Read Time:11 Minute

നക്ഷത്ര ലോകത്തെ ‘പൊട്ടിത്തെറി’ കാണാനൊരുങ്ങി ശാസ്ത്രലോകം

ഈ വർഷം 2024 സെപ്റ്റംബറിനകം നമുക്ക് ആകാശത്തൊരു ദൃശ്യവിരുന്ന് ഒരുങ്ങുമെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ഒരു പ്രതിഭാസത്തെ കാത്ത് ആകാശത്തേക്ക് കണ്ണ് നട്ടിരിക്കയാണ് ശാസ്ത്രലോകം. ഈ വർഷം 2024 സെപ്റ്റംബറിനകം നമുക്ക് ആകാശത്തൊരു ദൃശ്യവിരുന്ന് ഒരുങ്ങുമെന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. ചില നക്ഷത്രങ്ങളുടെ അന്ത്യത്തിലുണ്ടാകുന്ന വർണ്ണശോഭയാർന്ന പൊട്ടിത്തെറിയായ സൂപ്പർനോവകളെ പറ്റി നിങ്ങൾ കേട്ട് കാണും, എന്നാൽ വെള്ളക്കുള്ളന്മാരിൽ (White Dwarf) നിന്ന് ഉണ്ടാവുന്ന നോവകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? വരുന്ന സെപ്റ്റംബറിനകം നമ്മൾ സാക്ഷിയാകാൻ പോകുന്നത് ഒരു നോവയുടെ കാഴ്ചയ്ക്കാണ്. അത് ഭൂമിയിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നതാണ്.

ഉത്തരാർദ്ധഖഗോളത്തിൽ (Northern Celestial Hemisphere) സ്ഥിതി ചെയ്യുന്ന ഒരു ചെറിയ നക്ഷത്രരാശിയാണ് (Constellation) കൊറോണ ബോറിയാലിസ് (Coronae Borealis). ഈ നക്ഷത്ര സമൂഹത്തിലുള്ള ഒരു ബൈനറി സ്റ്റാർ സിസ്റ്റമുണ്ട്. നമ്മളിൽ നിന്ന് ഏതാണ്ട് 3,000 പ്രകാശവർഷം അകലെയാണ് ഇത്. ഗുരുത്വാകർഷണത്താൽ ബന്ധിപ്പിക്കപ്പെട്ട് പരസ്പരം ഭ്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളുടെ ഒരു സംവിധാനമാണ് ബൈനറി സ്റ്റാർ സിസ്റ്റം. ഈ സിസ്റ്റത്തിൽ ഭ്രമണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങളിൽ ഒന്ന് ഒരു വെള്ളക്കുള്ളൻ (White Dwarf) ആണ്, അതിന്റെ കൂട്ടാളിയാകട്ടെ ഒരു ചുവന്ന ഭീമനും (Red Giant). ഇതിലെ വെള്ളക്കുള്ളന് ചുറ്റുമാണ് ഒരു പൊട്ടിത്തെറി അഥവാ നോവ സംഭവിക്കാൻ പോകുന്നത്. ഈ നോവ ഏതാണ്ട് 80 വർഷങ്ങളുടെ ഇടവേളയോടെ ആവർത്തിക്കുന്നു. ഇത്തരം ആവർത്തന സ്വഭാവമുള്ള നോവകളെ റിക്കറൻ്റ് നോവകൾ (Recurrent Novae) എന്ന് വിളിക്കുന്നു. കൊറോണ ബോറിയാലിസ് നക്ഷത്ര സമൂഹത്തിൽ നടക്കുന്നതായതിനാൽ ഈ റിക്കറൻ്റ് നോവയ്ക്ക് ടി കൊറോണ ബോറിയാലിസ് (T CrB – T Coronae Borealis) എന്നൊരു പേര് കൂടിയുണ്ട്.

Artist’s impression

സാധാരണ സാഹചര്യത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ വെള്ളക്കുള്ളൻ നക്ഷത്രം നോവ സംഭവിക്കുമ്പോൾ കൂടുതൽ പ്രകാശിക്കും. ഈ പ്രകാശം ധ്രുവനക്ഷത്രത്തിന്റെ അത്രയും വരും. ഇത്‌ ഭൂമിയിൽ നിന്ന് നഗ്ന നേത്രങ്ങൾ കൊണ്ട് ദിവസങ്ങളോളം കാണാൻ കഴിയും.

നക്ഷത്രങ്ങൾക്കകത്ത് കാമ്പിൽ (Core) ഉയർന്ന താപനിലയും സമ്മർദ്ദവും കാരണം ഹൈഡ്രജൻ ആറ്റങ്ങളുടെ കേന്ദ്രങ്ങൾ സംയോജിച്ച് ഹീലിയം ഉണ്ടാകുന്ന ന്യൂക്ലീയർ ഫ്യൂഷൻ (Nuclear Fusion) നടക്കുന്നതിനാലാണ് അവ പ്രകാശിക്കുന്നത്. ഈ പ്രക്രിയ നക്ഷത്രത്തിന്റെ ആയുസ്സിന്റെ ഭൂരിഭാഗവും നീണ്ടുനിൽക്കും. നമ്മുടെ സൂര്യനെപ്പോലെ ഒരു ഇടത്തരം നക്ഷത്രത്തിനകത്തെ കോറിലെ ഇന്ധനം കഴിയാറാവുമ്പോൾ കോറിനു പുറമേയുള്ള പാളികൾ വികസിക്കാൻ തുടങ്ങും. ഇത്‌ നക്ഷത്രത്തെ ഒരു ചുവന്ന ഭീമനാക്കി (Red Giant) മാറ്റും. കോറിലെ ഇന്ധനം മുഴുവനായും തീരുന്നതോടുകൂടി പുറം പാളികൾ അകന്ന് പോകും. പിന്നീട് അവശേഷിക്കുന്ന നക്ഷത്രത്തിന്റെ കോർ ഗ്രാവിറ്റി കാരണം ചുരുങ്ങുകയും അത് ഒരു വെള്ളക്കുള്ളൻ (White Dwarf) നക്ഷത്രമായി മാറുകയും ചെയ്യും. വെള്ളക്കുള്ളന്മാർ വളരെ സാന്ദ്രതയുള്ള നക്ഷത്രങ്ങളാണ്. അതിന്റെ ഗ്രാവിറ്റിയുടെ ശക്തി അതിനോട് അടുക്കും തോറും കൂടുതലായിരിക്കും. നമ്മുടെ സൂര്യനെക്കാൾ ചെറിയ ചില നക്ഷത്രങ്ങൾ ചുവന്ന ഭീമനാകാതെ നേരിട്ട് വെള്ളക്കുള്ളന്മാരാകാറുണ്ട്. സൂര്യനെക്കാൾ വലിയ നക്ഷത്രങ്ങളാകട്ടെ ചുവന്ന ഭീമനായി വികാസം പ്രാപിച്ച് പിന്നീട് സൂപ്പർ നോവയോ, ന്യൂട്രോൺ സ്റ്റാറുകളോ, ബ്ലാക്ക് ഹോളുകളോ സൃഷ്ടിച്ചേക്കാം.

Artist’s impression Credit: NASA/CXC/M.Weiss

T CrB – റിക്കറിങ് നോവ ഉണ്ടാവാൻ കാരണം വെള്ളക്കുള്ളൻ നക്ഷത്രത്തിന്റെ ഒരുപാട് അടുത്തേക്ക് അതിന്റെ കൂട്ടാളിയായ ചുവന്ന ഭീമൻ നക്ഷത്രം വികസിച്ചെത്തുന്നതാണ്.

ചുവന്ന ഭീമൻ അതിന്റെ പുറം പാളികൾ പുറന്തള്ളാൻ തുടങ്ങുകയും, വെളുത്ത കുള്ളൻ ആ പദാർത്ഥങ്ങളെ അതിന്റെ ഉപരിതലത്തിലേക്ക് ശേഖരിക്കുകയും ചെയ്യുന്നു. ചുവന്ന ഭീമനിൽ നിന്ന് വെള്ളക്കുള്ളൻ  ശേഖരിച്ചു വന്ന ഹൈഡ്രജൻ വെള്ളക്കുള്ളന്റെ ഉപരിതലത്തിൽ നേരിട്ട് അടിഞ്ഞുകൂടുകയും ന്യൂക്ലിയർ ഫ്യൂഷൻ പ്രക്രിയ ആരംഭിക്കുകയും ചെയ്യുന്നു. ഈ റിയാക്ഷൻ അനിയന്ത്രിതമായി വളരെ വേഗത്തിൽ നടക്കുകയും വെള്ളക്കുള്ളന്റെ ഉപരിതലം വളരെയധികം ചൂടാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. വെള്ളക്കുള്ളൻ നക്ഷത്രത്തെ പൂർണ്ണമായും നശിപ്പിക്കാതെ ഇത് ഒരു നോവയിൽ ചെന്നെത്തുന്നു. വെള്ളക്കുള്ളൻ വീണ്ടും കൂട്ടാളിയിൽ നിന്നും പദാർഥങ്ങൾ വലിച്ചെടുക്കുകയും വീണ്ടും നോവ പൊട്ടിത്തെറി ഉണ്ടാകുകയും ചെയ്യും.

1866-ൽ ആണ് ശാസ്ത്രജ്ഞർ കൊറോണ ബോറിയാലിസ് നോവ ആദ്യം ശ്രദ്ധിക്കുന്നത്. പിന്നീട് 1946-ൽ വീണ്ടും നോവ ഉണ്ടായി. നോവ ഉണ്ടാവാൻ പോകുന്നതിന് മുൻപ് നക്ഷത്രത്തിന്റെ പ്രകാശ തീവ്രതയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിരീക്ഷിച്ചപ്പോഴാണ് 2024 സെപ്റ്റംബറിനകം ഇത്തരത്തിലൊരു നോവ ഉണ്ടാവാനിടയുണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചത്. ഒരു പക്ഷേ ടെലിസ്കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ കേരളത്തിൽ നിന്നും നമുക്കിത് കാണാൻ കഴിഞ്ഞേക്കാം.

നക്ഷത്രങ്ങളുടെ ജനനവും മരണവും ജീവിതവും സംഭവബഹുലമാണ്. ബഹിരാകാശ കാഴ്ചകളെ കൗതുകത്തോടെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരത്തിലുള്ള സംഭവങ്ങൾ ഏറെ ജിജ്ഞാസ ഉളവാക്കുന്നവയാണ്. ശാസ്ത്രലോകം ഇത്തരം പൊട്ടിത്തെറികളെ കൂടുതൽ ഗൗരവകരമായ പഠനങ്ങൾക്ക് വിധേയമാക്കാറുണ്ട് കാരണം ഇത്തരം പൊട്ടിത്തെറികളിലൂടെ ജീവന്റെ ഉത്ഭവത്തെ പറ്റിയും നക്ഷത്രപരിണാമത്തെ പറ്റിയും ഒക്കെ കൂടുതൽ അറിവ് ശേഖരിക്കാൻ സാധിക്കുമോ എന്ന പരിശോധനയിലാണ് ശാസ്ത്രലോകം.

അധികവായനയ്ക്ക്

  1. View Nova Explosion, ‘New’ Star in Northern Crown, Beth Ridgeway Posted on

നക്ഷത്രപരിണാമം – ലൂക്ക പ്രത്യേക പതിപ്പ്

Happy
Happy
50 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് വാക്സിൻ വിവാദ റിപ്പോർട്ടുകൾ
Next post സാങ്കേതികവിദ്യയ്ക്ക് വ്യക്തി എന്താണ്?
Close