ആഗോളതാപനം വിശ്വസനീയമായി പ്രവചിക്കാനുള്ള പദ്ധതിക്ക് ഫിസിക്‌സ് നൊബേൽ പുരസ്കാരം.


ഡോ. അബേഷ് രഘുവരൻ 
അസിസ്റ്റന്റ് പ്രൊഫസർ, സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കൊച്ചി സർവ്വകലാശാല

 

ഈ വരുന്ന ഒക്ടോബർ 31 മുതൽ നവംബർ 12 വരെ യു.കെയിലെ ഗ്ലാസ്‌ഗോവിൽ കാലാവസ്ഥാവ്യതിയാന ഉച്ചകോടി (Climate change summit) നടക്കാൻ പോകുന്നത് ശാസ്‌ത്രലോകം ഉറ്റുനോക്കുന്ന വേളയിലാണ് “ആഗോളതാപനം അളക്കുവാനും, പ്രവചിക്കുവാനും കഴിയുന്ന ഫിസിക്കൽ മോഡൽ” വികസിപ്പിച്ചെടുത്തതിന് സ്യുകുരോ മനാബേ, ക്ളോസ് ഹസൽമാൻ എന്നിവർ ചേർന്ന് ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനത്തിന്റെ ഒരുപകുതി കരസ്ഥമാക്കിയിരിക്കുന്നത്. മറുപകുതിയാവട്ടെ, ജോർജിയോ പാരിസി ആണ് നേടിയിരിക്കുന്നത്. 

ജർമനിയിലെ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനായ ക്ലോസ് ഹാസെൽമാൻ (Klaus Hasselmann), അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ ജപ്പാൻ വംശജൻ സ്യൂകുരോ മനാബെ (Syukuro Manabe), , ഇറ്റലിയിൽ റോമിൽ ശാസ്ത്രജ്ഞനായ ജ്യോർജിയോ പാരിസി (Giorgio Parisi)

ഈ വർഷത്തെ നൊബേൽ സമ്മാനാർഹമായ കണ്ടുപിടുത്തങ്ങൾ കാണിച്ചു തരുന്നത് കാലാവസ്ഥയെ പറ്റിയുള്ള നമ്മുടെ അറിവ് നിരീക്ഷണങ്ങളുടെ കർക്കശമായ വിശകലനത്തിലൂടെ നേടിയെടുത്ത  പൂർണമായ ശാസ്ത്രീയ അടിത്തറ ഉള്ളതാണെന്നാണ്. സങ്കീർണമായ ഭൗതിക വ്യവസ്ഥകളുടെ (physical systems) പരിണാമത്തിലേക്കും അവയുടെ സവിശേഷതകളിലേക്കും ആഴമുള്ള ഉൾക്കാഴ്ചകൾ സമ്മാനിക്കാൻ ഈ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് നൊബേൽ കമ്മിറ്റി ചെയർമാൻ തോർ ഹാൻസ് ഹാൻസൺ അഭിപ്രായപ്പെട്ടു.

മനാബേ 1960 ൽ ആണ് ആദ്യമായി ഭൂമിയുടെ കാലാവസ്ഥയുടെ ഫിസിക്കൽ മോഡൽ തയ്യാറാക്കിയത്. വായുവിന്റെ ലംബസഞ്ചാരവും വികിരണത്തിന്റെ സന്തുലനവും തമ്മിലുള്ള ഇടപെടലുകൾ ആദ്യമായി ഇതിലൂടെ അദ്ദേഹം വരച്ചുകാട്ടി. ഈ നിരീക്ഷണമാണ് ഇപ്പോഴത്തെ പുരസ്‌കാരത്തിന് അർഹമായ കണ്ടുപിടുത്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. അതിനുശേഷം 1970 ൽ ആണ് സമാനമായ വെളിപ്പെടുത്തലുമായി ക്ളോസ് ഹസൽമാൻ എത്തുന്നത്.  അത്രയും അസ്ഥിരവും, സദാ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതുമായ ഹ്രസ്വകാലത്തെ ദിനാവസ്ഥയും (weather), ദീർഘകാലത്തെ കാലാവസ്ഥയും (climate) തമ്മിലുള്ള ബന്ധം വെളിവാക്കുന്ന മോഡൽ തയ്യാറാക്കിയതുവഴി കാലാവസ്ഥ മോഡലുകൾ വിശ്വാസയോഗ്യമാണെന്ന് അദ്ദേഹം തെളിയിച്ചു. കൂടാതെ, കാലാവസ്ഥയിൽ കയ്യൊപ്പുപതിപ്പിക്കുന്ന പരിസ്ഥിതിക-മാനുഷിക ഇടപെടലുകലുകളുടെ ഉറവിടവും, ഇടപെടലും കണ്ടുപിടിക്കുവാനുള്ള മാർഗ്ഗങ്ങൾ കൂടി വികസിപ്പിച്ചു. മനുഷ്യൻ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന കാർബൺ ഡയോക്സൈഡ് തന്നെയാണ് അന്തരീക്ഷത്തിലെ താപനില കൂട്ടുന്നതിൽ പ്രധാനി എന്ന കാരണത്തിൽ തന്നെയാണ് ആത്യന്തികമായി അദ്ദേഹത്തിന്റെ മോഡലും എത്തിച്ചേരുന്നത്.

ജപ്പാനിലെ ഷിംഗുവിൽ 1931 നാണ് സ്യുകുരോ മനാബേ ജനിച്ചത്. ടോക്യോ സർവ്വകലാശാലയിൽ നിന്ന് 1957 ൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ഇപ്പോൾ അമേരിക്കയിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ കാലാവസ്ഥാവിദഗ്ധനായി സേവനമനുഷ്ഠിക്കുന്നു. ക്ളോസ് ഹസൽമാൻ ജർമനിയിലെ ഹാംബർഗിൽ ജനിച്ചു. ഗോട്ടിൻജിൻ സർവ്വകലാശാലയിൽ നിന്ന് 1957 ൽ ഡോക്റ്ററേറ്റ്. ഇപ്പോൾ മാക്‌സ് പ്ളാങ്ക് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മീറ്റിയറോളജിയിൽ പ്രൊഫസർ. ലോകത്തെ ഏറ്റവും മൂല്യമുള്ള പുരസ്‌കാരം പങ്കിടുന്ന ഇവർ തമ്മിലുള്ള രസകരമായ മറ്റൊരു സാമ്യതയുമുണ്ട്. രണ്ടുപേർക്കും ഒരേ പ്രായവും, ഡോക്റ്ററേറ്റ് നേടിയത് ഒരേ വർഷവുമാണ്

കമ്പ്യൂട്ടറിൽ കാലാവസ്ഥാ അനുകരണ മോഡലുകൾ തയ്യാറാക്കുന്നതിൽ വിദഗ്ധനായ സ്യുകുരോ മനാബേക്ക് ഫിസിക്സിൽ നൊബേൽ ലഭിക്കുമ്പോൾ ലോകം ഒന്നടങ്കം കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിഹാരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയാണെന്ന് വേണം കരുതാൻ. വർത്തമാനകാല പ്രാധാന്യത്തോടൊപ്പം, വരും വർഷങ്ങളിൽ കൂടി ഈ അതുല്യമായ കണ്ടുപിടുത്തത്തെ പിൻതുടരാൻ ഗവേഷകലോകം തയ്യാറായേ മതിയാവൂ.

Leave a Reply