ചൈനയുടെ ടിയാൻവെൻ-1 – ചൊവ്വയിലേക്ക് ഒരു അതിഥി കൂടി


നവനീത് കൃഷ്ണൻ എസ്.

ചൈനയുടെ ചൊവ്വാക്കിനാവുകൾ യാഥാർത്ഥ്യമാകുമോ എന്ന് നാളെ അറിയാം. ടിയാൻവെൻ – 1 എന്ന ദൗത്യത്തിന്റെ ആദ്യപടവ് അവർ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ചൊവ്വയ്ക്കു ചുറ്റുമുള്ള ഓർബിറ്റിലാണ് ഇപ്പോൾ ടിയാൻവെൻ-1. ഇനി അടുത്ത ഘട്ടമാണ്. അതിൽനിന്നു ലാൻഡറിനെയും റോവറിനെയും സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കുക. ഷുറോങ് (Zhurong) എന്നാണ് റോവറിന്റെ പേര്. പേഴ്സിവിയറൻസിനെയും ക്യൂരിയോസിറ്റിയെയുംപോലെ അത്ര മികവുറ്റതൊന്നും അല്ലെങ്കിലും ആളും ഒരു സഞ്ചാരി തന്നെ! ശനിയാഴ്ച രാവിലെ 4.41ന് ഷുറോങും ലാൻഡറും ചൊവ്വയിൽ ഇറങ്ങും എന്നാണ് കരുതുന്നത്. ചൈനീസ് സ്പേസ് ഏജൻസിയുടെ സ്ഥിരീകരണം ഒന്നും ഇക്കാര്യത്തിൽ പക്ഷേ വന്നുകണ്ടില്ല.
ടിയാൻവെൻ-1 – ഓർബിറ്ററും ഷുറോങ് റോവറും കടപ്പാട് : CNSA
ഒരു നീലപ്പൂമ്പാറ്റ! ഷുറോങ് റോവറിനെ കണ്ടാൽ ഏതാണ്ട് അങ്ങനെയിരിക്കും. ആറു ചക്രങ്ങളുള്ള, മുകളിൽ നിറയെ സോളാർപാനലുകളുള്ള ഒരു വാഹനം. അത്യാവശ്യം ക്യാമറകളും മറ്റു സയൻസ് ഉപകരണങ്ങളും ഉണ്ട്. പാറകളും മണ്ണും പരിശോധിക്കുക, ഉപരിതലത്തിന് അടിയിൽ ഐസ് ഉണ്ടോ എന്നു കണ്ടെത്തുക, ചൊവ്വയിലെ ദിനാവസ്ഥ(weather) നിരീക്ഷിക്കുക, കാന്തികമണ്ഡലത്തെക്കുറിച്ചു പഠിക്കുക തുടങ്ങിയവയാണ് സയൻസ് ഉപകരണങ്ങളുടെ ജോലി.
2020 ജൂലൈ 23 ന് ടിയാൻവെൻ-1-ന്നുമായി ലോങ് മാർച്ച് 5 റോക്കറ്റ് Wenchang Space Launch Center ൽ നിന്നും പറന്നുയരുന്നു. കടപ്പാട് : Xinhua
ചൈനയുടെ ഷുറോങ് ഇറങ്ങുന്ന ഇടത്തിന്റെ പേര് നല്ല രസമാണ്. ഉട്ടോപ്യ പ്ലാനിഷ്യ! ചെറിയ ഇടമൊന്നുമല്ലാട്ടോ. 3300 കിലോമീറ്റർ വ്യാസമുള്ള ഒരു ഇടം. അതിൽ ഒരിടത്താവും ഷുറോങിന്റെ ദൗത്യം. വൈക്കിങ് 2 ലാൻഡർ ഇറങ്ങിയതും ഇതേ പ്രദേശത്താണ്.

എല്ലാ ചൊവ്വായിറക്കങ്ങളും പോലെ ചൈനയുടെ ദൗത്യത്തിനും ‘ഏഴു മിനിറ്റിന്റെ ഭീകരതയെ’ നേരിട്ടേ പറ്റൂ. അത് വിജയകരമായി പൂർത്തിയാക്കിയാൽ ചൊവ്വയിൽ വിജയക്കൊടി നാട്ടാൻ ചൈനയ്ക്കാവും. മാത്രമല്ല, പേഴ്സിവിയറൻസിനും ക്യൂരിയോസിറ്റിക്കും പുതിയൊരു ചങ്ങാതിയും!

നേച്ചർ പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിക്സ് കടപ്പാട് : nature.com

വീഡിയോ കാണാം

Leave a Reply