Read Time:14 Minute

ഡോ: ഷൈജു.പി
ശാസ്ത്രസമൂഹ കേന്ദ്രം, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല

1960കളിലാണ് ആഗോളതലത്തില്‍ പരിസ്ഥിതിഅവബോധം കൂടുതല്‍ ശക്തിപ്പെട്ടു തുടങ്ങിയത്. 60കളില്‍ ലോകത്താകമാനം നടന്ന പരിസ്ഥിതി ചര്‍ച്ചകള്‍ 1972ലെ ചരിത്രപ്രസിദ്ധമായ സ്റ്റോക്ഹോം മാനവ പരിസ്ഥിതി സമ്മേളനത്തിന് വഴിമരുന്നിട്ടു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സ്വീഡനിലെ സ്റ്റോക്ഹോമില്‍ ജൂണ്‍ 5മുതല്‍ 16വരെയായിരുന്നു സമ്മേളനം. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട ഒട്ടനവധി തീരുമാനങ്ങള്‍ എടുക്കുകയും, ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതി (യു.എന്‍.ഇ.പി) പോലുള്ള നിര്‍ണ്ണായകമായ പരിസ്ഥിതി സംഘടന രൂപപ്പെടുത്തുകയും ചെയ്ത ഈ സമ്മേളനം പരിസ്ഥിതി അവബോധം വര്‍ദ്ധിപ്പിക്കാന്‍ ഒരു ലോകദിനം ആരംഭിക്കാനുള്ള ആശയം മുമ്പോട്ട് വെച്ചു. 1972 ഡിസംബര്‍ 15ന് ചേര്‍ന്ന ഐക്യരാഷ്ട്ര പൊതുസഭ ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. സ്റ്റോക്ഹോം സമ്മേളനം ആരംഭിച്ച ജൂണ്‍ 5 ലോകപരിസ്ഥിതി ദിനമായി ആചരിക്കാനായിരുന്നു തീരുമാനം. 1974ല്‍ ആണ് ആദ്യമായി ലോകപരിസ്ഥിതി ദിനം ആചരിക്കപ്പെടുന്നത്. അമേരിക്കയായിരുന്നു ‘ഒരേ ഒരു ഭൂമി’ എന്ന മുദ്രാവാക്യത്തോടെ നടന്ന ആദ്യ പരിസ്ഥിതി ദിനത്തിന്‍റെ ആതിഥേയ രാജ്യം. പിന്നീടുള്ള വര്‍ഷങ്ങളില്‍ വിവിധ മുദ്രാവാക്യങ്ങളോടെ പരിസ്ഥിതി ദിനം ലോകമാസകലം കൊണ്ടാടി. ഇന്നത്തെ രീതിയില്‍ വ്യത്യസ്തങ്ങളായ ആതിഥേയരാജ്യങ്ങളെ പരിസ്ഥിതിദിന ആഘോഷകേന്ദ്രങ്ങളായി തെരെഞ്ഞെടുക്കുന്ന രീതി 1987മുതലാണ് നിലവില്‍ വന്നത്. 2011ലും, 2018ലും ഇന്ത്യയായിരുന്നു ലോകപരിസ്ഥിതി ദിനത്തിന്‍റെ ആതിഥേയരാജ്യം. ഈ വര്‍ഷത്തെ ആതിഥേയ രാജ്യം പാക്കിസ്ഥാനാണ്. ആവാസവ്യവസ്ഥയെ പുനസ്ഥാപിക്കാം (Ecosystem Resroration) എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനത്തിന്‍റെ ആപ്തവാക്യം.

മാറുന്ന പരിസ്ഥിതിയോട് ഇണങ്ങിച്ചേരാന്‍ ശ്രമിച്ചാണ് ഭൂമിയിലെ ജീവന്‍ എന്നും നിലനിന്നത്. ഇണങ്ങാതെ പിണങ്ങി നിന്നവയും ഇണങ്ങാന്‍ കാലതാമസം കാണിച്ചവയുമായ ജീവജാലങ്ങള്‍ അന്യംനിന്നു പോയ കഥകള്‍ ജീവപരിണാമത്തിന്‍റെ നാള്‍ വഴികളില്‍ അനവധിയാണ്. പരിസ്ഥിതിയ്ക്കനുസരിച്ചുള്ള അനുകൂലനങ്ങള്‍ പരിണാമത്തിലൂടെ സ്വായത്തമാക്കാന്‍ എടുക്കുന്ന സാവകാശം ഒരു ജീവിയുടെ വംശനാശത്തിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാനമായ ഘടകമാണ്. മനുഷ്യന്‍ പ്രകൃതിയുടെ മാറ്റത്തിന്‍റെ വേഗത അതിവേഗം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതോടെ മിക്ക ജീവവര്‍ഗ്ഗങ്ങള്‍ക്കും ഈ സാവകാശം ലഭിക്കാത്ത സ്ഥിതി ഉണ്ടായിട്ടുണ്ട്. ആ ജീവവര്‍ഗ്ഗങ്ങളില്‍ മനുഷ്യനും പെടുന്നുണ്ട് എന്നതാണ് വിരോധാഭാസം. ശാസ്ത്രം നല്കിയ കൃത്രിമ അനുകൂലനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യവംശം ഒരുപക്ഷേ ഇതിനകം തന്നെ കുറ്റിയറ്റു പോയേനേ. താന്‍ അതിവേഗം മാറ്റിയ പരിസ്ഥിതിയ്ക്കനുസരിച്ച് മാറാത്ത ജീവത് സാഹചര്യങ്ങള്‍ മനുഷ്യന്‍റെ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളിയെ നേരിടുന്നതില്‍ പ്രകൃതിയുടെ മാറ്റത്തിന്‍റെ വേഗത കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പ്രധാനമായ ഒരു പങ്കുണ്ട്. നിലനില്‍ക്കാനാവശ്യമായ മാറ്റങ്ങള്‍ സ്വാംശീകരിക്കാനാവശ്യമായ സമയം ജീവജാലങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ട്. വ്യവസായവത്ക്കരണത്തിന്‍റേയും കമ്പോളവത്ക്കരണത്തിന്‍റേയും ഭാഗമായി മനുഷ്യന്‍ പ്രകൃതിയില്‍ ഉണ്ടാക്കിയ അതിദ്രുത മാറ്റങ്ങള്‍ സൃഷ്ടിച്ച പരിക്കുകള്‍ കുറയ്ക്കാന്‍ നമുക്ക് കഴിയണം. അത്തരം പ്രകൃതി പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ വളരെക്കാലമായി വിവിധ മേഖലകളില്‍ നടക്കുന്നുണ്ട്. ആഗോളതാപനം ആവാസവ്യവസ്ഥകളുടെ ശോഷണവും, കോവിഡ് പോലുള്ള മഹാമാരികളുടെ വ്യാപനവും, അതിവൃഷ്ടിയും അനാവൃഷ്ടിയുമൊക്കെയായി പ്രത്യക്ഷപ്പെടുന്ന ഈ കാലഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്ന തിരിച്ചറിവ് മുമ്പില്ലാത്ത വിധം ലോകത്തിനുണ്ടായിട്ടുണ്ട്. പ്രകൃതിയെ നിലവിലുള്ള അവസ്ഥയില്‍ സംരക്ഷിച്ചാല്‍ പോലും മതിയാകില്ലെന്നും, പ്രശ്നങ്ങള്‍ മയപ്പെടാന്‍ പ്രകൃതിക്കേറ്റ പരിക്കുകള്‍ പരമാവധി ഭേദമാക്കേണ്ടതുണ്ടെന്നും നാം ഇന്ന് മനസ്സിലാക്കുന്നു. യു‌.എന്‍.‌ഇ.പി, ലോകഭക്ഷ്യകാര്‍ഷിക സംഘടന തുടങ്ങിയ ഘടക സംഘടനകളുടെ സഹായത്തോടെ ഐക്യരാഷ്ട്രസംഘടന 2021 മുതല്‍ 2030 വരെ ആവാസവ്യവസ്ഥ പുനസ്ഥാപന ദശകം ആചരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ഈ തിരിച്ചറിവില്‍ നിന്നാണ്. 2021ലെ ലോകപരിസ്ഥിതി ദിനത്തിന്‍റെ ആപ്തവാക്യം ‘ആവാസവ്യവസ്ഥയെ പുനസ്ഥാപിക്കാം’ എന്നാക്കാന്‍ തീരുമാനിച്ചതും ഇതേ ആശയം ഉള്‍ക്കൊണ്ട് കൊണ്ടാണ്.

 

ഐക്യരാഷ്ട്ര സഭയുടെ പത്തുവര്‍ഷം നീണ്ടു നില്‍ക്കുന്ന ആവാസവ്യവസ്ഥ പുനസ്ഥാപന യജ്ഞം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് 2021ലെ ലോകപരിസ്ഥിതി ദിനം മുതലാണ്. ഏവര്‍ക്കും പ്രായ കാലഭേദമന്യേ സഹകരിക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് ഇതിന്‍റെ ഭാഗമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. നിങ്ങള്‍ക്ക് ചുറ്റുമുള്ള ആവാസവ്യവസ്ഥ അത് ഏത് തരത്തിലുള്ളതുമാകട്ടെ അതിനെ പുനരുജ്ജീവിപ്പിക്കാനോ നിലനിര്‍ത്താനോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് ഏര്‍പ്പെടാം. ഉദാഹരണമായി ക്ഷയിച്ചു കൊണ്ടിരിക്കുന്ന വനത്തെ നിങ്ങള്‍ക്ക് പുനസ്ഥാപിക്കാന്‍ ശ്രമിക്കാം. കണക്കുപ്രകാരം പ്രതിവര്‍ഷം 47ലക്ഷം ഹെക്ടര്‍ വനമാണ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുന്നത്. അതായത് ഓരോ മൂന്നു സെക്കന്‍റിലും ഒരു ഫുട്ബോള്‍ മൈതാനത്തോളം വരുന്ന വനം ഇല്ലാതാകുന്നു എന്നര്‍ത്ഥം.

വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു കൊണ്ട് നമുക്ക് സുപ്രധാനമായ ഈ ആവാസവ്യവസ്ഥയെ തിരികെ കൊണ്ടുവരാം. പ്രകൃതിയെയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ആഗോള സംഘടനയായ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറും (IUCN), ജര്‍മ്മനിയും സംയുക്തമായി 2011 സെപ്റ്റംബര്‍ 2ന് ജര്‍മ്മനിയിലെ ബോണ്‍ നഗരത്തില്‍ വെച്ച് ആരംഭിച്ച ‘ബോണ്‍ ചലഞ്ച്’ ഇത്തരം ശ്രമങ്ങള്‍ക്ക് പ്രചോദനമാകുന്ന വന്‍സംരംഭമാണ്. 2020 ആകുമ്പോളേക്കും 15കോടി ഹെക്ടര്‍ വനം പുസ്ഥാപിക്കാനും 2030 ആകുമ്പോളേക്കും 35കോടി ഹെക്ടര്‍ വനം പുസ്ഥാപിക്കാനുമുള്ള ഒരു വെല്ലുവിളിയാണ് ബോണ്‍ ചലഞ്ച് ലോകത്തിന് മുന്‍പില്‍ വെച്ചത്. 2030ആകുമ്പോളേക്കും 35കോടി ഹെക്ടര്‍ വനം പുനസ്ഥാപിക്കാനായാല്‍ അത് പത്തുവര്‍ഷം കൊണ്ട് 9ലക്ഷം കോടി അമേരിക്കന്‍ ഡോളറിന് തുല്ല്യമായ പരിസ്ഥിതി സേവനങ്ങള്‍ നല്കാന്‍ പര്യാപ്തമായിരിക്കും എന്നാണ് കണക്ക്. 13 മുതല്‍ 26വരെ ജിഗാടണ്‍ ഹരിതഗൃഹ വാതകങ്ങളെ അന്തരീക്ഷത്തില്‍ നിന്നും ആ വനത്തിന് നീക്കം ചെയ്യാന്‍ കഴിയും.

പുനസ്ഥാപനത്തിന് ആവശ്യമായ ചെലവിന്‍റെ ഒന്‍പത് മടങ്ങിലധികമായിരിക്കും അതുകൊണ്ടുണ്ടാകുന്ന സാമ്പത്തികലാഭം. എന്നാല്‍ നിഷ്ക്രിയത്വം പാലിച്ചാല്‍ പുനസ്ഥാപനത്തിനാവശ്യമാകുന്നതിന്‍റെ മൂന്നുമടങ്ങു വില നാം കൊടുക്കേണ്ടിവരും. ഇത് തിരിച്ചറിഞ്ഞ പലരാജ്യങ്ങളും വൃക്ഷങ്ങള്‍ വെച്ചുപിപ്പിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന പാക്കിസ്ഥാന്‍ ആയിരം കോടി മരങ്ങള്‍ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് നട്ടുപിടിപ്പിക്കുന്ന ‘സഹസ്രകോടി വൃക്ഷ സുനാമി’ എന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എത്യൊപിയ 500കോടി വൃക്ഷങ്ങള്‍ നടുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഫ്രാന്‍സ്, ഐസ് ലാന്‍ഡ്, കൊളംബിയ, ഫിന്‍ലാന്‍ഡ്, യു.കെ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇതുപോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വനആവാസവ്യവസ്ഥ മാത്രമല്ല മറ്റ് ആവാസവ്യവസ്ഥകളും പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളും പരിസ്ഥിതിദിനത്തിന്‍റെ ഭാഗമായി നടക്കുന്നു. ന്യൂസിലാന്‍ഡ് തണ്ണീര്‍ത്തടങ്ങളും, നദീതീരആവാസവ്യവസ്ഥകളും പുനരുജ്ജീവിപ്പിക്കാന്‍ എഴുന്നൂറ്റി അന്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ചെലവിടുന്നത്. നാട്ടുപക്ഷികള്‍ക്ക് ഭീഷണിയായി വളര്‍ന്ന് പെരുകുന്ന എലികളെയും, അതിവേഗം വ്യാപിച്ച് ശല്യക്കാരായി മാറുന്ന കോണിഫര്‍ മരങ്ങളേയും നിയന്ത്രിക്കാനുള്ള പദ്ധതികളും അവര്‍ വിഭാവനം ചെയ്തിട്ടുണ്ട്. ബിര്‍ച്ച് മരങ്ങള്‍ വെച്ചു പിടിപ്പിക്കാനും, തണ്ണീര്‍ത്തടങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള പദ്ധതികളാണ് ഐസ് ലാന്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. സമുദ്ര ആവാസവ്യവസ്ഥയിലെ പ്രധാന വെല്ലുവിളിയായ പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളും അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നു. വിവിധ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷയോന്മുഖമായ മുപ്പത്തിമൂവ്വായിരം ഹെക്ടര്‍ പീറ്റ്ഭൂമി പുനരുജ്ജീവിപ്പിക്കാന്‍ 18 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് അയര്‍ലാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രദേശത്തെ വംശനാശം നേരിടുന്ന ജീവികളുടെ സംരക്ഷണവും, ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കലുമെല്ലാം അവരുടെ പദ്ധതിയുടെ ഭാഗമാണ്.

പരിസ്ഥിതി പുനസ്ഥാപനപ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ മറ്റു പലതും നമുക്ക് ഈ പരിസ്ഥിതി ദിനത്തില്‍ ചെയ്യാന്‍ കഴിയും. നമ്മുടെ ജീവിതശൈലിയിലെ തെരെഞ്ഞെടുപ്പുകള്‍ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. കാര്‍ബണ്‍ പാദമുദ്രയും, ജലപാദമുദ്രയും കുറവുള്ള ഉത്പന്നങ്ങളും, സേവനങ്ങളും തെരെഞ്ഞെടുക്കാന്‍ ഇനി മുതല്‍ നാം ശ്രദ്ധിയ്ക്കണം. പ്രകൃതിപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികമായും മാനസികമായുമുള്ള പിന്തുണ നമുക്ക് നല്കാം. സുസ്ഥിരവികസനമെന്ന കാഴ്ചപ്പാടോടെയുള്ള പദ്ധതികളെ മാത്രം പിന്തുണയ്ക്കാം. ഇതിനെല്ലാം പുറമേ, ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനെതിരെയുള്ള ശബ്ദമായി മാറാനും നമുക്ക് കഴിയണം. ചുറ്റുമുള്ള വിവിധ ആവാസവ്യവസ്ഥകളെ പറ്റിപഠിച്ചും അവയെപ്പറ്റി ജനങ്ങളെ ബോധവത്കരിച്ചും ആ ശബ്ദത്തിന്‍റെ ശക്തി നയരൂപീകരണത്തില്‍ പ്രതിഫലിപ്പിക്കണം. വിവിധ മാധ്യമങ്ങളെ സമര്‍ത്ഥമായി ഇതിനുപയോഗിക്കാന്‍ സാധിയ്ക്കും. ഉദാഹരണമായി നിങ്ങളുടെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രവര്‍ത്തനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ #GenerationRestoration അല്ലെങ്കില്‍ #WorldEnvironmentDay എന്നീ ഹാഷ്ടാഗ് ക്യാംപെയിനുകളിലൂടെ ലോകത്തെ അറിയിക്കാം. അത് വിവിധ പരിസ്ഥിതി പ്രശ്നങ്ങളെ ലോകസമക്ഷം കൊണ്ടുവരും.


വീഡിയോ കാണാം

ക്ലാസ് അവതരണത്തിനായുള്ള സ്ലൈഡുകൾ

പരിസ്ഥിതി ദിനം – ആമുഖക്കുറിപ്പ്

ലൂക്കയിൽ പരിസ്ഥിതിദിനത്തിന് വിവിധ പരിപാടികൾ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഈ വര്‍ഷത്തെ ലോക പരിസ്ഥിതിദിനം – ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിന്
Next post പ്രകൃതിയുമായി അനുരഞ്ജനത്തിലേർപ്പെടുക
Close