Read Time:16 Minute

വിനോദ് സ്കറിയ, അഫ്ര ഷംനാഥ്

Institute of Genomics and Integrative Biology, Delhi

കോവിഡ്-19 പകർച്ചവ്യാധി ആഗോളതലത്തിൽ പടർന്നുപിടിച്ചപ്പോൾ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ദ്രുതഗതിയിൽ വാക്സിൻ വികസിപ്പിച്ചെടുക്കുവാനുള്ള പരിശ്രമങ്ങളിൽ മുഴുകിയതിന്റെ ഫലമായി നിരവധി കോവിഡ്-19 വാക്സിനുകൾ ഇന്ന് ലഭ്യമാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒന്നോ അതിലധികമോ കോവിഡ്-19 വാക്സിനുകൾക്ക്  അംഗീകാരം നൽകിയിട്ടുണ്ട്.  എംആർഎൻഎ (mRNA), ഡിഎൻഎ (DNA) വാക്സിനുകൾ, അഡിനോവൈറസ് (Adenovirus) വാക്സിനുകൾ , പ്രോട്ടീൻ സബ് യൂണിറ്റ് (Protein Sub-unit) വാക്സിനുകൾ എന്നിവയാണ് അവ.   വാക്സിനേഷൻ ഈ വർഷം ആദ്യം പല രാജ്യങ്ങളിലും ആരംഭിച്ചു. നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന വാക്സിനുകൾ തീവ്രമായ രോഗവും മരണങ്ങളും തടയാൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ആദ്യകാല ഫലങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. 

തദ്ദേശീയ വാക്സിനുകളുടെ വികസനത്തിലും ഉത്പാദനത്തിലും ഇന്ത്യൻ ശാസ്ത്രജ്ഞർ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ പ്രധാനമായും മൂന്ന് വാക്സിൻ ഇനങ്ങൾക്കാണ് അംഗീകാരം നൽകുന്നത് . AZD1222 /ChAdOx11 (കോവിഷീൽഡ്), ബിബിവി152 (കൊവാക്സിൻ), ഗാം-കോവിഡ്-വാക് (സ്പുട്നിക് വി). കൂടാതെ അടുത്തിടെ ഒരു ഡിഎൻഎ വാക്സിനും (സൈഡ്കോവി-ഡി) ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അംഗീകാരം നേടിയിട്ടുണ്ട്. 

ഇന്ത്യയിലെ പ്രതിദിന വാക്സിനേഷൻ നിരക്ക്  1 കോടി ഡോസുകളിൽ എത്തിയെന്നത് സന്തോഷകരമാണ്. പ്രത്യേകിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളിൽ ഈ പ്രതിരോധ കുത്തിവയ്പ്പ് വരുംദിവസങ്ങളിൽ ഗുരുതരമായ രോഗങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് ഗണ്യമായ സംഭാവന നൽകും.

വാക്‌സിൻ അസമത്വം

വാക്‌സിൻ വികസനത്തിലും ഉത്പാദനത്തിലും ത്വരിതഗതി തുടരുമ്പോഴും, ലോകമെമ്പാടും വാക്സിനുകൾ ലഭ്യമാക്കുന്നതിൽ കടുത്ത അസമത്വം ഉണ്ടെന്നതും ശ്രദ്ധേയമാണ്. 2021 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം, ലോകജനസംഖ്യയുടെ ഏകദേശം 39.6% പേർക്ക് ഒരു ഡോസ് വാക്സിൻ വീതവും  27.1% പേർ രണ്ട് ഡോസ് വാക്സിൻ വീതവും ലഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 5.34 ബില്യൺ ഡോസുകൾ നൽകപ്പെട്ടിട്ടുണ്ട്, ഓരോ ദിവസവും 40.5 ദശലക്ഷം ഡോസുകൾ  എന്ന നിരക്കിൽ വാക്സിൻ ലഭ്യമാകുന്നു. ഉയർന്ന വരുമാനമുള്ള ഇസ്രായേൽ,  യുണൈറ്റഡ് കിംഗ്ഡം പോലെയുള്ള രാജ്യങ്ങൾ വാക്‌സിൻ ബൂസ്റ്റർ ഡോസുകൾ (Booster) നൽകുമ്പോൾ, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ 1.8% ആളുകൾക്ക് മാത്രമേ ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്. 

ജനിതക വകഭേദങ്ങൾ

ജനിതക വകഭേദങ്ങൾ സാർസ്-കോവ്-2 വൈറസിന്റെ സ്വാഭാവിക പരിണാമത്തിന്റെ ഭാഗമാണ്. ഇവയിൽ എല്ലാ വകഭേദങ്ങളും പ്രാധാന്യമുള്ളവയല്ല. ഈ വകഭേദങ്ങളുടെ ഒരു ചെറിയ ഉപവിഭാഗത്തെ മാത്രമാണ് ആശങ്കയ്ക്ക് കാരണമായ (Variant of Concern) വകഭേദങ്ങളായി കണക്കാക്കുന്നത്. 

ലോകാരോഗ്യ സംഘടന അടുത്തിടെ ആശങ്കയ്ക്ക് കാരണമായ SARS-CoV-2 വകഭേദങ്ങളെ ആൽഫ (B.1.1.7), ബീറ്റ (B.1.315), ഗാമ (P.1), ഡെൽറ്റ (B.1.617.2) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. പൊതുവായി പറഞ്ഞാൽ, ആശങ്കയ്ക്ക് കാരണമായ വകഭേദങ്ങൾ (variants of concern) വളരെ ഉയർന്ന പകർച്ചവ്യാധി ശേഷി (infectivity), രോഗപ്രതിരോധ രക്ഷപ്പെടൽ (immune Escape) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഡെൽറ്റയുടെ (ബി.1.617.2) ആവിർഭാവം ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും അണുബാധയുടെ  ഒരു തരംഗത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യയിലുൾപ്പടെ അനിയന്ത്രിതമായ അണുബാധ ഗണ്യമായ മരണങ്ങൾക്ക് കാരണമായി എന്നാണ് കാണുവാൻ സാധിക്കുന്നത്. നിരവധി ബ്രേക്ക്ത്രൂ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഡെൽറ്റ വകഭേദങ്ങൾ വാക്സിനുകളുടെ ഫലപ്രാപ്തി കുറച്ചതായി നിരീക്ഷിക്കപ്പെടുന്നു.

എന്താണ് വാക്സിൻ ബ്രേക്ക്ത്രൂ അണുബാധകൾ?

പൂർണ്ണമായും വാക്സിനേഷൻ ലഭിച്ച വ്യക്തികളിൽ ഉണ്ടാകുന്ന അണുബാധയാണ് വാക്സിൻ ബ്രേക്ക്ത്രൂ അണുബാധകൾ. കോവിഡ് -19 ന്, അംഗീകൃത കോവിഡ് -19 വാക്സിന്റെ രണ്ടാം ഡോസിന്റെ 14 ദിവസത്തിനുശേഷം, വ്യക്തികളിൽ ഉണ്ടാകുന്ന അണുബാധകളെ വാക്സിൻ ബ്രേക്ക്ത്രൂ അണുബാധകളായി പരിഗണിക്കുന്നു. ബ്രേക്ക്ത്രൂ അണുബാധ യെ സംബന്ധിച്ച് വലിയ ആശങ്കവേണ്ട, കാരണം ഇത് വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികളുടെ ഒരു ചെറിയ അനുപാതം ആളുകൾക്ക് മാത്രമാണ് സംഭവിക്കുന്നത്. 

വാക്സിൻ ബ്രേക്ക്ത്രൂ അണുബാധ ഉണ്ടാകുന്നവരിൽ ഗണ്യമായ വിഭാഗം ആളുകൾക്കും  നേരിയ രോഗം മാത്രമേ കാണപ്പെടുന്നുള്ളു എന്നത് ശ്രദ്ധേയമാണ്. അതിനാൽത്തന്നെ വാക്സിനുകൾ ഗുരുതരമായ രോഗത്തെയും മരണത്തെയും തടയാൻ ഫലപ്രദമാണ് എന്ന വസ്തുത അടിവരയിടുന്നു. 

വാക്സിൻ ബ്രേക്ക്ത്രൂ അണുബാധയുടെ വ്യാപനത്തിന്റെ കണക്കുകളുടെ ഏറ്റവും വലിയ ഉറവിടം വാക്സിനുകൾക്കായുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ (Phase III Clinical Studies) ഡാറ്റയിൽ നിന്നാണ്. നിലവിൽ നൽകുന്ന വാക്സിനുകൾക്കുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് ബ്രേക്ക്ത്രൂ നിരക്ക് കോവിഷീൽഡ് 0.2% മുതൽ 0.6% വരെയും, കോവാക്സിൻ 0.77% വരെയും വാക്സിൻ പൂർത്തിയാക്കിയ ആളുകൾക്ക് ലഭിക്കാമെന്നതാണ് (Ella et al. 2021 and Voysey et al. 2021). 

കേരളത്തിൽ വാക്സിനേഷൻ കവറേജ് കൂടുതലായതിനാൽ, ഈ ചെറിയ അനുപാതങ്ങൾ വലിയ സംഖ്യകളായി കാണപ്പെടുന്നതിൽ അതിശയിക്കാനില്ല. എന്നിരുന്നാലും, കേരളത്തിലെ വാക്സിൻ ബ്രേക്ക്ത്രൂ അണുബാധയുടെ അനുപാതം പ്രതീക്ഷിച്ച പരിധിക്കുള്ളിലാണ്.

വാക്സിൻ ബ്രേക്ക്ത്രൂ അണുബാധയുടെ വ്യാപനത്തെക്കുറിച്ചുള്ള ഡാറ്റയുടെ രണ്ടാമത്തെ ഉറവിടം ഇന്ത്യയിലും വിദേശത്തുമുള്ള അണുബാധകളുടെ തരംഗത്തിന്റെ പഠനങ്ങളിൽ നിന്നാണ്. 

ഡൽഹിയിലെ ഒരു തൃതീയ പരിചരണ കേന്ദ്രത്തിൽ അടുത്തിടെ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നത് രോഗലക്ഷണങ്ങളില്ലാത്ത (Asymptomatic) വാക്സിൻ ബ്രേക്ക്ത്രൂ അണുബാധകൾ കൂടുതൽ വ്യാപകമായിരുന്നു എന്നാണ്. ഇപ്പോൾ ഉപയോഗത്തിലുള്ള വാക്‌സിനുകൾ രോഗലക്ഷണങ്ങളില്ലാത്ത അണുബാധകളിൽ നിന്ന് സമ്പൂർണ്ണ സംരക്ഷണം നൽകുന്നില്ലെന്ന് ഈ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നു. പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത വ്യക്തികളിൽ പോലും വൈറസ് പടരാതിരിക്കാൻ പൊതുജനാരോഗ്യ നടപടികൾ (Public Health measures) പാലിക്കേണ്ടത് ഇപ്പോഴും പ്രധാനമാണെന്നും ഇത് എടുത്തുകാണിക്കുന്നു.

എന്തുകൊണ്ടാണ് വാക്സിൻ ബ്രേക്ക്ത്രൂ അണുബാധകൾ ഉണ്ടാകുന്നത്?

ഒരു വാക്സിനും നൂറു ശതമാനം ഫലപ്രദമല്ലെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് . SARS-CoV-2 ന്റെ ജനിതക വ്യതിയാനങ്ങൾ പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയോ മുൻകാല അണുബാധകളിലൂടെയോ ഉയർത്തിയ ആന്റിബോഡികളിൽനിന്നു രക്ഷപെടാൻ സ്വാധീനം ചെലുത്തുമെന്ന് സമീപകാല നിരീക്ഷണങ്ങൾ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഗുരുതരമായ രോഗങ്ങൾക്കും മരണത്തിനും സാധ്യത കുറയ്ക്കുന്നതിലൂടെ വാക്സിനുകൾ അധിക സംരക്ഷണം നൽകുന്നു. ബ്രേക്ക്ത്രൂ അണുബാധകൾ സാധാരണയായി മിതമായ ലക്ഷണങ്ങളോടെയാണ് സംഭവിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റ പോലുള്ള നിലവിലെ ആശങ്കയ്ക്ക് കാരണമായ (Variant of Concern) വകഭേദങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ്പുകൾ ഫലപ്രദമാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. സമീപകാലത്തെ നിരവധി പഠനങ്ങൾ (Al Qahtani et. al ) ഡെൽറ്റ വ്യതിയാനം ഉണ്ടായിരുന്നിട്ടും, പ്രതിരോധ  കുത്തിവയ്പ് നടത്തിയ വ്യക്തികൾക്ക് രോഗഭാരം, ആശുപത്രിയിൽ പ്രവേശനം, ഐസിയു പ്രവേശനം എന്നിവയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് സംശയമില്ലാതെ കാണിക്കുന്നു.

വാക്സിൻ വിമുഖത 

നിലവിൽ ഉപയോഗത്തിലുള്ള വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സൂചിപ്പിക്കുന്ന സുപ്രധാന തെളിവുകൾ ഉണ്ടായിരുന്നിട്ടും, ചിലരെങ്കിലും ഇപ്പോഴും  വാക്സിനുകൾ എടുക്കാൻ മടിക്കുന്നു എന്നത് നിരാശാജനകമാണ്. 2021 സെപ്റ്റംബർ 2 വരെ ലോകമെമ്പാടും 4.5 ദശലക്ഷത്തിലധികം മരണങ്ങളും 219 ദശലക്ഷം അണുബാധകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, വാക്സിൻ എടുക്കാൻ മടിക്കുന്നത് പാൻഡെമിക്കിനേക്കാൾ വലിയ ഒരു പ്രശ്നമായി തുടരുന്നു. 

ഈ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ (Machingaidze et.al), വിമുഖത പ്രധാനമായും പാർശ്വഫലങ്ങളെ ചുറ്റിപ്പറ്റിയുള്ള തെറ്റായ ആശയവിനിമയത്തിൽ നിന്നാണ് ഉത്ഭവിച്ചിട്ടുള്ളതെന്നു സൂചിപ്പിക്കുന്നു. ബുർക്കിന ഫാസോ, മൊസാംബിക്ക്, റുവാണ്ട, സിയറ ലിയോൺ, ഉഗാണ്ട, ഇന്ത്യ, നേപ്പാൾ, നൈജീരിയ, പാക്കിസ്ഥാൻ, കൊളംബിയ തുടങ്ങിയ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ നിന്നുള്ള പഠനങ്ങളെ താരതമ്യം ചെയ്തതിൽനിന്നു ഇത്തരം രാജ്യങ്ങളിൽ വാക്‌സിൻ സ്വീകാര്യത ~80.3% ആണെന്ന് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിലും ബുർക്കിന ഫാസോയിലും വാക്സിൻ സ്വീകാര്യത ഏറ്റവും കുറവായിരുന്നു (66.5%). വാക്സിനേഷനിലെ വംശീയവുമായ അസമത്വങ്ങളും ഈ പഠനങ്ങൾ അടിവരയിടുന്നു. വാക്സിൻ വിമുഖതയും വാക്സിനുകൾ ലഭ്യമല്ലാത്ത അവസ്ഥയും കാരണം വംശീയ-ന്യൂനപക്ഷങ്ങൾക്കിടയിൽ വാക്സിൻ സ്വീകാര്യതയിൽ ഗണ്യമായ വ്യത്യാസങ്ങളുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു(Nguyen et.al).

ചുരുക്കത്തിൽ

SARS-CoV-2 ന്റെ പുതിയ വകഭേദങ്ങൾ ലോകമെമ്പാടും രോഗബാധയെ തുടർന്നുള്ള വൈറസിന്റെ സ്വാഭാവിക പരിണാമത്തിന്റെ ഭാഗമായാണ് ആവിർഭവിക്കുന്നത്. ജനിതക നിരീക്ഷണം വഴി ലോകമെമ്പാടുമുള്ള വകഭേദങ്ങളുടെ ആവിർഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും വ്യാപനം തടയാനുള്ള നടപടികൾ പ്രാപ്തമാക്കുന്നതിനുള്ള തെളിവുകൾ നൽകാനും കഴിയും

കർശനമായ പൊതുജനാരോഗ്യ നടപടികളും പ്രതിരോധ കുത്തിവയ്പ്പുകളും ഗുരുതരമായ രോഗങ്ങളും അണുബാധയുമായി ബന്ധപ്പെട്ട മരണങ്ങളും ഗണ്യമായി കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന സമീപനമായി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 

സാംക്രമിക രോഗങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്കും ഉപജീവനത്തിനും ജീവിതത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന വസ്തുത അംഗീകരിക്കാനും ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് ഒരു രാജ്യത്തിനും ഒറ്റപ്പെട്ടു നിൽക്കാൻ കഴിയില്ലെന്നും ഇപ്പോഴത്തെ പകർച്ചവ്യാധി നമ്മെ ഓർമപ്പെടുത്തുന്നു .

പാൻഡെമിക്  അവസാനിപ്പിക്കുന്നതിനുള്ള ആഗോള മുൻഗണനകളിലൊന്നായിരിക്കണം വാക്സിൻ സമത്വം ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര സഹകരണം.


റഫറൻസുകൾ

  1. Ritchie, H. et al. Coronavirus Pandemic (COVID-19). Our World in Data (2020).
  2. Nguyen, L. H. et al. Racial and ethnic differences in COVID-19 vaccine hesitancy and uptake. medRxiv 2021.02.25.21252402 (2021).
  3. Campbell, F. et al. Increased transmissibility and global spread of SARS-CoV-2 variants of concern as at June 2021. Euro Surveill. 26, (2021).
  4. Yadav, P. D. et al. Neutralization of Beta and Delta variant with sera of COVID-19 recovered cases and vaccinees of inactivated COVID-19 vaccine BBV152/Covaxin. Journal of Travel Medicine (2021) doi:10.1093/jtm/taab104.
  5. Sapkal, G. N. et al. Neutralization of Delta variant with sera of Covishield vaccinees and COVID-19 recovered vaccinated individuals. bioRxiv 2021.07.01.450676 (2021) doi:10.1101/2021.07.01.450676.
  6. Ujjainiya, R. et al. High failure rate of ChAdOx1-nCoV19 immunization against asymptomatic infection in healthcare workers during a Delta variant surge: a case for continued use of masks post-vaccination. medRxiv 2021.02.28.21252621 (2021).
  7. Website. https://doi.org/10.1016/j.chom.2021.03.008 doi:10.1016/j.chom.2021.03.008.
  8. AlQahtani, M. et al. Morbidity and mortality from COVID-19 post-vaccination breakthrough infections in association with vaccines and the emergence of variants in Bahrain. (2021) doi:10.21203/rs.3.rs-828021/v1.
  9. COVID Live Update: 216,299,301 Cases and 4,500,421 Deaths from the Coronavirus – Worldometer. https://www.worldometers.info/coronavirus/.
  10. Machingaidze, S. & Wiysonge, C. S. Understanding COVID-19 vaccine hesitancy. Nat. Med. 27, 1338–1339 (2021).

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “കോവിഡ് -19 വാക്സിൻ ബ്രേക്ക്ത്രൂ രോഗപ്പകർച്ച – നമുക്ക് അറിയുന്നതും അറിയാത്തതും

Leave a Reply

Previous post ബെല്ലടിക്കുന്നു… ബാക്ക് റ്റു സ്കൂൾ
Next post നമ്മൾ നിശ്ശബ്ദരായപ്പോൾ…
Close