Read Time:8 Minute

വയനാട് ജില്ലയിൽ വവ്വാലുകളിൽ നീപ വൈറസ് ആന്റിബോഡി കണ്ടെത്തിയെന്ന വാർത്ത ആശങ്ക പരത്തേണ്ടതില്ല.

ഒട്ടനവധി വൈറസുകളുടെ പ്രകൃത്യാലുള്ള വാഹകരാണ് (Natural Reservoir) വന്യജീവികൾ.. വവ്വാലുകളടക്കമുള്ള ജീവികളുടെ ശരീരത്തിൽ അവയുടെ പ്രതിരോധവ്യവസ്ഥയുമായി സന്തുലാവസ്ഥ കൈവരിച്ച് നിരവധി വൈറസുകൾ അവയിൽ രോഗമുണ്ടാക്കാതെ കഴിയുന്നുണ്ട്. മനുഷ്യരുമായി കൂടുതൽ അടുത്തിടപഴകുമ്പോൾ മൃഗങ്ങളുടെ ശരീരത്തിലുള്ള രോഗാണുക്കൾ നേരിട്ടോ മറ്റേതെങ്കിലും ഇടനിലജീവിയിലെക്കോ (intermediate Host) കടന്ന് മനുഷ്യരിലെത്തി രോഗകാരണമാവുന്നു. ഇടനിലജീവിയുടെ ശരീരത്തിൽ വച്ച് ജനിതകവ്യതിയാനത്തിലൂടെ (Mutation) രോഗാണുക്കൾക്ക് തീവ്രതയും (Virulence) പകർച്ചാസാധ്യതയും (Infectivity) വർധിക്കയും മനുഷ്യരിലെത്തുന്നതോടെ രോഗകാരണമാവുകയും ചെയ്യുന്നു.

നിരവധി പകർച്ചവ്യാധികൾക്ക് കാരണമായ വൈറസുകളുടെ പ്രകൃതിദത്തവാഹകർ വവ്വാലുകളാണ്. എബോള, മീസിൽസ് , മമ്മ്സ്, നിപ, കൊറോണ വൈറസുകളെല്ലാം മനുഷ്യരിലെത്തിയത് വവ്വാലുകളിൽ നിന്നാണ്. 1200 വംശങ്ങളുള്ള വവ്വാലുകളിൽ ആറായിരത്തോളം വൈറസുകളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മൃഗങ്ങളുമായി മനുഷ്യൻ കൂടുതൽ അടുത്തിടപഴകേണ്ടി വരുന്ന സാഹചര്യം പലകാരണങ്ങളാലും വർധിച്ച് വരികയാണ്. പരിസ്ഥിതിവിനാശത്തിന്റെ ഫലമായി വന്യജീവികളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥക്ക് കോട്ടം തട്ടുന്നു. പരിസ്ഥിതിയിലുണ്ടാവുന്ന തകരാറുകൾ കാലാവസ്ഥാവ്യതിയാനത്തിന് (Climate Change) കാരണമാവുന്നു. ഇതിന്റെയെല്ലാം ഫലമായി വന്യജീവികൾ മനുഷ്യവാസസ്ഥലത്ത് കടക്കാൻ നിർബന്ധിക്കപ്പെടുന്നു.

മലേഷ്യയിൽ വവ്വാലുകളിൽ നിന്ന് പന്നികളിലേക്കും അവയിൽ നിന്ന് മനുഷ്യരിലേക്കുമാണ് നിപ വൈറസ് പകർന്നത്. വ്യാവസായിക പന്നിവളർത്തലിന്റെ ഭാഗമായി നടന്ന വനനശീകരണവും അതുമൂലം വവ്വാലുകളുടെ ആവാസവ്യവസ്ഥയിലുണ്ടായ തകർച്ചയും തുടർന്ന് വവ്വാലുകൾ പന്നിവളർത്തൽ കേന്ദ്രങ്ങൾക്കടുത്ത് താമസമാക്കേണ്ടിവന്നതും രോഗസംക്രമണത്തിന് കാരണമായി. ബംഗ്ലാദേശിൽ വവ്വാലുകൾ ഭക്ഷിക്കുന്ന പനയിൽ നിന്നുള്ള പാനീയത്തിലൂടെയാണ് നീപ വ്യാപിച്ചത്. കേരളത്തിൽ വവ്വാലുകളിൽ പഴവർഗ്ഗത്തിലൂടെ മനുഷ്യരിലേക്കെത്തുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ വന്യമൃഗമാർക്കറ്റുകളിൽ നിന്നാണ് സാർഴ് സിനും കോവിഡിനും കാരണമായ വൈറസുകൾ മനുഷ്യരിലെത്തിയതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കണ്ട് അവയുടെ വംശനാശം വരുത്തുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവും. പ്രകൃതിചക്രത്തിലും പുന:ചക്രത്തിലും, പരിസ്ഥിതിസംരക്ഷണത്തിലും സാമ്പത്തികഘടനയിലും മനുഷ്യാരോഗ്യസംരക്ഷണത്തിലുമെല്ലാം വവ്വാലുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. കൃഷി നശിപ്പിക്കയോ മനുഷ്യരിൽ രോഗപരത്തുകയോ ചെയ്യുന്ന പല കീടങ്ങളേയും അമിതമായി പെരുകാതെ നിയന്ത്രിച്ച് നിർത്തുന്നത് വവ്വാലൂകളാണ്. പല ചെടികളിലും പരാഗണം നടത്തുന്നതും അവയുടെ വിത്തുകൾ വിതരണം ചെയ്യുന്നതും വവ്വാലുകളാണ്. ഗുഹകളിൽ കഴിയുന്ന വവ്വാലുകളുടെ വംശനാശം സംഭവിച്ച് വരികയാണ്. പരിസ്ഥിതിനശീകരണത്തിന്റെ ഭാഗമായി വവ്വാലുകളുടെ ആവാസവ്യവസ്ഥക്ക് കോട്ടം സംഭവിക്കുകയും അവയുടെ ആഹാരസ്രോതസ്സുകൾ കുറഞ്ഞു വരികയും ചെയ്യുന്നുണ്ട്. വവ്വാലുകൾ വൈറസുകളെ കൂടുതലായി പുറന്തള്ളുന്നത് ഭക്ഷണം കിട്ടാതെ വരുമ്പോഴും ആവാസവ്യവസ്ഥ അനുയോജ്യമല്ലാത്തപ്പോഴും അവ സമ്മർദ്ദത്തിനു വിധേയമാവുമ്പോഴും പ്രജനന, പ്രസവകാലങ്ങളിലുമാണ്. അതുകൊണ്ട് തന്നെ വവ്വാലുകളെ അവയുടെ താമസസ്ഥലങ്ങളിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഒരിക്കലും നടത്തരുത്. യഥാർത്ഥിൽ വവ്വാലുകളുടെ ജീവിതസാഹചര്യങ്ങളിൽ മനുഷ്യർ കടന്ന് കയറുന്നത് കൊണ്ടാണ് വവ്വലുകളിലെ വൈറസുകൾ മനുഷ്യരിലെത്തി രോഗം പരത്തുന്നത്. പൊതുവിൽ അവഗണിക്കപെട്ട് പോയ വവ്വാലുകളെ മനുഷ്യരുടെ ശത്രുക്കളായി കാണാതെ അവയെ സംരക്ഷിച്ച് നിർത്താനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.

ജന്തുക്കളുടെ പ്രസക്തിയെ സംബന്ധിച്ചും ജന്തുജന്യരോഗങ്ങളെക്കുറിച്ചുമുള്ള ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും, വളർത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവർത്തിത്വം പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന “ഏകലോകം ഏകാരോഗ്യം” എന്ന ജനങ്ങളിലേക്ക് എത്തിക്കുകയും, വളർത്തുമൃഗങ്ങളോടും പരിസ്ഥിതിയോടും ജാഗ്രതയോടെയുള്ള സഹവർത്തിത്വം പുലർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന “ഏകലോകം ഏകാരോഗ്യം” എന്ന ശാസ്തീയസമീപനമാണ് സ്വീകരിക്കേണ്ടത്. നിപ ഗവേഷണത്തിനായുള്ള ഏകാരോഗ്യകേന്ദ്രം (കേരള വൺഹെൽത്ത് സെൻ്റർ ഫോർ നിപ റിസർച്ച്) കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.


വവ്വാൽ നമ്മുടെ ശത്രുവല്ല 

വവ്വാൽ ലൂക്ക

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post തൊട്ടിലിൽ കിടക്കുന്ന കുട്ടിക്ക് എന്തറിയാം ?
Next post ഒക്ടോബർ 29 – ഇന്ത്യയിൽ ഭാഗിക ചന്ദ്രഗഹണം
Close