പ്രിയപ്പെട്ട കൂട്ടുകാരേ,
നിങ്ങൾ പാരീസിലുള്ള ഈഫൽഗോപുരത്തിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ? എന്തുയരമാണല്ലേ അതിന് ! ഏതാണ്ട് 10,000 ടൺ ഭാരവും 300 മീറ്റർ പൊക്കവുമുള്ള വലിയൊരു ഇരുമ്പു ഗോപുരമാണത്. അത്തരത്തിലുള്ള 2200 ഈഫൽഗോപുരത്തിന്റെ ഭാരം വരുന്ന പ്ലാസ്റ്റിക് മാലിന്യം ഓരോ വർഷവും കടലുകളിലും നദികളിലും തടാകങ്ങളിലും എല്ലാം ചെന്നടിയുന്നുണ്ട് എന്ന കാര്യം നിങ്ങൾക്കറിയാമോ?
വേറൊരു കണക്കു പറയാം.
ഓരോ വർഷവും സൃഷ്ടിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെ അളവ് ഏതാണ്ട് 40 കോടി ടൺ ആണ്. അതിൽ പകുതിയും ഒരൊറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ആണ്. ഇതിൽ വെറും 10 ശതമാനം മാത്രമേ റീസൈക്കിൾ ചെയ്യുന്നുള്ളൂ.
ഇതൊന്നും അത്ര നല്ല കാര്യമല്ല. ഇത്രയും മാലിന്യം ഉണ്ടാക്കപ്പെടുമ്പോൾ അത് ശരിക്കും മനുഷ്യനും മൃഗങ്ങൾക്കും ഒക്കെ പലവിധത്തിലുള്ള അപകടങ്ങൾ വരുത്തി വയ്ക്കാറുണ്ട്. നമ്മുടെ ചുറ്റുപാടുകൾ മലിനമാക്കപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിൻ്റെ ഗുണനിലവാരവും കുറയും. കുറേയേറെ ജീവികൾ ഇല്ലാതാക്കപ്പെടും. മനുഷ്യർക്ക് പല വിധത്തിലുള്ള അസുഖങ്ങൾ ഉണ്ടാവുകയും ചെയ്യും.
ഒരുദാഹരണം പറയാം. വളരെ ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളെ നമ്മൾ മൈക്രോപ്ലാസ്റ്റിക്കുകൾ എന്നാണ് പറയുക. 5 മില്ലീമീറ്ററിനു താഴെ വലിപ്പമുള്ള ഈ മൈക്രോപ്ലാസ്റ്റിക്കുകൾ നമ്മുടെ ശരീരത്തിലെത്തിയാൽ പലതരത്തിൽ മാരക സ്വഭാവമുള്ളതും, വിട്ടു മാറാത്തതുമായ അസുഖങ്ങൾ ഉണ്ടാകാം. മാത്രമല്ല, മൈക്രോപ്ലാസ്റ്റിക്കുകൾ സ്വാഭാവികമായി ഇല്ലാതാക്കപ്പെടാൻ ഒരുപാട് വർഷങ്ങൾ എടുക്കുകയും ചെയ്യും. ഇന്നത്തെ കണക്കനുസരിച്ച് ഭൂമിയിലെ ഓരോ മനുഷ്യനും ശരാശരി 50,000 മൈക്രോപ്ലാസ്റ്റിക് കഷ്ണങ്ങൾ ഓരോ വർഷവും ഉള്ളിലാക്കുന്നുണ്ട്. വെള്ളത്തിലൂടെയും വായുവിലൂടെയും ഒക്കെയാണ് ഇത് സംഭവിക്കുന്നത്. ഭൂമിയിലെ ജീവജാലങ്ങൾക്കും മൈക്രോപ്ലാസ്റ്റിക്കുകൾ വലിയ ഭീഷണിയാണ്.
മറ്റൊന്ന് പെരുകിക്കൊണ്ടിരിക്കുന്ന മാലിന്യമലകളാണ്. തനിയേ അഴുകിപ്പോകാത്ത ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇങ്ങനെ കൂട്ടിയിടുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും. പല മാലിന്യമലകളും മനുഷ്യജീവിതം ദുസ്സഹമാക്കും. നമ്മുടെ നാട്ടിൽ, ബ്രഹ്മപുരം എന്ന സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യത്തിനു തീ പിടിച്ച സംഭവം നിങ്ങൾ മറന്നിട്ടുണ്ടാവില്ലല്ലോ. പ്ലാസ്റ്റിക് മാലിന്യം തീ പിടിച്ചാൽ പുറത്തു വരുന്ന വാതകങ്ങൾ കാൻസർ വരെ ഉണ്ടാക്കാൻ സാധ്യതയുള്ളത്ര അപകടകാരികളാണ്.
അപ്പോൾ, ഇത്തരത്തിലുള്ള ഈ പ്ലാസ്റ്റിക് ശല്യത്തെ നമുക്ക് എങ്ങനെ നിയന്ത്രിക്കാൻ പറ്റും? അതിന് നമ്മൾ ഒരുമിച്ച് നിൽക്കണം. കഴിയുന്നിടത്തോളം പ്ലാസ്റ്റിക് ഉപയോഗം, പ്രത്യേകിച്ച് ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കണം. കഴിയുന്നിടത്തോളം പ്ലാസ്റ്റിക്കുകൾ റീസൈക്കിൾ ചെയ്യാനും വീണ്ടും ഉപയോഗിക്കാനും ശ്രമിക്കണം. അതിന് പ്ലാസ്റ്റിക് മാലിന്യത്തെ ശരിയായ രീതിയിൽ തരം തിരിക്കുക എന്നത് പ്രധാനമാണ്. അത് ചെയ്യാൻ നമ്മളും പഠിക്കണം, മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. പ്ലാസ്റ്റിക് മാലിന്യത്തെ നന്നായി സംസ്ക്കരിക്കാനുള്ള ഒരുപാട് പുതിയ സാങ്കേതികവിദ്യകൾ ഉണ്ടാവുന്നുണ്ട്. അത്തരം ഗവേഷണങ്ങളും തീരുമാനങ്ങളുമെല്ലാം ഇനി വരുന്ന കാലത്ത് നിങ്ങളാണ് ചെയ്യേണ്ടത്.
ഈ വർഷത്തെ പരിസ്ഥിതിദിനത്തിൽ ഇത്തരം കാര്യങ്ങളെപ്പറ്റി നമുക്ക് ഗൗരവമുള്ള ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. മാലിന്യത്തെ നമ്മൾ വച്ചു പൊറുപ്പിക്കാൻ പാടില്ല. നമ്മളെല്ലാം അതിനുവേണ്ടി ഒരുമിച്ചു നില്ക്കണം. പ്ലാസ്റ്റിക് കൊണ്ടുള്ള വിപത്തിന് നമുക്ക് കൂട്ടായി പരിഹാരം കാണാം.
എല്ലാവർക്കും.. പരിസ്ഥിതി ദിനാശംസകൾ !