നാം തീരുമാനിക്കുന്ന ഒരു പ്രത്യേക ദിവസമാണോ കുഞ്ഞുങ്ങൾ അറിവ് ആർജിക്കാനും, ഭാഷ മനസ്സിലാക്കാനും തുടങ്ങുന്നത് ? തൊട്ടിലിൽ കിടക്കുന്ന കുട്ടിക്കു തന്നെ എന്തെല്ലാമറിയാം !
കുട്ടിയെ കുറിച്ച്, കുട്ടികളുടെ രീതികളെ കുറിച്ച് പഠിക്കാൻ ആകാംക്ഷയോടെ തൊട്ടിലിലേക്ക് ഉറ്റുനോക്കുന്ന ശാസ്ത്രജ്ഞർ അതേ ആകാംക്ഷയോടെ നമ്മെ വീക്ഷിക്കുന്ന രണ്ടു കണ്ണുകളെ കണ്ടുമുട്ടുമ്പോൾ രണ്ടു പേരുടേയും ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി കാണാൻ കഴിയുമെന്ന കൗതുകകരമായ വായനാനുഭവം സമ്മാനിക്കുന്ന പുസ്തകത്തിന്റെ പേരാണ് ‘സയൻറിസ്റ്റ് ഇൻ ദ ക്രിബ്’ അഥവാ തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ. ‘നിനക്കൊന്നുമറിയില്ല, കാരണം നീ കുട്ടിയാണ്’ – എന്ന മോഹൻലാൽ സിനിമാ ഡയലോഗിന് കയ്യടിച്ചവരോട് കുട്ടിക്ക് എന്താണറിയാത്തതെന്ന് തിരിച്ചു ചോദിക്കുകയാണ് ഈ ശാസ്ത്ര പുസ്തകം ചെയ്യുന്നത്. ഏറ്റവും മികച്ച പഠിതാക്കൾ എന്ന നിലയിൽ ശാസ്ത്രജ്ഞരും കുട്ടികളും ഒരേ വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന പഠന ഗവേഷണത്തിൻ്റെ ശാസ്ത്രീയമായ വിലയിരുത്തലാണ് പുസ്തകം നിർവഹിക്കുന്നത്. കുട്ടികൾക്കും മനസ്സുണ്ടെന്നും, അവയെ കുറിച്ചറിയേണ്ടതുണ്ടെന്നു കരുതുന്നവർക്കും, കുട്ടികളെ സ്നേഹിക്കുകയും, അവരിലെ നാളത്തെ ശാസ്ത്രജ്ഞരെ സ്വപ്നം കാണുകയും ചെയ്യുന്നവർക്ക് ഈ പുസ്തകമൊരു മുതൽക്കൂട്ടാണ്. ശൈശവ മനസ്സുകളെ കുറിച്ചുള്ള പുതിയ ശാസ്ത്രത്തെ കുറിച്ചറിയാൻ കഴിയുന്ന ഒരു പാഠപുസ്തകം എന്ന നിലയിൽ കുട്ടികളെ മനസ്സിലാക്കും തോറും നമ്മളെ തന്നെ പുതിയൊരു കാഴ്ച്ചപ്പാടിൽ കാണുന്നതിന് നമ്മളെ സഹായിക്കും.
മാതാപിതാക്കൾക്ക് കുട്ടികളെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് മാത്രമല്ല, പുതിയ തിരിച്ചറിവും, പുതുവിജ്ഞാനവും പകർന്നു നൽകാനും അതിലൂടെ ഒരു ഞെട്ടൽ ഉളവാക്കുമെന്നും ഉറപ്പാണ്. ശൈശവ മനസ്സിൻ്റെ ശാസ്ത്രത്തെ കുറിച്ചുള്ള അന്വേഷണത്മക പഠനമാണ് ഇതിന് പിന്നിലുള്ളത്. മനശ്ശാസ്ത്രം, തത്വശാസ്ത്രം, ഭാഷാശാസ്ത്രം, കമ്പ്യൂട്ടർ സയൻസ്, നാഡീ ശാസ്ത്രം എന്നീ ശാഖകളെ സംയോജിപ്പിക്കുന്നതാണ് വൈജ്ഞാനികശാസ്ത്രം. വൈജ്ഞാനിക ശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഉൾവിളികൾ ഉണ്ടായിട്ടുള്ളത് തൊട്ടിലിൽ നിന്നും നഴ്സറിയിൽ നിന്നുമാണെന്ന് ഗവേഷകർ പറയുന്നു. ചിലർ കുട്ടികളോട് കൗതുകത്തോടെ സംസാരിക്കുന്നത് കണ്ടിട്ടുണ്ടാവും. എതു കുട്ടിയേയും എളുപ്പത്തിൽ കരയാതെ കൈകാര്യം ചെയ്യുന്നവരേയും കണ്ടിട്ടുണ്ടാവും. ഈ ശാസ്ത്രം ഇത്തരക്കാർ പഠിച്ചതു കൊണ്ടല്ല ഇതിനു കഴിയുന്നത്. പക്ഷേ ബസിലെ മുൻ സീറ്റിലെ കുട്ടി ബാക്കിലെ നമ്മളോട് ഒരു ഭാഷയുമില്ലാതെ സംസാരിക്കുന്നതിന് പിന്നിൽ നടക്കുന്ന പ്രക്രിയക്കു കാരണമായ കൗതുകങ്ങളാണ് നേരത്തേ സൂചിപ്പിച്ച ഞെട്ടലിന് വഴി വെക്കുന്നത്.
തൊട്ടിലിലേക്കൊന്നു നോക്കൂ! എന്താണിവിടെ നടക്കുന്നത്. ഒന്നും ചിന്തിക്കാനാവാത്ത, പരാശ്രയമില്ലാതെ ഒന്നും ചെയ്യാനാത്ത ഒഴിഞ്ഞ മസ്തിഷ്ക്കവുമായി നടക്കുന്ന ഒരു മനുഷ്യ ശിശു. എന്നാൽ തൻ്റെ കണ്ണും, കാതും, വിരലുകളുമുപയോഗിച്ച് അറിവുകൾ ശേഖരിക്കുന്ന ഒരു ജൈവയന്ത്രമാണ് ആ തൊട്ടിലിലെന്നതാണ് യാഥാർത്ഥ്യം. ഇങ്ങനെ പറയുമ്പോൾ മുഖം ചുളിക്കേണ്ടതില്ല. അവയുടെ കണ്ണും കാതും തുറന്നു വെച്ചിരിക്കുന്നത് പുതുമകളിലേക്കാണ്. ഏത് ശബ്ദവും, ഏത് കാഴ്ചയും അവൾ/അവൻ ഗ്രഹിക്കുന്നു. ചിലപ്പോഴവരുടെ കണ്ണുകൾ നമ്മളിലേക്ക് ചൂഴ്ന്നിറങ്ങുന്നതായി നമുക്കനുഭവപ്പെടും. ആ തലയോട്ടിക്കുള്ളിലെ തലച്ചോറിൽ അനുദിനം ലക്ഷക്കണക്കിന് ബന്ധങ്ങൾ രൂപീകരിക്കപ്പെടുന്നുണ്ട് എന്നതാണ് ശാസ്ത്രീയ ഗവേഷണങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഇത്തരം ഗവേഷണങ്ങളെ കുറിച്ചാണ് ഈ പുസ്തകം സംസാരിക്കുന്നത്. കുട്ടികളെ എങ്ങനെ മാറ്റി തീർക്കാം എന്നു പ്രതിപാദിക്കുന്ന ധാരാളം പുസ്തകങ്ങൾ ലഭ്യമാണ്, പക്ഷേ ഇവിടെ കുട്ടികളെ മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്, മാറ്റി തീർക്കാൻ അല്ല. കുട്ടികളെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നത് രസമാണ്. എന്നാൽ വികസന പഠനങ്ങൾ ഇതു മാത്രമല്ല ചെയ്യുന്നത്. കുട്ടികളെ കുറിച്ചുള്ള കുറെ ചോദ്യങ്ങൾക്കും, മറ്റു പല പ്രശ്നങ്ങൾക്കും, നിരവധി സമസ്യകൾക്കും ഉത്തരം കണ്ടെത്താൻ ശ്രമിക്കുക കൂടിയാണ്. പരിണാമം വന്ന പ്രതിഭാസത്തിലൂടെ പ്രോഗ്രാം ചെയ്യപ്പെടുന്ന സവിശേഷമായ കമ്പ്യൂട്ടറുകളായാണ് ആധുനികലോകം കുട്ടികളെ വിശേഷിപ്പിക്കുന്നത്. സിലിക്കൺ ചിപ്പുകൾക്ക് പകരം ന്യൂറോണുകളാണ് ഈ കമ്പ്യൂട്ടറുകളുടെ നിർമിതിയിൽ ഉപയോഗിച്ചിരിക്കുന്നത്. കുട്ടികൾക്ക് വസ്തുക്കളെ മനസ്സിലാക്കാനുള്ള കഴിവും, നിറങ്ങളും രൂപങ്ങളും തിരിച്ചറിയാനുള്ള കഴിവും മാത്രമല്ല, പുകഴ്ത്തുന്നതും ഇകഴ്ത്തുന്നതും വേർതിരിച്ചറിയാനും, അവഹേളനങ്ങളെ മനസ്സിലാക്കാനുമൊക്കെ ചെറിയ കുട്ടികൾക്ക് വരെ കഴിയുമെന്ന് നിരവധിയായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയത് നമുക്ക് അത്ഭുതത്തോടെ ഇവിടെ വായിച്ചെടുക്കാനാവും.
വീഡിയോ ടേപ്പുകളുടെ സഹായത്താൽ നടത്തിയ പരീക്ഷണങ്ങൾ വെളിപ്പെടുത്തിയ സത്യങ്ങൾ കുട്ടികൾ എങ്ങനെ ചിന്തിക്കുന്നു എന്നും എന്തിനോടെല്ലാം താല്പര്യം പ്രകടിപ്പിക്കുന്നുവെന്നും ബോധ്യപ്പെടുത്തുന്നതാണ്. മുതിർന്നവരെ പോലെ കുട്ടികൾക്കും മടുപ്പ് അനുഭവപ്പെടുമെന്നത് നാം മനസ്സിലാക്കേണ്ട ഒരറിവാണ്.
ഒരേ ചിത്രം പലവട്ടം കാണിച്ചാൽ അതിൽ താല്പര്യം നഷ്ടപ്പെടുകയും, അപരിചിത ശബ്ദവും അമ്മയുടെ ശബ്ദവും വേർ തിരിച്ചറിയുന്നതിനുമൊക്കെ കുട്ടിക്ക് കഴിയുമെന്നതും, ഒരു മാസം പ്രായമുള്ള കുഞ്ഞും മുഖഭാവങ്ങളെ അനുകരിക്കുമെന്നെല്ലാമുള്ളതിനെ സംബന്ധിച്ച ധാരാളം പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ അറിവുകളാണ് ഇവിടെ പങ്കുവെക്കപ്പെടുന്നത്. കാഴ്ച വസ്തുക്കൾ മാത്രമായിരുന്നത്, ഇഴഞ്ഞു ചെന്ന് എടുക്കാൻ പ്രാപ്തി നേടുന്നതോടെ കയ്യടക്കാനുള്ള ആഗ്രഹം വളരുകയും, അതുവഴി അവർ അപകടകാരി(കുസൃതി)കളാവുകയും ചെയ്യുന്നു. ഇങ്ങനെ ഓരോ പ്രായഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങളെ സംബന്ധിച്ച് പുതുമയുള്ളതും രസാവഹമായതും, അപകടകരമായതുമൊക്കെയായ പഠനങ്ങൾ നമ്മളിൽ പുതിയ അറിവുകൾ നിർമ്മിക്കും. ചിലപ്പോഴെങ്കിലും കുട്ടികൾ നമ്മളെ ‘വട്ടാ’ക്കുന്നുണ്ടോ എന്ന് തോന്നാറുണ്ടല്ലോ, നമ്മൾ എങ്ങനെയാണ് പെരുമാറുന്നത് എന്ന് കുട്ടി കണ്ടുപിടിക്കുകയാണ് ഇത്തരം പ്രവർത്തികളുടെ എന്നത് പുതിയൊരു അറിവാണ്. ജനിക്കുമ്പോൾ തന്നെ ധാരാളം കാര്യങ്ങൾ അറിയുന്ന കുട്ടികൾ പഠിച്ചു കൊണ്ടേയിരിക്കുന്നു. ഈ പ്രക്രിയയിൽ മുതിർന്നവരുടെ പങ്ക് ഒട്ടും ചെറുതല്ല
കുട്ടികളെ ഭാഷാ ലോകത്തേക്ക് എത്തിക്കുന്നതിൽ മുതിർന്നവർക്ക് വലിയ പങ്കുണ്ട് കുട്ടികളോട് സംസാരിക്കുമ്പോൾ നാം ബാലിശമായി കാണപ്പെടുന്നു എന്ന് നമുക്ക് തന്നെ അറിവുള്ളതാണ് തനിക്ക് മുന്നിലുള്ള കുട്ടിയോട് ഇണങ്ങിച്ചെന്ന സംഭാഷണമാണ് ‘അമ്മക്കൊഞ്ചൽ’. നീ നല്ല കുട്ടിയാണ് ! അല്ലേ നീ നല്ല കുട്ടിയല്ലേ! നല്ല കുട്ടി ആണല്ലോ അല്ലേ? അമ്മക്കൊഞ്ചലിന്റെ സവിശേഷതയാണ് കുട്ടിയെ പ്രാഥമികമായി വാക്കുകളും വ്യാകരണങ്ങളും എല്ലാം പഠിപ്പിക്കുന്നത്. കുട്ടികളോട് കൊഞ്ചിയുള്ള ഈ വർത്തമാനം അല്ലെങ്കിൽ അമ്മക്കൊഞ്ചൽ അമ്മയുടേത് മാത്രമല്ല, കുട്ടിയോട് വർത്തമാനം പറയുന്ന മുതിർന്ന സഹോദരങ്ങൾക്ക് പോലുമുള്ളതാണ്. കുട്ടിയുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി മാത്രമല്ല ഇത് സഹായകരമാവുന്നത്, കുട്ടികളുടെ ഭാഷാ പ്രശ്നത്തെ പരിഹരിക്കാൻ കൂടി സഹായകരമാകുന്നുണ്ട് എന്നാണ് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ലോകത്തിലെ എല്ലാ സംസ്കാരത്തിൽ പെട്ടവരും കുഞ്ഞുങ്ങളോട് ഇങ്ങനെയാണ് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ അമ്മക്കൊഞ്ചൽ ഒരു സാർവത്രിക ഭാഷയാണ്. ജന്മനാ തന്നെ ശബ്ദങ്ങൾ വേർതിരിച്ചറിയാനുള്ള കുട്ടികളുടെ കഴിവ് മുതിർന്നവരുടെ ഈ സംഭാഷണം കേൾക്കുക വഴി മെച്ചപ്പെടുകയാണ് ചെയ്യുന്നത്.
വികസന മനശാസ്ത്രത്തിന്റെ ഗവേഷണ ഫലമായി പുറത്തുവരാൻ പോകുന്ന ഏറ്റവും ശ്രദ്ധേയ ശ്രദ്ധേയമായ കാര്യം ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞിന് എന്തറിയാം എന്നതാണ്. മനുഷ്യനിർമ്മിത കമ്പ്യൂട്ടറുകൾക്കില്ലാത്ത ഗുണം കുഞ്ഞുങ്ങൾക്കുണ്ട്. അവർക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാം, അവർക്ക് സജീവമായി കാര്യങ്ങൾ ഇടപെടാനും, അതേസമയം നിരീക്ഷിക്കാനും കഴിയും. ഒരു വയസ്സുകാരിക്ക് പാവ കയ്യെത്തിപ്പിടിക്കാനും, അത് വായിലിടാനും, വെള്ളത്തിൽ മുക്കാനും, ഇതെല്ലാം ചെയ്യുമ്പോൾ അച്ഛൻ്റെ പ്രതികരണങ്ങൾ ശ്രദ്ധിക്കാനും കഴിയും. ശാസ്ത്രജ്ഞർ ചെയ്യുന്നതിനോട് വലിയ സാദൃശ്യം കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾക്കുമുണ്ട്. ശാസ്ത്രജ്ഞർ സിദ്ധാന്തങ്ങൾ രൂപീകരിക്കുകയും മാറ്റിയെഴുതുകയും ചെയ്യുന്നതുപോലെ, കുട്ടികൾ സിദ്ധാന്തങ്ങൾ നിർമ്മിക്കുകയും മാറ്റുകയും ചെയ്യുന്നുണ്ട്. ‘ശാസ്ത്രജ്ഞർ വലിയ കുട്ടികളാണ്’. ശാസ്ത്രജ്ഞർ വിജയികളായ പഠിതാക്കളാകുന്നത് പരിണാമം കുഞ്ഞുങ്ങൾക്കായി രൂപ കൽപ്പന ചെയ്ത വിജ്ഞാനസിദ്ധികൾ അവർ പ്രയോജനപ്പെടുന്നതു കൊണ്ടാണ്. ശേഖരിക്കുന്ന തെളിവുകളാകുന്ന ഇൻപുട്ടുകൾ സിദ്ധാന്തങ്ങൾ കൂടുതൽ കൃത്യമാക്കുന്നതിനും, യാഥാർത്ഥ്യമാക്കി മാറ്റുന്നതിനും കുട്ടിയും ശാസ്ത്രജ്ഞരും ചെയ്യുന്ന പൊതുരീതികളാണ് ‘തൊട്ടിലിൽ ഒരു കുഞ്ഞുശാസ്ത്രജ്ഞ’ എന്ന ടൈറ്റിൽ രൂപപ്പെടുന്നത്. ലോകത്തെ വിശകലനം ചെയ്യാനുള്ള ശക്തമായ പ്രോഗ്രാമുകളുമായാണ് ഓരോ കുഞ്ഞും ജനിക്കുന്നത് .നമ്മുടെ മസ്തിഷ്കത്തെക്കാൾ ജോലിത്തിരക്കുള്ളതാണ് കുഞ്ഞുങ്ങളുടെ മസ്തിഷ്കങ്ങൾ. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിൻ്റെ അന്വേഷണവും നിരീക്ഷണവും വഴിയുള്ള വളർച്ചാ വികാസത്തെ കുറിച്ചുള്ള പഠനം കുട്ടികളെ സ്നേഹിക്കുന്നവർക്ക് ഏറെ കൗതുകകരമായ ഒന്നായിരിക്കും. കുട്ടികളെ കുറിച്ചുള്ള പൊതുവായ ധാരാളം ധാരണകൾ തിരുത്തിയെഴുതാൻ കരുത്താവുകയും ചെയ്യും.
കുട്ടികളോട് എങ്ങനെയാണ് സംസാരിക്കേണ്ടത്, ശിശു പരിപാലനത്തിന്റെ ഘട്ടത്തിൽ കുട്ടികളെക്കുറിച്ച് എന്തെല്ലാമാണ് മനസ്സിലാക്കിയിരിക്കേണ്ടത് എന്നെല്ലാമുള്ള പ്രശ്നങ്ങൾക്കുള്ള ശാസ്ത്രീയമായ ഉത്തരങ്ങൾ കണ്ടെത്താനുള്ള വഴിയാണ് ഈ പുസ്തകം. കുട്ടികൾ നാളെ മുതിർന്നവരാകുന്നു എന്നതിനേക്കാൾ എല്ലാവരും ഒരിക്കൽ കുട്ടികളായിരുന്നു എന്നു കൂടി ഓർക്കണം. നാം ശിശുക്കളെ കുറിച്ച് പഠിക്കുമ്പോൾ നമ്മെ കുറിച്ച് തന്നെയാണ് പഠിക്കുന്നത്. അവരുടെ വളർച്ച കണ്ടറിയുമ്പോൾ നാം എങ്ങനെ നമ്മളായി എന്നറിയുന്നു. ഈ പഠനം കുട്ടികൾ എന്തുചെയ്യുന്നു, എന്നു മാത്രമല്ല ശാസ്ത്രജ്ഞൻ എന്തു ചെയ്യുന്നു എന്നു പോലും മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. കുട്ടികൾ അതിശയകരമാവാം വിധം നമ്മളുമായി സാമ്യമുള്ളവരും, നമ്മളിൽ നിന്ന് വ്യത്യാസമുള്ളവരുമാണ്.
കുട്ടികളെ എങ്ങനെ മികച്ച പൗരന്മാരാക്കാം എന്നതാണ് നാം ചർച്ച ചെയ്യാറുള്ളത്, എന്നാൽ പുതിയ പഠനങ്ങൾ സ്ഥാപിക്കുന്നത് അവർ പൂർണരായ മനുഷ്യജീവികളാണ് എന്നതാണ്. കുട്ടികൾ നാളത്തെ പൗരന്മാർ അല്ല, ഇന്നത്തെ പൗരന്മാർ തന്നെയാണ് എന്ന യാഥാർത്ഥ്യത്തിന്റെ ശാസ്ത്രീയമായ പ്രഖ്യാപനം കൂടിയാണിത്
അടുത്ത കാലം വരെ ശിശു ശസ്ത്രക്രിയകളിൽ ബോധം കെടുത്താനുള്ള മരുന്നുകൾ ഉപയോഗിച്ചിരുന്നില്ല, എന്തെന്നാൽ അവർക്ക് വേദനയില്ലെന്നും, അഥവാ അനുഭവപ്പെട്ടാൽ തന്നെ അത് ഓർത്തിരിക്കാൻ കഴിയില്ലെന്നും ഡോക്ടർമാർ ചിന്തിച്ചിരുന്നു. അതുകൊണ്ടാണല്ലോ കാത് കുത്തുമ്പോഴുള്ള കുട്ടികളുടെ വേദനകളെ നാം വിലകുറച്ചു കാണുന്നത്. ‘ഞങ്ങൾ വെറും കുട്ടികളല്ല’ എന്ന പ്രഖ്യാപനമാണ് പുസ്തകം ഓരോ കണ്ടെത്തലിലൂടെയും വായനക്കാരനോട് പറഞ്ഞു കൊണ്ടിരിക്കുന്നത്. കുട്ടികൾ, കുട്ടികൾ ആയിരിക്കുമ്പോൾ തന്നെ അവരിൽ വലിയ സ്വാധീനമുള്ളവരായി മാറാൻ ആവുക എന്നത് ചെറിയ കാര്യമല്ല. മാതാപിതാക്കൾക്ക് മാത്രമല്ല, എല്ലാവർക്കും ഇങ്ങനെ കുട്ടികൾ ഇഷ്ടപ്പെടുന്നവരായും, അവരിൽ നല്ല സ്വാധീനം ചെലുത്താൻ കഴിയുന്നവരായും മാറാൻ കഴിയും. കുട്ടികളെ സംരക്ഷിക്കുന്നതിലൂടെ മനുഷ്യരാശിയെ സത്യം കണ്ടെത്താനും, ലോകത്തെ അറിയാനും സഹായിക്കുകയാണ് നാം ചെയ്യുന്നത്. മൂത്രം ഒഴിപ്പിക്കലും, മൂക്കിരി കളയലും, ഭക്ഷണം ഒരുക്കലും, ഒക്കെയായി വലിയൊരു ഭാഗവും, ഉമ്മ വയ്ക്കലും, കൊഞ്ചലും കളിക്കലുമൊക്കെയായി മറ്റൊരു ഭാഗവും ഈയൊരു ബൃഹത് സംരംഭത്തിൽ പങ്കാളികളാവുകയാണ്. അന്യ മനസ്സുകൾ അറിയാനായി കൊഞ്ചിക്കുഴയൽ സഹായിക്കുന്നുവെന്നോ, തത്വജ്ഞാനവുമായി ഒളിച്ചുകളിക്ക് ബന്ധമുണ്ടെന്നോ, അർത്ഥം ഗ്രഹിക്കാൻ അമ്മക്കൊഞ്ചൻ സഹായിക്കുമെന്നോ ഇതുവരെ നാം ചിന്തിച്ചിട്ടില്ല. ഇതുവരെ ചിന്തിക്കാത്ത ഇത്തരം കാര്യങ്ങളാണ് വികസന വിജ്ഞാനശാസ്ത്രം കണ്ടുപിടിച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ പിന്തുടർന്നുകൊണ്ട് ജീവിതം എന്ന മഹത്തായ പദ്ധതി നടപ്പിലാക്കാനാണ് മനുഷ്യസൃഷ്ടിയെന്ന് തിരിച്ചറിയാൻ കുഞ്ഞുങ്ങളെ കുറിച്ചുള്ള ഈ അറിവുകളും തിരിച്ചറിവുകളും ഓരോ മനുഷ്യനേയും സഹായിക്കും.
എല്ലാ അമ്മമാരും വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇതെന്നു പറയുന്നത് സ്ത്രീവിരുദ്ധതയായിരിക്കും. എല്ലാ മനുഷ്യരും അല്ലെങ്കിൽ കുട്ടികളെ സ്നേഹിക്കുന്ന എല്ലാവരും ഇതു വായിച്ചിരിക്കണം. ഗർഭകാലത്തെ ദിനചര്യകളിൽ ഈ പുസ്തകത്തിന്റെ വായന ഉൾപ്പെടുത്താനായാൽ രസകരമായിരിക്കും, ഭാര്യയും ഭർത്താവും ഒരുമിച്ചിരുന്നു കൊണ്ട് അവരുടെ സായാഹ്നങ്ങളിൽ പത്തുമാസം കൊണ്ട് വായിച്ചു തീർക്കേണ്ട പുസ്തകമായി ഇതിനെ ഉപയോഗപ്പെടുത്താം. കുട്ടിയെ ഉറക്കാനും, കുളിപ്പിക്കാനും അമ്മക്ക് പരിശീലനം നൽകുന്നതു നമ്മുടെ നാട്ടിൽ സ്ഥിരമായ കാഴ്ച്ചയാണ്. കുട്ടികളുട മനസ്സറിയാനും പെരുമാറാനുമുള്ള വിദ്യാഭ്യാസ പ്രക്രിയ കൂടി ഇക്കാലത്ത് നടന്നാൽ പാരൻ്റിംഗ് അശാസ്ത്രീയമാവുന്നതു തടയാനാവും. ഡെമോക്രാറ്റിക് പരസ്റ്റിംഗിനും, ശാസ്ത്രീയമായ രക്ഷാകർതൃത്വത്തിനുമുള്ള പാഠപുസ്തകമായി ‘തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ’ പരിഗണിക്കപ്പെടണം. കുട്ടികളെ സ്നേഹിക്കുന്നവർക്കുള്ള ശാസ്ത്ര പുസ്തകമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുറത്തിറക്കിയ ‘തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ’ ഗർഭകാലത്ത് നൽകാവുന്ന സമ്മാനവും മനുഷ്യ ജീവിതത്തിനിടയിൽ നിർബന്ധമായും വായിച്ചിരിക്കേണ്ട ശാസ്ത്രകൗതുകവുമാണ്.
തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ
അലിസൺ ഗോപിക്, ആൻഡ്രൂ എൻ.മെൽട്സോഫ്, പാട്രീഷ്യ കെ.കുൾ
വിവർത്തനം : എ.വിജയരാഘവൻ
ശൈശവമനസ്സുകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. കുട്ടികളെ സ്നേഹിക്കുകയും അവരിലെ നാളത്തെ ശാസ്ത്രജ്ഞരെ സ്വപ്നം കാണുകയും ചെയ്യുന്നവർക്കും, കുട്ടികൾക്കും മനസ്സുണ്ടെന്നും അവയെ ക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണെന്നും കരുതുന്നവർക്ക് ഈ പുസ്തകം ഒരു മുതൽക്കൂട്ടാകും