Read Time:9 Minute

ലോക വയോജന ദിനം

ഇന്ന് ഓക്ടോബർ 1 ലോക വയോജന ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകവയോജന ദിനാചരണം ആരംഭിച്ചത് 1991 ഓക്ടോബർ ഒന്നിന് ഈ വർഷത്തേത് മുപ്പതാമത്തെ വയോജന ദിനം. ഈ വർഷത്തെ വയോജന ദിന ചർച്ചാ വിഷയം “ Pandemics: Do They Change How We Address Age and Ageing“ (മഹാമരി പ്രായത്തോടും പ്രായാധിക്യത്തൊടുമുള്ള സമീപനം മാറ്റുമോ?) എന്നതാണ്.
രാജ്യത്ത് കേരളത്തിലാണ് വയോജനങ്ങളുടെ ശതമാനം കൂടുതൽ 13.1 %. ജനസംഖ്യതിൽ 48 ലക്ഷം വയോജനങ്ങളാണ് ഇവരിൽ 80 വയസ്സിന് മുകളിൽ 15 ശതമാനത്തോളം എഴുലക്ഷത്തിലേറെപേർ. കേരളത്തിൽ വയോജനങ്ങളിൽ 55 ശതമാനത്തിനു മേൽ സ്തീകളാണ്. പുരുഷ സ്തീ അനുപാതം ആയിരം പുരുഷന്മാർക്ക് 1084 സ്തീകൾ. സ്തീകളുടെ ആയുർദൈർഘ്യം 74.9 വയസ്സ് പുരുഷന്മാരുടേത് 72 വയസ്സ്. ആയ്യുർദൈർഘ്യം കൂടുതലായത് കൊണ്ടും വിവാഹപ്രായത്തിലുള്ള അന്തരം കൊണ്ടും കേരളത്തിൽ വിധവകളുടെ എണ്ണം കൂടുതലാണ്. വയോജനങ്ങളായ സ്തീകളിൽ 57 ശതമാനം വിധവകളാണ് എന്നാൽ പുരുഷ വയോജനങ്ങളിൽ 12 ശതമാനം മാത്രമാണ് വിഭാര്യർ. വിധവകളായ പത്ത് ലക്ഷത്തിലറെ വയോജനങ്ങൾ സംസ്ഥാനത്തുണ്ട്.
പ്രമേഹം, രക്താതിമർദ്ദം, കാൻസർ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ പകർച്ചേതര രോഗങ്ങൾ കൂടുതലും വയോജനകാലത്താണ് പ്രത്യേക്ഷപ്പെടുക. കോവിഡ് ബാധിച്ചാൽ മരണ സാധ്യത കൂടുതലുള്ളതും വയോജനങ്ങൾക്കും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന അനുബന്ധരോഗമുള്ളവർക്കുമാണ്. സ്തീകളുടെ കാര്യത്തിലാണെങ്കിലും മധ്യവയസ്കരുടെ ആരോഗ്യ സ്ഥിതി പുരുഷന്മാരേക്കാൾ മെച്ചമായിരിക്കുമെങ്കിലും പ്രായം വർധിക്കുമ്പോൾ ആരോഗ്യം പുരുഷന്മാരുടേതിനേക്കാൽ മോശമാകാനാണ് സാധ്യത. വയോജനങ്ങളിൽ കേവലം 20 ശതമാനം പേർക്ക് മാത്രമാണ് സർവീസ് പെൻഷനോ വാർധക്യപെൻഷനോ ലഭിക്കുന്നത്. വയോജനങ്ങളിൽ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പരാശ്രയത്തിൽ കഴിയാൻ നിർബന്ധിതരായവരാണ്. വയോജനങ്ങളുടെ സാമൂഹ്യ സാമ്പത്തിക ആരോഗ്യ ലിംഗനീതി പ്രശ്നങ്ങളാണ് കേരളം ഇനി ഇടപേണ്ട മേഖകളിൽ പ്രധാനപ്പെട്ടത്. ഇതേപറ്റിയുള്ള വിപുലവും ഗൌരവമായ ചർച്ചകൾ നടക്കേണ്ടിയിരിക്കുന്നു. (എഴുത്ത് – ഡോ.ബി.ഇക്ബാൽ)


ഓട്ടോ റോബർട് ഫ്രിഷ്

 ഓട്ടോ റോബർട് ഫ്രിഷി (Otto Robert Frisch 1904-1979)ന്റെ ജന്മദിനം. അണുകേന്ദ്ര വിഘടനം ബോംബുണ്ടാക്കാൻ ഉപയോഗിക്കാമെന്ന് ആദ്യം നിർദേശിച്ചത് അദ്ദേഹം.  ജനനം വിയന്നയിൽ, 1904 ഒക്ടോബർ 1ന്. അധികകാലവും ജോലി ചെയ്തത് ബ്രിട്ടനിൽ. അണുകേന്ദ്ര ഭൗതികമായിരുന്നു ഗവേഷണമേഖല. അണുവിഘടനത്തിന് fission എന്ന് ആദ്യം പ്രയോഗിച്ചത് അദ്ദേഹമായിരുന്നു. മുമ്പ് ഈ പദം ജീവശാസ്ത്രത്തിൽ ഉപയോഗിച്ചിരുന്നു, ഒരു ‘ജീവി’ ഗുണധർമങ്ങൾ നഷ്ടപ്പെടാതെതന്നെ പല കഷണങ്ങളായി മുറിയുന്നതിനെ കാണിക്കുവാൻ.
ഓട്ടോ ഫ്രിഷ്, ലിസെ മെയ്റ്റനെർ, ഗ്ലെൻ സീബോർഗ്ഗ്
ഫ്രിഷിന്റെ അമ്മായിയായ ലിസെ മൈറ്റ്നർ അണുകേന്ദ്ര ഭൗതികത്തിന് പ്രധാനപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞയായിരുന്നു. “അണുകേന്ദ്ര ഭൗതികത്തിലെ വിസ്മരിക്കപ്പെട്ട വനിത” എന്ന് അവരെപ്പറ്റി പറയാറുണ്ട്. ഒപ്പം ഗവേഷണം നടത്തിയ ഓട്ടോ ഹാൻ എന്ന അണുകേന്ദ്ര രസതന്ത്രജ്ഞന് നൊബേൽ പുരസ്‌കാരം നൽകിയപ്പോൾപോലും മൈറ്റ്നറെ പരിഗണിച്ചില്ല. (മയ്റ്റനെറെപ്പറ്റിപറ്റി ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം)
അണുഭൗതികത്തിൽ ഗവേഷണം നടത്തിയിരുന്ന ശാസ്ത്രജ്ഞരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് , 1938 ഡിസംബറിൽ ഫ്രിഷും മൈറ്റ്നറും ചേർന്ന് അണുവിഖണ്ഡനം
(nuclear fission)  കണ്ടുപിടിച്ച കാര്യം വിളംബരം ചെയ്തത്. ഒരു മൂലകത്തിന്റെ അണുവിനെ മുറിച്ചോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ മറ്റൊരു മൂലകമാക്കാൻ പലരും ശ്രമിച്ചു തോറ്റിരുന്നു. നടക്കാത്ത കാര്യം എന്ന് വിധിയെഴുതപ്പട്ടിരുന്നു. ആ വിധിയെ തിരുത്തിയെഴുതിക്കൊണ്ടാണ് അവരിരുവരും ചേർന്ന് ലോകത്തെ അറിയിച്ചത്. യുറേനിയം അണുകേന്ദ്രത്തെ മുറിച്ച് അണുഭാരം കുറഞ്ഞ മൂലകങ്ങളാക്കി മാറ്റാമെന്ന്.
ചോദ്യങ്ങൾകൊണ്ടു നിറഞ്ഞ ശാസ്ത്ര മേഖലയാണ് ഭൗതികം. കാരണം, അത് പ്രപഞ്ചത്തിലെ കാഴ്ചകളെ വിശദീകരിക്കുന്ന ശാസ്ത്രമാണത്. കൂടുതൽ കാഴ്ചകൾ കൂടുതൽ ചോദ്യങ്ങൾ സമ്മാനിക്കുന്നു. ഇങ്ങനെയുള്ള ഏതു ചോദ്യത്തിന്റെയും പിന്നാലേ പോവാൻ താൻ തയ്യാറല്ലെന്നും, തനിക്കു താല്പര്യമുള്ളവയെ സംബന്ധിച്ചുമാത്രമേ അന്വഷിക്കൂ എന്നുമായിരുന്നു ഫ്രിഷിന്റെ നയം. പക്ഷേ ഒന്നുണ്ട്, ഇഷ്ടംതോന്നി പ്രശ്നത്തെപ്പറ്റി പഠിക്കാൻ തുടങ്ങിയാൽ അതിനെ അതിലളിതമായ കൊച്ചുകൊച്ചു ചോദ്യങ്ങളാക്കി വിശദമായി, വളരെ ചിട്ടയായി പഠിക്കും. ശരിക്കും ബോധ്യമാകുന്ന ഉത്തരം കണ്ടെത്താൻ അനുയോജ്യമായ പഠനശൈലിയാണ് ഇത്. അദ്ദേഹത്തിന്റെ ശാസ്ത്ര പ്രഭാഷണങ്ങൾക്കും ഈ വൈശിഷ്ട്യം ഉണ്ടായിരുന്നു. കൂട്ടത്തിൽ, മനോഹരമായ പദപ്രയോഗങ്ങളും അദ്ദേഹത്തിന്റെ ശാസ്ത്ര പ്രഭാഷണങ്ങളെ വേറിട്ടതാക്കി.
സംഘത്തിലുള്ള ഇളയ ഗവേഷകരെ പ്രശ്നങ്ങളേൽപ്പിച്ച്, ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞു മാറിനിൽക്കുന്നത് ഫ്രിഷിന് ഇഷ്ടമായിരുന്നില്ല. സ്വന്തം കൈകൊണ്ട് ചെയ്യുന്നതായിരുന്നു ഫ്രിഷിന് ഇഷ്ടം. അങ്ങനെ ശരിക്കും മാതൃകാ ശാസ്ത്രജ്ഞൻ.1979 സെപ്റ്റംബർ 22ന്, 75 വയസ്സ് തികയാൻ ഒമ്പതു ദിവസംമാത്രം ശേഷിക്കെ, അദ്ദേഹം അന്ത്യശ്വാസം വലിച്ചു. (എഴുത്ത് – പി.ആർ.മാധവപ്പണിക്കർ)

നാസയുടെ ആരംഭം

ബഹിരാകാശ പഠന പര്യവേക്ഷണങ്ങൾക്കായി  യു.എസ്. ഗവൺമെന്റ് സ്ഥാപിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ പ്രവർത്തനം ആരംഭിച്ചത് 1958 ഒക്ടോബർ 1നാണ്.  നാസയുടെ (National Aeronotics and Space Administration) ആസ്ഥാനം വാഷിങ്ടൺ ആണ്. വിജയകരമായ അനേകം ബഹിരാകാശ യാത്രകൾക്കും പദ്ധതികൾക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.
1958-ൽ ഔദ്യോഗികമായി രൂപം കൊണ്ട നാസയുടെ ചരിത്രം നാഷണൽ അഡ്വൈസറി കമ്മറ്റി ഫോർ എയ്റോനോട്ടിക്സിന്റെ (NACA) രൂപീകരണത്തോടെയാണ് ആരംഭിക്കുന്നത്. വ്യോമയാനരംഗത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പിറകിലായിരുന്ന അമേരിക്കയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറിയായിരുന്ന ചാൾസ് ഡി. വാൽക്കോട്ടിന്റെ നേതൃത്വത്തിലാണ് 1915-ൽ എൻ.എ.സി.എ. രൂപംകൊള്ളുന്നത്. ‘വ്യോമയാനരംഗത്തെ പുരോഗതിക്കായി ഒരു സൈനികേതര ഏജൻസി’ എന്ന ചാൾസ് ഡി. വാൽക്കോട്ടിന്റെ ആശയമായിരുന്നു എൻ.എ.സി.എ.യുടെ രൂപീകരണത്തിന് വഴിതെളിച്ച പ്രധാന ആശയം.NACA എന്ന 46 വർഷം പഴക്കമുള്ള ഗവേഷണസ്ഥാപനം ‘നാസ’യായി മാറുമ്പോൾ 4 പരിക്ഷണ ശാലകളും 80 തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്.
Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് ശാസ്ത്രം ?
Next post ശാസ്ത്രകലണ്ടർ – ഒക്ടോബർ 2
Close