Read Time:13 Minute

കേൾക്കാം

പ്രണയിക്കാൻ അവസരം കിട്ടാത്തവരുണ്ടാകാം, എന്നാൽ പ്രണയിക്കാൻ ആഗ്രഹമില്ലാത്തവരുണ്ടാകാൻ സാധ്യതയില്ല. അതുതന്നെയാണ് വാലന്റീൻ ദിനത്തിന്റെ വർദ്ധിച്ചു വർദ്ധിച്ച്  വരുന്ന ജനപ്രീതിക്ക് കാരണവും. പ്രണയദിനവും പ്രണയവുമായി  ബന്ധപ്പെട്ട രണ്ട് തരം കൌതുകങ്ങളാണ് പറയാൻ പോകുന്നത്. ആദ്യത്തേത് വാലന്റീൻ ദിനവുമായി നേരിട്ട് ബന്ധമുള്ളതും  രണ്ടാമത്തേത് പ്രണയവുമായി ബന്ധപ്പെട്ടതും.

പാറ്റയ്ക്കൊരു പേര്!

അമേരിക്കയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നാണ് ന്യൂയോർക്കിനടുത്തുള്ള ബ്രോൻക്സ് മൃഗശാല (Bronx zoo). 265 ഏക്കറിൽ പരന്നുകിടക്കുന്ന ഈ മൃഗശാല 1899 ലാണ് പ്രവർത്തനമാരംഭിച്ചത്. വർഷം തോറുമുള്ള സന്ദർശകരുടെ എണ്ണം ഏകദേശം ഇരുപത് ലക്ഷം വരും. കൂടുതൽ സന്ദർശകരെ ആകർഷിക്കാനും ഒപ്പം വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമാക്കി 2011 ലെ വാലന്റീൻ ദിനത്തോടനുബന്ധിച്ച്  മൃഗശാല അധികൃതർ  പുതുമയുള്ള ഒരു പരിപാടി ആരംഭിച്ചു. പരിപാടിയുടെ പേര് ‘പാറ്റയ്ക്കൊരു പേര്’ (Name a Roach). മൃഗശാലയിലെ പല പ്രദർശന മേഖലകളിൽ ഒന്നാണ് മഡഗാസ്കർ.  ആഫ്രിക്കയിലെ മഡഗാസ്കർ ദ്വീപിലുള്ള ലീമറുകളാണ് അവിടുത്തെ പ്രധാന ആകർഷണം. ഒപ്പം ഒരു  ലക്ഷത്തോളം ‘മഡഗാസ്കർ ശീൽക്കാരപ്പാറ്റ’കളേയും (Madagascar hissing cockroach) അവിടെ വളർത്തുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാറ്റകളിലൊന്നായ മഡഗാസ്കർ പാറ്റകൾ 5-7.5 സെന്റീമീറ്റർ നീളമുള്ളവയാണ്. ചിറകുകളില്ല. ഒരു പ്രത്യേക ശീൽക്കാര  ശബ്ദമുണ്ടാക്കും. അവയെ ഓമനകളായി (pets) വളർത്തുന്നവരുമുണ്ട്. പതിനഞ്ച് ഡോളർ (തുടക്കത്തിൽ 10 ഡോളറായിരുന്നു) കൊടുത്താൽ അതിലൊരെണ്ണത്തിനെ വാങ്ങി നിങ്ങളുടെ കാമുകന്റേയോ കാമുകിയുടേയോ പേരിടാം. വാങ്ങാൻ നേരിട്ട് പോകണമെന്നില്ല. ഓൺലൈനായി ഓർഡർ ചെയ്യാം. പകരം പാറ്റയുടെ പേരെഴുതിയ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കിട്ടും. വാലന്റീൻ ദിന സമ്മാനമായി അത് പ്രിയപ്പെട്ട ആൾക്ക് അയച്ചുകൊടുക്കാം. അല്ലെങ്കിൽ ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും മറ്റും പങ്കുവെക്കാം.

തികച്ചും വ്യത്യസ്തമായ ഈ സമ്മാന പദ്ധതി ഒരു വൻ ഹിറ്റായി മാറി. ബ്രോൻക്സ് മൃഗശാലയുടെ ചുവട് പിടിച്ച് അമേരിക്കയിലെ മറ്റ് മൃഗശാലകളും സമാനമായ പരിപാടികൾ ആരംഭിച്ചു. അക്കൂട്ടത്തിൽ ടെക്സസിലെ സാൻ അന്റോണിയോ മൃഗശാല  (The San Antonio Zoo) കുറച്ചു കൂടി മുൻപോട്ട് പോയി. അവരുടെ പരിപാടിയുടെ പേര് ‘എനിക്കൊരു പാറ്റക്കരച്ചിൽ’ (Cry me a cockroach). ഈ പരിപാടിയിൽ  നിലവിലുള്ള വാലന്റീനുകളുടെ പേരല്ല, മറിച്ച് തേച്ചുപോയ മുൻ കാമുകന്റേയോ കാമുകിയുടേയോ പേരാണ്  പാറ്റയ്ക്കിടുന്നത്! പാറ്റയ്ക്ക് പകരം എലിയേയോ അല്ലെങ്കിൽ ഏതെങ്കിലും പച്ചക്കറിയോ വാങ്ങാം. എന്നിട്ട് മൃഗശാലയിലെ അന്തേവാസിയായ ഏതെങ്കിലും മൃഗത്തിന് തീറ്റയായി നല്കാം! ഇതിൽപരം പ്രതികാരം വേറെന്ത് വേണം? 5 ഡോളർ മുതൽ 25 ഡോളർ വരെ സംഭാവന  ഈടാക്കിയാണ്  മൃഗശാല ഈ പരിപാടി നടത്തുന്നത്. ഇന്ത്യയിലെ മൃഗശാലകൾക്കും കൌതുകകരമായ ഈ വാലന്റീൻ പരിപാടി അനുകരിക്കാവുന്നതാണ്.

പ്രണയ ജീവികൾ 

ജൈവലോകത്തിലെ പ്രണയത്തെ കുറിച്ച് പറയുമ്പോൾ  ആദ്യം മനസ്സിലോടിവരുന്നത് ആ കൊച്ചു പക്ഷികളായിരിക്കും. ‘ലവ് ബേർഡ്സ്’ എന്ന മനോഹരമായ പേരുള്ള ആ കൊച്ചു തത്തകൾ. അഗാപോർണിസ്   (Agapornis) എന്നാണ് ഈ പക്ഷികളുടെ ജനുസ്സിന്റെ പേര്. അഗാപോർണിസ് ജനുസ്സിന്റെ കീഴിൽ ഒൻപത് സ്പീഷീസുകളുണ്ട്. സ്വദേശം ആഫ്രിക്കയാണെങ്കിലും ഇപ്പോൾ  ലോകമെമ്പാടും ഓമനകളായി അവയെ വളർത്തുന്നുണ്ട്. അഗാപ്പെ, ഓർണിസ് എന്നീ രണ്ട് ഗ്രീക്ക് വാക്കുകൾ ചേർന്നാണ് അഗാപോർണിസ് എന്ന വാക്കുണ്ടായത്. അഗാപ്പെയുടെ അർഥം സ്നേഹം എന്നും ഓർണിസ് എന്നാൽ പക്ഷിയും ആണ്. എങ്ങനെയായിരിക്കും തത്തവർഗ്ഗത്തിൽ പെട്ട ഈ പക്ഷികൾക്ക്   അങ്ങനെയൊരു പേര് കിട്ടിയിട്ടുണ്ടാവുക? പ്രധാനകാരണം ഇണകളുടെ സ്ഥിരമായ കൂട്ടുകെട്ട് തന്നെ. ജീവിതകാലം മുഴുവൻ ഒരേ ഇണക്കിളിയുമൊത്താണ് ഇവയുടെ ജീവിതം. ഏകദേശം 15 വർഷമാണ് അവയുടെ ആയുസ്സ്. ഇണകളിലൊന്നിന് ജീവൻ  നഷ്ടപ്പെടുകയാണെങ്കിൽ മറ്റേ പക്ഷി ഒരു തരം ഡിപ്രഷന്റെ ലക്ഷണങ്ങൾ കാണിക്കുമത്രേ.  ഇതിന് പുറമേ പലവിധത്തിലുമുള്ള പ്രണയചേഷ്ടകൾ കാണിക്കുന്ന പക്ഷികളാണ് ലവ് ബേർഡ്സ്. അതിലൊന്നാണ് പരസ്പരം ഭക്ഷണം കൈമാറുന്നത്. ഒരു പക്ഷി മറ്റേ പക്ഷിയുടെ വായിലേക്ക് തന്റെ കൊക്കുകൊണ്ട് ഭക്ഷണം വെച്ചുകൊടുക്കും. കാമുകീകാമുകന്മാർ ചെയ്യുന്നതുപോലെ. ഏതെങ്കിലും കാരണവശാൽ കുറച്ചു സമയം  പരസ്പരം കാണാതിരിക്കുകയാണെങ്കിൽ, ആ വേർപാടിന് ശേഷമുള്ള സമാഗമം സ്നേഹപ്രകടനങ്ങളുടെ തീവ്രത കൂട്ടുകയും ചെയ്യും. സെൽറ്റിക്ക് മിഥോളജിയിലെ (Celtic mythology)  പ്രണയദേവനായ ഈൻഗസിന്റെ (Aengus) തലയ്ക്ക് ചുറ്റും ഈ പ്രണയപ്പക്ഷികൾ പറക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത് കാണാം.

ജീവിതകാലം മുഴുവനും ഒരു പങ്കാളി മാത്രമുള്ള വേറെയും ഒട്ടേറെ പക്ഷികളും മൃഗങ്ങളുമുണ്ട്. അവയിൽ പലതും പ്രണയചേഷ്ടകൾ കാണിക്കുന്നവയുമാണ്. എല്ലാറ്റിനേക്കുറിച്ചും എഴുതാൻ സ്ഥലപരിമിതി അനുവദിക്കാത്തതിനാൽ അതിന് മുതിരുന്നില്ല.

പടക്കപ്പൽ പക്ഷി 

പ്രണയവുമായി ബന്ധിപ്പിക്കാവുന്ന  മറ്റൊരു പക്ഷി സുന്ദരനാണ് അറ്റ്ലാന്റിക്കിന്റെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ (കരീബിയൻ ദ്വീപുകൾ, കേപ് വെർഡെ ദ്വീപുകൾ, അമേരിക്കയിലെ ഫ്ലോറിഡ തുടങ്ങിയവ) ജീവിക്കുന്ന ‘സുന്ദരൻ പടക്കപ്പൽ പക്ഷി’ (Magnificent Frigatebird- Fregata magnificens). നൂറ് സെന്റീമീറ്ററിലധികം നീളമുള്ള വലിയ കടൽപ്പക്ഷിയാണിത്. 1492 ൽ കേപ് വെർഡെ ദ്വീപുകൾക്കരികിലൂടെയുള്ള കടൽ യാത്രയ്ക്കിടയിൽ ക്രിസ്റ്റഫർ  കൊളംബസ് ഈ പക്ഷികളെ കണ്ടിരുന്നുവത്രെ. സൌന്ദര്യത്തിന്റെ കാര്യത്തിൽ ആൺപക്ഷികളാണ് മുമ്പിൽ. അതാണ് പക്ഷി സുന്ദരൻ എന്ന് എടുത്ത് പറഞ്ഞത്. പെൺപക്ഷികളെ ആകർഷിക്കാൻ  ആൺപക്ഷികൾ  നടത്തുന്ന അസാദ്ധ്യമായ ഒരു പ്രകടനമുണ്ട്. അവയുടെ കഴുത്തിൽ ചുവപ്പുനിറമുള്ള തൊലി കൊണ്ട് നിർമ്മിച്ച ഒരു സഞ്ചിയുണ്ട് (gular sack). ഇണചേരാൻ നേരം ഈ സഞ്ചി ഊതി വീർപ്പിക്കും. ഹൃദയത്തിന്റെ ആകൃതിയുള്ള ഒരു ബലൂൺ പോലെ ഇത് പൊങ്ങിവരും. ഈ ഹൃദയബലൂണിന്റെ മാസ്മരികതയിൽ ആകൃഷ്ടയായാണ് പെൺപക്ഷി ഇണചേരാൻ സമ്മതം മൂളുന്നത്. കണ്ടാൽ ആൺപക്ഷി സ്വന്തം ഹൃദയമാണ് തന്റെ പ്രിയതമയ്ക്കായി വെച്ചുനീട്ടുന്നത് എന്ന് തോന്നും. എന്തൊരു റൊമാന്റിക്ക് രംഗമാണ്! അല്ലേ?

ഹൃദയരക്തമൊഴുക്കുന്ന പക്ഷി 

പ്രാണപ്രിയർക്കായി വേണമെങ്കിൽ ഹൃദയരക്തമൊഴുക്കാൻ പോലും  സന്നദ്ധരാണല്ലോ കടുത്ത റൊമാന്റിക്കുകളായ കമുകീ കാമുകന്മാർ. ഒറ്റനോട്ടത്തിൽ ഹൃദയരക്തം ഒഴുക്കുകയാണോ എന്ന് തോന്നിക്കുന്ന ഒരു പക്ഷിയുണ്ട് ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിൽ. ‘രക്തം വാർന്നൊഴുകുന്ന ഹൃദയമുള്ള പ്രാവ്’ എന്ന അർത്ഥം വരുന്ന ബ്ലീഡിങ്-ഹാർട്ട് ഡൌവ് (Bleeding-heart Dove- Gallicolumba luzonica) എന്നാണ് പക്ഷിയുടെ പേര്. സംഗതി രക്തമൊഴുക്കുന്നതൊന്നുമല്ല. വെളുത്ത നിറമുള്ള നെഞ്ചിൽ നല്ല ചുവപ്പ് നിറമുള്ള വലിയൊരു പൊട്ടുണ്ട്. അവിടെ നിന്നും ചുവപ്പ് നിറം ഉദരഭാഗത്തേക്ക് ഒഴുകിയിറങ്ങിയതുപോലെയുമുണ്ടാകും. ഹൃദയം പൊട്ടി ചോരയൊഴുകുന്നതാണെന്ന് തോന്നും. ആൺപക്ഷികളിലാണ് ഈ ചുവപ്പ് നിറം കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നത്.

ചുംബന മൽസ്യങ്ങൾ

പക്ഷികളെ വിട്ട് മൽസ്യങ്ങളിലേക്ക് വരാം. പേരിൽ തന്നെ ചുംബനമുള്ള മൽസ്യങ്ങളാണ് കിസ്സിങ് ഗുറാമികൾ (Kissing Gouramis-Helostoma temminckii). മലേഷ്യ, ഇന്തോനേഷ്യ, സുമാത്ര തുടങ്ങിയ സ്ഥലങ്ങളിലെ മഴക്കാടുകളാണ് ജന്മനാടെങ്കിലും ലോകത്തെങ്ങുമുള്ള മൽസ്യപ്രേമികളുടെ ചില്ല് കൂടുകളിൽ കിസ്സിങ് ഗുറാമികൾ ഉണ്ടാകും. കണ്ടാൽ പ്രണയപൂർവ്വം ചുംബിക്കുകയാണെന്ന് തോന്നുമെങ്കിലും അത് പ്രണയചുംബനമല്ലേയല്ല. പിന്നെയോ? രണ്ട് ആൺ മൽസ്യങ്ങൾ ചുണ്ട് നീട്ടി പോരടിക്കുകയാണ്. ചുംബിച്ചു തോൽപ്പിക്കുന്നവൻ ജേതാവായി! ജൈവലോകത്തെ മനുഷ്യന്റെ ധാരണകൾ വെച്ചു കാണാൻ ശ്രമിക്കുമ്പോൾ യുദ്ധവും പ്രണയചേഷ്ടകളാകാം!

Happy
Happy
62 %
Sad
Sad
0 %
Excited
Excited
31 %
Sleepy
Sleepy
8 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post LUCA GSFK Evolution Quiz – പാലക്കാട് ജില്ലയ്ക്ക് ഒന്നാംസ്ഥാനം
Next post പൂപ്പൽ പിടിച്ച, അല്ല എഴുതിയ പ്രേമലേഖനം 
Close