“വെറും 100 രൂപയുടെ ഗുളികകൊണ്ട് കാൻസർ തിരിച്ചുവരവ് തടയാം; മരുന്നുമായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ” എന്ന രീതിയിൽ വാർത്തകൾ വരുന്നുണ്ടല്ലോ. എന്താണ് ഈ വാർത്തയുടെ വസ്തുത ?
ഒരിക്കൽ കാൻസർ ബാധിച്ചവർക്ക് വീണ്ടും അതേ രോഗം വരുന്നത് പ്രതിരോധിക്കുകയും, റേഡിയേഷൻ, കീമോതെറാപ്പി പോലുള്ള കാൻസർ ചികിത്സയുടെ പാർശ്വഫലം അമ്പത് ശതമാനം കുറക്കുകയും ചെയ്യുന്ന മരുന്നാണ് പത്തുവർഷത്തെ ഗവേഷണത്തിനൊടുവിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ വികസിപ്പിച്ചത് എന്നാണ് വാർത്തയിൽ പറയുന്നത്. ഫുഡ് സേഫ്റ്റി& സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(Food Safety and Standards Authority of India)യുടെ അനുമതി ലഭിച്ച ശേഷം ജൂൺ -ജൂലൈ മാസങ്ങളിലായി ഈ ഉത്‌പന്നം വിപണിയിൽ എത്തുമെന്നും പറയുന്നു.
റെസവിറേട്രോൾ, കോപ്പർ എന്നിവയടങ്ങിയ പ്രോ-ഓക്സിഡന്റ് ടാബ്ലറ്റുകൾ(resveratrol and copper (R+Cu)) എലികൾക്ക് നൽകിയാണ് ഗവേഷണം നടന്നത്. ഇവ ഓക്സിജൻ റാഡിക്കലുകളെ സൃഷ്ടിക്കുകയും അവ ക്രൊമാറ്റിൻ കണികകളെ നശിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയെന്നു ഗവേഷകർ പറയുന്നു. ഈ പറയുന്ന വിവരങ്ങൾ സാക്ഷ്യപ്പെടുത്തി കൊണ്ട് ടാറ്റ മെമ്മോറിയൽ സെന്ററിന്റെ എന്ന പേരിൽ ഒരു സ്റ്റേറ്റ്മെന്റും കാണുന്നുണ്ട്.
കാൻസർ ചികിത്സാ രംഗത്ത് മുന്നിട്ടു നിൽക്കുന്ന, ഒട്ടേറെ ഗവേഷണ പ്രവർത്തങ്ങൾ നടത്തുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനം ഇത്തരത്തിൽ ഒരു അവകാശ വാദം ഉന്നയിക്കുമ്പോൾ അതിനെ അവിശ്വസിക്കേണ്ടത് ഇല്ലല്ലോ. പക്ഷേ ഈ ഉത്പന്നത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ചു എലികളിൽ മാത്രമാണ് പഠനം നടന്നിട്ടുള്ളത്. ഈ ഉത്പന്നത്തിന് മനുഷ്യരിൽ പഠനം നടന്നിട്ടില്ല എന്നത് വാർത്തയിൽ നിന്ന് തന്നെ വ്യക്തമാണ് .
മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കി ഏതെങ്കിലും ഭക്ഷ്യ ഉൽപന്നത്തിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും വിലയിരുത്താൻ കഴിയില്ല. മനുഷ്യ ശരീരശാസ്ത്രവും മരുന്നുകളോടുള്ള പ്രതികരണങ്ങളും എലികളുടേതിൽ നിന്ന് കാര്യമായി വ്യത്യാസപ്പെട്ടേക്കാം, ആയതിനാൽ സമഗ്രവും സമഗ്രവുമായ മനുഷ്യ പരീക്ഷണങ്ങൾ കൂടാതെ ഈ ഉത്പന്നം കാൻസർ പ്രതിരോധിക്കും എന്ന അവകാശ വാദത്തോടെ വിപണനം ചെയ്യുന്നത് വൈദ്യ നൈതികതക്ക് എതിരാണ് . ഇത് പൊതുജനാരോഗ്യത്തിനും ഹാനികരമായേക്കാം.
മാത്രമല്ല മതിയായ ശാസ്ത്രീയ വിവരങ്ങൾ ഉറപ്പാക്കാതെയുള്ള ഇത്തരം അവകാശവാദങ്ങൾ 2006-ലെ ഫുഡ് സേഫ്റ്റി& സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ നിയമ൦, ഉപഭോതൃ സംരക്ഷണ നിയമം, ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമെഡീസ് ആക്ട് 1954 , ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക് ആക്ട് 1940 തുടങ്ങി വിവിധ നിയമങ്ങളുടെ ലംഘനമാണ്. മാത്രമല്ല FSSAI അനുമതി നൽകുന്നത് ഫുഡ് സപ്ലിമെൻ്റ്നാണ്, മരുന്നിനല്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ട് ക്യാപ്സ്യൂൾ കേരള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്കു പരാതി നൽകിയിട്ടുണ്ട്.
CAPSULE Kerala യ്ക്ക് വേണ്ടി ഡോ. യു. നന്ദകുമാർ തയ്യാറാക്കിയ കുറിപ്പ്
അധിക വായനയ്ക്ക്
- Can resveratrol-copper be used to prevent metastasis without trials? >>>
- Tata Institute Unveils R-cu Tablet for Preventing Cancer Recurrence >>>