Read Time:19 Minute

ചാൾസ് ഡാർവിൻ – നമ്മുടെ വികാസപരിണാമങ്ങളെക്കുറിച്ചും, ചിന്ത, വികാരങ്ങൾ എന്നിവയെക്കുറിച്ചും ഇത്രയധികം പറഞ്ഞ മറ്റൊരാളില്ല. യഥാർത്ഥത്തിൽ ജീവശാസ്ത്രത്തിൽ എന്ത് നവീനാശയം ചർച്ചചെയ്യുമ്പോഴും ഡാർവിനോ, ഡാർവീനിയൻ തത്വങ്ങളോ ഉയർന്നുവരും. പറഞ്ഞുതീരാത്തത്ര ആശയങ്ങളാണ് അതിലുള്ളത്. പരിണാമത്തിൽ വിശ്വസിക്കുന്നവരിൽ ചിലർ പോലും മനുഷ്യർ ഇതരമൃഗങ്ങളെക്കാൾ വ്യത്യസ്തരാണെന്നും മനുഷ്യർ ആർജ്ജിച്ചിട്ടുള്ള പ്രാമുഖ്യം അതിനാൽ അനന്യമായ പരിണാമ വഴികളിലൂടെ സാധ്യമായതാണെന്നും കരുതുന്നു. പരിണാമവഴിയിലൂടെത്തിയ മനുഷ്യ വർഗത്തെ കുറിച്ച് പറയുന്ന പുസ്തകമാണ്, “യാദൃച്ഛിക വർഗം” (The Accidental Species Henry Gee, 2013, Chicago Universtiy Press).

‘മനുഷ്യപരിണാമത്തിലെ തെറ്റിദ്ധാരണകൾ’ എന്ന ഉപശീർഷകം പുസ്തകം പരാമർശിക്കുന്ന വിഷയത്തെക്കുറിച്ചു സൂചന നൽകുന്നു. രചയിതാവായ ഹെൻറി ജീ പരിണാമ ശാസ്ത്രജ്ഞനാണ്; പ്രസിദ്ധമായ ദ് നേച്ചർ മാഗസിനിൽ സീനിയർ എഡിറ്റർ ആയി പ്രവർത്തിക്കുന്നു. രസകരമായി വായിച്ചു പോകാവുന്ന പുസ്തകമാണിത്; അതിൽ ഉയർത്തിയ നിരീക്ഷണങ്ങളും വാദങ്ങളുമാകട്ടെ അത്യന്തം ഹൃദ്യവും യുക്തിസഹവുമാണ്.

ഈ പുസ്തകരചന നടക്കാനുണ്ടായ സാഹചര്യം അദ്ദേഹം പറയുന്നുണ്ട്. കുറച്ചുകാലം മുമ്പ് ഒരു ഫോസ്സിൽ കണ്ടുകിട്ടി. പ്രൈമേറ്റ് വിഭാഗത്തിൽ പെട്ട ഡാർവീനസ് മാസിലെ (Darwinius masillae) എന്ന മൃഗത്തിന്റേതായിരുന്നു ഫോസ്സിൽ. ശാസ്ത്രീയ പടങ്ങളുടെ ബാഹുല്യം നിമിത്തം സാധാരണക്കാർക്ക് സുഗമമായിരുന്നില്ല വായന. എന്തായാലും മീഡിയ അതിവിചിത്രമായ റിപ്പോർട്ടിങ് ആണ് ചെയ്തത്. മനുഷ്യ പരിണാമത്തിലെ കാണാക്കണ്ണിയെന്ന (missing link) സുപ്രധാന തെളിവാണിതെന്നും മീഡിയ ആഘോഷിച്ചു. അതോടെ കാണാക്കണ്ണി എന്ന പ്രഹേളിക ചർച്ചകളിൽ ഇടംപിടിച്ചു. കാണാക്കണ്ണി എന്ന ആശയം പരിണാമശാസ്ത്രത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഹെൻറി ജീ കരുതുന്നു. മിസ്സിംഗ് ലിങ്ക് എന്നു പറയുമ്പോൾ പരിണാമത്തിലെ ഘട്ടങ്ങൾ മുൻ നിശ്ചയപ്രകാരം നമുക്ക് കണ്ടെത്താനാകുന്ന വഴിയിലൂടെ കടന്നുപോകുന്നു എന്ന ധാരണ ഉറപ്പിക്കുന്നു. അതായത്, നമ്മുടെ പ്രതീക്ഷയ്ക്കനുസരിച്ചാണ് പരിണാമവഴി പുരോഗമിക്കുന്നത് എന്ന ലളിത മാതൃക നമ്മുടെയുള്ളിൽ സ്ഥാപിക്കപ്പെടും. മുൻകൂട്ടി തയ്യാറാക്കിയ എന്തെങ്കിലും ആസൂത്രണം പരിണാമത്തിനില്ല.

പല മാറ്റങ്ങളും കാലക്രമത്തിൽ ഉണ്ടാകുകയും അവ മനുഷ്യാവസ്ഥയിൽ എത്തുകയും ചെയ്തു എന്നതാണ് വാസ്തവം; അതും എന്തെങ്കിലും മുൻനിശ്ചയപ്രകാരം അല്ല. ജീ പറയുന്നത്, “The patterns we see in life are the results of evolution, and are contingent. In and of itself, evolution carries no implication of progres- sion or improvement.” അടുക്കും ചിട്ടയുമില്ലാതെ, യാദൃച്ഛികമായി സംഭവിക്കുന്ന അനേക ഘട്ടങ്ങളിലൂടെയാണ് പരിണാമം മുന്നോട്ട് പോകുന്നത്. അതിനാൽ സൂക്ഷ്മവഴികൾ കണ്ടെത്താനോ നിർണയിക്കാനോ മാർഗമില്ല. അതൊരു പ്രശ്നമാകുന്നുമില്ല.

നമ്മുടെചുറ്റും കാണുന്ന വൈവിധ്യങ്ങൾ നിരീക്ഷിച്ച ഡാർവിൻ, ജീവൻ നിലനിൽക്കുന്നത് കെട്ടുപിണഞ്ഞ തീരത്തിലാണെന്ന് (tangled bank) അഭിപ്രായപ്പെടുകയുണ്ടായി. അവിടെ സമൃദ്ധമായ ജൈവസമ്പത്ത് കാണാനാകും: കൃമികൾ, വിരകൾ, ചെറുപ്രാണികൾ, പക്ഷികൾ, തുടങ്ങി എന്തും. ഓരോ ജീവിയും വിചിത്രമായി രൂപകൽപന ചെയ്യപ്പെട്ടവരാണ്. പരസ്പര സാമ്യമില്ലാത്ത ഇവർ സങ്കീർണമായ രീതികളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഡാർവിൻ ശ്രദ്ധയോടെ പരിഗണിച്ചത് ദ്വീപുകളിലെ ജൈവവൈവിധ്യമാണ്. അവിടെ പാർക്കുന്ന പക്ഷിമൃഗാദികളുടെ അതിവിചിത്രമായ വ്യതിയാനങ്ങളും അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. ഗാലപ്പഗോസ് ദ്വീപുകളിൽ അദ്ദേഹം എത്തിയത് 1835 ലാണ്. ദക്ഷിണ അമേരിക്കയിൽ കണ്ടിരുന്നത്തിൽ നിന്ന് വ്യത്യസ്തമായ ഫിഞ്ച് പക്ഷികളും ഭീമാകാരം പൂണ്ട ആമകളും ദ്വീപുകളെ വ്യത്യസ്തമാക്കി. ദ്വീപുകളിൽ പെട്ടുപോകുന്ന ജീവികൾക്ക് അവിടുത്തെ ഭൗതിക സാഹചര്യങ്ങൾക്കൊത്ത് അനുരൂപീകരണം നടത്തുക എന്ന പോംവഴി മാത്രമേയുള്ളൂ മുന്നിൽ. അതാണ് ഗാലപ്പ ഗോസ് ദ്വീപുകളിൽ സംഭവിക്കുന്നതെന്ന് ഡാർവിൻ തിരിച്ചറിഞ്ഞു. വലിയ മൃഗങ്ങൾ ചെറുതാകുന്നതും ചെറിയവ വലിപ്പം പ്രാപിക്കുന്നതും ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായി ചേർത്തു വായിക്കാനാകുമെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങ് ദൂരെ ഫ്ലോറിസ് (Flores) എന്ന ഇന്തോനേഷ്യൻ ദ്വീപിൽ ലുഅങ് ബുവ (Luang Bua) എന്ന ഗുഹകളിൽ നിന്ന് ചെറു മനുഷ്യരുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.

ഇന്തോനേഷ്യൻ ദ്വീപിലെ ലുഅങ് ബുവ (Luang Bua) എന്ന ഗുഹ

ഒരു മീറ്റർ മാത്രം ഉയരവും മസ്തിഷ്ക വലിപ്പം ആധുനിക മനുഷ്യരേക്കാൾ മൂന്നിലൊന്ന് കുറവും. താടിയെല്ലുകളുടെയും മറ്റു ഭാഗങ്ങളുടെ ഘടനയും പരിഗണിക്കുമ്പോൾ ഇത് ആധുനിക മനുഷ്യരുടെ (homo sapiens) അസ്ഥിപഞ്ജരമല്ലെന്ന് വ്യക്തമായി. ഈ കുറുകിയ മനുഷ്യരുടെ ആവാസകാലം 95000 വർഷങ്ങൾക്ക് മുമ്പ് മുതൽ 12000 വർഷങ്ങൾക്ക് മുമ്പ് വരെ ആയിരിക്കാമെന്ന് ഗവേഷകർ പറയുന്നു. ഫ്ളോറെസിലേയ്ക്ക് ആധുനിക മനുഷ്യർ എത്തിക്കഴിഞ്ഞശേഷവും ഇവർ ജീവിച്ചിരുന്നതായി കരുതാം.

അഗ്നിപർവതം പൊട്ടിയതിനാലും ആധുനിക മനുഷ്യരുമായി കിടപിടിക്കാനാകാത്തതിനാലും ഹോമോ ഫ്ളോറെസിയൻസിസ് (Homo floresiensis) എന്ന് നാമകരണം ചെയ്യപ്പെട്ട ഇവർ ഭൂമിയിൽനിന്ന് അപ്രത്യക്ഷരായി. യൂറോപ്പിൽ ജോർജിയ പ്രദേശത്തുനിന്ന് ഉയരം കുറഞ്ഞ മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയുണ്ടായി; എന്നാലവയ്ക്ക് ഇന്തോനേഷ്യയിൽ കണ്ടതിനേക്കാൾ മെച്ചപ്പെട്ട മസ്തിഷ്കവലിപ്പം ഉണ്ടായിരുന്നു. പരിണാമത്തിന്റെ സമ്മർദം വലിപ്പച്ചെറുപ്പങ്ങൾക്ക് കാരണമാകാം. പ്രത്യേകിച്ചും ദ്വീപുകളിൽ ഒറ്റപ്പെട്ട് ജീവിക്കേണ്ടിവരുമ്പോൾ. മഡഗാസ്കർ ദ്വീപിൽ കണ്ടിരുന്ന നീർകുതിര (hippopotamus) കാലക്രമത്തിൽ ഹ്രസ്വകായരായി മാറി. ദ്വീപുകളിൽ വിഭവശോഷണം നീണ്ടുനിൽക്കുമ്പോൾ മൃഗങ്ങൾ ‘ദ്വീപ് കൃശഗാത്രിത്വം’ (island dwarfism) എന്ന അവസ്ഥ വരിക്കുന്നു. ഇത് സംഭവിക്കുമ്പോൾ മൃഗങ്ങൾ അവയുടെ തനതായ ശരീരവലിപ്പം കുറച്ചു കൃശഗാത്രരാകുന്നു. ഒപ്പം അവയുടെ മസ്തിഷ്കവും ചുരുങ്ങുന്നതായി കാണപ്പെടുന്നു. ഇതിനു കാരണമുണ്ട്. പിണ്ഡത്തിന് ആനുപാതികമായിട്ടല്ല മസ്തിഷ്കം ഊർജം വലിച്ചെടുക്കുന്നത്. പ്രവർത്തനത്തിന് ഏറെ ഊർജം ആവശ്യമായ അവയവം എന്ന നിലയിൽ പിണ്ഡം പറ്റാവുന്നത്ര പരിമിതപ്പെടുത്തുന്നത് പരിണാമ സമ്മർദം അനുഭവിക്കുന്ന ജീവിയുടെ ആവശ്യമായി വരുന്നു.
മസ്തിഷ്കത്തിന്റെ വലിപ്പം മാത്രമായി ബുദ്ധിയുടെയോ നൈപുണ്യത്തിന്റെയോ അളവുകോലായി കാണാനുമാകില്ല. കാക്കകൾ പോലുള്ള ചെറു പക്ഷികൾ അസാമാന്യ മികവ് പുലർത്തുന്നത് പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്. പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ കല്ലിട്ടു ലെവൽ പോകുന്നത് വെറും കഥയല്ല. ഇത്ര ചെറിയ മസ്തിഷ്കമുണ്ടായിട്ടും നൈപുണ്യത്തിൽ പിന്നിലല്ല കാകർ. പരിണാമവഴിയിലൂടെ പിന്നോട്ടു നടന്നാൽ മനുഷ്യർക്കും കാക്കകൾക്കും പൊതുപൂർവികരിൽ ചെന്നെത്തുമോ? ഉദ്ദേശം 25 കോടി വർഷങ്ങൾക്ക് മുമ്പ് ജീവിച്ച ഉരഗത്തിൽ നിന്നായിരിക്കണം വഴിപിരിഞ്ഞത്. കാക്കകളെക്കുറിച്ചുള്ള പഠനങ്ങൾ മറ്റൊരു കാര്യം വ്യക്തമാക്കുന്നു. ബുദ്ധി (intelligence) എന്നത്, മസ്തിഷ്കത്തിന്റെ വലിപ്പം, ഭാരം എന്നിവ മാത്രമല്ല നിർണയിക്കുന്നത്; ശരീര പിണ്ഡം പരിഗണിച്ചാൽ അതിന്റെ എത്രശതമാനമാണ് മസ്തിഷ്കം എന്ന അനുപാതം പ്രധാനപ്പെട്ട ഘടകമാണ്. ഇത് “encephalization quotient/EQ” എന്നറിയപ്പെടുന്നു. ഇതനുസരിച്ചു ശരീരവലിപ്പത്തിനപ്പുറമാണ് അവയുടെ മസ്തിഷ്കം എന്ന് വരുന്നു. മനുഷ്യ മസ്തിഷ്കവും EQ അടിസ്ഥാനത്തിൽ നോക്കിയാൽ കണക്കുകളെ കവച്ചുവെയ്ക്കുന്നു. ശരീരഭാരത്തിന്റെ അമ്പതിൽ ഒന്നിനേക്കാളധികം അനുപാതമാണ് മനുഷ്യമസ്തിഷ്കത്തിന്റെ അളവ്. എന്നാൽ ശരീരത്തിൽ ലഭിക്കുന്ന ഊർജ്ജത്തിന്റെ ആറിലൊന്ന് മസ്തിഷ്കം ഉപയോഗിക്കുന്നു. അതിനാൽ മസ്തിഷ്ക വികസിക്കുന്നത് വ്യയമേറിയ തെരഞ്ഞെടുപ്പാണെന്ന് വരുന്നു. എന്നുമുതൽക്കാണ് മനുഷ്യ മസ്‌തിഷ്കം വികസിച്ചുതുടങ്ങിയത്? ഹോമോ ഇറക്ടസ് (homo erectus) എന്ന പൂർവമനുഷ്യർ ഉണ്ടായി നാളുകൾ കഴിഞ്ഞാണ് മസ്തിഷ്ക വികാസം തുടങ്ങുന്നത്. അക്കാലത്ത് നിയാണ്ടർത്താൽ മനുഷ്യർ ആവിർഭവിച്ചിട്ടുമില്ല. ശാസ്ത്രജ്ഞരെ അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം ആദ്യ കാല ഉപകരണങ്ങളും ചെറു ആയുധങ്ങളും ഹോമോ ഇറക്ടസ് ഉപയോഗിച്ചിരുന്നു എന്നതാണ്. എന്തായാലും 15 ലക്ഷം വർഷം മുമ്പുമുതൽ 5 ലക്ഷം വർഷം മുമ്പു വരെ ഏതെല്ലാം മനുഷ്യവർഗങ്ങൾ ജീവിച്ചിരുന്നു എന്നതിൽ കൃത്യതയില്ല. ഒന്നിലധികം മനുഷ്യവർഗങ്ങൾ അന്നുണ്ടായിരുന്നു. പൊതുവെ അവരെ ഹോമോ ഹൈഡൽബെർജൻസിസ് (Homo heidelbergensis) എന്നാണറിയപ്പെടുക. നിയാണ്ടർത്താൽ, സാപിയൻസ്, ഡെനിസോവിൻസ്, തുടങ്ങിയ വ്യത്യസ്‌ത വിഭാഗങ്ങൾ അതിൽ പെടും. ഹൈഡൽബെർജൻസിസ് വ്യക്തികൾ വലിയ ശരീരമുള്ളവർ ആയിരുന്നു എന്നാണ് കരുതപ്പെടുന്നത്. അവർക്ക് മസ്‌തിഷ്കവും കുറേക്കൂടി വികസിച്ചിരുന്നു. ജാവലിൻ പോലുള്ള കുന്തങ്ങൾ അവർ നിർമിച്ചിരുന്നു. നാലു ലക്ഷം വർഷങ്ങൾക്ക് മുമ്പ് നിർമിച്ച കുന്തങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. കുന്തം പ്രയോഗിക്കാൻ കണ്ണും കയ്യും തമ്മിൽ വളരെ നല്ല ഏകോപനവും നൈപുണ്യവും ആവശ്യമാണ്; ശരീരത്തിന് കൂടുതൽ ഉയരവും. ഈ ഘട്ടത്തിൽ തീയുടെ നിയന്ത്രിതമായ ഉപയോഗവും ഉണ്ടായിവന്നിരിക്കണം. ചുട്ടെടുത്ത ഭക്ഷണരീതി പരിണാമ സാധ്യത ഉത്തേജിപ്പിച്ചിരിക്കണം.

സസ്യഭുക്കുകൾക്ക് പൊതുവെ വലിപ്പമേറിയ ആമാശയവും കുടലുകളും ഉണ്ടാകണമല്ലോ; മാംസഭുക്കുകൾക്ക് തിരിച്ചും. സസ്യങ്ങൾ തിന്നുതീർക്കാൻ സമയമേറെ എടുക്കും. ചെടികളില് പോഷകങ്ങൾ സെല്ലുലോസ് കവചത്തിനുള്ളിൽ ആയതിനാൽ കുടലിൽ വസിക്കുന്ന പ്രത്യേക ബാക്ടീരിയ പ്രവർത്തനം മൂലം മാത്രമേ ദഹനം പൂർത്തിയാകൂ. മിക്കവാറും എല്ലാ ചെടികളിലും ഇതര ജീവജാലങ്ങളെ തുരത്താൻ കെല്‌പുള്ള വിഷപദാർഥങ്ങൾ അടങ്ങിയിരിക്കും; അവയെയും നിർവീര്യമാക്കേണ്ടതുണ്ട്. ചുരുക്കത്തിൽ സസ്യഭുക്കുകൾക്ക് വളരെ വലിയ കുടലും ചെറിയ മസ്തിഷ്കവും ഉണ്ടാകുന്നതിൽ അത്ഭുതമില്ല. മാംസഭുക്കുകൾക്ക് ഇരയെ വേട്ടയാടിപ്പിടിക്കാനുള്ള കൗശലം അത്യാവശ്യമാണെങ്കിലും ദഹനവും മറ്റും പ്രായേണ എളുപ്പമാണ്. ഇത് മസ്തിഷ്ക വികാസത്തിന് പറ്റിയ സാഹചര്യമൊരുക്കി. തെളിവുകൾ ഇതാണ് സൂചിപ്പിക്കുന്നത്. ആസ്ട്രലോപിത്ത്സ് വർഗ്ഗത്തിൽ പെട്ടവരുടെ വാരിയെല്ലുകളുടെ ഘടന വലിയ വയർ ഉൾക്കൊള്ളാൻ പറ്റിയ രീതിയിൽ കോൺ രൂപത്തിൽ ആയിരുന്നു. ഹോമോ ഇറക്റ്റസ് മുതൽ വാരിയെല്ലുകൾ ബാരൽ രൂപത്തിലാകുകയും വയർ ചുരുങ്ങുകയും ചെയ്തതായി കാണാം.

ഇരുകാൽ നടത്തം, മസ്‌തിഷ്‌ക വികാസം, ധിഷണ, സാങ്കേതിക പരിജ്ഞാനം, ഭാഷ, നൈപുണ്യം ഒക്കെ ഇപ്രകാരം ഘട്ടം ഘട്ടമായി വന്നതാകുന്നു. ഇതെല്ലാം ഏറിയും കുറഞ്ഞും മറ്റുചില ജീവിവർഗ്ഗത്തിലും കാണാം; എല്ലാം പൂർണതോതിൽ അല്ലെങ്കിലും. മനുഷ്യരിൽ വേറിട്ടു നിൽക്കുന്ന ഒന്നുണ്ട്. അതിനെ പ്രജ്ഞ, ബോധം, പ്രബുദ്ധത എന്നൊക്കെ പറയുന്നു.

നാം ചെയ്യുന്ന പ്രവൃത്തിയുടെ ഗുണദോഷങ്ങളെ കുറിച്ച് വിചിന്തനം ചെയ്യാനാകും. നമ്മുടെ ജീവിതത്തെ മറ്റുള്ളവരുടെ ജീവിതവുമായി പൊരുത്തപ്പെടുത്താനും, താരതമ്യം ചെയ്യാനും, നാമുൾപ്പെടുന്ന സാമൂഹിക നാടകത്തിലെ പങ്കാളികളായി ഭാവന സൃഷ്ടിക്കാനും കഴിയും. കല, ചിന്ത, സംസ്കാരം, ശാസ്ത്രം എന്നിവ വികസിച്ചത് സ്വത്വം എന്ന നമ്മുടെ തിരിച്ചറിവിൽ നിന്നാണ്. നമ്മുടെ ജീവിതം എത്ര ദീർഘമായാലും അതിനൊരു അവസാനമുണ്ടെന്നും സമയം എല്ലാത്തിനേയും വിസ്മൃതമാക്കുമെന്നും നാം പഠിച്ചിരിക്കുന്നു. ഒരുപക്ഷെ നാം വെറും ഒരു ‘യാദൃച്ഛിക വർഗം” എന്നതിനപ്പുറം പോയതിന്റെ പൊരുൾ അതുതന്നെയായിരിക്കും.

ജീവപരിണാമം ലൂക്ക ലേഖനങ്ങൾ

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇലക്ഷൻ മഷി എന്താണ്?
Next post ചൂടുകാലത്തെ തരണം ചെയ്യുമ്പോൾ
Close