

ചന്ദ്രന്റെ മണം
കേൾക്കാം
എഴുതിയത് : ഡോ.ഡാലി ഡേവിസ് , അവതരണം : ദീപ്തി ഇ.പി
തിതിമർത്തു പെയ്യുന്ന മഴ.. ജനാലകളെല്ലാം അടച്ചു മൂടിയ കമ്പാർട്ട്മെൻ്റിൽ മഴയുടെ രൗദ്രവും ശാന്തതയും കണ്ട് ഒരു പകലും ഒരു രാത്രിയും. ഉണരുന്ന് ഇറങ്ങുന്നത് പച്ചപുൽത്തകിടിയുടെ നനുനപ്പിലേക്ക് വീഴുന്നൊരു സ്വർണ്ണ സൂര്യവെളിച്ചത്തിൽ. ഓടി പോയി കിട്ടാവുന്നത്ര ശ്വാസം ഉള്ളിലേക്ക് വലിച്ച് “ഹോ ഈ പച്ചപുല്ലിന്റെ മണം” എന്ന് പറയാത്തവരാരുണ്ട്? അതും കഴിഞ്ഞ്, ഭൂമി വരണ്ടുണങ്ങി ആദ്യ മഴ പെയ്യുമ്പോൾ, പുതുമഴയുടെ മണം ഉള്ളിലെടുത്ത് ആസ്വദിക്കാത്തവരാരുണ്ട്? കടലിനത്ത് പോകുമ്പോൾ കടലിന്റെ മണം, പായലിനടത്ത് പോകുമ്പോൾ പായലിന്റെ മണം. പച്ചപുല്ലിന്റെ മണമോ, കടലിന്റെ മണമോ അറിയാത്തവർക്ക് അതെങ്ങനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കും. കടലിനു ഏകദേശം ഉപ്പുവെള്ളത്തിന്റെ മണമാണു, പക്ഷേ അതല്ല.. അങ്ങനെയല്ല..

അപ്പോൾ ചന്ദ്രന്റെ മണമോ?
അതിനു ചന്ദ്രനു മണമുണ്ടോ? ഉണ്ടാവില്ലേ, ചുവന്ന മണ്ണു നിറഞ്ഞ റോഡിൽ പൊടി പൊങ്ങുമ്പോൾ ഉള്ള മണമാണോ കറുത്ത ടാറിട്ട റോഡിൽ നട്ടുച്ച സൂര്യൻ ഉണ്ടാക്കുന്നത്? കായലിന്റെ മണമാണോ പുഴക്ക്? പഞ്ചാര മണലിന്റെ മണമാണോ പാറക്കല്ലിന് ? അപ്പോൾ ചന്ദ്രനും മണമുണ്ട്. ചന്ദ്രനിൽ പോയ ഒരോ സഞ്ചാരിയും അത് അനുഭവിച്ചീട്ടുണ്ട്.

സിനിമകളിൽ കാണുന്ന പോലെ ചന്ദ്രനിലിറങ്ങി ഹെൽമെറ്റൂരി .. ഹാ ..ശശിയ്ക്കെന്ത് മണമെന്ന് കവിത ചൊല്ലാനാവില്ലല്ലോ, ഒരുപിടി ചാന്ദ്രപൊടിയെടുത്ത് അതിൽ മുഖമമർത്തി ഗന്ധത്തെ ഉള്ളിലേക്ക് ആവഹിക്കാനും കഴിയില്ല. മൂന്നു ദിവസം ബഹിരാകാശ വാഹനത്തിലെ യാത്ര കഴിഞ്ഞ്, അത് ചന്ദ്രനിലിറക്കി, ഈവ (EVA) എന്നറിയപ്പെടുന്ന മൂൺവാക്കും കഴിഞ്ഞ് പേടകത്തിൽ വായു നിറച്ച് (Re pressurize), ശേഷം പേടകത്തിൽ കയറി ഹെൽമെറ്റഴിക്കുമ്പോഴാണ്.. ഹെന്റെ സാറേ.. ഈ പൊടിയെല്ലാം കൂടി മൂക്കിനകത്ത് കയറുന്നത്. അപ്പോൾ എന്താണു അവർക്ക് കിട്ടിയ മണം? അപ്പോളോ 11 ഇൽ നീൽ ആംസ്ട്രോങ്ങിന്റെ കൂടെ പോയ ബസ്സ് ആൽഡ്രിൻ മുതൽ അപ്പോളൊ 17 ലെ ഹാരിസൺ ഷിമിത് ( Harrison H. Schmitt) വരെയുള്ള 12 പേരും ഈ മണം പിടിച്ചു. അവർക്ക് കിട്ടിയത് പൊട്ടിയ പടക്കത്തിന്റെ മണം! കൂടുതൽ കൃത്യമായി പറഞ്ഞാൽ പൊട്ടിയ പടക്കം നനയുമ്പോഴുള്ള മണം.

‘ഡസ്റ്റി ഡസൻ’ എന്നു വിളിക്കുന്ന ഈ 12 പേർക്ക് മാത്രമാണു ചന്ദ്രന്റെ ഓർമ്മ [ഓർമ്മകൾക്കെന്ത് സുഗന്ധം ലേഖനം വായിക്കാം ] പൊട്ടിയ പടക്കമാകുന്നത്. ഇവരൊക്കെ കൂടി ചാക്ക് കണക്കിനു ചാന്ദ്രപൊടി ഭൂമിയിലേക്ക് കൊണ്ട് വന്നീട്ടുണ്ട്. ഒരു മണവുമില്ല, ഭൂമിയിലെത്തുമ്പോൾ ആർക്കും ഈ പൊടിയിൽ നിന്ന് ഒരു മണവും കിട്ടുന്നില്ല. അതെന്താത്? അല്ലെങ്കിലും കൂടുതലും ഉൽക്കകളിൽ നിന്നുള്ള ഗ്ലാസ്സുകൾ നിറഞ്ഞ ചന്ദ്രപൊടിയിൽ എങ്ങനെ നനഞ്ഞ പടക്കത്തിന്റെ മണം വരാൻ?!

നമ്മളൊരു വരണ്ട തരിശുഭൂമിയിൽ കൂടി നടക്കുമ്പോൾ പ്രത്യേകിച്ച് മണങ്ങൾ ഒന്നും കിട്ടില്ല. എന്നാൽ ഒരു ചാറ്റൽ മഴ പെയ്താൽ മണ്ണിൽ നിന്നും മണങ്ങൾ ചുറ്റും നിറയും. മണ്ണിൽ അകപ്പെട്ടു കിടന്ന മണങ്ങളെ ജലകണങ്ങൾ വഹിച്ചു കൊണ്ടുവന്നു മൂക്കിൽ കൊടുക്കുന്നത് കൊണ്ടാണിത്. നാനൂറു കോടി വർഷങ്ങളായി പൊടിയടിച്ച് വരണ്ട് കിടക്കുന്ന ഒരു മരുഭൂമിയാണു ചന്ദ്രൻ . പെട്ടെന്നാണു ബഹിരാകാശ പേടകത്തിലെ ഈർപ്പവുമായി ഈ പൊടിക്ക് സമ്പർക്കമുണ്ടാകുന്നത്. ഇത് മരുഭൂമിയിൽ മഴയുണ്ടാക്കുന്ന മണം പോലെ ചന്ദ്രനിൽ മണമുണ്ടാക്കുന്നു. ഒരുപക്ഷേ സൗര്യകാറ്റുകൾ വഴി വരുന്ന ഹൈഡ്രജനും ഹീലിയവും ചാന്ദ്രപൊടിയിൽ കുരുങ്ങി കിടക്കുന്നത് മഴയിൽ പുറത്ത് വരുന്നതുമാകാം.
ചാന്ദ്രപൊടി ഉണ്ടാകുന്നത് തന്നെ ഉൽക്കകൾ വന്നിടിച്ച് പൊടിഞ്ഞാണു. അങ്ങനെ പൊടിയുമ്പോൾ ആ പാറപൊടിയിൽ മുറിക്കപ്പെടുന്ന തന്മാത്രകളിൽ “ഊഞ്ഞാൽ ബന്ധനങ്ങൾ” [“dangling bonds“] ഉണ്ടാകും. അപൂരിതമായ ബന്ധനങ്ങൾ ആണിവ. അതായത് പൂരിതമാകാൻ ഇനിയും പങ്കാളികളെ തേടി നടക്കുന്ന ബന്ധങ്ങൾ. ഇത്തരം അപൂരിത ബന്ധനങ്ങൾ നിറഞ്ഞ പൊടി ശ്വസിക്കുമ്പോൾ മൂക്കിലെ തൊലിയിൽ തട്ടുമ്പോൽ അത് അവിടത്തെ തന്മാത്രകളുമായി ബന്ധങ്ങൾ ഉണ്ടാക്കി പൂരിതമാകും. മനുഷ്യർക്ക് ചില പ്രത്യേക മണങ്ങൾ അനുഭവപ്പെടുകയും ചെയ്യും.
പക്ഷേ, കുറച്ച് ചാന്ദ്ര പൊടിയെടുത്ത് പേടകത്തിൽ കയറ്റി ഭൂമിയിൽ എത്തുന്ന സമയം കൊണ്ട് പേടകത്തിലുള്ള ഓക്സിജനും വെള്ളവും ഒക്കെ പെടിയിൽ കയറി ഊഞ്ഞാൽ ബന്ധങ്ങളെ പൂരിതമാക്കും. അപ്പോൾ ഭൂമിയിലെത്തുന്ന ചാന്ദ്രപൊടിയ്ക്ക് മണം ഉണ്ടാക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യാം.
ഇത് തെളിയിക്കാനായി ചാന്ദ്ര നടത്തക്കാർ പൊടിയെ ഒരു വാക്വം ഫ്ലാസ്കിലെടുത്ത് ഭൂമിയിൽ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷേ നിർഭാഗ്യം കൊണ്ട് പൊടി പറ്റി പിടിച്ച് വാക്വം സീൽ പൊട്ടിയതിനാൽ ആ ശ്രമം ഫലവത്തായില്ല. ഇനി നടക്കാനിരിക്കുന്ന മൂൺ മിഷൻ്റെ ഒരു ഉദ്ദേശ്യം ഈ പൊടി വായുവും വെള്ളവും തട്ടാതെ ഗവേഷണത്തിനെത്തിക്കുക എന്നതാണു.
ആ അതൊക്കെ ശരി.. അപ്പോൾ മൂൺ വാക്ക് നടത്തിയ ഈ ഡസ്റ്റി ഡസനു മാത്രമേ ഈ ചന്ദ്രന്റെ ഗന്ധം അനുഭവിക്കാൻ സാധിക്കൂ?
അതു പറ്റില്ലല്ലോ.

പെർഫ്യൂമുകളുടെ ജനനഗൃഹമായ ഫ്രാൻസിൽ സുഗന്ധ ദ്രവ്യങ്ങളുടെ ശില്പി എന്ന് വിളിക്കപ്പെടുന്ന ഒരാളുണ്ട്. മൈകേൽ മൊയിസേവ് (Michael Moisseeff ). എന്തു തരം മണങ്ങളും ഉണ്ടാക്കാൻ കെല്പും സജ്ജമായ ലാബും ഉള്ള ഒരു വമ്പൻ. ‘ഡസ്റ്റി ഡസന്റെ’ പ്രത്യേകിച്ചും ബസ് ആൽഡ്രിന്റെ വിവരണത്തിലൂന്നി ഫ്രാൻസിലെ റ്റുളൂസ് സ്പേസ് എക്സിബിഷനിലേക്ക് ഒരു മൂൺ പെർഫ്യൂം തന്നെ കക്ഷി ഉണ്ടാക്കിയെടുത്തു. നാസയും തങ്ങളുടെ ഗഗനചാരികൾക്ക് ഒരു മുൻപരിചയം ഉണ്ടാക്കാനായി ചന്ദ്രന്റെ മണം വാറ്റിയെടുക്കുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ ചാന്ദ്രപൊടി അത്ര ചില്ലറക്കാരനല്ല. ഇലക്സ്ട്രൊസ്റ്റാറ്റിക്കലി ചാർജ്ജുള്ള ഈ പൊടി പേടകത്തിൽ വച്ച് വായു നിറക്കുമ്പോൾ തീ പിടിക്കുമോ എന്നൊരു ആധി പോലും അപ്പോളോ -11 മിഷനു മുൻപ് ഉണ്ടായിരുന്നു. മൈക്രോൺ വലിപ്പത്തിലുള്ളത് കാരണം എവിടെയും എത്തിപ്പെടാനിടയുള്ള ഇതിന്റെ ഉരസൽ മൂലം ഇലക്ട്രോണിക്സിനും മറ്റും പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത് കൂടാതെ വളരെ വിലയുള്ള സ്പേസ് സ്യൂട്ടിൽ ഉരച്ച് കീറൽ ഉണ്ടായി അത് ഉപയോഗശ്യൂന്യമാക്കുന്നതും ഈ പൊടിയാണു. അതുകൊണ്ട് ഈ പൊടിയെ ഒരു പൊടിയ്ക്ക് അടക്കുക എന്നത് നാസ ഗവേഷകരുടെ ഒരു ലക്ഷ്യമായിരുന്നു. അടുത്ത ലൂണാർ മിഷനു മുൻപ് ഇത് ലക്ഷ്യം കാണും എന്ന് കരുതാം. ദ്രാവക നൈട്രജൻ സ്പ്രേ ചെയ്ത് പൊടിയെ നിലക്ക് നിർത്താനാകുമെന്നാണു പുതിയ കണ്ടെത്തൽ.
അപ്പോൾ ഇനി ചന്ദ്രനെ മൂൺവാക്കേഴ്സ് എങ്ങനെ മണക്കും?!
അധികവായനയ്ക്ക്
