ടാകുന്ന സ്ഥായിയായ ഘടനാമാറ്റമാണ് ഓർമകളെ സുദൃഢമാക്കുന്നത്. ചെറുപ്പം മുതൽ ലഭിക്കുന്ന അനുഭവങ്ങൾ ഓരോ സിനാപ്സുകളിലല്ല, ഒന്നിലധികം സിനാകളുടെ കൂട്ടായ പ്രവർത്തനത്തിലാണ് ഒളിപ്പിച്ചിരിക്കുന്നത്. ആവർത്തനത്തിലൂടെ ഒരു ശ്രേണിയിലുള്ള സിനാപ്സുകളിൽ കൂടുതൽ ദൃഢമായ മാറ്റമുണ്ടാക്കി ഓർമയായി സ്ഥിരപ്പെടുന്നു. ഓരോ ഓർമ്മയും വെവ്വേറെ സിനാപ്സുകളുടെ ഒരു ശ്രേണിവ്യൂഹമാണ്. സംഗീതത്തിന്റെ സ്വര ഘടനയെക്കുറിച്ച് ആലോചിച്ച് തീരുന്നതിനുമുൻപ് ഗിറ്റാറിലെ തന്ത്രികളിലൂടെ വിരലുകൾ അബോധമെന്ന പോലെ ഓടി നടക്കുന്നത് ഈ ഓർമകൾ അതിദ്രുതം വീണ്ടെടുക്കുന്നതിനാലാണ്. അമ്മയേയും അച്ഛനേയും സുഹൃത്തിനേയും ശത്രുവിനേയും വിശ്വസിക്കാവുന്നവരെയും സംശയിക്കേണ്ടവരെയും അനുകൂല പ്രതികൂലാവസ്ഥകളെയും തിരിച്ചറിയുന്നതും സിനാപ്സുകളുടെ വിന്യാസത്തിലൂടെ തന്നെ.

അതേസമയം, എല്ലാ അനുഭവങ്ങളും ശക്തമായ ഓർമകളായി മാറുന്നുമില്ല. അനുദിനമുള്ള, അല്ലെങ്കിൽ ഒരു കാലത്ത് തീവ്രമായി ഉണ്ടായിരുന്ന പല സംഭവങ്ങളും മറന്നു പോയിട്ടുണ്ടാകാം. അനുനിമിഷം പുതിയ ഓർമകൾ ഉണ്ടാവുകയും ചിലതിൽ മാറ്റം വരുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇങ്ങനെ വളരെ വഴക്കമുള്ള, മാറ്റങ്ങളും സിനാപ്സുകൾ അനുവദിക്കുന്നു. പുതിയ വി വരങ്ങളുടെയും അനുഭവങ്ങളുടെയും മാറ്റത്തിനനുസരിച്ച് ചില സിനാപ്സുകൾ കൂടുതൽ ദൃഢമാക്കുന്നു, ചിലത് ദുർബലമാകുന്നു ചിലത് വലുതാകുന്നു ചിലത് ചെറുതാകുന്നു ചിലത് ഇല്ലാതാകുന്നു ചിലപ്പോൾ പുതിയ സിനാപ്സുകൾ തന്നെ ഉണ്ടാകുകയുമാണ് സംഭവിക്കുന്നത്. അസാധാരണമായ ഈ വഴക്കം (neuro plasticity) ഉള്ളതുകൊണ്ടാണ് ഒരിക്കൽ ശത്രുവായിരുന്ന ആളെ പിന്നീട് മിത്രമാക്കാൻ സാധിക്കുന്നത്. പല കടുത്ത മതവിശ്വാസികളും പിന്നീട് വലിയ യുക്തിവാദികളായി മാറുന്നതിനും യുക്തിവാദികൾ ആത്മീയവാദികളായി തിരിയുന്നതിലും അത്ഭുതപ്പെടേണ്ടതില്ല. മസ്തിഷ്കത്തിന് ലഭിക്കുന്ന വിവരങ്ങളിലോ അനുഭവങ്ങളിലോ മാറ്റമുണ്ടായാൽ മതിയാവും. കാഴ്ചയും കേൾവിയും സ്പർശവും പോലുള്ള സംവേദങ്ങളും ഹോർമോണുകളും മുൻ അനുഭവങ്ങളും മസ്തിഷ്കത്തിന് ഫീഡ് ബാക്കുകൾ നൽകുന്നു. അതിനനുസരിച്ച് മസ്തിഷ്കം തീരുമാനങ്ങളിലും മാറ്റം വരുത്തുന്നു. റഫറണ്ടവും റീക്കോളുമൊക്കെയുള്ള ഒരു ജനാധിപത്യരീതി നാഡീവ്യവസ്ഥ നടപ്പിലാക്കിയിരിക്കുന്നു! 

മസ്തിഷ്കത്തിന്റെ ഈ വഴക്കമാണ് ഇരയായിരുന്ന ഒക്റ്റോപ്പസിനെ വേട്ടക്കാരന്റെ വേഷമെടുക്കുന്നതിന് സഹായിക്കുന്നത്. കേവലമായ അതിജീവനത്തിനുള്ള മസ്തിഷ്കത്തിന്റെ ഈ സവിശേഷതകൾ മാത്രമല്ല, മനുഷ്യബുദ്ധിയുടെ വികാസത്തിനും മനുഷ്യർ നിർമിക്കുന്ന സാങ്കേതിക വിദ്യകൾക്കും കാരണം. അത് മസ്തിഷ്കത്തിന്റെ മറ്റൊരു പ്രത്യേകത കൂടിയാണ്, സർഗാത്മകത (Creativity) എന്ന അത്ഭുതശേഷി. 

ചിമ്പാൻസികളിലെ പേൻനോട്ടം (grooming)

ചിമ്പാൻസി പോലുള്ള വർഗങ്ങളിൽ സ്നേഹപ്രകടനത്തിന് പേൻ നോക്കുന്നത് പോലുള്ള മാർഗങ്ങൾ (grooming) സ്വീകരിക്കാറുണ്ട്. അതായത്, പേൻ നോക്കുന്നത് പേനുകളെ എടുത്തുകളയുക എന്ന ഉദ്ദേശ്യത്തോടെ മാത്രമല്ല. ഈ പ്രവൃത്തിയുടെ മറവിൽ, തങ്ങൾക്ക് മറ്റൊരാളോടുള്ള താൽപ്പര്യത്തെ പ്രതീകാത്മകമായി പ്രതിഫലിപ്പിക്കുന്നു. ആരുടെ പേൻ കൊല്ലാൻ കൂടുതൽ സമയം ചെലവഴിക്കുന്നുവോ അവരോട് കൂടുതൽ താൽപ്പര്യം. ഇഷ്ടമില്ലാത്തവരോട് ഇത് ചെയ്യുകയുമില്ല. ആധുനിക മനു ഷ്യന്റെ ഫോണും മെയിലും സോഷ്യൽ മീഡിയ വഴിയുള്ള ആശയ വിനിമയങ്ങളുടെയും നേരിട്ടുള്ള കൂടി ക്കാഴ്ചകളുടെയും അനുപാതം നോക്കിയാലും ഈ “പക്ഷപാതം’ കാണാനാവും. 

ഈ ഗ്രൂമിങ്’ തന്ത്രങ്ങളുടെ വിപുലീകരണമായിരിക്കാം സങ്കീർണമായ ഭാഷയും പ്രതീക സംസ്കാരമായും (material culture) പിന്നീട് മനുഷ്യരിൽ അനുരൂപപ്പെടുന്നത്. പ്രതീക സംസ്കാരത്തിൽ ഒരാൾ മറ്റൊരാളോട് ജൈവപരമായി നടത്തുന്ന ആശയവിനിമയത്തിന് പകരം സ്വതന്ത്രമായി നിലനിൽക്കുന്ന ഭൗതിക വസ്തുക്കളെ നിർമിച്ചെടുക്കുന്നു. ഉദാ: ഇന്ന് ഡയമണ്ട് ആഭരണങ്ങൾ നൽകുന്നത് മറ്റൊരാളോടുള്ള സ്നേഹത്തെയാണ് പ്രതീകവൽക്കരിക്കുന്നത്. പറയുവാൻ ഉദ്ദേശിക്കുന്ന കാര്യവുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത വസ്തുക്കൾക്ക് എല്ലാവർക്കും മനസ്സിലാകുന്ന ഒരു പൊതു അർഥം ഉണ്ടാകുന്നതിലൂടെയാണ് ഈ ആശയവിനിമയം സാധ്യമാകുന്നത്. വളരെ സങ്കീർണമായ ഈ രീതി മനുഷ്യന്റെ സവിശേഷതകളിൽ ഏറ്റവും മുഖ്യമായ ഒന്നാണ്. ഈ രീതി മനുഷ്യകുല ചരിത്രത്തിൽ വളരെ അടുത്ത കാലത്താണ് ഉരുത്തിരിയുന്നത്. 

ആഫ്രിക്കയുടെ സമുദ്ര തീരത്തുള്ള ബ്ലോംബോസ് ഗുഹകളിൽ (Blombos cave) നിന്നും ലഭിച്ച കടൽ ചിപ്പികൾ – ആഭരണ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത്. കടപ്പാട് Chris Henshilwood & Francesco d’Errico , Wikimedia commons

ആഫ്രിക്കയുടെ സമുദ്ര തീരത്തുള്ള ബ്ലോംബോസ് ഗുഹകളിൽ (Blombos cave) നിന്നും ലഭിക്കുന്ന ഇതിന്റെ ആദ്യ തെളിവുകൾ എഴുത്തോ ഗുഹാചിത്രങ്ങളോ ഉണ്ടാകുന്നതിനും മുൻപുള്ളവയാണ്. ഇവിടെ നിന്നും കണ്ടെത്തിയ ആലേഖനം ചെയ്ത ചെമ്മണ്ണിന്റെ കട്ട, അസ്ഥികളിൽ കൃത്യമായ അകലത്തിൽ കോറിയിട്ടിരിക്കുന്ന ചരിഞ്ഞ വരകൾ, ചെമ്മണ്ണ് പൊടിച്ച് സൂക്ഷിക്കുന്ന ചിപ്പികൾ, കടൽ ചിപ്പികൾ കോർത്തുണ്ടാക്കിയ ആഭരണങ്ങൾ എന്നിവയ്ക്ക് ഏതാണ്ട് 80000 വർഷത്തെ പഴക്കമുണ്ട്. 

ബ്ലോംബോസ് ഗുഹകളിൽ (Blombos cave) നിന്നും ലഭിച്ച ആലേഖനം ചെയ്ത ചെമ്മൺകട്ട

ഇതിൽ ചെമ്മണ്ണ് (Red ochre) ശരീരത്തിന്റെ ആകർഷണത്തിനായിട്ടായിരിക്കണം എന്നതിലുപരിയായ ഒരു കബളിപ്പിക്കൽ കൂടിയാണ് എന്ന ഒരു സിദ്ധാന്തമുണ്ട്. ചുവന്ന മണ്ണ് ശരീരത്തിൽ പുരട്ടുന്നതിലൂടെ ആർത്തവത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുകയാണ് സ്ത്രീകൾ ചെയ്തിരുന്നത് എന്നാണ് ഈ വാദം. ആർത്തവ കാലത്ത് സ്ത്രീകളുമായി പുരുഷന്മാർ ഇണചേരുകയില്ല. അതേ സമയം ആർത്തവകാലമെന്നത്, തൊട്ടടുത്ത് തന്നെ പ്രത്യുത്പാദനത്തിന് അനുയോജ്യമായ സമയം വരുന്നുണ്ടെന്ന അറിവും കൂടിയാണ്. പ്രാചീന ശിലായുഗത്തിലെ അതിശൈത്യ കാലത്ത് ആഹാരം എത്തിക്കുവാൻ പുരുഷൻമാരെ നിർബന്ധിക്കുന്നതിനുള്ള ഒരു നുണയായിരിക്കണം ഇത്. എല്ലാ സ്ത്രീകളും ഒരുമിച്ചാണ് ഇത് ചെയ്യുന്നതെങ്കിൽ (Female cosmetic coalitions) ഒരു സ്ത്രീയേയും പുരുഷന് സമീപിക്കാനാവില്ല. ഈ നിർബന്ധിത സാഹചര്യവും അതു തൊട്ട് ഉടൻ കിട്ടാൻ പോകുന്ന മികച്ച പ്രത്യുത്പാദന ബന്ധവും ലക്ഷ്യമിട്ട് പുരുഷന്മാർ ആഹാരം എത്തിക്കുന്നതിന് മൽസരിച്ചേക്കാം. ഇതിനൊപ്പം കാണപ്പെടുന്ന മുത്തുകൾ കൊരുത്തുള്ള ആഭരണങ്ങളിലൂടെയുള്ള സൗന്ദര്യവൽക്കരണവും പ്രതീകങ്ങൾ തന്നെയാണ്. അടിസ്ഥാനപരമായി ഒരാളുടെ ശാരീരിക സൗന്ദര്യം ഇത് വ്യത്യാസപ്പെടുത്തുന്നില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെ സമൂഹം അതിനെ അംഗീകരിക്കുന്നു. ഇങ്ങനെ സമൂഹം പൊതുവിൽ അംഗീകരിക്കേണ്ടിവരുന്ന ‘നുണ’കളാണ് പ്രതീകങ്ങൾ. 

ഒരു നാടക കലാകാരൻ ക്രൂരനായ ഒരു ചക്രവർത്തിയുടെ വേഷത്തിൽ അഭിനയിക്കുമ്പോൾ താൻ  ചക്രവർത്തിയല്ലെന്നും ക്രൂരനല്ലെന്നും അഭിനേതാവിന് നന്നായി അറിയാം. കണ്ടിരിക്കുന്നവർക്കും അറിയാം. പക്ഷേ, എത്രത്തോളം അഭിനേതാവിനെ മറന്ന് കഥാപാത്രത്തെ മാത്രം പിൻതുടരുന്നതരത്തിലും രീതിയിലും അവതരിപ്പിക്കുന്നുവോ, അത്രത്തോളം നാടകം വിജയിക്കുന്നു. ചിത്രവും ശിൽപ്പവും നൃത്തവും നാടകവും കഥകളും ചലച്ചിത്രവുമെല്ലാം മനുഷ്യന്റെ സമാനമായ ഭാവനാസൃഷ്ടികളെയാണ് അവതരിപ്പിക്കുന്നത്. ഇത്തരം ഭാവനാപൂർണമായ (അയഥാർഥമായ ലോകവുമായി അഭിരമിക്കുന്നതിന് എല്ലാ സമൂഹങ്ങളിലെ മനുഷ്യരും ഗണ്യമായ സമയം ചെലവഴിക്കുന്നുണ്ട്. ഇതിന് സഹായകമായ രീതിയിലുള്ള അനുരൂപണം (adaptation) മനുഷ്യ മസ്തിഷ്കത്തിൽ ഉണ്ടായതായി പഠനങ്ങൾ സൂചിപ്പിക്കുന്നു (Tooby and Cosmides). ഇത്ര ശക്തമായ മസ്തിഷ്കവാസന ഉണ്ടാകണമെങ്കിൽ അതിനു പിന്നിൽ അതിജീവനത്തിന് സഹായകമാകുന്ന ജൈവപരിണാമപരമായ ഒരു രഹസ്യം കൂടി ഉണ്ടായിരിക്കണമെന്ന് ഡെനിസ് ഡട്ടനെപ്പോലുള്ള തത്വചിന്തകർ കരുതുന്നു. എന്തുകൊണ്ടായിരിക്കാം മനുഷ്യർ അറിഞ്ഞുകൊണ്ടു തന്നെ യാഥാർഥ്യത്തിന് പകരം ഇത്തരം ഒളിച്ചുകളികളെ (pretend play) ഇഷ്ടപ്പെടുന്നത്? 

ജീവിവർഗങ്ങൾ പലതും സന്ദർഭങ്ങൾക്കനുസൃതമായി വ്യത്യസ്തമായ ശബ്ദങ്ങളാണ് ഒപ്പമുള്ളവർക്കുള്ള സന്ദേശങ്ങളായി പുറപ്പെടുവിക്കുന്നത്. ഒരു ശത്രുജീവിയുടെ സാന്നിധ്യം വെളിപ്പെടുത്തുന്ന ശബ്ദമല്ല സുരക്ഷിതമായ മറ്റൊരവസരത്തിലുണ്ടാക്കുന്നത്. സങ്കീർണമായ ഭാഷ രൂപപ്പെടുന്നതിനും മുൻപ് ആദിമ മനുഷ്യനും സമാനമായ ശബ്ദപ്രക്ഷേപണമോ അംഗവിക്ഷേപങ്ങളോ തന്നെ ആയിരിക്കണം ഇഷ്ടാനിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ആശയവിനിമയത്തിന് ആശ്രയിക്കുന്നത്. ഈ ചിഹ്നസന്ദേശങ്ങളിൽ നിന്നും വ്യത്യസ്തമാണ് മനുഷ്യകുലത്തിൽ ഉരുത്തിരിഞ്ഞുവന്ന സവിശേഷമായ പ്രതീകങ്ങളിലൂടെയുള്ള ആശയവിനിമയ രീതി. 

ഒരു അറിവിനെയോ ആശയത്തെയോ അല്ലെങ്കിൽ ഒരു വിവരത്തെയോ മറ്റൊരാളോട് വെളിപ്പെടുത്തുന്നത് വാക്കുകളിലൂടെയാണ്. ഈ വാക്കുകൾക്ക് സ്വയമേ ഉള്ളടക്കം ചെയ്ത യാതൊരു അർഥവും ഇല്ല. ആവർത്തനത്തിലൂടെ ഈ വാക്കുകൾക്ക് നിയതമായ ഒരു അർഥം ഒരു സമൂഹം അംഗീകരിക്കുന്നു. ശബ്ദം അഥവാ വാക്ക് ഒരു സമൂഹം അംഗീകരിക്കുന്ന അർഥമുള്ള പ്രതീകമായി ഇവിടെ മാറുന്നു. ഓരോ സമൂഹവും ഒരേ അർഥത്തിന് വ്യത്യസ്തമായ ശബ്ദം ഉപയോഗിച്ചിരുന്നു എന്നതിനാലാണ് പതിനായിരക്കണക്കിന് ഭാഷകൾ ഉണ്ടാകുന്നത്. കാണാൻ കഴിയുന്ന ഒരു വസ്തുവിനെ കൈചൂണ്ടി സൂചിപ്പിക്കുന്നതിൽ നിന്നും ഭിന്നമായി, കാണാത്തത്ര അകലെയുള്ള ഒരു വസ്തുവിനെ സൂചിപ്പിക്കുവാനോ ഒരു ഇണയെ ക്ഷണിക്കുന്നതിനോ ഒരു അപകട സൂചന ഗ്രൂപ്പിലെ എല്ലാ അംഗങ്ങൾക്കും മുൻകൂട്ടി നൽകുന്നതിനോ ഒരുമിച്ച് ഇരതേടുന്നതിനിടയിൽ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനോ മനുഷ്യപൂർവികർ ഉപയോഗിച്ചിരുന്നത് പിന്നീട് ഭാവനാലോകത്തെ അവതരിപ്പിക്കുന്നതിലേക്ക് കൂടി വിപുലീകരിക്കപ്പെട്ടു.

രണ്ട് ലക്ഷം വർഷം മുൻപ് ഹോമോ സാപ്പിയൻസ് ഉരുത്തിരിഞ്ഞതിനുശേഷം, ഒരു ലക്ഷം വർഷം മുൻപ് ഇത്തരമൊരു വലിയ മാറ്റം പൊടുന്നനെ മനുഷ്യരിൽ ഉണ്ടായതായി അനുമാനിക്കുന്നു. ആചാരങ്ങൾ, നൃത്തം, ഉപകരണങ്ങളിലുണ്ടാകുന്ന സൂക്ഷ്മതയും വൈവിധ്യവും, ആഭരണങ്ങൾ, മൃതദേഹങ്ങൾ മറവു ചെയ്യൽ തുടങ്ങി ബഹുമുഖമായ സ്വഭാവമാറ്റം മനുഷ്യരിൽ പ്രത്യക്ഷപ്പെടുന്നു. ഇതരജീവികളിൽ നിന്നും മനുഷ്യരെ തികച്ചും വ്യതിരിക്തമാക്കുന്ന ഈ സ്വഭാവവിശേഷങ്ങളാണ് ആധുനിക മനുഷ്യരുടെ മൗലികത. ജനിതകമായും സാംസ്കാരികമായും മസ്തിഷ്കത്തിൽ ഇതോടെ ഉണ്ടായ വിപുലമായ മാറ്റത്തിന്റെ പരിണതിയാണ് ഇന്നും ആധുനിക മനുഷ്യനെ നയിക്കുന്നത്.

ആദിമമനുഷ്യരുടെ (Hunter gatherers) കാലത്ത് വേട്ടയാടലിന് ശേഷമുള്ള രാത്രിയിൽ തീക്കൂനയ്ക്ക് ചുറ്റും ഒരുമിച്ചിരിക്കുന്ന അവസരങ്ങളിലാവണം വായ്മൊഴിക്കഥകളുടെ ആഖ്യാനം ആരംഭിക്കുന്നതെന്ന് കരുതപ്പെടുന്നു. വേട്ടയാടലുകളുടെ പ്രതിസന്ധികളെയോ രക്ഷപ്പെടലുകളെയോ പ്രതിനിധീകരിക്കുന്ന, പൊടിപ്പും തൊങ്ങലും പുതിയ കഥാപാത്രങ്ങളും ഒക്കെ സന്നിവേശിപ്പിച്ച, സംഭ്രമജനകമായ കഥകൾ ഗ്രൂപ്പിലെ മറ്റംഗങ്ങൾ ആകാംക്ഷയോടെ കേട്ടിരുന്നിട്ടുണ്ടാവണം. 

ജൈവപരമായ മൂന്ന് അതിജീവന ഗുണങ്ങൾ ഇത്തരം കഥാകഥനങ്ങൾക്ക് ഉണ്ടായിരിക്കണമെന്ന് ഡെനിസ് ഡട്ടൻ സമർഥിക്കുന്നു. 

 1. അനുഭവ പാഠങ്ങൾ ലഭിക്കുവാനുള്ള ഏറ്റവും ചെലവു കുറഞ്ഞ രീതിയാണ് കഥകൾ. ഒരു പ്രത്യേക സന്ദർഭത്തിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ, തടസ്സങ്ങൾ, അവസരങ്ങൾ, ആകസ്മികതകൾ എന്നിവ ആ സന്ദർഭത്തെ നേരിട്ട് അഭിമുഖീകരിക്കാതെ തന്നെ അനുഭവിക്കുന്നതിന് കഥകളിലൂടെ സാധ്യമാകും. സമാനമായ സന്ദർഭത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഒരാൾക്ക് തയ്യാറെടുക്കുവാൻ ഇതുവഴി കഴിയും. അതിനായി യഥാർഥ സംഭവത്തിൽ ഉണ്ടായേക്കാവുന്ന അപകടമോ സമയമോ ചെലവോ കഥ കേൾക്കുന്നത് വഴി ഒഴിവാക്കാനുമാകും. 
 2. വിവരങ്ങൾ മറക്കാതെ സൂക്ഷിക്കുവാൻ കഥകളുടെ രീതിയിലുള്ള ആശയസംവേദനത്തിലൂടെ സാധ്യമാകുന്നു. ധാർമികതയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമെല്ലാം ഓർമപ്പെടുത്തുവാൻ കഥകളിലെ പ്രതീകാത്മക സംഭവങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും കഴിയുന്നു. ഈ അറിവുകളുടെ ശേഖരം കഥകളുടെ വായ്മൊഴികളിലൂടെ തലമുറകളിലൂടെ അനായാസമായി സഞ്ചരിക്കുന്നു. 
 3. ഒരു സംഭവത്തെക്കുറിച്ച് ഉണ്ടാകാവുന്ന വ്യത്യസ്തമായ വീക്ഷണകോണുകൾ അവതരിപ്പിക്കുവാൻ ഒരു കഥയുടെ ഭാവനാലോകത്തിന് അനന്തമായ സാധ്യതകളുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങൾ, വികാരങ്ങൾ, ചിന്തകൾ, മൂല്യങ്ങൾ എന്നിവ മനസ്സിലാക്കുന്നതിലൂടെ മെച്ചപ്പെട്ട വ്യക്തിബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും ഉരുത്തിരിയുന്നതിന് വൈ വിധ്യമാർന്ന വീക്ഷണകോണുകൾക്ക് അവസരം നൽകുന്ന ഭാവനാസൃഷ്ടികൾക്ക് സാധിക്കും. 

അടുത്തപടിയായി, ശബ്ദങ്ങളെ ദൃശ്യപ്രതീകങ്ങളായി എഴുതാൻ തുടങ്ങിയതാണ് സർഗാത്മകതയിലെ മറ്റൊരു സുപ്രധാന ഘട്ടം. അതിനും മുൻപ്, ആശയങ്ങളെ ചിത്രരൂപത്തിൽ അവതരിപ്പിച്ചിരുന്നതും വാക്കുകളുടെ ചിത്രീകരണവും സമന്വയിപ്പിക്കാൻ കഴിയുമെന്ന ഭാവനയാവാം എഴുത്തിലേക്ക് എത്തിക്കുന്നത്. എഴുത്തിലെ അക്ഷരങ്ങൾക്ക് അവ പുറപ്പെടുവിക്കുന്ന ശബ്ദവുമായോ അത് ഉത്പാദിപ്പിക്കുന്ന അർഥവുമായോ യാതൊരു പ്രത്യക്ഷബന്ധവും ഇല്ല. പ്രതീകങ്ങളെ ഉപയോഗിച്ചു കൊണ്ടുള്ള സങ്കീർണമായ ഈ ഭാഷാരീതി വളരെ വിപുലമായ തോതിൽ മനുഷ്യരെ ബന്ധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ ഒരേ ലക്ഷ്യത്തോടെ നിർവഹിക്കുന്നതിനും പ്രാപ്തരാക്കുന്നു. എന്തുകൊണ്ടാണ് ഇതരജീവികളിൽ നിന്നും വിഭിന്നമായി പ്രതീകങ്ങളും ഭാഷയും കലയും ശാസ്ത്രവുമൊക്കെ ഉൾക്കൊള്ളാൻ കഴിയുന്ന രൂപത്തിൽ മനുഷ്യമസ്തിഷ്കം രൂപപ്പെടുന്നത്? 

ഇതര ജീവികളിൽ നിന്നുള്ള മനുഷ്യരുടെ പ്രകടമായ വ്യത്യാസങ്ങളായ സംസ്കാരം, കല, സങ്കീർണമായ ഭാഷ, വലിയ മസ്തിഷ്കം, ഇരുകാലുകളിൽ സ്വതന്ത്രമായി നടക്കാനുള്ള ശേഷി എന്നിവയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് നിവർന്ന് സ്വതന്തമായി നടക്കുന്നതിനുള്ള ശേഷിയായിരുന്നു എന്നത് ഏറെക്കുറെ തർക്കരഹിതമായി ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിവർന്നു നടന്നതിന്റെ പഴക്കത്തെ സംബന്ധിച്ച് തർക്കങ്ങളുണ്ട്. 70 ലക്ഷം മുൻപ് മുതൽ 35 ലക്ഷം മുൻപുള്ള വർഷങ്ങൾക്കിടയിലെ ആൾക്കുരങ്ങ് വർഗത്തിലായിരിക്കണമത് എന്നതാണ് അനുമാനം. 

കിഴക്കൻ ആഫ്രിക്കയിലെ എത്യോപ്യയിൽ നിന്നും ലഭിച്ച നിവർന്ന് നടക്കുന്ന മനുഷ്യപൂർവികരുടെ ഒരു അർധപൂർണ ഫോസിൽ ഏതാണ്ട് 32 ലക്ഷം വർഷം മുൻപ് ജീവിച്ചിരുന്നതാണ്. ആസ്ട്രലോ പിത്തക്കൻസിലെ ലൂസി’ എന്ന് നാം പേരിട്ടവയുടെ അസ്ഥികൾ. ആസ്ട്രലോ പിത്തക്കൻസിന് 400 cc വലുപ്പമുള്ള മസ്തിഷ്കം ഉൾക്കൊള്ളുന്നതിനുള്ള തലയോട്ടി മാത്രമേയുള്ളൂ. പല്ലുകളുടെ ആകൃതി, വലുപ്പം, ഇനാമലിന്റെ പ്രകൃതം, അതിന്റെ ഐസോടോപ്പ് പഠനങ്ങൾ എന്നിവയിൽ നിന്നും പഴങ്ങൾ, പൂവുകൾ, കട്ടിയുള്ള വിത്തുകൾ, കിഴങ്ങുവർഗം, ചെറുപ്രാണികൾ എന്നിവ ഭക്ഷിച്ചിരുന്നതിന്റെ സൂചനയാണുള്ളത്. ലൂസി ജീവിച്ചിരുന്നത് ഹിമയുഗത്തിലെ കൊടും ശൈത്യകാലത്താണ്. ഭൂമിയുടെ മുഖ്യഭാഗവും മീറ്ററുകളോളം കനത്തിൽ ഐസ് പാളികളാൽ മൂടിക്കിടന്ന കാലമാണിത്. ആഫ്രിക്കയിലെ വലിയ മരങ്ങൾ ഒറ്റപ്പെടുകയും നശിക്കുകയും ചെയ്തതോടെ മനുഷ്യപൂർവികർ മരങ്ങളിൽ നിന്നും താഴേക്കിറങ്ങുന്നതിനും മാംസാഹാരം പരീക്ഷിക്കുന്നതിനും നിർബന്ധിതരായിരിക്കണം. വേഗം നീങ്ങുന്നതിനും വിശാലമായ പുല്ലുകൾക്ക് മുകളിലൂടെ ശത്രുക്കളായ മൃഗങ്ങളെ എളുപ്പം കാണുന്നതിനും നിവർന്ന് നടക്കുന്നതിലൂടെ കഴിയും. നിവർന്നു നടക്കലും അതിനു ശേഷം മാംസാഹാരം കൂടി തിരഞ്ഞെടുക്കുന്നതുമാണ് ഇതുവരെയുണ്ടായ ജീവിവർഗങ്ങളിൽ വച്ച് എറ്റവും അത്ഭുതകരമായ മസ്തിഷ്കവികാസമുള്ള മറ്റൊരു ജീവിയിലേക്ക്, മനുഷ്യരിലേക്കുള്ള, പരിണാമത്തിൽ നിർണായകമാകുന്നത്.

ആസ്ട്രലോപിത്തക്കൻസിന് ശേഷമുള്ളവർ മാംസാഹാരം ശീലമാക്കിയതിനുള്ള ഏറ്റവും പഴക്കമേറിയ തെളിവ് ചരിത്രാതീത കാലത്തെ ജന്തുക്കളുടെ ഫോസിലുകളിൽ കാണുന്ന മൂർച്ചയേറിയ വരകളാണ് (butchery marks). കല്ലുളികൾ കൊണ്ട് മാംസം വേർപെടുത്തുമ്പോൾ അസ്ഥികളിൽ ഉണ്ടാകുന്ന പോറലുകളാണിവയെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇടിച്ച് ചതച്ചതിന്റെ പാടുകളും അസ്ഥികളിൽ കാണാം. വലിയ കല്ലുകൾ കൊണ്ട് അസ്ഥികൾ പൊളിച്ച് മജ്ജയും ഊർന്ന് കുടിച്ചിരിക്കാം. എത്യോപ്യയിലെ ഗോണ (Gona) എന്ന സ്ഥലത്ത് നിന്നുമുള്ള ഇത്തരം ഫോസിലുകൾക്ക് 26 ലക്ഷം വർഷങ്ങളുടെ പഴക്കമാണുള്ളത്. കൃത്യമായും ഇതേ കാലത്ത് മനുഷ്യപൂർവികർ കല്ലുളികൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകളും സമാന്തരമായി ലഭിക്കുന്നു. കാഞ്ചേര (Kanjera), കൂബി (Koobi Fora Ridge) എന്നിവിടങ്ങളിൽ നിന്നുള്ള കല്ലുളികൾ, അസ്ഥികളിലെ അടയാളങ്ങൾ എന്നിവ ഈ കാലഘട്ടത്തിൽപ്പെടുന്നു. ടാൻസാനിയയിലെ ഓഡുവായ് ജോർജ് പ്രദേശത്ത് നിന്നുമുള്ള കണ്ടെത്തലുകളാണ് ഇത്തരത്തിലുള്ളവയിൽ ഏറ്റവും പ്രമുഖമായിട്ടുള്ളത്. ആലോപിത്തെക്കൻസിലും നിന്നും പരിണമിച്ച ഹോമോ ഹാബിലിസ് എന്ന മനുഷ്യപൂർവികരുടെ തലയോട്ടികൾ, അതേ കാലത്തുള്ള മൃഗങ്ങളുടെ അസ്ഥികളും കല്ലുളികളും ഒരേ പ്രദേശത്ത് തന്നെ ചേർന്ന് കിടക്കുന്നുണ്ടായിരുന്നു. മുള്ളൻപന്നി മുതൽ ആന വരെയുള്ള ജീവി വർഗങ്ങളുടെ മൃതശരീരത്തിൽ നിന്നും മാംസം മനുഷ്യപൂർവികർ ആഹാരമാക്കിയതായാണ് റിച്ചാർഡ് ലീക്കി, മേരി ലീക്കി തുടങ്ങിയവർ നടത്തിയ ഓൾഡുവായ് ജോർജിലെ ഫോസിൽ പഠനങ്ങളിൽ വ്യക്തമായത്. മാംസാഹാരം ഉപയോഗിക്കുന്ന ഹോമോ ഹാബിലിസിന്റെ മസ്തിഷ്കം ഏതാണ്ട് 600 cc യിലേക്ക് വളർന്നിരിക്കുന്നു.

വലിയ മസ്തിഷ്കം ഗൗരവമുള്ള ഒരു ഊർജ ഉത്തരവാദിത്വം കൂടി ആവശ്യപ്പെടുന്നുണ്ട്. സസ്തനികളെക്കാൾ അഞ്ചു മടങ്ങ് ഊർജമാണ് മനുഷ്യ മസ്തിഷ്കത്തിന് ആവശ്യമായിട്ടുള്ളത്. വലിയ പോഷണമൂല്യമുള്ള ഭക്ഷണം കഴിച്ചാൽ വലിയ മസ്തിഷ്കമുണ്ടാകുമെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. അങ്ങനെ വരണമെങ്കിൽ മനുഷ്യപൂർവികർ മാത്രം കൂടുതൽ പോഷണമുള്ള ഭക്ഷണം കഴിക്കുകയും മറ്റൊരു ജീവിക്കും ഇത് ലഭിക്കാതിരിക്കുകയും വേണം. അല്ലെങ്കിൽ മറ്റുള്ളവയെക്കാൾ അമിതമായ അളവിൽ മനുഷ്യപൂർവികർ ഭക്ഷണം കഴിക്കണം. ഇത് രണ്ടും ശരിയാകുവാൻ ഇടയില്ല (Barton. 1992). പിന്നെ എങ്ങനെയാണ് മികച്ച മസ്തിഷ്കമുള്ള ജീവിയായി മനുഷ്യപൂർവികർ പരിണമിച്ചത്?

എല്ലാ ജീവികൾക്കും അവയുടെ കോശങ്ങളിൽ ചുരുങ്ങിയ അളവിലെങ്കിൽ പോലും ഉപാപചയ തോത് അഥവാ പ്രവർത്തന നിരത (Basic Metabolic Rate) നിലനിർത്തേണ്ടതുണ്ട്. ഇതിന് ആനുപാതികമായിരിക്കും ഭക്ഷണവും. കൂടുതൽ കോശങ്ങളുള്ള വലിയ ജീവികൾക്ക് അതുകൊണ്ട് കൂടുതൽ ആഹാരം കഴിക്കേണ്ടിവരും. എല്ലാ കോശങ്ങളിലെയും അടിസ്ഥാന പ്രവർത്തനക്ഷമത അതേപടി നിലനിർത്തിക്കൊണ്ട്, ശരീരത്തിന്റെ വലുപ്പം വർധിപ്പിക്കാതെയോ ഭക്ഷണത്തിന്റെ അളവിൽ വ്യത്യാസമുണ്ടാക്കാതെയോ മസ്തിഷ്കം വികസിപ്പിക്കുക അസാധ്യമാണ്. ഈ അനുപാതങ്ങൾ അതേപടി നിലനിർത്തിത്തന്നെ മസ്തിഷ്കം മാത്രം മനുഷ്യ പൂർവികരിൽ വികസിക്കുന്നതിന്റെ രഹസ്യം അയ്യെല്ലോയും വീലറും (Leslie C. Aiello and Peter Wheeler) ചേർന്ന് വിശദീകരിക്കുന്നു. ശരീര കോശങ്ങളുടെ ഊർജ ഉപഭോഗ വിശദീകരണത്തിലൂടെ (The Expensive Tissue Hypothesis – ETH). മസ്തിഷ്കത്തിന്റെ ഊർജ ആവശ്യവും ഭക്ഷണവും തമ്മിലുള്ള അനുപാതത്ത ആകെ ശരീരത്തിന് വേണ്ട ഊർജവുമായി ഇത് അനുബന്ധപ്പെടുത്തുന്നു. നാല് അവയങ്ങളാണ് ശരീരത്തിൽ ഏറ്റവും ഊർജം ആവശ്യപ്പെടുന്നത്. മസ്തിഷ്കം, ഹൃദയം, വൃക്കകൾ, ദഹനവ്യവസ്ഥ എന്നിവ. ആകെ ശരീരത്തിന്റെ ഏഴു ശതമാനം മാത്രമുള്ള ഈ അവയവങ്ങളെല്ലാം ചേർന്ന് പക്ഷേ, എഴുപത് ശതമാനം ഊർജവും ഉപയോഗിക്കുന്നു. അതായത്, ഏതെങ്കിലും ഒരു അവയവം വികസിക്കണമെങ്കിൽ, മറ്റൊന്നിന്റെ ഊർജ ആവശ്യം തത്തുല്യമായി കുറയേണ്ടതുണ്ട്. അങ്ങനെയെങ്കിൽ, അടിസ്ഥാന പ്രവർത്തന നിരത അതേ പടി നിലനിർത്തിക്കൊണ്ടും ഭക്ഷണത്തിന്റെ അളവ് വർധിപ്പിക്കാതെയും മസ്തിഷ്ക വികാസം സാധ്യമായേക്കാം. 

മനുഷ്യരിലെ ഈ നാല് അവയങ്ങളുടെ ഭാരവും അവയുടെ ഊർജ ആവശ്യവും ഇതര പ്രൈമറ്റുകളുമായി താരതമ്യം ചെയ്തിട്ടുണ്ട്. ഹൃദയത്തിന്റെയും വൃക്കകളുടെയും ഭാരം പ്രൈമറ്റുകളുടേതിന് ആനുപാതികമാണ്. എന്നാൽ, മസ്തിഷ്കത്തിന്റെ വലുപ്പവും ദഹനവ്യവസ്ഥയുടെ വലുപ്പവും മനുഷ്യരിൽ വ്യത്യസ്തമാണ്. വലിയ മസ്തിഷ്കമുള്ള പല പ്രൈമറ്റുകളുടെയും ദഹനവ്യവസ്ഥ ചെറുതാണ്. ചെറിയ മസ്തിഷ്കമുള്ള പല മറ്റുകളിലെ ദഹനവ്യവസ്ഥ വലുതുമാണ്. ഈ ഭാര വ്യത്യാസത്തിന് ആനുപാതികമായാണ് അവയുടെ ഊർജ ആവശ്യവും. 

അതായത്, വലുപ്പം കൂടിയ മസ്തിഷ്കത്തിന്റെ ഉയർന്ന ഊർജ ആവശ്യത്തെ തുലനം ചെയ്യുവാൻ ദഹനവ്യവസ്ഥ ചുരുങ്ങുന്നതിലൂടെ കഴിഞ്ഞേക്കാമെന്ന് ഊഹിക്കാം. മറ്റവയവങ്ങളെ അപേക്ഷിച്ച്, ശരീരവലുപ്പം വ്യത്യാസപ്പെടാതെ ചുരുങ്ങുവാനോ വികസിക്കുവാനോ താരതമ്യേന കഴിയുന്നത് മസ്തിഷ്കത്തിനും ദഹനവ്യവസ്ഥയ്ക്കുമാണ് എന്ന പ്രത്യേകതയുമുണ്ട്. മറ്റ് പ്രധാന അവയങ്ങളെ നോക്കാം. ശരീരം ആവശ്യപ്പെടുന്നത് രക്തം പമ്പ് ചെയ്യുന്നതി നാവശ്യമായ വലുപ്പം ഹൃദയത്തിന് ആവശ്യമാണ്. അത് ചെറുതായാൽ ശരീരത്തിൽ വേണ്ടത്ര രക്തം എത്തിക്കാനാവാതെ വരും. പുറന്തള്ളേണ്ട അത്ര മൂത്രം ഉത്പാദിപ്പിക്കേണ്ട വൃക്കകളുടെ വലുപ്പവും കുറയ്ക്കാൻ സാധ്യമല്ല. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കേണ്ട കരൾ ചെറുതായാൽ മസ്തിഷ്കത്തിന്റെ വികാസം തന്നെ തടസ്സപ്പെടും. മാംസപേശികൾ കൂടുതൽ ഊർജം അടിസ്ഥാനമായി ഉപയോഗിക്കുന്നില്ല. അവയുടെ 70 ശതമാനമെങ്കിലും ചുരുങ്ങിയാൽ മാത്രമേ, മസ്തിഷ്കവികാസത്തിനുള്ള ഊർജം സമാഹരിക്കാനാവൂ. 

അതിനാൽ, മസ്തിഷ്കവികാസത്തിന് ആവശ്യമായ ഊർജം നൽകാനാവുന്നത് ദഹനവ്യവസ്ഥയിൽ നിന്നു മാത്രമാണ്. ദഹനവ്യവസ്ഥയ്ക്ക് ഒരു സ്വാതന്ത്ര്യം കൂടിയുണ്ട്. ശരീരവലുപ്പത്തിന് ആനുപാതികമായി മാത്രമല്ല, ദഹനവ്യവസ്ഥയുടെ വലുപ്പം നിശ്ചയിക്കപ്പെടുന്നത്. മറിച്ച്, ഭക്ഷണ പദാർഥത്തിന്റെ വലുപ്പം, ദഹനവിധേയമാകുന്നതിനുള്ള ഭക്ഷണത്തിന്റെ വഴക്കം (digestibility) എന്നിവയുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. എളുപ്പം ദഹനവിധേയമല്ലാത്തതോ വലുപ്പം കൂടിയതോ ആയ ഭക്ഷണശീലമുള്ള ജീവികൾക്ക് വലിയ ദഹനവ്യവസ്ഥ ആവശ്യമാണ്. വലിയ ആമാശയവും നീളം കൂടിയ വൻകുടലും ഇവയ്ക്ക് കാണാം. എന്നാൽ, പ്രോട്ടീൻ കൂടുതലുള്ള മാംസം, കായ്കൾ, ഫലങ്ങൾ തുടങ്ങി എളുപ്പം ദഹിക്കുന്ന ആഹാരപദാർ ഥങ്ങൾക്ക് ചെറിയ ആമാശയവും നീളം അല്പം കൂടിയ ചെറുകുടലുമുള്ള (വൻകുടലിന് പകരം) ദഹന വ്യവസ്ഥ മതിയാകും. ഈ പാരസ്പര്യതയിൽ നിന്നും മനസ്സിലാകുന്നത്, മസ്തിഷ്ക വളർച്ചയ്ക്ക് പകരമായി ദഹനവ്യവസ്ഥ ചുരുങ്ങിയാൽ മതി. മറ്റ് ആന്തരിക വ്യത്യാസങ്ങളില്ലാതെ ദഹനവ്യവസ്ഥയ്ക്ക് ചുരുങ്ങുവാൻ ഭക്ഷണഘടനയിലെ മാറ്റം മാത്രം മതിയാകും എന്നതാണ്. 

ദഹനവ്യവസ്ഥയുടെ ചലന രീതികളും സമാനമാണ്. സസ്യാഹാരത്തിൽ നാരിന്റെ അംശം കൂടുതലായതിനാൽ അത് വേഗത്തിൽ സഞ്ചരിച്ച് വൻകുടലിൽ എത്തിച്ചേരും. അതുകൊണ്ട് പെട്ടെന്ന് എത്തിച്ചേരുന്ന ആഹാരത്തെ നിലനിർത്തുവാൻ സസ്യഭുക്കുകളിലെ വൻകുടലുകൾക്ക് നീളം കൂടുതലായിരിക്കും. എന്നാൽ, സസ്യഭുക്കുകളായ പ്രൈമറ്റുകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന് ചെറുകുടലിനാണ് നീളം കൂടുതലു ള്ളത് (56 ശതമാനത്തോളം). ഇത് എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന മാംസാഹാരരീതിക്ക് അനുയോജ്യമായ ഒന്നാണ്. 

മൃഗങ്ങളുടെ മാംസവും മജ്ജയും ഉയർന്ന ഊർജം നൽകുന്നതും ലളിതമായും വേഗത്തിലും സംശ്ലേഷണം ചെയ്യപ്പെടുന്നവയാണ്. സസ്യാഹാരത്തെ അപേക്ഷിച്ച്, കാർബോഹൈഡ്രേറ്റുകൾ കുറവും നിർമാണ പ്രവർത്തനങ്ങളെ സഹായിക്കുന്ന പ്രോട്ടീനുകളും ധാതുലവണങ്ങളും ഏറെ അടങ്ങിയവയുമാണ് മാംസാഹാരം. അങ്ങനെയാണെങ്കിൽ, ആസ്ട്രലോ പിത്തെക്കൻസിന് ശേഷമുള്ള മനുഷ്യപൂർവികർ സസ്യാഹാരം വിട്ട് മാംസാഹാരം ശീലിച്ചതോടെ ദഹന വ്യവസ്ഥ ചുരുങ്ങുകയും തലച്ചോറിലേ ക്കുള്ള രക്തപ്രവാഹവും പോഷണവും വർധിക്കുകയും ചെയ്തിരിക്കണം എന്ന് കാതറീൻ മിൽട്ടൺ (Katharine Milton) അഭിപ്രായപ്പെടുന്നു. കോശസ്തര നിർമിതിക്ക് സഹായകരമായ പ്രോട്ടീനുകളുടെ സാന്നിധ്യം (essential amino acids) മാംസത്തിലുണ്ടായിരുന്നതും മസ്തിഷ്ക വികാസത്തെ ത്വരിതപ്പെടുത്തുന്നു. 

അങ്ങനെ ദഹനവ്യവസ്ഥയുടെ ചുരുങ്ങൽ ഉണ്ടാകുന്നെങ്കിലും പൊതു ഊർജാവശ്യം വ്യത്യാസപ്പെടാതെ മസ്തിഷ്ക വളർച്ച സാധ്യമാകുന്നു. ആദ്യമായി കല്ലുളികൾ ഉപയോഗിച്ച കാലത്ത് കാണുന്ന മൃഗങ്ങളുടെ അസ്ഥികളിലെ പോറലും അന്നത്തെ മനുഷ്യപൂർവികരിൽ ഉണ്ടായ മസ്തിഷ്ക വളർച്ചയും ഈ സിദ്ധാന്തങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളാണ്. 

മസ്തിഷ്ക വികാസത്തിലെ ഒന്നാമത്തെ മാറ്റം വലുപ്പത്തിൽ ഉണ്ടാകുന്ന വർധനവാണ്. വലിയ മസ്തിഷ്കമുള്ള കുഞ്ഞിനെ പ്രസവിക്കുക എളുപ്പമല്ല. അതിനാൽ ജനിച്ച ശേഷവും മസ്തിഷ്കം വളരുന്നതിലൂടെ ഈ വർധന ഉറപ്പ് വരുത്തുന്നു. രണ്ടാമതായി, ഉപബോധമായി തീരുമാനങ്ങൾ എടുക്കുന്ന മസ്തിഷ്ക ഭാഗത്തിന് പകരം, ചിന്തിച്ച് തീരുമാനങ്ങളെടുക്കാൻ പ്രാപ്തമായ നാഡികളുള്ള നിയോ കോർട്ടെക്സാണ് മസ്തിഷ്ക വ്യാപ്തം 400 cc യിൽ നിന്നുള്ള മനുഷ്യപൂർവികരിൽ നിന്ന് 1200 CC യുള്ള ഹോമോ സാപ്പിയൻസിലെത്തുമ്പോൾ കൂടുതൽ വികസിക്കുന്നത്. മൂന്ന് വ്യത്യസ്തമായ ആവശ്യങ്ങൾക്കായി മസ്തിഷ്കത്തിൽ ഏതെങ്കിലും ഒരു ഭാഗത്തെ നാഡികളെ പ്രത്യേകമായി തിരഞ്ഞടുക്കുന്നു. ഉദാഹരണമായി, വലത് മ സ്തിഷ്ക ഭാഗത്താണ് മുഖങ്ങളെ തിരിച്ചറിയുന്ന നാഡീബന്ധങ്ങൾ. ഇടതു ഭാഗത്താണ് ഭാഷയ്ക്ക് വേണ്ടിയുള്ള നാഡികളുടെ സമന്വയം (വലത് കൈകൾ മുഖ്യമായി ഉപയോ ഗിക്കുന്നവരിൽ). നാല്, മസ്തിഷ്കത്തിലെ വിവിധ ഭാഗങ്ങൾ തമ്മിലു ള്ള ബന്ധത്തിലുണ്ടാകുന്ന മാറ്റങ്ങ ളാണ്. ഉദാഹരണമായി, ഇതര പ മറ്റുകളിൽ നിന്ന് വ്യത്യസ്തമായി മസ്തിഷ്ക കാണ്ഡത്തിലെ അമിഗ്ഡല (amygdala) യിൽ നിന്നും വർധിച്ച തോതിൽ നാഡീബന്ധം പ്രീഫാന്റൽ കോർട്ടെക്സിലേക്ക് വികസിക്കുന്നു. പൊടുന്നനെ ഉണ്ടാകുന്ന വൈകാരികമായ പ്രതികരണത്തിന്റെ ഉറവിടം അമിഗ്ഡലയാണ്. സങ്കീർണമായ സാമൂഹ്യബന്ധങ്ങളുള്ള മനുഷ്യ സമൂഹത്തിൽ ഇത്തരം പ്രതികരണങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. അമിഗ്ഡലയിൽ ഉണ്ടാകുന്ന പ്രതികരണങ്ങൾ ബോധപൂർവമുള്ള തീരുമാനങ്ങളെടുക്കുന്ന പ്രീഫാന്റൽ കോർട്ടെക്സിന് നിയന്ത്രിക്കുന്നതിന് പുതിയ നാഡീബന്ധങ്ങൾ സഹായിക്കുന്നു. 

വളരെ പ്രധാനമായ മറ്റൊന്ന്, നാഡീബന്ധങ്ങളുടെ വൈവിധ്യവും വൈപുല്യമാണ്. കല്ലുളികൾ പോലുള്ള ഉപകരണങ്ങളുടെ ഉപയോഗത്തോടെ അതിനാവശ്യമായ തരത്തിൽ മസ്തിഷ്കത്തിൽ പുതിയ നാഡീബന്ധങ്ങൾ മുളച്ചു വരുന്നു. അതിനനുസരിച്ച് കരവിരുതിൽ കൂടുതൽ നൈപുണ്യം വികസിക്കുന്നു. പെരുവിരലും ചൂണ്ടുവിരലും ചേർത്ത് പിടിക്കാവുന്ന നാഡീ-പേശീ സമന്വയം പ്രത്യക്ഷപ്പെടുന്നു. അതിലൂടെ ചിന്തിക്കുന്നതിനെ വരയ്ക്കുവാനും എഴുതുവാനും നിർമിക്കുവാനുമുള്ള ഇതര ജീവികൾക്കില്ലാത്ത പ്രാപ്തി നേടുന്നു. ആൽബറ്റ് ഡ്യൂറർ എന്ന ചിത്രകാരൻ കൈവിരലുകളിലെ ഈ കഴിവിനെ കൗതുകത്തോടെ ശ്രദ്ധിച്ചിരുന്നു. 

ഭാഷയുടെ ആദിമരൂപമായ അംഗവിക്ഷേപങ്ങളും ശബ്ദങ്ങളിലും തുടങ്ങി ഭാഷയും ഭൗതിക വസ്തുക്കളും ക്രമേണ ഉപയോഗിച്ചു തുടങ്ങുന്ന എതാണ്ട് പത്ത് ലക്ഷം മുതൽ ഒരു ലക്ഷം വർഷം മുൻപ് വരെയു ള്ള കാലങ്ങളിൽ മസ്തിഷ്കത്തിലെ നാഡീബന്ധങ്ങളിലെ അടഞ്ഞുകിടന്ന വാതിലുകൾ യുക്തിയും അയുക്തിയും ഭാവനയും കലയും ശാസ്ത്രവും സാങ്കേതിക വിദ്യയുമൊക്കെ വിഭാവനം ചെയ്യുന്നതിനും നിർവഹിക്കുന്നതിനും പ്രാപ്തിയുള്ള ഒരു അവബോധ പാരസ്പര്യതയിലേക്ക് (cognitive fluidity) ഇടകലർന്നിരിക്കാമെന്ന് കരുതപ്പെടുന്നു (Steven Mithen). മൈക്കലാഞ്ചലോ ആത്യന്തികമായ കഴിവായി മനസ്സിലാക്കുന്ന മസ്തിഷ്കത്തിന്റെ മികവും ബണോവ്സ്കി കണ്ടെത്തുന്ന കരവിരുതിന്റെ കണിശതയുടെയും പരസ്പരപൂരകമായ ബന്ധവും തന്നെയാണ് മനുഷ്യകുലത്തിന്റെ ബൗദ്ധിക പ്രതിഭാസത്തിന്റെ കാമ്പ്. 


അവലംബം

 1. Jean Kazez Animalkind: What We Owe to Animals. 
 2. Should we eat meat?: evolution and consequences of modern carnivory Vaclav Smil, wiley-backwell 
 3. A hypothesis to explain the role of meat eating in human evolution- human an thropology. Katharine Milton
 4. Primate Diets and Gut Morphology: Implications for Hominid Evolution Katharine Milton 
 5. Evolutionary Adaptations to Dietary Changes F. Luca, G.H. Perry, and A. Di Rienzo
 6. Food and evolution toward a they of human food habits Marvin harris and Eric B Ross Temple University Press 
 7. The Ascent of Man, Jacob Bronowsky, BBC Books 
 8. Evolution, development, and plasticity of the human brain: from molecules to bones, Branka Hrvoj-Mihic, Thibault Bienvenu, Lisa Stefanacci, Alysson R. Muotri and Katerina Semendeferi. 
 9. The Origins of Creativity, E.O. Wilson, Allen Lane.


 

 

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “മാംസാഹാരവും മസ്തിഷ്ക വളർച്ചയും

Leave a Reply

Previous post ജേണൽ ആർട്ടിക്കിളുകൾ സൗജന്യമായി വേണോ? വിക്കിപീഡിയ ലൈബ്രറിയിലേക്ക് വരൂ
Next post ഓട്ടിസം പ്രാരംഭഘട്ടത്തിൽ കണ്ടെത്താം
Close