അസോ. പ്രൊഫസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ക്വീൻസ് സർവകലാശാല, യു.കെ.
ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം
ഇടതുപക്ഷ സാമ്പത്തികശാസ്ത്രവിദഗ്ധനായ യാനിസ് വരൗഫാകിസ് 2024ൽ പ്രസിദ്ധീകരിച്ച ഒരു രചനയാണ് ‘സാങ്കതികജന്മിത്തം’ (technofeudalism) എന്ന പേരിലുള്ള പുസ്തകം. അതിന്റെ ഉപശീർഷകമായിട്ട് അദ്ദേഹം ഉപയോഗിക്കുന്ന ചോദ്യം ‘എന്താണ് മുതലാളിത്തത്തിന് അന്ത്യം കുറിച്ചത്?’ എന്നതാണ്.
യാനിസ് ഇതിന് മുമ്പ് രചിച്ച ഒരു കൃതിയുടെ ഘടന അദ്ദേഹം തന്റെ മകൾക്ക് സാമ്പത്തികശാസ്ത്രം പറഞ്ഞു കൊടുക്കുന്ന രീതിയിലാണ്. അത് അതിന്റെ ലളിതമായ ആഖ്യാനരീതികൊണ്ട് വലിയ ശ്രദ്ധ ആകർഷിച്ചിരുന്നു. അതേ ആഖ്യാനരീതിയുടെ ഒരു മറുപുറം എന്ന രീതിയിൽ ഈ രചനയുടെ ഘടന അദ്ദേഹം (ഏതാനും വർഷം മുമ്പ് മരണപ്പെട്ട) തന്റെ പിതാവിനോട് സംസാരിക്കുന്ന രീതിയിലാണ്. ‘You’ എന്ന വാക്ക് ഈ രചനയിൽ ഉടനീളം കടന്നുവരുന്നത് അദ്ധേഹത്തിന്റെ പിതാവ് എന്ന അർത്ഥത്തിലാണ്. ഇത് മനസ്സിൽ വെയ്ക്കാതെ വായിച്ചാൽ പലപ്പോഴും അദ്ദേഹം വായനക്കാരനെ അഭിസംബോധന ചെയ്യുന്നതായി തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം.
യാനിസിന്റെ പിതാവ് ചോദിച്ച ഒരു ചോദ്യത്തിനുള്ള ഉത്തരം എന്ന രീതിയിലാണ് ഈ രചന. ചോദ്യം 1993ൽ ഇന്റർനെറ്റിന്റെ ഉത്ഭവകാലത്ത് യാനിസിന്റെ പിതാവ് അദ്ദേഹത്തോട് ചോദിച്ചതാണ്. ചോദ്യം ഇതാണ്: ‘കമ്പ്യൂട്ടറുകൾ (ഇന്റർനെറ്റ് പോലെയുള്ള ശൃംഖലകളിലൂടെ) തമ്മിൽ സംവദിക്കാൻ തുടങ്ങിയ സ്ഥിതിക്ക്, ഈ വ്യവസ്ഥ മുതലാളിത്തത്തെ അട്ടിമറിക്കാനുള്ള സാധ്യത തീരെ ഇല്ലാതാക്കുമോ? അതോ, ഇതിലൂടെ മുതലാളിത്തത്തിന്റെ അന്തർലീനമായ ദൗർബല്യം വെളിവാക്കുമോ?’. ഇന്റെർനെറ്റിന് മുതലാളിത്തത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പങ്കുണ്ടാവും എന്ന് ചിന്തിച്ചിരുന്ന ഒരു ദീർഘദർശിയും മാർക്സിസ്റ്റും ആയ തന്റെ പിതാവിനെ ഈ ചോദ്യത്തിലൂടെ യാനിസ് നമുക്ക് പരിചയപ്പെടുത്തുന്നു.
ഈ ചോദ്യത്തിന് ഒരൊറ്റ ഉത്തരം എന്ന നിലയിലല്ല യാനിസ് രചനയിൽ തന്റെ പ്രതികരണം അവതരിപ്പിക്കുന്നത്. ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കുള്ള സഞ്ചാരത്തിൽ സാങ്കേതികവിദ്യയുടെ ലോകത്തെ നിരവധിയായ സംഭവവികാസങ്ങളുടെ വിശകലനമാണ് അദ്ദേഹം നടത്തുന്നത്. നമുക്ക് അതിലെ ചില സന്ദർഭങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം.
ഇടയ്ക്ക് യാനിസ് താൻ ക്ലാസ്സിൽ ഉപയോഗിക്കുന്ന ഒരു ചോദ്യം അവതരിപ്പിക്കുന്നു, അത് ശ്രദ്ധേയമായിട്ടാണ് അനുഭവപ്പെട്ടത്. നിങ്ങൾ amazon.com എന്ന വെബ്സൈറ്റിൽ കയറുന്നു എന്ന് കരുതുക. അവിടെ അരങ്ങേറുന്ന പ്രതിഭാസത്തെ എങ്ങനെയാണ് അടയാളപ്പെടുത്തുക? സ്വാഭാവികമായും ലോകത്തെ ഏറ്റവും വലിയ ‘ഓൺലൈൻ ചന്ത’യുടെ പ്രവർത്തനത്തെ മുതലാളിത്തവുമായി ചേർത്ത് വായിക്കാനാകും എല്ലാവരും താൽപര്യപ്പെടുക. എന്നാൽ യാനിസ് ആ ഉത്തരം നിരാകരിക്കുന്നു. അവിടെ സ്വതന്ത്രമായ വ്യാപാരം നടക്കുന്നു എന്ന പ്രതീതിയുണ്ടെങ്കിലും ഈ വിപണിയെ ആകെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ ആ ശക്തിയെ കാണുന്നു എങ്കിൽ അയാളുടെ പേര് ജെഫ് എന്നാണ്. ഇങ്ങനെ ഒരാൾ നിയന്ത്രിക്കുന്ന ഒരു വ്യവസ്ഥ നമുക്ക് മുതലാളിത്തപൂർവ്വകാലത്തെ ചരിത്രത്തിൽ നിന്നും പരിചയമുണ്ട്. അത് ജന്മിത്തം എന്ന വ്യവസ്ഥയാണ്. അങ്ങനെ നോക്കുമ്പോൾ ഈ വിപണിയെ സമ്പൂർണ്ണമായി കൈവശം വെച്ചിരിക്കുകയും അതിൽ നടക്കുന്ന ഓരോ ഇടപാടിനും താൻ നിർമ്മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ പറ്റുകയും ചെയ്യുന്ന ജെഫ് ലക്ഷണമൊത്ത ഒരു ജന്മിയാണെന്നാണ് യാനിസ് ഇവിടെ പറഞ്ഞുവെയ്ക്കുന്നത്. നിയമലംഘനം നടത്തുന്നയാളുകളുടെ മേൽ ശിക്ഷ വിധിക്കുന്നതും, തന്റെ താത്പര്യങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവരിലേക്ക് അൽഗോരിതങ്ങളിലൂടെ കൂടുതൽ വിപണിദൃശ്യത നൽകി അനുഗ്രഹിക്കുന്നതും ജെഫ് തന്നെ. ജെഫിന്റെ ഒരു സാമ്രാജ്യമാണ് ആമസോൺ.
ഇതുപോലെ ഡിജിറ്റൽ ലോകത്ത് നിരവധി സാമ്രാജ്യങ്ങളുണ്ട്. സമൂഹമാധ്യമ പ്ലാറ്റുഫോമുകൾ മറ്റൊരു സാമ്രാജ്യം. അതിൽ നയങ്ങൾ (നിയമങ്ങൾ എന്നും വായിക്കാം) നിർമ്മിക്കുന്നതും, നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവരെ ശിക്ഷിക്കുന്നതും അതാത് സമൂഹമാധ്യമങ്ങളുടെ ഉടമകൾ തന്നെ. നിങ്ങളുടെ ഒരു പോസ്റ്റ് ഫേസ്ബുക്ക് വിലക്കി എന്നുപറഞ്ഞു അവയ്ക്ക് പുറത്തുള്ള കോടതിയെ സമീപിക്കാനാവില്ല, സമൂഹമാധ്യമലോകത്തെ നിയമത്തിന്റെ ആത്യന്തികമായ അപ്പീലും അതിനകത്ത് തന്നെയാണ്. ഇതുപോലെ തന്നെയാണ് ഗൂഗിളിന്റെ പ്ലേസ്റ്റോറും. ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്ക് ഒരു ആപ്പ് എത്തിക്കണമെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിലൂടെ പോവുകയേ നിർവാഹമുള്ളൂ, അവരുടെ നയങ്ങളും നിയമങ്ങളും – അതെത്ര തന്നെ നിങ്ങൾക്ക് അസ്വീകാര്യമാണെങ്കിലും – അത് പാലിച്ചേ മതിയാകൂ. ആപ്പിന് ഉപയോക്താക്കളിൽനിന്നും കാശീടാക്കുന്നുണ്ടെങ്കിൽ അതിന്റെ ഒരു പങ്ക് ഗൂഗിളിന് കൊടുത്തേ മതിയാവൂ. അതില്ലെങ്കിൽ നിങ്ങൾക്ക് ആ സാമ്രാജ്യത്തിന് പുറത്തേക്ക് പോകാം. ടെസ്‌ല കാറുകളും ഇങ്ങനെ ഒരു ശൃംഖല തങ്ങളുടെ ചാർജിങ് നെറ്റ്‌വർക്കിലൂടെ നിർമ്മിച്ചിരിക്കുന്നു എന്ന് യാനിസ് നിരീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക കമ്പനികൾ എല്ലാം തന്നെ ഇങ്ങനെ സാമ്രാജ്യം നിർമ്മിച്ച് അതിൽ നിന്ന് കമ്മീഷൻ ഈടാക്കി വലിയ സമ്പത്തുണ്ടാക്കുന്നവരാണെന്നാണ് യാനിസിന്റെ വാദം. ഇത്തരം സാമ്രാജ്യങ്ങളുടെ അധിപന്മാരെ യാനിസ് ‘ക്ലൗഡലിസ്റ്റ്’ (cloudalist) എന്ന് പേരിട്ടു വിളിക്കുന്നു.
ഈ ജന്മിത്തവ്യവസ്ഥ ഗുണപരമായ മറ്റു പല മാറ്റങ്ങൾ കൂടിയാണ് കൊണ്ടുവരുന്നത്. ഇതിലൂടെ മുതലാളിയുടെ പ്രധാന വരുമാനമാർഗ്ഗം ‘ലാഭം’ എന്നതിൽ നിന്നും ‘വാടക’ എന്ന ഇനത്തിലേക്ക് ചുവടുമാറ്റുന്നു എന്ന് യാനിസിനോടൊപ്പം ഈ രചനയിൽ വായിക്കാം. ലാഭം എന്നത് മുതലാളിത്തത്തനിർമ്മാണത്തിൽ ഉണ്ടാക്കുന്ന മിച്ചമൂല്യത്തിന്റെ ഒരു സാമ്പ്രദായിക പരിണിതഫലം ആണെങ്കിൽ വാടക അതിൽനിന്നും ഗുണപരമായി വ്യത്യസ്തമാണ് എന്ന് യാനിസ് ചൂണ്ടിക്കാട്ടുന്നു. ‘വാടക’ എന്നത് മാർക്സിസ്റ്റ് ചിന്താപദ്ധതിയിൽ സ്ഥാനമുറപ്പിച്ചിട്ടുള്ള ഒരു സാമ്പത്തിക വർഗം ആണെങ്കിലും കഴിഞ്ഞ നൂറ്റാണ്ടുകളിലെ മാർക്സിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രയോഗം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതും പഠനങ്ങളിലൂടെ കൂടുതൽ വികസിപ്പിച്ചതും ലാഭത്തെ കേന്ദ്രീകരിച്ചുള്ള വിഷയങ്ങളാണ്. അതുകൊണ്ട് തന്നെ ഈ സാങ്കേതികജന്മിത്തത്തെ നേരിടണമെങ്കിൽ മാർക്സിസ്റ്റ് രാഷ്ട്രീയം ഒരൽപം മാറിച്ചിന്തിക്കണം എന്നുകൂടി വേണമെങ്കിൽ വ്യാഖ്യാനിക്കാം. ഇതുവായിക്കുന്നയാളുകൾക്ക് സ്വാഭാവികമായും തോന്നേണ്ട ഒരു ചോദ്യമാണ് ‘അല്ല, ഈ ലാഭവും വാടകയും തമ്മിൽ എന്താ ഇത്ര വ്യത്യാസം, രണ്ടായാലും മുതലാളിക്ക് വെറുതെ കിട്ടുന്ന കാശല്ലേ?’ എന്നത്. യാനിസ് ഈ ചോദ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. ഗണിതപരമായി ലാഭവും വാടകയും ഒന്ന് തന്നെ; വരുമാനത്തിൽനിന്നും ചിലവൊക്കെ കിഴിച്ചാൽ ബാക്കി കിട്ടുന്നത് തന്നെയാണ് രണ്ടും. പക്ഷെ, മുതലാളിത്തത്തിലെ (മുതലാളിമാർ തമ്മിലുള്ള) മത്സരം ലാഭത്തെ ബാധിക്കുന്നപോലെ വാടകയെ ബാധിക്കുന്നില്ല. ഒരു ചരക്കുണ്ടാക്കുന്ന മുതലാളിയുടെ ലാഭത്തെ മറ്റൊരു മുതലാളി കൂടുതൽ ‘മെച്ചപ്പെട്ട’ ചരക്കുണ്ടാക്കി ശോഷിപ്പിച്ചേക്കാം. പക്ഷെ, ഒരു മുതലാളി ഒരു കെട്ടിടത്തിൽ നിന്നും വാടക കൈപ്പറ്റുന്നു എന്ന് കരുതുക. ആ പ്രദേശത്ത് മുതലാളിമാർ (അഥവാ ജന്മിമാർ) തമ്മിലുള്ള മത്സരത്താൽ കൂടുതൽ സാമ്പത്തികപ്രവർത്തനം ഉണ്ടാവുന്നു എങ്കിൽ എല്ലാവരുടെയും കെട്ടിടങ്ങളുടെ വാടക വർദ്ധിക്കുകതന്നെയാവും ചെയ്യുക. മുതലാളിമാർ തമ്മിലുള്ള സാമൂഹികബന്ധത്തിലെ ഈ ഗുണപരമായ വ്യത്യാസം ലാഭാധിഷ്ഠിത-മുതലാളിത്തത്തിൽ നിന്നും വാടകയാധിഷ്ഠിത-ജന്മിത്തത്തെ മാറ്റിനിർത്തുന്നു.
മേൽപ്പറഞ്ഞ സാങ്കേതികലോകത്തെ പ്രവർത്തനം – കമ്മീഷൻ കേന്ദ്രീകൃത വരുമാനം – പല ഗവേഷകരും ചിന്തകരും നിരീക്ഷിച്ചിട്ടുണ്ട്. യാനിസ് തന്നെ ചൂണ്ടിക്കാട്ടുന്ന പോലെ ചിലർ അതിനെ പ്ലാറ്റുഫോം മുതലാളിത്തം എന്നും മറ്റു ചിലർ വാടക മുതലാളിത്തം (rentier capitalism) എന്നും അടയാളപ്പെടുത്താൻ മുതിർന്നിട്ടുണ്ട്. പക്ഷെ, ഇതിനെ സാങ്കേതികജന്മിത്തം എന്ന് അടയാളപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് യാനിസ് ഇവിടെ ശക്തിയുക്തം വാദിക്കുന്നു. അതിനായി അദ്ദേഹം ഒരു ഉപമയായി സൂചിപ്പിക്കുന്നത് മാർക്സ് അടക്കമുള്ള പത്തൊൻപതാം നൂറ്റാണ്ടിലെ തത്വചിന്തകർ അന്നുയർന്നുവന്ന പ്രതിഭാസത്തെ ‘വിപണി ജന്മിത്തം’ എന്ന് വിളിക്കാതെ ‘മുതലാളിത്തം’ എന്ന് വിളിക്കാൻ കാണിച്ച സൂക്ഷ്മത ചൂണ്ടിക്കാട്ടിക്കൊണ്ടാണ്. മുതലാളിത്തം എന്ന് വിളിച്ചതിലൂടെ അവർ ജന്മിത്തത്തിൽനിന്നുള്ള ആ വ്യവസ്ഥയുടെ വേർപിരിയൽ സൂക്ഷ്മതയോടെ അടയാളപ്പെടുത്തുകയും പുതിയൊരു തരം ചെറുത്തുനിൽപ്പിന്റെ ആവശ്യത്തിലേക്ക് വ്യംഗ്യമായി വിരൽചൂണ്ടുകയും ചെയ്തു. അതുപോലെ ഇന്നത്തെ വാടക-കേന്ദ്രീകൃത സാങ്കേതിക വ്യവസ്ഥയ്‌ക്കെതിരെ അനുയോജ്യമായ ചെറുത്തുനിൽപ്പുണ്ടാവണമെങ്കിൽ അതിനെ സാങ്കേതികജന്മിത്തം എന്ന് തന്നെ വിളിക്കണം എന്ന് യാനിസ് വാദിക്കുന്നു.
ഇനി നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യത്തിലേക്ക് കൂടി വരാം. ഈ സാങ്കേതികജന്മിത്തത്തിനെതിരെ എന്ത് രീതിയിൽ ആണ് നാം സംഘടിക്കേണ്ടത്? ഇവിടെയും നമുക്ക് സാമ്പ്രദായിക മുതലാളിത്തത്തിന്റെ വിഷയം ഒന്ന് പരിശോധിച്ച് വരാം. തൊഴിലാളിവർഗ്ഗപോരാട്ടങ്ങൾ പലപ്പോഴും പണിമുടക്കും സമരങ്ങളുമാണ് മാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അതിൽ പങ്കെടുക്കുന്ന തൊഴിലാളിക്ക് പണിമുടക്കുന്ന ദിവസങ്ങളിലെ വേതനം നിഷേധിക്കപ്പെടും. പട്ടിണിയുമായി മല്ലിട്ടുകൊണ്ടാണ് തൊഴിലാളി വർഗ്ഗസമരത്തിന്റെ ഭാഗമാകുന്നത്. വ്യക്തിപരമായ വലിയ നഷ്ടം സഹിച്ചുകൊണ്ടാണ് അയാൾ തൊഴിലാളികൂട്ടായ്‌മയുടെ മെച്ചത്തിനായി പോരാടാനിറങ്ങുന്നത്. ഒരു തൊഴിലാളി പണിമുടക്കിയാൽ മുതലാളിക്ക് വലിയ നഷ്ടമില്ല, തൊഴിലാളിക്ക് വ്യക്തിപരമായി വലിയ നഷ്ടമുണ്ട് താനും. ഇതിൽനിന്നും വിഭിന്നവും ഏറെ ‘എളുപ്പവും’ ആണ് സാങ്കേതികജന്മിത്തത്തിനെതിരെയുള്ള പോരാട്ടം എന്ന് യാനിസ് പറയുന്നു. നാം എല്ലാവരും കൂടിയൊന്നിച്ചു ഒരു ദിവസം ആമസോൺ (അല്ലെങ്കിൽ ഗൂഗിൾ അല്ലെങ്കിൽ സൊമാറ്റോ അല്ലെങ്കിൽ ഊബർ അല്ലെങ്കിൽ ഫേസ്ബുക്ക് … ) ഉപയോഗിക്കില്ല എന്ന് തീരുമാനിച്ചു എന്ന് കരുതുക. നമുക്ക് വ്യക്തിപരമായി അത്രവലിയ നഷ്ടമൊന്നുമില്ല. പക്ഷെ, അതിലൂടെ പ്രസ്തുത കമ്പനിക്ക് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. നേരത്തെയുള്ള തൊഴിലാളിസമരത്തിന്റെ നേർവിപരീതദിശയിലാണ് കാര്യങ്ങൾ. സമരം ചെയ്യുന്ന നാം ഓരോരുത്തരും വളരെ ചെറിയ ഒരു വ്യക്തിപരമായ ത്യാഗം ചെയ്യുന്നു, പക്ഷെ മുതലാളിക്ക് അത് വലിയ പ്രഹരമായി ഭവിക്കുന്നു. ഇങ്ങനെ ഒന്നിച്ചുള്ള ആപ്പ്-ഉപയോഗ-നിർത്തൽ സംഘടിപ്പിക്കാൻ ബുദ്ധിമുട്ട് തന്നെ; പക്ഷെ അത് ചെയ്യാൻ സാധിച്ചാൽ മുതലാളിയൊന്ന് കുലുങ്ങും. അങ്ങനെ നോക്കുമ്പോൾ മുതലാളിത്തത്തിന്റെ ഈ പുതിയ ഭാവത്തെ ചെറുത്തുതോൽപ്പിക്കാൻ ആവുമെന്ന് പ്രത്യാശിക്കാൻ ഏറെ വകയുണ്ട് എന്നും കരുതാം.
യാനിസ് ഈ രചനയിൽ സൂചിപ്പിക്കുന്ന സാങ്കേതികാധിഷ്ഠിത മുതലാളിത്തത്തിലെ വാടകയുടെ പ്രാധാന്യം ഇനിയും ഏറെ പഠനങ്ങൾക്കും അനുയോജ്യമായ ചെറുത്തുനിൽപ്പുകൾക്കും വഴിപാകും എന്ന് തന്നെ പ്രതീക്ഷിക്കാം.
ലേഖകൻ എഴുതിയ മറ്റു പുസ്തക പരിചയങ്ങൾ
വീഡിയോ കാണാം
സസൂക്ഷ്മം
സാങ്കേതികവിദ്യയുടെ രാഷ്ട്രീയ വായനകൾ- ഡോ. ദീപക് കെ. യുടെ ലേഖന പരമ്പര
സാങ്കേതികവിദ്യയും സമൂഹവും
ലേഖനങ്ങൾ വായിക്കാം