Read Time:7 Minute

IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്

ഇത്തവണ ഒരു ഗാലക്സിയുടെ ചിത്രവുമായിട്ടാണ് വെബ്ബിന്റെ വരവ്. IC 5332 എന്ന ഗാലക്സിയുടെ ഇൻഫ്രാറെഡ് ചിത്രം.

നവനീത് കൃഷ്ണൻ എഴുതുന്നു..

ഹബിൾ ടെലിസ്കോപ്പ് ഈ ഗാലക്സിയുടെ ഫോട്ടോ മുൻപ് പകർത്തിയിട്ടുണ്ട്. അൾട്രാവൈലറ്റിലും ദൃശ്യപ്രകാശത്തിലും ഉള്ള ചിത്രമായിരുന്നു അന്നു പകർത്തിയത്. പക്ഷേ അതിൽനിന്നു വ്യത്യസ്തമാണ് വെബിന്റെ ഈ ഇൻഫ്രാറെഡ് ചിത്രം. ദൃശ്യപ്രകാശത്തിൽ കാണാത്ത പലതും ഈ ഇൻഫ്രാറെഡ് ചിത്രത്തിൽ കാണാം.

This image of the spiral galaxy IC 5332, taken by the NASA/ESA/CSA James Webb Space Telescope with its MIRI instrument, has been scaled and cropped to match the NASA/ESA Hubble Space Telescope’s view of the same galaxy.

ഹബിൾ ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ…

ഗാലക്സിയിൽ വാതകങ്ങൾ വിതരണം ചെയ്യപ്പെട്ടതിന്റെ ഘടന പൊടിപടലങ്ങൾ മൂലം ഒളിഞ്ഞുകിടക്കുകയായിരുന്നു ഹബിളിന്റെ ചിത്രത്തിൽ. ദൃശ്യപ്രകാശത്തിന് ഈ പൊടിപടലങ്ങളിലൂടെ കടന്നുപോരാൻ കഴിയാത്തതിനാലായിരുന്നു അത്. കറുത്ത നിറത്തിലാണ് ഹബിളിൽ ഈ ഭാഗം. അതിനാൽത്തന്നെ വാതകവിതരണത്തിന്റെ ഘടനയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നമുക്ക് കിട്ടിയിട്ടുണ്ടായിരുന്നില്ല. ഇവിടെയാണ് വെബ് ടെലിസ്കോപ്പ് വ്യത്യസ്തമാവുന്നത്. ഇൻഫ്രാറെഡ് പ്രകാശത്തിന് പൊടിപടലങ്ങളിലൂടെ കടന്നുപോരാൻ വലിയ ബുദ്ധിമുട്ടില്ല. അങ്ങനെ ഈ ഗാലക്സിയിൽനിന്ന് വന്ന ഇൻഫ്രാറെഡ് പ്രകാശത്തെ പിടിച്ചെടുത്ത് വെബ് ടെലിസ്കോപ്പ് ഒരുക്കിയ ചിത്രമാണിത്. വാതകവിതരണത്തിന്റെ ഘടന വളരെ മനോഹരമായി ഈ ചിത്രത്തിൽ കാണാം.

ഹബിളും വെബും ചേർത്ത് ഒരു പരീക്ഷണചിത്രം ലേഖകൻ തയ്യാറാക്കിയത് – .ഇൻഫ്രാറെഡ് -ദൃശ്യപ്രകാശം-അൾട്രാവൈലറ്റ് ചിത്രം

ശില്പി(Sculptor) എന്ന നക്ഷത്രരാശിയിൽ മൂന്നുകോടി കിലോമീറ്റർ അകലെയാണ് PGC 71775 എന്നുകൂടി വിളിക്കപ്പെടുന്ന ഈ സ്പൈരൽ ഗാലക്സിയുടെ സ്ഥാനം. 66000 പ്രകാശവർഷമാണ് ഈ ഗാലക്സിയുടെ വ്യാസം. ഗാലക്സിയുടെ ഒരു അറ്റത്തുനിന്ന് അടുത്ത അറ്റത്തേക്ക് പ്രകാശത്തിനു സഞ്ചരിക്കാൻതന്നെ 66000 വർഷം വേണമെന്നു ചുരുക്കം. എന്നിരുന്നാലും നമ്മുടെ ഗാലക്സിയായ ആകാശഗംഗയെക്കാൾ അല്പം ചെറുതാണ് IC 5332.

ഹബിൾ ചിത്രവും വെബ്ബിന്റെ ചിത്രവും താരതമ്യം

ഹബിളിന്റെ ചിത്രവും വെബിന്റെ ചിത്രവും ചേർത്തുവച്ചാൽ ഈ ഗാലക്സിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നമുക്കു കിട്ടും. അതിനുള്ള ശ്രമത്തിലാവും ഇനി ശാസ്ത്രജ്ഞർ.

MIRI എന്ന ക്യാമറ

MIRI( Mid-InfraRed Instrument) എന്ന ക്യാമറയാണ് (5 മുതൽ 28വരെ മൈക്രോമീറ്റർ നീളമുള്ള വൈദ്യുതകാന്തിക തംരഗങ്ങളെ കൈകാര്യം ചെയ്യുന്ന ഉപകരണം.) ഈ അപൂർവചിത്രം നമുക്കായി പകർത്തിയത്.

വെബ് ടെലിസ്കോപ്പിന്റെ മറ്റ് ഉപകരണങ്ങളെക്കാൾ തണുപ്പിലാണ് MIRI സൂക്ഷിച്ചിരിക്കുന്നത്. -266 ഡിഗ്രി സെൽഷ്യസിൽ. നമുക്ക് എത്തിച്ചേരാനാകുന്ന പരമാവധി കുറഞ്ഞ താപനില എന്നത് −273.15 °C ആണെന്നതുകൂടി ഓർക്കണം. അതിനും വ്യക്തമായ കാരണമുണ്ട്. മിഡ് ഇൻഫ്രാറെഡ് മേഖലയിലെ തരംഗങ്ങളെ ഭൂമിയിൽനിന്ന് നിരീക്ഷിക്കുക ഏറെ ബുദ്ധിമുട്ടാണ്. മിക്കതും ഭൂമിയുടെ അന്തരീക്ഷം ആഗിരണം ചെയ്യും. ഹബിൾ ടെലിസ്കോപ്പിനൊന്നും ഈ മേഖലയെ നിരീക്ഷിക്കാനാകില്ല. ഹബിളിന്റെ കണ്ണാടി അത്രത്തോളം തണുപ്പിലല്ല എന്നതാണു കാരണം. ആ കണ്ണാടിയിൽനിന്നു പുറപ്പെടുന്ന ഇൻഫ്രാറെഡ് വികിരണങ്ങൾതന്നെമതി ഗാലക്സിയുടെ കാഴ്ചയെ വികലപ്പെടുത്താൻ. അതിനാലാണ് -266 ഡിഗ്രി സെൽഷ്യസിൽ MIRI സൂക്ഷിച്ചിരിക്കുന്നത്.


നാള്‍വഴികള്‍

ജെയിംസ് വെബ്ബ് ബഹിരാകാശ ടെലസ്കോപ്പ്

വീഡിയോ അവതരണം

Happy
Happy
71 %
Sad
Sad
0 %
Excited
Excited
29 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “IC 5332 ഗാലക്സിയുടെ ചിത്രവുമായി വെബ്ബ് ടെലിസ്കോപ്പ്

Leave a Reply

Previous post ക്വാണ്ടം കമ്പ്യൂട്ടറുകളുടെ സൈബർ സെക്യൂരിറ്റി
Next post 2022 ഒക്ടോബറിലെ ആകാശം
Close