Read Time:24 Minute

ഇന്ന് ലോക ആർത്തവ ശുചിത്വ ദിനം.

ആർത്തവം എന്താണെന്ന് ശരിയായ ധാരണ ഇല്ലാത്തതിന്റെ പേരിൽ പലർക്കും ജീവൻ ബലികൊടുക്കേണ്ടി വരുന്ന നാട്ടിലാണ് നാം ഇന്നും ജീവിക്കുന്നതെന്ന് നമ്മളിൽ എത്രപേർക്കറിയാം? മഹാരാഷ്ട്രയിലെ, താനെയിലെ ഒരു 12 വയസ്സുകാരി സ്വന്തം സഹോദരനാൽ കൊല്ലപ്പെട്ടത് ഇതിന് ഉദാഹരണമാണ്. കുട്ടിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതിനെ തുടർന്ന് അത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ പറ്റിയതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സഹോദരൻ കുട്ടിയെ കൊലപ്പെടുത്തിയത്.

ആർത്തവത്തെ പറ്റി കുട്ടിക്ക് അറിവില്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ ധാരാളം കുട്ടികൾ ആർത്തവത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതെ നമുക്ക് ചുറ്റുമുണ്ട്.

നമുക്കിടയിൽ എത്ര പെൺകുട്ടികൾക്ക് ആദ്യമായി ആർത്തവം ഉണ്ടാകുന്നതിനു മുന്നേ അതിനെപ്പറ്റി അറിവുണ്ടായിരുന്നു?
എത്ര രക്ഷിതാക്കൾ തങ്ങളുടെ മക്കൾക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്? അതേ “മക്കൾക്ക്”.. എത്ര പേർ ഇതേപ്പറ്റി തുറന്ന് സംസാരിച്ചിട്ടുണ്ട്?
എന്തിന്… സ്വന്തം ഭർത്താവിനോട് പോലും ഇക്കാര്യം സംസാരിക്കാൻ മടിക്കുന്ന ഭാര്യമാർ നമുക്കിടയിലില്ലേ?

എന്തിനാണ് നാം ആർത്തവത്തെ ഇത്ര ലജ്ജയോടെയും വെറുപ്പോടെയും നോക്കി കാണുന്നത്? ആർത്തവം എന്നത് ശ്വസനവും ഹൃദയമിടിപ്പും പോലെയൊക്കെ തന്നെ ഒരു ജൈവ പ്രക്രിയയാണ്. സ്ത്രീയുടെ പ്രത്യുൽപാദനശേഷി പ്രകടമാക്കുന്ന ഒന്ന്. ആർത്തവം എന്നത് അശുദ്ധമാണെങ്കിൽ നാം ഓരോരുത്തരും അശുദ്ധരല്ലേ?

സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആർത്തവസമയത്ത് ഏറ്റവും അത്യാവശ്യമായിട്ടുള്ള സാനിറ്ററി പ്രോഡക്ടുകൾ, ശുചിമുറികൾ, മാലിന്യ സംസ്കരണ ഉപാധികൾ, ആർത്തവ ശുചിത്വ വിദ്യാഭ്യാസം മുതലായവയുടെയൊക്കെ ലഭ്യത കുറയുന്ന അവസ്ഥയാണ് നാം മെൻസ്ട്രൽ പോവർട്ടി എന്ന് വിളിക്കുന്നത്. ഏതൊരു സ്ത്രീയുടെയും പെൺകുട്ടിയുടേയും അവകാശങ്ങളിൽ ചിലത് മാത്രമാണ് ഇതൊക്കെ എന്ന് നാം ഓർക്കണം.

ആർത്തവ അവകാശങ്ങൾ

കുട്ടിക്കാലത്ത് വിശേഷദിവസങ്ങളിൽ ആർത്തവം ഉള്ളതിനാൽ മാറ്റി നിർത്തപെട്ടിരുന്നു. ഓരോ മനുഷ്യനും അന്തസ്സോടെ ജീവിക്കാനുള്ള അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങൾ എന്ന് പറയുന്നത്. ആർത്തവത്തിന്റെ പേരുപറഞ്ഞ് ഇതിൽ പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നവർ ഇന്ന് നമുക്ക് മുന്നിലുണ്ട്. ഇതിൽ പ്രധാനപ്പെട്ട ചിലത് നോക്കാം.

#ആരോഗ്യത്തിനുള്ള അവകാശം

മറ്റേതു സമയത്തെയും പോലെ തന്നെ ആർത്തവസമയത്തും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ആർത്തവ ശുചിത്വം പാലിക്കാൻ ആവശ്യമായ ആർത്തവ ഉൽപ്പന്നങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറയുമ്പോൾ അത് അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഇതിനുപുറമേ നമ്മുടെ സമൂഹത്തിൽ ഇന്നും ആർത്തവത്തെ ചുറ്റിപ്പറ്റി പല മിഥ്യാധാരണകളും നില നിൽക്കുന്നതിനാൽ തന്നെ ആർത്തവവുമായി ബന്ധപ്പെട്ട് വരുന്ന ആരോഗ്യപ്രശ്നങ്ങൾ പലരും പുറത്ത് പറയാനും തക്കസമയത്ത് ചികിത്സ തേടാനും മടിക്കുന്നു. ഇതിലൂടെ നല്ല ആരോഗ്യത്തിനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. വൃത്തിയുള്ള ആർത്തവ ഉത്പന്നങ്ങൾ, ജലം, ശുചിമുറി എന്നിവയുടെയും ലഭ്യത കുറവ് ഇതിൽപ്പെടുന്നു.

#വിദ്യാഭ്യാസത്തിനുള്ള അവകാശം

സാനിറ്ററി പാഡ് ഉപയോഗിക്കുന്ന ഒരാൾ ഓരോ 4 മുതൽ 6 മണിക്കൂർ ഇടവിട്ട് പാഡ് മാറ്റേണ്ടതുണ്ട്. എന്നാൽ പല സ്കൂളുകളിലും ഇതിനുള്ള സംവിധാനവും സ്വകാര്യതയും ഇല്ലാത്തതിനാൽ തന്നെ പലരും പാഡ് നിറഞ്ഞു കഴിഞ്ഞാലും മാറ്റാൻ മടിക്കുന്നു. പലപ്പോഴും ഈ അസ്വസ്ഥത കാരണം അവർക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റാതെ വരുന്നു. ഇനി മറ്റു ചിലരാവട്ടെ ഇത് ഭയന്ന് സ്കൂളിൽ നിന്നും ലീവ് എടുക്കുന്നു. ആർത്തവ ദിവസങ്ങളിൽ അവധി എടുക്കുന്നവരുടെ എണ്ണം വലുതാണ്. ശരിയായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ അതിലൂടെ ധാരാളം പേർക്ക് അവരുടെ വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നു.

പ്രതീക്ഷിക്കാതെ ക്ലാസിൽ വച്ച് ആർത്തവം വന്ന ഒരു ദിവസം പാഡ് ലഭിക്കാത്തതിനാൽ ക്ലാസ്സ്‌ കഴിയും വരെ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാതെ ഒരു കാലിനു മുകളിൽ മറ്റേ കാല് വെച്ച് ശ്വാസം പിടിച്ചു ഇരുന്നതും പല ദിവസങ്ങളിലും സീറ്റ്‌ ഉണ്ടായിട്ടും ബസ്സിൽ ഇരിക്കാൻ മടി കാണിച്ചതും ഇപ്പോൾ ഓർത്തുപോകുന്നു.

#തൊഴിൽ ചെയ്യാനുള്ള അവകാശം

സ്കൂളുകളിലെ അവസ്ഥ പോലെ തന്നെയാണ് പലപ്പോഴും തൊഴിലിടങ്ങളിലും നേരിടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറയുമ്പോൾ അവർ ആർത്തവ ദിവസങ്ങളിൽ തൊഴിലിടങ്ങളിൽ പോകാൻ മടിക്കുന്നു. ഇനി രാവിലെ മുതൽ രാത്രി വരെ നിന്ന് തൊഴിൽ എടുക്കേണ്ടി വരുന്നവരുടെ അവസ്ഥയും ഈ സാഹചര്യത്തിൽ കഷ്ടമാണ്. ഇനി ദിവസ വേതനത്തിൽ ജോലി ചെയ്യുന്നവർ ആണെങ്കിൽ മാസത്തിൽ ഒന്നോ രണ്ടോ ദിവസമൊക്കെ അവധി എടുക്കേണ്ടി വരുന്നു. ഈ സാഹചര്യങ്ങളിൽ അവർക്ക് ആ ദിവസങ്ങളിലെ ശമ്പളവും നഷ്ടമാകുന്നു. തൊഴിലിടങ്ങളിൽ ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ തന്നെ പലർക്കും അവരുടെ തൊഴിൽദിനങ്ങൾ നഷ്ടമാകുന്നു. അത് പിന്നീട് ഒരു ത്തരത്തിൽ വിവേചനത്തിലേക്ക് വഴി തെളിക്കാം.

#വിവേചനമില്ലായ്മയ്ക്കും ലിംഗസമത്വത്തിനുമുള്ള അവകാശം

ആർത്തവത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന തെറ്റിദ്ധാരണകളും മറ്റും വിവേചനത്തിന് വഴിയൊരുക്കാറുണ്ട്. ഇത് വലിയൊരു അളവിൽ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുവിടങ്ങളിലും മറ്റുമൊക്കെ ലിംഗസമത്വം ഇല്ലാതാക്കുന്നു.

ഇനി, ആർത്തവം സ്ത്രീകൾക്ക് മാത്രമുള്ള പ്രക്രിയയാണെന്ന മിഥ്യാധാരണ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതുപോലെ ആർത്തവം ഉള്ളവർ എല്ലാം സ്ത്രീകൾ ആണെന്നും. എന്നാൽ എല്ലാ സ്ത്രീകൾക്കും ആർത്തവം ഉണ്ടാവാറില്ല. ഒപ്പം ആർത്തവം ഉള്ളവർ എല്ലാം സ്ത്രീകളുമല്ല.

അതേ, ട്രാൻസ്മെൻ, ഇന്റർസെക്സ് – അതായത് മിശ്രലിംഗം, നോൺബൈനറി, ഡെമിജൻഡർ, ബൈജൻഡർ മുതലായ ഗണങ്ങളിൽ പെടുന്നവർക്കും ആർത്തവം ഉണ്ടാകാറുണ്ട്. ആർത്തവത്തെ പറ്റി സംസാരിക്കുമ്പോൾ പലപ്പോഴും നാം ഇവർക്ക് വേണ്ട പരിഗണന നൽകാറില്ല. ആർത്തവം എപ്പോഴും സ്ത്രീകളുടെ മാത്രം വിഷയമായി ചുരുക്കുന്നതിനാൽ പലപ്പോഴും ഇവർക്ക് വേണ്ട ഉൽപ്പന്നങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കാതെ പോകുന്നു. വിവേചനമില്ലായ്മക്കും ലിംഗ സമത്വത്തിനുമുള്ള അവകാശം ഇവർക്കും ബാധകമാണെന്ന് നാം മറക്കുന്നു.

ജനനസമയത്ത് നിയോഗിക്കപ്പെട്ട ലിംഗഭേദം അല്ലെങ്കിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ശാരീരിക സവിശേഷതകളിൽ നിന്ന് വ്യത്യസ്തമായ ജൻഡർ ഐഡന്റിറ്റിയുള്ള ആളുകളിൽ ഉണ്ടാകാനിടയുള്ള അസ്വസ്ഥതകളെയാണ് ‘ജെൻഡർ ഡിസ്ഫോറിയ’. ഈ സാഹചര്യത്തിൽ ഇവരിൽ ആർത്തവം ഉള്ള പലരും ആർത്തവ സമയത്ത് അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വളരെ കൂടുതലാണ്. അത് ചിലപ്പോൾ സ്വയം കുറ്റപ്പെടുത്തലിനും സ്വന്തം ശരീരത്തിനോട് വെറുപ്പും മറ്റുമൊക്കെ ഉണ്ടാക്കിയേക്കാം. ഇതൊക്കെ ഒരു പരിധിവരെ പരിഹരിക്കാൻ നമ്മളെ കൊണ്ടാവും. മറ്റ് പല തലങ്ങളിലും ഇവർക്ക് നൽകുന്ന പരിഗണന ആർത്തവത്തിന്റെ കാര്യത്തിലും നൽകേണ്ടതുണ്ട്. വിദ്യാലയങ്ങളിൽ നിന്ന് തുടങ്ങി പൊതു സംവിധാനങ്ങളിൽ വരെ ഇവർക്കും ഉപയോഗിക്കാനാകുന്ന രീതിയിലുള്ള ടോയ്‌ലറ്റുകളോ ജൻഡർ ന്യൂട്രൽ ടോയ്ലറ്റുകൾ ഉൾപ്പെടെ ബാക്കി എല്ലാ സംവിധാനങ്ങളും നൽകേണ്ടതുണ്ട്.

#ജലത്തിനും ശുചിത്വത്തിനുമുള്ള അവകാശം

ഏതൊരു സ്ഥലം എടുത്താലും അവിടെ വൃത്തിയുള്ള ശുചിമുറികളുടെ ലഭ്യതയും ജലലഭ്യതയും ഉറപ്പാക്കണം. പ്രത്യേകിച്ച് ആർത്തവമുള്ള സമയങ്ങളിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ പല രോഗങ്ങൾക്കും വഴിയൊരുക്കും. എന്നാൽ ഇത്തരത്തിലുള്ള സൗകര്യങ്ങളുടെ ലഭ്യത കുറവ് കാരണം പലരും ആർത്തവ ദിവസങ്ങളിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ മടിക്കുന്നു. അതേസമയം വീടുകളിലും ജലദൗർലഭ്യം നേരിടുന്നവരുണ്ട്.

ഇത്തരത്തിൽ ആർത്തവം ഉള്ളവർ നേരിടുന്ന പ്രശ്നങ്ങൾ ധാരാളമാണ്. അത് പലപ്പോഴും അവരുടെ അവകാശങ്ങളെയാണ് ചൂഷണം ചെയ്യപ്പെടുന്നത്. മറ്റേതൊരാളെയും പോലെ തന്നെ ആർത്തവമുള്ള ഒരാൾക്കും ആർത്തവസമയത്ത് എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കണം. അവർക്കും ഇവിടെ അന്തസ്സോടുകൂടി ജീവിക്കാനുള്ള അവകാശമുണ്ട്. അതു ഉറപ്പാക്കൽ ആണ് നമ്മുടെ ചുമതല.

നമ്മുടെ രാജ്യത്തിന് അകത്തും പുറത്തുമായി ആർത്തവത്തെ ചൊല്ലി പല പ്രശ്നങ്ങളും സ്ത്രീകളും പെൺകുട്ടികളും നേരിടുന്നു. അതിൽ ചിലതു നോക്കാം..

  • സാനിറ്ററി ഉൽപ്പനങ്ങളുടെ ലഭ്യതക്കുറവ്
  • ശുചിമുറികളുടെ ലഭ്യതക്കുറവ്
  • മാലിന്യ സംസ്കരണ ഉപാധികളുടെ ലഭ്യതക്കുറവ്
  • സ്വകാര്യത നഷ്ടപ്പെടൽ
  • ആർത്തവ ശുചിത്വത്തെ പറ്റി അറിവില്ലായ്മ

ഇക്കാരണത്താലൊക്കെ തന്നെ നമ്മുടെ പെൺകുട്ടികൾകളുടെയും സ്ത്രീകൾകളുടെയും ആരോഗ്യം, പഠനം, ജോലി, പങ്കാളിത്തം, അന്തസ്സ് എന്നിവയെ ആർത്തവം വിപരീതമായി ബാധിക്കുന്നു.

വര : ശ്രീജ പള്ളം

ഇതിനെല്ലാം പുറമേയാണ് സമൂഹത്തിൽ നിന്നും സ്വന്തം വീടുകളിൽ നിന്നും നേരിടുന്ന ബുദ്ധിമുട്ടുകൾ. ഇന്നും നമുക്ക് ചുറ്റും ആർത്തവത്തെ ചൊല്ലി ധാരാളം അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. ആർത്തവ സമയത്ത് സ്ത്രീ അശുദ്ധയാണ്, അടുക്കളയിൽ പാചകം ചെയ്യാൻ പാടില്ല, ആരാധനാലയങ്ങളിൽ പോകാൻ പാടില്ല, ചെടികൾ സ്പർശിക്കാൻ പാടില്ല, ഒരു നല്ല വസ്ത്രം ധരിക്കാൻ പാടില്ല എന്നൊക്കെ തുടങ്ങി എന്തിനു സ്വന്തം പുരുഷനെയോ കുട്ടിയേയോ തൊടാൻ പാടില്ല എന്നിങ്ങനെ നീളുന്നു അന്ധവിശ്വാസങ്ങൾ.

നേപ്പാളിൽ ആർത്തവക്കാരികളായ യുവതികളെ വീടുകളിൽ നിന്നും അകലെ ‘ചൌപഡി’ എന്ന ചെറിയ മൺകുടിലിലേക്ക് മാറ്റി താമസിപ്പിക്കുന്ന പതിവുണ്ട്. അവിടെ വച്ച് പാമ്പുകടിയേറ്റും അപകടങ്ങളിൽപ്പെട്ടും ധാരാളം യുവതികൾ മരണപ്പെടാറുമുണ്ട്. അതുപോലെതന്നെ മുതുവാൻ വിഭാഗക്കാരുടെ ഇടയിലുള്ള വാലായ്മപ്പുരയും.

ഒരുപക്ഷേ ഇതൊക്കെ പെൺകുട്ടികൾക്ക് തന്നെ സ്വന്തം ആർത്തവത്തോടും ശരീരത്തിനോടും വെറുപ്പ് തോന്നിക്കാൻ കാരണമാകുന്നു. തന്റെ പ്രത്യുൽപാദനകാലം മുഴുവൻ ആ വെറുപ്പിന്റെ ഭാരമേന്തി അവൾ ജീവിക്കേണ്ടി വരുന്നു…

ഓരോ പെൺകുട്ടിയും തന്റെ പ്രത്യുൽപാദന പ്രായമെത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് ആർത്തവം എന്താണെന്ന്? ആർത്തവ പരിപാലനം എങ്ങനെയാണെന്ന്? ഒരു പെൺകുട്ടിയും തന്റെ ആദ്യത്തെ ആർത്തവരക്തം കാണുമ്പോൾ ഭയപ്പെടാൻ പാടില്ല. അവരിൽ ആർത്തവത്തെ പറ്റി ഭയാനകവും വൃകൃതവുമായ സങ്കല്പങ്ങൾ അടിച്ചേല്പിക്കാൻ നാം ഒരിക്കലും ശ്രമിക്കരുത്.

ഒരു ആർത്തവ ശുചിത്വ ദിനം കൂടെ കടന്ന് പോകുകയാണ്. ഇന്നും നമ്മുടെ സമൂഹത്തിലുള്ള പെൺകുട്ടികളും സ്ത്രീകളും ആർത്തവത്തെ ചൊല്ലി അനുഭവിക്കുന്ന ദുരിതങ്ങൾ പരിഹരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഇവയൊക്കെ പരിഹരിക്കപ്പെടാനും, ആർത്തവ സമയത്ത് സ്ത്രീകൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാനും, ആർത്തവം അശുദ്ധമല്ലന്നും, മറ്റേതൊരു ആളെപോലെ തന്നെ ആർത്തവ സമയത്ത് സ്ത്രീകൾക്കും എല്ലാ അധികാരങ്ങളും ലഭിക്കുമെന്നും ഉറപ്പാക്കാൻ നമ്മൾ ഇനിയും ഏറെ പരിശ്രമിക്കേണ്ടിയിരിക്കുന്നു. ഇതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നല്ലൊരു പങ്ക് വഹിക്കാനാകും.

മുഹമ്മയില്‍ നിന്നും ആദ്യ സിന്തെടിക് സാനിട്ടറി പാട് രഹിത ഗ്രാമത്തിൽ നിന്നും

തദ്ദേശ സ്വയംഭരണ സ്ഥലങ്ങളുടെ പങ്ക്

ബഹുജന വിദ്യാഭ്യാസ ക്യാമ്പയിനുകൾ, അടിസ്ഥാന സൗകര്യ വികസനം, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കൽ, ആർത്തവത്തിന്റെ ശാസ്ത്രം പഠിപ്പിക്കൽ മുതലായവ.
വനിതാ ഘടക പദ്ധതിക്കായി നീക്കിവയ്ക്കുന്ന 10% ത്തിലെങ്കിലും ഇത് ഉൾപ്പെടുത്താൻ ശ്രമിക്കാം.

ആർത്തവത്തെപ്പറ്റി ബോധവൽക്കരണം നൽകൽ, പുനരുപയോഗ സാധ്യമായ ആർത്തവ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യൽ എന്നീ മേഖലകളിൽ ഏറെ മുന്നിൽ സഞ്ചരിച്ചിരിക്കുന്ന ധാരാളം പഞ്ചായത്തുകൾ മാതൃകയായി നമുക്ക് മുന്നിലുണ്ട്.

രാജ്യത്തെ ആദ്യ സിന്തെറ്റിക്​ സാനിട്ടറി പാഡ്​ രഹിത ഗ്രാമമായി മുഹമ്മ

2020 നവംബറിൽ ആലപ്പുഴയിലെ മുഹമ്മ എന്ന ഗ്രാമത്തില്‍ നടന്ന ഒരു പ്രഖ്യാപനം, ‘ഇന്ത്യയിലെ ആദ്യ സിന്തെറ്റിക്​ സാനിട്ടറി പാഡ്​ രഹിത ഗ്രാമം’, ഗ്രാമപഞ്ചായത്തുകളുടെ കാര്യനിര്‍വഹണത്തിലും ആര്‍ത്തവ ശുചിത്വ മേഖലയിലും ചരിത്രപരമായ സ്ഥാനം നേടി. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിക്കുന്ന സിന്തറ്റിക് സാനിറ്ററി പാഡുകളുടെ ഉപയോഗം കുറയ്ക്കാനായി ബദൽ ഉൽപ്പന്നങ്ങളായ തുണി പാഡുകളും മെൻസ്‌ട്രുൽ കപ്പുകളും പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം.

എട്രീ പദ്ധതിനിര്‍വഹണത്തിനു സ്വീകരിച്ച ഏകോപന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ

ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസേര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വിയോണ്‍മെന്റും (എട്രി) ആന്ത്രിക്സ് കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ മുഹമ്മ പഞ്ചായത്തതുമായി ചേർന്ന് നടപ്പിലാക്കിയ ‘മുഹമ്മോദയം’ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിലെ ആർത്തവം ഉള്ള സ്ത്രീകളുടെ കണക്കുകൾ ശേഖരിച്ച് വിവിധ മേഖലകളായി തിരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഒക്കെ നൽകിയശേഷമാണ് ബദൽ ഉൽപ്പന്നങ്ങൾ വിതരണം ആരംഭിച്ചത്. ഏകദേശം അയ്യായിരത്തിലധികം സ്ത്രീകൾക്ക് തുണി പാഡുകളും അഞ്ഞൂറിലധികം മെൻസ്ട്രുൾ കപ്പുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. ഈ പ്രവർത്തനത്തിലൂടെ ആർത്തവവുമായി ബന്ധപ്പെട്ട് വരുന്ന മാലിന്യങ്ങളുടെ അളവ് ഗണ്യമായി കുറയ്ക്കാനും സാധിച്ചു.

ആർത്തവ ശുചിത്വം പ്രകൃതി സാമ്പത്തിക സൗഹൃദ പദ്ധതിയുമായി വാഴൂർ പഞ്ചായത്ത്

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ധാരാളം നുതന പദ്ധതികൾ നടപ്പിലാക്കുന്ന പഞ്ചായത്താണ് കോട്ടയം ജില്ലയിലെ വാഴുർ. 2018-19 വർഷത്തിൽ തിരുവനന്തപുരത്തെ സഖി വിമൻസ് സെന്ററിന്റെ സഹായത്തോടെ ‘സ്ത്രീ പദവി’ പഠനം നടത്തിയതിന്റെ ഭാഗമായാണ് ഈ പദ്ധതി രൂപം കൊണ്ടത്. സ്ത്രീകളുടെ സാമൂഹിക പദവി ഉയർത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എങ്ങനെ ഇടപെടാൻ കഴിയും എന്നതിന് ഉദാഹരണമാണ് ഈ പദ്ധതി.

ഇവിടെയും ആദ്യഘട്ടത്തിൽ ഓരോ ആളും ഉപയോഗിക്കുന്ന ആർത്തവ ഉൽപ്പന്നത്തെ പറ്റിയും ബുദ്ധിമുട്ടുകളെ പറ്റിയും സർവേയിലൂടെ മനസ്സിലാക്കി. അത് കഴിഞ്ഞ് 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള 400 പേർക്ക് മെൻസ്‌ട്രുൽ കപ്പുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പദ്ധതി തുക ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത്. മെൻസ്‌ട്രുൽ കപ്പുകൾ വിതരണം ചെയ്തതിനു പുറമെ ഉപഭോക്താക്കളുടെ പ്രതികരണം എടുക്കാനും പദ്ധതിയുണ്ട്.

ഇത്തരത്തിൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സുസ്ഥിര ആർത്തവം ഉറപ്പാക്കാനായി ഇന്ന് മുന്നോട്ടു വന്നിട്ടുണ്ട്. ബദൽ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അവയൊക്കെ വിലക്കുറവിൽ ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്തിന്റെ ഫണ്ടുകളും വിനിയോഗിക്കാം. തുണി പാഡുകൾ നിർമ്മിക്കാനായി കുടുംബശ്രീ അംഗങ്ങൾക്ക് പ്രത്യേകം പരിശീലനം നൽകുന്നതിലൂടെ പഞ്ചായത്തിനുള്ളിൽ ബദൽ ഉത്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമാക്കാനും അവർക്ക് ഒരു ഉപജീവനമാർഗം ഉറപ്പാക്കാനും സാധിക്കും.

വര : ശ്രീജ പള്ളം

പൊതു സമൂഹവും മാറണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ പൊതുസമൂഹവും മാറി ചിന്തിക്കേണ്ടതുണ്ട്. ഇപ്പോഴും പലരും വിശ്വസിക്കുന്നത് ആർത്തവം പെണ്ണിനെ മാത്രം ബാധിക്കുന്ന വിഷയമാണെന്നാണ്. ഇത്തരത്തിലുള്ള മിഥ്യാധാരണകൾ മാറേണ്ടിയിരിക്കുന്നു. ആൺകുട്ടികളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് തന്നെ ഈ പോരാട്ടങ്ങളും പ്രവർത്തനങ്ങളും നടക്കണം. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, യാത്രകൾ എന്ന് തുടങ്ങി എല്ലാ മേഖലയിലും ആർത്തവ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കണം.

തുണിയിൽ പുരണ്ട ആർത്തവരക്തക്കറ കഴുകി കളയാൻ സാധിക്കും, എന്നാൽ ഇതേച്ചൊല്ലി പെണ്ണിന്റെ അന്തസ്സിന് നേരെ കോരിയൊഴിക്കപ്പെട്ട കറകളോ?? ചിന്തിക്കാം..


ലേഖനം വായിക്കാം

ആർത്തവം: ശാസ്ത്രവും വിശ്വാസവും

രേഷ്മ ചന്ദ്രൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഇപ്പോൾ ഓൺലൈനായി വാങ്ങാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖ

Happy
Happy
32 %
Sad
Sad
5 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
63 %

Leave a Reply

Previous post 100 രൂപയുടെ ഗുളികകൊണ്ട് കാൻസറിന്റെ തിരിച്ചുവരവ് തടയാനാകുമോ ? – എന്താണ് വസ്തുത ?
Next post മേഘവിസ്‌ഫോടനവും ലഘു മേഘവിസ്ഫോടനവും
Close