Read Time:10 Minute

ഡോ. ജോമോൻ മാത്യു

വിശപ്പും സമാധാനവും തമ്മിലെന്ത് എന്നതിന്റെ ഉത്തരമാണ് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം.  317 നാമനിർദ്ദേശങ്ങൾ പിൻതള്ളി ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമിന് (World Food Programme – WFP) സമാധാന നൊബേൽ നൽകുമ്പോൾ സ്വീഡിഷ് അക്കാദമി ലോകത്തിന് നൽകുന്ന സന്ദേശവും വ്യതിരക്തമാണ് – പ്രത്യേകിച്ച്, ലോകജനസംഖ്യയിൽ 69 കോടിപേർ കടുത്ത പട്ടിണിയിലും 9 പേരിലൊരാൾ ഒഴിഞ്ഞ വയറുമായും കഴിയുമ്പോൾ.  വിശപ്പും സമാധാനവും കൈകോർത്തു നടക്കണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ട്വിറ്ററിൽ കുറിക്കുമ്പോൾ അത് ഭരണകൂടങ്ങളുടെ മുൻഗണനാപട്ടികയിലും ചില തിരുത്തലുകൾ ആവശ്യപ്പെടുന്നുണ്ട്.

ലോകഭക്ഷ്യ പദ്ധതി (W.F.P) 

1961 ൽ ഇറ്റലി ആസ്ഥാനമായി സ്ഥാപിതമായ സംഘടനയാണ് ലോകഭക്ഷ്യ പദ്ധതി.  ആഗോളതലത്തിൽ പട്ടിണിക്കെതിരെ പോരാടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ ഏജൻസി 88 രാജ്യങ്ങളിലായി 97 ദശലക്ഷം ദരിദ്രരിലേക്ക് ഭക്ഷണമെത്തിക്കുന്നതിൽ ശ്രദ്ധപതിച്ചിരിക്കുന്നു. സംഘർഷമേഖലകളിൽ ഭക്ഷണമെത്തിച്ച് സമാധാനം സ്ഥാപിക്കാനും വിശപ്പിനെ യുദ്ധത്തിനുള്ള ആയുധമാക്കുന്നത് തടയാനുമുള്ള ശ്രമങ്ങൾക്ക് നോബൽ പുരസ്‌കാരം തേടിയെത്തുമ്പോൾ വിശ്വസമാധാനത്തിന് ഭക്ഷ്യസുരക്ഷ എത്രമാത്രം നിർണായകമെന്ന് തിരിച്ചറിയപ്പെടുക കൂടിയാണ്. ഭക്ഷ്യസുരക്ഷയുടെ വലകൾ ശക്തിപ്പെടുത്തുക മാത്രമല്ല, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്നവർ, പ്രായമായവർ എന്നിവരുടെ പോഷകാഹാര ആവശ്യങ്ങൾ പരിഹരിക്കുക എന്നിങ്ങനെയുള്ള മുൻഗണനകൾ കൂടി ഭക്ഷ്യ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

പുരസ്‌കാരത്തിന്റെ കാലികപ്രസക്തി

കോവിഡ് 19 ആഗോള സമ്പദ്‌വ്യവസ്ഥയെ പിടിച്ചുഞെരുക്കുന്ന കാലത്താണ് വിശപ്പിന്റെ വിളിക്കെതിരെയുള്ള പോരാട്ടം ശ്രദ്ധേയമാകുന്നത്.  കോവിഡിന് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് മഹാമാരിമൂലം 2020 ൽ 132 ദശലക്ഷം പേർ അധികമായി ദാരിദ്ര്യത്തിന്റെ ചുഴിയിലേക്ക് തള്ളപ്പെടുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണ്ടെത്തൽ.  ഇതിന്റെ അലകൾ തുടരുകയും ചെയ്യും. 2030 ഓടുകൂടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 909 ദശലക്ഷമായി ഉയരും. കോവിഡിന് മുമ്പുള്ള കണക്ക് പ്രകാരം ഇത് 841 ദശലക്ഷമായിരുന്നുവെന്ന് ഓർക്കണം.

ഓക്‌സ്ഫാം ഇന്റർനാഷണലിന്റെ കണ്ടെത്തൽ കൂടുതൽ ആശങ്കപ്പെടുത്തുന്നതാണ്.  ഈ വർഷാവസാനത്തോടെ കോവിഡ് അനുബന്ധ ദാരിദ്ര്യം മൂലം പ്രതിദിനം 12000 പേർ മരണമടയുന്ന അവസ്ഥ സംജാതമാകുമത്രെ!  ഈ ദുരിതത്തിന്റെ ഇരകൾ കൂടുതലും സ്ത്രീകളും കുട്ടികളുമായിരിക്കും.  ആഗോളതലത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കിടയിലെ ഭക്ഷ്യസുരക്ഷിതത്വമില്ലായ്മ 10 ശതമാനത്തിലധികമാണെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. സമ്പന്നരാജ്യമായ അമേരിക്കയിൽപോലും 5 ദശലക്ഷം പേർക്ക് ആവശ്യത്തിന് പോഷകാഹാരമില്ലെന്ന് U N  പറയുമ്പോൾ ഇന്ത്യയിൽ 78% പേർക്കും ആരോഗ്യകരമായ പോഷകാഹാര ലഭ്യതയില്ലെന്നതും ഓർമ്മിക്കേണ്ടതുണ്ട്.  ഒരു ബില്യൺ വരുന്ന ഈ സംഖ്യ മഹാമാരിക്കപ്പുറം എത്രയാകാമെന്നത് ഊഹിക്കാമല്ലോ.

ഭക്ഷ്യ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുമ്പോഴും ഭക്ഷണം പാഴാക്കുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ കൂടി അറിയണം. ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (FAO)  കണക്കുപ്രകാരം ലോകത്താകമാനം പ്രതിവർഷം 1.3 ബില്യൺ ടൺ ഭക്ഷണമാണ് പാഴാക്കപ്പെടുന്നത്.  ഇതിൽ ഒന്നാം സ്ഥാനത്ത് യു.എസ്.എ ആണെങ്കിലും ഇന്ത്യയിലും ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ 40% പാഴായിപ്പോവുകയാണ്.  അതായത് ഇന്ത്യയിൽ പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ മൂല്യം പ്രതിവർഷം 92000 കോടിയാണ് എന്ന് യു എൻ. റിപ്പോർട്ട് ചെയ്യുന്നു.  പാഴായിപ്പോകുന്ന ഭക്ഷ്യവസ്തുക്കളുടെ നാലിൽ ഒരു ഭാഗം മാത്രം മതി ലോകത്തെ 870 ദശലക്ഷം പേരുടെ ദാരിദ്ര്യമകറ്റാൻ എന്ന FAO യുടെ കണ്ടെത്തലും പ്രസക്തമാണിവിടെ.

ഇന്ത്യയിലെ ദരിദ്രരെ സൃഷ്ടിക്കുന്നതാര്?

ഇന്ത്യയിന്ന് ആഗോളസാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പിലാണ്.  എന്നാൽ കാൽകീഴിൽ നിന്ന് രാജ്യത്തെ താങ്ങിനിർത്തുന്ന മണൽത്തരികൾ ഒലിച്ചുപോകുന്നത് അറിയാതെ പോകരുത്.  എത്ര പഠനങ്ങളും റിപ്പോർട്ടുകളും അതിന് വേണ്ടിവരുമെന്നതാണ് ചോദ്യം.  ഏറ്റവും പുതിയ ആഗോള വിശപ്പ് സൂചികയിൽ (Global Hunger Index)  117 രാജ്യങ്ങൾക്കിടയിൽ നാം 102-ാം സ്ഥാനത്താണ് എന്നോർക്കണം.  ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ  2020 ലെ റിപ്പോർട്ട് പ്രകാരം (The State of Food Security and Nutrition in the World)  ഇന്ത്യയിൽ 189.2 ദശലക്ഷമാളുകൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ട്. (അതായത് ജനസംഖ്യയുടെ 14% പേർ). അങ്ങനെ ഏതളവുകോലുകൊണ്ട് തുലനം ചെയ്താലും ദാരിദ്ര്യരേഖ എത്രയൊക്കെ മാറ്റിവരച്ചാലും ലോകദാരിദ്ര്യഭൂപടത്തിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നുതന്നെയാണ്. ഒന്നോർക്കുക.

ആരാണീ രാജ്യത്തെ ദരിദ്രർ? അവരെ സൃഷ്ടിക്കുന്നതാര്?  രാജ്യത്തിന്റെ നട്ടെല്ലായ കാർഷികമേഖലയിലെ ഭക്ഷ്യസുരക്ഷുയുടെ പോരാളികളാണ് ദരിദ്രരിൽ വലിയൊരു വിഭാഗമെന്നതാണ് വൈരുദ്ധ്യം.  നാം കമ്പോളത്തിൽ 40 ഉം 50 രൂപയ്ക്ക് വാങ്ങുന്ന തക്കാളിയും സവോളയുമൊക്കെ വിരലിലെണ്ണാവുന്ന വിലയ്ക്ക് ഇടനിലക്കാർക്ക് നൽകി സ്വയം ദരിദ്രരാകാൻ വിധിക്കപ്പെട്ട കാർഷികനയങ്ങളുടെ ഇരകളാണ് ലോക ഭൂപടത്തിലെ ഇന്ത്യൻ ദരിദ്രർ എന്നറിയുമ്പോൾ കർഷകനെ ദരിദ്രനാക്കി മാറ്റാത്ത കാർഷികനയങ്ങൾ ഉണ്ടാകണമെന്ന തിരിച്ചറിവിലേക്ക് നോബൽ പുരസ്‌കാര പ്രഖ്യാപനം ഭരണകൂടത്തെ നയിക്കണം.
  2 ലക്ഷത്തോളം (2019 ൽ 1,95,05) അഭയാർത്ഥികളും അതിൽ 40,000 റോഹിങ്ക്യൻ അഭയാർത്ഥികളും ഉള്ള മണ്ണിൽ ദാരിദ്ര്യം കുന്നുകൂടുന്നത് തടയാൻ മനുഷ്യത്വപരമായ അഭയാർത്ഥിനയത്തിലേക്ക് രാജ്യത്തെ നയിക്കണം.  ഒരു ലോക്ഡൗൺ കാട്ടിത്തന്ന കുടിയേറ്റ പലായനം കോടിക്കണക്കിന് അന്ത: സംസ്ഥാന കുടിയേറ്റക്കാരുടെ ദാരിദ്ര്യത്തിന്റെ ഭാണ്ഡക്കെട്ടുകൂടി ചുമന്നുകൊണ്ടാണെന്ന തിരിച്ചറിവ് പുത്തൻ കുടിയേറ്റപരിഗണനകളിലേക്ക് രാജ്യത്തെ നയിക്കണം.

ചുരുക്കത്തിൽ വിശപ്പും സമാധാനവും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവാണ് ഈ നോബൽ സമ്മാനത്തിലൂടെ നമുക്ക് ലഭിക്കുന്നത്.  അതിനാൽത്തന്നെ, നിശബ്ദമായ അസമാധാനത്തിന്റെ പിടിയിലാണ് ഇന്ത്യയിലെ നാലിലൊരാൾ വീതവുമെന്ന തിരിച്ചറിവിൽ നിന്നാവണം പുതിയ നയമുൻഗണനകൾ ഉണ്ടാകേണ്ടതും.  നമ്മുടെ പ്രതിരോധ(യുദ്ധ)ചെലവും ഭക്ഷ്യസുരക്ഷാ ചെലവും ഇടയ്‌ക്കൊക്കെ തുലനം ചെയ്യുന്നതും നല്ലതാണ്. ഭക്ഷ്യസുരക്ഷാ-ദാരിദ്ര്യനിർമ്മാർജ്ജന-കാർഷികക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾ ആരെന്നും എത്രപേരെന്നും കണക്കാക്കപ്പെടുന്നതും ഉചിതമായിരിക്കും.  പദ്ധതികളുടെ ബാഹുല്യത്തിനപ്പുറം ഗുണകരമായ നടത്തിപ്പാവും ദാരിദ്ര്യം ഇല്ലാതാക്കുകയെന്ന് കഴിഞ്ഞ 7 പതിറ്റാണ്ടുപിന്നിട്ട അനുഭവപാഠം മുതൽകൂട്ടാക്കിവെച്ച് സമാധാനമനുഭവിക്കുന്ന ഭാരതീയരെ സൃഷ്ടിക്കാൻ കഴിയണം – മറ്റെല്ലാം അവർ സൃഷ്ടിച്ചുകൊള്ളും.

 

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “വിശപ്പും സമാധാനവും കൈകോർക്കുമ്പോൾ

Leave a Reply

Previous post മറക്കാനാവാത്ത ഒരു ദിവസം
Next post വാക്സിൻ ഗവേഷണം എവിടെ വരെ?
Close