Read Time:4 Minute

ഇബ്നു സീതി

പ്രശസ്തമായ നേച്ചർ ജേർണലിൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നു. അന്തർദേശീയ ശാസ്ത്രജ്ഞരുടെ ഒരു സംഘം, ഭൂഗർഭജലത്തെ പറ്റിയും ഭൂമിയുടെ ആഴങ്ങളിൽ ഉള്ള ജലത്തെയും അതു മാഗ്മ ഉത്പാദിപ്പിക്കുന്നതിൽ വഹിക്കുന്ന പങ്കിനെക്കുറിച്ചും  ഇതിന് ഭൂകമ്പ പ്രവർത്തനങ്ങളുമായി ഉള്ള ബന്ധത്തെക്കുറിച്ചുമുള്ള തെളിവുകളാണ്  ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജലവും അതിലടങ്ങിയിരിക്കുന്ന എളുപ്പത്തിൽ ബാഷ്പീകരിക്കുന്ന വസ്തുക്കളായ കാർബൺഡയോക്സൈഡ്, സൾഫർ എന്നിവയും നമ്മുടെ ഭൂമിയുടെ പരിണാമത്തിൽ, ഇതിൽ വിവിധ ഭൂഖണ്ഡങ്ങൾ രൂപംകൊള്ളുന്നതിൽ,  ജീവന്റെ ആവിർഭാവത്തിൽ,  ധാതു ശേഖരങ്ങളുടെ  സംഭരണത്തിൽ, എന്നുവേണ്ട അഗ്നിപർവ്വതങ്ങളുടെയും ഭൂകമ്പങ്ങളുടെയും വിതരണത്തിൽ വരെ വലിയ പങ്കു വഹിക്കുന്നുണ്ട്.

ഭൂമിയിലെ 15 പ്രധാന ടാക്റ്റോണിക് പ്ലേറ്റുകള്‍ കടപ്പാട് വിക്കിമീഡിയ

ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സയൻസിലെ ഡോക്ടർ ജോർജ് കൂപ്പർ നേതൃത്വം കൊടുത്ത  ഈ പഠനത്തിൽ പറയുന്നതിങ്ങനെയാണ് : സമുദ്രങ്ങൾക്കടിയിൽ ഫലകങ്ങൾ ഉണ്ടാകുന്ന മിഡ് ഓഷ്യൻ റിഡ്ജിൽ നിന്നും ഈ ഫലകങ്ങൾ സബ്ഡക്‌ഷൻ സോണുകളിലേക്ക്  സഞ്ചരിക്കുമ്പോൾ വളരെ വലിയ തോതിൽ കടൽവെള്ളം ഈ ഫലകകളുടെ വിള്ളലുകൾക്കിടയിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇത് മാന്റിലിൽ എത്തുമ്പോൾ താഴ്ന്നു പോകുന്ന പ്ലേറ്റ് ചൂടാവുകയും അതിൻറെ ഫലമായി അതിലടങ്ങിയിരിക്കുന്ന ജലം അൽപാൽപമായോ മുഴുവനായോ മുകളിലേക്ക് വരികയും ചെയ്യുന്നു.

ഈ ജലത്തിന്റെ സാന്നിധ്യം പാറകളുടെ ദ്രവണാങ്കം കുറയ്ക്കുകയും മാഗ്മ യുടെ ഉൽപാദനത്തിന് കാരണമാവുകയും ചെയ്യുന്നു. ഈ മാഗ്മ മുകളിലേക്ക് വരികയും അഗ്നിപർവതസ്ഫോടനങ്ങളിലൂടെ പരിതലത്തിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഇത് ഭൂകമ്പത്തിന് വഴിവെക്കുകയും ചെയ്യും. അപ്പോൾ അത്യന്തികമായി ഈ മാഗ്മയുടെ സ്വഭാവമാണ് ഭൂകമ്പത്തിന്റെ തീവ്രതയെയും സുനാമി രൂപീകരണ സാദ്ധ്യതയെയും സ്വാധീനിക്കുന്നത്. അതാകട്ടെ അതിൽ അടങ്ങിയിരിക്കുന്ന ജലത്തിന്റെ അളവ്, രാസഘടന, എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഇത്തരം പഠനങ്ങളിൽ അധികവും ‘പസഫിക് റിങ് ഓഫ് ഫയർ’ (40, 000 km, horseshoe shape) ലെ സബ്ടക്ഷൻ  സോണുകളിൽ ആയിട്ടാണ് നടന്നിട്ടുള്ളത്, എന്നാൽ ഈ പഠനം ‘അറ്റ്ലാൻറിക് പ്ലേറ്റുകളിൽ’ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്,  കൂടുതൽ വ്യക്തമായി പറഞ്ഞാൽ കരീബിയൻ കടലിനെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ലെസ്സർ ആന്റില്ലെസ് (Lesser Antilles ) അഗ്നിപർവ്വതങ്ങളിലുമായിട്ടാണ് പഠനങ്ങൾ  നടത്തിയിട്ടുള്ളത്..

കരീബിയൻ കടലിനെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ലെസ്സർ ആന്റില്ലെസ് (Lesser Antilles ) അഗ്നിപർവ്വതങ്ങള്‍ കടപ്പാട്  ഡോ. ജോർജ് കൂപ്പർ

ഈ പഠനം രണ്ടുതരത്തിൽ പ്രാധാന്യമർഹിക്കുന്നതാണ്.

  1. മാഗ്മയുടെ ഉത്പ്പാദനത്തിൽ ജലത്തിന്റെ സ്വാധീനവും അളവും ബന്ധപ്പെടുത്താൻ കഴിഞ്ഞു. ഈ ജലം നൽകുന്നത് സർപെൻറയിൻ എന്ന ധാതുവാണ് എന്ന് ബോറോൺ ഐസോടോപ്പ് പഠനത്തിലൂടെ ഉറപ്പിക്കാനും കഴിഞ്ഞു.
  2. ഇങ്ങനെയുള്ള ജലത്തിന്റെ അളവ്, പഠന മേഖലയായ ആന്റിലസ് അഗ്നിപർവത സമുച്ചയത്തിന്റെ പരിണാമം, ഈ മേഖലയിലെ ഭൂകമ്പങ്ങളുടെ സ്വഭാവം  എന്നിവയിൽ വഹിക്കുന്ന പങ്കും വെളിച്ചത്ത് കൊണ്ടുവരാൻ കഴിഞ്ഞു.


അധികവായനയ്ക്ക്

  1. How Water in the Deep Earth Triggers Earthquakes and Tsunamis
  2. https://www.nature.com/articles/s41586-020-2407-5
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മെൻഡലീവിയത്തിന്റെ പുതിയ ഐസോടോപ്പുമായി ബെർക്ക്ലി ഗവേഷകർ
Next post ഉപ്പില
Close