ചില ബഹിരാകാശ ചിന്തകൾ


പി.ആർ.മാധവപ്പണിക്കർ

ദീർഘകാലം ബഹിരാകാശ ഗവേഷണരംഗത്ത് പ്രവർത്തിച്ച പി ആർ മാധവപ്പണിക്കർ ഓർമ്മകൾ പങ്കിടുന്നു…

ഒക്ടോബർ 4 മുതൽ 10 വരെ ലോക ബഹിരാകാശ വാരമായി ആചരിക്കപ്പെടുന്നു. 2000 ൽ ആണ് ഈ വാരാചരണം ആരംഭിച്ചത്. അതിന്റെ തലേവർഷം ഐക്യരാഷ്ട്രസഭ ഇതുസംബന്ധിച്ച തീരുമാനം എടുത്തു. ബഹിരാകാശ ഗവേഷണ വിവരങ്ങളെ പൊതുജനങ്ങളുടെ അറിവിലേക്ക് എത്തിക്കുക, ബഹിരാകാശ ഗവേഷണം കൊണ്ടുള്ള നേട്ടങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, സുസ്ഥിരമായ സാമ്പത്തിക വികസനത്തിന് ഉതകുന്ന വിധത്തിലുള്ള ബഹിരാകാശ ഗവേഷണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബഹിരാകാശ വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഭാരതത്തിലെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്റോ (ISRO) യും വാരാചരണത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഇസ്റോയുടെ പരിപാടികളിലെ ഒരു മുഖ്യ ഇനം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി ബഹിരാകാശ ഗവേഷണ സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന അവതരണങ്ങളാണ്. ബഹിരാകാശ ഗവേഷണത്തിനായി പണം മുടക്കുന്നത് നഷ്ടമല്ല, അതിലൂടെ ഒത്തിരി ഒത്തിരി നേട്ടങ്ങൾ കൈവരിക്കാൻ ആവുന്നുണ്ട് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് ഈ രംഗത്ത് നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും (ആവശ്യം ഉള്ളതാണോ എന്ന് ചിന്തിക്കാതെ തന്നെ) കഴിയുന്നത്ര ജനപിന്തുണ നേടാൻ ആവശ്യമായ പശ്ചാത്തലം ഒരുക്കുക എന്നൊരു ലക്ഷ്യവും നമുക്ക് ഉള്ളതായാണ് എന്റെ ബോധ്യം.

ബഹിരാകാശ ഗവേഷണ സംബന്ധിയായ ഒരു ലേഖനം ലൂക്കയിൽ എഴുതാമോ എന്ന് ജി സാജൻ ചോദിച്ചപ്പോൾ എന്റെ ചില അനുഭവങ്ങൾ പങ്കു വച്ചാലോ എന്ന് ആലോചിച്ചു. മറ്റു തിരക്കുകൾക്കിടയിൽ അധികം സമയം ചെലവിടാതെ സാധിക്കാം എന്നതാണ് ഞാൻ കാണുന്ന ഒരു നേട്ടം.

34 വർഷം ബഹിരാകാശ ഗവേഷണ രംഗത്ത് ജോലി എടുത്തതാണല്ലോ. ഏറെ തൃപ്തിയോടെ ആണ് ആ രംഗത്തോട് വിട പറഞ്ഞത്. (ആരോഗ്യപരമായ കാരണങ്ങളാൽ 2005 മേയിൽ സ്വയം വിരമിക്കുകയായിരുന്നു). മധുരിക്കുന്നതും കയ്ക്കുന്നതും ആയ ഒട്ടേറെ അനുഭവങ്ങൾ ഉണ്ട്. മധുരമുള്ള ഏതാനും ഓർമ്മകൾ പങ്കുവയ്ക്കാം.

 

കടപ്പാട്: vifindia.org

എഴുപതുകളിലെ ഒരു കാര്യം ആദ്യം പറയാം. അന്നൊക്കെ ബുധനാഴ്ച തോറും വൈകുന്നേരം അഞ്ചുമണിയോട് അടുത്ത് തുമ്പയിൽ നിന്ന് M100 എന്ന ചെറിയൊരു റോക്കറ്റ് വിക്ഷേപിക്കുമായിരുന്നു. റഷ്യൻ റോക്കറ്റാണ്. ഏറെക്കുറെ ഒരേ സമയത്ത് ലോകത്തെ 12 സ്ഥലങ്ങളിൽനിന്ന് സമാനമായ വിക്ഷേപണം ഉണ്ടായിരുന്നു. കാലാവസ്ഥയിലെ ദീർഘകാല പ്രവണതകളെ വിലയിരുത്തുന്നതിന് ആവശ്യമായ ചില വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു ലക്ഷ്യം. എല്ലാ വിക്ഷേപണങ്ങളിലൂടെയും ശേഖരിക്കുന്ന വിവരങ്ങൾ ഒരു കേന്ദ്രത്തിലേക്ക് അയക്കുകയും അവിടെ വിശകലനവും അപഗ്രഥനവും നടത്തുകയുമായിരുന്നു. ഈ വിഷയത്തിൽ ഗവേഷണ താല്പര്യമുള്ള ആർക്കും അവിടെ നിന്ന് വിവരങ്ങൾ ലഭിക്കും. ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത് അത്തരം വിശദാംശങ്ങൾ അല്ല, ബഹിരാകാശ വാരാചരണം എന്ന പേരിൽ അല്ല എങ്കിലും അന്നും നമ്മൾ സമാനമായ ഒരു പ്രവർത്തനം നടത്തിയിരുന്നു എന്ന കാര്യമാണ്.

ബുധനാഴ്ച ദിവസം തുമ്പയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനാനുമതി നൽകിയിരുന്നു. സന്ദർശകരുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തി മുൻകൂറായി അപേക്ഷിക്കണം എന്നുമാത്രം. എത്ര പേർ, എവിടെ നിന്നൊക്കെ എത്തുന്നു എന്ന വിവരത്തെ അടിസ്ഥാനമാക്കി അവരെ കാമ്പസിനുള്ളിൽ അനുവദിക്കപ്പെട്ട ഇടങ്ങളിൽ കൊണ്ടുനടന്നു കാണിച്ച് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുവാനായി എൻജിനീയർമാരുടെ പല സംഘങ്ങളെ ചുമതലപ്പെടുത്തുന്ന രീതിയും ഉണ്ടായിരുന്നു.

സുഹൃത്തായ ചിത്രഭാനുവും ഞാനും ഒരു സംഘമായിരുന്നു. ചിത്രഭാനു വായുഗതിക എൻജിനീയറായിരുന്നു. എന്നെക്കാൾ നാലുവർഷത്തോളം സീനിയറായ ചിത്രഭാനുവാണ് സന്ദർശകരോട് അധികവും സംസാരിക്കുക. എന്തിനാണ് ഈ റോക്കറ്റ് വിക്ഷേപണവും മറ്റും എന്ന് പലരും ചോദിക്കും. അന്നന്നത്തെ അപ്പത്തിനല്ല റോക്കറ്റ് വിക്ഷേപിക്കുന്നത് എന്നാണ് ചിത്രഭാനു പറഞ്ഞു തുടങ്ങുക. ഭാവിയിൽ വിവിധങ്ങളായ എന്തെല്ലാം നേട്ടങ്ങൾ ഉണ്ടായേക്കാം എന്നതിനെ പറ്റി ഒരു ലഘു വിവരണം നൽകാനുള്ള ഒരു കുഞ്ഞൻ ആമുഖമായിരുന്നു ആ വാക്യം. ചിത്രഭാനുവിന്റെ ആ സംഭാഷണം എനിക്കൊരിക്കലും മറക്കാനാവില്ല.

ചിത്രഭാനുവിലൂടെ ഉണ്ടായ മറ്റൊരു അനുഭവം കൂടി ആനുഷംഗികമായി പറയട്ടെ. 1974 ആണെന്നു തോന്നുന്നു. തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലത്തുള്ള ഒരു സ്കൂളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ക്ലാസെടുക്കാനായി പോയി. ചിത്രഭാനുവിനെയും ഒപ്പം കൂട്ടി. (കൂടെ ജോലി ചെയ്തിരുന്നവരെക്കൊണ്ട് ക്ലാസ് എടുപ്പിക്കുന്നതും എഴുതിക്കുന്നതും ഒക്കെ എനിക്ക് ശീലമായിരുന്നു). ചിത്രഭാനു ഏതാണ്ട് 20 മിനിറ്റും ഞാൻ മുക്കാൽ മണിക്കൂറും അവിടെ സംസാരിച്ചു. അതുകഴിഞ്ഞ് അരമണിക്കൂറിലധികം സംശയങ്ങൾക്കു മറുപടി പറഞ്ഞു. മടങ്ങിപ്പോരുന്ന വഴി ചിത്രഭാനുവിന്റെ ഒരു കമന്റ് : ശ്രദ്ധിച്ചോ, അവർ ചോദിച്ചതെല്ലാം പണിക്കരോട്. എന്നോടൊന്നും ചോദിച്ചില്ല. എന്താ കാരണം എന്ന് അറിയാമോ?

ചിത്രഭാനുവിന് എന്നെക്കാൾ ഉയരമുണ്ട് ആ മുഖത്തേക്ക് തല ഉയർത്തി നോക്കി ഞാൻ പറഞ്ഞു: ചിത്രഭാനു പറഞ്ഞതെല്ലാം അവർക്ക് മനസ്സിലായി കാണും, ഞാൻ പറഞ്ഞതാവട്ടെ പലതും അവർക്ക് മനസ്സിലായി കാണില്ല.

ഉടൻ വന്നു ചിത്രഭാനുവിൻറെ തമാശ നിറഞ്ഞ തിരുത്തൽ. ഏയ് അല്ല, എന്റെ കല്യാണം കഴിഞ്ഞതായി അവർ അറിഞ്ഞിരിക്കുന്നു. ഇങ്ങ് തെക്കുള്ളവർ അങ്ങനെയാണ്. ഇവർക്ക് അവിവാഹിതരോടാണ് മമത. (തൃശ്ശൂർകാരനാണ് ചിത്രഭാനു. അദ്ദേഹം അധികനാൾ ഇസ്റോയിൽ തുടർന്നില്ല വിദേശത്ത് എവിടെയോ ജോലി നേടി).

മറ്റ് രണ്ട് അനുഭവങ്ങൾ കൂടി പറയാം. ഒന്ന് തുമ്പ സന്ദർശനവുമായി ബന്ധപ്പെട്ടത് തന്നെ. നമുക്ക് വേണ്ടപ്പെട്ടവർക്ക് ബുധനാഴ്ചകളിൽ അല്ലാതെയും സന്ദർശനാനുമതി നേടിക്കൊടുക്കാൻ ആവുമായിരുന്നു. അവരെ കൊണ്ടുനടക്കേണ്ട ചുമതല ഏൽക്കണം എന്നുമാത്രം. അങ്ങനെ പി.റ്റി.ബി, ആർ.ഗോപാലകൃഷ്ണൻ നായർ (പരിഷത്ത് സെക്രട്ടറിയായിരുന്നു. ശ്രീ. എം.എൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയും.), തുടങ്ങി നാലോ അഞ്ചോ പേരെ ഒരു ദിവസം കൊണ്ടു പോയി. തുമ്പ സന്ദർശനം കഴിഞ്ഞ് ഞങ്ങൾ ശ്രീകാര്യത്ത് ഉള്ള കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം സന്ദർശിച്ചു. അവിടുത്തെ മുതിർന്ന ശാസ്ത്രജ്ഞനായ സദാശിവൻ നായർ ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. കപ്പയിലത്തോരൻ ഉൾപ്പെടെ അന്നോളം കഴിച്ചിട്ടില്ലാത്ത സ്വാദിഷ്ടമായ ചില വിഭവങ്ങൾ ഞങ്ങൾക്കായി അവർ തയ്യാറാക്കി വിളമ്പി. മരച്ചീനിയെ ബാധിക്കാറുള്ള ഒരിനം മഞ്ഞ രോഗം തടയാൻ കഴിവുള്ള പുതിയൊരു സങ്കരയിനം കപ്പയുടെ ഇല ആയിരുന്നു തോരന് ഉപയോഗിച്ചത്. റബ്ബറുമായി ചേർത്താണ് ആ സങ്കരയിനം സൃഷ്ടിച്ചത്.

അവിടെനിന്ന് മടങ്ങിയെത്തി അന്നുതന്നെ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും കിഴങ്ങു ഗവേഷണവും എന്നൊരു ലേഖനം ശാസ്ത്രകേരളത്തിലേക്കായി പി.റ്റി.ബി. എഴുതി. അക്കാലത്തെ ശാസ്ത്ര കേരളത്തിൽ അത് വായിക്കാം.

ഇതിനേക്കാളൊക്കെ ഗൗരവസ്വഭാവമുള്ള ഒരു ഓർമ്മ കൂടി പങ്കു വച്ചിട്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

പിഎസ്എൽവി സി 11 ചന്ദ്രയാൻ -1 വഹിക്കുന്നു. കടപ്പാട്: wikipedia

രംഗം – ചന്ദ്രയാൻ പ്രോജക്റ്റിനെ സംബന്ധിച്ച ആദ്യത്തെ അവതരണം. അടുത്ത പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തണോ ഈ പദ്ധതി എന്ന് ചർച്ച ചെയ്തു തീരുമാനിക്കാനാണ്. അന്ന് വി.എസ്.എസ്.സി യുടെ ഡിറക്ടറായിരുന്ന ശ്രീ. ജി മാധവൻ നായരായിരുന്നു അവതാരകൻ. (പിന്നീട് അദ്ദേഹം ഇസ്റോയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ചെയർമാനായി). വിവിധ വകുപ്പ് തലവന്മാരുടെ യോഗമാണ്. ഡിറക്ടർ ആണ് അധ്യക്ഷൻ. 45 പേർ അംഗങ്ങളായി സന്നിഹിതരാണ്. ഡിറക്ടർ പറഞ്ഞതിന് പൂർണ്ണമായും അനുകൂലിച്ചുകൊണ്ട് 44 പേരും സംസാരിച്ചു, ഞാൻ മാത്രം എതിർത്തു. ഞാൻ പറഞ്ഞ വാദത്തെ ഇങ്ങനെ സംഗ്രഹിക്കാം. പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്ന നികുതിപ്പണമാണ് നാം ചെലവാക്കുന്നത്. അത് കുറേശ്ശെയായെങ്കിലും മടക്കി നൽകാനുള്ള ശ്രമത്തിനാണ് മുൻഗണന നൽകേണ്ടത്. മറ്റു രാജ്യക്കാരുടെ ഉപഗ്രഹവിക്ഷേപണങ്ങൾ ഏറ്റെടുത്ത് അതിലൂടെ പണം സമ്പാദിക്കാൻ ലക്ഷ്യമിടണം. അങ്ങനെ നേടുന്നതിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇതുപോലെയുള്ള പ്രൊജക്ടുകൾക്കായി ചെലവിടാവൂ.

45 പേരിൽ ഒരാൾ മാത്രം എതിർത്തിട്ട് കാര്യമില്ലല്ലോ. മറ്റു കേമൻമാരെക്കാൾ ഒക്കെ ചെലവു കുറച്ച് ചന്ദ്രയാൻ നടപ്പാക്കാൻ നമുക്ക് സാധിച്ചെന്നു ജനങ്ങളെ ബോധ്യപ്പെടുത്താനായില്ലെ, പിന്നെന്തു വേണം!

ചാന്ദ്ര പര്യവേഷണവും അന്യഗ്രഹ പര്യവേഷണങ്ങളും മറ്റും നാം തനിച്ച് ചെയ്യുന്നതിനോടും അത്തരം മത്സരങ്ങളിൽ ഏർപ്പെട്ടു നാം മുൻപന്തിയിലാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നതിനോടും ഇന്നും എനിക്ക് യോജിപ്പില്ല. പല രാഷ്ട്രങ്ങൾ കാര്യമായി സഹകരിച്ച് വേണം ഇത്തരം പ്രോജക്ടുകൾ നടപ്പിലാക്കാൻ. മത്സരമല്ല സഹകരണമാണ് സാങ്കേതികരംഗത്തായാലും അല്ലെങ്കിലും സാംസ്കാരിക ഉന്നതിയുടെ നല്ലൊരു അടയാളം.


 

One thought on “ചില ബഹിരാകാശ ചിന്തകൾ

Leave a Reply