അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.
ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം
ഇന്റർനെറ്റിന്റെ ഇന്നത്തെ അവസ്ഥയെ രൂക്ഷവും ക്രിയാത്മകവും ആയ വിമർശത്തിന് വിധേയമാക്കുന്ന ഒരു പ്രധാനപ്പെട്ട കൃതിയാണ് ഡിജിറ്റൽ രംഗത്തെ ആക്ടിവിസ്റ്റായ കോറി ഡോക്ടറോവിന്റെ ‘The Internet Con: How to Seize the Means of Computation’ എന്ന 2023 സെപ്റ്റംബറിൽ പുറത്തിറങ്ങിയ പുസ്തകം.
ഇന്റർനെറ്റിൽ നിരവധിയായ ചതിക്കുഴികൾ ഉണ്ടെന്നുള്ളത് നമുക്കറിയാവുന്നതാണ്, ദിവസേനയെന്നോണം ഇന്റർനെറ്റിലൂടെ നടത്തപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചു നാം കേൾക്കാറുണ്ട്. പക്ഷെ, ഈ രചന നാം കുറ്റകൃത്യങ്ങൾ എന്ന് അടയാളപ്പെടുത്താൻ സാധ്യതയില്ലാത്ത ഘടനാപരമായ “തട്ടിപ്പുകളെ”യാണ് അഭിസംബോധന ചെയ്യുന്നത്. ഗ്രന്ഥത്തിൽ പരാമർശിക്കുന്ന അത്തരം ചില ഘടകങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.
ഫേസ്ബുക്കിലൂടെ – അല്ലെങ്കിൽ സമാനമായ സമൂഹമാധ്യമങ്ങളിലൂടെ – മാത്രമേ അർത്ഥപൂർണ്ണമായ സാമൂഹികജീവിതം സാധ്യമാകൂ എന്ന് പലരും വിശ്വസിക്കുന്നുണ്ട് എന്ന് അതിശയോക്തിയില്ലാതെ പറയാം. ആ വാദം ഒരു മിഥ്യാബോധമാണ് എന്ന് ഇന്നത്തെ ഏതൊരു മുതിർന്നപൗരനും തന്റെ യൗവനത്തിലെ ഊഷ്മളമായ സാമൂഹികജീവിതം ചൂണ്ടിക്കാട്ടി തെളിയിക്കാൻ കഴിയും. എങ്കിലും ഒരു വാദം എന്ന നിലയിൽ സമൂഹമാധ്യമങ്ങളുടെ ആധുനികജീവിതത്തിലെ പങ്കിനെ അംഗീകരിക്കുന്നു എന്ന് കരുതുക. സമൂഹമാധ്യമങ്ങളും മറ്റു സേവനങ്ങളും തമ്മിലുള്ള ഒരു വ്യത്യാസം നോക്കാം. നിരവധിയായ സേവനങ്ങൾ നാം ഉപയോഗിക്കാറുണ്ട്, അതിൽ മൊബൈൽ സേവനം, ഇന്റർനെറ്റ് സേവനം, കേബിൾ ടി വി സേവനം എന്നതൊക്കെ ഇതിൽപെടും. അവയിൽ ഒക്കെ ഒരു സേവനദാതാവിൽനിന്നും മറ്റൊരു സേവനദാതാവിലേക്ക് എളുപ്പം മാറാൻ സാധിക്കും, മാറുന്ന സമയത്തെ ഒന്നോ രണ്ടോ മണിക്കൂറിന്റെ തടസ്സം മാറ്റിനിർത്തിയാൽ സുഗമമായി നമുക്ക് തുടർന്നും സേവനം ഉപയോഗിക്കാം. പക്ഷെ, സമൂഹമാധ്യമങ്ങളുടെ കാര്യം അങ്ങനെയല്ല. ഫേസ്ബുക്ക് മതിയായി എന്ന് തീരുമാനിച്ചു മറ്റൊന്നിലേക്ക് ചേക്കേറണമെങ്കിൽ ഫേസ്ബുക്കിൽ നാം സൃഷ്‌ടിച്ച സുഹൃദ്‌വലയം നഷ്ടമാവും, നാം അപ്‌ലോഡ് ചെയ്തിട്ടുള്ള ഫോട്ടോകൾ പുതിയതിലേക്ക് മാറ്റേണ്ടിവരും, നാം വർഷങ്ങളായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിവരങ്ങൾ എല്ലാം നഷ്ടങ്ങളുടെ പട്ടികയിൽ തന്നെ. കാരണം ലളിതമാണ്, മറ്റു സേവനങ്ങളിൽ നിന്നും വിഭിന്നമായി സമൂഹമാധ്യമങ്ങൾ തമ്മിൽ interoperability – അഥവാ പരസ്പരപ്രവർത്തനക്ഷമത – ഇല്ല. ഒരു സേവനം ഉപയോഗിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ആ സേവനത്തിന്റെ വിവരശേഖരത്തിൽ അത്രമേൽ ആഴത്തിൽ കിടക്കുകയാണ്. ഒരു സമൂഹമാധ്യമസേവനത്തിൽനിന്നും മറ്റൊന്നിലേക്ക് മാറുന്നത് എളുപ്പമല്ലാതിരിക്കുന്നത് എന്തുകൊണ്ടാവാം? ഇൻസ്റ്റാഗ്രാം എന്ന സമൂഹമാധ്യമം തുടങ്ങിയ കാലത്ത് ഉപയോഗിച്ചിരുന്നവർ ഓർക്കുന്നുണ്ടാവും, ആ സേവനത്തിന്റെ പ്രധാന ആകർഷണം അതിൽ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റും നമ്മുടെ നിരവധിയായ സമൂഹമാധ്യമ അക്കൗണ്ടുകളിൽ തൽക്ഷണം പോസ്റ്റ് ചെയ്യപ്പെടും എന്നതായിരുന്നു. ഓരോന്നിലും പ്രത്യേകം പ്രത്യേകം പോസ്റ്റ് ചെയ്യുന്നതിന് പകരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്താൽ മതിയാകും. 2000 ങ്ങളുടെ അവസാനം ഓർക്കുട്ടിൽ നിന്നും ഫേസ്ബുക്കിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ ഫേസ്ബുക്ക് മുന്നോട്ട് വെച്ച ഒരു വാഗ്ദാനമുണ്ട് – നാം ഓർക്കുട്ട് അക്കൗണ്ടുമായി ലിങ്ക് ചെയ്താൽ അതിലെ എല്ലാ സുഹൃത്തുക്കളെയും ഫേസ്ബുക്കിലേക്ക് ഒറ്റ ക്ലിക്കിൽ import ചെയ്യാം. ഇത് മൂലമാണ് നമ്മളിൽ പലരും ഫേസ്ബുക്കിലേക്ക് ചേക്കേറിയത്. ഇതൊക്കെ ഓർക്കുമ്പോൾ അതിൽനിന്നും നാം ഒന്നുകൂടി മനസ്സിലാക്കണം – സമൂഹമാധ്യമങ്ങൾ തമ്മിൽ പരസ്പരപ്രവർത്തനക്ഷമത ഇല്ലാതിരുന്നത് സാങ്കേതികമായ കാരണങ്ങൾ കൊണ്ടല്ല. ഇന്ന് സമൂഹമാധ്യമങ്ങളിൽ പരസ്പരപ്രവർത്തനക്ഷമത ഇല്ലാതിരിക്കുന്നത് ഈ മേഖലയിലെ വമ്പന്മാരുടെ സാമ്പത്തികതാത്പര്യങ്ങൾ മൂലമാണെന്ന് കാണണം, പരസ്പരപ്രവർത്തനക്ഷമത നമുക്ക് ലഭ്യമാക്കാതിരിക്കുന്നത് ഒരു തട്ടിപ്പാണ് എന്നും പറയാം. മറ്റൊരു സേവനത്തിലേക്ക് മാറുന്നത് അത്യന്തം ബുദ്ധിമുട്ടുള്ള ഒരു കാര്യമാക്കുന്നതിലൂടെ നമ്മുടെ സാമൂഹികജീവിതത്തിൽ ഫേസ്ബുക്കിന് സേവനങ്ങൾക്ക് വലിയ സ്വാധീനം ലഭിക്കുന്നു. നാം ഫേസ്ബുക്കിൽ നിന്ന് പോകില്ല എന്ന വിശ്വാസം അവർ പണമാക്കിമാറ്റുന്നത് നമ്മെ ഏറെ പരസ്യങ്ങൾ കാണിച്ചു ബോറടിപ്പിച്ചുകൊണ്ടാണ്, ആ പരസ്യങ്ങൾ സഹിക്കേണ്ടിവരുന്നത് ഈ കുത്തവൽക്കരണത്തിലൂടെ അവർ ഈടാക്കുന്ന ‘വാടക’യായി കാണാം. അതിനോടൊപ്പം തന്നെ ഡോക്ടറോവ് പരസ്പരപ്രവർത്തനക്ഷമത എന്നതിൽ ഉറച്ചുനിന്നുകൊണ്ട് വികേന്ദ്രീകൃത സമൂഹമാധ്യമങ്ങൾ നിർമ്മിച്ചാൽ അവയിലൂടെ ഈ രംഗത്തെ കുത്തകവൽക്കരണത്തെ ഫലപ്രദമായി തടയാം എന്നും സമർത്ഥിക്കുന്നു.
വായനക്കാർക്ക് ഏറെ വിസ്മയം തോന്നിയേക്കാവുന്ന മറ്റു ചില ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതിൽ ഒന്ന് ഐഫോണിനെക്കുറിച്ചുള്ളതാണ്. ഒരു ഐ ഫോൺ എടുത്തു പൊട്ടിക്കുക, ഒരു കല്ലോ മറ്റോ കൊണ്ടടിച്ചു പൊട്ടിച്ചാൽ മതിയാകും 🙂. അതിനുള്ളിൽ നിരവധിയായ ചെറു ഇലക്ട്രോണിക് ഭാഗങ്ങൾ ഉണ്ടാവും. അവയിൽ ഒരു ഭൂതക്കണ്ണാടി വെച്ച് നോക്കിയാൽ അവയിൽ ഓരോന്നിലും ആലേഖനം ചെയ്തിരിക്കുന്ന ചെറിയ ആപ്പിൾ കമ്പനിയുടെ ലോഗോ കാണാൻ സാധിക്കും. എന്തിനാവും ഇത്? ഇത് മനസ്സിലാക്കുന്നതിലേക്ക് ആദ്യം നാം തിരിച്ചറിയേണ്ടത്, നമുക്ക് ഒരു ഫോണിലെ ചെറു ഭാഗങ്ങൾ എടുത്തു മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും എന്നതാണ്. ഫോണിലെ ക്യാമറ, മൈക്ക് എന്ന് വേണ്ട നിരവധിയായ ചിപ്പുകൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കും. ഇലക്ട്രോണിക്സിന് സ്വാഭാവികമായ പുനരുപയോഗസാധ്യതയുണ്ട് എന്ന് സാരം. പക്ഷെ, ഇങ്ങനെയുള്ള ഉപയോഗം ആപ്പിളിന് താൽപര്യമില്ല. അതിനായി ഒരു നിയമസംവിധാനത്തെ ആശ്രയിക്കുന്നതിലേക്കാണ് ഓരോ ചെറുഭാഗത്തിലും ആപ്പിൾ ലോഗോ വെയ്ക്കുന്നത്. അതെങ്ങനെ എന്നല്ലേ. ഒരു കമ്പനി നിർമ്മിച്ച ഒരു ചെറിയ ഇലക്ട്രോണിക് ചിപ്പ് മറ്റൊരു ഉപകരണത്തിൽ ഉപയോഗിച്ചാൽ ആ ഉപകരണത്തിന്റെ പ്രവർത്തനത്തിലെ പിഴവുകളിലൂടെ ചിപ്പ് നിർമ്മിച്ച കമ്പനിക്ക് മാനഹാനി ഉണ്ടായേക്കും എന്ന വാദം അംഗീകരിക്കുന്ന ഒരു നിയമം ആഗോളമായി നിരവധിയായ രാജ്യങ്ങളിൽ നടപ്പിലാക്കപ്പെട്ടിട്ടുണ്ട്. ഓരോ ചെറു ഭാഗത്തിലും ആപ്പിൾ ലോഗോ പതിപ്പിക്കുന്നതിലൂടെ ഈ നിയമത്തിന്റെ ചിറകിലേറി ഐ ഫോണിലെ ഭാഗങ്ങളുടെ പുനരുപയോഗം തടയുക എന്നതാണ് ആപ്പിൾ ലക്ഷ്യമിടുന്നത് എന്ന് ഡോക്ടറോവ് ഈ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ സ്വാഭാവികമായ പുനരുപയോഗശേഷി ഹനിക്കുന്നതിലേക്ക് ടെക് കമ്പനികളുടെ സാമ്പത്തികതാൽപര്യങ്ങളും നിയമങ്ങളും എങ്ങനെ കൈകോർക്കുന്നു എന്ന് ഏറ്റവും ഭംഗിയായി അവതരിപ്പിക്കുകയാണിവിടെ.
തൊഴിലാളിവർഗ്ഗം ഉത്പാദന ഉപാധികളെ കൈവശപ്പെടുത്തണം എന്നത് (‘seize the means of production’) കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം കാലങ്ങളായി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്. ഇന്ന് ഉത്പാദനപ്രവർത്തങ്ങൾ വിജ്ഞാനവത്കൃതമാവുന്ന കാലത്ത് ഡോക്ടറോവ് പറയുന്നത് കമ്പ്യൂട്ടിങ് ഉപാധികൾ ജനങ്ങൾ കൈവശപ്പെടുത്തേണ്ട ആവശ്യത്തെക്കുറിച്ചാണ് (‘seize the means of computation’ എന്നതാണ് ഈ പുസ്തകത്തിന്റെ subtitle); അതിലേക്കുള്ള പ്രധാനപാതകളായിട്ടാണ് ഡോക്ടറോവ് പരസ്പരപ്രവർത്തനക്ഷമതയേയും പുനരുപയോഗത്തെയും കാണുന്നത്. അത്യന്തം കാലികപ്രസക്തി ഉള്ള ഒരു ആശയമാണ് ഡോക്ടറോവ് ഭംഗിയായി ഘട്ടം ഘട്ടമായ വാദങ്ങളിലൂടെ പറഞ്ഞുറപ്പിക്കുന്നത് എന്നത് ഈ പുസ്തകത്തെ വളരെ ശ്രദ്ധേയമാക്കുന്നു.
ലേഖകൻ എഴുതിയ മറ്റു പുസ്തക പരിചയങ്ങൾ
വീഡിയോ കാണാം
സസൂക്ഷ്മം
സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര
സാങ്കേതികവിദ്യയും സമൂഹവും
ലേഖനങ്ങൾ വായിക്കാം