വിനയരാജ് വി.ആര്‍
ഉക്രൈനിൽ ജനിച്ച് പാരീസിൽ ഗവേഷണം നടത്തി ഇന്ത്യക്കാരെ രക്ഷിച്ച ശാസ്ത്രകാരനായിരുന്നു വാൽഡിമാർ ഹാഫ്കിൻ.
ജൂതനായതിനാൽ മാത്രം അറസ്റ്റ് ചെയ്യപ്പെടുകയും തന്റെ അധ്യാപകനും നൊബേൽ പുരസ്കാരജേതാവുമായ ഇല്യ മെക്നിക്കോവിന്റെ സ്വാധീനം കൊണ്ടുമാത്രം ജയിൽമോചിതനാവുകയും ചെയ്ത ഹാഫ്കിൻ ജൂതനായതുകൊണ്ട് ഉക്രൈനിൽ പ്രൊഫസർ ആവുന്നതിൽ നിന്നും വിലക്കപ്പെട്ടു. സ്വിറ്റ്സർലാന്റിലേക്ക് കുടിയേറാൻ അനുവാദം ലഭിച്ച അദ്ദേഹം പിന്നീട് പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭ്യമായ ഏകപോസ്റ്റായ ലൈബ്രേറിയൻ ആയി ജോലിചെയ്തു. പ്രോട്ടിസ്റ്റയെപ്പറ്റി പഠനം തുടങ്ങിയ ഹാഫ്കിൻ പതിയെ പ്രായോഗികബാക്ടീരിയോളജിയിലേക്ക് ചുവടുമാറ്റി. റോബർട്ട് കോക് 1883-ൽത്തന്നെ കോളറ ബാക്ടീരിയയെ കണ്ടെത്തിയെങ്കിലും അന്നത്തെ ശാസ്ത്രലോകം അതുമാത്രമല്ല കോളറയുടെ കാരണമെന്നാണ് കരുതിയിരുന്നത്. ബാക്ടീരിയയുടെ ശക്തികുറച്ചരൂപത്തിൽ നിന്നും കോളറ വാക്സിൻ വികസിപ്പിക്കുന്നതിൽ ഹാഫ്കിൻ ശ്രദ്ധകേന്ദ്രീകരിച്ചു. 1892 -ൽ സ്വയംതന്നെ അദ്ദേഹം വാക്സിൻ പരീക്ഷിച്ചുകാണിച്ചെങ്കിലും അത് മാധ്യമങ്ങളിൽ വലിയവാർത്തയായെങ്കിലും പാസ്റ്റർ അടക്കമുള്ള മുതിർന്ന സഹപ്രവർത്തകർക്കിടയിൽ അതിന് വ്യാപകമായ സ്വീകാര്യത കിട്ടിയില്ല.ആയിരങ്ങൾ നിത്യേന പകർച്ചവ്യാധികൾ കാരണം മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ തന്റെ വാക്സിൻ പരീക്ഷിക്കാൻ അദ്ദേഹം ശ്രമം തുടങ്ങി. പാരീസിലെ ബ്രിട്ടീഷ് അംബാസഡറുടെ സഹായത്തോടെ തന്റെ ആശയങ്ങൾ ബ്രിട്ടനിൽ പ്രദർശിപ്പിക്കാൻ ഹാഫ്കിന് അവസരം ലഭിച്ചു. 1893 -ൽ ഇന്ത്യയിലേക്കുവന്ന അദ്ദേഹം 1896 -ൽ ബൗക്കുളയിൽ ഒരു പരീക്ഷണശാല തുടങ്ങുകയും പിന്നീടത് പരേലിലേക്ക് മാറ്റുകയും ചെയ്തു. ഒരിക്കൽ ബോംബേ ഗവർണറുടെ ഔദ്യോഗികവസതിയായിരുന്ന പാരൽ ദ്വീപിലെ ബംഗ്ലാവ് 1899 -ൽ പ്ലേഗ് ഗവേഷണത്തിനായി ഹാഫ്കിന് വിട്ടുകൊടുത്തു, ഇന്ന് അത് ഹാഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നപേരിൽ അവിടെ തുടരുന്നുണ്ട്. ആ സ്ഥാപനത്തെ ഹാഫ്കിൻ തെക്ക്- തെക്കുകിഴക്കേ ഏഷ്യയിലെ ഏറ്റവും വലിയ ബാക്ടീരിയ-പകർച്ചവ്യാധി പരീക്ഷണശാലയാക്കിമാറ്റി. ബോംബെയിൽ പ്ലേഗ് പടരുന്ന അക്കാലത്ത് അദ്ദേഹം പ്ലേഗിനെതിരായ വാക്സിൻ നിർമ്മിക്കാൻ ശ്രമം തുടങ്ങി. തുടർച്ചയായി മൂന്നുമാസം വിശ്രമമില്ലാതെ അദ്ദേഹം പരീക്ഷണങ്ങൾ നടത്തി, അദ്ദേഹത്തിന്റെ രണ്ടുസഹായികൾക്ക് മാനസികരോഗം വന്നു, മറ്റു രണ്ടുപേർ രാജിവച്ചുപോയി. കൊഴുപ്പിലും നെയ്യിലും എല്ലാം പ്ലേഗ് കൾച്ചറുകൾ അദ്ദേഹം വളർത്തിയെടുത്തു. 1897 ജനുവരി 10 -ന് വാക്സിൻ സ്വന്തം ശരീരത്തിൽ ഹാഫ്കിൻ പരീക്ഷിച്ചു. അതിനുശേഷം ബൈക്കുള ജയിലിലെ സ്വയം തയ്യാറായി മുന്നോട്ടുവന്നവരെ അദ്ദേഹം വാക്സിനേറ്റ് ചെയ്തു. മിക്കവരും പ്ലേഗിനെ അതിജീവിച്ചെങ്കിലും ഏഴുപേർ അതിൽ മരണമടഞ്ഞു. മറ്റുപല ആദ്യകാല വാക്സിനുകളെയും പോലെ അദ്ദേഹത്തിന്റെ പ്ലേഗുവാക്സിനും പലതരം പാർശ്വഫലങ്ങൾ ഉണ്ടായിരുന്നു.
എന്നിട്ടും റഷ്യ ഹാഫ്കിനോട് മുഖം തിരിച്ചുതന്നെനിന്നു. അദ്ദേഹത്തിന്റെ റഷ്യയിലെ സഹപ്രവർത്തകർ ബോംബെയിലെത്തി. റഷ്യൻ സാമ്രാജ്യത്തിൽ 1898 -ൽ ഉണ്ടായ കോളറയെ ഹാഫ്കിന്റെ വാക്സിൻ പിടിച്ചുനിർത്തി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ഇന്ത്യയിൽമാത്രം അദ്ദേഹത്തിന്റെ പ്ലേഗ് വാക്സിൻ നൽകപ്പെട്ടവർ നാൽപ്പതുലക്ഷം കവിഞ്ഞിരുന്നു. അടുത്ത മുപ്പതുവർഷക്കാലം ലോകത്തെ ഏറ്റവും ഫലപ്രദമായ പ്ലേഗ് വാക്സിൻ ഹാഫ്കിനുണ്ടാക്കിയതായിരുന്നു. ഇതിനിടയിൽ 1902-ൽ പഞ്ചാബിലെ മുൾക്കൊവൽ എന്ന സ്ഥലത്ത് വാക്സിൻ നൽകപ്പെട്ട 107 പേരിൽ 19 ഗ്രാമീണർ റ്റെറ്റനസ് പിടിച്ച് മരിക്കാൻ ഇടയായി. മരിച്ചവർക്കെല്ലാം ഒരേ ബോട്ടിലിലെ വാക്സിനാണ് നൽകിയിരുന്നത്. അന്വേഷണം നടത്തിയ കമ്മീഷൻ റ്റെറ്റനസ് ബാക്ടീരിയ ഉൽപ്പാദനസമയത്തുതന്നെ ബോട്ടിലിൽ എത്തിയതാവാമെന്ന് ധൃതിയിൽ തീരുമാനത്തിലെത്തി. അദ്ദേഹം സർവ്വീസിൽനിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടു. ലക്ഷക്കണക്കിനു ഡോസ് പ്ലേഗ് വാക്സിൻ വിജയകരമായി നൽകപ്പെട്ടത്തിനു ശേഷമാണ് ഇതു സംഭവിച്ചത്. റൊണാൾഡ് റോസ് പോലും ഇടപെട്ടുനടത്തിയ പുനരന്വേഷണത്തിനൊടുവിൽ കുറ്റക്കാരനല്ലെന്ന് കണ്ട് സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ കൽക്കട്ടയിലെ ജീവശാസ്ത്രഗവേഷണശാലയുടെ ഡയറക്ടർ ആക്കി. വിലപ്പെട്ട നാലുവർഷങ്ങൾ നഷ്ടമായതും തെറ്റായ രീതിയിൽ കുറ്റക്കാരനാക്കിയതും അദ്ദേഹത്തെ തളർത്തി. പിരിയാൻ വേണ്ട കുറഞ്ഞ പ്രായമായ 55 വയസ്സിൽ, 1915 -ൽ ഹാഫ്‌കിൻ ഇന്ത്യൻ സിവിൽ സർവീസ് വിട്ട് ലണ്ടനിലേക്ക് പോയി. പിന്നീട് സ്വിറ്റ്സർലാന്റിലേക്ക് പോയ അദ്ദേഹം സഹോദരിക്കൊപ്പം അവിടെ ജീവിച്ചു. ഇന്ത്യയോട് പ്രത്യേകമായ സ്നേഹം ഉണ്ടായിരുന്ന ഹാഫ്കിൻഇന്ത്യയിലെ സുഹൃത്തുക്കളുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. 1930 -ൽ ഹാഫ്കിൻ മരണമടഞ്ഞു.