Read Time:13 Minute


ഡോ.മനോജ് പി സാമുവൽ
എക്സിക്യൂട്ടീവ് ഡയറക്ടർ, ജലവിഭവ വികസന വിനിയോഗ കേന്ദ്രം (KSCSTE-CWRDM), കോഴിക്കോട്

ജലത്തെ മൂല്യവത്താക്കുക (valuing water) എന്നതായിരുന്നു  ഇത്തവണത്തെ ലോകജലദിന സന്ദേശം (മാർച്ച് 22 ആണ് ലോക ജലദിനo). ഏതൊരു വസ്തുവിന്‍റെയും മൂല്യം അതിന്‍റെ ലഭ്യത, ഗുണമേന്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കണക്കുകളിൽ കേരളത്തിൽ ജലലഭ്യത ഒരു പ്രശ്നമേയല്ല.  പ്രതിവർഷം ഒരേക്കർ സ്ഥലത്ത്  ഒന്നേകാൽ കോടിയോളം ലിറ്റർ മഴവെള്ളം കിട്ടുന്ന നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ഇന്ന് വരൾച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ആവർത്തിച്ച് വരുന്ന വരൾച്ച-പ്രളയ പ്രതിഭാസങ്ങൾക്ക് കാലാവസ്ഥ മാറ്റത്തെ മാത്രം പഴിച്ചാൽ പോരാ. ഒപ്പം നമ്മുടെ തന്നെ സ്ഥല-ജല മാനേജ്മെൻറിലെ പാളിച്ചകൾ ആണ് തിരിച്ചറിയേണ്ടത്.

കാവും, കുളവും, കാടും, തോടും, പാടവും ഉൾപ്പെട്ട ഗ്രാമീണ ആവാസ വ്യവസ്ഥ തകർക്കപ്പെട്ടതോട് കൂടി ഭൂമിക്കുള്ളിലേക്കും പുറത്തേക്കുമുള്ള ജല നീക്കവും മന്ദഗതിയിലായി. ഉപരിതല വിസ്തൃതി ഏറിയ കുന്നുകളും മലകളും ഇടിച്ച് ആ മണ്ണ് താഴ്ന്ന പ്രദേശങ്ങളിൽ നിറക്കുമ്പോൾ ഭൂമിയിലേക്ക് വെള്ളം താഴാനുള്ള രണ്ട് വഴികളാണ് ഒരേ പോലെ കൊട്ടിയടക്കപെടുന്നത്. വീടും, റോഡും, പാലങ്ങളും മറ്റും ഏറുംതോറും ഭൗമാന്തർ ഭാഗത്ത്  ജലശേഖരണികളിലേക്ക് ജലം കിനിഞ്ഞിറങ്ങാനുള്ള സാധ്യതകളും കുറയുന്നു.  ഒപ്പം സംസ്ഥാനത്തെ എല്ലാ വിഭാഗം ഭൂവിഭാഗങ്ങളിലേക്കും ഏറേക്കുറെ  ഒരുപോലെ ജലവിതരണം  ഉറപ്പാക്കുന്ന ജലശൃംഖലയായ നമ്മുടെ പുഴകൾ ഏറെ ചൂഷണത്തിനും ശോഷണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെമ്പാടും ജലത്തിന്‍റെ ഗുണമേന്മയിൽ പ്രശ്നങ്ങൾ    കണ്ടെത്തിയിട്ടുണ്ട്. ജലമലിനീകരണം, ജലാശയങ്ങളിലെ മാലിന്യ നിക്ഷേപം, മണ്ണൊലിപ്പ്, അമിത രാസവള പ്രയോഗം, ഭൂജലനിരപ്പിലെ കുറവ്, എന്നിങ്ങനെ ഒട്ടനവധി കാരണങ്ങൾ ഉണ്ടാകാം. അളവിലും  ഗുണത്തിലും ജലസുരക്ഷ ഉറപ്പാക്കാൻ ശാസ്ത്ര സാങ്കേതിക വിദ്യകളിലും നാട്ടറിവുകളിലും അധിഷ്ഠിതമായ പുത്തൻ സാധ്യതകളുപയോഗ-പ്പെടുത്തണം.

പെയ്യുന്നതും ഒഴുകുന്നതുമായ മഴവെള്ളത്തെ പിടിച്ച്  നിർത്തി മണ്ണിലിറക്കാനുള്ള സാധ്യത ഓരോ തുണ്ട് ഭൂമിയിലും കണ്ടെത്തണം.  വ്യക്തിപരമായും സാമൂഹിക കൂട്ടായ്മയിലൂടെയും ചെയ്യാവുന്ന ഏതാനും കാര്യങ്ങൾ താഴെ:

നമുക്കെന്ത് ചെയ്യാം ?

1. ഓരോ പഞ്ചായത്തിലും ലഭ്യമായ ജലസംഭരണികളുടെയും പുഴ, തോട് തുടങ്ങിയ ജല നിർഗമന മാർഗങ്ങളുടെയും കാവുകളുടെയും പാടങ്ങളുടെയും  മറ്റു വെള്ള കെട്ടുകളുടെയും മറ്റും ഒരു പട്ടിക തയ്യാറാക്കുക. കഴിഞ്ഞ പത്ത് വർഷം കൊണ്ട് ഇവയിലെത്രത്തോളം ഇല്ലാതായി എന്ന് കൂടി കണ്ടെത്തുക. അതിനനുസരിച്ച് നഷ്ടം നികത്തികൊണ്ട് പുതിയവ തീർക്കുക, പുനരുജ്ജീവിപ്പിക്കുക, ഇനിയും നഷ്ടപ്പെടാതെ സംരക്ഷിക്കുക.

2. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളും അതാത് പ്രദേശത്തിന്‍റെ ഒരു ഭൂവിനിയോഗ ഭൂപടം തയ്യാറാക്കേണ്ടതാണ് . പഞ്ചായത്തിലെ ഓരോ തുണ്ട് ഭൂമിയും ഏതാവശ്യത്തിനാണ് ഉപയോഗിക്കുന്നത്, കാർഷിക ക്രമവും രീതിയും എന്ത് തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. പരിസ്ഥിതി ലോല പ്രദേശങ്ങൾ, ജല സ്രോതസ്സുകൾ, നിർഗ്ഗമന മാർഗ്ഗങ്ങൾ- നദികൾ, തോടുകൾ ഉൾപ്പെടെ എല്ലാം ഇതിൽ ഉൾപെടുത്തേണ്ടതാണ്.

3. കയ്യാലകളും പുൽത്തരിണികളും ചെറിയ തടയണകളും അനുയോജ്യമായ ഇടങ്ങളിൽ നിർമ്മിച്ച്  ഒഴുക്കുവെള്ളത്തിന്‍റെ വേഗത കുറച്ച് ഭൗമ ജല പോഷണം പരിപോഷിപ്പിക്കുക, മഴക്കുഴികളിലൂടെ മണ്ണിനുള്ളിലെ ജല സംഭരണികളിലേക്ക് വെള്ളം ഇറക്കുകയുമാവാം. ഒപ്പം മഴക്ക് മുൻപായി ജല നിർഗമന മാർഗങ്ങളിലെ തടസ്സങ്ങൾ എല്ലാം നീക്കുകയും വേണം.

4. വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകൾ വേറിട്ടടയാളപ്പെടുത്തേണ്ടതാണ്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ തീർത്തും നിയന്ത്രിക്കേണ്ടിയിരിക്കുന്നു.

5. കൃത്രിമ മാർഗ്ഗങ്ങളിലൂടെ മഴവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്നതിലും തെറ്റില്ല. പ്ലാസ്റ്റിക് ആവൃത കുളങ്ങൾ മഴവെള്ള സംഭരണികൾ എന്നിവ അനുയോജ്യമായ സ്ഥലങ്ങളിൽ ആവാം.  മഴവെള്ളം നേരിട്ട്  ഉള്ളറകളിലെ ജലശേഖരണികളിൽ എത്തിക്കുന്ന റീചാർജ് കിണറുകളോ ഭൗമാന്തർ ഭാഗത്തെ നീരൊഴുക്കിനെതിരെയുള്ള ഭൂഗർഭ തടയണകളോ നിർമ്മിക്കുമ്പോൾ വിദഗ്ദ്ധ സഹായം തേടണമെന്ന്  മാത്രം.

6. പുഴകളുടെ ഉത്ഭവ സ്ഥാനങ്ങളിലും വൃഷ്ടി പ്രദേശങ്ങളിലും മണ്ണ് -ജല  സംരക്ഷണ പ്രവർത്തനങ്ങൾ  നടത്തുന്നത് നീരൊഴുക്കിന്‍റെ വേഗതയും അളവും കൂട്ടുവാനും ചെളി അടിഞ്ഞു കൂടി പുഴയുടെ ആഴം കുറയുന്നത് തടയുവാനും നല്ലതാണ്. ജൈവ കൃഷിയിലേക്ക് വൃഷ്ടി പ്രദേശത്തെ കർഷകർ മാറിയാൽ നദി മലിനീകരണം ഒരു പരിധി വരെ കുറക്കാൻ കഴിയും. ഒഴുകി വരുന്ന കലക്ക വെള്ളത്തെ അരിച്ച് ചെറു സുഷിരങ്ങളിലൂടെ ഭൗമാന്തര ജലശേഖര പാളികളിലേക്ക് എത്തിക്കുന്ന നദിയുടെ അടിത്തട്ടിലെ മണലരിപ്പ്   സംരക്ഷിക്കാൻ മണൽ വാരലിന് നിയന്ത്രണം  വേണം.

7. ജലനിർഗ്ഗമന മാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എല്ലാം ഒഴിവാക്കുക. പുഴകളുടെയും മറ്റും ആഴം നിലനിർത്താൻ  ചെളി വാരൽ വർഷത്തിലൊന്നെങ്കിലും നടത്തണം.

8. ഉയർന്ന വൃഷ്ടി പ്രദേശങ്ങളിൽ വിവിധ സംരക്ഷണ മാർഗ്ഗങ്ങൾ നിർബന്ധമാണ്, കൃഷിയിടമാണെങ്കിൽ പ്രത്യേകിച്ചും. ജൈവ മാർഗ്ഗങ്ങളോ നിർമ്മിതികളോ ആകാം. ഭൂമിയുടെ ചരിവിനനുസൃതമായി വേണം കൃഷി വിളകളും മണ്ണ് സംരക്ഷണ മാർഗ്ഗങ്ങളും തെരഞ്ഞെടുക്കാൻ. കൂടുതൽ ചരിവുള്ള പ്രദേശങ്ങളിൽ കൃഷി ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം, വനപ്രദേശമായി നിലനിർത്തുന്നത് ഏറ്റവും നല്ലത്.

9. ജലസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഔദ്യോഗിക തലത്തിലും അനൗദ്യോഗിക തലത്തിലും ജല കൂട്ടായ്മകൾ ആവാം. മികച്ച വ്യക്തിഗത ഗ്രൂപ്പ് പ്രവർത്തനങ്ങൾക്ക് വിവിധ തലങ്ങളിൽ അവാർഡുകളും പ്രഖ്യാപിക്കാവുന്നതാണ്.

10. തുരങ്കങ്ങൾ, തലക്കുളങ്ങൾ തുടങ്ങിയ പരമ്പരാഗത ജല സംരക്ഷണ മാർഗ്ഗങ്ങൾ കണ്ടെത്തി സംരക്ഷിക്കുക. മണ്ണ് ജല സംരക്ഷണത്തിനുള്ള നാട്ടറിവുകൾ ശേഖരിച്ച് ശാസ്ത്രീയ അടിത്തറ കണ്ടുപിടിച്ച് പ്രചരിപ്പിക്കുക.

പുരപ്പുറത്ത് നിന്നുള്ള മഴവെള്ളം അരിച്ച്  ശുദ്ധമാക്കി  നേരെ കിണറ്റിലേക്കിറക്കുന്ന ‘മഴപൊലിമ’ പദ്ധതി വ്യാപകമാക്കണം.. കെട്ടിടം പണിയുമ്പോൾ ഇവ നിർബന്ധമാക്കുകയോ ചുരുങ്ങിയ തോതിലുള്ള  സാമ്പത്തിക ആനുകൂല്യം നൽകുകയോ ആവാം. മഴവെള്ളമോ ഒഴുകിവരുന്ന ഒഴുക്ക് വെള്ളമോ, കിണറിന്  ചുറ്റും വൃത്താകൃതിയിൽ തീർക്കുന്ന  കരിങ്കൽ കഷ്ണങ്ങളും ഉരുളൻ കല്ലുകളും നിറച്ച ചെറുകിടങ്ങുകളിലേക്ക് ഇറക്കുകയുമാവാം.

12. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ജലാശയങ്ങളിലേക്ക്  എത്തുന്നത് ഒഴിവാക്കുക.  പൊതു  കുളങ്ങളിലെയും കിണറുകളിലെയും മറ്റു ജല ശ്രോതസ്സുകളിലെയും മലിനീകരണം തടയുന്നതിന് ജലാഗമന മാർഗങ്ങളിൽ ജൈവ വസ്തുക്കളും നാരുകളും കൊണ്ടും നിർമ്മിച്ച അരിപ്പകളാവാം. ഘന മൂലകങ്ങളെയും ജൈവ വസ്തുക്കളെയും നീക്കം ചെയ്യാൻ രാമെച്ചം, ടൈഫ, തുടങ്ങിയ ചില പ്രത്യേക തരം സസ്യ വർഗ്ഗങ്ങൾ കൊണ്ടുണ്ടാക്കിയ ‘കോൺസ്ട്രക്റ്റഡ് വെട്  ‌ലാൻഡ് ‘ ( കൃത്രിമ നീർത്തടങ്ങൾ) നിർമ്മിക്കുകയും ആവാം. ജന പങ്കാളിത്തത്തോടെയുള്ള ജാഗ്രത സമിതികൾ മലിനീകരണം തടയാൻ ഉപകരിക്കും.

13. ജല സാക്ഷരതാ പ്രവർത്തനങ്ങൾ ചെറിയ ക്ലാസ്സുകളിൽ തന്നെ ആരംഭിക്കണം. പഞ്ചായത്തുകളിൽ പ്രകൃതി വിഭവ സംരക്ഷണത്തിനും സ്ഥല-ജല പരിപാലനത്തിനുമായി തന്നെ പ്രത്യേക സ്റ്റാന്റിംഗ് കമ്മിറ്റികൾ വിഭാവനം ചെയ്യാവുന്നതാണ്. ജല വിഭവ വിനിയോഗവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും എല്ലാം ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാന-ജില്ലാ-ബ്ലോക്ക് തലങ്ങളിൽ മോണിറ്ററിങ് കമ്മിറ്റികളും ആവാം.

14. ഓരോ പ്രദേശത്തിനും അനുയോജ്യമായ മണ്ണ്-ജല സംരക്ഷണ മാർഗങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രദേശത്തെ മണ്ണിന്റെ ഘടന, ഭൂമിയുടെ ചരിവ്, ഭൂവിനിയോഗം, കൃഷിരീതി, വനം ഉൾപ്പടെയുള്ള ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റം എന്നിവയൊക്കെ പരിഗണിച്ചു വേണം ഇടപെടൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കേണ്ടത്. ഉരുൾ പൊട്ടൽ സാധ്യതയുള്ളിടങ്ങളിലും ഏക വിള തോട്ട മേഖലകളിലും മണ്ണിളക്കി കൃഷി മറ്റു നിർമിതികൾ എന്നിവ ചെയ്തിടങ്ങളിലും മറ്റും കൂടുതൽ ജലം ഉള്ളിലേക്ക് കിനിഞ്ഞറങ്ങുന്നതു ഒരു പക്ഷേ ഭൗമ ജലനിരപ്പ് ക്രമാതീതമായി ഉയരുവാനും തൽഫലമായി മണ്ണിടിച്ചിലിനും അനുബന്ധ പ്രശ്നങ്ങൾക്കും ഇടയാക്കും.

15. പ്രാദേശിക അടിസ്ഥാനത്തിൽ തന്നെ മഴ മാപിനികളും നദികളുടെ തത്സമയ ജലനിരപ്പും  ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിലെ മണ്ണ് നീക്കവും മറ്റും അപ്പപ്പോൾ അറിയാനുള്ള സെൻസറുകളും സ്ഥാപിച്ചു തദ്ദേശീയ ജനകീയ ഗ്രൂപ്പുകളുടെ സഹായത്തോടെ കാലാവസ്ഥ-പ്രളയ മുന്നൊരുക്കങ്ങൾ നടത്താനും ആവശ്യമായ മുന്നറിയിപ്പുകൾ പ്രദേശത്തെ ജനങ്ങൾക്ക് നൽകാനും സാധിക്കണം.

മഴയും പുഴയുമെല്ലാം പ്രകൃതി നമുക്കേകിയ അമൂല്യ സമ്പത്തുകളാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് മണ്ണിലിറക്കിയും കുളത്തിലാക്കിയും സംഭരണികളിലടച്ചും മറ്റും പെയ്യുന്ന മഴവെള്ളം സംഭരിച്ചും സംരക്ഷിച്ചും പൊതു ജല സ്രോതസ്സുകളുടെ മലിനീകരണം ഒഴിവാക്കിയും നാം ഓരോരുത്തരും ജല പുനരുജ്ജീവന പ്രകൃതി വിഭവ സംരക്ഷണ പദ്ധതികളിൽ പങ്കാളികളായേ തീരു..


 

ലൂക്ക ജലദിന സന്ദേശം- വീഡിയോ കാണാം



വീഡിയോ കാണാം

wed2021 toolkit

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആരോഗ്യവെല്ലുവിളികളെ അതിജീവിക്കാനും ആവാസവ്യവസ്ഥകൾ പുനസ്ഥാപിക്കപ്പെടണം
Next post വിത്തു സംരക്ഷകർ
Close