Read Time:11 Minute


ഡോ. എംപി.പരമേശ്വരൻ

കാൽനൂറ്റാണ്ടു മുമ്പ്, 1995 ഒക്ടോബർ 25 ന് ഡോ.എംപി പരമേശ്വരൻ ദേശാഭിമാനി പത്രത്തിൽ എഴുതിയ കുറിപ്പ്. സമ്പൂർണ്ണ സൂര്യഗ്രഹണം ജനകീയമായി കൊണ്ടാടിയതിന്റെ അനുഭവം വിവരിക്കുന്നു  

ഒരിക്കലും മറക്കാനാകാത്ത ഒരു ദിവസം. 1995 ഒക്ടോബർ 24 സമയം വൈകീട്ട് ആറുമണി. ദില്ലിയിൽനിന്ന് നൂറുകിലോമീറ്റർ ദൂരെയുള്ള അക്ബർപൂരിൽ (രാജസ്ഥാൻ) ചെന്ന് സമ്പൂർണ സൂര്യഗ്രഹണം കണ്ട് ദില്ലിയിൽ തിരിച്ചെത്തിയതേയുള്ളു.

കാലത്ത് എട്ടരമുതലുള്ള ഏതാനും മിനുട്ടുകൾ. ഒരു ഡിമ്മറിന്റെ പ്രവർത്തനത്താലെന്നപോലെ പകൽ മങ്ങുന്നു. അന്തരീക്ഷം തണുക്കുന്നു. സോളാർ ഫിൽറ്ററിൽ കൂടി കാണുന്ന സൂര്യബിംബം നേർത്ത ഒരു നൂൽകീറിൽനിന്ന് തീരെ അപ്രത്യക്ഷമാകുന്നു. ഫിൽറ്റർ മാറ്റി നേരെ നോക്കുന്നു. എങ്ങുനിന്നെന്നറിതാത്ത ഒരു പ്രഭാപൂര-കരോണ-സൂര്യനുചുറ്റും പ്രത്യക്ഷമാവുന്നു. ചന്ദ്രബിംബം സൂര്യബിംബത്തിന്റെ ഒത്തനടുവിൽ, “ഗ്രഹണം പൂർണം. അതാ ഒരുവശത്ത് മോതിരത്തിലെ വൈരക്കല്ലുപോലെയുള്ള ഒരു പ്രകാശം, അങ്ങിങ്ങായി തീനാമ്പുകൾ, മാനത്ത് അങ്ങിങ്ങ് നക്ഷത്രങ്ങൾ. ഏതാനും സെക്കന്റുകൾ മാത്രം. അതാ വീണ്ടും സൂര്യബിംബം ഒരു നേർത്ത നൂലുപോലെ പ്രത്യക്ഷപ്പെടുന്നു. വെറും കണ്ണുകൊണ്ട് നോക്കാൻ പറ്റാതാകുന്നു. വീണ്ടും കണ്ണിൽ ഫിൽറ്റർവച്ചു. ആ ഏതാനും സെക്കന്റുകൾ ഇപ്പോഴും ഉദ്വേഗം നൽകുന്ന ഒരു സ്വപ്നമായി മനസ്സിൽ നിൽക്കുന്നു. അടുത്ത സമ്പൂർണ സൂര്യഗ്രഹണം എവിടെയായാലും എത്ര പണം ചെലവായാലും പോയി കാണും. തീർച്ച.

എന്റെ മാത്രം അനുഭവമല്ല ഇത്. അക്ബർപൂരിൽ സന്നിഹിതരായിരുന്ന ആയിരങ്ങളുടെയും അങ്ങനെയുള്ള നൂറുകണക്കിനു കേന്ദ്രങ്ങളിൽ ഒത്തുകൂടിയവരുടെയും മനസ്സിൽ ഇതുതന്നെയാണ് വിചാരം, അവരിൽ പലരും എന്നെപ്പോലെ ആദ്യമായാണ് സമ്പൂർണ സൂര്യഗ്രഹണം കാണുന്നത്. ചിലർക്ക് സന്ദർഭം കിട്ടാത്തതുകൊണ്ട്, എന്നാൽ ഏറിയപങ്കുപേരും സന്ദർഭമുണ്ടായിട്ടും ഭയംകൊണ്ട്, ആ സന്ദർഭം ഉപയോഗിക്കാത്തതുകൊണ്ട്. ഇനി അവരാരും ഇത്തരമൊരു സന്ദർഭം പാഴാക്കുകയില്ല.

അക്ബർപൂരിൽ സാധാരണക്കാരായ ഗ്രാമീണരും ഇടത്തരക്കാരും ശാസ്ത്രപ്രവർത്തകരും ഗവേഷകരും അങ്ങനെ എല്ലാതരക്കാരുമുണ്ടായിരുന്നു. 1980-ൽനിന്ന് എന്തു മാറ്റം? അന്ന് ഗ്രഹണസമയം ഇന്ത്യയിലാകെ കർഫ്യൂ പ്രഖ്യാപിച്ചതുപോലെയായിരുന്നു. വിരലിലെണ്ണാവുന്ന ചില യുക്തിവാദികളും ജനകീയശാസ്ത്രപ്രവർത്തകരും മാത്രം പുറത്തിറങ്ങിയുള്ളു. സർക്കാരിന്റെയും സ്വകാര്യ ഏജൻസികളുടെയും എല്ലാ മാധ്യമങ്ങളും മാസങ്ങൾക്കു മുമ്പുതന്നെ ജനങ്ങളെ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു.
അശാസ്ത്രീയവും അസത്യപരവും ആയ പ്രസ്താവനകൾകൊണ്ട് മാധ്യമങ്ങൾ നിറഞ്ഞിരുന്നു. പ്രശസശാസ്ത്രജ്ഞർ പോലും, സത്യത്തെക്കാൾ കള്ളത്തിനാണ് ജനങ്ങളെ ആകർഷിക്കാൻ പറ്റുന്നതെന്ന് തോന്നിയിട്ടോ എന്തോ, ഗ്രഹണത്തെപ്പറ്റി തങ്ങൾക്ക് തെറ്റാണെന്ന് ബോധ്യമുള്ള കാര്യങ്ങൾ കൂടി പ്രചരിപ്പിക്കാൻ ഒരുമ്പെട്ടു. വർഗീയവാദികൾക്ക് നല്ലൊരു കൊയ്ത്തുവേളയായിരുന്നു അത്.

അന്ന് അന്ധവിശ്വാസപ്രചാരണത്തിന്റെ തള്ളിക്കയറ്റം നേരിടാൻ ശാസ്ത്രസാഹിത്യ പരിഷത്തിനോ മറ്റു ജനകീയ ശാസ്ത്രസംഘടനകൾക്കോ സാധിച്ചില്ല. 1995 ലെ സ്ഥിതി അതല്ല. 1992-ൽ തന്നെ ജനകീയ ശാസ്ത്രപസ്ഥാനങ്ങൾ സൂര്യഗ്രഹണത്തെ ഉപയോഗിക്കാനുള്ള മൂന്നാരുക്കങ്ങൾ തുടങ്ങി. 1994 ഫെബ്രുവരിയിൽ നടന്ന അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ ആറാം കോൺഗ്രസിൽ അതിനായി കോസ്മിക് വോയേജ് (പ്രപഞ്ചയാത്ര അല്ലെങ്കിൽ ബ്രഹ്മാണ്ഡയാത്ര) എന്നൊരു പരിപാടിക്ക് രൂപംനൽകി. ബാലമേളകൾ, നക്ഷത്രക്ലാസകൾ, കലാപരിപാടികൾ, സൂര്യോത്സവങ്ങൾ, പ്രപഞ്ചമേളകൾ എന്നിങ്ങനെ പലതരം പരിപാടികളിലായി ലക്ഷക്കണക്കിനു കുട്ടികളും വലിയവരും പങ്കെടുത്തു. വീഡിയോ ഷോകൾ, ഫ്ലൈഡ് ഷോകൾ, പുസ്തകങ്ങൾ, കലാജാഥകൾ, ലേഖനങ്ങൾ. പല മാധ്യമങ്ങളും ഇതിനായി പ്രയോജനപ്പെടുത്തി. ഗ്രഹണവീക്ഷണത്തിനായി ലക്ഷക്കണക്കിനു കണ്ണാടികൾ വിതരണംചെയ്യപ്പെട്ടു. രാജ്യത്തെ മുപ്പതിൽപരംവരുന്ന ജനകീയ ശാസ്ത്രസംഘടനകൾ, അമേച്വർ ആസ്ട്രോണമേർസ് അസോസിയേഷൻ, നക്ഷത്രക്ലബുകൾ, വ്യക്തികൾ… എല്ലാവരും ഇതിൽ പങ്കാളികളായിരുന്നു. സൂര്യഗ്രഹണം വീക്ഷിക്കാനായി ഔത്സുക്യത്തോടെ കാത്തിരുന്ന ഒരു വലിയ ജനാവലി രൂപംകൊണ്ടു.

ഫോട്ടോ : ലൂക്ക വിക്കി ഗ്രഹണക്കാഴ്ച്ച ഫോട്ടോഗ്രഫി മത്സരം Swaraj M Kundamkuzhy

രാഹുവിന്റെയും കേതുവിന്റെയും സ്രഷ്ടാക്കൾ ഉണർന്നപ്പോഴേക്കും രംഗമാകെ മാറിയിരുന്നു. എന്നിട്ടുമവർ വേണ്ടെന്നു വെച്ചില്ല. കൂടുതൽ ശക്തിയായ പ്രചാരണം ആരംഭിച്ചു. ഡോക്ടർമാരും, മന്ത്രിമാരും ‘ശാസ്ത്ര’ത്രജ്ഞന്മാരും ഒക്കെ അതിൽ പങ്കുചേർന്നു. കണ്ണടകളിൽ കൂടെ ഗ്രഹണംകണ്ടാൽ കണ്ണുപൊട്ടുമെന്ന് അവർ ഭീഷണിപ്പെടുത്തി. ദൂരദർശനിലൂടെ നിരന്തരം ജനങ്ങളെ ഉൽബോധിപ്പിച്ചു. “ഗ്രഹണസമ യത്ത് പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. പത്രങ്ങളിൽ വൻ പ്രസ്താവനകളിറക്കി. എന്നാൽ ഇത്തവണ പല ശാസ്ത്രജ്ഞരും പല നേത്രവിദഗ്ധരും സത്യം പറയാൻ മുന്നോട്ടുവന്നു. ഗ്രഹണസമയത്ത് അസാധാരണമായ രശ്മികളാന്നുംതന്നെ സൂര്യനിൽനിന്ന് വരുന്നില്ലെന്നും കണ്ണടകളിൽ കൂടെ കാണുന്നതുകൊണ്ട് ഒരു ആപത്തും വരില്ലെന്നും അവർ പ്രഖ്യാപിച്ചു. പ്രസിദ്ധ ശാസ്ത്രജ്ഞനായ ജയന്ത് നർളിക്കൽ പറഞ്ഞു: “ഗ്രഹണസമയത്ത് ചെയ്യരുതാത്ത ഏറ്റവും പ്രധാനകാര്യം അതു കാണാനുള്ള അസുലഭസന്ദർഭം പാഴാക്കാതിരിക്കുക എന്നതാണ്. നിർഭാഗ്യമെന്നു പറയട്ടെ, ഇന്ത്യൻ ആരോഗ്യവകുപ്പിന് ശാസ്ത്രത്തെക്കാളേറെ വിശ്വാസം ഭയത്തിനെയാണ്; പേടിച്ച് ആരും പുറത്തിറങ്ങിയില്ലെങ്കിൽ ഒരു അപകടസാധ്യതയുമില്ലല്ലോ എന്നതായിരിക്കാം അവരുടെ കണക്കുകൂട്ടൽ, അവരുടെ എതിർപ്രചാരണം കാരണം ഒട്ടേറെ പേർക്ക് ജീവിതത്തിൽ ഇനിയൊരിക്കലും കാണാൻ കഴിയാത്ത ഒരു മഹാദൃശ്യം നഷ്ടമായി. എന്നിട്ടും ലക്ഷക്കണക്കിന് ആളുകൾക്ക് ഗ്രഹണസമയം ഉത്സവത്തിന്റെയും ആനന്ദത്തിന്റേയും വേളയായി മാറി.

ഉത്സവം മാത്രമല്ല, വൻതോതിലുള്ള ശാസ്ത്രീയപഠനങ്ങളും ഇതോടൊപ്പം നടന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും ശാസ്ത്രജ്ഞർ പൂർണഗ്രഹണപഥത്തിൽ തമ്പടിച്ച് പഠനങ്ങൾ നടത്തി ഫോട്ടാകളെടുത്തു. മർദം, താപമാനം മുതലായവയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു. വിമാനത്തിൽ പറന്ന് നിഴലിന്റെ നീക്കം പഠിച്ചു. ബലൂണുകളിൽ ഉയർന്ന് ചിത്രങ്ങളെടുത്തു. ശാസ്ത്രജ്ഞർ മാത്രമല്ല, നൂറുകണക്കിന് ജനകീയ ശാസ്ത്രപ്രവർത്തകരും അമേച്വർ ആസ്ട്രോണമർമാരും ഈ പഠനങ്ങളിൽ പങ്കാളികളായി.  മുമ്പൊരിക്കലും നേടാൻ കഴിയാത്തത്ര വിവരങ്ങൾ ഈ ഗ്രഹണസമയത്ത് ലഭിച്ചു. അവയുടെ വിശ ദാംശങ്ങൾ, പൊരുൾ ഒക്കെ വഴിയെ മാത്രമെ വ്യക്തമാവൂ. വരുംമാസങ്ങളിൽ അവ പ്രസിദ്ധീകരിക്കപ്പെടും, എന്നാൽ അത്രതന്നെ പ്രധാനമാണ് കരുതിക്കൂട്ടി അന്ധവിശ്വാസം പരത്തുന്നവർക്ക് ഏറ്റ തിരിച്ചടി, പാൽ കുടിക്കുന്ന ഗണപതിയെ സൃഷ്ടിച്ചവർക്ക് ഏറ്റ തിരിച്ചടി. അവരും പകയോടെ തിരിച്ചടിക്കും. പുതിയ “അത്ഭുതങ്ങൾ സൃഷ്ടിക്കും. ഗ്രഹണം കണ്ടവർക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് പ്രചരിപ്പിക്കും, അതിനുത്തരവാദികൾ കണ്ണട നൽകിയവരാണെന്ന് ആരോപിക്കും.അങ്ങനെ പലതും.

അന്ധവിശ്വാസങ്ങൾക്കെതിരായ സമരം ദിവസങ്ങളോ കൊല്ലങ്ങളോകൊണ്ട് തീരുന്നതല്ല. സ്കൂളുകളിൽ നക്ഷത്രക്ലാസുുകൾ ഉണ്ടാക്കുക, ജനങ്ങൾക്ക് ദൂരദർശനിൽ കൂടെ ചന്ദ്രനെയും, വ്യാഴം, ശനി മുതലായ ഗ്രഹങ്ങളേയും കാണിച്ചുകൊടുക്കുക, ജ്യോതിശാസ്ത്രസംവാദം നടത്തുക, ഇതിലെല്ലാം വൻതോതിൽ സ്കൂൾ അധ്യാപകരെ പങ്കാളികളികളാക്കുക. ഇങ്ങനെ പലതും ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ വിഭാവന ചെയ്തിട്ടുണ്ട്. പ്രകൃതിയിലെ അത്ഭുതങ്ങൾ മനസ്സിലാവുന്ന മുറയ്ക്ക് ജനങ്ങളുടെ ആത്മവിശ്വാസം വളരുന്നതാണ്. അവർ കർമ്മോത്സുകരാവുന്നതുമാണ്. ജനങ്ങൾ കർമ്മനിരതരാവുന്നതിന്റെ ആവശ്യം എത്ര ഊന്നിപ്പറഞ്ഞാലും അധികമാവില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് രോഗം മൂലം മരണപ്പെട്ടവരുടെ പരിപാലനം എങ്ങിനെ വേണം? 
Next post വിശപ്പും സമാധാനവും കൈകോർക്കുമ്പോൾ
Close