Read Time:22 Minute

പ്രൊഫ.വി.ആര്‍.രഘുനന്ദനന്‍

Solid Waste Management Division, IRTC

നമുക്ക് ചുറ്റും ജൈവപാഴ് വസ്തുക്കൾ കുമിഞ്ഞുകൂടുന്നു. വളരെ കുറച്ചുമാത്രമാണ് വിഘടിക്കുന്നത്. ബാക്കിയുള്ളവ ചീഞ്ഞ് നാറുകയല്ലേ ? എന്തുകൊണ്ടിത് സംഭവിക്കുന്നു? എങ്ങനെ ഇത് പരിഹരിക്കാം? മാലിന്യസംസ്കരണത്തിന്റെ ശാസ്ത്രം രണ്ടുഭാഗങ്ങളിലായി വിശദീകരിക്കുന്നു. ലേഖനത്തിന്റെ ഒന്നാം ഭാഗം സൂക്ഷ്മാണുക്കള്‍ നിര്‍മിക്കുന്ന വളത്തെക്കുറിച്ചുള്ളതാണ്.

 

ജീവരൂപങ്ങൾ മൂന്ന് വിഭാഗമാണ് എന്ന് നമുക്കറിയാം. ഉൽപാദകരായ സസ്യസമൂഹം, ഉപഭോക്താക്കളായ ജന്തുസമൂഹം, വിഘാടകരായ സൂക്ഷ്മാണുസഞ്ചയം എന്നിവ. പരസ്പര ആശ്രിതത്വം എന്നത് ഇവ മൂന്നിനും ഒരേപോലെ ബാധകമാണ്. മൗലികമായി ഇത് ഭക്ഷ്യശൃംഖല ബന്ധം തന്നെ. അതായത് അന്നജം, കൊഴുപ്പ്, മാംസ്യം, ന്യൂക്ലിക് അമ്ലം എന്നിവയുടെ നിർമിതിയും കൈമാറ്റവും എന്നർഥം. ആദ്യം ഉണ്ടാകുന്നത് അന്നജമാണ്. മറ്റുള്ളവ അതിൽനിന്ന് രൂപപ്പെടുത്തുന്നതും. പ്രകാശസംശ്ലേഷണത്തിൽ നിന്നാണ് തുടക്കം. ഇത് പൂർത്തിയാകണമെങ്കിൽ വായുവിലുള്ള കാർബൺ ഡൈ ഓക്സൈഡ് ഇലകളിലൂടെയും, മണ്ണിൽനിന്ന് ജലത്തിനുപുറമെ ആവശ്യമായ സൂക്ഷ്മമൂലകങ്ങൾകൂടി വേരിലൂടെയും ഇലകളിലെത്തണം. ഇവ വിളക്കിച്ചേർത്താണ് സ്ഥൂലസംയുക്തങ്ങൾ ഇലകൾ നിർമിക്കുന്നത്. പിന്നീടവ ജന്തുക്കളിലെത്തും. ജീവൽപ്രവർത്തനങ്ങളുടെ അടിത്തറയാണിത്.

ജീവിതചക്രം പൂർത്തിയായാൽ ജൈവ അവശിഷ്ടങ്ങളായി ഇവയെല്ലാം മണ്ണിൽ പതിക്കും. എന്നാൽ ഒരു മാറ്റവും സംഭവിക്കാതെ ഇവ മണ്ണിൽ അടിഞ്ഞുകൂടാൻ പാടില്ല. അങ്ങനെ വന്നാൽ അന്നജനിർമിതിക്കുള്ള വിഭവങ്ങൾക്ക് ക്ഷാമം ഉണ്ടാകും. പോഷകഗുണമുള്ള മൂലകങ്ങൾ സ്ഥൂലസംയുക്തങ്ങൾക്കുള്ളിൽ തന്നെ കുടുങ്ങിക്കിടക്കും. വേരുകളിലേക്ക് അവ എത്തില്ല. ആയതിനാൽ പാഴ് വസ്തുക്കൾ വിഘടിച്ച് അവയെ മണ്ണിലേക്ക് ഇറക്കിവിടുകതന്നെവേണം. ഈ പ്രവൃത്തിക്കാണ് ജീർണനം എന്നുവിളിക്കുന്നത്. ഈ പ്രവൃത്തി ചെയ്യുന്നതോ, മണ്ണിലും ജലത്തിലും വ്യാപരിച്ചുകിടക്കുന്ന സൂക്ഷ്മാണുക്കളും. അവയ്ക്കുള്ള ഭക്ഷണമാണ് പാഴ് വസ്തുക്കൾ എന്ന് കരുതുന്നതിലും തെറ്റില്ല. അന്തരീക്ഷ നൈട്രജനെ ജൈവനൈട്രജനാക്കുന്ന പ്രക്രിയയും ഇതുമായി ബന്ധപ്പെട്ടതാണ്. അപ്പോൾ ഒരുകാര്യം വ്യക്തമാകുന്നു. സസ്യജന്തു അവശിഷ്ടങ്ങളുടെ ജീർണനം പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ്, നടക്കേണ്ട പ്രകിയയുമാണ്.

അപ്പോൾ പിന്നെ നമുക്കുചുറ്റും കാണുന്നതോ? ജൈവപാഴ് വസ്തുക്കൾ കുമിഞ്ഞുകൂടുകയല്ലേ. വളരെ കുറച്ചുമാത്രമാണ് വിഘടിക്കുന്നത്. ബാക്കിയുള്ളവ ചീഞ്ഞ് നാറുകയല്ലേ ? എന്തുകൊണ്ടിത് സംഭവിക്കുന്നു? എങ്ങനെ ഇത് പരിഹരിക്കാം? ഇക്കാര്യങ്ങൾ പരിശോധിക്കുക തന്നെ വേണം.

പാഴ് വസ്തുക്കളും മാലിന്യവും

ജൈവ പാഴ് വസ്തുക്കളൊന്നും തുടക്കത്തിൽ മാലിന്യങ്ങളല്ല. അവ വിഭവങ്ങൾ തന്നെയാണ്. ജീർണാനന്തരം ജീവചക്രങ്ങളിൽ സ്ഥാനം പിടിക്കേണ്ടവയുമാണ്. ജീർണിപ്പിക്കാനുള്ള സൂക്ഷ്മാണുക്കൾ ജലത്തിലും, വെള്ളത്തിലും, വായുവിലുമൊക്കെയുണ്ട്. ജന്തുക്കളുടെ ശരീരത്തിനുള്ളിലും അവയുണ്ട്. ജീവൻ നിലക്കുമ്പോൾ ഇവ പ്രവർത്തനം തുടങ്ങും. എന്നാൽ ജീർണനം അപൂർണമാകുന്ന അവസ്ഥ ഉണ്ടായേക്കാം. ഇത് രണ്ടുതരത്തിൽ സംഭവിക്കാം.

1. അണുക്കൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നതിന്റെ അനേകമടങ്ങ് അധികം ജൈവപിണ്ഡം ഒരിടത്ത് കുന്നുകൂടുമ്പോൾ.

2.  ഉള്ള അണുക്കൾക്ക് പ്രവർത്തിക്കുവാൻ വേണ്ട സാഹചര്യം ഇല്ലാതെ വരുമ്പോൾ  (ഉദാ : വായുസമ്പർക്കത്തിൽ പ്രവർത്തിക്കുന്ന വിഘടനം ജലത്തിന്റെ ആധിക്യം കൊണ്ട് തടസ്സപ്പെടുന്നത്)

ഇങ്ങനെ സംഭവിക്കുന്നിടത്തെല്ലാം ജൈവ പാഴ് വസ്തുക്കൾ മാലിന്യകൂമ്പാരമായി മാറും. ഇവ അപകടകാരികളുമാണ്. കാരണം സാംക്രമികരോഗം പരത്തുന്ന അണുക്കൾ അവയിൽ ധാരാളം ഉണ്ടാകും. ഈച്ച, കൊതുക്, ജലം എന്നിവ വഴി അവ പടരും. വല്ലാത്ത ദുർഗന്ധം ചുറ്റുപാടും പരത്തും. ഒട്ടേറെ കുഴപ്പങ്ങൾ വേറെയും കാണാം. ആയതിനാൽ പാഴ് വസ്തുക്കളെ മാലിന്യമാക്കാൻ അനുവദിച്ചുകൂടാ. ഇതിനായി രണ്ട് കാര്യങ്ങൾ അനുസരിച്ചേ പറ്റൂ. ഒരുസ്ഥാനത്ത് കുന്നുകൂടാതെ ഓരോ വീട്ടിലും ഓരോ ഉറവിടസ്ഥാനത്തും വിഘടനസംവിധാനം ഒരുക്കുക. അപ്രകാരമുള്ള ഓരോ സംവിധാനത്തിലും വിഘടനത്തിന് ഭംഗം വരുന്ന സാഹചര്യം ഒഴിവാക്കുക. ജീർണനപ്രക്രിയ സുഗമമാക്കുക എന്നതാവണം ഓരോ വ്യക്തിയുടെയും ചുമതല.

വിഘടനത്തിന്റെ ശാസ്ത്രം

ജൈവവിഘടനം ഒരു രാസപ്രവർത്തനമാണ്. ഇതിന് രാസത്വരകങ്ങൾ വേണം. ഇവയെ എൻസൈമുകൾ എന്നാണ് വിളിക്കുക. മണ്ണിലും ജലത്തിലും ഇവ എത്തിക്കുന്നത് സൂക്ഷ്മാണുക്കളാണ്. ബാക്ടീരിയകളും പൂപ്പലുകളും ഇതിൽ ഉൾപ്പെടും. സ്വന്തം കോശത്തിൽനിന്ന് പുറത്തേക്ക് എൻസൈം സ്രവിപ്പിച്ചാണവ വിഘടനം സാധ്യമാക്കുന്നത്. വിഘടനം പടിപടിയായിട്ടാണ് നടക്കുന്നത്. കേടായ ഒരു സെക്കിൾ പൊളിച്ച് അടുക്കുന്നതുപോലെ. ഒരു പ്രത്യേക ക്രമത്തിലേ ഭാഗങ്ങൾ വേർപ്പെടുത്താനാകൂ. ആദ്യം സാധിക്കുന്നത്, തുടർന്ന് രണ്ടാമത് എന്നിങ്ങനെയേ അതുചെയ്യാനാകൂ. തന്നെയുമല്ല ഓരോ വേർപെടുത്തലിനും ഓരോതരം ടൂൾവേണം. ഇതുതന്നെയാണ് ജൈവവിഘടനത്തിന്റെ രീതിയും. ഇവിടെ ടൂൾ എൻസൈമാണ്. ഓരോ എൻസൈമും സ്രവിപ്പിക്കുന്നത് ഓരോതരം അണുക്കളാകും. അപ്പോൾ “ടൂൾകിറ്റ്’പോലെ, സൂക്ഷ്മാണുക്കളുടെ ഒരു സഞ്ചയം ഉണ്ടെങ്കിൽ മാത്രമേ വിഘടനം പൂർത്തിയാകൂ. എല്ലാ സൂക്ഷ്മാണുക്കളും ഒരേസമയം അല്ല പ്രവർത്തിക്കുക. ഒന്ന് പൂർത്തിയായശേഷം അതിൽനിന്നുണ്ടായ ഉൽപന്നത്തിലാണ് അടുത്തത് പ്രവർത്തിക്കുക. ഇങ്ങനെ പടിപടിയായി സൂക്ഷ്മസംയുക്തങ്ങളാക്കി – പൊളിച്ചടുക്കുന്നതാണ് വിഘടനത്തിന്റെ രീതി. ഇതിനെ സൂക്ഷ്മാണുക്കളുടെ കൂട്ടായ്മ എന്ന് വിശേഷിപ്പിക്കാം. വിഘടനം പുരോഗമിക്കുമ്പോൾ അവിടുത്തെ സൂക്ഷ്മചുറ്റുപാടിന്റെ പിഎച്ച്, ഊഷ്മാവ്, പദാർഥ സാന്ദ്രത എന്നിവയും മാറും. ഈ മാറ്റം തുടർന്ന് പങ്കെടുക്കുന്ന സൂക്ഷ്മാണുവിന് അനുകൂലവും മറ്റുള്ളവക്ക് പ്രതികൂലവും ആകും. ഇതാണ് വിഘടനത്തിന്റെ കൃത്യത നിർണയിക്കുന്നത്.

 

ജൈവപിണ്ഡവൈവിധ്യവും സൂക്ഷ്മാണുവൈവിധ്യവും 

മുഖ്യമായും നാല് സ്ഥൂലരാസികങ്ങളുടെ ചേരുവയാണ് ഒരു ജൈവസൃഷ്ടിക്കാധാരം. അന്നജം, കൊഴുപ്പ്, മാംസ്യം, ന്യൂക്ലിക് അമ്ലങ്ങൾ എന്നിവ. ചേരുവയുടെ മാറ്റം കൊണ്ടാണ് വൈവിധ്യത ഉണ്ടാകുന്നത്. സ്റ്റാർച്ച്, സെല്ലുലോസ്, ഹെമിസെല്ലുലോസ്, ലിഗ്നിൻ, പെക്റ്റിൻ, ഫാറ്റിഅമ്ലങ്ങൾ, ലിപിഡ്സ്, അമിനോഅമ്ലങ്ങൾ, ന്യൂക്ലിക് അമ്ലങ്ങളിലുള്ള ബേസുകൾ ഇവയെല്ലാം മൗലികമായി നിർമിക്കുന്നത് സസ്യങ്ങളാണ്. അന്നജം, കൊഴുപ്പ് എന്നിവക്കായി ജന്തുക്കൾ സസ്യങ്ങളെ ഏറെക്കുറെ പൂർണമായി ആശ്രയിക്കുന്നു. എന്നാൽ സസ്യജന്യമാംസ്യവും, ന്യൂക്ലിക് അമ്ലങ്ങളും സ്വീകരിച്ച് തങ്ങൾക്കുവേണ്ടതായ മാംസ്യവും ന്യൂക്ലിക് അമ്ലങ്ങളും സ്വയം നിർമിക്കുകയാണ് അവർ ചെയ്യുന്നത്. കാർബൺ ഡൈ ഓക്സൈഡ്, ജലം, നൈട്രജൻ, സൾഫർ, ഫോസ്ഫറസ് എന്നിവയിൽനിന്ന് തുടങ്ങി ഭീമാകാരമായ സ്ഥൂലരാസികങ്ങളിലേക്കെത്താൻ പടിപടിയായിട്ടുമാത്രമേ കഴിയൂ. ഒട്ടേറെ സൂക്ഷ്മസംയുക്തങ്ങൾ ഇതിനിടയിൽ വന്നും പോയും ഇരിക്കും. അത്രയും തന്നെ എൻസൈമുകളും പങ്കെടുക്കണം. ആയതിനാൽ ഈ പ്രക്രിയ തിരിച്ചുവരുമ്പോഴും (വിഘടനപ്രവർത്തനം) അത്രയും തന്നെ എൻസൈമുകൾ ഉണ്ടാകണം. അഥവാ വിഘടന പ്രക്രിയയയിൽ നിരവധിതരം ബാക്ടീരിയകളും പൂപ്പലുകളും പങ്കെടുക്കണം എന്ന് സാരം. സൂക്ഷ്മാണു വൈവിധ്യമാണ് എൻസൈം  വൈവിധ്യം. വായുസമ്പർക്കത്തിലുള്ള വിഘടനത്തിലാണ് മഹാഭൂരിപക്ഷം സൂക്ഷ്മാണുക്കളും പങ്കെടുക്കുന്നത്. ഇതിൽതന്നെ 70% ത്തോളം പൂപ്പലുകളാണ്. താഴ്ന്ന ഊഷ്മാവിൽ സജീവമായി നിൽക്കുന്നതിൽ ബഹുഭൂരിപക്ഷവും ബാക്ടീരിയകളാണ്. വിഘടനം താപം ബഹിർഗമിക്കുന്ന പ്രവർത്തനമാണ്. ആയതിനാൽ ഊഷ്മാവ് പടിപടിയായി വർധിച്ച് 70-75°C വരെ എത്തും. ഈ പ്രക്രിയയിൽ ആദ്യഘട്ട വിഘടനത്തിൽ പങ്കെടുക്കുന്ന അണുക്കൾ ചത്തൊടുങ്ങും. ഇക്കൂട്ടത്തിൽ രോഗകാരികളായ അണുക്കളും ഉൾപ്പെടും. സാൽമോണില്ല, ഷിജല്ല എന്നിവ ഈ ഗണത്തിൽ വരും. വിഘടനത്തിന്റെ ഉത്തരാർഥത്തിൽ സജീവമാകുന്നത് പൂപ്പലുകളുടെ സഞ്ചയമാണ്. ഉയർന്ന ഊഷ്മാവിലാണ് ഇവ പ്രവർത്തിക്കുന്നത്. ഇവകൂടാതെ ആക്ടിനോമൈസെറ്റസ്, പ്രോട്ടോസോവ എന്നിവയ്ക്കും വിഘടനത്തിൽ പങ്കുണ്ട്.

[box type=”warning” align=”” class=”” width=””]ചുരുക്കത്തിൽ സൂക്ഷ്മാണുവൈവിധ്യം ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ വിഘടനം അപൂർണമോ അപ്രായോഗികമോ ആകും. മാലിന്യകൂമ്പാരത്തിൽ സംഭവിക്കുന്നത് ഇതുതന്നെയാണ്.[/box]

ജൈവവളവും കമ്പോസ്റ്റ് വളവും 

രാസവളങ്ങളൊഴികെയുള്ള എല്ലാവളങ്ങളെയും പൊതുവെ ജൈവവളങ്ങൾ എന്നുവിളിക്കാം. പച്ചിലകളും, ഉണങ്ങിയ ഇലകളും, കാർഷിക പാഴ് വസ്തുക്കളും, മത്സ്യമാംസാദി അവശിഷ്ടങ്ങളും, വളർത്തുമൃഗങ്ങളുടെ കാഷ്ടവുമൊക്കെ ഇതിൽ ഉൾപ്പെടും. ചെടികളുടെ ശേഷിക്കൊത്ത് ഇവ പ്രയോഗിക്കാം. മണ്ണിൽ കിടന്ന് ജീർണിച്ചോ, ചീഞ്ഞോ  അവ വിഘടനം പൂർത്തിയാക്കും. ജലം പരിമിതമാണെങ്കിൽ വിഘടനാന്ത്യം കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമിക്കും. ഇതോടെ പ്രകിയ പൂർത്തിയാകും. ഇതിനിടെ മണ്ണിൽ ചേരുന്ന സൂക്ഷ്മമൂലകങ്ങളും, ലവണങ്ങളും, സൂക്ഷ്മസംയുക്തങ്ങളും വളക്കൂറിന്റെ ഭാഗമാകുകയും ചെയ്യും. ഇനി ജലസാന്നിധ്യം അധികമാണെങ്കിലോ, മണ്ണിൽനിന്ന് മീഥേൻ വാതകം ബഹിർഗമിക്കും എന്ന വ്യത്യാസം മാത്രമാണ് ഉണ്ടാകുക. ആദ്യത്തേത് വായുസാന്നിധ്യം കൊണ്ടും രണ്ടാമത്തേത് അതില്ലാത്തതുകൊണ്ടും സംഭവിക്കുന്നതാണ്.

കമ്പോസ്റ്റ് വളം ഇതിൽനിന്ന് വ്യത്യസ്തമാണ്. ഇത് വിഘടനപ്രക്രിയയിൽനിന്നുമാത്രം ഉണ്ടാകുന്നതല്ല. വിഘടനത്തിന്റെ ഒരു ഘട്ടത്തിൽനിന്ന് പിൻതിരിഞ്ഞ് ഒരു പുനർനിർമിതിയിലൂടെ രൂപം കൊള്ളുന്ന ജൈവരാസികങ്ങളാണ്. ഇതിന് ഒന്നിലേറെ സവിശേഷതകളുണ്ട്. ഒന്നാമതായി ഇവയുടെ കാർബൺ സംഭരണമികവാണ്. ഉദാഹരണമായി ഒരു പരീക്ഷണം ഇവിടെ സൂചിപ്പിക്കാം. ഉണങ്ങിയ ഇലകളും, ഭക്ഷ്യാവശിഷ്ടങ്ങളും എടുത്ത് ഉണക്കിപ്പൊടിച്ചുവെന്ന് കരുതുക. ഈർപ്പം ഒട്ടുമില്ലാതാക്കി 100 ഗ്രാം പൊടി കത്തിച്ച് ചാരമാക്കി പരിശോധിച്ചാൽ അതിൽ ഏതാണ്ട് 45-49 ഗ്രാം മാത്രമാകും കാർബണിന്റെ തൂക്കം. എന്നാൽ മികച്ച ഒരു കമ്പോസ്റ്റ് വളം ഈർപ്പരഹിതമാക്കി 100 ഗ്രാം പരിശോധിച്ചാൽ അതിൽ 65 ഗ്രാം വരെ കാർബൺ കണ്ടേക്കാം. താരതമ്യേന കൂടുതൽ കാർബൺ കമ്പോസ്റ്റ് വളത്തിൽ ഉറപ്പിച്ചുനിറുത്തുന്നു എന്നർഥം. അപ്പോൾ ജൈവാവശിഷ്ടങ്ങൾ തുറസ്സായി ജീർണിക്കാൻ അനുവദിച്ചാൽ അവയിൽ നിന്ന് പകുതിയോളം കാർബൺ, കാർബൺ ഡൈ ഓക്സൈഡ് ആയി ബഹിർഗമിക്കുമല്ലോ? കമ്പോസ്റ്റാക്കിയാൽ ഇത് കുറക്കാം എന്നർഥം.

[box type=”info” align=”” class=”” width=””]കേരളത്തിൽ പ്രതിദിനം ഏതാണ്ട് 10,000 ടൺ ജൈവമാലിന്യങ്ങൾ പുറംതള്ളുന്നുണ്ട്. ഇപ്പോൾ അവയെ കമ്പോസ്റ്റാക്കുന്നത് പരിമിതം മാത്രം. മുഴുവനും കമ്പോസ്റ്റാക്കാൻ കഴിഞ്ഞാൽ അന്തരീക്ഷതാപനിയന്ത്രണത്തിൽ ചെറുതല്ലാത്ത സ്വാധീനം അതുവഴി ചെലുത്താനാകും.[/box]

രണ്ടാമതായി മണ്ണിന്റെ ആരോഗ്യം പുഷ്ടിപ്പെടുത്തുന്നതിൽ കമ്പോസ്റ്റ് വളത്തിനുള്ള സ്വാധീനമാണ്. ഇത് സ്പോഞ്ച് പോലെയുള്ള ഘടനയുള്ള രാസികങ്ങളാണ്. ഈർപ്പം ശേഖരിച്ച് മണ്ണിനെ ആർദ്രമാക്കും. തന്നെയുമല്ല, ഒരു കൊളോയ്ഡ് പോലെ വർത്തിക്കാൻ ഇതിനാകും, ഇതിന്റെ ഋണചാർജ്ജ് (-ve) മൂലം, ധനചാർജ് (+ve )ഉള്ള ലോഹഅയോണുകളെ പിടിച്ചുനിർത്തി (Ca2+, Mg2+, K+) ആവശ്യാനുസൃതം പതുക്കെ ചെടികൾക്ക് വിട്ടുകൊടുക്കാനും സാധിക്കും. മണ്ണിൽ വായുസഞ്ചാരം സുഗമമാക്കാനും കമ്പോസ്റ്റ് വളത്തിനു കഴിയും.

കമ്പോസ്റ്റ് വള നിർമിതിയിൽ സൂക്ഷ്മാണുക്കളുടെ പങ്ക് 

വിഘടനവും പുനർനിർമിതിയും ഉള്ള പ്രക്രിയയാണിത്. വിഘടനത്തിൽ ജൈവ പാഴ് വസ്തുക്കൾ സ്ഥൂലതലത്തിൽ നിന്ന് പടിപടിയായി ചെറുതായി ഇടത്തരം സംയുക്തങ്ങളിൽ എത്തിച്ചേരും. അന്നജം, കൊഴുപ്പ് എന്നിവ ചെറിയ ഫാറ്റിഅമ്ലങ്ങളായി വിഘടിച്ചെത്തും. മാംസ്യത്തിൽ നിന്ന് ആദ്യം അമിനോ അമ്ലങ്ങളും  തുടർന്ന് അമോണിയ നഷ്ടപ്പെട്ട് ചെറിയ ഫാറ്റിഅമ്ലങ്ങളുമാകും. ന്യൂക്ലിക് അമ്ലങ്ങളും വിഘടിച്ച് ഇതേ പാത പിന്തുടരും. കൂടാതെ ഏതാനും നൈട്രജൻ സംയുക്തങ്ങളും ഉണ്ടാകും. ഫോസ്ഫറസ്, സൾഫർ എന്നിവയും ചില സംയുക്തങ്ങളിൽ ഉൾച്ചേരും. ഈ സ്ഥിതിയിൽനിന് തുടർവിഘടനം ഉണ്ടാകില്ല എന്നതാണ് കമ്പോസ്റ്റിങ്ങിന്റെ സവിശേഷത. ഈർപ്പനിയന്ത്രണം, ധാരാളം ഓക്സിജന്റെ സാന്നിധ്യം ഉറപ്പാക്കുന്ന ഇളക്കിമറിക്കൽ എന്നിവയാണ് മുഖ്യകാരണങ്ങൾ. തുടർവിഘടനത്തിനുപകരം തുടർനിർമിതിയിലേക്ക് തിരിച്ചുപോകും. അതായത് മേൽ സൂചിപ്പിച്ച ചെറുസംയുക്തങ്ങൾ കൂടിച്ചേർന്ന് സ്ഥൂലരാസികങ്ങളുടെ (Macromolecules) പുതിയ രൂപങ്ങൾ സൃഷ്ടിക്കും. മൂന്നെണ്ണമാണ് മുഖ്യം. ഹൃമസ്, ഹ്യൂമിക് അമ്ലം, ഫൾവിക് അമ്ലം. ഇതാണ് കമ്പോസ്റ്റ് വളം.

അപ്പോൾ ജൈവജീർണനവും കമ്പോസ്റ്റ് വള നിർമിതിയും തമ്മിലുള്ള പ്രധാനവ്യത്യാസം മനസ്സിലായോ? ആദ്യത്തേതിൽ കാർബൺ ഡയോക്സൈഡാണ് വിഘടനാന്ത്യത്തിലെ രാസവസ്തു. അതിലെ സൂക്ഷ്മാണുകൂട്ടായ്മ ഇതിനുവേണ്ടിയുള്ളതുമാണ്. രണ്ടാമത്തേതിലാകട്ടെ രണ്ടു വിഭാഗം സൂക്ഷ്മാണുകൂട്ടായ്മകളാണ് ഉള്ളത്. ആദ്യപകുതിയിൽ വിഘടനവും തുടർന്ന് സംഘാടനവുമാണ് നടക്കുന്നത്. ആയതിനാൽ പ്രവർത്തനാന്ത്യം ഉണ്ടാകുന്നത് പുതിയ സ്ഥൂലതന്മാത്രകളാണ്. ഇവയ്ക്ക് മണ്ണിൽ ഏറെക്കാലം നിലനിൽക്കാനും വളക്കൂറ് നിലനിറുത്താനുമാകും. ദീർഘകാലംകൊണ്ട് ഇവയും വിഘടിച്ച് തീരും എന്നത് ഒഴിവാക്കാനാകില്ല. എന്നാൽ അതിനിടെ മണ്ണിലെ കാർബൺ സംഭരണം പുഷ്ടിപ്പെടുത്താൻ തീർച്ചയായും കഴിയും. വായുസമ്പർക്കത്തിൽ പ്രവർത്തിക്കുന്ന ബാക്ടീരിയ, പൂപ്പൽ, പ്രോട്ടോസോവ, ആക്റ്റിനോമൈസെറ്റ്സ് എന്നിവ കമ്പോസ്റ്റിങ്ങിൽ മുഖ്യപങ്ക് വഹിക്കുന്നു. എന്നാൽ ഇതിൽ പൂപ്പലുകളുടെ പങ്കാണ് കൂടുതൽ. ഏതാണ്ട് 70% ത്തോളം വരും. വായുസമ്പർക്കമില്ലാതെയും (Anaerobic degradation) കമ്പോസ്റ്റ് ഉണ്ടാക്കാം. മണ്ണിൽ വലിയ കുഴികളെടുത്ത്, ജൈവവസ്തുക്കൾ നിറച്ച്, കുറേ ചാണകവുമിട്ട്, മണ്ണിട്ടുമൂടി നാലുമാസം സൂക്ഷിക്കും. ഇതാണ് രീതി. പണ്ടുകാലം മുതൽക്കേ കർഷകർ അനുവർത്തിക്കുന്ന രീതിയാണിത്. വിഘടനവും, പുനർനിർമിതിയും ഏറെക്കുറെ മുകളിൽ പരാമർശിച്ചതുപോലെ തന്നെ. എന്നാൽ ഓക്സിജന്റെ പങ്ക് വ്യത്യസ്തമാണ്. ആരംഭത്തിൽ മണ്ണിലും, പാഴ് വസ്തുക്കളിലും തങ്ങിനിൽക്കുന്ന ഓക്സിജൻ ലഭ്യമായതിനാൽ ബാക്ടീരിയകളും, പൂപ്പലും സജീവമായിരിക്കും. “ഫാക്കൽട്ടേറ്റീവ്” കഴിവാണുകാരണം. തുടർന്ന് ഓക്സിജൻ തീരെകുറയും. ആയതിനാൽ തുടർ വിഘടനം വഴി കമ്പോസ്റ്റ് വളത്തോടൊപ്പം ധാരാളം ചതുപ്പ് വാതകം (മീഥേൻ) ഉണ്ടാകും. ജൈവപാഴ് വസ്തുക്കൾ “ലാൻഡ് ഫിൽ’ രീതിയിൽ നിർമാർജനം ചെയ്യുമ്പോൾ ഇതുതന്നെയാണ് സംഭവിക്കുന്നത്.

ഗാർഹിക കമ്പോസ്റ്റിങ്ങ് ഉപകരണങ്ങൾ

പെപ്പ്, ഗ്രോബാഗ്, മൺപാത്രം , ബക്കറ്റ്, സിമന്റ് റിംങ് തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ ഉപകരണങ്ങളും സംവിധാനങ്ങളുമുണ്ട്. എന്നാൽ സൂക്ഷ്മജീവികളുടെ ജീവൻ രക്ഷിച്ചുകൊണ്ടുമാത്രമേ മികച്ച കമ്പോസ്റ്റ് ഉണ്ടാക്കാൻ കഴിയൂ. ഇതിന് ഈർപ്പനിയന്ത്രണം, വായുപ്രവാഹം, വിഷവസ്തുക്കളുടെ അസാന്നിധ്യം പാഴ് വസ്തുക്കളുടെ വലുപ്പം കുറക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണം. പരിലാളനമാണ് പ്രധാനം. അറിവും ഉണ്ടാകണം. [box type=”note” align=”” class=”” width=””]എന്നാൽ അറപ്പ് ഒഴിവാക്കിയേ പറ്റൂ. സ്വന്തം കൈകൊണ്ടുതന്നെ ഇതൊക്കെ ചെയ്യണം. പരിലാളനമുറകൾ പരിശീലിക്കുകതന്നെ വേണം. വായിച്ചു പഠിച്ചാൽ പോര. അതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല.[/box]

 

ലേഖനത്തിന്റെ രണ്ടാം ഭാഗം-ജൈവവാതകം ഉണ്ടാകുന്നതെങ്ങനെ?


ചിത്രങ്ങള്‍ക്ക് കടപ്പാട് : IRTC

അടുക്കള മാലിന്യം വളമാക്കാം

ബയോ ബിന്നിന്റെ ഉപയോഗക്രമം വിശദീകരിക്കുന്ന രണ്ടു വീഡിയോകള്‍

  • മാലിന്യ സംസ്കരണം – തുരുത്തിക്കരയുടെ അനുഭവം 

  • ഉറവിട മാലിന്യ സംസ്കരണം – ബയോബിന്നുകളുടെ ഉപയോഗക്രമം

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “എങ്ങനെയാണ് മാലിന്യം വളമായി മാറുന്നത് ? – മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം

Leave a Reply

Previous post ദുരിതാശ്വാസ ക്യാമ്പുകളിലെ മാലിന്യസംസ്കരണം
Next post കറുത്ത വെളിച്ചം ഉണ്ടോ ?
Close