Read Time:14 Minute


ഡോ.രതീഷ് കൃഷ്ണന്‍

കേൾക്കാം

എഴുതിയത് : ഡോ.രതീഷ് കൃഷ്ണൻ അവതരണം : സുദീപ് ബൽറാം

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ? രഹസ്യമായെങ്കിലും. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പരിചയമുണ്ടാവും. നിങ്ങളുടെ പ്രണയം അറിയിക്കാൻ വെമ്പി നിന്നിരുന്ന അവസരത്തിൽ നിങ്ങളുടെ കൈപ്പത്തികൾ വിയർത്തിരുന്നോ? വയറ്റിൽ ഒരു ഇക്കിളി തോന്നിയിരുന്നോ? അല്ലെങ്കിൽ, സംസാരിച്ചു തുടങ്ങിയപ്പോൾ സാധാരണമല്ലാത്ത ഒരു വിറയലും, ശബ്ദത്തിൽ ഒരു വിക്കലും അനുഭവിച്ചിരുന്നോ? ഇത്തരം ശാരീരിക മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ? നിങ്ങളുടെ നെഞ്ചിടിപ്പ് കുടിയിരുന്നോ? ഉണ്ടെങ്കിൽ എന്തുകൊണ്ടാണിങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? അതിനെക്കുറിച്ചാണീ ലേഖനം. വെറുപ്പിന്റെ ഈ കാലത്തു പ്രണയത്തെക്കുറിച്ചു എഴുതുന്നതിലും വലിയ രാഷ്ട്രീയ പ്രവർത്തനം എന്താണ് ?

ജീവിവർഗ്ഗങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ സാമൂഹിക കെട്ടുപാടുകൾ വഴിയും, പ്രത്യുല്പാദനം വഴിയും പ്രവർത്തിക്കുന്ന ഒരു ആന്തരിക പ്രതിഭാസമാണ് സ്നേഹം / പ്രണയം. ഇതിന്റെ നിർവചനം വെല്ലുവിളി നിറഞ്ഞതും ഒരുപക്ഷേ അസാധ്യമായതുമാണെങ്കിലും, ആ വികാരം മിക്കവാറും എല്ലാവർക്കും അനുഭവിക്കാൻ കഴിയുന്ന ഒന്നാണ്. ജീവശാസ്ത്രപരമായ ഈ പ്രാമുഖ്യം, പ്രണയത്തിന്റെ പിന്നിലെ ആന്തരിക ജീവശാസ്ത്രം / രസതന്ത്രം വിശദീകരിക്കുന്നതിൽ ശാസ്ത്രം കണ്ടെത്തുന്ന വലിയ താല്പര്യത്തെ സാധൂകരിക്കുന്നു.

എന്താണ് സ്നേഹം / പ്രണയം ?

ഇന്ന് ശാസ്ത്രലോകത്തിന്റെ പഠനങ്ങളുടെ ഫലമായി ഏതൊക്കെ രാസതന്മാത്രകളുടെ പ്രവർത്തനവും പ്രതിപ്രവർത്തനവും കാരണമാണ് നമ്മളുൾപ്പടെയുള്ള ജീവിവർഗ്ഗങ്ങൾ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നതെന്ന് നമുക്കറിയാം. പ്രധാനമായും മൂന്ന് അവസ്ഥകളാണ് പ്രണയത്തിലുള്ളത്. അതിനെ പൊതുവിൽ ഇച്ഛ (Lust), ആകര്‍ഷണം (Attraction), സൗഹൃദപരമായ ബാന്ധവം (attachment) എന്നിവയാണവ. ഈ ഓരോ അവസ്ഥയിലും നമ്മളുടെ തലച്ചോറിൽ വ്യത്യസ്തമായ രാസതന്മാത്രകളുടെ ആരോഹണങ്ങളും അവരോഹണങ്ങളും നടക്കുകയാണ്. അതെന്തൊക്കെയാണെന്നു നോക്കാം.

ആദ്യ അവസ്ഥയായി ഇച്ഛ, ജീവിവർഗ്ഗങ്ങളുടെ നിലനില്പിനാധാരമായ ലൈംഗീക ചോദനയുടെ ഫലമാണ്. രണ്ടു പ്രധാന രാസതന്മാത്രകളാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. Testosterone എന്ന പുരുഷ ലൈംഗീക ഹോർമോണും, Estrogen എന്ന സ്ത്രൈണ ലൈംഗീക ഹോർമോണും, എന്ന് പൊതുവെ അറിയപ്പെടുന്നവയാണ് ഇവ. ഇങ്ങനെയാണ് അറിയപ്പെടുന്നതെങ്കിലും ഇവ രണ്ടും സ്ത്രീയിലും പുരുഷനിലും വ്യക്തമായ കർത്തവ്യമുള്ള രാസതന്മാത്രകളാണ്. ഉദാ: എല്ലാവരിലും ലൈംഗിക തൃഷ്‌ണ ഉണ്ടാക്കുന്നത് Testosterone ആണ്. നമ്മളുടെ തലച്ചോറിനകത്തെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ഈ ഹോർമോണുകളുടെ ഉത്പാദനം സാധ്യമാക്കുന്നത്. ഇതിന്റെ ഫലമായാണ് നമ്മളിൽ ആഗ്രഹം ഉണ്ടാവുന്നത്. ഉയർന്ന Testosterone ഉള്ള വ്യക്തി ഉയർന്ന Estrogen ഉള്ള വ്യക്തിയോടാവും താല്പര്യമുണ്ടാവുക. ഇതിനർത്ഥം ഈ രാസതന്മാത്രകൾ മാത്രം കാര്യം തീരുമാനിക്കുന്നു എന്നല്ല. അങ്ങനെയെങ്കിൽ വെറും രാസതന്മാത്രകളുടെ പ്രതിപ്രവർത്തനം മാത്രമായി ചുരുങ്ങി പോകുമായിരുന്നു പ്രണയം. അതിനു ഒരുപാട് സാമൂഹിക ഘടകങ്ങളുമുണ്ട്.

തന്റെ ഇണയിൽ വേണം എന്ന് ഒരാൾ ആഗ്രഹിക്കുന്ന ഗുണവിശേഷങ്ങൾ, വളർന്നു വന്ന സാഹചര്യം ഒരാളിൽ രൂപപ്പെടുത്തുന്ന കാഴ്ചപാടുകൾ, അങ്ങനെയങ്ങനെ ഒരുപാട് ഘടകങ്ങൾ. ഈ ഘടകങ്ങളുടെ രാസതന്മാത്രകളുടെ അളവുകളും പൊരുത്തപ്പെടുമ്പോഴാണ് ഒരാൾക്ക് മറ്റൊരാളോട് ഇച്ഛയുണ്ടാവുന്നത് / ആഗ്രഹമുണ്ടാവുന്നത്. ഈ അവസ്ഥാവിശേഷത്തിൽ നിന്നും നമ്മൾ രണ്ടാമത്തെ അവസ്ഥയിലേക്കെത്തുന്നു.

വീണ്ടും ഹൈപ്പോതലാമസ്

തലച്ചോറിൽ വളരെ കുറഞ്ഞ അളവിൽ സ്വാഭാവികമായി കാണപ്പെടുന്ന ഒരു രാസതന്മാത്രയാണ് Phenyl ethyl amine. ഒരുപക്ഷെ നമ്മുടെ തലച്ചോറ് സ്വന്തമായി ഉണ്ടാക്കുന്ന ഒരു മയക്കുമരുന്നാണിത്. ( amphetamine എന്ന മയക്കുമരുന്നിനോട് തുലനം ചെയ്യാവുന്നത്) നമ്മൾ സാഹസികമായി ചെയ്യുന്ന കാര്യങ്ങൾ, (പാരാഗ്ലൈഡിങ്, sky jumping etc) തലച്ചോറിൽ ഈ രാസതന്മാത്രയുടെ അളവ് വർധിപ്പിക്കും. മറ്റൊരു സ്രോതസ്സ് ചോക്‌ളേറ്റാണ്. അതിനാലാവാം പ്രണയിക്കുന്നവർ ചോക്ലേറ്റ് കൈമാറുന്നത്. ഈ തന്മാത്രയുടെ ഉയർന്ന അളവ്, നമ്മളെ രാത്രി മുഴുവൻ ഉണർന്നിരിക്കാൻ മാത്രം ഊർജ്ജം തരാൻ പ്രാപ്തമാണ്. പ്രണയത്തിന്റെ ആദ്യ ആഴ്ചകളിൽ പുലരുവോളം ഫോണിൽ സംസാരിക്കുന്ന കമിതാക്കൾ ഈ കാലഘട്ടത്തിന്റെ പ്രതിനിധികളാണല്ലോ. ലോകം മുഴുവൻ കീഴടക്കിയ ഒരു പ്രതീതി പ്രണയപ്രവേശകർക്കു നല്കുന്നതും ഈ തന്മാത്രയാണ്. പ്രണയത്തിന്റെ അടുത്തഘട്ടം തുടങ്ങുന്നത് ഈ രാസതമാത്ര ഹൈപ്പോതലാമസ്സിനെ ഉത്തേജിപ്പിച്ചു dopamine ഉല്പാദിപ്പിക്കുമ്പോഴാണ്. നമ്മുടെ തലച്ചോറിന്റെ പ്രതിഫലേച്ഛ പൂർത്തീകരിക്കുന്ന രാസതന്മാത്രയാണ് dopamine. നമ്മൾ ഇഷ്ട്ടപെടുന്ന ആളിന്റെ കൂടെ സമയം ചിലവഴിക്കുക, അയാളെക്കുറിച്ചാലോചിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഉയർന്ന അളവിൽ dopamine ഉല്പാദിപ്പിക്കും. ഇത് രണ്ടാമത്തെ അവസ്ഥയായ ആകര്‍ഷണത്തിനു തുടക്കം കുറിക്കുന്നു. 2015 ൽ രണ്ടായിരത്തി അഞ്ഞൂറോളം കോളേജ് വിദ്യാർത്ഥികളിൽ നടത്തിയ fMRI പഠനങ്ങളിൽ നിന്നും, ഹെലൻ ഫിഷർ ലോകത്തോട് വിളിച്ചു പറഞ്ഞത്, പ്രണയപരവശരായ മനുഷ്യരുടെ തലച്ചോറിൽ രണ്ടിടത്താണ് ഏറ്റവുമധികം ഉത്തേജനമുള്ളതെന്നാണ്. ഒന്ന്, caudate nucleus. ഈ ഭാഗമാണ് പ്രതിഫലം ലഭിച്ചോ ഇല്ലയോ എന്ന് തിട്ടപ്പെടുത്തുന്നത്. രണ്ടു, ventral tegmental area. ഈ ഭാഗമാവട്ടെ, ആനന്ദം, പ്രതിഫലം നേടാനുള്ള വാഞ്ഛ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ പഠനത്തിന്റെ വെളിച്ചത്തിൽ നമുക്ക് മനസ്സിലാവുന്നത്, ഉയർന്ന അളവിലുള്ള dopamine നമ്മുടെ തലച്ചോറിൽ ഒരു പ്രതിഫലമായാണ് വീക്ഷിക്കപ്പെടുക എന്നുള്ളതാണ്. ആയതിനാൽ തന്നെ ഈ പ്രതിഫലം കൂടുതൽ നേടാൻ തലച്ചോറ് ശ്രമിക്കും. ഇത് വളരെ ഉന്മേഷദായകമായ ഒന്നാണ്. നിങ്ങളുടെ പ്രണയത്തിന്റെ ആദ്യ ആഴ്ചകൾ ഓർക്കാൻ ശ്രമിക്കുക. എത്ര കഷ്ടപ്പെട്ടും നിങ്ങളുടെ ഇണയെ കാണാൻ നിങ്ങൾ ശ്രമിച്ചിരുന്നില്ലേ? അതിനായി വെറുതെ കാരണങ്ങൾ ഉണ്ടാക്കിയിരുന്നില്ലേ?

ഇതേ പോലെ അമിതമായി സുഖം നല്കുന്ന മറ്റൊരു രാസ തമാത്രയാണ് Norephinephrine. ഈ തന്മാത്ര, മറ്റൊരു രാസപദാർത്ഥമായ adrinalin ന്റെ അളവ് വർധിപ്പിക്കുകയും, തത്ഫലമായി നിങ്ങളുടെ കമിതാവിന്റെ സാമീപ്യത്തിൽ നിങ്ങളുടെ രക്തത്തിന്റെ മർദ്ദം ഉയർത്തുകയും ചെയ്യുന്നു. ഇതാണ് ആ ഉയർന്ന നെഞ്ചിടിപ്പിന്റെയും, വിയർക്കുന്ന കൈപ്പത്തികളുടെയും കാരണം. ഈ സമയം cortisol എന്ന ഹോർമോൺ കൂടുന്നു. ഇത് ശരീരത്തെ ഏതു ആപത്തിനെയും നേരിടാൻ സജ്ജമാക്കുന്നു. “പ്യാർ കിയാ തോ ഡാർണാ ക്യാ” എന്ന് പാടാൻ തോന്നുന്നതിന്റെ കാരണം മനസ്സിലായില്ലേ. ഇതേ സമയം Serotonin എന്ന ഹോർമോണിന്റെ അളവ് തലച്ചോറിൽ കുറയുന്നു. Serotonin എന്ന ഹോർമോൺ, വിശപ്പ്, നമ്മുടെ ഭാവനിലകളുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു. Serotonin കുറയുന്നതോടെ വിശപ്പ് നഷ്ട്ടപ്പെടുന്നു. വേറെ ചില അവസ്ഥകളിലും serotonin കുറഞ്ഞു കാണപ്പെടാറുണ്ട്. അതിൽ ഒന്ന്, Obsessive Compulsive Disorder (OCD) ഉള്ളവരിലാണ്. ഇതിനോട് ചേർത്താണ്, ഇന്ന് ശാസ്ത്ര സമൂഹം, പ്രണയത്തിന്റെ ആദ്യ കാലഘട്ടത്തിൽ കമിതാക്കൾ പ്രകടിപ്പിക്കുന്ന ഉയർന്ന നിലയിലുള്ള ആസക്തി (infatuation) വിശദീകരിക്കുന്നത്. പ്രണയത്തിന്റെ ആദ്യ ആഴ്ചകളിലെ ഈ അവസ്ഥകൾ ചിലപ്പോൾ നിങ്ങൾ ഓർക്കുന്നുണ്ടാവും.

ഇതൊന്നും കൂടാതെ, ഇങ്ങനെ പ്രവഹിക്കുന്ന വിവിധ രാസതന്മാത്രകൾ ചില പ്രവർത്തന പാതകളെ തടസ്സപ്പെടുത്തുന്നുമുണ്ട്. പ്രധാനമായും തടസ്സപ്പെടുന്നത് ഭയത്തിന്റെയും, സാമൂഹിക വിമര്‍ശനം ഉണ്ടാവുമോ എന്ന തോന്നലിന്റെയും പാതകളാണ്. ഇത് കൂടാതെ യുക്തിവിചാരം, കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവ് തുടങ്ങിയവയും തടസ്സപെടുന്ന പാതകളാണ്. പ്രണയത്തിന്റെ എടുത്തുചാട്ടം എന്ന് പറയുന്നത് വെറുതെയല്ല.

ദീർഘകാല ബന്ധങ്ങൾ

മേല്പറഞ്ഞ രസാതന്മാത്രകളെല്ലാം തന്നെ ചുരുങ്ങിയ കാലയളവിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. അതിനാൽ തന്നെ ഇവയെല്ലാം പ്രണയത്തിന്റെ ആദ്യ ആഴ്ചകളിൽ മാത്രമേ മേൽ പറഞ്ഞ സംഭവവികാസങ്ങൾക്ക് കാരണമാകൂ. എന്നാൽ പലപ്പോഴും നമ്മൾ കാണുന്ന ദീർഘകാലബന്ധങ്ങൾ ഇതിൽ നിന്നും ഉണ്ടാവില്ല. അവിടെയാണ് മറ്റു രണ്ടു രാസതന്മാത്രകളുടെ പ്രവൃത്തി മണ്ഡലം. Oxytocin നും Vasopressin നുമാണത്. രണ്ടു വ്യക്തികൾക്കിടയിൽ ആരോഗ്യപരമായ അതിർത്തികൾ നിർണയിക്കാനും, ബന്ധുത്വം ഊട്ടിയുറപ്പിക്കൽ സാധ്യമാക്കുന്നതും oxytocin നാണ്. ഇതിനു സമാനമായ ഒരു പ്രവൃത്തിയാണ് വാസോപ്രെസ്സിനും നിർവഹിക്കുന്നത്. ദീർഘകാല ബന്ധങ്ങൾ സാധ്യമാക്കുന്നതും, അത് ഒരു ഇണയോട് മാത്രമായി ചുരുക്കാൻ സഹായിക്കുന്നതും vasopressin-നാണ്.

ഈ ദീർഘകാല ബന്ധങ്ങളിൽ പ്രണയം പ്രവർത്തിക്കുന്നത് രസമാണ്. ഒരു പിരിമുറുക്കമായാണ് പ്രണയം ആരംഭിക്കുന്നത്. മാറിമാറി വരുന്ന രാസതന്മാത്രകളുമായി സംവദിക്കേണ്ടി വരുന്ന തലച്ചോറിന്നെ സംബന്ധിച്ച് പ്രത്യേകിച്ചും കാര്യങ്ങൾ ക്ലേശകരമാണ്. എന്നാൽ ദീർഘകാല ബന്ധങ്ങൾ സ്ഥാപിക്കപ്പെടുന്നതോടു കൂടി, തലച്ചോറിനെ സംബന്ധിച്ച് ഇത് ക്ലേശകരമല്ലാതാവും, എന്ന് മാത്രമല്ല പിരിമുറുക്കങ്ങൾക്കു നല്ല ഒരു മരുന്നായി പ്രവർത്തിക്കുകയും ചെയ്യും.
ഈ കാലയളവിൽ serotonin ആവശ്യമുള്ള അളവ് ഉല്പാദിപ്പിക്കപ്പെടുകയും, തീക്ഷണത കുറഞ്ഞ അളവിൽ പ്രതിഫല പാതകൾ ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യും. ചിലരിൽ അങ്ങനെയാവണമെന്നുമില്ല. കാലം തളർത്താത്ത പ്രണയ വീരന്മാരും വീരകളും കവിതകളിലും, കഥകളിലും മാത്രമല്ല, ജീവിതത്തിലും നമ്മൾ പരിചയപ്പെടാറുണ്ടല്ലോ.

മനുഷ്യർ‌ എന്നത്തേക്കാളും അധികം അടുത്തുവരികയും (ശാസ്ത്ര സാങ്കേതിക കുതിപ്പുകൾ കാരണം) ബന്ധങ്ങൾ‌ സങ്കീർ‌ണ്ണമാവുകയും ചെയ്യുന്ന ഒരു കാലത്തിലാണല്ലോ നമ്മൾ ജീവിക്കുന്നത്. കൂടുതൽ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കാം.


ലേഖനം വായിക്കാം


Happy
Happy
57 %
Sad
Sad
0 %
Excited
Excited
25 %
Sleepy
Sleepy
3 %
Angry
Angry
2 %
Surprise
Surprise
13 %

One thought on “പ്രണയിക്കുമ്പോള്‍ നമ്മില്‍ എന്താണ് സംഭവിക്കുന്നത് ?

Leave a Reply

Previous post ഹിപ്പോക്രാറ്റിക്ക് പ്രതിജ്ഞക്ക് പകരം ചരക ശപഥം !!!
Next post മഴവില്ലിന്റെ വർത്തമാനം
Close