Read Time:7 Minute
കോസ്റ്ററിക്കയുടെ ജൈവവൈവിധ്യം പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തേക്കാൾ എത്രയോ മടങ്ങാണ്. കോസ്റ്ററിക്ക എന്നുപറഞ്ഞാൽത്തന്നെ അർത്ഥം സമ്പന്നമായ തീരം എന്നാണ്. കേരളത്തേക്കാൾ കുറച്ചുകൂടി വലിപ്പമുള്ള കോസ്റ്ററിക്കയിലുള്ള ശലഭങ്ങളുടെ എണ്ണം ഏതാണ്ട് ഇന്ത്യയിൽ ഉള്ളതിന്റെയും അത്രയുമാണ്. ഭൂമിയുടെ വിസ്തീർണ്ണത്തിന്റെ മൂവായിരത്തിൽ ഒന്നുമാത്രം വലിപ്പമുള്ള ഇവിടെ ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ ആറുശതമാനത്തോളമുണ്ട് എന്നത് കോസ്റ്ററിക്കയിലെ പ്രകൃതിസമ്പത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് ഒരു ഏകദേശരൂപം ലഭിക്കാൻ സഹായമാവും.
തണ്ണീർത്തടങ്ങൾ, മലനിരകൾ, പുഴകൾ, മഴയേ ലഭിക്കാത്ത വരണ്ടപ്രദേശങ്ങൾ, അഗ്നിപർവതങ്ങൾ, തിങ്ങിനിറഞ്ഞ മഴക്കാടുകൾ, ഒരു വശത്ത് അത്‌ലാന്റിൿ സമുദ്രവും മറുവശത്ത് ശാന്തസമുദ്രവും- ഇതൊക്കെയാണ് ഇത്ര ചെറിയൊരു രാജ്യത്തെ ലോകത്തേറ്റവും വലിയ ജൈവവൈവിധ്യം നിറഞ്ഞ രാജ്യമാക്കി മാറ്റിയത്. ജൈവവൈവിധ്യം കൂടുതൽ ഉണ്ടെന്നു പറയുമ്പോൾ അതിനൊപ്പം പറയേണ്ട മറ്റൊരുകാര്യവുമുണ്ട്. ഈ ചെറിയ പ്രദേശത്തുള്ള വിഷപ്പാമ്പുകളുടെ എണ്ണം. അണലിവർഗത്തിലെ ഏറ്റവും വലിയ ഇനങ്ങളിൽ ഒന്നായ മധ്യ അമേരിക്കൻ ബുഷ്‌മാസ്റ്റർ അടക്കം ഇരുപത്തിമൂന്ന് തരം വിഷപ്പാമ്പുകളാണ് ഇവിടെയുള്ളത്. കേരളത്തിൽ കേവലം അഞ്ചിനം വിഷപ്പാമ്പുകളേ ഉള്ളൂ എന്നോർക്കണം. വിഷപ്പാമ്പുകൾ ധാരാളമായുള്ളതിനാൽ അവ കടിച്ചുള്ള മരണങ്ങൾ കോസ്റ്ററിക്കയിൽ നിരവധിയായിരുന്നു. വെറും അൻപതുലക്ഷം മാത്രം ജനസംഖ്യ ഉള്ള കോസ്റ്ററിക്കയിൽ മറ്റെവിടെയുമില്ലാത്തത്ര പാമ്പുകടി മരണങ്ങളുണ്ടായിരുന്നു. ഇന്ന് അവിടെ പാമ്പുകടിമൂലം വർഷത്തിൽ ജീവൻ നഷ്ടപ്പെടുന്നവർ ഒന്നോ രണ്ടോ മാത്രമാണ്.
കോസ്റ്ററിക്കയിലെ ഒരു വിഷഗവേഷണസ്ഥാപനമണ് ക്ലോഡോമിറോ പികാഡോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. 1970 -ൽ രൂപീകൃതമായ ഈ സ്ഥാപനം ലോകത്തിലെ തന്നെ മികച്ച വിഷഗവേഷണസ്ഥാപനങ്ങളിൽ ഒന്നാണ്. നിരവധിയായ വിഷപ്പാമ്പുകളിൽ നിന്നും വിഷം ശേഖരിച്ച് ഇവിടെ ആന്റിവെനങ്ങൾ ഉണ്ടാക്കുന്നു. ഒരു ഫണലിനു മുകളിൽ സ്ഥാപിച്ച കനം കുറഞ്ഞ സ്തരത്തിൽ പാമ്പിനെക്കൊണ്ടു കടിപ്പിക്കുമ്പോൾ പുറത്തുവരുന്ന വിഷം ഫണൽ വഴി ശേഖരിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൈവശമുള്ള 110 കുതിരകളിൽനിന്നുമാണ് ആന്റിവെനം ഉണ്ടാക്കുന്നത്. വളരെ ചെറിയ അളവിൽ പാമ്പുവിഷം കുതിരകളിൽ പത്തുദിവസം ഇടവിട്ട് ആദ്യം രണ്ടുമൂന്നുമാസം കുത്തിവയ്ക്കുന്നു. പിന്നീട് അതിന്റെ ആവൃത്തി രണ്ടുമാസത്തിൽ ഒരിക്കൽ ആക്കുന്നു. ഒരു തരത്തിലുംഇത് കുതിരയെ ദോഷകരമായി ബാധിക്കാറില്ല. കുതിരയുടെ പ്രതിരോധവ്യവസ്ഥ വിഷത്തെ മനസ്സിലാക്കുകയും അതിനെതിരെയുള്ള ആന്റിബോഡി ഉണ്ടാക്കിത്തുടങ്ങുകയും ചെയ്യും, 8-10 ആഴ്ചകൊണ്ട്ഇതു പാരമ്യത്തിൽ എത്തും. അപ്പോൾ കുതിരയിൽ നിന്നും മൂന്നുമുതൽ ആറുവരെ ലിറ്റർ രക്തം ശേഖരിച്ച് അതിലെ പ്ലാസ്മയിൽ നിന്നും ഈ ആന്റിബോഡി വേർതിരിച്ചെടുക്കുന്നു. ഇത് ശുദ്ധീകരിച്ച്, അരിച്ച്, അണുവിമുക്തമാക്കി, ജലാംശം മാറ്റി -20 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കുന്നു. ഇത് പ്രതിപ്രവർത്തിക്കാത്ത തരത്തിലുള്ള ലായനിയുമായി കലർത്തിയാണ് പാമ്പുവിഷത്തിനെതിരെ നൽകുന്ന ഇഞ്ചക്ഷനുകൾക്കുള്ള മരുന്നുണ്ടാക്കുന്നത്.
ഓരോ തരം പാമ്പുകൾക്കും അതിനുയോജിച്ച ആന്റിവെനമാണ് നൽകേണ്ടത്. എന്നാൽ വിവിധതരം ആന്റിവെനങ്ങൾ കലർത്തി ഏതിനും ഉപയോഗിക്കാവുന്ന മരുന്നുകളും ഇപ്പോൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാമായി നിരവധി ഇനം പാമ്പുകളെ ഇവർ ഗവേഷണശാലയിൽ സൂക്ഷിക്കുന്നുണ്ട്. നാട്ടുകാരും കർഷകരും അവർ പിടിക്കുന്ന പാമ്പുകളെ ഇവിടെ എത്തിക്കുന്നു, പലതിനെയും ഇവിടെ വളർത്തുന്നു. ചിലതിന്റെ വിഷം ഇറക്കുമതി ചെയ്ത് ആന്റിവെനം ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നു. ധാരാളം ആളുകൾ പാമ്പുകടിച്ചുമരിച്ചുകൊണ്ടിരുന്നതിനെ ചുരുക്കിക്കൊണ്ടുവന്ന് വിരലിൽ എണ്ണാവുന്നത്രയും മരണങ്ങളിൽ എത്തിച്ചതിൽ കോസ്റ്ററിക്കയിലെ ഈ ഗവേഷണസ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്.
Science in Action -ശാസ്ത്രമെഴുത്ത് ക്യാമ്പയിനിൽ പങ്കെടുത്ത് കൊണ്ട് വിനയരാജ് വി.ആർ. ഫേസ്ബുക്കിൽ എഴുതിയത്. #scienceinaction #JoinScienceChain
Related
0
0