നിസ്സീമമമായ ബുദ്ധിയുടെ വഴിത്താരകൾ
ബെഞ്ചമിൻ ലബാടുട്ട് എന്ന ചിലിയൻ എഴുത്തുകാരന്റെ The Maniac എന്ന പുസ്‌തകത്തെ കുറിച്ച് വായിക്കാം
ഒരു കഥാതന്തു, അത് വികസിപ്പിച്ചെടുക്കാനായി കുറച്ച് കഥാപാത്രങ്ങൾ, തികച്ചും ഭാവനയിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണെന്ന് കരുതാവുന്ന രീതിയിലുള്ള സംഭാഷണങ്ങളും കഥാസന്ദർഭങ്ങളും – ഒരു ഫിക്ഷൻ എന്ന് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിലേക്ക് വരുവാൻ സാധ്യതയുള്ള ചില കാര്യങ്ങളാണിവ. എന്നാൽ ആ ഒരു പ്രതീക്ഷയോടെ ഈയൊരു പുസ്‌തകത്തെ സമീപിക്കാതിരിക്കുകയാവും നല്ലത്. പറഞ്ഞു വരുന്നത് ബെഞ്ചമിൻ ലബാടുട്ട് എന്ന ചിലിയൻ എഴുത്തുകാരന്റെ, ഈ വർഷമിറങ്ങിയ, പുസ്‌തകമായ The Maniac-നെ കുറിച്ചാണ്.
ചിലിയൻ എഴുത്തുകാരൻ ആണെങ്കിലും നെതർലാന്റ്സിൽ ആണ് ലബാടുട്ട് ജനിച്ചത്. അതിന് ശേഷം അർജന്റീനയിലും, പെറുവിലുമൊക്കെ ബാല്യകാലം ചെലവഴിച്ച് തന്റെ കൗമാരകാലത്താണ് ലബാടുട്ട് ചിലിയിൽ വേരുറപ്പിക്കുന്നത്.
നേരത്തെ തന്നെ രണ്ട് പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും, 2020ൽ ഇറങ്ങിയ When We Cease to Understand the World എന്ന പുസ്‌തകത്തിലൂടെയാണ് ലബാടുട്ട് അന്തർദ്ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ശാസ്ത്രം, ശാസ്ത്രജ്ഞർ, ലോകചരിത്രത്തിലെ നാഴികക്കല്ലുകളായ പല കണ്ടുപിടിത്തങ്ങൾ എന്നിവയെല്ലാം ചർച്ച ചെയ്യുന്ന ആ പുസ്‌തകം 2021ലെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാരത്തിനും , മൊഴിമാറ്റം ചെയ്യപ്പെട്ട സാഹിത്യം എന്ന കാറ്റഗറിയിൽ ആ വർഷത്തെ തന്നെ നാഷണൽ ബുക് അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടതുൾപ്പടെ വലിയരീതിയിൽ ചർച്ച ചെയ്യപ്പെട്ടു. ആ നിലക്ക് അതിന് ശേഷം ഇറങ്ങുന്ന അദ്ദേഹത്തിന്റെ അടുത്ത പുസ്‌തകമായ The Maniac എന്ന ഈ പുസ്‌തകത്തിലും വളരെ പ്രതീക്ഷകളുണ്ടാവുക എന്നത് സ്വാഭാവികമായ കാര്യമാണ്.
മുകളിൽ പറഞ്ഞ പോലെ ഒരേയൊരു കഥ വികസിപ്പിച്ചെടുത്ത കണക്കല്ല ഈ പുസ്‌തകത്തിന്റെ ഘടന. ഇത് ലബാടുട്ടിനെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. അദ്ദേഹത്തിന്റെ When We Cease to Understand the World എന്ന ഹിസ്റ്റോറിക്കൽ ഫിക്ഷൻ പുസ്‌തകത്തിലും ഫിക്ഷനും നോൺ ഫിക്ഷനും ഇടകലർത്തി എഴുതിയ രീതിയിലാണുള്ളത്. ഇത് പോലെ പല ഴോൻറയിലുള്ള രീതികൾ ഇടകലർത്തി എഴുതുന്നത് അത്ര വിരളമല്ല എന്ന് കൂടെ പറയട്ടെ. ഉദാഹരണത്തിന് പെട്ടന്ന് മനസ്സിലേക്കോടിയെത്തുന്നത് അയാദ് അഖ്തറിന്റെ Homeland Elegies എന്ന നോവലാണ്. ഇത് ഒരു നോവൽ ആണോ അതോ ഓർമക്കുറിപ്പാണോ എന്ന ചോദ്യം നമ്മളിൽ അവശേഷിപ്പിച്ചാണ് അയാദിന്റെ പുസ്തകം വികസിക്കുന്നത്.
The Maniac എന്ന ഈ പുസ്‌തകത്തിലേക്ക് വരുമ്പോൾ, ഉപരിപ്ലവമായി യാതൊരു ബന്ധവും തോന്നാത്ത മൂന്ന് ഭാഗങ്ങളായി തിരിക്കാൻ കഴിയുന്ന രീതിയിൽ ആണ് ഈ പുസ്‌തകം എഴുതിയിരിക്കുന്നത് എന്ന് തോന്നിയാൽ അതിൽ അതിശയിക്കേണ്ടതില്ല.
ആദ്യത്തെ ഭാഗം :
ക്വാണ്ടം ഫിസിക്സിലെ പ്രമുഖനായിരുന്നു പോൾ ഏറെൻഫെസ്റ്റ് (Paul Ehrenfest) എന്ന ഓസ്ട്രിയൻ ശാസ്ത്രജ്ഞന്റെ ജീവിതം അവതരിപ്പിച്ചു കൊണ്ടാണ് പുസ്‌തകം തുടങ്ങുന്നത്. പോൾ, ആൽബർട്ട് എൻസ്റ്റൈന്റെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതിബുദ്ധിമാനായിരുന്നെങ്കിലും അദ്ദേഹത്തിന് പിടിപെട്ട വിഷാദരോഗം അദ്ദേഹത്തിന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നും ഈ ഭാഗം പറയുന്നുണ്ട്
രണ്ടാമത്തെ ഭാഗം :
ഒരു പക്ഷേ നോവൽ എന്നവകാശപ്പെടുന്ന ഈ പുസ്‌തകത്തിന് അല്പമെങ്കിലും ആ അവകാശമുന്നയിക്കാൻ കഴിയുന്ന ഒരു ഭാഗമാണ് ഇത്. ആൽബർട്ട് എൻസ്റ്റൈൻ, ഐസക് ന്യൂട്ടൺ , തോമസ് എഡിസൻ എന്നിങ്ങനെ ചുരുക്കം ശാസ്ത്രജ്ഞരെ മാത്രം പരിചയമുള്ള നമുക്ക് ജോൺ ഫൊൺ ന്യൂമനെ (John von Neumann) പരിചയപ്പെടുത്തുന്ന ഈ ഭാഗം തീർച്ചയായും വളരെ ഉപകാരപ്രദമാണ്. ഗണിതശാസ്ത്രജ്ഞൻ, കമ്പ്യൂട്ടർ വിദഗ്ധൻ എന്നു വേണ്ട മറ്റനേകം ശാസ്ത്രവിഷയങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുളളയാളാണ് ജോൺ. രണ്ടാംലോകമഹായുദ്ധകാലത്തു അണ്വായുധം വികസിപ്പിച്ചെടുത്ത അമേരിക്കയുടെ മൻഹട്ടൻ പ്രൊജെക്ടിൽ (Manhattan project) അദ്ദേഹവും പങ്കാളിയായിരുന്നു. ജോൺ ന്യൂമാൻ വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടറായ MANIACന്റെ (Mathematical Analyzer Numerical Integrator and Automatic Computer) പേര് തന്നെയാണ് ഈ നോവലിനും. ജോണ് ന്യൂമന്റെ സഹപ്രവർത്തകർ, കുടുംബം എന്നിവരുടെ കാഴ്ചപ്പാടിലൂടെ വികസിക്കുന്ന ഈ ഭാഗം ആ മഹാശാസ്ത്രജ്ഞന്റെ ജനനം മുതൽ മരണം വരെയുള്ള പ്രധാന കാര്യങ്ങൾ, കുറച്ചെങ്കിലും ഭാവനാത്മകമായി ഒരു നോവലിന്റെ രീതിൽ പറയാൻ ശ്രമിച്ചിട്ടുണ്ട്.
മൂന്നാമത്തെ ഭാഗം :
സഹസ്രാബ്ദങ്ങളായി നിലനിന്നു വരുന്ന ഗോ എന്ന കളി, നിർമിത ബുദ്ധി കളിക്കുകയാണെങ്കിൽ എന്താവും സംഭവിക്കുക എന്നതാണ് ഈ ഭാഗത്തിൽ പ്രധാനമായും പറയുന്നത്. ചെസ്സ് കളിയേക്കാളും സങ്കീർണമായ ഗോ എന്ന കളിയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ്. 2016ൽ ഗോ കളിയിലെ ഏറ്റവും പ്രഗത്ഭനായ സൗത്ത് കൊറിയയിലെ ലീ സെഡോൾ (Lee Sedol), ഗൂഗിൾ കമ്പനിയുടെ ഡീപ് മൈൻഡ് (Deepmind) എന്ന അനുബന്ധ കമ്പനി വികസിപ്പിച്ചെടുത്ത ആൽഫഗോ (Alpha Go) എന്ന നിർമിത ബുദ്ധിയോട് കളിക്കുകയും, അതിൽ നിർമിതബുദ്ധി ലീയെ അട്ടിമറിക്കുകയും ചെയ്തു. മനുഷ്യന്റെ ബൗദ്ധികമായ പരിമിതികൾ നിര്മിതബുദ്ധിക്ക് ഒരു പ്രശ്നമേ അല്ലാ എന്നുള്ളതിന്റെ തെളിവായിരുന്നു ആ ഗോ ടൂർണമെന്റ്.
പ്രത്യക്ഷത്തിൽ പരസ്പരം യാതൊരു ബന്ധവും അവകാശപ്പെടാനില്ലാത്ത ഈ മൂന്ന് ഭാഗങ്ങൾ ഒരു സാൻഡ്വിച്ച് പോലെ ചേർത്ത് വെച്ചിരിക്കുന്നതാണെങ്കിലും, സൂക്ഷ്മ നിരീക്ഷണത്തിൽ, ഈ മൂന്ന് ഭാഗങ്ങളിലും അന്തർലീനമായ ഒരു പൊതുഘടകം “ബുദ്ധി” ആണെന്ന് കാണാം. അത്, കഴിഞ്ഞ ഒന്നര നൂറ്റാണ്ടിൽ ശാസ്ത്രീയ വിഷയങ്ങളിൽ മാനവരാശി നേടിയ മുന്നേറ്റങ്ങളുടെ ഒരു ചിത്രമാണ് നമുക്ക് മുമ്പിൽ വരച്ചിടുന്നത്. രണ്ടു ലോകമഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച ലോകരാജ്യങ്ങൾ, പരസ്പരം ഉന്മൂലനം ചെയ്യാനുള്ള ആയുധങ്ങളുടെ കണ്ടുപിടുത്തങ്ങളെയും ഒരുകാലത്ത് മുന്നേറ്റങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇതിൽ തന്നെ ആശ്ചര്യജനകമായ കാര്യമെന്നുള്ളത് ലോകമഹായുദ്ധങ്ങൾ സമ്മാനിച്ച അസ്ഥിരതകൾ തന്നെയാണ് മനുഷ്യന്റെ ഇന്നത്തെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ നിർമിത ബുദ്ധിക്ക് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ AI ) ഏതാണ്ട് 70 വർഷങ്ങൾക്കു മുമ്പ് തന്നെ വഴിമരുന്നിടാനും അന്നത്തെ ബുദ്ധിരാക്ഷസന്മാർക്ക് സാധിച്ചു കൊടുത്തത് എന്നുള്ളതാണ്.
ബർഗറിലെ ബൺ മാത്രമായോ, പാട്ടി(patty) മാത്രമായോ കഴിക്കാം, അതിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ, ബണ്ണും പാട്ടിയുമൊക്കെ ചേർത്തു ഒരു സാൻഡ്വിച്ച് ആക്കി കഴിക്കുമ്പോഴാവും ഒരു meal എന്നതിന്റെ പൂർണത ഒരു ബർഗറിൽ നമ്മൾക്ക് ലഭിക്കാനാവുക. അത് പോലെ ഫിക്ഷൻ എന്ന ഴോൻറയിൽ തളച്ചിടാൻ ബുദ്ധിമുട്ട് തോന്നുന്ന, കൂടുതലായും ഒരു നോൺഫിക്ഷൻ ചായ്‌വ് തോന്നിപ്പിക്കുന്ന ഒരു എഴുത്ത് രീതിയാണ് പുസ്തകത്തിൽ. സ്വന്തമായി നിലനിൽപ്പില്ലാത്ത വിധം എഴുതിയ വ്യത്യസ്ത ലേഖനങ്ങളുടെ കെട്ടുറപ്പിന് കാരണം ഇവയെയെല്ലാം കൂട്ടിയിണക്കുന്ന, അനുസ്യൂതമായി മുന്നോട്ടൊഴുകുന്ന ശാസ്ത്രവും അത് നമ്മൾക്ക് നൽകിയ ബൗദ്ധികമായ മുന്നേറ്റവുമാണ്. ഇന്നലെ വരെ അത് ചില MANIAC കളുടെ ചെവികൾക്കിടയിൽ നിന്ന് മാത്രം ഉരുത്തിരിഞ്ഞു വന്ന ഒന്നാണെങ്കിൽ നാളെ അവ കയ്യാളുന്നത് ജോൺ ന്യൂമൻ വികസിപ്പിച്ചെടുത്ത MANIAC ന്റെ പിന്തുടർച്ചക്കാരായ നിർമിതബുദ്ധിയാവും എന്നുള്ള ഓർമപ്പെടുത്തൽ നടത്തിയിട്ടാണ് ഈ പുസ്‌തകം അവസാനിക്കുന്നത്.
പാലക്കാട് സ്വദേശിയായ, പുസ്‌തക വായന ഇഷ്ടപ്പെടുന്ന അജിത് കുന്നത്ത് കാനഡയിൽ ഐ ടി രംഗത്ത് പ്രവർത്തിക്കുന്നു.